മാലയോഗം: ഭാഗം 29

malayogam shiva

രചന: ശിവ എസ് നായർ

"അങ്ങനെയൊന്നും പറയല്ലേ നരേട്ടാ... എനിക്ക് പറയാനുള്ളത് കൂടി നരേട്ടൻ കേൾക്കണം. ഞാനൊന്നും ചെയ്തിട്ടില്ല നരേട്ടാ... എനിക്കൊന്നുമറിയില്ല... ഞാൻ നിരപരാധിയാണ്... നവീൻ പറയുന്നതൊക്കെ നുണയാണ്. എന്താ ഉണ്ടായതെന്ന് ഞാൻ പറഞ്ഞു തരാം... എന്നെ വിശ്വസിക്ക് നരേട്ടാ... " അത് പറയുമ്പോൾ പൂർണിമ വിതുമ്പിപ്പോയി. "പൂർണിമേ... നീ എന്തൊക്കെയാ പറയുന്നേ? കണ്ണ് തുറക്ക് പൂർണിമാ..." വ്യാകുലതയോടെയുള്ള നരന്റെ ചോദ്യങ്ങൾ കേട്ടാണ് ഒരു ഞരക്കത്തോടെ പൂർണിമ കണ്ണ് തുറന്നത്. "നരേട്ടാ... ഞാൻ... എനിക്ക്..." പൂർണിമയ്ക്ക് നാവ് കുഴഞ്ഞു പോകുന്നത് പോലെ തോന്നി. "നിനക്കെന്താ പെട്ടെന്ന് പറ്റിയെ? എന്തൊക്കെ പിച്ചും പേയുമാ നീയീ വിളിച്ച് പറയുന്നത്. എനിക്കൊന്നും മനസ്സിലാകുന്നില്ല... നീയൊന്ന് കണ്ണ് തുറന്നേ പൂർണിമാ.." നരേന്ദ്രൻ അവളുടെ ഇരുകവിളിലും മൃദുവായി തട്ടി. പൂർണിമ ആയാസപ്പെട്ട് കണ്ണുകൾ വലിച്ച് തുറന്നു. മുറിയിലെ പ്രകാശം കണ്ണിലടിച്ചപ്പോൾ സൂചി മുന കൊണ്ട് കണ്ണിൽ കുത്തുന്ന പോലെ അവൾക്ക് വേദനിച്ചു.

അവൾ വേഗം കണ്ണുകൾ ഇറുക്കിയടച്ചു. "നരാ... പൂർണിമയ്ക്ക് നല്ല പനിക്കുന്നുണ്ട്. പനിച്ച് വിറച്ചിട്ടാ ഇങ്ങനെ പിച്ചും പേയും പറയുന്നത്." പൂർണിമയുടെ കഴുത്തിലും നെറ്റിയിലും തൊട്ട് നോക്കി ഗീത പറഞ്ഞു. "ശരിയാ അമ്മേ... നല്ല ചൂടുണ്ട് ഇവൾക്ക്." നരേന്ദ്രനവളെ പുതപ്പ് കൊണ്ട് നന്നായി പുതപ്പിച്ചു. പനിചൂടിൽ തളർന്നവശയായി കിടക്കുന്നവളെ വേപഥുവോടെ അവൻ നോക്കി. "നരേട്ടാ... എനിക്ക് ദേഹമൊക്കെ വേദനിക്കുന്നു. കണ്ണ് തുറക്കാൻ പറ്റുന്നില്ല." നരേന്ദ്രന്റെ കൈയ്യിൽ പിടിമുറുക്കി പൂർണിമ കിതച്ചു. "പൂർണിമാ... നീയിങ്ങനെ സ്‌ട്രെസെടുക്കല്ലേ... നിനക്ക് നല്ല പനിക്കുന്നുണ്ട്. കണ്ണടച്ച് കിടന്നോ. ഞാൻ അടുത്തുണ്ട്..." "നവീ... നവീൻ... എവിടെ?" കണ്ണുകൾ പാതി തുറന്ന് അവൾ ചുറ്റും നോക്കി. "നവീനെ ഞാൻ വീട്ടിൽ കൊണ്ട് വിട്ടിട്ടാ വരുന്നത്. ദൂരയാത്ര കഴിഞ്ഞ് വന്നതല്ലേ അവൻ." "അമ്മയും ചേട്ടനും എപ്പഴാ വന്നത്?" "നിന്നെ റൂമിലേക്ക് മാറ്റാൻ ലേറ്റാകുമെന്ന് അറിഞ്ഞപ്പോൾ പ്രവീണിനെയും അമ്മയെയും വിളിച്ച് ഇവിടെ നിർത്തിയിട്ടാ ഞാൻ അവനെ കൊണ്ട് വിടാൻ പോയത്. തിരിച്ചു വരാൻ നേരം അമ്മ കൂടെ വരാൻ നിന്നതാ.

ഞാനാ വേണ്ടെന്ന് പറഞ്ഞത്. ഇവിടെ നിന്റെ കൂടെ തല്ക്കാലം ഞാൻ മതിയല്ലോ." "ഞാനും കൂടെ നിൽക്കാം മോനേ. പൂർണിമയുടെ കാര്യങ്ങൾ നോക്കാൻ മോനെകൊണ്ട് ഒറ്റയ്ക്ക് പറ്റുമോ?" ഗീത ആരാഞ്ഞു. "ആ അമ്മേ... എന്തെങ്കിലും സഹായം വേണ്ടി വന്നാൽ ഞാൻ വിളിക്കാം. ഇപ്പൊ രണ്ടാളും വീട്ടിലേക്ക് പൊയ്ക്കോ." നരേന്ദ്രൻ ഇരുവരെയും നോക്കി പറഞ്ഞു. "നരേട്ടന് നാളെ ഓഫീസിൽ പോണ്ടേ. ഇവിടെയിരുന്ന് ഉറക്കമൊഴിഞ്ഞാൽ നാളെ പോവാൻ പറ്റുമോ? പൂർണിമയുടെ കാര്യങ്ങൾ ഞങ്ങൾ നോക്കിക്കോളാം. നരേട്ടൻ വീട്ടിലേക്ക് പൊയ്ക്കോ. അവിടെ നവീൻ വന്നിട്ടുള്ളതല്ലേ." പ്രവീൺ അളിയനരികിലായി വന്നിരുന്നു. "അത്‌ സാരമില്ല പ്രവീൺ. നാളെ ഞാൻ ലീവെടുക്കാം. പൂർണിമ ഇങ്ങനെ കിടക്കുമ്പോ വീട്ടിലേക്ക് പോയാൽ എനിക്കൊരു സമാധാനവും കിട്ടില്ല." പൂർണിമയുടെ കൈകളിൽ അവൻ അരുമയായി തലോടി. "ഇവള് കുളിച്ചിട്ട് നന്നായി തല തൂവർത്തിയിട്ടുണ്ടാവില്ല. അതായിരിക്കും പനി പിടിച്ചത്. വീട്ടിൽ നിൽക്കുമ്പോഴും ഇവൾ ഇങ്ങനെ തന്നെയാ നരേട്ടാ.

സ്കൂളിൽ പോകാൻ മടി പിടിച്ച്, കുളിച്ചിട്ട് തല തൂവാർത്താതെ തോർത്തും തലയിൽ കെട്ടിവച്ച് നടക്കും. പിറ്റേന്ന് പനി വന്ന് കിടക്കും. ബാക്കിയുള്ളവർ ഇവളെ കാരണം ബുദ്ധിമുട്ടുന്നതിനെ കുറിച്ചൊന്നും ഓർക്കുകേമില്ല..." പ്രവീണിൽ അമർഷം നിറഞ്ഞു. "മതി പ്രവി... ഇത് അങ്ങനെ വന്ന പനിയൊന്നുമല്ലെന്നാ എനിക്ക് തോന്നുന്നത്." ഗീത, മകനെ ശാസിച്ചു. "എങ്ങനെ വന്നതായാലും അവൾക്ക് സ്വയമൊന്ന് ശ്രദ്ധിച്ചൂടെ. ഒന്നൂല്ലേലും ഗർഭിണിയാണെന്ന ചിന്ത വേണ്ടേ. വയ്യായ്കയോ ക്ഷീണമോ തോന്നിയപ്പോൾ ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഇവിടെ വന്ന് കിടക്കേണ്ടി വരില്ലായിരുന്നല്ലോ. ഷുഗറും പ്രഷറുമൊക്കെ നന്നായി കുറഞ്ഞിട്ടുമുണ്ടല്ലോ. ഈ സമയത്തെങ്കിലും ഇവൾ സ്വന്തം ആരോഗ്യം ശ്രദ്ധിക്കണ്ടേ." പ്രവീൺ വിടാൻ ഭാവമില്ലായിരുന്നു. "മതി അവളെ വഴക്ക് പറഞ്ഞത്. വയ്യാതെ കിടക്കുന്ന കണ്ടെങ്കിലും നിനക്കൊന്ന് മിണ്ടാതിരുന്നൂടെ പ്രവി." ഗീത കുറച്ചു കടുപ്പത്തിൽ ശാസിച്ചപ്പോൾ പ്രവീൺ മൗനം പാലിച്ചു.

"അമ്മ പ്രവീണിനെ വഴക്ക് പറയണ്ട... പൂർണിമ, അവൾക്കെന്തെങ്കിലും അസ്വസ്ഥതയോ വയ്യായ്കയോ തോന്നിയാൽ ഒരിക്കലും നേരത്തെ പറയാറില്ല. മുൻപ് ക്ലാസ്സിന് പോകുന്ന സമയത്തൊക്കെ ഇവൾക്ക് നല്ല നടുവേദനയുണ്ടായിട്ട് എന്നോട് ഒരു വാക്ക് പറഞ്ഞില്ലായിരുന്നു. ഒടുവിൽ നടുവിന് കൈയ്യും താങ്ങി നടക്കുന്നത് കണ്ട് നിർബന്ധിച്ച് ചോദിച്ചപ്പോഴാ വേദനയുണ്ടെന്ന് പറഞ്ഞത്. നേരത്തെ എന്നോട് പറഞ്ഞാൽ ഞാൻ ക്ലാസിന് വിട്ടില്ലെങ്കിലോന്ന് കരുതി മനഃപൂർവം പറയാതിരുന്നതാ. ഇപ്പൊത്തന്നെ രണ്ട് ദിവസായിട്ട് പൂർണിമ ഇത്തിരി ക്ഷീണിച്ച പോലെ എനിക്ക് തോന്നിയിരുന്നു. രണ്ട് ദിവസം കഴിഞ്ഞു ചെക്കപ്പിന് വരുമ്പോ ഡോക്ടറോട് പറയാന്ന് കരുതി ഇരിക്കയായിരുന്നു ഞാൻ. എന്നിട്ടും ഇന്നലെ ക്ഷീണിച്ച് കിടക്കുന്നത് കണ്ടപ്പോൾ ഹോസ്പിറ്റലിൽ പോണോന്ന് ഇവളോട് ഞാൻ ചോദിച്ചതാ. അന്നേരം വേണ്ടെന്ന് പറഞ്ഞു. അപ്പഴേ കൊണ്ട് വന്ന് കാണിച്ചെങ്കിൽ ഇന്നിത്ര വയ്യാണ്ടാവില്ലായിരുന്നു. വയ്യങ്കിൽ പറയണോന്ന് എത്ര പറഞ്ഞാലും അമ്മേടെ മോള് കേൾക്കില്ല." പ്രവീണിനെ പിന്താങ്ങി നരേന്ദ്രനത് പറയുമ്പോൾ പൂർണിമയുടെ ഹൃദയത്തിലൊരു പെരുമ്പറ മുഴങ്ങി.

ഇതുവരെ നവീൻ അവനോടൊന്നും പറഞ്ഞിട്ടില്ലെന്നും കുറച്ചു മുൻപ് താൻ കണ്ടതും കേട്ടതുമൊക്കെ തന്റെ തോന്നലായിരുന്നുവെന്നും അവൾക്കപ്പോഴാണ് മനസ്സിലായത്. അല്ലായിരുന്നുവെങ്കിൽ ഇങ്ങനെയൊന്നുമാവില്ല നരേന്ദ്രന്റെ പെരുമാറ്റമെന്ന് അവൾക്കറിയാം. പക്ഷേ തന്റെ ടെൻഷന്റെ കാരണം മറ്റുള്ളവരോട് പറയാൻ പറ്റുന്നതല്ലല്ലോന്ന് ആ കിടപ്പിലും അവളോർത്തു. ഏത് നിമിഷവും നവീനിൽ നിന്ന് നരേന്ദ്രൻ കാര്യങ്ങളറിയും. അവന് മുൻപേ സത്യങ്ങൾ താൻ തന്നെ പറയാമെന്ന് വച്ചാലും അവൻ വിശ്വസിക്കുമെന്നതിൽ ഒരു ഉറപ്പുമില്ല. ഒരു തീരുമാനമെടുക്കാൻ കഴിയാനാവാതെ പൂർണിമയുടെ മനസ്സ് നീറിപ്പുകഞ്ഞു. ചുറ്റിലും നിന്ന് കുറ്റപ്പെടുത്തുന്നവർക്കറിയില്ല തന്റെ നിസ്സായാവസ്ഥ. ചൂട് കണ്ണുനീർ അവളുടെ കവിളിനെ നനച്ച് കൊണ്ട് തലയിണയിൽ വീണ് കുതിർന്നു. തളർന്നുപോയ കൺപോളകൾ മെല്ലെയടച്ച് പൂർണിമ മൂകയായി കിടന്നു. "പ്രവീൺ അമ്മയെയും കൂട്ടി വീട്ടിലേക്ക് ചെല്ല്. ഇവിടെ ഞാനുണ്ടല്ലോ. ആവശ്യം വന്നാൽ ഞാൻ വിളിച്ചോളാം."

ഒപ്പം നിൽക്കാമെന്ന് പറഞ്ഞ് നിർബന്ധം പിടിച്ച പ്രവീണിനെയും ഗീതയെയും നരേന്ദ്രൻ അനുനയിപ്പിച്ച് തിരികെ വീട്ടിലേക്ക് പൊയ്ക്കോളാൻ പറഞ്ഞു. "നരേട്ടാ... എന്തെങ്കിലും എമർജൻസി വന്നാൽ മടിക്കാതെ വിളിക്കണേ." "രാത്രി അത്യാവശ്യം വന്നാൽ വിളിക്കണേ മോനെ, അമ്മ വന്നോളാം." നരേന്ദ്രന്റെ നിർബന്ധം സഹിക്കാൻ കഴിയാതെ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോൾ പ്രവീണും ഗീതയും അവനോട് പറഞ്ഞു. "ഞാൻ വിളിച്ചോളാം..." ഇരുവരും യാത്ര പറഞ്ഞ് പോയപ്പോൾ മുറിയിൽ പൂർണിമയും നരേന്ദ്രനും മാത്രമായി. അപ്പോഴേക്കും മരുന്നിന്റെ സെഡേഷൻ കൊണ്ട് അവൾ മയങ്ങിപ്പോയിരുന്നു. ക്ഷീണിച്ചവശയായി ഉറങ്ങുന്നവളെ വാത്സല്യത്തോടെ ഒന്ന് നോക്കിയ ശേഷം നരേന്ദ്രൻ പൂർണിമയുടെ ഉദരത്തിൽ കൈകൾ കൊണ്ട് മെല്ലെ ഉഴിഞ്ഞു. ശിരസ്സൽപ്പം കുനിച്ച് തന്റെ അധരങ്ങൾ അവളുടെ വയറിന്മേൽ സ്പർശിക്കുമ്പോൾ അച്ഛന്റെ സ്നേഹചുംബനം തിരിച്ചറിഞ്ഞെന്ന പോലെ രണ്ട് കുഞ്ഞുങ്ങളും വയറിനുള്ളിൽ കിടന്ന് ഒന്നിളകി.

വയറിന് മുകളിൽ വച്ചിരുന്ന കൈപ്പത്തിയിൽ കുഞ്ഞുങ്ങളുടെ അനക്കം തട്ടിയപ്പോൾ നരേന്ദ്രന്റെ മുഖം സന്തോഷത്താൽ വിടർന്നു. ആഹ്ലാദം കൊണ്ടവന്റെ മിഴികൾ നിറഞ്ഞുപോയി. "മക്കളേ... അമ്മയെ ഒരാപടങ്ങ് കഷ്ടപ്പെടുത്തല്ലേ... നിങ്ങളെ രണ്ടുപേരെയും ചുമക്കാൻ അമ്മ ഒത്തിരി കഷ്ടപ്പെടുന്നുണ്ട്." വാത്സല്യം നിറഞ്ഞ സ്വരത്തിൽ കുഞ്ഞുങ്ങളോടവൻ പറഞ്ഞു. ആ നിമിഷം നരേന്ദ്രന്റെ മനസ്സിൽ നിറഞ്ഞ് നിന്നത് അവ്യക്തമായ രണ്ട് പിഞ്ചുകുരുന്നുകളുടെ രൂപമായിരുന്നു. 🍁🍁🍁🍁🍁 ഷുഗറും പ്രഷറുമൊക്കെ നോർമൽ ലെവലിലെത്താൻ പൂർണിമയ്ക്ക് മൂന്ന് ദിവസം വേണ്ടി വന്നു. അവളുടെ ആരോഗ്യം കണക്കിലെടുത്ത് ആ മൂന്ന് ദിവസവും ഡോക്ട,ർ വിസിറ്റേഴ്‌സിനെയൊന്നും അനുവദിക്കാത്തത് കൊണ്ട് ആ മൂന്ന് ദിവസവും പൂർണിമയ്ക്ക് ആശ്വാസത്തിന്റെ ദിനങ്ങളായിരുന്നു. ആരുടെയും കുറ്റപ്പെടുത്തലുകളും ശകാരവുമൊന്നും കേൾക്കാതിരുന്നപ്പോൾ തന്നെ അവളുടെ മനസ്സും ഹൃദയവും പകുതി ശാന്തമായി. വയറ്റിൽ കിടക്കുന്ന കുഞ്ഞുങ്ങളെ ഓർത്ത് മാത്രം നവീനെ പറ്റി ആലോചിക്കാനോ ആധി പിടിക്കാനോ പൂർണിമ ശ്രമിച്ചില്ല.

പരമാവധി തന്റെ മനസ്സിനെ മറ്റ് ചിന്തകളിലേക്ക് വഴി തിരിച്ച് വിട്ടവൾ സമാധാനം കണ്ടെത്താൻ ശ്രമിച്ചു. പൂർണിമ ഹോസ്പിറ്റലിൽ അഡിമിറ്റായതിന്റെ നാലാം ദിവസം ഉച്ചയോടെ ഡോക്ടർ പുഷ്പ റാണി അവൾക്ക് ഡിസ്ചാർജ് നൽകി. "നരേന്ദ്രൻ... പൂർണിമയ്ക്കിപ്പോ ഏഴാം മാസം തുടങ്ങിയിട്ടുണ്ട്. ഇനിയങ്ങോട്ട് വൈഫിന്റെ കാര്യത്തിൽ നല്ല ശ്രദ്ധ വേണം. എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് കണ്ടാൽ ഉടനെതന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ട് വരണം. അതുപോലെ ഒത്തിരി ടെൻഷനുണ്ടാക്കുന്നതും വിഷമിപ്പിക്കുന്നതായിട്ടുമുള്ള കാര്യങ്ങൾ ഉണ്ടാവാതെ നോക്കണം. സ്നേഹവും പരിചരണവും വേണ്ടുവോളം കൊടുത്ത് പൂർണിമയെ സന്തോഷമായിട്ട് നോക്കണം." പോകാൻ നേരം ഉപദേശ രൂപേണ ഡോക്ടർ അവനോട് പറഞ്ഞു. "ഞാൻ ശ്രദ്ധിച്ചോളാം ഡോക്ടർ... എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ ഉടനെ കൊണ്ട് വന്നോളാം." "ഓക്കേ... എങ്കിൽ പിന്നെ പൂർണിമയെ തനിക്ക് വീട്ടിലേക്ക് കൊണ്ട് പോകാം.." ഹൃദ്യമായ പുഞ്ചിരിയോടെ ഡോക്ടർ ഇരുവരെയും നോക്കി. 🍁🍁🍁🍁🍁

ഡിസ്ചാർജ് വാങ്ങി നരേന്ദ്രനും പൂർണിമയും മുല്ലശ്ശേരിയിലെത്തുമ്പോൾ ഉച്ചതിരിഞ്ഞ് മൂന്ന് മണി കഴിഞ്ഞിരുന്നു. മുറ്റത്ത്‌ കാർ വന്ന് നിൽക്കുന്ന ശബ്ദം കേട്ട് നവീൻ മുൻവാതിൽ തുറന്ന് പൂമുഖത്തേക്ക് വന്നു. പൂർണിമ അവന്റെ മുഖത്തേക്ക് നോക്കാതെ വയറും താങ്ങി മെല്ലെ കാറിൽ നിന്നിറങ്ങി. നരേന്ദ്രനവളെ താങ്ങിപ്പിടിച്ച് ഉമ്മറത്തെ കസേരയിൽ കൊണ്ടിരുത്തി. ആ നേരമത്രയും നവീന്റെ മിഴികൾ പൂർണിമയെ വീക്ഷിക്കുകയായിരുന്നു. മൂന്ന് ദിവസത്തെ ആശുപത്രി വാസം അവളെ വല്ലാതെ ക്ഷീണിപ്പിച്ചിരുന്നു. "നവീ... അച്ഛനും അമ്മയും എവിടെപ്പോയി?" ശ്രീകണ്ഠന്റെ കാർ മുറ്റത്ത്‌ കാണാത്തത് കണ്ട് നരേന്ദ്രൻ അനിയനോട് ചോദിച്ചു. "അച്ഛനും അമ്മയും കൂടി ഹരി നാരായണൻ തിരുമേനിയെ കാണാൻ പോയതാ നരേട്ടാ. ഇപ്പൊ വരേണ്ട സമയമായി." നവീൻ അത് പറഞ്ഞതും ഗേറ്റ് കടന്ന് ശ്രീകണ്ഠന്റെ കാർ അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു. ഡോർ തുറന്ന് പുറത്തേക്കിറങ്ങിയ ശ്രീകണ്ഠന്റെയും യമുനയുടെയും മുഖത്ത് അത്ര തെളിച്ചമില്ലായിരുന്നു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story