മാലയോഗം: ഭാഗം 3

malayogam shiva

രചന: ശിവ എസ് നായർ

"പോയ കാര്യം എന്തായി. ജ്യോത്സ്യർ എന്ത് പറഞ്ഞു.?" ശിവദാസനരികിൽ വന്നിരുന്ന് കൊണ്ട് ഗീത ചോദിച്ചു. "ജാതകം തമ്മിൽ ചേർച്ചയുണ്ട് ഗീതേ. പക്ഷേ ചെറിയൊരു പ്രശ്നമുണ്ടെന്ന് ജ്യോത്സ്യര് പറഞ്ഞു." "എന്താ ചേട്ടാ?" ഭർത്താവിന്റെ വാക്കുകൾ കേട്ട് ആശങ്കയോടെ ഗീത അയാളുടെ മുഖത്തേക്ക് നോക്കി. "ഇവരുടെ കല്യാണം നടന്നാൽ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായി അവർ തമ്മിൽ പകുതിയിൽ വേർപിരിയാൻ സാധ്യതയുണ്ടെന്ന്. പെൺകുട്ടി ഒത്തുപോയാൽ പ്രശ്നങ്ങൾ ഒന്നുമില്ലാതെ പോകും." "അവള് അല്ലെങ്കിൽ തന്നെ ഒരു ദേഷ്യക്കാരി ആണ്. അവിടെ കെട്ടി കേറി ചെന്നിട്ട് വല്ല ബഹളവും ഉണ്ടാക്കി പിണങ്ങി പിരിഞ്ഞു ഇങ്ങോട്ട് തന്നെ വന്ന് നിന്നാൽ നമുക്കാ കഷ്ടപ്പാട്. എത്ര ജാതകം നോക്കിയിട്ടാ ചേരുന്ന ഒരു ബന്ധം ഒത്തു വന്നത്. നല്ല കൂട്ടരുമാണ്. സ്ത്രീധനവും വേണ്ട. അവൾക്ക് കിട്ടാവുന്നതിൽ വച്ച് നല്ലൊരു ബന്ധമാണ് ഇത്. ഇനി ഇപ്പൊ എന്താ ചെയ്യാ. ഇത് വേണ്ടെന്ന് വയ്ക്കണോ." "അവളോട് കൂടി ചോദിക്കാം. അല്ലാതിപ്പോ എന്താ ചെയ്യാ."

"മോള് സമ്മതമല്ലെന്ന് പറഞ്ഞാ അവളുടെ വാക്കും കേട്ട് വേണ്ടെന്ന് വയ്ക്കോ നിങ്ങൾ." "എനിക്കും ഇത് നടത്തണമെന്ന് തന്നെയാ ആഗ്രഹം. അവളൊന്ന് നോക്കീം കണ്ടും നിന്നാൽ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ഒത്തു പോവാം. എന്നുവെച്ചു അവൾക്ക് ഇഷ്ടമില്ലെങ്കി നിർബന്ധിക്കാൻ പറ്റില്ലല്ലോ." "അച്ഛനും അമ്മയും എന്റെ കാര്യമോർത്ത് ആശങ്കപ്പെടണ്ട. പൊരുത്തമുള്ള ജാതകം ഒത്തു വന്നതല്ലേ. നിങ്ങളുടെ ആഗ്രഹം പോലെ ഇത് നടക്കട്ടെ. എനിക്ക് ഇഷ്ടക്കുറവ് ഒന്നുമില്ല. എനിക്കീ വിവാഹത്തിന് സമ്മതമാണ്." അച്ഛന്റെയും അമ്മയുടെയും സംഭാഷണങ്ങൾ കേട്ടുനിന്ന പൂർണിമ തന്റെ അഭിപ്രായം അവരോടു പറഞ്ഞു. അത് കേട്ടതും ശിവദാസനും ഗീതയ്ക്കും ആശ്വാസമായി. "ഞങ്ങളവർക്ക് വാക്ക് കൊടുക്കട്ടെ മോളെ." ശിവദാസൻ മകളോട് ചോദിച്ചു. "കൊടുത്തോ അച്ഛാ. ഇതിന്റെ പേരിൽ നിങ്ങളുടെ വിഷമം കാണാൻ എനിക്ക് വയ്യ."

പൂർണിമ പിന്തിരിഞ്ഞു തന്റെ മുറിയിലേക്ക് പോയി. "ഇപ്പൊതന്നെ അവരെ വിളിച്ച് സമ്മതമറിയിച്ചേക്ക് ചേട്ടാ." ഗീത ഭർത്താവിനോട് പറഞ്ഞു. "ഹ്മ്മ് ഇപ്പൊ തന്നെ കയ്യോടെ കാര്യം പറഞ്ഞേക്കാം." ഫോണിൽ ശ്രീകണ്ഠന്റെ നമ്പർ ഡയൽ ചെയ്തുകൊണ്ട് ശിവദാസൻ മുറ്റത്തേക്കിറങ്ങി. രണ്ടുമാസത്തിനുള്ളിൽ അവരുടെ കല്യാണം നടത്താൻ ഇരുവീട്ടുകാരും തീരുമാനിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം പൂർണിമയെ കാണാനായി നരേന്ദ്രൻ വന്നു. സന്ധ്യയ്ക്ക് ഉമ്മറത്ത് വിളക്ക് വയ്ക്കുന്ന സമയത്താണ് നരേന്ദ്രന്റെ കാർ ശിവദാസന്റെ വീട്ടുമുറ്റത്ത്‌ വന്ന് നിന്നത്. ആ സമയം വീട്ടിൽ പൂർണിമയും അനിയത്തിമാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശിവദാസനും ഗീതയും പ്രവീണും ഓരോ കാര്യങ്ങൾക്കായി പലയിടത്തായി പോയിരുന്നു. കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്ന നരേന്ദ്രനെ കണ്ടതും അവളുടെ മുഖം വിടർന്നു.

"വന്ന കാലിൽ തന്നെ നിൽക്കാതെ അകത്തോട്ട് കയറി ഇരിക്കാം." മുറ്റത്ത്‌ തന്നെ മടിച്ചു നിൽക്കുന്ന അവനെ കണ്ട് പൂർണിമ വിളിച്ചു. "ഇല്ല കേറുന്നില്ല... വിളക്ക് വച്ചതല്ലേ. ഞാൻ ഓഫീസിൽ നിന്ന് വരുന്ന വഴിയാണ്." "അച്ഛനെ കാണാൻ വന്നതാണോ. അച്ഛൻ വരാൻ വൈകുമല്ലോ." മുറ്റത്തേക്കിറങ്ങി അവനടുത്തായി വന്ന് അവൾ പറഞ്ഞു. "ഞാൻ അച്ഛനെ കാണാൻ വന്നതല്ല. തന്നെ കാണാൻ വന്നതാ. അന്ന് പെണ്ണ് കാണാൻ വരുമ്പോൾ ഞാൻ പറഞ്ഞിരുന്നില്ലേ ജാതകം ചേർന്നാൽ, ഈ ബന്ധം മുന്നോട്ട് പോകുമെങ്കിൽ ഞാൻ ഒരിക്കൽ കൂടി കാണാൻ വരുമെന്ന്. ഓർമ്മയുണ്ടോ?." നരേന്ദ്രൻ അവളോട് ചോദിച്ചു. "ഉവ്വ് ഓർമ്മയുണ്ട്. എന്തേ?" ചോദ്യ ഭാവത്തിൽ പൂർണിമ അവനെ നോക്കി. "എന്റെ വധുവായി വരുന്നതിന് മുൻപ് എന്നെക്കുറിച്ചു ബേസിക് ആയിട്ടുള്ള കാര്യങ്ങളെങ്കിലും താൻ അറിഞ്ഞിരിക്കണമല്ലോ. അതുപോലെ തന്നെ ഞാനും കുറച്ചെങ്കിലും മനസിലാക്കണ്ടേ." "അത് വേണം. പക്ഷേ നമ്മുടെ വിവാഹം ഉടനെ തന്നെ ഉണ്ടാവും. രണ്ട് മാസം കൊണ്ട് നമുക്ക് അന്യോന്യം മനസിലാക്കാൻ സാധിക്കുമോ.

ഒരുമിച്ച് ജീവിക്കാൻ തുടങ്ങുമ്പോഴല്ലേ നമ്മൾ പരസ്പരം അറിഞ്ഞു തുടങ്ങുന്നത്." "പൂർണിമ പറഞ്ഞത് ശരിയാണ്. ബട്ട്‌ ഇനിയെങ്കിലും ഒരു പരിചയപ്പെടുത്തൽ നല്ലതല്ലേ." "ശരിയാണ്." ആലോചനയോടെ അവൾ പറഞ്ഞു. "ഞാനല്പം ദേഷ്യമുള്ള കൂട്ടത്തിലാണ്. പിന്നെ അത്യാവശ്യം അടുക്കും ചിട്ടയും വൃത്തിയുമൊക്കെ കൂടുതൽ ഉണ്ട്. ഇതിന് മുൻപ് മാറ്റാരുമായും പ്രണയം ഒന്നുമില്ലായിരുന്നു. പക്ഷേ തനിക്ക് മുൻപ് പെണ്ണ് കാണാൻ പോയ ഒരു കുട്ടിയെ എനിക്ക് ഇഷ്ടപ്പെട്ടതായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ ആ ആലോചന ജാതക പൊരുത്തമില്ലാത്തതിന്റെ പേരിൽ മുടങ്ങി. അതുപോലെതന്നെ ഏകദേശം രണ്ട് വർഷം മുൻപ് ഓഫീസിൽ പുതുതായി ജോയിൻ ചെയ്ത ഒരു സഹപ്രവർത്തകയ്ക്ക് എന്നോട് ചെറിയൊരു ക്രഷ് ഉണ്ടായിരുന്നു. അതുപിന്നെ എനിക്ക് താല്പര്യം തോന്നാത്തത് കൊണ്ട് ഞാൻ ഇന്ററെസ്റ്റ്‌ കൊടുത്തില്ല. ഞാനൊരു ഫാമിലി മാനാണ്. എന്റെ ഇഷ്ടങ്ങളെക്കാൾ ഉപരി ഒരു പരിധി വരെ വീട്ടുകാരുടെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നൊരു വ്യക്തിയാണ് ഞാൻ.

അതുകൊണ്ടാണ് കല്യാണം പോലും ഇത്രയും വൈകിയത്. പെട്ടന്ന് ദേഷ്യം വരുന്ന കൂട്ടത്തിലായത് കൊണ്ട് ആദ്യമൊക്കെ തനിക്ക് അഡ്ജസ്റ്റ് ചെയ്യാൻ നല്ല ബുദ്ധിമുട്ട് ആയിരിക്കും. മാക്സിമം ഞാൻ എന്റെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ ശ്രമിക്കും. ഇതൊക്കെയാണ് എനിക്ക് എന്നെപ്പറ്റി ബേസിക് ആയിട്ട് പറയാനുണ്ടായിരുന്നത്." പറഞ്ഞു നിർത്തി നരേന്ദ്രൻ അവളെ നോക്കി. "നരേട്ടാന്ന് വിളിക്കാമോ എനിക്ക്." പൗർണമി മടിയോടെ ചോദിച്ചു. "യാ ഷുവർ. തനിക്ക് കംഫർട്ട് ഏതാണോ അത് തന്നെ വിളിച്ചോ. എന്താണെങ്കിലും എനിക്ക് പ്രോബ്ലം ഇല്ല." "എങ്കിൽ ഞാൻ നരേട്ടാന്ന് തന്നെ വിളിക്കാം." "തന്റെ ഇഷ്ടം." നരേന്ദ്രൻ പുഞ്ചിരിയോടെ പറഞ്ഞു. "ഞാൻ എന്നെപറ്റി പറഞ്ഞില്ലല്ലോ... നരേട്ടനെ പോലെ തന്നെ ഇത്തിരി ദേഷ്യം കൂടുതലുള്ള കൂട്ടത്തിലാണ് ഞാനും. നമ്മൾ രണ്ടും ദേഷ്യക്കാർ ആവുമ്പോൾ അത് നമ്മുടെ മുന്നോട്ടുള്ള ജീവിതത്തെ ബാധിക്കാൻ പാടില്ലല്ലോ. അതുകൊണ്ട് ഞാനും എന്റെ മുൻകോപം പരമാവധി കുറയ്ക്കാൻ ഇപ്പഴേ ശ്രമിക്കുന്നുണ്ട്. പിന്നെ അച്ഛനും അമ്മയും പറയുന്നത് അനുസരിച്ചാണ് ഇത്രയും നാൾ വളർന്നത്.

അതുകൊണ്ട് അവര് ചൂണ്ടി കാണിക്കുന്ന ഒരാളെ മാത്രമേ പ്രണയിക്കുള്ളു എന്ന് പണ്ടേ തീരുമാനിച്ചതാ. ഇതൊക്കെയാണ് ഞാൻ." "എന്തായാലും ഒരുമിച്ച് ജീവിച്ചു തുടങ്ങുമ്പോൾ നമുക്ക് പരസ്പരം ഒരുപാട് മനസ്സിലാക്കേണ്ടതുണ്ട്. പിന്നെ എല്ലാവരും എവിടെപോയി? താൻ ഒറ്റയ്ക്കേ ഉള്ളോ വീട്ടിൽ." "അച്ഛനും അമ്മയും ചേട്ടനും ഓരോ ആവശ്യങ്ങൾക്കായി പോയിരിക്കയാ. ഇപ്പൊ എത്തും. അനിയത്തിമാർ രണ്ടുപേരും പഠിക്കയാണ്. അവർക്ക് നാളെ ആനുവൽ എക്സാം തുടങ്ങുകയാണ്." "കാത്ത് നിന്ന് കണ്ടിട്ട് പോവാൻ സമയമില്ല. കുറച്ചു അത്യാവശ്യ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്." വാച്ചിലേക്ക് നോക്കി നരേന്ദ്രൻ പറഞ്ഞു. "നരേട്ടൻ പൊയ്ക്കോളൂ. അവര് വരാൻ ചിലപ്പോൾ സമയമെടുത്താലോ. വരുമ്പോൾ ഞാൻ പറഞ്ഞേക്കാം നരേട്ടൻ വന്നിരുന്നുവെന്ന്." "എങ്കിൽ ശരി പൂർണിമ ഞാനിറങ്ങുന്നു." അവളോട് യാത്ര പറഞ്ഞ് അവൻ കാറിൽ കയറി ഓടിച്ചു പോയി. നരേന്ദ്രന്റെ കാർ കണ്ണിൽ നിന്ന് മറയുന്നത് വരെ പൂർണിമ മുറ്റത്തു നിന്ന് നോക്കി നിന്നു. വല്ലാത്തൊരു മനുഷ്യനാണ് നരേന്ദ്രനെന്ന് അവൾക്ക് തോന്നി.

അയാളോടൊപ്പമുള്ള ജീവിതം കുറച്ചു ബുദ്ധിമുട്ടിക്കുമെന്ന് അവൾക്കുറപ്പായിരുന്നു. എങ്കിലും ആളൊരു പാവമാണെന്നും പൂർണിമ വിചാരിച്ചു. ഇനി വരുന്നതൊക്കെ വരുന്നിടത്തു വച്ച് കാണാമെന്ന ഭാവത്തിൽ അവൾ വീടിനുള്ളിലേക്ക് കയറിപോയി. കല്യാണത്തിന് രണ്ടുമാസം ബാക്കി ഉണ്ടായിരുന്നിട്ടും നരേന്ദ്രൻ ഒരിക്കൽ പോലും പൂർണിമയെ ഫോണിൽ വിളിച്ച് സംസാരിക്കുകയുണ്ടായില്ല. അച്ഛനിൽ നിന്ന് നരേന്ദ്രന്റെ നമ്പർ കിട്ടിയ ദിവസം അൽപ്പം മടിയോടെ ആണെങ്കിലും അവൾ നരേന്ദ്രനെ വിളിച്ചപ്പോൾ ഒഴുക്കൻ മട്ടിലുള്ള ഒരു സംസാരമായിരുന്നു അവന്റേത്. ഫോണിൽ വിളിച്ചുള്ള സംസാരമൊന്നും അവനത്ര ഇഷ്ടമുള്ള കാര്യമല്ല എന്നറിഞ്ഞപ്പോൾ പൂർണിമ പിന്നെ വിളിക്കാൻ ശ്രമിച്ചില്ല. ആളൊരു ഗൗരവക്കാരനാണെന്ന് അവൾക്ക് മനസിലായി. മാത്രമല്ല അവർ തമ്മിൽ പത്തുവയസ്സ് വ്യത്യാസവും ഉണ്ടായിരുന്നു. പൂർണിമയെ സംബന്ധിച്ച് അതൊരു വല്യ ഏജ് ഗ്യാപ് തന്നെയാണ്. ************** മുല്ലശ്ശേരി തറവാട്ടിലും പൂർണിമിയുടെ വീട്ടിലും വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു.

ശിവദാസനും പ്രവീണും ഓരോ കാര്യത്തിനായി ഓടി നടന്നു. ഇരുവീടുകളും ബന്ധുക്കളെ കൊണ്ട് നിറഞ്ഞു. ശിവദാസന്റെ ബുദ്ധിമുട്ടുകൾ അറിയാവുന്നത് കൊണ്ട് തന്നെ പൗർണമിക്ക് കല്യാണത്തിന് ഇടാനുള്ള ആഭരണങ്ങൾ യമുന മുല്ലശ്ശേരി തറവാട്ടിൽ നിന്നും കൊടുത്തയച്ചിരുന്നു. അങ്ങനെ കാത്തിരിപ്പിനൊടുവിൽ വിവാഹ ദിവസം വന്നെത്തി. ഇന്നാണ് പൂർണിമയുടെയും നരേന്ദ്രന്റെയും വിവാഹം. മഞ്ഞ പട്ടുസാരിയും പച്ച ബ്ലൗസുമായിരുന്നു അവളുടെ വേഷം. സാരിയിലെ പട്ടിനു മാച്ചിംഗ് ആയിട്ടുള്ള സ്റ്റോൺ വർക്കുകൾ ബ്ലൗസിലും ചെയ്തിരുന്നു. മുടി നിറയെ മുല്ലപ്പൂ ചൂടി സർവ്വാഭരണ വിഭൂഷിതയായി അണിഞ്ഞൊരുങ്ങിയ പൂർണിമ കല്യാണ മണ്ഡപത്തിൽ നരേന്ദ്രന് അരികിലായി വന്നിരുന്നു. വിവാഹം കൂടനെത്തിയ ശിവദാസന്റെയും ഗീതയുടെയും ബന്ധുക്കൾ പൂർണിമയ്ക്ക് കിട്ടിയ ഭാഗ്യമാണ് മുല്ലശ്ശേരി തറവാട്ടുകാരുമായുള്ള ബന്ധമെന്ന് വാഴ്ത്തിപ്പാടി. കല്യാണം നോക്കി നോക്കി കുറേ നാൾ ചെക്കനെ കിട്ടാതിരുന്നെങ്കിലും ഒടുവിൽ കിട്ടിയത് നല്ല അസ്സൽ പുളിൻകൊമ്പ് ആണല്ലോന്ന് ഒരു കൂട്ടർ അഭിപ്രായപ്പെട്ടു.

അതേസമയം ശ്രീകണ്ഠന്റെയും യമുനയുടെയും ബന്ധുക്കൾക്ക് ഈ ബന്ധം അത്ര കണ്ട് പിടിച്ചില്ല. "എന്നാലും എന്റെ യമുനേ... നാല് വർഷമായി എത്ര സ്ഥലത്ത് പെണ്ണ് നോക്കിയതാ നരേന്. എന്നിട്ട് ഒടുക്കം കിട്ടിയത് ഈ പെണ്ണിനെയാണോ. അവനെ കെട്ടാൻ അവൾക്കെന്ത് യോഗ്യതയുണ്ട്. നല്ല വിദ്യാഭ്യാസവുമില്ല സാമ്പത്തിക സ്ഥിതിയുമില്ല. നരേന്ദ്രന്റെ ഒരു ഗതികേട് നോക്കണേ." താടിക്ക് കൈകൊടുത്ത് വിഷമത്തോടെ അത് പറയുന്ന ശ്രീകണ്ഠന്റെ സഹോദരി ശ്രീജയെ യമുന ദേഷ്യത്തിലൊന്ന് നോക്കി. ഏറെക്കുറെ അവരുടെ ബന്ധുക്കൾ മിക്കവർക്കും ശ്രീജയുടെ അതേ അഭിപ്രായമായിരുന്നു. പിന്നെ ശ്രീജയെ പോലെ ആരും അതൊന്നും തുറന്നു പറഞ്ഞില്ലെന്നേയുള്ളു. "എന്റെ ചേച്ചി ഈ സമയത്തെങ്കിലും കുറ്റവും കുറവും കണ്ട് പിടിക്കാതിരിക്കോ. ഈ ബന്ധമെങ്കിലും ഒത്തു കിട്ടിയത് ഭാഗ്യമായിട്ടാണ് ഞങ്ങൾ കരുതുന്നത്.

അതിനിടയിൽ ഇങ്ങനെ കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ വരരുത്. അതുപോലെ ഇമ്മാതിരി ഡയലോഗ് ഒന്നും ആ കൊച്ചോ അതിന്റെ വീട്ടുകാരോ കേൾക്കെ പറയാൻ നിന്നേക്കരുത്. ചേട്ടന്റെ സ്വഭാവം ചേച്ചിക്ക് നന്നായി അറിയാലോ. നല്ലൊരു ദിവസമായിട്ട് ചേച്ചിയുടെ നാവിന്റെ പിഴവ് കൊണ്ട് ഈ ദിവസത്തെ സന്തോഷം തല്ലിക്കെടുത്തരുത്." യമുന അവരെ താക്കീത് ചെയ്തു. അതോടെ അവർ നിശബ്ദയായി. മുഹൂർത്ത സമയം അടുത്തുവന്നു. "താലികെട്ടാൻ മുഹൂർത്തമായി... കെട്ട് മേളം തുടങ്ങട്ടെ." ആരോ വിളിച്ചു പറയുന്നത് പൂർണിമ കേട്ടു. അവൾ അടുത്തിരിക്കുന്ന നരേന്ദ്രനെ പാളി നോക്കി. മുഖം നിറയെ ഗൗരവമാണ്. മുന്നിൽ സദസ്സ് നിറഞ്ഞിരിക്കുന്ന ആളുകളുടെ നോട്ടവും തങ്ങളിലേക്കാണെന്ന് അവൾ കണ്ടു. അവൾ നോക്കുന്നത് കണ്ട് തല ചരിച്ചു എന്താ എന്ന ഭാവത്തിൽ അവനവളെ നോക്കി. പൂർണിമ ഒന്നുമില്ലെന്ന ചുമൽ കൂച്ചി.

അവൾക്ക് ആകെപ്പാടെ ഒരു വെപ്രാളവും പരവേശവും തോന്നി. കെട്ടുമേളവും നാദസ്വരത്തിന്റെ ശബ്ദവും ഉയർന്ന് കേട്ടു. നരേന്ദ്രന്റെ കൈകൾ അവളുടെ കഴുത്തിന് നേർക്ക് നീണ്ടുവന്നു. പൂർണിമ കണ്ണുകൾ അടച്ച് കൈകൾ കൂപ്പി. മഞ്ഞ ചരടിൽ കോർത്ത താലി അവൻ അവളുടെ കഴുത്തിൽ ചാർത്തി. ഒരു നുള്ള് സിന്ദൂരം വിരലുകൾ കൊണ്ട് നുള്ളിയെടുത്തു അവളുടെ സീമന്ത രേഖയിൽ ചാർത്തി. പൂർണിമ കണ്ണുകൾ തുറന്നു അവനെയൊന്ന് നോക്കി. അവളുടെ മിഴികൾ സജലമായിരുന്നു. പെട്ടെന്നാണ് എല്ലാവരും നോക്കി നിൽക്കേണ്ട പൂർണിമ പിന്നിലേക്ക് മറിഞ്ഞു വീണത്..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story