മാലയോഗം: ഭാഗം 30

malayogam shiva

രചന: ശിവ എസ് നായർ

"അച്ഛനും അമ്മയും കൂടി തിരുമേനിയെ കാണാൻ പോയതാ നരേട്ടാ. ഇപ്പൊ വരേണ്ട സമയമായി." നവീൻ അത് പറഞ്ഞതും ഗേറ്റ് കടന്ന് ശ്രീകണ്ഠന്റെ കാർ അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു. ഡോർ തുറന്ന് പുറത്തേക്കിറങ്ങിയ ശ്രീകണ്ഠന്റെയും യമുനയുടെയും മുഖത്ത് അത്ര തെളിച്ചമില്ലായിരുന്നു. "തിരുമേനിയെ കാണാൻ പോയിട്ട് എന്താ അമ്മേ പുതിയ വിശേഷം. നിങ്ങളെ രണ്ടാളേം മുഖമെന്താ കടന്നൽ കുത്തിയ പോലെ?" പാതി തമാശയും പാതി കാര്യമായും നരേന്ദ്രൻ ചോദിച്ചു. "ഞങ്ങൾ പോയത് നിങ്ങടെ ഇപ്പഴത്തെ സമയമൊന്ന് നോക്കിക്കാനാ." യമുന ഭാവഭേദമേതുമില്ലാതെ പറഞ്ഞു. "ഓഹ്... അപ്പോ അയാളെന്തെങ്കിലും കൊനഷ്ട് പറഞ്ഞിട്ടുണ്ടാവുമല്ലേ." "നീയങ്ങനെ പുച്ഛിച്ചു തള്ളണ്ട... തിരുമേനി പറഞ്ഞതൊന്നും ഇതുവരെ തെറ്റിയിട്ടില്ല." നരേന്ദ്രന്റെ പുച്ഛത്തോടെയുള്ള സംസാരം യമുനയെ ചൊടിപ്പിച്ചു. "എന്റെ ജാതകം നോക്കി എന്നെയൊരു വഴിയാക്കിയിട്ടും നിങ്ങൾക്ക് മതിയായില്ലേ. നിങ്ങളുടെ ആഗ്രഹം പോലെ എന്റെ ജാതകവുമായി പൊരുത്തമുള്ള പെണ്ണിനെ തന്നെ കെട്ടാൻ സമ്മതിച്ചത് ഇതോടെ ഈ നശിച്ച ജാതകം നോക്കൽ തീരുമല്ലോന്ന് ഓർത്താണ്.

ഇനി ഞങ്ങടെ ഭാവിയും ഞങ്ങൾക്ക് ജനിക്കാൻ പോവുന്ന പിള്ളേരെ ഭാവിയും കൂടി പ്രവചിച്ച്, ഇല്ലാത്ത കുഴപ്പങ്ങളുണ്ടാക്കി ഞങ്ങളുടെ സമാധാനം കൂടി ഇല്ലാതാക്കണോ." ദേഷ്യം കൊണ്ട് നരേന്ദ്രൻ അടിമുടി വിറച്ചു. "ഒച്ച വച്ച് ഞങ്ങളെ പേടിപ്പിക്കാമെന്ന് നീ വിചാരിക്കണ്ട. നിങ്ങടെ നല്ലതിന് വേണ്ടി തന്നെയാ ഞങ്ങളിതൊക്കെ ചെയ്യുന്നത്. പൂർണിമയ്ക്കിപ്പോ നല്ല സമയ ദോഷമുണ്ട്. പ്രസവം വരെ വളരെ സൂക്ഷിക്കാനാ തിരുമേനി പറഞ്ഞിട്ടുള്ളത്. ഇവള്ടെ അശ്രദ്ധ കൊണ്ട് ഓപ്പറേഷനേ ഉണ്ടാവുള്ളൂന്നും രണ്ട് പെൺകുട്ടികളായിരിക്കും ജനിക്കാൻ പോകുന്നതെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്. അല്ലെങ്കിൽ തന്നെ പൂർണിമയ്ക്ക് ഒരൽപ്പം അശ്രദ്ധ കുറവുണ്ട്. ഇത് കൂടി കേട്ടപ്പോ മുതൽ ആകെ ആധിയാണ്." യമുനയുടെ വാക്കുകൾ കേട്ട് ഞെട്ടിയത് പൂർണിമയാണ്. "അമ്മ എന്തൊക്കെയാ ഈ പറയുന്നേ... കേട്ടിട്ടെനിക്ക് പേടിയാവുന്നു." അവളുടെ കണ്ഠമിടറി. "കുറച്ചൊക്കെ പേടി നല്ലതാ. വയറ്റിൽ കിടക്കുന്നത് ഇരട്ട പിള്ളേരാണെന്ന് എപ്പഴും ഓർമ്മ വേണം. നിന്റെ ശ്രദ്ധക്കുറവ് കാരണം അതുങ്ങളുടെ ജീവന് ഒന്നും പറ്റല്ലെന്നാ എന്റെ പ്രാർത്ഥന."

"അമ്മേ.... അയാളുടെ വാക്കും കേട്ട് വന്ന് വെറുതെ ഇവളെ ഓരോന്ന് പറഞ്ഞ് പേടിപ്പിക്കല്ലേ. അല്ലേ തന്നെ ഇവൾക്ക് ഓരോന്നോർത്ത് ഇപ്പഴേ ടെൻഷനാണ്. ഇനി ഇതുകൂടി കേട്ടിട്ട് അവളെ ടെൻഷൻ കൂട്ടണ്ട നിങ്ങൾ." "ഞാൻ പറയാനുള്ളത് ആരോടായാലും പറയും. ഇതൊക്കെ കേട്ടിട്ടെങ്കിലും കുറച്ച് സീരിയസ്നെസ് അവൾക്കുണ്ടാവട്ടെ." അത്രേം പറഞ്ഞിട്ട് യമുന അകത്തേക്ക് കേറിപ്പോയി. "നരാ... നീ അമ്മയോട് ഉടക്കാൻ നിക്കണ്ട. ഇതുവരെ നിന്റെ കാര്യങ്ങളൊന്നും തിരുമേനി പറഞ്ഞത് തെറ്റിയിട്ടില്ല. നിങ്ങൾക്ക് ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ജനിക്കണമെങ്കിൽ അവള് പറയുന്നത് അനുസരിക്ക്. നിങ്ങളുടെ നല്ലതിന് വേണ്ടിയല്ലേ ഞങ്ങളിതൊക്കെ ചെയ്യുന്നത്. പിന്നെ തിരുമേനി ഒരു കാര്യം കൂടി പറഞ്ഞു. പൂർണിമയ്ക്ക് മാസം തികയാതെയുള്ള പ്രസവമായിരിക്കുമെന്നും രണ്ട് കുട്ടികളിൽ ഒരു കുട്ടിയെ മാത്രേ കിട്ടാൻ സാധ്യതയുള്ളൂന്നും. അത്‌ കേട്ടപ്പോൾ മുതൽ യമുന സങ്കടത്തിലാണ്. നിന്റെ കൂടെയുള്ളപ്പോഴൊക്കെ അവളെ നീ നന്നായി കെയർ ചെയ്യണം.

ഒരു കാരണവശാലും ഇപ്പൊ ഞാൻ പറഞ്ഞത് അവളറിയരുത്." ശബ്ദം താഴ്ത്തി നരനോട് ശ്രീകണ്ഠനത് പറയുമ്പോൾ ദേഷ്യം കൊണ്ട് അവന്റെ മുഖം വലിഞ്ഞുമുറുകി. "അയാളെ വാക്കും കേട്ട് വന്ന് എന്റെ ഭാര്യേം പിള്ളേരേം നിങ്ങൾ രണ്ടാളും കൂടി കൊലയ്ക്ക് കൊടുക്കോ. ഓരോരോ അന്ധവിശ്വാസങ്ങൾ." കടപ്പല്ലുകൾ ഞെരിച്ചമർത്തി അവൻ പൂർണിമയെയും കൂട്ടികൊണ്ട് മുറിയിലേക്ക് പോയി. 🍁🍁🍁🍁 "തിരുമേനി പറഞ്ഞ കാര്യം ശ്രീയേട്ടൻ നരനോട് പറഞ്ഞോ?" തന്റെ അരികിലായി വന്ന് കിടന്ന ഭർത്താവിനോട് യമുന ചോദിച്ചു. "പറഞ്ഞു... അത് കേട്ടപ്പോ നരന് നല്ല ദേഷ്യം വന്നു. അതൊന്നും നീ കാര്യമാക്കണ്ട. ഞാൻ പറഞ്ഞ കാര്യം വെറുമൊരു അന്ധവിശ്വാസമായി അവൻ തള്ളിക്കളഞ്ഞാലും അവന്റെയൊരു ശ്രദ്ധ അവളിലുണ്ടാവുമെന്ന് എനിക്കുറപ്പാ." "പൂർണിമയ്ക്കാണെങ്കിൽ ഒന്നിലും ഒരു ശ്രദ്ധയില്ല. ചില സമയത്ത് ഗർഭിണിയാണെന്ന ബോധം പോലുമില്ലാതെയാ സ്റ്റെപ്പൊക്കെ കയറി പോകുന്നത്. എപ്പഴും ഓരോന്ന് പറഞ്ഞു ഒരാൾ കൂടെത്തന്നെ വേണം."

"നീയിങ്ങനെ ടെൻഷനാവല്ലേ യമുനേ. നമ്മുടെ കൊച്ചുമക്കളെ കുഴപ്പം കൂടാതെ കിട്ടാൻ നമുക്ക് പ്രാർത്ഥിക്കാം." "തിരുമേനി ഉറപ്പിച്ച് പറയുമ്പോൾ എനിക്കാകെ പേടി തോന്നുന്നുണ്ട് ശ്രീയേട്ടാ. ഇതുവരെ അദ്ദേഹം പറഞ്ഞതൊന്നും തെറ്റിയിട്ടില്ല. അവരോട് രണ്ടുപേരോടും പ്രസവം കഴിയുന്നത് വരെ താഴെയുള്ള റൂം ഉപയോഗിക്കാൻ പറയാം. അതാകുമ്പോ നരനില്ലാത്ത സമയങ്ങളിൽ പൂർണിമ എന്റെ കൺവെട്ടത്ത് തന്നെ ഉണ്ടാവുമല്ലോ." "രാത്രി കഴിക്കാനിരിക്കുമ്പോ നമുക്കവരോട് പറയാം. നാളെ ആ സെർവന്റ് വരുമ്പോ അപ്പുറത്തെ മുറി തൂത്തുവാരി ഇടാൻ പറയ്യ് നീ." "മ്മ്മ്മ്... ഇതിന്റെ പേരിൽ നരൻ വഴക്കുണ്ടാക്കുമോന്നാ എന്റെ സംശയം." "അത് പിന്നെയുള്ള കാര്യമല്ലേ... അവന് താഴെ വന്ന് കിടക്കാൻ ഇഷ്ടമില്ലെങ്കി നിർബന്ധിക്കാൻ പോണ്ട. പകൽ സമയം പൂർണിമ മുകളിലുള്ളപ്പോ നവിയോട് അവളെയൊന്ന് ശ്രദ്ധിക്കാൻ പറഞ്ഞാ മതി." "എന്തായാലും അവളുടെ പ്രസവമൊന്ന് കഴിഞ്ഞു കിട്ടുന്നത് വരെ ഒരു സമാധാനവും കാണില്ല." ആധിയോടെയുള്ള യമുനയുടെ വാക്കുകൾ ശ്രീകണ്ഠനിലും അസ്വസ്ഥത നിറച്ചു.

ഇരുവർക്കും രണ്ട് ആൺകുട്ടികളായത് കൊണ്ട് നരന് ജനിക്കാൻ പോകുന്നത് പെൺകുട്ടികളാണെന്നറിഞ്ഞപ്പോൾ ശ്രീകണ്ഠനും യമുനയും മനസ്സ് നിറഞ്ഞ് സന്തോഷിച്ചതാണ്. പക്ഷേ ഒരു കുട്ടിയെ മാത്രമേ അവർക്ക് ജീവനോടെ കിട്ടൂ എന്നുള്ള തിരുമേനിയുടെ വാക്കുകൾ അവരുടെ ആ സന്തോഷത്തിന് മങ്ങലേൽപ്പിച്ചു. 🍁🍁🍁🍁 അച്ഛന്റെയും അമ്മയുടെയും മുഖത്തെ തെളിച്ചക്കുറവ് പൂർണിമയെയും അസ്വസ്ഥതപ്പെടുത്തിയിരുന്നു. അതുപോലെ തന്നെ അച്ഛനോട് കയർത്ത് സംസാരിച്ചെങ്കിലും അയാൾ പറഞ്ഞ വാക്കുകൾ നരേന്ദ്രന്റെ ഹൃദയത്തെ ചുട്ടുപൊള്ളിച്ചു കൊണ്ടിരുന്നു. "പൂർണിമാ... നിനക്ക് എന്തെങ്കിലും വയ്യായ്കയോ ക്ഷീണമോ തോന്നിയാൽ അപ്പോ തന്നെ തുറന്ന് പറയണേ. നീ കാരണം അവരുടെ ജീവന് ആപത്തൊന്നും സംഭവിക്കരുത്. അതുപോലെ നീ ടെൻഷനൊന്നുമടിക്കാതെ സന്തോഷത്തോടെ ഇരിക്കണം. നിനക്ക് വീട്ടിൽ പോണോങ്കി എന്നോട് പറഞ്ഞാ മതി. അവിടെ നിന്നാലാണ് നിനക്ക് സന്തോഷം കിട്ടുന്നതെങ്കിൽ ഞാൻ നിന്നെ വീട്ടിൽ കൊണ്ട് വിടാം.

എവിടെയായാലും നിന്റെ സന്തോഷവും ആരോഗ്യവുമാണ് എനിക്ക് വലുത്." പൂർണിമയുടെ കരങ്ങൾ നെഞ്ചോട് ചേർത്ത് നരേന്ദ്രനത് പറയുമ്പോൾ അവളുടെ മിഴികളിൽ നിന്ന് അശ്രുകണങ്ങൾ പൊഴിഞ്ഞു. "എനിക്കെവിടെയും പോണോന്നില്ല നരേട്ടാ... നരേട്ടൻ കൂടെ നിന്നാ മതി. എന്നെ വഴക്ക് പറയാതെ കുറ്റപ്പെടുത്താതെ നിന്നാൽ മാത്രം മതി." അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി പൂർണിമ തേങ്ങി. "നീ കരഞ്ഞാൽ നമ്മുടെ മക്കളും വിഷമിക്കും. അതുകൊണ്ട് ഇനിമുതൽ നീ കരയരുത്." അവളുടെ കവിളിലേക്ക് ഇറ്റ് വീണ നീർതുള്ളികൾ തുടച്ചുകൊണ്ട് നരേന്ദ്രൻ പറഞ്ഞു. "നരേട്ടനും മക്കളെ കുറിച്ചോർത്താണല്ലോ ടെൻഷൻ. എന്നെക്കുറിച്ചോർത്ത് ആർക്കും ഒരാശങ്കയും ഞാൻ കാണുന്നില്ല. ഇനി കുട്ടികൾ കൂടെ വന്നാൽ ആരും എന്നെയൊന്ന് തിരിഞ്ഞു നോക്കില്ല." പരിഭവത്തോടെ പറയുന്നവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചുകൊണ്ടാണ് അവനവളുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞത്. "നിന്നേം നിന്റെ മക്കളേം എനിക്ക് ജീവനാണ് പൂർണിമ. നമ്മുടെ കുഞ്ഞുങ്ങളെ നമ്മളല്ലേ സ്നേഹിക്കേണ്ടത്.

എനിക്കവരോടുള്ള സ്നേഹം കണ്ട് നിന്നെ ഞാൻ സ്നേഹിക്കുന്നില്ലെന്ന് വിചാരിക്കരുത്." അത് കേട്ടപ്പോൾ പൂർണിമ അവനെ ഇറുക്കെ പുണർന്നു. അത്രയും നേരം ഉള്ളിലുണ്ടായിരുന്ന ആശങ്കകൾ വിട്ടൊഴിയുന്നത് ഇരുവരും അറിഞ്ഞു. പക്ഷേ പൂർണിമയുടെ മനസ്സിന്റെ ഒരു കോണിൽ നവീനെ കുറിച്ചോർത്തുള്ള ഭയം അപ്പോഴും നിലനിന്നിരുന്നു. 🍁🍁🍁🍁 "നരാ... ഇനി മുതൽ നീയും പൂർണിമയും താഴെയുള്ള റൂമിലേക്ക് മാറുന്നതല്ലേ നല്ലത്." രാത്രി അത്താഴ വേളയിൽ യമുന ആ വിഷയം എടുത്തിട്ടു. "അതെന്തിനാ അമ്മേ?" "പൂർണിമയ്ക്കിപ്പോ ഏഴാം മാസം തുടങ്ങിയില്ലേ. ഇനി സ്റ്റെപ് കയറി ഇറങ്ങുന്നതൊക്കെ റിസ്കാണ്. അതുകൊണ്ട് നിങ്ങൾ രണ്ടാളും ഇവളുടെ പ്രസവം കഴിയുന്നത് വരെ താഴത്തെ റൂമിൽ കിടന്നാ മതി." "അങ്ങനെയെങ്കിൽ ഞങ്ങൾ താഴേക്ക് മാറിക്കോളാം. ഇവൾക്കും സ്റ്റെപ്പ് കയറുന്ന ബുദ്ധിമുട്ട് ഒഴിവാക്കാലോ."നരേന്ദ്രൻ എതിർപ്പൊന്നും പറയാതെ പെട്ടെന്ന് സമ്മതം മൂളിയത് ശ്രീകണ്ഠനെയും യമുനയെയും അമ്പരപ്പിച്ചു.

"എങ്കിൽപിന്നെ നാളെതന്നെ നിങ്ങൾ താഴേക്ക് ഷിഫ്റ്റ് ചെയ്തോ." "നവീ... നാളെ നീ പൂർണിമയുടെ ഡ്രെസ്സും മെഡിസിൻസുമൊക്കെ താഴെയുള്ള റൂമിലേക്ക് കൊണ്ട് വയ്ക്കണേ. പിന്നെ എന്റെ സാധനങ്ങൾ മുകളിൽ തന്നെ ഇരുന്നോട്ടെ. ഞാൻ കുളിക്കാനും ഡ്രസ്സ്‌ മാറാനുമൊക്കെ മുകളിൽ തന്നെ പൊയ്ക്കോളാം." അടുത്തിരുന്ന നവീനോടായി നരേന്ദ്രൻ പറഞ്ഞു. "ശരിയേട്ടാ... ഞാനെടുത്ത് വച്ചോളാം. അല്ലേട്ടാ... ഞാനൊരു കാര്യം ചോദിക്കട്ടെ, സാധാരണ ഏഴാം മാസത്തിൽ പെണ്ണിനെ പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് കൊണ്ട് പോവുന്ന ചടങ്ങില്ലേ. ഏട്ടത്തിക്കിപ്പോ ഏഴാം മാസം തുടങ്ങിയില്ലേ... അപ്പോപ്പിന്നെ പ്രസവത്തിന് കൂട്ടികൊണ്ട് പോകാൻ ഏട്ടത്തിയുടെ വീട്ടുകാർ വരാനായില്ലേ. അങ്ങനെയാണെങ്കിൽ റൂം ഷിഫ്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടോ?"

നവീൻ തന്റെ മനസ്സിൽ തോന്നിയ സംശയം ചോദിച്ചു. "പൂർണിമയുടെ പ്രസവമൊക്കെ ഇവിടെ തന്നെയാ. ജസ്റ്റ്‌ ചടങ്ങ് നടത്താനായിട്ട് അവളെ വീട്ടിലേക്ക് കൊണ്ട് പോയി രണ്ട് ദിവസം നിർത്തിയിട്ട് ഇങ്ങോട്ട് തന്നെ കൊണ്ട് വരും. അതൊക്കെ ഞങ്ങൾ പൂർണിമയുടെ അച്ഛനോടും അമ്മയോടും സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് നീ അവളുടെ സാധനങ്ങളൊക്കെ നാളെത്തന്നെ താഴേക്ക് മാറ്റിക്കോ." യമുന പറഞ്ഞത് കേട്ട് നരേന്ദ്രനവരെ പകച്ചുനോക്കി. "അമ്മയോടാരാ ഇക്കാര്യത്തിൽ ഒറ്റയ്ക്കങ്ങ് തീരുമാനമെടുക്കാൻ പറഞ്ഞത്. പൂർണിമയ്ക്ക് പ്രസവത്തിന് അവളുടെ വീട്ടിൽ പോയി നിൽക്കാനാണ് ആഗ്രഹമെങ്കിലോ? അവളോട് ഒരു വാക്ക് ചോദിക്കാൻ അമ്മയ്ക്ക് തോന്നിയില്ലേ?" നരേന്ദ്രന്റെ അപ്രതീക്ഷിതമായ ചോദ്യം യമുനയെയും ശ്രീകണ്ഠനെയുമൊക്കെ ഞെട്ടിച്ചു. പൂർണിമയും തന്റെ ഭർത്താവിന്റെ ഭാവമാറ്റത്തിൽ അമ്പരന്ന് പോയി...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story