മാലയോഗം: ഭാഗം 31

malayogam shiva

രചന: ശിവ എസ് നായർ

"അമ്മയോടാരാ ഇക്കാര്യത്തിൽ ഒറ്റയ്ക്കങ്ങു തീരുമാനമെടുക്കാൻ പറഞ്ഞത്. പൂർണിമയ്ക്ക് പ്രസവത്തിന് അവളുടെ വീട്ടിൽ പോയി നിൽക്കാനാണ് ആഗ്രഹമെങ്കിലോ? അവളോട് ഒരു വാക്ക് ചോദിക്കാൻ അമ്മയ്ക്ക് തോന്നിയില്ലേ?" നരേന്ദ്രന്റെ അപ്രതീക്ഷിതമായ ചോദ്യം യമുനയെയും ശ്രീകണ്ഠനെയുമൊക്കെ ഞെട്ടിച്ചു. പൂർണിമയും തന്റെ ഭർത്താവിന്റെ ഭാവമാറ്റത്തിൽ അമ്പരന്ന് പോയി. "ഇതിലിപ്പോ ഇവളോട് ചോദിക്കേണ്ട ആവശ്യമെന്താ. ഇക്കാര്യങ്ങളൊക്കെ മുതിർന്നവർ തമ്മിലാ സംസാരിച്ച് തീരുമാനമെടുക്കേണ്ടത്." യമുന കൂസലന്യേ പറഞ്ഞു. "പൂർണിമാ... നീ പറയ്യ്. നിനക്ക് എവിടെ വച്ചാ പ്രസവം വേണ്ടത്? നിന്റെ വീട്ടിലേക്ക് പോണോ അതോ ഇവിടെ മതിയോ? നിന്റെ ഇഷ്ടം എന്ത് തന്നെയാണെങ്കിലും ഇപ്പൊതന്നെ എല്ലാവരുടെയും മുന്നിൽ വച്ച് തുറന്ന് പറയണം. പിന്നീട് ദുഃഖിക്കാൻ ഇട വരരുത്." പെട്ടെന്നുള്ള നരേന്ദ്രന്റെ ചോദ്യത്തിന് മുന്നിൽ എന്ത് ഉത്തരം പറയണമെന്നറിയാതെ അവൾ പകച്ചുപോയി. "ഞാൻ ചോദിച്ചത് നീ കേട്ടില്ലേ?" അവന്റെ ഒച്ച ഉയർന്നു.

"കേ... കേട്ടു.." പതർച്ചയോടെ പൂർണിമ മറുപടി പറഞ്ഞു. "എങ്കിൽ പിന്നെ നിന്റെ തീരുമാനമെന്താന്ന് എല്ലാരോടും പറയ്യ്." അവൾ ശ്വാസമൊന്ന് ആഞ്ഞുവലിച്ച് സംസാരിക്കാനായി തയ്യാറെടുത്തു. "എനിക്കിന്നലെ വരെ പ്രസവത്തിനായി എന്റെ വീട്ടിൽ പോയി നിൽക്കാൻ തന്നെയായിരുന്നു ആഗ്രഹം. പക്ഷേ ഇന്ന് തിരുമേനിയെ കണ്ട് വന്നിട്ട് അമ്മ പറഞ്ഞതൊക്കെ കേട്ട് എനിക്കാകെ പേടിയായി. നിങ്ങൾക്കാർക്കും ഇഷ്ടമില്ലാതെ ഞാനെന്റെ വീട്ടിൽ പോയി നിന്നിട്ട് എങ്ങാനും എന്റെ ഭാഗത്ത്‌ നിന്ന് തെറ്റൊന്നും സംഭവിക്കാതെ തന്നെ പ്രസവ സമയം എനിക്കെന്തെങ്കിലും ബുദ്ധിമുട്ട് വന്നിട്ട് ഒടുവിൽ അതിന്റെ പേരിൽ നിങ്ങളുടെ കുറ്റപ്പെടുത്തലും ശകാരവും കൂടി കേൾക്കാനെനിക്ക് വയ്യ. അതുകൊണ്ട് ഞാനിവിടെ നിങ്ങളുടെയെല്ലാം കണ്മുന്നിൽ തന്നെ നിന്നോളാം. എനിക്കെന്റെ കുഞ്ഞുങ്ങളെ കുഴപ്പമൊന്നുമില്ലാതെ കിട്ടിയാൽ മതിയെന്നേയുള്ളു. എന്റെ ശ്രദ്ധക്കുറവ് കൊണ്ട് എന്തെങ്കിലും പറ്റിയെന്ന് ആരിൽ നിന്നും കേൾക്കാൻ ഞാനാഗ്രഹിക്കുന്നില്ല."

അവസാന വാചകങ്ങൾ പറയുമ്പോൾ പൂർണിമയുടെ സ്വരമിടറി. മിഴികൾ നിറഞ്ഞത് ആരും കാണാതിരിക്കാനായി കഴിച്ച പാത്രവുമെടുത്ത് അവൾ അടുക്കളയിലേക്ക് പോയി. "ഇപ്പൊ അമ്മയ്ക്ക് തൃപ്തിയായല്ലോ. കണ്ട ജ്യോത്സ്യന്മാരെ വാക്കും കേട്ട് വന്ന് അവളെ പേടിപ്പിച്ചപ്പോ സമാധാനമായല്ലോ. പൂർണിമ അവളുടെ വീട്ടിൽ തന്നെ പോയി നിന്ന് കുഴപ്പങ്ങളൊന്നും കൂടാതെ സന്തോഷത്തോടെ പ്രസവിച്ചിട്ട് മക്കളുമായി വരുമായിരുന്നു. ഇതിപ്പോ എല്ലാരേം സമാധാനം കളഞ്ഞു. അവളെയിനി നിർബന്ധിച്ചാൽ കൂടി സ്വന്തം വീട്ടിലേക്ക് പോകുമെന്ന് എനിക്ക് തോന്നില്ല. ദയവ് ചെയ്ത് പൂർണിമയുടെ പ്രസവം കഴിയുന്നത് വരെയെങ്കിലും അവളെ കുറ്റപ്പെടുത്തി ഓരോന്ന് പറയാതെ ഇത്തിരി സ്വസ്ഥത കൊടുക്കണം അമ്മ." അത്രേം പറഞ്ഞിട്ട് ഭക്ഷണം മതിയാക്കി നരേന്ദ്രൻ എഴുന്നേറ്റ് പോയി. ശ്രീകണ്ഠനും യമുനയും പരസ്പരം മുഖാമുഖം നോക്കി നെടുവീർപ്പിട്ടു. നവീൻ തനിക്കൊന്നും പറയാനില്ലാത്തതിനാൽ മൊബൈലിൽ തോണ്ടി ഭക്ഷണം കഴിക്കുന്നത് തുടർന്നു. 🍁🍁🍁🍁

"പൂർണിമേ... നീ കാര്യമായിട്ട് പറഞ്ഞതാണോ വീട്ടിൽ പോണ്ടെന്ന്. നിനക്ക് പോകാൻ ആഗ്രഹമുണ്ടെങ്കിൽ ഇവിടെയാരും നിന്നെ തടയില്ല." കിടക്കാൻ നേരം നരേന്ദ്രൻ അവളോട് പറഞ്ഞു. "സത്യമായും എനിക്കിപ്പോ വീട്ടിൽ പോവാനേ തോന്നുന്നില്ല നരേട്ടാ. അവിടെ നിക്കുമ്പോഴാണ് എനിക്ക് പെട്ടെന്ന് വല്ല വയ്യായ്കയും വരുന്നതെങ്കിൽ എല്ലാവർക്കും എന്നെ കുറ്റപ്പെടുത്താൻ ഒരു കാരണം കിട്ടിയത് പോലെയാകും. ജ്യോത്സ്യനെ കണ്ട് വന്നത് മുതൽ യമുനാമ്മയാകെ ടെൻഷനിലാണ്. എനിക്കും ഇപ്പൊ പേടിയുണ്ട്. അതുകൊണ്ട് ഞാൻ ഇവിടെ തന്നെ നിന്നോളാം. നരേട്ടനിപ്പോ എന്നെ സപ്പോർട്ട് ചെയ്ത് നിന്നത് പോലെ നിന്നാമതി. എനിക്കത്രയേ വേണ്ടൂ." ഇഷ്ടത്തോടെ അവളവന്റെ തോളിലേക്ക് ചാഞ്ഞു. ഒരു കൈകൊണ്ട് പൂർണിമയെ ചേർത്ത് പിടിച്ച് മറുകയ്യാലേ അവനവളുടെ വീർത്ത വയറിന്മേൽ മെല്ലെ ഉഴിഞ്ഞുകൊണ്ടിരുന്നു. നരേന്ദ്രനോട്‌ എന്തോ പറയാനായി മുറിയിലേക്ക് കയറി വന്ന നവീൻ അവരുടെ സ്നേഹ പ്രകടനങ്ങൾ കണ്ട് പിന്തിരിഞ്ഞു. 🍁🍁🍁🍁🍁

"അമ്മ കാരണം നരേട്ടന്റെ മുന്നിൽ ഞാനാകെ നാണംകെട്ടുപോയി..." അരിശത്തോടെ ശ്രീജയെ നോക്കി നയന. "അങ്ങനെയെങ്കിലും അവനെ നിനക്ക് കിട്ടുമെങ്കിൽ കിട്ടിക്കോട്ടേ എന്ന് വിചാരിച്ചാണ് ഞാൻ അങ്ങനെ പറയാൻ പറഞ്ഞത്. നരൻ നിന്നെ പാടെ മറന്ന് പൂർണിമയെ ഇത്രേം സ്നേഹിക്കുന്നുണ്ടെന്ന് ഞാനറിഞ്ഞോ." "ഇതിപ്പോ ഞാൻ നരേട്ടനെ സ്നേഹിച്ചത് ശരീരം മോഹിച്ചായിരുന്നുവെന്നാ നരേട്ടൻ ചിന്തിച്ചത്. ഇത്രയും വർഷത്തെ എന്റെ സ്നേഹത്തിന് ഒരു നിമിഷം കൊണ്ട് ഒരു വിലയുമില്ലാതായി. എന്നെ മോശക്കാരിയായിട്ടാണ് നരേട്ടനിപ്പോ കാണുന്നത് പോലും. എല്ലാം അമ്മ കാരണമാ." സങ്കടത്തോടെ നയന കട്ടിലിലേക്കിരുന്നു. "നിനക്കവനെ മറക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞ് ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചിട്ടല്ലേ അവനോട് അങ്ങനെയൊക്കെ പറയാൻ ഞാൻ ഉപദേശിച്ചത്. ഉദേശിച്ചത് പോലെ കാര്യങ്ങൾ നടന്നിരുന്നെങ്കിൽ പൂർണിമയെ എങ്ങനെയും ഒഴിവാക്കിയിട്ട് നിന്നെ മുല്ലശ്ശേരിയിലെ മരുമകളാക്കുമായിരുന്നു ഞാൻ. ഇതിപ്പോ ഏട്ടന്റെ സ്വത്തുക്കളൊക്കെ ഏതോ ദാരിദ്ര്യവാസിക്കുണ്ടാവുന്ന മക്കൾക്കാണ് അനുഭവിക്കാൻ യോഗം.

ഇനി പറഞ്ഞിട്ട് കാര്യമില്ല... നിനക്ക് തീരെ ബുദ്ധിയില്ലാതായി പോയി. പണ്ടേ അവൻ നിന്നെ മാത്രേ കെട്ടാവൂന്ന് പറഞ്ഞ് വാശി പിടിച്ച് നിൽക്കണമായിരുന്നു. ഇന്ന് കാണിച്ച ബുദ്ധിമോശം അന്നാണ് ചെയ്തിരുന്നെങ്കിൽ നീയിപ്പോ അവിടുത്തെ മരുമകളായിരുന്നേനെ. നിനക്കവനോട് അസ്ഥിക്ക് പിടിച്ച പ്രേമമായിരുന്നെന്ന് പണ്ടേ എന്നോട് പറഞ്ഞിരുന്നെങ്കിൽ എന്റെ ഏട്ടനെ ഭീഷണി പെടുത്തുയെങ്കിലും നിങ്ങടെ കല്യാണം ഞാൻ നടത്തുമായിരുന്നു. ഇനി നീ അവനേം മോഹിച്ച് നടക്കാതെ അവനെക്കാൾ യോഗ്യനായ പയ്യനെ കെട്ടി ജീവിച്ച് കാണിച്ചുകൊടുക്ക് മോളെ. അല്ലെങ്കിൽ തന്നെ നരൻ കെട്ടികൊണ്ട് വന്ന പെണ്ണിന് എന്ത് യോഗ്യതയുണ്ട്. നിന്റെയത്ര പഠിപ്പോ സൗന്ദര്യമോ പൂർണിമയ്ക്കുണ്ടോ? ഇപ്പഴല്ലെങ്കിൽ എപ്പോഴായാലും നരന് അവളെ മടുക്കും. ഭാര്യയായി അവള് പോരാന്ന് അവന് തോന്നുന്ന ദിവസം വരും. അപ്പോ അവരുടെ ജീവിതത്തിൽ വിള്ളൽ വീഴാൻ തുടങ്ങും. ആ സമയത്ത് നീ അടിച്ചു പൊളിച്ചു ജീവിക്കുന്നത് കണ്ട് നരന് അസൂയ തോന്നണം. ഇനി നിനക്ക് ചെയ്യാൻ പറ്റുന്നത് അത് മാത്രേയുള്ളു."

ശ്രീജ മകളെ ഉപദേശിച്ചു. "നരേട്ടനെ ഞാനിത്രേം സ്നേഹിച്ച് പോവാൻ കാരണം അമ്മയാണ്. ഓർമ്മ വച്ച നാൾ മുതൽ ഞാൻ കേക്കുന്നതാ നരേട്ടൻ എന്റെയാ എന്റെയാന്ന്... എന്നിട്ടിപ്പോ നരേട്ടൻ ആരുടെയോ ആയിപോയി..." നയനയ്ക്ക് ശരിക്കും സങ്കടം വന്നിരുന്നു. "ഇനി നീ ദുഃഖിച്ചിരുന്നിട്ട് ഒരു കാര്യോമില്ല... എല്ലാം മറന്നേക്ക്. അവനൊരു ജീവിതം ആവാമെങ്കിൽ നിനക്കും ആവാം." "ആ കാനഡയിലെ പയ്യനുമായുള്ള ആലോചന അമ്മ ഉറപ്പിച്ചോ. ഇവിടെ നിന്നാൽ നരേട്ടനെ ഇടയ്ക്കിടെ കാണേണ്ടി വരും. അതെനിക്കൊരു ബുദ്ധിമുട്ടാവും. പൂർണിമയെയും നരേട്ടനെയും ഒരുമിച്ച് കാണുമ്പോൾ എനിക്ക് വീണ്ടും നഷ്ടബോധം തോന്നും. അതിനേക്കാൾ നല്ലത് അമ്മ പറഞ്ഞ പയ്യനെ കെട്ടി ഈ നാട്ടിൽ നിന്നുതന്നെ പോകുന്നതാണ്. എന്നാലേ എന്റെ മനസ്സിനും ഒരാശ്വാസം കിട്ടൂ..." താൻ ആലോചിച്ചുറപ്പിച്ച വിവാഹത്തിന് നയന സമ്മതം മൂളിയത് ശ്രീജയ്‌ക്ക് അമ്പരപ്പുണ്ടാക്കി. "മോളെ... നീ കാര്യമായി പറഞ്ഞതാണോ? വിവാഹം തമാശയല്ല. നന്നായി ആലോചിച്ചു തീരുമാനിച്ചാ മതി.

ഒരിക്കലും നിന്റെ വിവാഹത്തിന് നിന്റെ പൂർണ്ണ സമ്മതമില്ലാതെ അമ്മയൊന്നും ചെയ്യില്ല. അതുകൊണ്ട് ഇപ്പോഴത്തെ ആവേശത്തിൽ ഓരോന്ന് പറയാതെ നന്നായിട്ടൊന്ന് ആലോചിക്ക്. നിന്റെ തീരുമാനം ഏതായാലും ഞാൻ കൂടെ കാണും. നിന്റെ വിഷമം കാണാൻ അമ്മയ്ക്ക് വയ്യ മോളെ. എനിക്കാകെ ഒരാഗ്രഹം മാത്രമേയുള്ളൂ നീ വിവാഹം കഴിക്കന്നവൻ നരനെക്കാൾ യോഗ്യനായിരിക്കണമെന്ന് മാത്രം." അവളുടെ ശിരസ്സിൽ മെല്ലെ തഴുകി ശ്രീജ മുറിവിട്ട് പോയി. ഓരോന്നോർത്ത് ദുഃഖം ഘനീഭവിച്ച മുഖവുമായി നയന തലയിണയിൽ മുഖം പൂഴ്ത്തി കിടന്നു. 🍁🍁🍁🍁🍁 അന്ന് പകൽ മുല്ലശ്ശേരിയിൽ നവീനും പൂർണിമയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. നരേന്ദ്രനും ശ്രീകണ്ഠനും എന്നത്തേയും പോലെ ഓഫീസിലേക്ക് പോയിരുന്നു. യമുന വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാനായി സൂപ്പർ മാർക്കറ്റിലേക്കും പോയി. നവീന്റെ കൈയ്യിൽ ലിസ്റ്റ് കൊടുത്തിട്ട് അവനോട് പോയി വരാൻ പറഞ്ഞപ്പോൾ അവൻ പോവാൻ കൂട്ടാക്കിയില്ല. മടി പിടിച്ചിരിക്കുന്ന നവീനെ കുറേ വഴക്ക് പറഞ്ഞിട്ടാണ് യമുന തന്നെ പോയത്.

പോകും മുൻപ് പൂർണിമയെ ഒന്ന് ശ്രദ്ധിച്ചേക്കാൻ പറഞ്ഞിട്ടാണ് അവർ പോയത്. നവീൻ നാട്ടിലെത്തിയിട്ട് ഇതുവരെ പൂർണിമയെ ഒന്ന് ഒറ്റയ്ക്ക് കിട്ടിയിട്ടില്ല. യമുന പറഞ്ഞിട്ടും അവൻ സൂപ്പർ മാർക്കറ്റിൽ പോവാതെ മടി കാണിച്ചത് പൂർണിമയെ ഒന്ന് തനിച്ച് കിട്ടാൻ വേണ്ടിയാണ്. യമുനയുടെ കാർ ഗേറ്റ് കടന്ന് പോയതും മുൻവാതിൽ അടച്ച് പൂട്ടി നവീൻ പൂർണിമയുടെ മുറി ലക്ഷ്യമാക്കി നടന്നു. അവൻ ചെല്ലുമ്പോൾ അവൾ കട്ടിലിൽ തലയിണ ചാരി വച്ച് ഏതോ മാഗസിൻ വായിച്ചിരിക്കുകയാണ്. പെട്ടെന്ന് മുറിയിലേക്ക് കടന്ന് വന്ന നവീനെ കണ്ട് അവളൊന്ന് ഭയക്കാതിരുന്നില്ല. "എ... എന്താ നിനക്ക് വേണ്ടത്...?" പരിഭ്രമമടക്കി പൂർണിമ ചോദിച്ചു. "എനിക്ക് ഏട്ടത്തിയോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്." അവളുടെ മുന്നിലേക്ക് ഒരു കസേര വലിച്ചിട്ട് അവനതിൽ ഇരുന്നു. "ഇനിയും നിനക്കെന്താ പറയാനുള്ളത്. അല്ലെങ്കിൽ നീ ഒരുത്തൻ കാരണം മനുഷ്യനിവിടെ തീ തിന്നാ ജീവിക്കുന്നത്. ഏത് നിമിഷവും ഇവിടുന്ന് ഇറങ്ങാൻ തയ്യാറെടുത്താ ഞാൻ നിൽക്കുന്നത്.

അതുകൊണ്ട് ഈ അവസ്ഥയിൽ എന്റെ ടെൻഷൻ കൂട്ടാതെ നിനക്കെന്താ നരേട്ടനോട് പറയേണ്ടതെന്ന് വച്ചാൽ വേഗം പറയ്യ്. ഞാനെന്തെങ്കിലും പറഞ്ഞാലും നരേട്ടൻ വിശ്വസിക്കുമെന്ന പ്രതീക്ഷ എനിക്കില്ല." പൂർണിമ നിർവികാരതയോടെ പറഞ്ഞു. "ഏട്ടത്തിയുടെ വയറ്റിൽ എന്റെ ഏട്ടന്റെ മക്കളായത് കൊണ്ട് തല്ക്കാലം നിങ്ങടെ പ്രസവം കഴിയുന്നത് വരെ ഞാൻ ഏട്ടനോടൊന്നും പറയില്ല. പക്ഷേ അത് കഴിഞ്ഞാൽ നിങ്ങളെ ഞാനിവിടുന്ന് പുറത്താക്കിക്കും. അത്രയും നാൾ വരെ എന്റെ ഔദാര്യത്തിൽ ഏട്ടത്തിക്കിവിടെ കഴിയാം. അത് കഴിഞ്ഞ് എന്റെ ഏട്ടന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞുപൊയ്ക്കോളണം." അവന്റെ ഓരോ വാക്കുകൾക്ക് മുന്നിലും പൂർണിമ പതറിപ്പോയി. കഠിനമായൊരു വേദന ഹൃദയത്തിൽ നിന്നും ശരീരത്തിലേക്ക് പടരുന്നത് അവളറിഞ്ഞു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story