മാലയോഗം: ഭാഗം 32

malayogam shiva

രചന: ശിവ എസ് നായർ

അവന്റെ ഓരോ വാക്കുകൾക്ക് മുന്നിലും പൂർണിമ ഒരു നിമിഷത്തേക്കെങ്കിലും പതറിപ്പോയി. കഠിനമായൊരു വേദന ഹൃദയത്തിൽ നിന്നും ശരീരത്തിലേക്ക് പടരുന്നത് അവളറിഞ്ഞു. കണ്ണുകൾ നീറിപ്പുകയുന്നുണ്ട്. നവീന്റെ മുന്നിലിരുന്ന് കരഞ്ഞു പോകരുതെന്ന് കരുതി അവൾ തികട്ടി വന്ന തേങ്ങൽ ഉള്ളിലമർത്തി മുഖത്ത് ഗൗരവത്തിന്റെ മൂടുപടമണിഞ്ഞു. "നിനക്കെന്താ പറയാനുള്ളതെന്ന് വച്ചാ നരേട്ടനോട് പറഞ്ഞോ. അത് എത്രേം പെട്ടെന്നായാൽ അത്രേം നല്ലത്. അല്ലാതെ നിന്റെ ഔദാര്യത്തിൽ ഒരു നിമിഷം പോലും ഇവിടെ കഴിയാൻ എനിക്ക് ആഗ്രഹമില്ല. എല്ലാം അറിഞ്ഞ ശേഷം എനിക്ക് പറയാനുള്ളത് കൂടി കേട്ടിട്ടും നരേട്ടനെന്നെ വിശ്വാസമില്ലെങ്കിൽ നിന്റെ ഏട്ടന്റെ ജീവിതത്തിൽ ഞാൻ കടിച്ച് തൂങ്ങി കിടക്കില്ല. ഒരു തൊഴിൽ ചെയ്ത് ജീവിക്കാനുള്ള ധൈര്യം ഇന്നെനിക്കുണ്ട്. പക്ഷേ അപ്പോഴും നീ കാരണം ഒരു തെറ്റും ചെയ്യാത്ത എന്നെ മറ്റുള്ളവർ തെറ്റുകാരിയായി കാണും. അതോർത്തു മാത്രമേ എനിക്ക് ദുഃഖമുള്ളു. നരേട്ടനെന്നെ വേണ്ടെങ്കിൽ ശല്യമായി ഞാനിവിടെ നിൽക്കുകയുമില്ല.

അതുകൊണ്ട് പ്രസവം കഴിയുന്നത് വരെ കാത്ത് നിൽക്കണമെന്നില്ല. ഇനിയും ഈ ഭാരം തലയിൽ ചുമക്കാൻ എനിക്ക് വയ്യ." കിതപ്പോടെ അവൾ പറഞ്ഞു നിർത്തി. "താൻ പേടിക്കണ്ട, ഞാൻ നരേട്ടനോട് ഒന്നും പറയില്ല..." അവളുടെ ഭാവമാറ്റങ്ങൾ ശ്രദ്ധിച്ച് കൊണ്ടിരുന്ന നവീൻ പൊടുന്നനെ അങ്ങനെ പറഞ്ഞപ്പോൾ പൂർണിമ അമ്പരന്നവനെ നോക്കി. "നീ... നീയിപ്പോ എന്താ പറഞ്ഞത്?" താൻ കേട്ടതിന്റെ കുഴപ്പമാണോന്നറിയാൻ അവൾ ഉറപ്പിക്കാനെന്നവണ്ണം ചോദിച്ചു. "ഇങ്ങനെ അന്തംവിട്ട് നോക്കണ്ട, ഞാൻ പറഞ്ഞത് സത്യമാ. എന്റെ ഏട്ടൻ കല്യാണം കഴിക്കാൻ പോകുന്നത് തന്നെയാണെന്ന് അറിഞ്ഞപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടിപ്പോയിരുന്നു. നരേട്ടൻ എന്റെ ചേട്ടനാണെന്ന് അറിയാതെയായിരിക്കും താനീ വിവാഹത്തിന് സമ്മതിച്ചിട്ടുണ്ടാവുക എന്നെനിക്ക് ഉറപ്പായിരുന്നു. എനിക്ക് തന്നോട് വൈരാഗ്യമുണ്ടായിരുന്നെങ്കിൽ കോളേജിൽ നിന്ന് ഞാൻ പുറത്താവാൻ കാരണക്കാരി താനാണെന്ന് പറഞ്ഞ് അന്നുതന്നെ എനിക്കീ വിവാഹം മുടക്കാമായിരുന്നു. പക്ഷേ ഞാനത് ചെയ്യാത്തത് എന്റെ ഭാഗത്താണ് തെറ്റെന്ന് എനിക്ക് ബോധ്യമുള്ളത് കൊണ്ടാണ്.

ആ ബോധമെനിക്ക് വരാൻ കുറച്ചു താമസമെടുത്തു എന്നത് സത്യമാണ്. അന്ന് പിജി സെക്കന്റ്‌ ഇയർ ആയിരുന്നപ്പോഴല്ലേ എനിക്ക് കോളേജിൽ നിന്ന് ഡിസ്മിസൽ കിട്ടുന്നത്. താനും കൂടി കാരണം എന്റെ രണ്ട് വർഷം വെറുതെയായിപോയതിന്റെ വിഷമം എനിക്കുണ്ടായിരുന്നു. ഞാനനുഭവിച്ച വിഷമം താനും കുറച്ചൊക്കെ അനുഭവിക്കട്ടെ, ഇത്തിരി ടെൻഷനടിച്ച് നടക്കട്ടെയെന്നൊക്കെ കരുതിയാണ് നിങ്ങളുടെ കല്യാണം കഴിഞ്ഞപ്പോൾ മുതൽ ഞാൻ ഓരോന്ന് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നത്. എന്റെ മനസ്സിൽ തന്നോടുണ്ടായിരുന്ന ദേഷ്യം ഞാൻ അങ്ങനെയൊക്കെ പറഞ്ഞാണ് തീർത്തിരുന്നത്. പിന്നീടാണ് താൻ പ്രെഗ്നന്റാണെന്ന വിവരം നരേട്ടൻ വിളിച്ചു പറയുന്നത്. അതറിഞ്ഞപ്പോ മുതൽ ഞാൻ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തുന്നത് നിർത്തിയത് വെറുതെ ഞാനായിട്ട് ഈ സമയത്ത് ടെൻഷൻ കൂട്ടണ്ടെന്ന് കരുതിയാണ്. നാട്ടിൽ വന്ന ശേഷം ഒന്ന് ഓപ്പണായി സംസാരിച്ച് എല്ലാം ക്ലിയർ ചെയ്യാമെന്ന് കരുതി. ഇപ്പൊത്തന്നെ ഞാൻ കാരണമാണ് രണ്ട് മൂന്നു ദിവസം ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നതെന്ന് എനിക്കറിയാം.

തന്റെ ടെൻഷൻ കൂടാൻ വേറെ കാരണങ്ങളൊന്നുമില്ലല്ലോ... സത്യത്തിൽ അതിലെനിക്ക് നല്ല കുറ്റബോധമുണ്ട്. ഇവിടെ വന്ന് തന്നെ നേരിട്ട് കണ്ടപ്പോഴാണ് ഞാൻ കാരണം താനെത്രത്തോളം സ്‌ട്രെസ്‌ അനുഭവിക്കുന്നുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞത്. കുറച്ചുനാൾ ഒന്ന് പേടിപ്പിച്ചു നിർത്തണമെന്നേ ഞാൻ ഉദ്ദേശിച്ചിരുന്നുള്ളു. ഇനി ഇതിന്റെ പേരിൽ എന്റെ ഭാഗത്ത്‌ നിന്നൊരു ശല്യമുണ്ടാവില്ല. ഞാനിപ്പോ എന്റെ ഏട്ടന്റെ ഭാര്യയായി എന്റെ സ്വന്തം ഏട്ടത്തിയായിട്ടാണ് തന്നെ കാണുന്നത്." "നവീൻ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല... കുറച്ചു മുൻപ് വരെ ഇങ്ങനെയല്ലല്ലോ പറഞ്ഞത്." പൂർണിമ അവനെ മനസ്സിലാകാത്ത ഭാവത്തിൽ നോക്കി. "കുറച്ചു മുൻപുവരെ ഭീഷണി സ്വരത്തിൽ സംസാരിച്ചത് വേറൊന്നും കൊണ്ടല്ല ജസ്റ്റ്‌ തന്റെ മനസ്സറിയാനും എന്റെ ഏട്ടനോട് തനിക്ക് എത്ര ഇഷ്ടമുണ്ടെന്ന് മനസ്സിലാക്കാനും വേണ്ടി മാത്രമാണ്. സോ ഇനിയെന്നെ കുറിച്ചോർത്ത് ടെൻഷനടിക്കാനോ പേടിക്കാനോ നിൽക്കണ്ട. നിങ്ങളുടെ ജീവിതത്തിൽ ഇടങ്കോലിടാൻ ഞാൻ വരില്ല."

ആത്മാർത്ഥമായിട്ടാണ് നവീനത് പറഞ്ഞതെങ്കിലും അവൻ പറഞ്ഞതൊക്കെ കേട്ട് നിന്ന പൂർണിമയുടെ മുഖം കോപം കൊണ്ട് ജ്വലിച്ചു. "നീ കാരണം ഞാൻ എത്രത്തോളം ടെൻഷനനുഭവിച്ചെന്ന് നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ല. ഒരുപക്ഷേ ഇക്കാരണത്താൽ എന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ? തെറ്റ് ചെയ്തത് നീയായിട്ടും ഇത്രേം നാൾ അതിന്റെ പേരിൽ ഞാൻ ഞാൻ സഹിച്ച മാനസിക ബുദ്ധിമുട്ട്... നിനക്കെല്ലാം വെറും തമാശ..." കലിയടങ്ങാതെ പൂർണിമ കൈവീശി അവന്റെ കവിളിൽ ആഞ്ഞടിച്ചു. ആ അടി നവീൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. "ഇപ്പൊ ഈ അടി നിനക്ക് തന്നത് എന്തിനാണെന്നറിയോ. ഒരു തരത്തിലും നിന്നോടൊരു ദ്രോഹവും ചെയ്യാത്ത എന്നെ കുറേനാൾ ബുദ്ധിമുട്ടിച്ചതിനാ." അണച്ച് കൊണ്ടവൾ ബെഡിലേക്കിരുന്നു.

"ഐആം സോറി... ഇനി എന്റെ ഭാഗത്ത്‌ നിന്ന് ഏട്ടത്തിക്ക് പ്രശ്നമൊന്നുമുണ്ടാവില്ല. ഞാൻ വിഷമിപ്പിച്ചതിനൊക്കെ സോറി പറയുവാ." അവളെയൊന്ന് നോക്കിയിട്ട് നവീൻ മുറിക്ക് പുറത്തേക്ക് പോയി. കട്ടിലിൽ തല കുമ്പിട്ട് അവളിരുന്നു. പെയ്തൊഴിഞ്ഞ കാർമേഘം കണക്കെ ശാന്തമായിരുന്നു പൂർണിമയുടെ മനസ്സപ്പോൾ. ഹൃദയത്തിൽ നിന്നൊരു ഭാരം ഒഴിഞ്ഞുപോയത് പോലെ.... അവളുടെ കണ്ണുകളിൽ നിന്ന് അടർന്നുവീണ നീർതുള്ളികൾ അവളുടെ കവിളിനെ പൊള്ളിച്ച് കൊണ്ട് നിലത്തേക്ക് പതിച്ചു. 🍁🍁🍁🍁🍁 ദിവസങ്ങൾ പിന്നെയും കടന്ന് പോയി. നവീൻ പറഞ്ഞത് പോലെത്തന്നെ അവന്റെ ഭാഗത്ത്‌ നിന്നും പൂർണിമയ്ക്ക് പിന്നീടൊരു പ്രശ്നമുണ്ടായില്ല. അതവൾക്ക് മാനസികമായും ശാരീരികമായും സ്വസ്ഥത നൽകി. തന്നെ ബാധിച്ചിരുന്ന ഏറ്റവും വലിയ പ്രശ്നം ഒഴിഞ്ഞു പോയെങ്കിലും പൂർണിമയെ ഭയപ്പെടുത്തിയിരുന്ന മറ്റൊരു കാര്യം ജോത്സ്യന്റെ വാക്കുകളായിരുന്നു. നരേന്ദ്രനും തന്റെ ടെൻഷൻ പുറമേ പ്രകടിപ്പിച്ചിട്ടില്ലെങ്കിലും അവന്റെയുള്ളിലും ഒരഗ്നിയെരിയുന്നുണ്ടായിരുന്നത് ആരുമറിഞ്ഞില്ല.

പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോകാനുള്ള ആഗ്രഹമുണ്ടായിരുന്നിട്ട് കൂടി ആ ആഗ്രഹം അവൾക്ക് മനസ്സിൽ തന്നെ കുഴിച്ചു മൂടേണ്ടി വന്നു. എല്ലാം തന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടിയാണല്ലോ എന്നോർത്ത് പൂർണിമ സമാധാനപ്പെട്ടു. ഏഴാം മാസം തുടങ്ങിയപ്പോൾ തന്നെ അവൾ ശാരീരികമായി നല്ല ക്ഷീണിച്ചു തുടങ്ങിയിരുന്നു. ഇടയ്ക്കിടെ വരുന്ന നടുവേദനയും കാല് തരിപ്പുമൊക്കെ പൂർണിമയ്ക്ക് സഹിക്കാവുന്നതിനും അപ്പുറമായി തുടങ്ങിയിരുന്നു. രാത്രി കിടക്കാൻ നേരം പൂർണിമ കാല് തരിപ്പും നടുവേദനയും കാരണം ഉറങ്ങാൻ പോലും കഴിയാനാവാതെ കട്ടിലിൽ ചാരി കണ്ണുകൾ അടച്ചിരിക്കുകയായിരുന്നു. "എന്താ പൂർണിമേ... നല്ല വേദനയുണ്ടോ?" അവൾക്കടുത്തേക്ക് വന്നിരുന്ന് വൈമനസ്യത്തോടെ നരേന്ദ്രൻ ചോദിച്ചു. "ഉം..." "ഈ വേദനയ്ക്ക് ഒന്നും ചെയ്യാനാവില്ലെന്നും പ്രസവം വരെ സഹിക്കുകയേ നിവർത്തിയുള്ളൂന്നും ഇന്നലെ ഹോസ്പിറ്റലിൽ പോയപ്പോ ഡോക്ടർ പറഞ്ഞത് നീയും കേട്ടതല്ലേ."

"അതൊക്കെ എനിക്കും അറിയാം... നരേട്ടനിത്തിരി ചൂട് വെള്ളം തോർത്തിൽ മുക്കി നടുവിന് പിടിച്ച് തരോ. അങ്ങനെ ചെയ്താൽ എനിക്ക് ചെറിയൊരു ആശ്വാസം കിട്ടുമായിരുന്നു." "അയ്യേ... എനിക്കതൊന്നും അറിയില്ല. ഞാൻ അമ്മയോട് പിടിച്ചു തരാൻ പറയാം." "അമ്മയോട് പറയാനായിരുന്നെങ്കിൽ എനിക്ക് നരേട്ടൻ വരുന്നത് വരെ കാത്തിരിക്കേണ്ട ആവശ്യമുണ്ടായിരുന്നോ? ഞാൻ തന്നെ നേരിട്ട് പറയില്ലായിരുന്നോ?" "ഞാനിപ്പോ കിച്ചണിൽ പോയി വെള്ളം ചൂടാക്കി കൊണ്ട് വരുന്നത് അമ്മ കണ്ടാൽ ചോദിക്കില്ലേ എന്തിനാണെന്ന്. മുകളിൽ നമ്മുടെ മുറിയിലെ ബാത്‌റൂമിൽ ഹീറ്ററുണ്ടായിരുന്നു. ഇവിടത്തെ ബാത്‌റൂമിൽ അതുമില്ല." "അമ്മ കാണുന്നെങ്കിൽ കണ്ടോട്ടെ. അതിന് നരേട്ടനെന്താ പ്രശ്നം?" പൂർണിമ അവനെ നിർബന്ധിച്ചു കൊണ്ടിരുന്നു. "നിക്ക്... ഞാനിപ്പോ വരാം..." അവളുടെ നിർബന്ധം സഹിക്കാൻ കഴിയാനാവാതെ നരേന്ദ്രൻ എഴുന്നേറ്റ് കിച്ചണിലേക്ക് പോയി. വേദന സഹിച്ച് കിടക്കുന്ന പൂർണിമയുടെ മുഖം കണ്ടപ്പോൾ അവന് അവൾ പറഞ്ഞ ആവശ്യം മുഖവിലയ്ക്ക് എടുക്കാതിരിക്കാനായില്ല.

നരേന്ദ്രൻ കിച്ചണിലേക്ക് ചെല്ലുമ്പോൾ പിറ്റേ ദിവസത്തേക്കുള്ള പച്ചക്കറി നുറുക്കുകയായിരുന്നു യമുന. മുൻപ് അതൊക്കെ പൂർണിമയായിരുന്നു ചെയ്തിരുന്നത്. ഇപ്പൊ അവൾക്ക് ഏഴാം മാസം തുടങ്ങിയപ്പോൾ മുതൽ ഡോക്ടർ കംപ്ലീറ്റ് റസ്റ്റ്‌ പറഞ്ഞതിനാൽ യമുന അവളെക്കൊണ്ട് ഒന്നും ചെയ്പ്പിക്കാറില്ല. "നീയെന്താ നരാ പതിവില്ലാതെ ഈ വഴി." കിടക്കാനായി മുറിയിലേക്ക് പോയവൻ അടുക്കളയിലേക്ക് വന്നത് കണ്ട് യമുന അവനെ നോക്കി. "പൂർണിമയ്ക്ക് നല്ല നടുവേദനയാ അമ്മേ. ചൂട് വെള്ളത്തിൽ തോർത്ത്‌ മുക്കിപ്പിഴിഞ്ഞ് നടുവിന് പിടിച്ചു കൊടുക്കോന്ന് അവള് ചോദിച്ചു. മുഖം കണ്ടിട്ട് നല്ല വേദനയുള്ളത് പോലെ തോന്നി." "അതിനാണോ നീയിങ്ങോട്ട് വന്നത്. നീ റൂമിലേക്ക് പൊയ്ക്കോ. ചൂട് വെള്ളം ഞാൻ അങ്ങോട്ട്‌ കൊണ്ട് തരാം." ഗ്യാസ് കത്തിക്കാനായി തുനിഞ്ഞ നരേന്ദ്രനെ തടഞ്ഞുകൊണ്ട് അവർ പറഞ്ഞു.

ഒരു സ്റ്റീൽ പാത്രത്തിൽ ആവശ്യത്തിന് വെള്ളം നിറച്ച് യമുന തന്നെ ഗ്യാസ് അടുപ്പിന് മുകളിലേക്ക് വച്ചു. അത് കണ്ടതും നരൻ തിരികെ റൂമിലേക്ക് പോയി. "ചൂട് വെള്ളം അമ്മ കൊണ്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്." തലയിണയിൽ ചാരി കണ്ണുകളടച്ചിരുന്ന പൂർണിമയ്‌ക്കരികിലായി വന്നിരുന്നുകൊണ്ട് അവൻ പറഞ്ഞു. "അതുവരെ എന്റെ കാലൊന്ന് ഉഴിഞ്ഞു തരോ നരേട്ടാ." വല്ലായ്മയോടെ അവൾ ചോദിച്ചു. "കാലിങ്ങോട്ട് നീട്ട്." പൂർണിമ കാല് നീട്ടി കൊടുത്തു. നരേന്ദ്രൻ അവളുടെ ഇരുകാലുകളും തന്റെ മടിയിലേക്ക് എടുത്ത് വച്ച് താഴെ നിന്നും മുകളിലേക്ക് മെല്ലെ മെല്ലെ തടവി കൊടുത്തു. അതുവരെ സഹിച്ച് പിടിച്ച വേദനയ്ക്ക് അൽപ്പം ശമനം കിട്ടിയത് പോലെ പൂർണിമയ്ക്ക് തോന്നി. കുറച്ചു നേരം ആ ഇരിപ്പിരുന്ന് നടുവ് കഴച്ചിട്ട് അവൾ ബെഡിൽ ഇടത് വശം ചരിഞ്ഞു കിടന്നു. അപ്പോഴും നരൻ പൂർണിമയുടെ കാൽപാദങ്ങളും കണങ്കാലുമൊക്കെ ഉഴിഞ്ഞു കൊണ്ടിരുന്നു. "പൂർണിമേ... ദാ ചൂട് വെള്ളം റെഡിയായിട്ടുണ്ട്..." ഒരു ചരുവത്തിൽ ചൂട് വെള്ളവുമായി മുറിയിലേക്ക് വന്ന യമുന പറഞ്ഞു.

"അമ്മ അതവിടെ വച്ചേക്ക്... ഞാൻ ചെയ്തോളാം." "നീയോ... അതിന് നിനക്കിതൊക്കെ അറിയോ നരാ. അല്ലെങ്കിൽ തന്നെ നാളെ ഓഫീസിൽ പോവാനുള്ള നീയെന്തിനാ വെറുതെ ഉറക്കം കളഞ്ഞ് ഇവൾക്ക് കാല് തിരുമാനും ചൂട് പിടിക്കാനും മിനക്കെടുന്നത്. അതിനല്ലേ ഞാനിവിടെയുള്ളത്. നീയങ്ങോട്ട് മാറിക്കെ... ഞാൻ ചെയ്തോളാം." യമുന നരേന്ദ്രനെ അവൾക്കരികിൽ നിന്നും എണീപ്പിച്ചു. "അമ്മേ... ഞാൻ ചെയ്യാം അമ്മേ. അമ്മ പൊയ്ക്കോ." നരേന്ദ്രൻ അവരെ തടയാൻ ശ്രമിച്ചു. "അമ്മയെന്തിനാ വെറുതെ ബുദ്ധിമുട്ടുന്നത്. ഇതൊന്നും ചെയ്ത് തരാൻ നരേട്ടന് കുഴപ്പമില്ലല്ലോ. അമ്മ അതവിടെ വച്ചേക്ക്." പൂർണിമയും അവരോട് പറഞ്ഞു. "നിനക്കിതൊക്കെ എന്നോട് പറഞ്ഞൂടെ പൂർണിമാ. ജോലി കഴിഞ്ഞു ക്ഷീണിച്ചു വരുന്ന ഇവനോടാണോ ഇതൊക്കെ പറയേണ്ടത്. നിന്റെ കാര്യങ്ങൾ ചെയ്ത് തരാൻ ഞാനുള്ളപ്പോ അവനെ വെറുതെ ബുദ്ധിമുട്ടിക്കാൻ നിക്കണ്ട.

ഇനി ഇതുപോലെ ചൂട് പിടിപ്പിക്കണോന്ന് തോന്നിയാ നരൻ വരുന്നതും നോക്കി നിൽക്കാതെ എന്നോട് നേരത്തെ പറഞ്ഞേക്കണം." ശാസനയോടെ പറഞ്ഞുകൊണ്ട് യമുന അവൾ ധരിച്ചിരുന്ന മാക്സി മുകളിലേക്ക് പൊന്തിച്ചു. യമുനയോട് കയർത്ത് സംസാരിക്കാനുള്ള ധൈര്യമില്ലാതെ പൂർണിമ മിണ്ടാതെ കിടന്നു. ചൂട് വെള്ളത്തിൽ തോർത്ത്‌ മുക്കി പിഴിഞ്ഞു യമുന അവളുടെ പുറം ഭാഗത്ത്‌ വേദനയുണ്ടെന്ന് പറഞ്ഞ ഭാഗത്തൊക്കെ ചെറുതായി ഉഴിഞ്ഞുകൊടുത്തു. അമ്മ ചെയ്യുന്നതൊക്കെ നോക്കി നരേന്ദ്രനും അടുത്ത് തന്നെ നിന്നു. ആ നിമിഷങ്ങളിൽ പൂർണിമയ്ക്കെന്തോ വല്ലാത്ത ജാള്യത തോന്നി. നരനോട് പറയുന്ന സ്വാതന്ത്ര്യം അമ്മായി അമ്മയോട് അവൾക്ക് തോന്നിയില്ല. അതുപോലെ അവർക്ക് മുന്നിൽ അർദ്ധനഗ്നയായി കിടക്കുന്നതും പൂർണിമയ്ക്ക് കുറച്ചിലായി തോന്നി. ഒരു പ്രായം കഴിഞ്ഞാൽ സ്വന്തം അമ്മയ്ക്ക് മുന്നിൽ നിന്ന് പോലും വസ്ത്രം മാറാൻ നാണക്കേടാണ്.

അതുപോലെ തന്നെ ഓരോ തവണ ചെക്കപ്പിനായി ഹോസ്പിറ്റലിൽ പോകുമ്പോൾ ഡോക്ടറിന് മുന്നിൽ പരിശോധനയ്ക്കായി കിടക്കുമ്പോഴൊക്കെ അവൾക്ക് വല്ലാത്ത നാണക്കേടാണ്. തനിക്ക് മാത്രമാണോ ഇങ്ങനെയൊക്കെ അതോ എല്ലാവർക്കും ഇങ്ങനെ തന്നെയാണോ എന്നൊക്കെ പൂർണിമ ഓർത്ത് പോകും. "ഇന്നത്തേക്ക് ഇതുമതി... രണ്ടാളും വേഗം കിടന്നുറങ്ങാൻ നോക്ക്.നാളെയും നല്ല വേദന തോന്നുന്നെങ്കിൽ ചൂട് പിടിച്ചു തരാം. പിന്നെ പെണ്ണുങ്ങളായാൽ കുറച്ചൊക്കെ വേദന സഹിക്കണം. എന്നാലേ പ്രസവിക്കാൻ പറ്റുള്ളൂ.." ചൂടാറി തുടങ്ങിയ വെള്ളയുമായി യമുന എഴുന്നേറ്റ് പുറത്തേക്ക് പോയി. നരേന്ദ്രൻ വാതിലടച്ച് അവൾക്കരികിലായി വന്ന് കിടന്നു. "ഇനിയും ചൂട് പിടിക്കണായിരുന്നോ? വേദന കുറഞ്ഞോ നിനക്ക്?" ആശങ്കയോടെ അവൻ ചോദിച്ചു. "ഇപ്പൊ ഇത്തിരി സുഖം തോന്നുന്നുണ്ട്.

എങ്കിലും അമ്മയെ കൊണ്ട് ചെയ്യിപ്പിക്കാതെ നരേട്ടന് ചെയ്യാരുന്നു." അവൾ പരിഭവം മറച്ച് വച്ചില്ല. "അമ്മ എന്നോട് പറഞ്ഞത് നീയും കേട്ടതല്ലേ പൂർണിമാ." "ഇനി വേദനയെടുത്താലും ഞാനാരോടും പറയാൻ വരുന്നില്ല. ഇത്തരം കാര്യങ്ങളൊക്കെ നരേട്ടൻ ചെയ്ത് തരുന്നതാ എനിക്കിഷ്ടം. അമ്മ വേണ്ടെന്ന് പറഞ്ഞയുടനെ നരേട്ടനെന്തിനാ സമ്മതിച്ചു കൊടുത്തത്. അല്ലെങ്കിലും ചില കാര്യങ്ങൾ വരുമ്പോൾ നരേട്ടന് അമ്മ പറയുന്നതാ വേദവാക്യം." പിണക്കം നടിച്ചവൾ അവന് എതിർവശത്തേക്ക് ചരിഞ്ഞു കിടന്നു. അമ്മയെ കുറ്റപ്പെടുത്തി പറയുന്നത് കേട്ടപ്പോൾ നരേന്ദ്രന് പെട്ടെന്ന് ദേഷ്യം വന്നു. അവൻ കൈയിലിരുന്ന മൊബൈൽ കോപത്തോടെ നിലത്തേക്ക് വലിച്ചെറിഞ്ഞു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story