മാലയോഗം: ഭാഗം 33

malayogam shiva

രചന: ശിവ എസ് നായർ

 "ഇനി വേദനയെടുത്താലും ഞാനാരോടും പറയാൻ വരുന്നില്ല. ഇത്തരം കാര്യങ്ങളൊക്കെ നരേട്ടൻ ചെയ്ത് തരുന്നതാ എനിക്കിഷ്ടം. അമ്മ വേണ്ടെന്ന് പറഞ്ഞയുടനെ നരേട്ടനെന്തിനാ സമ്മതിച്ചു കൊടുത്തത്. അല്ലെങ്കിലും ചില കാര്യങ്ങൾ വരുമ്പോൾ നരേട്ടന് അമ്മ പറയുന്നതാ വേദവാക്യം." പിണക്കം നടിച്ചവൾ അവന് എതിർവശത്തേക്ക് ചരിഞ്ഞുകിടന്നു. അമ്മയെ കുറ്റപ്പെടുത്തി പറയുന്നത് കേട്ടപ്പോൾ നരേന്ദ്രന് പെട്ടെന്ന് ദേഷ്യം വന്നു. അവൻ കൈയിലിരുന്ന മൊബൈൽ കോപത്തോടെ നിലത്തേക്ക് വലിച്ചെറിഞ്ഞു. ഭിത്തിയിൽ തട്ടി നിലത്തേക്ക് തെറിച്ച് വീണ ഫോൺ രണ്ടായി ചിതറിപ്പോയി. മൊബൈൽ വീണുടഞ്ഞ ശബ്ദം കേട്ട് ഒരേക്കത്തോടെ അവൾ എഴുന്നേറ്റിരുന്ന് നരേന്ദ്രനെ നോക്കി. "ഞാനീ കഷ്ടപ്പെടുന്നതൊക്കെ നിനക്ക് കൂടി വേണ്ടിയാ. നീ പറഞ്ഞത് പോലെ ഞാൻ കാല് തിരുമി തന്നില്ലേ. പിന്നെ ചൂട് പിടിപ്പിക്കാൻ അമ്മ വന്ന് തടസ്സം പറഞ്ഞാൽ ഞാൻ പിന്നെ അമ്മയോട് അടിയുണ്ടാക്കാൻ നിക്കണോ? അല്ലെങ്കി തന്നെ ഇതൊക്കെ ഞാൻ മാത്രമേ ചെയ്ത് തരാവൂന്ന് നിനക്കെന്താ ഇത്ര നിർബന്ധം.

എന്റെ അമ്മ ചെയ്ത് തന്നാൽ നിന്റെ വേദന കുറയില്ലേ? അമ്മയ്ക്കില്ലാത്ത പ്രശ്നമാണല്ലോ നിനക്ക്." അവന്റെ ദേഷ്യം കണ്ടപ്പോ പൂർണിമയ്ക്ക് അരിശം വന്നു. "എല്ലാ പെണ്ണുങ്ങൾക്കും ഗർഭിണിയായിക്കുമ്പോൾ അവരുടെ കാര്യങ്ങൾ ഭർത്താവ് ചെയ്ത് കൊടുക്കുന്നതായിരിക്കും ഇഷ്ടം. നരേട്ടന് താല്പര്യമില്ലെങ്കിൽ അത് പറഞ്ഞാ മതി. എന്റെ വേദന ഞാൻ സഹിച്ചോളാം. അല്ലേലും ഞാൻ പറഞ്ഞിട്ടില്ലല്ലോ നരേട്ടനെന്നെ ഗർഭിണിയാക്കിയത്. ഉടനെയൊന്നും ഒരമ്മയാകുന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു. നിങ്ങളുടെ എല്ലാരുടെയും സന്തോഷത്തെ മുൻനിർത്തി ഇക്കണ്ട കഷ്ടപ്പാടൊക്കെ സഹിച്ച് ഒരേ സമയം രണ്ട് മക്കളെ വയറ്റിൽ ചുമക്കുമ്പോ ഭർത്താവിൽ നിന്ന് ചിലതൊക്കെ പ്രതീക്ഷിച്ച് പോകാറുണ്ട്. എന്റെ വീട്ടിലായിരുന്നെങ്കിൽ എന്റെ അമ്മയോട് പറയാതെ തന്നെ അമ്മയെല്ലാം കണ്ടറിഞ്ഞു ചെയ്ത് തന്നേനെ. ഇതിപ്പോ ഓരോ ജോത്സ്യന്മാർ വായിൽ തോന്നിയത് വിളിച്ചുപറഞ്ഞത് കാരണം എനിക്കെന്റെ വീട്ടിൽ പോലും സമാധാനത്തോടെ ചെന്ന് നിൽക്കാൻ വയ്യ."

അവൾ നരേന്ദ്രനെ ദേഷ്യത്തോടെ നോക്കി. "ഈ ലോകത്ത് നീ മാത്രമാണല്ലോ ഗർഭിണി. വേറെയാരും കുട്ടികളെ പ്രസവിക്കാത്തത് പോലെയാണല്ലോ നിന്റെ പറച്ചിൽ. അമ്മ പറഞ്ഞത് നീയും കേട്ടതല്ലേ. പെണ്ണുങ്ങളായാൽ ഗർഭിണിയാകുന്നതും പ്രസവിക്കുന്നതും സർവ്വ സാധാരണമാണ്. അപ്പോ ഇത്തിരി വേദന സഹിക്കുകയൊക്കെ വേണം." "മറ്റുള്ളവരെ കാര്യം എനിക്കറിയണ്ട. അവരെയൊന്നും വച്ച് എന്നെ താരതമ്യം ചെയ്യാൻ നിക്കണ്ട. എന്റെ വേദനയും ബുദ്ധിമുട്ടുമൊക്കെ എന്റെ മാത്രമാണ്. ഞാനാണ് ഇതൊക്കെ സഹിക്കേണ്ടത്. വേറെയാർക്കും എന്റെ വേദന പങ്ക് വച്ച് കൊടുക്കാനും എനിക്ക് കഴിയില്ല. എന്റെ അമ്മ ഇങ്ങനെയൊന്നും എന്നോട് പറയാറില്ല. ഈ സമയത്തെ എന്റെ കഷ്ടപ്പാട് എന്റെ അമ്മയ്ക്ക് മാത്രമേ മനസ്സിലാവൂ." "ഇത്രേം വേദനയുള്ള സംഗതിയായിട്ട് നിന്റെ അമ്മ നാലുപേരെ പുഷ്പം പോലെ പ്രസവിച്ചല്ലോ." പുച്ഛത്തോടെ നരേന്ദ്രൻ പറഞ്ഞു. "എന്റെ അമ്മയ്ക്ക് രണ്ട് പേരെ മതിയെന്നെ ആഗ്രഹമുണ്ടായിരുന്നുള്ളൂ. പ്രസവം നിർത്താൻ സമ്മതിക്കാത്തതും നാലുമക്കൾക്ക് അമ്മ ജന്മം കൊടുക്കാൻ കാരണവും എന്റെ അച്ഛമ്മയും അച്ഛനുമാണ്.

എനിക്ക് ശേഷം വീണ്ടും ആൺകുട്ടിയെ കിട്ടാൻ വേണ്ടി അമ്മയെ ഗർഭിണിയാക്കിയതും രണ്ട് തവണ പരീക്ഷണ വസ്തുവാക്കിയതും അവർ മാത്രമാണ്. അച്ഛനെയും അച്ഛമ്മേയുമൊക്കെ അനുസരിച്ച് ജീവിച്ചിരുന്ന അമ്മയ്ക്ക് ഇതൊന്നും എതിർക്കാൻ പോയിട്ട് സ്വന്തം ഇഷ്ടത്തിന് ഒന്നും ചെയ്യാനും ആകുമായിരുന്നില്ല. ഇതൊന്നും നരേട്ടനോട് പറഞ്ഞാ മനസ്സിലാവില്ല. എന്റെ അമ്മയെ, അച്ഛനും വീട്ടുകാരും അടിമയെ പോലെ കണ്ടു. ഇവിടെ എന്റെ അവസ്ഥയും അത് തന്നെയല്ലേ. എന്റെ ഇഷ്ടത്തിന് എന്തെങ്കിലും പ്രാധാന്യമുണ്ടോ? നിങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ചലിക്കുന്നൊരു പാവയല്ലേ ഞാൻ." അവളിലെ രോഷം കണ്ട് നരേന്ദ്രന് വിറഞ്ഞുകയറി. "പറഞ്ഞു പറഞ്ഞു നീയെങ്ങോട്ടാ കേറി പോകുന്നതെന്ന് വല്ല ചിന്തയുമുണ്ടോ നിനക്ക്? നിന്നെയിവിടെ ആരാ അടിമയാക്കി വച്ചത്? നിന്റെ കാര്യങ്ങളൊക്കെ ഒരു മുടക്കവും കൂടാതെ അമ്മയും ഞാനും ചെയ്ത് തരുന്നില്ലേ? നിന്റെ ആഗ്രഹങ്ങൾ സാധിച്ചു തരുന്നില്ലേ. വീട്ടിൽ പോയി നിൽക്കാൻ ആഗ്രഹം പറഞ്ഞിട്ട് കൊണ്ട് വിട്ടില്ലേ?

എല്ലാം ചെയ്ത് തന്നിട്ടും പരാതി. അല്ലേലും പെണ്ണുങ്ങളൊക്കെ ഇങ്ങനെയാ... ഇത്തിരി സ്നേഹം തന്നാൽ അപ്പോൾ തലയിൽ കേറിക്കോളും. നിനക്ക് പ്രസവിക്കാൻ വീട്ടിൽ പോണോങ്കി കൊണ്ട് വിടാന്ന് എല്ലാവരുടെയും മുന്നിൽ വച്ചല്ലേ ഞാൻ പറഞ്ഞത്. അപ്പോ നീ തന്നെയല്ലേ ഇവിടെ നിന്നാൽ മതിയെന്ന് പറഞ്ഞത്. എന്നിട്ടിപ്പോ കുറ്റം മുഴുവൻ എനിക്കും എന്റെ വീട്ടുകാർക്കും." നരേന്ദ്രനും വിട്ട് കൊടുക്കാൻ ഭാവമില്ലാത്തത് പോലെ നിന്നു. "നരേട്ടനെന്നെ കുറച്ചെങ്കിലും മനസ്സിലാക്കിയിട്ടുണ്ടെന്ന് ഞാൻ വിചാരിച്ചിരുന്നു. ആ വിചാരം തന്നെ തെറ്റായിരുന്നുവെന്ന് എനിക്കിപ്പോഴാ ബോധ്യമായത്. രാത്രി മുഴുവൻ ഞാൻ അനുഭവിക്കുന്ന കഷ്ടപ്പാട് കാണുകയും അറിയികയും ചെയ്യുന്ന നരേട്ടൻ തന്നെ എന്നോട് ഇങ്ങനെയൊക്കെ പറയണം. ഇപ്പൊ ഈ കാണിക്കുന്ന സ്നേഹമൊക്കെ എന്നോടുള്ളതല്ലെന്ന് എനിക്ക് നന്നായിട്ടറിയാം. പ്രസവിച്ചു കഴിയുമ്പോ ആരും എന്നെയൊന്ന് തിരിഞ്ഞു പോലും നോക്കില്ല. ആ നേരത്ത് എല്ലാവർക്കും കുട്ടികളെ മാത്രം മതിയായിരിക്കും." നിറഞ്ഞ കണ്ണുകൾ അവൻ കാണാതിരിക്കാനായി പൂർണിമ മുഖം തിരിച്ചു.

"ഒരു നൂറു തവണ നീയീ കാര്യം പറഞ്ഞെന്നെ വെറുപ്പിച്ചിട്ടുണ്ടാവും. അതങ്ങ് സമ്മതിച്ചു തന്നാൽ നിന്റെ പ്രശ്നം തീരുമല്ലോ." "നരേട്ടനോട് തർക്കിക്കാൻ എനിക്ക് വയ്യ. എന്തായാലും പ്രസവം കഴിയുമ്പോ അറിയാലോ ഞാനാണോ മക്കളാണോ വലുതെന്ന്." "എന്നാ കേട്ടോ... നിന്നോടെനിക്ക് ഒരു സ്നേഹോമില്ല... എന്റെ പിള്ളേരെ മാത്രമേ എനിക്കിഷ്ടമുള്ളു." ദേഷ്യത്തോടെ അത്രയും പറഞ്ഞിട്ട് നരേന്ദ്രൻ തിരിഞ്ഞു കിടന്ന് പുതപ്പ് തലവഴി മൂടി. ആർത്തലച്ച് വന്നൊരു തേങ്ങൽ അവളുടെ കണ്ഠനാളത്തിൽ കുരുങ്ങി നിന്നു. കരയരുതെന്ന് വിചാരിച്ച് എത്ര അടക്കി നിർത്തിയിട്ടും സങ്കടം അണപൊട്ടിയൊഴുകി. തേങ്ങൽ ശബ്ദം പുറത്ത് കേൾക്കാതിരിക്കാനായി പുതപ്പ് കൊണ്ട് വായ അമർത്തി പിടിച്ച് പൂർണിമ കിടന്നു. ഓരോ ഏങ്ങലടികൾക്കിടയിലും അടിവയറ്റിൽ നിന്നൊരു വലിച്ചിൽ അവൾക്കനുഭവപ്പെട്ടു. കരച്ചിൽ പിടിച്ചുനിർത്താൻ ശ്രമിക്കുംതോറും ഏങ്ങൽ കൂടികൂടി വന്നു. അതിനൊപ്പം അടിവയറ്റിൽ നിന്നുള്ള വേദനയും അധികരിച്ചു വന്നു. കൈകൾ മുറുക്കി പല്ലുകൾ കടിച്ച് പിടിച്ച് വേദന സഹിച്ച് പൂർണിമ കിടന്നു.

അവളുടെ മിഴികൾ അപ്പോഴും തോരാതെ പെയ്യുന്നുണ്ടായിരുന്നു. പൂർണിമ കരയുന്നതൊക്കെ നരേന്ദ്രൻ അറിയുന്നുണ്ടായിരുന്നു. ഒരുനിമിഷം അവനവളോട് അലിവ് തോന്നി. അവൾക്കരികിലേക്ക് ചേർന്ന് കിടന്ന് കരയരുതെന്ന് പറഞ്ഞു സമാധാനിപ്പിക്കണമെന്ന് കരുതിയെങ്കിലും സഹതാപത്തേക്കാൾ അവളോട് മുറ്റി നിന്ന ദേഷ്യത്താൽ നരേന്ദ്രൻ അതേ കിടപ്പ് കിടന്നു. രാത്രിയുടെ ഏതോ യാമത്തിൽ കരഞ്ഞു തളർന്ന് ഉറങ്ങുന്ന പൂർണിമയെ നോക്കി അവൾക്ക് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പ് വരുത്തിയിട്ട് നരേന്ദ്രനും കിടന്നുറങ്ങി. 🍁🍁🍁🍁🍁 പിറ്റേദിവസം ഉറങ്ങിയെണീക്കുമ്പോഴും ഇരുവരുടെയും മനസ്സിൽ നിന്ന് തലേ ദിവസത്തേ വഴക്കിന്റെ ബാക്കി വിട്ട് മാറാത്തതിനാൽ രണ്ട് പേരും പരസ്പരമൊന്നും മിണ്ടിയില്ല. നരേന്ദ്രൻ മിണ്ടട്ടെയെന്ന് പൂർണിമയെയും പൂർണിമ മിണ്ടട്ടെയെന്ന് നരേന്ദ്രനും തീരുമാനിച്ചു.

ആരും പരസ്പരം തോറ്റു കൊടുക്കാൻ തയ്യാറാവാതെ പോര് കോഴികളെ പോലെ നടന്നു. ഒരു രാത്രിക്കപ്പുറം രണ്ടുപേരുടെയും പിണക്കം നീണ്ടുനിന്നിട്ടില്ല. പക്ഷേ ഇന്നാദ്യമായി അവരുടെ പിണക്കം ഒരാഴ്ചയും കഴിഞ്ഞ് പോയി. കുറച്ചു ദിവസങ്ങൾ അങ്ങനെ മിണ്ടാതിരിക്കാൻ തുടങ്ങിയപ്പോൾ തന്നെ നരേന്ദ്രനും പൂർണിമയ്ക്കും ശ്വാസംമുട്ടി തുടങ്ങിയിരുന്നു. പക്ഷേ ഇരുവരുടെയും വാശി തമ്മിൽ മിണ്ടാൻ അനുവദിച്ചില്ല. ക്രമേണ അതവരുടെ ദിനചര്യകളെയും ബാധിച്ചു തുടങ്ങി. ഭക്ഷണം കഴിക്കാനോ മരുന്ന് കഴിക്കാനോ ഒന്നും മനസ്സ് വരാതെ മിക്ക സമയവും പൂർണിമ മുറിയിൽ ചടഞ്ഞുകൂടിയിരിക്കാൻ തുടങ്ങി. യമുന നിർബന്ധിപ്പിച്ച് കഴിപ്പിക്കുന്നത് കൊണ്ട് മാത്രം നേരത്തിന് ഭക്ഷണം അവളുടെ വയറ്റിലെത്തികൊണ്ടിരുന്നു. പൂർണിമയുടെ അതേ അവസ്ഥ തന്നെയായിരുന്നു നരേന്ദ്രനും. ഡ്രൈവിംഗിൽ ശ്രദ്ധിക്കാനോ സമയത്തിന് ആഹാരം കഴിക്കാനോ ഓഫീസിലെ വർക്കുകൾ മനസ്സിരുത്തി ചെയ്യാനോ കഴിയാതെ നരേന്ദ്രന്റെ മനസിലും അസ്വസ്ഥത നിറഞ്ഞ് നിന്നു.

എത്ര ദിവസം അവൾക്ക് തന്നോട് പിണങ്ങിയിരിക്കാൻ പറ്റുമെന്ന് നരേന്ദ്രനും നരന് തന്നോട് എത്ര ദിവസം പിണങ്ങിയിരിക്കാൻ കഴിയുമെന്ന് പൂർണിമയും പരീക്ഷിക്കാൻ തീരുമാനിച്ചിരുന്നത് കൊണ്ട് രണ്ടാഴ്ച പിന്നിട്ടിട്ടും അവർ പിണക്കം മറക്കാൻ കൂട്ടാക്കിയില്ല. പക്ഷേ ആ പിണക്കം രണ്ടുപേരുടെയും മനസ്സിനെ വിഷമിപ്പിച്ചു കൊണ്ടിരുന്നു. നരേന്ദ്രന്റെയും പൂർണിമയുടെയും വഴക്കും പിണക്കവും അവരുടെ മുറിയിൽ തന്നെ ഒതുങ്ങി നിന്നിരുന്നതിനാൽ മുല്ലശ്ശേരിയിൽ മറ്റാരും അവരുടെ പിണക്കം അറിഞ്ഞിട്ടില്ലായിരുന്നു. 🍁🍁🍁🍁🍁 "എന്ത് പറ്റി നരേന്ദ്രാ നിനക്കൊരു മൂഡോഫ്. കുറച്ചുദിവസമായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു? എന്തെങ്കിലും പ്രശ്നമുണ്ടോ?" മേശയിൽ തല കുമ്പിട്ട് കിടക്കുന്നത് കണ്ട് നരേന്ദ്രനരികിലേക്ക് വന്നിരുന്നുകൊണ്ട് മിഥുൻ ചോദിച്ചു. "ഹേയ്... ഒന്നുമില്ലെടാ... ചെറിയൊരു തലവേദന." അവന്റെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറിക്കൊണ്ട് നരേന്ദ്രൻ പറഞ്ഞു. "നീ വെറുതെ കള്ളം പറഞ്ഞു ബുദ്ധിമുട്ടണ്ട. കുറച്ചു ദിവസമായിട്ട് നീ ഇങ്ങനെ തന്നെയാ.

എന്താ പ്രശ്നമെന്ന് തുറന്ന് പറയെടാ. പരിഹാരമില്ലാത്ത പ്രശ്നങ്ങളില്ലല്ലോ." "എടാ... അതുപിന്നെ..." കാര്യം തുറന്ന് പറയണോ വേണ്ടയോ എന്നൊരു ആശയകുഴപ്പം അവനുണ്ടായി. "കാര്യമെന്താന്ന് വച്ചാ നീയൊന്ന് വാ തുറന്ന് പറയുന്നുണ്ടോ?" മിഥുൻ അവനെ നിർബന്ധിച്ചു. "പൂർണിമയുമായി വഴക്കിട്ട് പിണങ്ങി... ഇപ്പൊ രണ്ടാഴ്ചയായി ഞങ്ങളൊന്ന് മിണ്ടിയിട്ട്. അവൾക്ക് വേണ്ടി ഞാൻ കഷ്ടപ്പെടുന്നതൊന്നും അവൾ കാണുന്നില്ല. ദേഷ്യം പിടിച്ച് ഓരോന്ന് പറഞ്ഞു വഴക്കായി..." നരേന്ദ്രൻ ഉണ്ടായ കാര്യങ്ങളൊക്കെ മിഥുനോട് പറഞ്ഞു. "ഇക്കാര്യത്തിൽ ഞാൻ നിന്നെ മാത്രമേ തെറ്റ് പറയു നരാ." എല്ലാം കേട്ട് കഴിഞ്ഞപ്പോൾ മിഥുൻ അങ്ങനെയാണ് പറഞ്ഞത്. "ഹേ... ഞാനെന്ത് തെറ്റാ ചെയ്തത്. അവള് പറയുന്നതൊക്കെ സാധിച്ചു കൊടുക്കുന്നതാണോ എന്റെ ഭാഗത്ത് നീ കണ്ട മിസ്റ്റേക്ക്?" നരേന്ദ്രന് ചെറുതായി ദേഷ്യം വന്നു. "അല്ല... നിന്റെ ഭാര്യയിപ്പോ പ്രെഗ്നന്റല്ലേ. പോരാത്തതിന് ട്വിൻസും. ഈ സമയത്ത് സ്ത്രീകൾക്ക് ഹോർമോൺ ചേഞ്ചസ് കൊണ്ട് മൂഡ് സ്വിങ്സൊക്കെ ഉണ്ടാകുന്ന സമയമാണ്.

നീ കുറച്ചൂടെ ഗൗരവത്തിൽ ഇക്കാര്യം ഹാൻഡിൽ ചെയ്യണമായിരുന്നു. അല്ലെങ്കി തന്നെ പൂർണിമയുടെ ഹെൽത്ത് വളരെ വീക്കാണ്. അതിന്റെ കൂടെ നിന്നോട് വഴക്ക് കൂടി ഇരിക്കുമ്പോ നീ വിഷമിക്കുന്നതിന്റെ പത്തിരട്ടി സങ്കടം അവൾക്കും കാണില്ലേ. അതിനെ ഇനിയും വിഷമിപ്പിക്കാൻ നിൽക്കാതെ വാശി കളഞ്ഞ് അങ്ങോട്ട്‌ പോയി മിണ്ട്. പ്രെഗ്നന്റായി ഇരിക്കുന്ന സമയം ഭർത്താവിന്റെ സാമീപ്യവും കേറിങ്ങുമാണ് ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത്. ഈ ടൈമിലെ അവരുടെ മൂഡ് സ്വിങ്സ് ഒന്ന് അഡ്ജസ്റ്റ് ചെയ്ത് നിന്നാൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യവും നന്നായിയിരിക്കും. ഇതൊക്കെ നിനക്കറിയാവുന്ന കാര്യങ്ങളല്ലേ. ഞാൻ പറഞ്ഞിട്ട് വേണോ നിനക്കിതൊക്കെ മനസ്സിലാക്കാൻ." "മിഥുൻ... എനിക്കൊന്നും അറിയാഞ്ഞിട്ടല്ല... അവൾടെ ചൊറിയുന്ന സംസാരം കേൾക്കുമ്പോ തന്നെ ദേഷ്യം വരും. അങ്ങനെ ദേഷ്യം വന്ന് കഴിഞ്ഞാ പിന്നെ എനിക്ക് എന്നെത്തന്നെ കണ്ട്രോൾ ചെയ്യാൻ പറ്റില്ല." "തല്ക്കാലം നിന്റെ ഇമോഷൻസ് നീ കണ്ട്രോൾ ചെയ്യാൻ പഠിക്ക്.

നിങ്ങളുടെ ഈ വഴക്കും പിണക്കവും കാരണം അവൾക്കെന്തെങ്കിലും സംഭവിച്ചാലോ?" മിഥുന്റെ ആ ചോദ്യം നരേന്ദ്രനെയൊന്ന് ഞെട്ടിച്ചു. ആ സമയം അച്ഛൻ പറഞ്ഞ ജോത്സ്യന്റെ വാക്കുകളാണ് അവന്റെ മനസ്സിലൂടെ കടന്ന് പോയത്. ഈയൊരു പിണക്കത്തിന്റെ പേരിൽ താനിത്രയും മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടെങ്കിൽ അപ്പോൾ പൂർണിമയുടെ അവസ്ഥ എന്തായിരിക്കും? പെട്ടെന്ന് തോന്നിയൊരു ഉൾവിളിയിൽ നരേന്ദ്രൻ ഫോണെടുത്ത് യമുനയെ വിളിച്ചു നോക്കി. പൂർണിമയുടെ മെഡിസിൻ തീർന്നിട്ട് അവർ മെഡിക്കൽ ഷോപ്പിലേക്ക് പോവുകയാണെന്നും അവൾ വീട്ടിൽ തനിച്ചേയുള്ളൂന്ന് യമുനയിൽ നിന്നറിഞ്ഞതും നരേന്ദ്രനാകെ വെപ്രാളമായി. അവൻ ധൃതിയിൽ മൊബൈൽ എടുത്ത് നവീനെ വിളിച്ചു നോക്കി. അവൻ കൂട്ടുകാരന്റെ വീട്ടിലാണെന്നറിഞ്ഞപ്പോൾ സമാധാനം നഷ്ടപ്പെട്ട നരേന്ദ്രൻ പൂർണിമയെ വിളിച്ചു. റിംഗ് ചെയ്ത് നിന്നതല്ലാതെ മറുതലയ്ക്കൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാതായപ്പോൾ നരേന്ദ്രന്റെ ഹൃദയം അകാരണമായി മിടിക്കാൻ തുടങ്ങി...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story