മാലയോഗം: ഭാഗം 34

malayogam shiva

രചന: ശിവ എസ് നായർ

റിംഗ് ചെയ്ത് നിന്നതല്ലാതെ മറുതലയ്ക്കൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാതായപ്പോൾ നരേന്ദ്രന്റെ ഹൃദയം അകാരണമായി മിടിക്കാൻ തുടങ്ങി. "എന്താ നരാ... നിന്റെ മുഖത്തൊരു ടെൻഷൻ? പൂർണിമയ്ക്കെന്തെങ്കിലും?" മിഥുൻ അവനെ നോക്കി. "അറിയില്ലെടാ... അവളെ വിളിച്ചിട്ട് കാൾ എടുക്കുന്നില്ല. നവീനും അമ്മയും വീട്ടിലില്ല. എനിക്കെന്തോ പേടിയാകുന്നു." "നിന്റെ അമ്മ വീട്ടിലെത്താൻ താമസിക്കുമോ?" "ഏയ്‌ ഇല്ല... ഒരു പതിനഞ്ച് മിനിറ്റിൽ പോയി വരാം. പക്ഷേ അവൾ വിളിച്ചിട്ട് എടുക്കുന്നില്ലല്ലോ അതാ എനിക്ക് പേടി? ഇനി വയ്യാതെയെങ്ങാനും കിടക്കുകയാണെങ്കിൽ ആരും അറിയില്ലല്ലോ." "ഒന്നും ഉണ്ടാവില്ലെടാ... നിനക്ക് അത്ര പേടിയുണ്ടെങ്കിൽ ഹാഫ് ഡേ ലീവെടുത്ത് വീട്ടിലേക്ക് ചെല്ല്." "ഞാനും അത് വിചാരിച്ചു... ഇന്നിനി ഇവിടെ ഇരുന്നാലും ജോലിയൊന്നും ചെയ്യാനാവില്ല. ഞാനിറങ്ങുവാ." "വീട്ടിൽ ചെന്നിട്ട് വിളിക്ക് നീ... പിന്നെ അവളോട് ഇനിയും മിണ്ടാതിരിക്കണ്ട." "ഇല്ല... ഇനിയും മിണ്ടാതിരിക്കാൻ വയ്യെടാ. നെഞ്ചൊക്കെ പൊട്ടുന്ന പോലെ തോന്നുവാ." "എങ്കിൽ പിന്നെ നീ നേരം കളയാതെ ലീവെഴുതി കൊടുത്തിട്ട് വീട്ടിലേക്ക് പൊയ്ക്കോ." മിഥുൻ പറഞ്ഞത് കേട്ട് നരേന്ദ്രൻ സമ്മത ഭാവത്തിൽ തലകുലുക്കി സീറ്റിൽ നിന്നെഴുന്നേറ്റു.

"ഞാനന്നേ പറഞ്ഞതല്ലേ സാറിന് ആ കുട്ടി ചേരില്ലെന്ന്. കുറേ ജാതകവും പൊരുത്തവും നോക്കി കണ്ട് പിടിച്ച പെണ്ണിനെ കെട്ടിയിട്ടും സാറിനൊരു സമാധാനവും കിട്ടുന്നില്ലല്ലോന്ന് ഓർക്കുമ്പോൾ സങ്കടമുണ്ട് സർ. അല്ലെങ്കിലും ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ ആർക്കും കണ്ണിൽ പിടിക്കില്ലല്ലോ." മിഥുന്റെയും നരേന്ദ്രന്റെയും സംസാരം കേട്ട് കൊണ്ടിരുന്ന അനുരാധ സങ്കടഭാവത്തിൽ നരേന്ദ്രനോട്‌ പറഞ്ഞു. "തന്നോടാരും അഭിപ്രായം ചോദിച്ചില്ലല്ലോ. എന്റെ ജീവിതം എങ്ങനെ വേണോന്ന് എനിക്കറിയാം. ഉപദേശം ആവശ്യം വന്നാൽ ഞാൻ ചോദിക്കാം. അപ്പോ പറഞ്ഞാ മതി." ക്ഷോഭത്തോടെ പറഞ്ഞുകൊണ്ട് ബാഗുമെടുത്ത് നരേന്ദ്രൻ പുറത്തേക്ക് പോയി. അവൻ പോകുന്നതും നോക്കി ഗൂഢമായൊരു പുഞ്ചിരിയോടെ അനുരാധ സീറ്റിലേക്കിരുന്നു. 🍁🍁🍁🍁🍁 "അമ്മേ... ഞാനിന്ന് ഉച്ചയ്ക്ക് ശേഷം ലീവാക്കി. ഇപ്പൊ വീട്ടിലേക്ക് വന്ന് കൊണ്ടിരിക്കാ. അമ്മ വീട്ടിലെത്തിയോ?" ഡ്രൈവിംഗിനിടയിൽ യമുനയെ ഫോണിൽ വിളിച്ച് നരേന്ദ്രൻ തിരക്കി.

"ഇല്ല നരാ... ഞാനിവിടെ മെഡിക്കൽ ഷോപ്പിലാ. ഉച്ചയ്ക്ക് കഴിക്കാനുള്ള മരുന്ന് തീർന്നത് പൂർണിമ കുറച്ച് മുൻപാ പറഞ്ഞത്. ഉച്ചയ്ക്ക് ആഹാരശേഷം കഴിക്കാനുള്ളതായതുകൊണ്ടാ ഞാൻ തന്നെ വന്ന് വാങ്ങാമെന്ന് വിചാരിച്ചത്. നീ വരുന്നത് അറിഞ്ഞിരുന്നെങ്കിൽ നിന്നോട് വാങ്ങിക്കാൻ പറയുമായിരുന്നു ഞാൻ." "അമ്മ അവളെ വീട്ടിൽ ഒറ്റയ്ക്കാക്കി പോവണ്ടായിരുന്നു. ഞാൻ വിളിച്ചിട്ട് പൂർണിമ ഫോണെടുക്കുന്നില്ല." "ഞാൻ മെഡിസിൻ വാങ്ങിക്കാൻ ഇറങ്ങുമ്പോൾ ശർദ്ധിച്ച് ക്ഷീണിച്ചിട്ട് അവള് കിടന്നുറങ്ങുകകയായിരുന്നു. നീ വെറുതെ വിളിച്ചെണീപ്പിക്കാൻ നിക്കണ്ട." യമുന നിസ്സാരമട്ടിൽ പറഞ്ഞു. "അമ്മയ്ക്കങ്ങനെ പറയാം. വല്ല തലകറക്കം വന്ന് കിടന്നാൽ പോലും അറിയില്ല.." "നീ വെറുതെ ടെൻഷനടിക്കണ്ട നരാ. പൂർണിമ കിടന്നുറങ്ങുന്നത് കണ്ടിട്ടാ ഞാനിറങ്ങിയത്. ഞാനിപ്പോ വീട്ടിലേക്ക് പോവേം ചെയ്യും. നീയെത്തുന്നതിനു മുൻപ് ഞാൻ അവിടെയെത്തും." യമുന അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. "മ്മ്മ് ശരി... ഞാൻ വയ്ക്കുവാ." ഉള്ളിൽ നിറയുന്ന ആധിയോടെ കാൾ കട്ട്‌ ചെയ്തവൻ ഡ്രൈവിംഗിൽ ശ്രദ്ധിച്ചു. 🍁🍁🍁🍁🍁

മെഡിസിനും വാങ്ങി വീട്ടിലെത്തിയ് ഉടനെ യമുന പൂർണിമ കിടക്കുന്ന മുറിയിലേക്ക് ചെന്ന് നോക്കി. അപ്പോഴും പൂർണിമ നല്ല ഉറക്കത്തിലായിരുന്നു. അവളെ ഉണർത്താതെ വാതിലും ചാരി അവർ അടുക്കളയിലേക്ക് പോയി. കുറച്ചുസമയം കഴിഞ്ഞപ്പോൾ നരേന്ദ്രന്റെ കാർ പോർച്ചിൽ വന്ന് നിൽക്കുന്ന ശബ്ദം കേട്ട് യമുന പുറത്തേക്ക് വന്നു. "നീയെന്തിനാ ഇങ്ങനെ ഓടിപ്പാഞ്ഞു വന്നത്. അവൾക്ക് കുഴപ്പമൊന്നുമില്ലെന്ന് ഞാൻ പറഞ്ഞതല്ലേ. പൂർണിമ ഇതുവരെ എണീറ്റിട്ടില്ല. നല്ല ഉറക്കമാണ്. നീയിനി ചെന്ന് ഉണർത്താൻ നിക്കണ്ട." വെപ്രാളത്തിൽ ഡോർ തുറന്ന് പുറത്തിറങ്ങുന്ന നരേന്ദ്രനെ കണ്ട് യമുന പറഞ്ഞു. "കുറേ നാളായി അവൾക്ക് ശർദ്ധി ഇല്ലായിരുന്നല്ലോ. പിന്നെന്താ ഇന്ന് ശർദ്ധിച്ചത്." "രാവിലെ കഴിച്ച പുട്ടും ചെറുപയറും വയറ്റിൽ പിടിച്ചില്ല. കഴിച്ചത് അതുപോലെ പുറത്ത് വന്നു. പിന്നെ കുറച്ചു കഞ്ഞി കുടിച്ചിട്ട് പോയി കിടന്നതാ.. ഇന്നലെ രാത്രിയൊന്നും നടുവേദന കാരണം ഉറങ്ങാൻ പറ്റിയില്ലെന്നാ അവള് പറഞ്ഞത്. അതുകൊണ്ട് ഉറങ്ങിക്കോട്ടെയെന്ന് ഞാനും വിചാരിച്ചു."

"മ്മ്മ്... അമ്മായിനി ഇതുപോലെ അവളെ തനിച്ചാക്കിയിട്ട് എങ്ങോട്ടും പോണ്ട. പൂർണിമ ഇവിടെ ഒറ്റയ്ക്കാണല്ലോന്ന് ഓർത്ത് ടെൻഷനടിച്ചിട്ടാ ഞാനോടി വന്നത്." "അതിന് ഞാനിവിടെ അടുത്തല്ലേ പോയത്. പത്ത് പതിനഞ്ച് മിനിറ്റിനുള്ളിൽ പോയി വരാവുന്ന കാര്യമല്ലേ ഉണ്ടായിരുന്നുള്ളൂ. അല്ലെങ്കിലും അവൾക്കുള്ള മരുന്ന് വാങ്ങിക്കാനാ ഞാൻ പോയത്. അവൾക്കുള്ള മരുന്ന് തീർന്നോന്നുള്ള കാര്യം നിനക്കെങ്കിലും ഒന്ന് ശ്രദ്ധിച്ചൂടെ. അവൾക്കേ ഇതൊന്നും ശ്രദ്ധയില്ല. നീയല്ലേ ഇതൊക്കെ വാങ്ങി വരുന്നത്." "അവള് രണ്ട് ദിവസം മുൻപ് എന്നോട് പറഞ്ഞതാ. ഓഫീസിലെ തിരക്കിനിടയിൽ ഞാനത് വിട്ടുപോയി." പൂർണിമയെ അമ്മ കുറ്റപ്പെടുത്തുന്നത് കേൾക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് നരേന്ദ്രൻ വായിൽ തോന്നിയൊരു കള്ളം യമുനയോട് പറഞ്ഞു. "ഹാ... അപ്പോപ്പിന്നെ അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല." ഒഴുക്കൻ മട്ടിൽ പറഞ്ഞുകൊണ്ട് അവർ അകത്തേക്ക് പോയി. പൂർണിമ ഉറങ്ങുന്നതിനാൽ അങ്ങോട്ട്‌ ചെന്ന് ശല്യപ്പെടുത്തണ്ടെന്ന് കരുതി നരേന്ദ്രൻ നേരെ മുകളിലെ മുറിയിലേക്ക് പോയി.

കുളിച്ച് ഫ്രഷായി അവൻ താഴെ വന്ന് നോക്കുമ്പോൾ പൂർണിമ ഉറക്കത്തിൽ തന്നെയായിരുന്നു. ഒരുനിമിഷം അവളുറങ്ങുന്നതും നോക്കി നിന്ന ശേഷം വാതില് ചാരി നരേന്ദ്രനും അവൾക്കരികിലായി ചേർന്ന് കിടന്നു. അരികിലാരോ വന്ന് കിടക്കുകയും തന്നെ ചേർത്ത് പിടിക്കുകയും ചെയ്തപ്പോൾ കണ്ണ് തുറക്കാതെ തന്നെ പൂർണിമയ്ക്ക് ആളെ മനസ്സിലായി. "ഇതിൽ കൂടുതൽ നിന്നോട് പിണങ്ങിയിരിക്കാൻ എനിക്ക് പറ്റില്ല പൂർണിമാ. ഇപ്പൊത്തന്നെ കുറച്ചുദിവസം മിണ്ടാതെ നടന്നിട്ട് നെഞ്ചൊക്കെ പൊട്ടുന്ന പോലെ തോന്നുവാ." അവളുടെ പിൻകഴുത്തിൽ അധരങ്ങളമർത്തി അവൻ മൊഴിഞ്ഞു. അത് കേട്ടതും പെട്ടെന്ന് പിന്തിരിഞ്ഞവൾ നരേന്ദ്രനെ ഇറുക്കെ കെട്ടിപിടിച്ചു. അവന്റെ നെഞ്ചിൽ മുഖം ചേർത്ത് അത്ര ദിവസം ഉള്ളിലടക്കിയ സങ്കടമൊക്കെ പൂർണിമ കരഞ്ഞു തീർത്തു. "ഇന്ന് നരേട്ടൻ ഓഫീസിൽ നിന്ന് വരുമ്പോ മിണ്ടണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഇതിൽ കൂടുതൽ പിടിച്ചു നിൽക്കാൻ എനിക്ക് പറ്റില്ലായിരുന്നു." തേങ്ങലുകൾക്കിടയിൽ വാക്കുകൾ എണ്ണിപ്പെറുക്കി അവൾ പറഞ്ഞു.

"അതൊക്കെ പോട്ടെ സാരമില്ല... ഇനി നിന്നോട് ഞാൻ വഴക്ക് കൂടില്ല." "മ്മ്മ്... ഞാനും ഇനി വഴക്കുണ്ടാക്കില്ല... അന്നെനിക്ക് അത്ര ദേഷ്യോം സങ്കടവുമൊക്കെ തോന്നിയിട്ടാ അങ്ങനെയെല്ലാം പറഞ്ഞത്." "കഴിഞ്ഞതിനെ കുറിച്ച് ഇനി ഓർക്കണ്ട. നിനക്കിപ്പോ നടുവേദനയുണ്ടോ? ഞാൻ ചൂട് വെള്ളം കൊണ്ട് ആവി പിടിച്ചു തരണോ?" സ്നേഹപൂർവ്വം അവൻ ചോദിച്ചു. "വേണ്ട നരേട്ടാ... ഇപ്പൊ കുഴപ്പമില്ല. ഇത്തിരി നേരം എനിക്കൊപ്പം ഇങ്ങനെ കിടന്നാൽ മതി." "അവൾ ഒന്നുകൂടി അവനോടൊട്ടി കിടന്നു." നരേന്ദ്രൻ ഇരുകൈകൾ കൊണ്ടവളെ പൊതിഞ്ഞ് മൂർദ്ധാവിൽ അമർത്തി ചുംബിച്ചു. പിണക്കവും പരിഭവവുമൊക്കെ പറഞ്ഞവസാനിപ്പിച്ച് ഇരുവരും പരസ്പരം കെട്ടിപ്പുണർന്ന് കിടന്നു. ഇടയ്ക്കിടെ നരേന്ദ്രന്റെ കൈകൾ അവളുടെ വീർത്ത വയറിനെ മെല്ലെ ഉഴിഞ്ഞുകൊണ്ടിരുന്നു. പെട്ടെന്നാണ് നെഞ്ച് തിരുമ്മി കൊണ്ട് പൂർണിമ പിടഞ്ഞെണീറ്റത്. "എന്ത് പറ്റി പൂർണിമേ...?" അവളുടെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ട് നരേന്ദ്രൻ ചോദിച്ചു. മറുപടി പറയാനായി വായ തുറന്നപ്പോഴേക്കും പൂർണിമ അവന്റെ നെഞ്ചിലേക്ക് തന്നെ കൃത്യമായി ശർദ്ധിച്ചു.

കുറച്ചു മുൻപ് കുടിച്ച കഞ്ഞി മുഴുവനായും നരന്റെ നെഞ്ചിലവൾ ശർദ്ധിച്ച് തീർത്തു. "അയ്യേ... നീ എന്തായീ കാണിച്ചത് പൂർണിമേ." മുഖം ചുളിച്ച് കൊണ്ടവൻ കൈയ്യിൽ കിട്ടിയ തോർത്തെടുത്ത് നെഞ്ചിൽ പറ്റിയ കഞ്ഞി തുടച്ചു. "സോ... സോറി നരേട്ടാ... പെട്ടെന്ന് വന്ന് പോയതാ. അറിഞ്ഞുകൊണ്ടല്ല." കണ്ണ് നിറച്ച് നെഞ്ചും വയറും ഉഴിഞ്ഞുകൊണ്ട് തളർന്ന മിഴികളോടെ അവളവനെ നോക്കി. പൂർണിമയുടെ നിൽപ്പും ഭാവവും കണ്ടപ്പോൾ നരേന്ദ്രനവളോട് അലിവ് തോന്നി. "സാരമില്ല... പോട്ടെ.." അവളെ കൈപിടിച്ച് ബാത്‌റൂമിലേക്ക് നടത്തിക്കുമ്പോ അവൻ പറഞ്ഞു. "ഈ വയറും താങ്ങിപ്പിടിച്ച് ശർദ്ധിക്കുമ്പോ എന്റെ ജീവൻ പോണത് പോലെയാ നരേട്ടാ. നരേട്ടന്റെ ദേഹത്ത് ഞാൻ മനഃപൂർവമല്ല..." അവശതയ്ക്കിടയിലും പൂർണിമ അവനോട് പറഞ്ഞുകൊണ്ടിരുന്നു. "അത് കുഴപ്പമില്ല പൂർണിമാ... നിനക്ക് വയ്യാഞ്ഞിട്ടല്ലേ. നീ വായും മുഖവും കഴുകി കുറച്ചു നേരം കിടക്ക്. ഞാനീ ഡ്രെസ്സൊക്കെ മാറ്റി നിനക്ക് കഴിക്കാനെന്തെങ്കിലും എടുത്തിട്ട് വരാം." "എനിക്കിപ്പോ ഒന്നും വേണോന്നില്ല നരേട്ടാ."

"അത് പറഞ്ഞാൽ പറ്റില്ല. വയറ്റിലെന്തെങ്കിലും വേണ്ടേ. ഇല്ലെങ്കിൽ നീ കൂടുതൽ തളർന്ന് പോവും. കുടിച്ച കഞ്ഞി മുഴുവനും പോയില്ലേ." അവളുടെ കൈയ്യും മുഖവും നരേന്ദ്രൻ തന്നെ കഴുകി കൊടുത്തു. തിരിച്ച് അവളെ ബെഡിൽ കൊണ്ട് കിടത്തിയിട്ട് നരേന്ദ്രൻ പോയി ഡ്രസ്സ്‌ മാറി യമുനയുടെ അടുത്തേക്ക് ചെന്നു. "അമ്മേ... നേരത്തെ കുടിച്ച കഞ്ഞി മുഴുവനും പൂർണിമ ശർദ്ധിച്ചു. അമ്മ അവൾക്ക് കഴിക്കാനെന്തെങ്കിലും താ." "അയ്യോ... ആണോ... ഇന്ന് രാവിലെ തൊട്ടേ ഇങ്ങനെയാണല്ലോ. ഇനിയിപ്പോ കുറച്ച് നേരത്തേക്ക് കട്ടിയുള്ള ഒന്നും അവൾക്ക് കൊടുക്കണ്ട. "എങ്കിൽ അമ്മ കുറച്ച് ഇളനീരിന്റെ വെള്ളമിങ്ങ് എടുക്ക്. അത് കുടിച്ചാൽ ക്ഷീണം മാറുമല്ലോ." "ഞാനിപ്പോ എടുക്കാം... ഒട്ടും വയ്യാതായാ ഒന്ന് ഹോസ്പിറ്റലിൽ കാണിച്ചേക്ക് നീ." "അമ്മയ്ക്ക് പേടിയുണ്ടല്ലേ." "പിന്നെ പേടിക്കാതെ പറ്റോ. ഇതിപ്പോ രാവിലെ തുടങ്ങിയതല്ലേ. എന്തായാലും വൈകിട്ട് വരെ നോക്കാം നമുക്ക്." ഇളനീർ എടുത്ത് ചെത്തി അതിലെ വെള്ളം ഗ്ലാസ്സിലേക്ക് പകർന്ന് കൊണ്ട് യമുന പറഞ്ഞു. നരേന്ദ്രൻ അതുംവാങ്ങി പൂർണിമയുടെ അടുത്തേക്ക് പോയി. അന്ന് പിന്നെ ഇളനീർ വെള്ളവും അൽപാൽപ്പം പൊടിയരി കഞ്ഞി കുടിച്ചും ആ ദിവസം അവൾ തള്ളി നീക്കി. ശർദ്ധിക്കുമോന്ന് പേടിച്ച് പിറ്റേന്നും അവൾ അത്‌ മാത്രമേ കഴിച്ചുള്ളൂ. 🍁🍁🍁🍁🍁

പൂർണിമയുടെ വയ്യായ്കയും അധികരിച്ച് വരുന്ന ക്ഷീണവും നരേന്ദ്രനെയും വീട്ടുകാരെയും ഭയപ്പെടുത്തുന്നുണ്ടായിരുന്നു. അവൾക്കിപ്പോ ഏഴര മാസമായിട്ടേയുള്ളു. പൂർണിമയുടെ വീട്ടിൽ നിന്നും അച്ഛനും അമ്മയും സഹോദരങ്ങളും ഒന്നരാടം അവളെ വന്ന് കാണുമായിരുന്നു. പൂർണിമയുടെ ഇരുകാലുകളും പെട്ടെന്നാണ് നീര് വച്ച് വീർത്തത്. അതിനൊപ്പം ചെറിയ തോതിൽ ശ്വാസം മുട്ടലും തുടങ്ങിയിട്ടുണ്ട്. അവൾക്ക് വയ്യാത്തത് കൊണ്ട് നരേന്ദ്രനും ഓഫീസിൽ പോകാതെ ലീവെടുത്ത് വീട്ടിൽ നിൽക്കുകയാണ്. അന്നൊരു ബുധനാഴ്ച ദിവസമായിരുന്നു. രാവിലെ മുതലേ പൂർണിമയ്ക്ക് മനസ്സിന് ചെറിയൊരു അസ്വസ്ഥത തോന്നി തുടങ്ങിയിരുന്നു. എന്തോ അപകടം സംഭവിക്കാൻ പോകുന്നത് പോലെ അവളുടെ മനസ്സിലിരുന്ന് ആരോ പറയുന്നുണ്ടായിരുന്നു. ഒപ്പം രാവിലെ ഉറക്കമെണീറ്റത് മുതൽ പൂർണിമയ്ക്ക് തലകറങ്ങുന്നത് പോലെ തോന്നുന്നുണ്ടായിരുന്നു. ഒറ്റയ്ക്ക് കിടക്കവിട്ട് എണീറ്റ് എങ്ങോട്ടും പോകരുതെന്ന് നരേന്ദ്രനും യമുനയുമൊക്കെ അവളോട് പ്രത്യേകം പറഞ്ഞിരുന്നു.

അതുകൊണ്ട് അന്ന് പൂർണമായും പൂർണിമയ്ക്ക് ബെഡ് റസ്റ്റ്‌ തന്നെയായിരുന്നു. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് നരേന്ദ്രനും പൂർണിമയും മയങ്ങാനായി കിടന്നതായിരുന്നു. നരേന്ദ്രൻ ഉറക്കം പിടിച്ചപ്പോൾ അവൾ മൊബൈൽ നോക്കി അങ്ങനെ കിടന്നു. പെട്ടെന്നാണ് പൂർണിമയ്ക്ക് വയറ്റിൽ വേദന അനുഭവപ്പെട്ടത്. ഒപ്പം ധരിച്ചിരുന്ന വസ്ത്രമാകെ നനവ് പടരാനും തുടങ്ങി. ഭയന്ന് പോയ പൂർണിമ വേഗം ബാത്‌റൂമിലേക്ക് പോയി ഡ്രസ്സ്‌ മാറ്റി പരിശോധിച്ചു നോക്കി. ഫ്ലൂയിഡ് ബ്രേക്കായി വെള്ളം പോകുന്നത് കണ്ടതും അവളാകെ പരിഭ്രമിച്ചു. തനിക്ക് ഏഴര മാസമായിട്ടേയുള്ളെന്നും പ്രസവിക്കാൻ ഇനിയും ദിവസങ്ങൾ ഏറെയുണ്ടെന്ന് അവൾക്കറിയാം. പെട്ടെന്ന് ഇങ്ങനെ സംഭവിച്ചപ്പോൾ തന്നെ ഭയം കൊണ്ട് പൂർണിമയുടെ മുഖമാകെ വിളറിപ്പോയി. പേടിയും ടെൻഷനും കാരണം ഭൂമി കീഴ്മേൽ മറിയുന്നത് പോലെ അവൾക്ക് തോന്നി. "നരേട്ടാ..." ഉറക്കെ നിലവിളിച്ചു കൊണ്ട് പൂർണിമ ബാത്‌റൂമിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി. അവളുടെ അലർച്ച കേട്ട് നരേന്ദ്രൻ ഞെട്ടിപ്പിടഞ്ഞ് എണീറ്റു. "എന്താ പൂർണിമേ? എന്ത് പറ്റി?" അരയ്ക്ക് കീഴ്പ്പോട്ട് നനഞ്ഞ വസ്ത്രത്തിൽ നിൽക്കുന്ന പൂർണിമയെ കണ്ട് അവനാകെ അങ്കലാപ്പായി. "നീ ബാത്‌റൂമിൽ വീണോ? നിന്നോടപ്പഴേ പറഞ്ഞതല്ലേ ഒറ്റയ്ക്ക് പോണ്ടെന്ന്."

പരിഭ്രമത്തോടെ നരേന്ദ്രൻ അവൾക്കടുത്തേക്ക് വന്നു. "ഞാൻ വീണിട്ടൊന്നുമില്ല നരേട്ടാ... ഫ്ലൂയിഡ് അപ്പാടെ പോയി.... നമുക്ക് എത്രേം പെട്ടെന്ന് ഹോസ്പിറ്റലിൽ പോണം." കിതച്ചുകൊണ്ട് പൂർണിമ അത് പറയുമ്പോ പ്രതീക്ഷിക്കാത്തതെന്തോ കേട്ടതിന്റെ ഞെട്ടൽ അവന്റെ മുഖത്ത് പ്രകടമായി. പിന്നെയൊരുനിമിഷം പോലും പാഴാക്കാതെ നരേന്ദ്രൻ പൂർണിമയെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പറന്നു. നവീനോടും യമുനയോടും ഹോസ്പിറ്റലിലേക്ക് വേണ്ട സാധനങ്ങളുമെടുത്ത് വരാൻ പറഞ്ഞിട്ടാണ് നരേന്ദ്രൻ അവളെയും കൊണ്ട് പോയത്. "കാര്യങ്ങൾ കുറച്ച് കോംപ്ലിക്കറ്റഡാണ്... അമ്മയെയും കുഞ്ഞുങ്ങളെയും ഒരുപോലെ രക്ഷിക്കാൻ ഞങ്ങൾക്ക് സാധിച്ചെന്ന് വരില്ല. മാക്സിമം ഞങ്ങൾ ശ്രമിക്കും. ഒരുപക്ഷേ പൂർണിമയെ രക്ഷപെടുത്തുമ്പോൾ കുട്ടികളെ നഷ്ടപ്പെട്ടെന്ന് വരും. എന്തും ഫേസ് ചെയ്യാൻ റെഡിയായിട്ടിരിക്കണം." ഡോക്ടർ പുഷ്പാ റാണിയുടെ വാക്കുകൾ കേട്ട് നരേന്ദ്രൻ തളർന്നിരുന്നുപോയി...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story