മാലയോഗം: ഭാഗം 35

malayogam shiva

രചന: ശിവ എസ് നായർ

"കാര്യങ്ങൾ കുറച്ച് കോംപ്ലിക്കേറ്റടാണ്... അമ്മയെയും കുഞ്ഞുങ്ങളെയും ഒരുപോലെ രക്ഷിക്കാൻ ഞങ്ങൾക്ക് സാധിച്ചെന്ന് വരില്ല. മാക്സിമം ഞങ്ങൾ ശ്രമിക്കും. ഒരുപക്ഷേ പൂർണിമയെ രക്ഷപെടുത്തുമ്പോൾ കുട്ടികളെ നഷ്ടപ്പെട്ടെന്ന് വരും. എന്തും ഫേസ് ചെയ്യാൻ റെഡിയായിട്ടിരിക്കണം." ഡോക്ടർ പുഷ്പാ റാണിയുടെ വാക്കുകൾ കേട്ട് നരേന്ദ്രൻ തളർന്നിരുന്നുപോയി. "നരാ... ഡോക്ടർ എന്ത് പറഞ്ഞു?" ഡോക്ടറുടെ ക്യാബിനിൽ നിന്ന് പുറത്തേക്കിറങ്ങി വരുന്ന നരേന്ദ്രനെ കണ്ട് യമുന ചോദിച്ചു. "പൂർണിമയ്ക്കോ കുഞ്ഞുങ്ങൾക്കോ എന്തെങ്കിലും സംഭവിക്കും. ആരെയൊക്കെ ജീവനോടെ കിട്ടുമെന്ന് അറിയില്ല. ഡോക്ടർ മാക്സിമം ശ്രമിക്കാമെന്നാണ് പറഞ്ഞത്. എനിക്ക് മൂന്നുപേരെയും ജീവനോടെ വേണം അമ്മേ... അവൾക്കും കുട്ടികൾക്കും എന്തെങ്കിലും സംഭവിക്കുന്നത് ചിന്തിക്കാൻ പോലും എനിക്കാവില്ല." "നീയിങ്ങനെ പേടിക്കല്ലേ മോനേ. പൂർണിമയ്ക്കും കുഞ്ഞുങ്ങൾക്കും ഒന്നും സംഭവിക്കില്ല. നമുക്ക് പ്രാർത്ഥിക്കാം." നരനെ സമാധാനിപ്പിക്കാൻ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും യമുനയുടെ ഉള്ളിൽ ഭീതി നിറയുകയായിരുന്നു.

ഹരിനാരായണൻ തിരുമേനിയുടെ വാക്കുകൾ അവരുടെ കാതുകളിൽ മുഴങ്ങി കേട്ട് കൊണ്ടിരുന്നു. ഹോസ്പിറ്റലിൽ, പൂർണിമയുടെയും നരേന്ദ്രന്റെയും വീട്ടുകാർ കാത്തിരിക്കുന്നുണ്ട്. എല്ലാ മുഖങ്ങളിലും ടെൻഷനാണ്. "അമ്മയ്ക്ക് പേടിയുണ്ടെന്ന് മുഖം കണ്ടാലറിയാം." നരൻ പറഞ്ഞത് കേട്ട് യമുനയുടെ മുഖമൊന്ന് വിളറി. "അത്‌ പിന്നെ നരാ... ഞാൻ പെട്ടെന്ന് ജ്യോത്സ്യൻ പറഞ്ഞ കാര്യങ്ങൾ ഓർത്തുപോയി." "ആ ജ്യോത്സ്യന്റെ വാക്ക് കേട്ടല്ലേ അമ്മയിപ്പോ പേടിച്ചിരിക്കുന്നത്. അവൾക്ക് അനാവശ്യ ടെൻഷൻ കൊടുത്ത് ഓരോന്ന് വരുത്തി വച്ചതിന് ഉത്തരവാദി അമ്മ മാത്രമാണ്. പൂർണിമയുടെ അശ്രദ്ധ കൊണ്ട് പ്രസവം ബുദ്ധിമുട്ടായിരിക്കുമെന്നും ഓപ്പറേഷനേ നടക്കുള്ളു ഒരു കുഞ്ഞിനെ മാത്രമേ ജീവനോടെ കിട്ടൂന്ന് കൂടി അയാൾ പറഞ്ഞിട്ടില്ലേ. പക്ഷെ, ഇവിടെയിപ്പോ അവളുടെ ജീവനും റിസ്ക്കിലാ. അതൊന്നും ജ്യോത്സ്യൻ പറഞ്ഞില്ലല്ലോ. അവളുടെ അശ്രദ്ധ കൊണ്ടല്ല ഇങ്ങനെയൊക്കെയായത്. എന്തെങ്കിലും സംഭവിച്ചുപോയിട്ട് നിങ്ങളെല്ലാരും അങ്ങനെ കൂടി പറഞ്ഞാൽ അവൾക്കത് സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല.

നിങ്ങളുടെയെല്ലാം കുറ്റപ്പെടുത്തൽ പേടിച്ചിട്ട് പാവത്തിന് സ്വന്തം വീട്ടിൽ പോലും പോകാൻ പറ്റിയില്ല. എല്ലാത്തിനും കാരണം അമ്മയാണ്. സത്യത്തിൽ സ്വസ്ഥതയും മനഃസമാധാനവും വേണ്ടിയിരുന്ന ഈ സമയങ്ങളിൽ നമ്മളെല്ലാവരും ചേർന്ന് ഓവർ കെയറിങ് നൽകി അവൾക്ക് അനാവശ്യ ടെൻഷൻ കൊടുത്തിട്ടാണ് ഇങ്ങനെയൊക്കെ ആയത്." ക്രോധത്തോടെ സ്വന്തം തലമുടിയിൽ പിച്ചി വലിച്ച് നരേന്ദ്രൻ അടുത്ത് കണ്ട ചെയറിലേക്ക് ഇരുന്നു. മകന്റെ സംസാരം കേട്ട് വിഷമത്തോടെ യമുന ശ്രീകണ്ഠന്റെ അടുത്ത് പോയി നിന്നു. "നരേട്ടനിങ്ങനെ അപ്പ്സെറ്റാവല്ലേ അവൾക്കും കുഞ്ഞുങ്ങൾക്കും ഒന്നും സംഭവിക്കില്ല. ഈ സമയത്ത് നരേട്ടനല്ലേ എല്ലാവർക്കും ധൈര്യം കൊടുക്കാൻ." പ്രവീൺ അവന്റെ അടുത്തായി വന്നിരുന്നു. "ഏട്ടത്തിയും മക്കളും സേഫായിരിക്കും. ഇങ്ങനെ ടെൻഷനാവല്ലേ നരേട്ടാ." നവീനും ചേട്ടന് ധൈര്യം പകർന്ന് അടുത്തിരുന്നു. ഗീത പ്രാർത്ഥനയോടെ കസേരയുടെ അങ്ങേ അറ്റത്തു ഇരിപ്പുണ്ടായിരുന്നു. എല്ലാ മുഖങ്ങളിലും ഭയവും ടെൻഷനുമാണ്.

പെട്ടെന്നാണ് ലേബർ റൂമിന്റെ വാതിൽ തുറന്ന് ഒരു നേഴ്സ് പുറത്തേക്ക് വന്നത്. "പൂർണിമയ്ക്ക് നരേന്ദ്രനെ കാണണമെന്ന് പറയുന്നു. ഒന്ന് വേഗം അകത്തേക്ക് വരാമോ." നേഴ്സ് അവനോട് ചോദിക്കേണ്ട താമസം നരേന്ദ്രൻ ചാടി പിടഞ്ഞ് എണീറ്റ് അവർക്ക് പിന്നാലെ അകത്തേക്ക് പോയി. നേഴ്സ് നൽകിയ യൂണിഫോം അണിഞ്ഞാണ് അവൻ പൂർണിമയെ കാണാനായി പോയത്. "സിസ്റ്റർ... പൂർണിമ ഓക്കേയാണോ?" അവർക്കൊപ്പം നടക്കുമ്പോൾ അവൻ ചോദിച്ചു. "ഒന്നും പറയാൻ പറ്റില്ല നരേന്ദ്രൻ. ഫ്ലൂയിഡ് മൊത്തം പോയ സ്ഥിതിക്ക് എപ്പോ വേണോ പ്രസവം ഉണ്ടാവും. കുട്ടികളുടെ ഹാർട് ബീറ്റ് ഡോക്ടർ ചെക്ക് ചെയ്യുന്നുണ്ട്. യൂട്രസ് ഓപ്പണായാൽ നോർമൽ ഡെലിവറി ഉണ്ടാകും. അല്ലെങ്കിൽ ഇമ്മീഡിയറ്റായിട്ട് സിസേറിയൻ ചെയ്യേണ്ടി വരും." നേഴ്സിന്റെ ഓരോ വാക്കുകളും പരിഭ്രമത്തോടെയാണ് അവൻ കേട്ടത്.

ഇരുവരും അപ്പോഴേക്കും പൂർണിമയുടെ അടുത്തെത്തിയിരുന്നു. "നരേട്ടാ... എ... നി... ക്ക് എനിക്കൊട്ടും വയ്യ നരേട്ടാ... ഞാനിപ്പോ മരിച്ചുപോവും." വയറ്റിൽ കയ്യമർത്തി വേദന കൊണ്ട് പുളയുകയാണ് പൂർണിമ. അവളുടെ അവസ്ഥ കണ്ട് നരേന്ദ്രന് വല്ലായ്മ തോന്നി. "ഡോക്ടർ... പൂർണിമ..." നരൻ പുഷ്പാ റാണിയെ സങ്കട ഭാവത്തിൽ നോക്കി. "നരേന്ദ്രൻ... പൂർണിമയ്ക്ക് നിങ്ങളും കൂടി ഒപ്പം വേണമെന്നാണ് പറയുന്നത്. ഈ ടൈം അവൾക്ക് സപ്പോർട്ട് ആയിട്ട് താനും കൂടെയുണ്ടാവണം. മാക്സിമം പൂർണിമയ്ക്ക് നോർമൽ ഡെലിവറി തന്നെയുണ്ടാകും. യൂട്രസ് ഓപ്പണായി തുടങ്ങിയിട്ടുണ്ട്. അമ്മയെയും കുഞ്ഞുങ്ങളെയും നമുക്ക് സേഫ് ആയി കിട്ടുമെന്ന് പ്രതീക്ഷിക്കാം." നരേന്ദ്രന് ആത്മവിശ്വാസം പകർന്ന് ഡോക്ടർ പറഞ്ഞു. അവരുടെ വാക്കുകൾ നരന് നൽകിയ ആശ്വാസം ചില്ലറയൊന്നുമല്ല. ഒരുനിമിഷം നെഞ്ചിൽ കൈവച്ചവൻ സകല ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിച്ചു. മരണ വേദനയിൽ തന്റെ കൈകളിൽ മുറുക്കി പിടിച്ച് പിടയുന്നവളെ അലിവോടെ നരേന്ദ്രൻ നോക്കി. "ഈ വേദന എനിക്ക് സഹിക്കാൻ പറ്റുന്നില്ല നരേട്ടാ...

ഇതിനേക്കാൾ ഭേദം ഞാൻ മരിച്ചു പോകുന്നതാ. എനിക്കെന്തെങ്കിലും പറ്റിയാലും നരേട്ടൻ നമ്മുടെ മക്കളെ പൊന്നുപോലെ നോക്കണം കേട്ടോ." ഒഴുകിയിറങ്ങുന്ന കണ്ണ് നീരിനിടയിലും ചുണ്ടുകൾ കടിച്ചമർത്തി അവൾ പറഞ്ഞു. "പൂർണിമേ... ഇങ്ങനെയൊന്നും പറഞ്ഞു എന്നെ വിഷമിപ്പിക്കരുത്. നിനക്കൊന്നും സംഭവിക്കില്ല... ഞാനില്ലേ നിന്റെ കൂടെ." അവളുടെ നെറുകയിൽ അവൻ മെല്ലെ തലോടി. 🍁🍁🍁🍁🍁 നിമിഷങ്ങൾ അതിവേഗം കടന്ന് പൊയ്ക്കൊണ്ടിരുന്നു. അതോടൊപ്പം പൂർണിമയ്ക്ക് പ്രസവ വേദന അധികരിക്കാനും തുടങ്ങി. "പൂർണിമാ... യൂട്രസ് മുഴുവനായും ഓപ്പണായിട്ടുണ്ട്. താനൊന്ന് ശക്തിയിൽ പുഷ് ചെയ്യൂ." ഡോക്ടർ ഡോക്ടർ അവളോട് മാക്സിമം പുഷ് ചെയ്യാൻ പറഞ്ഞുകൊണ്ടിരുന്നു. നരേന്ദ്രന്റെ കൈകളിൽ പിടിച്ചിരുന്ന പൂർണിമയുടെ വിരലുകൾക്ക് മുറുക്കം കൂടി. നട്ടെല്ല് തരിച്ചുപൊട്ടുന്ന വേദനയ്ക്കൊപ്പം അടിവയറ്റിൽ നിന്ന് അനുഭവപ്പെടുന്ന നോവ് അവളെ ക്ഷീണിതയാക്കി. "എന്നെകൊണ്ട് പറ്റുന്നില്ല ഡോക്ടർ..."

മുന്നോട്ട് ആയുന്നതിനിടയിൽ പിന്നിലേക്ക് തന്നെ തളർന്ന് വീണ് പൂർണിമ തേങ്ങി. "പൂർണിമാ... കുഞ്ഞ് പുറത്തേക്ക് വരുകയാണ്. കുട്ടിയുടെ തല കുടുങ്ങിപ്പോയാൽ ശ്വാസം കിട്ടില്ല." പുഷ്പ റാണിയുടെ വാക്കുകൾ അവളിൽ ഞെട്ടലുളവാക്കി. "നമ്മുടെ കുഞ്ഞുങ്ങളെ നിനക്ക് കാണണ്ടേ പൂർണിമേ. നിന്നെക്കൊണ്ട് പറ്റും.... നീ ഒന്നുകൂടി ആഞ്ഞു ശ്രമിക്ക്." നരേന്ദ്രനവളുടെ കൈകളെ ഇറുക്കിപ്പിടിച്ചു. കണ്ണുകൾ അടച്ച് ദീർഘമായൊന്ന് നിശ്വസിച്ചു കൊണ്ട് പൂർണിമ വീണ്ടും ആയാസപ്പെട്ട് പുഷ് ചെയ്ത് കൊണ്ടിരുന്നു. കുഞ്ഞിന്റെ തല പുറത്തെത്തുമ്പോൾ അവളിൽ നിന്നൊരു നിലവിളി ഉയർന്നു. അസ്ഥികൾ നുറുങ്ങി പൊട്ടി ജീവൻ പോകുന്ന വേദനയിൽ തനിക്ക് മുന്നിൽ കിടന്ന് വെപ്രാളപ്പെടുന്ന പ്രാണന്റെ പാതിയായവളെ നിറകണ്ണുകളോടെ നരേന്ദ്രൻ നോക്കി. അപ്പോഴാണ് ഡോക്ടർ പുഷ്പാ റാണിയുടെ കൈയിലിരുന്ന കുഞ്ഞിന്റെ കരച്ചിൽ ഇരുവരുടെയും കാതിൽ പതിഞ്ഞത്. "മോളാണ്..."

ഡോക്ടറുടെ സ്വരം അവരിൽ ആഹ്ലാദം നിറച്ചു. കൈയിലിരുന്ന കുഞ്ഞിനെ നേഴ്സിന് കൈമാറി കൊണ്ട് പുഷ്പ റാണിയുടെ ശ്രദ്ധ പൂർണിമയിലേക്ക് തിരിഞ്ഞു. രണ്ടാമത്തെ കുഞ്ഞും പുറത്തെത്തുമ്പോൾ പൂർണിമ ജീവച്ഛവം കണക്കെ ആയിക്കഴിഞ്ഞിരുന്നു. "മോനാണ്..." വിദൂരതയിൽ നിന്നെങ്ങോ പോലെ ഡോക്ടറുടെ വാക്കുകൾ ഇരുവരും കേട്ടു. ആദ്യമായി നേരിട്ടൊരു പ്രസവം കണ്ടതിന്റെ ഷോക്കിൽ നിൽക്കുകയാണ് നരേന്ദ്രൻ. പൂർണിമ പ്രസവിച്ച രണ്ട് കുഞ്ഞുങ്ങളെയും അവരെ ഒരു നോക്ക് കാണിച്ചിട്ട് ടവലിൽ പൊതിഞ്ഞെടുത്ത കുഞ്ഞുങ്ങളെ നേഴ്സുമാർ എൻ ഐ സി യുവിലേക്ക് കൊണ്ടുപോയി. അവളുടെ ഗർഭപാത്രത്തിൽ നിന്നും പുറത്തെടുത്ത മറുപിള്ളയെ കണ്ടതും നരേന്ദ്രന് തല കറങ്ങുന്നത് പോലെ തോന്നി. "നരേന്ദ്രന് ഇനി പുറത്ത് നിൽക്കാം. പന്ത്രണ്ട് മണിക്കൂർ ഒബ്സെർവേഷൻ കഴിഞ്ഞ് പൂർണിമയ്ക്ക് മറ്റ് കുഴപ്പങ്ങളൊന്നുമില്ലെങ്കിൽ റൂമിലേക്ക് മാറ്റും." "താങ്ക്യൂ ഡോക്ടർ..." ഡോക്ടറെ നോക്കി കണ്ണുകൾ തുടച്ച് അവൻ പറഞ്ഞു. "ഞാൻ പുറത്തുണ്ടാവും."

കണ്ണീർ വാർത്തുകൊണ്ട് ബെഡിൽ കുഴഞ്ഞു കിടക്കുന്ന പൂർണിമയുടെ നെറുകയിൽ ചുണ്ടമർത്തി നരേന്ദ്രൻ മന്ത്രിക്കും പോലെ പറഞ്ഞു. ആ നിമിഷം അറിയാതെതന്നെ അവനും കരഞ്ഞുപോയി. നാവൊന്ന് ചലിപ്പിക്കാനുള്ള ശക്തി പോലുമില്ലാതെ അവൻ പോകുന്നതും നോക്കി അവൾ കിടന്നു. 🍁🍁🍁🍁🍁 നരേന്ദ്രൻ പുറത്ത് വരുമ്പോൾ എല്ലാവരുടെയും മിഴികൾ ആകാംക്ഷയോടെ അവന് നേർക്ക് നീണ്ട് ചെന്നു. "പൂർണിമ പ്രസവിച്ചു... മോളും മോനുമാണ്." തന്റെ ചുറ്റും കൂടി നിന്നവരെ നോക്കി അവൻ പറഞ്ഞു. "നേഴ്സ് വന്ന് പറഞ്ഞു മോനേ... കുട്ടികളെ നീ കണ്ടോ." യമുനയാണ് അത് ചോദിച്ചത്. "കണ്ടു..." "പൂർണിമയ്ക്ക് എങ്ങനെയുണ്ട് മോനേ? അവൾക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലെ?" വേവലാതി പൂണ്ട ഗീതയുടെ ചോദ്യം കേട്ടപ്പോൾ നരേന്ദ്രന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു. തന്റെ അമ്മ ആദ്യം കുഞ്ഞുങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ പൂർണിമയുടെ അമ്മ തിരക്കിയത് അവരുടെ മകളെ കുറിച്ചാണ്. പേറ്റ് നോവിന്റെ വേദന സ്വന്തം അമ്മയേക്കാൾ മറ്റാര് മനസ്സിലാക്കാനാണ്. തന്റെ അമ്മയും ഇതുപോലെ വേദന സഹിച്ചാണ് തങ്ങളെ രണ്ട്.

പേരെയും പ്രസവിച്ചതെങ്കിലും പൂർണിമയുടെ വേദനകളെ അതുപോലെ മനസ്സിലാക്കാനും അവളെ കുറിച്ചോർത്ത് ആധി പിടിക്കാനും പെറ്റമ്മയ്ക്ക് മാത്രമേ കഴിയൂ എന്ന് നരേന്ദ്രനപ്പോൾ തിരിച്ചറിഞ്ഞു. "പൂർണിമയ്ക്ക് കുഴപ്പമില്ലമ്മേ..." മരുമകന്റെ വാക്കുകൾ കേട്ട് ഗീത ആശ്വാസത്തോടെ നെഞ്ചിൽ കൈവച്ചു. "കുഞ്ഞുങ്ങളെ നമുക്ക് കാണിച്ചുതരില്ലേ നരാ." യമുന ആകാംക്ഷയോടെ ചോദിച്ചു. "ഇല്ലമ്മേ... അവരെ എൻ ഐ സി യുവിലേക്ക് കൊണ്ട് പോയി. ഉടനെയൊന്നും കുട്ടികളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. മാസം തികയാതെയുള്ള ജനനമല്ലേ." തളർച്ചയോടെ അവൻ അടുത്ത് കണ്ട കസേരയിലേക്കിരുന്നു. അതേസമയം ശ്രീകണ്ഠനും യമുനയും പൂർണിമയുടെ ഡെലിവറി കഴിഞ്ഞ വിവരം ബന്ധുക്കളെ വിളിച്ചറിയിക്കാനായി ഫോണുമെടുത്ത് ഇടനാഴിയിലൂടെ മുന്നോട്ട് ധൃതിയിൽ നടന്നു.

ശിവദാസനും ഫോൺ വന്നപ്പോൾ അവിടെ നിന്ന് മാറി. നവീൻ ഫേസ്ബുക്കിലും ഇൻസ്റ്റയിലും വാട്സാപ്പിലുമൊക്കെ സ്റ്റാറ്റസ് ഇടുന്ന തിരക്കിലായിരുന്നു. "നരേട്ടാ... പൂർണിമയെ എപ്പോഴാ റൂമിലേക്ക് മാറ്റുന്നതെന്ന് ഡോക്ടർ പറഞ്ഞോ." പ്രവീൺ അവനരികിലായി വന്നിരുന്ന് ശബ്ദം താഴ്ത്തി ചോദിച്ചു. "പന്ത്രണ്ട് മണിക്കൂർ നേരത്തെ ഒബ്സെർവേഷൻ കഴിഞ്ഞ് കുഴപ്പമൊന്നുമില്ലെങ്കിൽ അവളെ റൂമിലേക്ക് മാറ്റുമെന്നാ ഡോക്ടർ പറഞ്ഞത്." "നരേട്ടന്റെ മുഖമെന്താ വല്ലാതിരിക്കുന്നത്. എന്തെങ്കിലും പ്രശ്നമുണ്ടോ. അകത്ത് നിന്ന് വന്നപ്പോൾ മുതൽ ഞാൻ നരേട്ടനെ ശ്രദ്ധിക്കുന്നുണ്ട്." "ഹേയ്... പ്രശ്നമൊന്നുമുണ്ടായിട്ടല്ല പ്രവീൺ. ആദ്യമായിട്ടല്ലേ ഒരു പ്രസവം നേരിട്ട് കാണുന്നത്. അതിന്റെ ഒരു ഷോക്ക് വിട്ട് മാറിയിട്ടില്ല..." അപ്പോഴും അവന്റെ ശരീരത്തെ ബാധിച്ച വിറയൽ പൂർണ്ണമായും വിട്ട് മാറിയിരുന്നില്ല. "അത്രയ്ക്കും പെയിൻ ഫുള്ളാണോ നരേട്ടാ..." ആശങ്ക മറച്ച് പിടിക്കാതെ പ്രവീൺ ചോദിച്ചു. "നമ്മൾക്കൊന്നും സ്വപ്നത്തിൽ പോലും ചിന്തിക്കാൻ പറ്റില്ല പ്രവീൺ...

എല്ലാം കൂടെ കണ്ടപ്പോൾ തലകറങ്ങി വീഴുമോന്ന് ഞാൻ പേടിച്ചുപോയി." മുഖത്തെ വിയർപ്പ് കണങ്ങൾ കർച്ചീഫ് കൊണ്ടൊപ്പി നരൻ അടുത്ത് കണ്ട കസേരയിലേക്കിരുന്നു. "നരേട്ടൻ കുറച്ചു വെള്ളം കുടിക്ക്." കൈയിലിരുന്ന മിനറൽ വാട്ടറിന്റെ കുപ്പി അവന് നേരെ പ്രവീൺ നീട്ടിപ്പിടിച്ചു. തൊണ്ട വരണ്ട് പൊട്ടി ദാഹിച്ചിരുന്നതിനാൽ നരേന്ദ്രൻ വെള്ള കുപ്പി വാങ്ങി അടപ്പ് തുറന്ന് വായിലേക്ക് കമഴ്ത്തി. "അവൾക്കും കുഞ്ഞുങ്ങൾക്കും സീരിയസ് ആണെന്ന് കേട്ടപ്പോൾ മുതൽ ടെൻഷനടിച്ച് ഇരിക്കയായിരുന്നു നരേട്ടാ. ഒരു കുഴപ്പവുമില്ലെന്ന് അറിഞ്ഞപ്പോഴാ സമാധാനമായത്." ആത്മാർത്ഥമായിട്ടാണ് പ്രവീണത് പറഞ്ഞത്. പെങ്ങളോടുള്ള അവന്റെ സ്നേഹം പ്രവീണിന്റെ വാക്കുകളിൽ പ്രകടമായിരുന്നു. "എനിക്കും..." നരേന്ദ്രൻ നെടുവീർപ്പിട്ടുകൊണ്ട് കസേരയിലേക്ക് ചാഞ്ഞ് മിഴികളടച്ചു.

അവന്റെ കണ്മുന്നിലൂടെ കുറച്ച് മുൻപ് കണ്ട രംഗങ്ങൾ കടന്ന് പോയി. തന്റെ കുഞ്ഞുങ്ങളെ പ്രസവിക്കാനായി പൂർണിമ അനുഭവിച്ച മരണ വേദന നേരിട്ട് കണ്ടറിഞ്ഞതിനാൽ നരേന്ദ്രനവളോട് അതുവരെ അവളോടുണ്ടായിരുന്ന സ്നേഹം പതിന്മടങ്ങായി കൂടി. അതേസമയം ലേബർ റൂമിനുള്ളിൽ പൂർണിമ ജീവന്മരണ പോരാട്ടത്തിലായിരുന്നു. "ഡോക്ടർക്ക്... പൂർണിമയ്ക്ക് ബ്ലീഡിങ് നിൽക്കുന്നില്ല." ആധിയോടെയുള്ള നേഴ്സിന്റെ സംസാരം കേട്ട് ഡോക്ടർ അവളുടെ അടുത്ത് വന്ന് കവിളിൽ തട്ടി വിളിച്ചു. "പൂർണിമാ... പൂർണിമേ..." പൂർണിമയുടെ ഓർമ്മകൾ പൂർണമായും മറഞ്ഞിരുന്നു. അവൾ വിളിച്ചിട്ട് കണ്ണ് തുറക്കാതായപ്പോൾ ഡോക്ടർ പൂർണിമയുടെ കൈത്തണ്ട പിടിച്ച് പൾസ് നോക്കി. പെട്ടെന്നവരുടെ മുഖം വിവർണമായി...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story