മാലയോഗം: ഭാഗം 36

malayogam shiva

രചന: ശിവ എസ് നായർ

പൂർണിമയ്ക്ക് പൾസ് റേറ്റ് കുറയുന്നതിനാൽ അവളുടെ ആരോഗ്യനിലയിൽ സംശയം തോന്നിയ ഡോക്ടർ അവളെ ഇമ്മീഡിയറ്റായിട്ട് ഐ സി യു വിലേക്ക് ഷിഫ്റ്റ് ചെയ്തു. കുറച്ചു മണിക്കൂറുകൾ ബ്ലീഡിങ് നിലയ്ക്കാതെ തുടരുന്നത് ഡോക്ടറെയും ആശങ്കയിലാഴ്ത്തി. പക്ഷേ പിന്നീട് ബ്ലീഡിങ് കുറഞ്ഞു വരുകയും അവളുടെ ആരോഗ്യ സ്ഥിതി നോർമലാകാനും തുടങ്ങിയപ്പോൾ ഡോക്ടറിനും ആശ്വാസം തോന്നി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവളൊന്ന് ഓക്കേയായി തുടങ്ങിയെങ്കിലും പൂർണിമ ആരോഗ്യം വീണ്ടെടുത്ത ശേഷം ഐ സി യുവിൽ നിന്ന് ഷിഫ്റ്റ് ചെയ്യാമെന്ന തീരുമാനത്തിലായിരുന്നു ഡോക്ടർ പുഷ്പ റാണി. എൻ ഐ സി യുവിലെ അഡ്മിറ്റാക്കിയ കുട്ടികളെ ഫീഡ് ചെയ്യാനായി നേഴ്സുമാർ തന്നെയാണ് പൂർണിമയുടെ ബ്രെസ്റ്റിൽ നിന്നും പാല് പിഴിഞ്ഞെടുത്തത്. നെഞ്ചിൽ നിന്നും പാല് പിഴിഞ്ഞെടുക്കുമ്പോൾ അവൾക്ക് നല്ല വേദന തോന്നിയെങ്കിലും കുഞ്ഞുങ്ങളുടെ മുഖം മനസ്സിലോർത്ത് അവളതൊക്കെ സഹിച്ച് പിടിച്ചു. പൂർണിമയെ പിന്നീട് കാണാൻ പറ്റാത്തത് കൊണ്ട് നരേന്ദ്രന് ടെൻഷനൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല.

നരേന്ദ്രനെ അത്രയും വിഷമിച്ച് അവരെല്ലാവരും കാണുന്നത് ആദ്യമായിട്ടാണ്. ഒരുതുള്ളി വെള്ളം പോലും തൊണ്ടയിൽ നിന്നിറക്കാൻ കഴിയാനാവാതെ ഐ സി യുവിന് മുന്നിൽ നിന്നും മാറാതെ അവനവിടെ ഒരേ ഇരിപ്പിരുന്നു. എൻ ഐ സി യുവിലുള്ള കുഞ്ഞുങ്ങളിൽ ഒരാളുടെ അവസ്ഥയും കുറച്ച് കോംപ്ലിക്കേറ്റഡായിരുന്നു. എല്ലാംകൊണ്ടും പൂർണിമയുടെയും നരേന്ദ്രന്റെയും വീട്ടുകാർ ആകെ ടെൻഷനിലായി. ഇരുകൂട്ടരും പ്രാർത്ഥനയോടെ കഴിച്ച് കൂട്ടിയ മണിക്കൂറുകൾ... ഹോസ്പിറ്റലിൽ എല്ലാവർക്കും നിൽക്കാൻ അനുമതിയില്ലാത്തതിനാൽ നരേന്ദ്രനും പ്രവീണും ഗീതയുമൊഴികെ ബാക്കിയെല്ലാവരും തിരിച്ച് വീട്ടിലേക്ക് പോയിരുന്നു. കുഞ്ഞുങ്ങളെ ഒരുനോക്ക് കാണാൻ പറ്റാത്തതിനാൽ യമുനയ്ക്ക് ഹോസ്പിറ്റലിൽ നിന്നും പോകാൻ മനസ്സ് വരുന്നുണ്ടായിരുന്നില്ല. നവീനാണ് അവരെ നിർബന്ധിപ്പിച്ച് മുല്ലശ്ശേരിയിലേക്ക് കൊണ്ട് പോയത്. ബ്ലീഡിങ് കൂടുതലായിട്ട് പൂർണിമയ്ക്ക് അത്യാവശ്യമായി ബ്ലഡ്‌ വേണ്ടി വന്നപ്പോൾ നരേന്ദ്രനും നവീനും പ്രവീണുമാണ് ബ്ലഡ്‌ നൽകിയത്.

സിറ്റുവേഷൻ ഇത്രത്തോളം മോശമാകുമെന്ന് നരേന്ദ്രനൊരിക്കലും പ്രതീക്ഷിച്ചതല്ല. പ്രസവമെന്ന സംഗതി അത്ര ഈസിയായ കാര്യമല്ലെന്നും ഓരോ സ്ത്രീയും ഒരു കുഞ്ഞിന് ജന്മം നൽകാൻ എത്രത്തോളം വേദന സഹിക്കുന്നുണ്ടെന്നും പൂർണിമയുടെ പ്രസവം നേരിട്ട് കണ്ടതോടെ അവന് മനസ്സിലായി. ആ വേദനകളൊക്കെ മറന്ന് പൂർണ്ണമായി ആരോഗ്യം പോലും വീണ്ടെടുക്കാതെ എത്ര പെട്ടെന്നാണവർ കുടുംബത്തിന് വേണ്ടി തന്റെ ജീവിതം തന്നെ ഉഴിഞ്ഞു വയ്ക്കുന്നത്. ഓരോ ചിന്തകളിൽ പെട്ടുഴറുന്ന മനസ്സുമായി ഉറക്കം പോലും നഷ്ടപ്പെട്ട് നരേന്ദ്രനാകെ ക്ഷീണിതനായി കാണപ്പെട്ടു. 🍁🍁🍁🍁🍁 നാലാം ദിവസം ഉച്ചയോടെ പൂർണിമയെ റൂമിലേക്ക് കൊണ്ട് വന്നു. ബൈസ്റ്റാൻഡേഴ്സായി രണ്ട് പേരിൽ കൂടുതൽ പാടില്ലെന്നും വിസിറ്റേഴ്സ് വരാൻ പാടില്ലെന്നും ഡോക്ടർ കർശനമായി പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അവളെ റൂമിലേക്ക് മാറ്റിയതറിഞ്ഞിട്ട് ആർക്കും അവിടേക്ക് വരാൻ കഴിഞ്ഞില്ല. ഹെഡ് റെസ്റ്റിൽ ചാരിയിരിക്കാൻ നരേന്ദ്രനും പൂർണിമയെ സഹായിച്ചു. ഇപ്പൊ പൂർണിമയ്ക്ക് വലിയ കുഴപ്പമില്ല.

എൻ ഐ സി യുവിലുള്ള കുഞ്ഞുങ്ങൾക്ക് രണ്ട് മണിക്കൂർ കൂടുമ്പോൾ പാല് പിഴിഞ്ഞു കൊണ്ട് കൊടുക്കണമെന്ന് നേഴ്സ് പറഞ്ഞിരുന്നു. ഇരട്ട കുട്ടികളായതിനാൽ ഇരുവർക്കും മതിയായ അളവിൽ പാല് ഊറി വരാനായി ഡോക്ടർ അവൾക്ക് പാല് കൂടാനുള്ള മരുന്ന് നൽകിയിരുന്നു. കുട്ടികൾക്ക് കൊടുക്കാനായി ഓരോ തവണയും ബ്രെസ്റ്റ് ഞെക്കിപ്പിഴിഞ്ഞ് പാലെടുക്കുമ്പോൾ കണ്ണുകൾ മുറുക്കിയടച്ച് വേദന സഹിച്ചിരിക്കുന്ന പൂർണിമയെ കാണുമ്പോൾ നരേന്ദ്രന് അവളോട് അലിവ് തോന്നി. മകളുടെ വേദന കാണുമ്പോൾ ഗീതയ്ക്കും കണ്ണുകൾ നിറയും. കൈകൊണ്ട് പാൽ പിഴിഞ്ഞെടുക്കാനല്ലാതെ വേറെ വഴിയൊന്നും അവർക്കറിയില്ലായിരുന്നു. പാൽ പിഴിഞ്ഞെടുക്കുമ്പോഴുള്ള പൂർണിമയുടെ കഷ്ടപ്പാടും നോവും കണ്ട് നരേന്ദ്രനോട്‌ ഒരു നേഴ്സ് വന്ന് ഇലക്ട്രിക് ബ്രെസ്റ്റ് പമ്പ് വാങ്ങിയാൽ കുറേകൂടി ഈസിയായി പാൽ പമ്പ് ചെയ്തെടുക്കാമെന്ന് പറഞ്ഞു. അത് കേട്ടപാതി നരേന്ദ്രൻ ഇലക്ട്രിക് ബ്രെസ്റ്റ് പമ്പ് വാങ്ങി വന്നു. അത് പൂർണിമയ്ക്ക് ഏറെ ആശ്വാസം നൽകി.

തന്റെ വേദനകളും കഷ്ടപ്പാടുകളും സ്വന്തം പോലെ കണ്ട് കൂടെ നിന്ന് പരിചരിക്കുന്ന നരേന്ദ്രനോട്‌ അവൾക്ക് അതിയായ സ്നേഹം തോന്നി. പാല് കൂടാനുള്ള മരുന്ന് കഴിക്കുന്നത് കൊണ്ട് അവൾക്ക് അത്യാവശ്യം പാൽ പമ്പ് ചെയ്തെടുക്കാൻ പറ്റുന്നുണ്ടായിരുന്നു. പാൽ കുറവുള്ള സമയങ്ങളിൽ നേഴ്സുമാർ കുട്ടികൾക്ക് പൊടിപാലും കൊടുത്ത് പോന്നു. പൂർണിമയെ റൂമിലേക്ക് മാറ്റിയത് മുതൽ അവളെ കുളിപ്പിക്കുന്നതും വസ്ത്രം മാറ്റിക്കുന്നതും മരുന്ന് കൃത്യമായി എടുത്ത് കൊടുക്കുന്നതെല്ലാം നരേന്ദ്രൻ തന്നെയാണ്. ഗീതയെ ഒന്നും ചെയ്യാൻ അവനനുവദിച്ചിരുന്നില്ല. രാത്രി പൂർണിമയ്ക്കുള്ള അത്താഴം കഞ്ഞിയായിരുന്നു. നരേന്ദ്രൻ അവൾക്കത് സ്പൂണിൽ കോരി കൊടുക്കുന്ന സമയത്താണ് അവന്റെ ഫോൺ റിംഗ് ചെയ്തത്. "മോനേ... അമ്മയാ വിളിക്കുന്നത്." മേശപ്പുറത്തിരുന്ന മൊബൈൽ എടുത്ത് അവന് നേർക്ക് നീട്ടി ഗീത പറഞ്ഞു. "ഞാൻ പിന്നെ തിരിച്ചു വിളിച്ചോളാം അമ്മേ." "അത് വേണ്ട മോനേ... എടുത്ത് സംസാരിക്ക്. ബാക്കി കഞ്ഞി ഞാൻ കൊടുക്കാം."

ഗീത നിർബന്ധപൂർവ്വം അവന്റെ കൈയ്യിൽ നിന്ന് കഞ്ഞി പാത്രം വാങ്ങി. നരേന്ദ്രൻ ഫോണുമായി റൂമിന് പുറത്തേക്ക് ഇറങ്ങി. "എന്താ അമ്മേ വിളിച്ചേ?" "നീ തിരക്കിലാണോ നരാ." "ഇല്ലമ്മേ... അമ്മ വിളിച്ച കാര്യം പറയ്യ്." "നാളെ ഞാനും അച്ഛനും ഹോസ്പിറ്റലിലേക്ക് വരട്ടെ നരാ." "ഇങ്ങോട്ട് വന്നിട്ടിപ്പോ എന്ത് ചെയ്യാനാ അമ്മേ. അത് മാത്രല്ല വിസിറ്റേഴ്‌സിനെയൊന്നും ഇവിടെ അനുവദിക്കില്ലെന്ന് അമ്മയ്ക്കറിയില്ലേ." "അതറിയാം മോനേ. പൂർണിമയ്ക്കിപ്പോ വേറെ പ്രശ്നമൊന്നുമില്ലല്ലോ. അതുകൊണ്ട് ഒന്നോ രണ്ടോ പേർക്കൊക്കെ കാണാൻ വരാൻ പെർമിഷൻ ചോദിച്ചൂടെ ഡോക്ടറോട്." "അമ്മായിങ്ങനെ മണ്ടത്തരം പറയല്ലേ. പുറത്ത് നിന്ന് ആളുകൾ വന്ന് കണ്ടിട്ട് അവൾക്ക് വേറെ അണുബാധയോ അസുഖമോന്നും വരാതിരിക്കാനാ ഡോക്ടർ ആരെയും കാണാൻ അനുവദിക്കാത്തത്." "എടാ മോനേ നീയും ഗീതയും എൻ ഐ സി യുവിൽ പോയപ്പോ കുഞ്ഞുങ്ങളെ കണ്ടതല്ലേ. എനിക്കും അവരെക്കാണാൻ ആഗ്രഹമുണ്ടാവില്ലേ. ഇനി മുതൽ പൂർണിമയ്‌ക്കൊപ്പം ഹോസ്പിറ്റലിൽ ബൈസ്റ്റാൻഡറായിട്ട് നിന്റെ കൂടെ ഞാനും നിൽക്കാം.

ഗീതയോട് ഇനി വീട്ടിൽ പൊയ്ക്കോളാൻ പറയ്യ്." "അമ്മ ഇവിടെ വന്ന് നിന്നാൽ ശരിയാവില്ല. പൂർണിമയ്ക്ക് അവളുടെ അമ്മ കൂടെ നിൽക്കുന്നതായിരിക്കില്ലേ ഇഷ്ടം. പിന്നെ കുഞ്ഞുങ്ങളെ വീട്ടിലേക്ക് കൊണ്ട് വരുമ്പോ അമ്മയ്ക്ക് കാണാലോ. മോൾടെ ആരോഗ്യം അല്ലെങ്കിൽ തന്നെ കുറച്ചു മോശമാണ്. അതിനിടയിലാ അമ്മയുടെ ഓരോ വേണ്ടാത്ത ആഗ്രഹങ്ങൾ." "രണ്ട് മൂന്ന് ദിവസം കൊണ്ട് നീയൊത്തിരി മാറിപ്പോയി നരാ. നിന്റെ ഭാര്യ മാത്രമല്ല പ്രസവിച്ചിട്ടുള്ളത്. ഞാനും രണ്ട് പെറ്റതാ. അത് നീ മറക്കണ്ട. എന്റെ മോന്റെ മക്കളെയൊന്ന് കാണാൻ എനിക്കും കാണില്ലേ ആഗ്രഹം." "അമ്മ എന്തൊക്കെ പറഞ്ഞാലും ഇവിടേക്ക് വരാൻ പറ്റില്ല. ഡോക്ടർ വന്ന് കണ്ടാൽ നല്ല വഴക്ക് കിട്ടും. അമ്മയ്ക്ക് കുറച്ചു കൂടെ ക്ഷമ കാണിച്ചൂടെ." "ഞാൻ വരുന്നില്ല... നീ നിന്റെ ഇഷ്ടം പോലെ എന്താന്ന് വച്ചാ ചെയ്യ്. നിന്നോട് ഇക്കാര്യം ചോദിച്ച എന്നെ പറഞ്ഞാ മതിയല്ലോ." ദേഷ്യത്തോടെ യമുന കാൾ കട്ട്‌ ചെയ്തു. അമർഷത്തോടെ ഫോൺ പോക്കറ്റിൽ തിരുകി അവൻ റൂമിലേക്ക് പോയി.

"അമ്മയെന്തിനാ നരേട്ടാ വിളിച്ചത്." അകത്തേക്ക് കയറി വരുന്ന നരേന്ദ്രനെ കണ്ട് അവൾ ചോദിച്ചു. "അമ്മയ്ക്കിങ്ങോട്ട് വരണോന്ന് പറയാനാ. നിന്റെ കൂടെ ഇനി അമ്മ നിൽക്കാമെന്ന് പറഞ്ഞു." പൂർണിമയുടെ മുഖത്തെ ഭാവങ്ങൾ വീക്ഷിച്ചുകൊണ്ട് അവൻ അവൾക്കരികിൽ വന്നിരുന്നു. "എന്നിട്ട് നരേട്ടനെന്ത് പറഞ്ഞു? വരാൻ സമ്മതിച്ചോ?" പൂർണിമയുടെ മുഖത്ത് വിഷാദം പടർന്നു. "ഇല്ല, ഞാൻ വേണ്ടെന്ന് പറഞ്ഞു. അല്ലെങ്കിൽ തന്നെ പുറത്ത് നിന്ന് ആരും കാണാൻ വരരുതെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുണ്ട്. അപ്പോഴാണ് അമ്മേടെ ഓരോ ആവശ്യങ്ങൾ." അത് കേട്ടതും അവൾക്ക് ആശ്വാസം തോന്നി. നന്ദിയോടെ പൂർണിമ അവനെ നോക്കി. "യമുനേച്ചിക്ക് ദേഷ്യവോ മോനേ. ഇവള്ടെ കൂടെ ഞാൻ നിന്നാലേ ശരിയാവൂ. പ്രസവിച്ചു കിടക്കുന്ന പെണ്ണുങ്ങളെ നോക്കാൻ ഇത്തിരി ക്ഷമ വേണം. എപ്പഴാ ഇവർക്ക് ദേഷ്യോം സങ്കടോം വരാന്ന് പറയാൻ പറ്റില്ല. അതൊക്കെ സഹിക്കാൻ സ്വന്തം അമ്മയോളം മറ്റാർക്കും പറ്റില്ല." ഗീതയുടെ വാക്കുകൾ കേട്ടപ്പോൾ അത് ശരിയാണെന്ന് നരേന്ദ്രനും തോന്നി.

കാരണം, പൂർണിമയുടെ ഓരോ സമയത്തെ മൂഡ് സ്വിങ്സ് അവൻ കാണുന്നുണ്ട്. ചിലപ്പോൾ ഒരു കാരണവുമില്ലാതെ ഇരുന്ന് കരയുകയും കുട്ടികളുടെ ആരോഗ്യത്തെ കുറിച്ചോർത്തുള്ള ആശങ്കയും പെട്ടെന്ന് ദേഷ്യം വന്ന് പൊട്ടി തെറിക്കുന്നതുമൊക്കെ നരേന്ദ്രന്റെ മനസ്സിലൂടെ കടന്ന് പോയി. "അത് എനിക്കും അറിയാം അമ്മേ." പോസ്റ്റ്‌ പാർട്ടം ഡിപ്രെഷനെ കുറിച്ചൊക്കെ ഡോക്ടർ അവനോട് ക്ലിയറായി പറഞ്ഞു കൊടുത്തിട്ടുള്ളത് കൊണ്ട് നരേന്ദ്രൻ ക്ഷമയോടെയാണ് പൂർണിമയുടെ കൂടെ നിൽക്കുന്നത്. ഗീതയും, താനീ അവസ്ഥകളിലൂടെ കടന്ന് പോയിട്ടുള്ളത് കൊണ്ട് മകൾക്ക് വേണ്ട കെയറിങ് നല്ല രീതിയിൽ തന്നെ നൽകുന്നുണ്ട്. 🍁🍁🍁🍁🍁 നരേന്ദ്രൻ യമുനയോട് ഹോസ്പിറ്റലിലേക്ക് വരണ്ടെന്ന് പറഞ്ഞെങ്കിലും അവർ വാശിയിലായിരുന്നു. പിറ്റേ ദിവസം രാവിലെ ശ്രീകണ്ഠൻ ഓഫീസിലേക്ക് പോയതും നവീനോട് പോലും പറയാതെ യമുന ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു. പൂർണിമയെ കുളിപ്പിച്ച് റൂമിൽ കൊണ്ട് വന്ന് അവളുടെ നനഞ്ഞ മുടി തുവർത്തി കൊടുക്കുക്കുകയായിരുന്നു നരേന്ദ്രൻ.

ഗീത, അവൾക്ക് കഴിക്കാനുള്ള ഭക്ഷണം പ്ളേറ്റിലേക്ക് എടുത്ത് വയ്ക്കുകയായിരുന്നു. അപ്പോഴാണ് റൂമിന്റെ കതകിന് ആരോ തട്ടുന്ന ശബ്ദം അവർ കേട്ടത്. ഡോക്ടർ ഇത്രവേഗം റൗണ്ട്സിന് വന്നോന്ന് ചിന്തിച്ചുകൊണ്ടാണ് ഗീത ചെന്ന് വാതിൽ തുറന്നത്. മുന്നിൽ പുഞ്ചിരി തൂകി നിൽക്കുന്ന യമുനയെ കണ്ടതും അവരുടെ മുഖമൊന്ന് മങ്ങി. "യമുനേച്ചിയോ... അകത്തേക്ക് വാ ചേച്ചി." അനിഷ്ടം പ്രകടിപ്പിക്കാതെ അവർ പെട്ടെന്ന് ചിരിച്ചു കൊണ്ടവരെ അകത്തേക്ക് ക്ഷണിച്ചു. തനിക്കരികിലേക്ക് നടന്ന് വരുന്ന യമുനയെ കണ്ട് പൂർണിമ കഷ്ടപ്പെട്ട് മുഖത്ത് ചിരി വരുത്തി. പക്ഷേ നരേന്ദ്രൻ അമ്മയെ കണ്ട് ദേഷ്യത്തോടെ ചാടിയെഴുന്നേറ്റു. "അമ്മയോട് ഞാനിന്നലെ ഇങ്ങോട്ട് വരരുതെന്നല്ലേ പറഞ്ഞത്. ഡോക്ടർ ഇപ്പൊ റൗണ്ടിസിന് വരും. അന്നേരം അമ്മയെ ഇവിടെ കണ്ടാൽ എനിക്കാണ് വഴക്ക് കിട്ടുന്നത്. അമ്മ വേഗം പോവാൻ നോക്ക്." നരേന്ദ്രൻ യമുനയ്ക്ക് നേരെ കലിതുള്ളി. "ഇന്ന് മുതൽ നിങ്ങളുടെ കൂടെ ഞാൻ നിന്നോളാം. ഗീത വീട്ടിൽ പൊയ്ക്കോ. കുറേ ദിവസായില്ലേ വീട്ടിലേക്ക് പോയിട്ട്." യമുന രണ്ട് കല്പിച്ചാണ് വന്നിരിക്കുന്നതെന്ന് അവരുടെ സംസാരത്തിൽ നിന്നും പൂർണിമയ്ക്ക് ബോധ്യമായി. അവൾ സങ്കടത്തോടെ നരേന്ദ്രനെ നോക്കി. യമുനയ്ക്ക് മുന്നിൽ എതിർത്ത് പറയാനാവാതെ ഉത്തരം മുട്ടി നിൽക്കുകയാണ് ഗീത...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story