മാലയോഗം: ഭാഗം 37

malayogam shiva

രചന: ശിവ എസ് നായർ

"അമ്മയോട് ഞാൻ പറഞ്ഞതല്ലേ പൂർണിമയ്ക്ക് ഇപ്പൊ ആവശ്യം അവളുടെ അമ്മയുടെ പ്രെസെൻസാണെന്ന്. പിന്നെ അമ്മയെന്തിന് വന്ന് നിൽക്കണം." നരേന്ദ്രൻ രോഷമടക്കി. "ഇത്രേം നാൾ പൂർണിമയെ പരിചരിക്കാൻ എനിക്കറിയാമെങ്കിൽ ഇനിയും എനിക്കത് ആയിക്കൂടെ നരാ. ഗീതയ്ക്ക് ബുദ്ധിമുട്ടുണ്ടോ ഞാനിവിടെ നിൽക്കുന്നതിൽ." മുഖത്ത് സങ്കടം ഭാവിച്ച് അവർ ചോദിച്ചു. "ഇല്ല ചേച്ചി... ചേച്ചിയിവളെ നന്നായി നോക്കുമെന്ന് എനിക്കറിയാലോ. അവളെ ഒരു കുറവും അറിയിക്കാതെ ഇത്രയും നാൾ നോക്കിയത് ചേച്ചി തന്നെയല്ലേ." യമുനയോട് എതിർത്ത് പറയാൻ ധൈര്യമില്ലാത്തത് കൊണ്ട് ഗീത അങ്ങനെയൊരു മറുപടിയാണ് പറഞ്ഞത്. "നീ കേട്ടല്ലോ നരാ... ഗീതയ്ക്ക് ഞാനിവിടെ നിൽക്കുന്നതിൽ കുഴപ്പമില്ല. അതുകൊണ്ട് ഗീത വീട്ടിൽ പൊയ്ക്കോട്ടേ. പൂർണിമയുടെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം."

"അതൊന്നും ശരിയാവില്ല... അമ്മയൊന്ന് ബുദ്ധിമുട്ടിക്കാതെ ഡോക്ടർ വരുന്നതിന് മുൻപ് വീട്ടിൽ പോവാൻ നോക്ക്. ഡോക്ടർ വരുമ്പോ മൂന്നുപേരെ കണ്ടാൽ നല്ല വഴക്ക് കിട്ടും." "നിനക്കിത് എന്താ നരാ... ഞാനിവിടെ നിന്നാൽ ആർക്കെന്ത് ബുദ്ധിമുട്ടാ. ഗീതയ്ക്ക് വീട്ടിൽ പോകുന്നതിൽ ഒരു കുഴപ്പവുമില്ല. പിന്നെ നിനക്കാണോ ഞാനിവിടെ നിക്കുന്നത് ഇഷ്ടമില്ലാത്തത്." യമുന പരിഭവിച്ചു. "നരേട്ടനല്ല... അമ്മ നിൽക്കുന്നത് എനിക്കാ ഇഷ്ടമില്ലാത്തത്. ഇത്രേം നാൾ അമ്മ തന്നെയല്ലേ എന്നെ നോക്കിയത്. ഇനി കുറച്ചു നാൾ എന്റെ കാര്യങ്ങൾ എന്റെ അമ്മ തന്നെ നോക്കിക്കോളും. എത്ര നാളായി ഞാനെന്റെ അമ്മേടെ കൂടെ നിന്നിട്ട്. അതുകൊണ്ട് യമുനാമ്മ വീട്ടിലേക്ക് പൊയ്ക്കോ. എനിക്കിപ്പോ എന്റെ അമ്മ അടുത്ത് വേണമെന്നാണ് ആഗ്രഹം. അമ്മേം രണ്ട് മക്കളെ പ്രസവിച്ചതല്ലേ. ഈ സമയത്തെ ബുദ്ധിമുട്ടുകൾ ഞാൻ തന്നെ പറഞ്ഞു തരണോ?"

പൂർണിമ അങ്ങനെ തുറന്നടിച്ചു പറയുമെന്ന് നരേന്ദ്രനും ഗീതയും പ്രതീക്ഷിച്ചതല്ല. അവൾ പോലുമറിയാതെ പെട്ടെന്നാണ് പൂർണിമ തന്റെ മനസ്സിൽ തോന്നിയതൊക്കെ അവരോട് വിളിച്ചു പറഞ്ഞത്. പറഞ്ഞു കഴിഞ്ഞു യമുനയുടെ മുഖം കണ്ടപ്പോഴാണ് അത്രയും കടുപ്പിച്ചു പറയണ്ടായിരുന്നുവെന്ന് അവൾക്കും തോന്നിയതും. "കൊള്ളാം പൂർണിമേ... നന്നായിട്ടുണ്ട്. ഇത്രേം നാൾ നിന്നെ താഴത്തും തറയിലും വയ്ക്കാതെയാ ഞാൻ നോക്കിയത്. ആ എന്നോട് തന്നെ നീ ഇങ്ങനെയൊക്കെ പറയണം. നിന്റെ അമ്മ നോക്കുന്നതിനേക്കാൾ കാര്യമായി എല്ലാ സുഖവും സൗകര്യവും ആവോളം തന്ന് നിന്നെ നോക്കിയതിന് എനിക്കിത് തന്നെ കിട്ടണം. എപ്പോഴെങ്കിലും എന്തെങ്കിലും കുറവറിയിച്ചിട്ടുണ്ടോ ഞാൻ നിനക്ക്. നിന്റെ വീട്ടുകാരെ പോലും ഒന്നിനും ബുദ്ധിമുട്ടിക്കാതെ എല്ലാം നോക്കിയ എന്നെ കാര്യം കഴിഞ്ഞപ്പോ നിനക്ക് വേണ്ട.

എന്റെ മോന്റെ കൊച്ചുങ്ങളെ പോലും ഞാനൊന്ന് കണ്ടില്ല... അല്ലേലും ഞാൻ നിന്റെ അമ്മയല്ലല്ലോ അമ്മായി അമ്മയല്ലേ. സ്വന്തം മോളെ പോലെ കണ്ട് നിന്നെ ഞാൻ എത്രയൊക്കെ കാര്യമായിട്ട് നോക്കിയിട്ടും സ്നേഹിച്ചിട്ടും ഒരു കാര്യവുമില്ലെന്ന് ഇപ്പൊ എനിക്ക് ബോധ്യമായി. മോള് പറഞ്ഞത് ഗീത കേട്ടില്ലേ... ഇനിയൊരു നിമിഷം പോലും ഞാനിവിടെ നിൽക്കില്ല. നിന്റെ കൂടെ നിക്കാൻ ഓടിവന്ന എന്നെ ഇത്രയ്ക്ക് അപമാനിക്കണ്ടായിരുന്നു പൂർണിമേ. ആരുടെയെങ്കിലും അടുക്കളയിൽ കിടന്ന് നരകിക്കേണ്ട നിന്നെ നല്ലൊരു ജീവിതം തന്ന് ഇത്ര വരെ എത്തിച്ചത് ഞാനാണെന്ന് മറക്കണ്ട." നിറഞ്ഞ കണ്ണുകൾ തുടച്ച് മരുമകളിൽ നിന്നേറ്റ അപമാനം താങ്ങാനാവാതെ യമുന ഡോർ വലിച്ച് തുറന്ന് പുറത്തേക്കിറങ്ങി പോയി. "അമ്മേ... ഒന്ന് നിക്ക്. ഞാനൊന്ന് പറയട്ടെ." പൂർണിമയെ കടുപ്പിച്ചൊന്ന് നോക്കിയ ശേഷം നരേന്ദ്രനും അമ്മയ്ക്ക് പിന്നാലെ പുറത്തേക്കിറങ്ങി പോയി. "നീയിത് എന്ത് പണിയാ മോളെ കാണിച്ചത്. യമുനേച്ചിയോട് നീ എന്തൊക്കെയാ വിളിച്ചു പറഞ്ഞതെന്ന് വല്ല ബോധവുമുണ്ടോ?

അവരെന്തു വിചാരിച്ചു കാണും." ഗീത മകളെ കുറ്റപ്പെടുത്തി. "അമ്മേ ഞാൻ... എനിക്ക് പെട്ടെന്ന് ദേഷ്യം വന്നിട്ട് ഞാനറിയാതെ പറഞ്ഞു പോയതാ. ഇങ്ങനെയൊന്നും പറയണമെന്ന് ഞാൻ വിചാരിച്ചതല്ല." ഇപ്പൊ കരയുമെന്ന മട്ടിലായിരുന്നു പൂർണിമ. "നരൻ എന്തെങ്കിലും പറഞ്ഞു യമുനേച്ചിയെ പറഞ്ഞു വിടുമായിരുന്നു. അതിനിടയ്ക്ക് മോള് അങ്ങനെയൊന്നും സംസാരിച്ച് അവരെ പിണക്കി വിടരുതായിരുന്നു. ഇനിയിപ്പോ എന്തൊക്കെ പ്രശ്നങ്ങളാ ഉണ്ടാവാൻ പോണതെന്ന് ആർക്കറിയാം." ഗീത നെറ്റിയിൽ കൈത്താങ്ങി ഇരുന്നു. "അമ്മയ്ക്കവരെ ശരിക്കും അറിയാഞ്ഞിട്ടാ ഇങ്ങനെ പറയുന്നത്. നരേട്ടന്റെ അമ്മ മനസ്സിലൊരു കാര്യം വിചാരിച്ചാൽ അതെങ്ങനെയും സാധിപ്പിച്ച് എടുക്കാനേ ശ്രമിക്കു. നരേട്ടന്റെ സമ്മതം വാങ്ങിച്ചെടുത്ത് അമ്മയെ ഇവിടുന്ന് പറഞ്ഞ് വിട്ട് യമുനാമ്മയ്ക്ക് ഇവിടെ നിൽക്കാൻ അത്ര പാടൊന്നുമില്ല. അമ്മയോട് വീട്ടിൽ പോവാൻ പറഞ്ഞപ്പോൾ അമ്മയത് സമ്മതിച്ചു കൊടുക്കേം ചെയ്തല്ലോ. അതുകൊണ്ടാ ഞാനെന്റെ ഇഷ്ടക്കേട് തുറന്ന് പറഞ്ഞത്.

നരേട്ടന്റെ അമ്മ ഇവിടെ നിന്നാൽ ശരിയാവില്ല. നരേട്ടനെന്റെ കാര്യം ചെയ്ത് തരുന്നതൊന്നും അവർക്ക് ഇഷ്ടപ്പെടില്ല. എല്ലാം അമ്മ തന്നെ സ്വയം ഏറ്റെടുത്തു ചെയ്യാൻ തുടങ്ങും. അതുപിന്നെ എനിക്കൊരു ബുദ്ധിമുട്ടാവും. എന്തിനാ വെറുതെ അതൊക്കെ..." പറഞ്ഞുവന്നത് പകുതിയിൽ നിർത്തി അവളവരെ നോക്കി. "നീയിനി എന്ത് പറഞ്ഞിട്ടും കാര്യമില്ല. അവരിവിടുന്ന് കരഞ്ഞോണ്ടാ ഇറങ്ങി പോയത്. ഇനി ഇതിന്റെ പേരിൽ എന്തൊക്കെ പ്രശ്നമുണ്ടാകുമെന്ന് ആർക്കറിയാം." അമ്മയുടെ വാക്കുകൾ കേട്ട് പൂർണിമയ്ക്കാകെ സങ്കടമായി. പുറത്തേക്ക് പോയ നരേന്ദ്രനെ കുറച്ചു സമയം കഴിഞ്ഞും കാണാത്തത് അവളുടെ ആധി വർദ്ധിപ്പിച്ചു. അത്ര ദിവസം വരെ സമാധാനത്തോടെ ടെൻഷനൊന്നുമില്ലാതെ കഴിഞ്ഞിരുന്ന പൂർണിമയുടെ മനസ്സ് തൊട്ട് മുൻപ് അരങ്ങേറിയ സംഭവങ്ങൾ കാരണം ആസ്വസ്ഥമാകാൻ തുടങ്ങി. പറഞ്ഞുപോയ വാക്കുകൾ ഇനി തിരിച്ചെടുക്കാനാകില്ല. പക്ഷേ താനത് പറഞ്ഞിട്ടില്ലെങ്കിൽ നരേന്ദ്രന്റെ എതിർപ്പിനെ അവഗണിച്ച് യമുന അവിടെതന്നെ നിൽക്കുമെന്ന കാര്യം അവൾക്ക് നൂറു ശതമാനം ഉറപ്പുള്ളതായിരുന്നു.

അതുകൊണ്ട് യമുനയോട് അങ്ങനെയെല്ലാം പറഞ്ഞുപോയതിൽ പൂർണിമയ്ക്ക് കുറ്റബോധമൊന്നും തോന്നിയില്ല. അൽപ്പസമയം കഴിഞ്ഞപ്പോൾ പുറത്തേക്ക് പോയ നരേന്ദ്രൻ റൂമിലേക്ക് കയറി വന്നു. അവനൊറ്റയ്ക്കാണ് വരുന്നതെന്ന് കണ്ടപ്പോൾ അവൾക്ക് ആശ്വാസം തോന്നി. "നീയെന്തിനാ പൂർണിമേ അമ്മയോട് വായിൽ തോന്നിയതൊക്കെ വിളിച്ചു പറയാൻ പോയത്. അമ്മ കരഞ്ഞുകൊണ്ടാ പോയെ. ഞാനെന്തൊക്കെ പറഞ്ഞു സമാധാനിപ്പിക്കാൻ നോക്കിയിട്ടും എന്നോടൊരു വാക്ക് പോലും മിണ്ടിയില്ല. ഒന്നുല്ലേലും ഇത്രയും നാൾ നിന്നെ അമ്മ പൊന്നുപോലെയല്ലേ നോക്കിയത്. അതെങ്കിലും നിനക്ക് ഓർക്കാമായിരുന്നു." "അപ്പഴത്തെ ദേഷ്യത്തിൽ ഞാനെന്തൊക്കെയോ പറഞ്ഞുപോയി. ഇനി അതൊന്നും തിരിച്ചെടുക്കാൻ പറ്റില്ലല്ലോ." "ഞാനെന്തെങ്കിലും പറഞ്ഞു അമ്മയെ ഒഴിവാക്കുമായിരുന്നല്ലോ. അതിനിടയ്ക്ക് നിന്നോടാരാ ചാടിക്കേറി സംസാരിക്കാൻ പറഞ്ഞത്." "നരേട്ടന്റെ അമ്മയല്ലേ... ഞാനങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ അമ്മ ഉറപ്പായും ഇവിടെ നിന്നേനെ. നരേട്ടൻ പറഞ്ഞാലൊന്നും അമ്മ കേൾക്കില്ല.

അതെനിക്ക് നന്നായി അറിയാം. അമ്മയെങ്ങാനും ഇവിടെ നിന്നാൽ അതോടെ എന്റെ സമാധാനം പോകും. കണ്ട ജ്യോത്സ്യന്മാർ പറഞ്ഞതൊക്കെ കേട്ട് വന്ന് എന്നെ ആധി കേറ്റി പ്രസവം ഇത്ര നേരത്തെയാവാൻ കാരണം നരേട്ടന്റെ അമ്മയാ. എന്നെ കുറ്റപ്പെടുത്താൻ ഉത്സാഹം കാണിക്കുമ്പോ അതൊക്കെ ഓർക്കുന്നത് നല്ലതാ." "എന്നാലും നീ പറഞ്ഞത് തെറ്റാണെന്ന് സമ്മതിക്കരുത്." നരേന്ദ്രൻ ക്ഷോഭമടക്കി. "മതി മോനെ... ഇനി ഇതിന്റെ പേരിൽ നിങ്ങൾ തമ്മിലൊരു വഴക്ക് വേണ്ട. ഈയൊരവസ്ഥയിൽ എന്തൊക്കെയാ പറയേണ്ടതും പ്രവർത്തിക്കേണ്ടതുമെന്ന് അവൾക്ക് തിരിച്ചറിയാൻ പറ്റില്ല. നിങ്ങൾ തമ്മിൽ ഇനിയും തർക്കിച്ച് കൊണ്ടിരുന്നാൽ അതവളുടെ വാശി കൂട്ടാനേ കാരണമാകൂ. അതുകൊണ്ട് തല്ക്കാലം വഴക്കൊക്കെ മാറ്റി വയ്ക്ക് രണ്ടാളും. കുറച്ചുകഴിഞ്ഞ് ഞാൻ യമുനേച്ചിയെ വിളിച്ചൊന്ന് സംസാരിക്കാം." ഗീത ഇരുവർക്കുമിടയിൽ ഊതി വീർക്കാൻ തുടങ്ങിയ വഴക്കിനെ ഒത്തുതീർപ്പിലാക്കാൻ ശ്രമിച്ചു. "ഇനി ഞാനെന്തെങ്കിലും പറഞ്ഞിട്ട് ഇവള്ടെ ടെൻഷൻ കൂടണ്ട.

വന്നുവന്ന് മനുഷ്യന് ഒന്നും പറയാൻ പറ്റാത്ത അവസ്ഥയായി." പിറുപിറുത്തു കൊണ്ട് അവനെഴുന്നേറ്റ് പുറത്തേക്ക് പോയി. 🍁🍁🍁🍁🍁 യമുന ഹോസ്പിറ്റലിൽ നിന്ന് നേരെ പോയത് മുല്ലശ്ശേരിയിലേക്കാണ്. അമ്മ രാവിലെ തന്നെ ആരോടും പറയാതെ എങ്ങോട്ടാണ് പോയതെന്ന് നവീൻ ചോദിച്ചിട്ട് അവരൊന്നും മിണ്ടിയില്ല. പൂർണിമ എടുത്തടിച്ചത് പോലെ തന്നോട് അങ്ങനെയൊക്കെ പറഞ്ഞത് യമുനയുടെ മനസ്സിൽ കിടന്ന് നീറിപ്പുകയുന്നുണ്ടായിരുന്നു. അവർക്ക് കഠിനമായ മനോവേദന തോന്നി. ആഗ്രഹത്തോടെ ഓടിച്ചെന്നിട്ട് മകന്റെയും ഗീതയുടെയും മുന്നിൽ വച്ച് വാക്കുകൾ കൊണ്ട് മരുമകൾ ഏൽപ്പിച്ച അപമാനം യമുനയ്ക്ക് താങ്ങാനായില്ല. പൂർണിമയോട് അവർക്ക് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. "ലോകത്താരും പ്രസവിച്ചിട്ടില്ലാത്തത് പോലെയാ അവളുടെ മട്ടും ഭാവവും. അതിനൊക്കെ താളം തുള്ളാൻ നരനും. അവളെ ഇത്രയും കാലം നോക്കിയത് ഞാനല്ലേ. അപ്പോഴൊന്നും ഇല്ലാത്ത പ്രശ്നമാണ് ഇപ്പൊ കാണിക്കുന്നത്. കാര്യം കഴിഞ്ഞപ്പോൾ എന്നെ വേണ്ടാതായി..." പൂർണിമയെ മനസ്സിൽ കുറ്റപ്പെടുത്തി സ്വയം ആശ്വാസം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു യമുനയപ്പോൾ.

ഹോസ്പിറ്റലിലെ എൻട്രൻസിന് മുന്നിലിട്ടിരിക്കുന്ന കസേരകളിലൊന്നിൽ കണ്ണുകളടച്ച് ചാരിയിരിക്കുന്ന നരേന്ദ്രനെ കണ്ട് പ്രവീൺ അവനടുത്തേക്ക് ചെന്നു. "നരേട്ടനെന്താ ഇവിടെ വന്നിരിക്കുന്നത്?" പ്രവീണിന്റെ ശബ്ദം കേട്ട് നരേന്ദ്രൻ കണ്ണ് തുറന്നു. "നീയെന്താ പ്രവീൺ ഇവിടെ?" "ഞാൻ അമ്മയ്ക്ക് ഉടുത്ത് മാറാനുള്ള ഡ്രെസ്സും കൊണ്ട് വന്നതാ. ഇന്നലെ വീട്ടിലേക്ക് വിളിച്ചപ്പോൾ കൊണ്ട് വരാൻ അമ്മ പറഞ്ഞിരുന്നു. നരേട്ടനിത് അമ്മയ്ക്ക് കൊടുത്തേക്ക്. വിസിറ്റേഴ്സ് ഒന്നും വരാൻ പാടില്ലെന്ന് ഡോക്ടർ പറഞ്ഞിട്ടില്ലേ. അതുകൊണ്ട് ഞാൻ റൂമിലേക്ക് വരുന്നില്ല." "നീ തന്നെ ഇത് കൊണ്ട് പോയി കൊടുക്ക്. റൂമിന് മുന്നിൽ ചെന്ന് വാതിൽ തട്ടിയാൽ മതി. ഞാനിപ്പോ അങ്ങോട്ടേക്ക് പോകുന്നില്ല. നിനക്ക് ഷോപ്പിൽ പോവാനുണ്ടാവില്ലേ." സംസാരിക്കുമ്പോഴുള്ള നരേന്ദ്രന്റെ മുഖത്തെ വാട്ടം പ്രവീൺ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

"ഡ്രസ്സ്‌ ഞാൻ തന്നെ കൊണ്ട് കൊടുക്കാം. നരേട്ടന്റെ മുഖത്തെന്താ ഒരു വിഷമം പോലെ. പൂർണിമാമയുമായി വഴക്കിട്ടോ." "ഏയ്‌ ഇല്ല..." "എന്തോ പ്രശ്നമുണ്ട്... നരേട്ടൻ പറയ്യ്." പ്രവീൺ നിർബന്ധം പിടിച്ചു. അവന്റെ വാശിക്ക് മുന്നിൽ നരേന്ദ്രൻ കുറച്ചു മുൻപ് നടന്ന കാര്യങ്ങൾ വിശദീകരിച്ചു. "അമ്മ സങ്കടപ്പെട്ട് പോയത് കണ്ടപ്പോ ഞാനവളോടൊന്ന് ചൂടായി. അതാണ് ഇവിടെ വന്നിരുന്നേ. ഇനിയിപ്പോ കുറച്ചു കഴിഞ്ഞു റൂമിലേക്ക് പോകാന്ന് വിചാരിച്ചു. നീയിതൊന്നും കാര്യമാക്കണ്ട... നീ നിർബന്ധിച്ചത് കൊണ്ട് ഞാൻ പറഞ്ഞെന്നേയുള്ളൂ." ചെറിയൊരു ചിരിയോടെ നരേന്ദ്രൻ പറഞ്ഞു. "നരേട്ടനിവിടിരിക്ക്... ഞാൻ പോയി പൂർണിമയെ കണ്ട് വരാം." നരേന്ദ്രനോട്‌ പറഞ്ഞിട്ട് അവന്റെ മറുപടിക്ക് കാക്കാതെ പ്രവീൺ വേഗം അവളുടെ റൂം ലക്ഷ്യമാക്കി നടന്നു...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story