മാലയോഗം: ഭാഗം 38

malayogam shiva

രചന: ശിവ എസ് നായർ

"നരേട്ടനിവിടിരിക്ക്... ഞാൻ പോയി പൂർണിമയെ കണ്ട് വരാം." നരേന്ദ്രനോട്‌ പറഞ്ഞിട്ട് അവന്റെ മറുപടിക്ക് കാക്കാതെ പ്രവീൺ വേഗം അവളുടെ റൂം ലക്ഷ്യമാക്കി നടന്നു. പ്രവീൺ ചെന്ന് കതകിൽ തട്ടുമ്പോൾ നരേന്ദ്രനായിരിക്കുമെന്ന് വിചാരിച്ചാണ് ഗീത വാതിൽ തുറന്നത്. പക്ഷേ മരുമകന് പകരം മകനെ കണ്ട് അവർ അന്തംവിട്ടു. "നീ നേരെയിങ്ങോട്ട് കയറി പോന്നോ. ഭാഗ്യത്തിന് ഡോക്ടർ ഇപ്പൊ ഇങ്ങോട്ട് വന്ന് പോയതേയുള്ളു. ഡോക്ടർ ഇവിടെ ഉള്ളപ്പോഴാണ് നീ വന്നതെങ്കിൽ കണക്കിന് കിട്ടിയേനെ." "ഞാൻ അമ്മേടെ ഡ്രസ്സ്‌ തരാൻ വന്നതാ. നരേട്ടനെ കണ്ട് കൊടുക്കാൻ പോയപ്പോൾ ഇവിടെ കൊണ്ട് നേരിട്ട് തരാൻ നരേട്ടനാ പറഞ്ഞത്." "ഓഹ്... നീ നരനെ കണ്ടോ." "കയറി വന്നപ്പോ തന്നെ കണ്ടു. ഞങ്ങൾ സംസാരിച്ചിട്ടാ ഞാനിങ്ങോട്ട് പോന്നത്." "നീയിനി നേരെ ഷോപ്പിലേക്കല്ലേ പോണത്." ഗീത അവന്റെ കൈയ്യിൽ നിന്ന് ഡ്രസ്സ്‌ അടങ്ങിയ q കിടക്കുകയായിരുന്ന പൂർണിമ പ്രവീണിന്റെ ശബ്ദം കേട്ട് എഴുന്നേറ്റ് ഹെഡ് റെസ്റ്റിൽ ചാരി ഇരിപ്പുറപ്പിച്ചിരുന്നു.

"നിനക്ക് സുഖാണോടി... വേദന കുറവുണ്ടോ?" പ്രവീൺ അവളുടെ അടുത്ത് വന്നിരുന്നു. "ഇപ്പൊ കുഴപ്പമില്ല ചേട്ടാ..." "നരേട്ടന്റെ അമ്മ കുറച്ചുമുൻപ് ഇവിടെ വന്നിരുന്നല്ലേ." അവന്റെ ചോദ്യം കേട്ടതും പൂർണിമയുടെ മുഖമൊന്ന് മങ്ങി. "വന്നിരുന്നു... നരനാണോ നിന്നോട് ഇക്കാര്യം പറഞ്ഞത്." ഗീതയാണ് അവന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത്. "പൂർണിമ അവരോട് കയർത്ത് സംസാരിച്ചതൊക്കെ ഞാനറിഞ്ഞു. നീയെന്തിനാ നരേട്ടന്റെ അമ്മയോട് അങ്ങനെയൊക്കെ പറയാൻ പോയത്. നരേട്ടനെയും അമ്മയെയും അത് നന്നായി വിഷമിപ്പിച്ചിട്ടുണ്ട്." പതിവിന് വിപരീതമായി ശാന്തമായിരുന്നു അവന്റെ സ്വരം. "അത് പിന്നെ ചേട്ടാ... പെട്ടെന്നുള്ള ദേഷ്യത്തിൽ ഞാൻ അറിയാതെ വായിൽ വന്നതൊക്കെ വിളിച്ച് പറഞ്ഞുപോയതാ, ഒന്നും മനഃപൂർവമല്ല. ഞാൻ അങ്ങനെയൊക്കെ പറഞ്ഞത് കൊണ്ടാ അമ്മ ഇവിടെ നിക്കാതെ പോയത്. അല്ലെങ്കിൽ നമ്മുടെ അമ്മയെ പറഞ്ഞുവിട്ടിട്ട് ഇവിടെ നിന്നേനെ. അമ്മയോട് വീട്ടിലേക്ക് പൊയ്ക്കോന്ന് നരേട്ടന്റെ അമ്മ പറഞ്ഞപ്പോ നമ്മുടെ അമ്മ മറുത്തൊന്നും പറയാതെ അതങ്ങ് സമ്മതിച്ചു.

അതൊക്കെ കേട്ട് എനിക്ക് ദേഷ്യം വന്നു..." പൂർണിമ കുറ്റബോധത്തോടെ മുഖം കുനിച്ചു. "ഹാ... അത്‌ കഴിഞ്ഞില്ലേ... ഇനിയിപ്പോ അതോർത്ത്‌ വിഷമിക്കണ്ട, ഇനി ശ്രദ്ധിച്ചാൽ മതി." പ്രവീണിന്റെ ആശ്വാസ വാക്കുകളൊക്കെ അവിശ്വസനീയതയോടെ കേട്ടിരിക്കുകയാണ് പൂർണിമ. ഗീതയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു. എപ്പോഴും അവളുടെ കുറ്റപ്പെടുത്തി സംസാരിക്കുന്ന മകനിലെ മാറ്റം അവരെയും അമ്പരപ്പിച്ചിരുന്നു. "നരേട്ടന്റെ അമ്മായിവിടുന്ന് പിണങ്ങിയാ പോയത്. സത്യത്തിൽ എന്നോടുള്ള ഇഷ്ട കൂടുതൽ കൊണ്ടൊന്നുമല്ല അമ്മയിവിടെ നിൽക്കാൻ ഓടി വന്നത്. ഇത് കുഞ്ഞുങ്ങളെ കാണാനുള്ള ആവേശമാണ്. വീട്ടിലിരുന്ന് വിളിക്കുമ്പോ പോലും ഞാൻ കഴിച്ചോ കുടിച്ചോ എന്റെ വേദന കുറവുണ്ടോന്ന് ഒരിക്കൽ പോലും ചോദിച്ചിട്ടില്ല. കുട്ടികളെ കണ്ടോ അവർക്കെങ്ങനെയുണ്ട് എന്നൊക്കെ മാത്രം അമ്മയ്ക്കറിഞ്ഞാ മതി. പ്രസവിക്കുന്നതിന് മുൻപ് വരെ ഇങ്ങനെയൊന്നുമല്ലായിരുന്നു. എന്റെ പുറകേ നടന്നാ ഊട്ടിയിരുന്നത്. അതൊക്കെ എന്നോടുള്ള സ്നേഹമല്ലെന്ന് അന്നേ എനിക്കറിയാമായിരുന്നു.

പക്ഷേ നരേട്ടന്റെ അമ്മയും രണ്ട് പ്രസവം കഴിഞ്ഞതല്ലേ. അപ്പോപ്പിന്നെ എന്റെ ബുദ്ധിമുട്ടുകൾ പറയാതെ തന്നെ മനസ്സിലാക്കേണ്ടതല്ലേ." അവൾ പരിഭവിച്ചു. "അമ്മേ... ഇവള് ഗർഭിണിയായിരുന്നപ്പോ നമ്മുടെ വീട്ടിൽ വിടാൻ പോലും താല്പര്യമില്ലാതെ പൂർണിമയുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് നരേട്ടന്റെ അമ്മയല്ലേ. അവർക്ക് താല്പര്യമില്ലാതെ കൂട്ടികൊണ്ട് വരണ്ടെന്ന് കരുതിയാണ് ഞാനും അക്കാര്യത്തിൽ അഭിപ്രായം പറയാതിരുന്നത്. പക്ഷേ ഇപ്പൊ പ്രസവവും അതിന് ശേഷമുള്ള പരിചരിക്കലും നമ്മൾ നോക്കിയില്ലെങ്കിൽ എന്നെങ്കിലുമൊരുനാൾ അതൊരു സംസാരമാകും. പ്രസവം കഴിഞ്ഞിട്ടും ഇവളെയും കുഞ്ഞുങ്ങളെയും വീട്ടിൽ കൊണ്ട് വന്ന് നോക്കാൻ ഉദ്ദേശമില്ലേന്ന് നമ്മുടെ ബന്ധുക്കൾ തന്നെ നമ്മളോട് ചോദിക്കും. കാശ് ചിലവാക്കാൻ മടിച്ചിട്ടാ പൂർണിമയുടെ കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കാത്തതെന്ന് ആരും നാളെ കുറ്റം പറയാൻ പാടില്ല. നരേട്ടന്റെ അമ്മയ്ക്ക് പൂർണിമയോട് സ്നേഹമാണെങ്കിലും അവർക്ക് കൂടുതൽ ഇഷ്ടം അവരുടെ മകന്റെ കുട്ടികളോട് ആയിരിക്കുമല്ലോ, അത് നല്ല കാര്യമല്ലേ.

പക്ഷേ ഇപ്പൊ നമ്മൾ ചെയ്യേണ്ടത് നമ്മൾ തന്നെ ചെയ്യണം. യമുനാന്റി ഇവിടെ വന്ന് നിൽക്കാമെന്ന് പറഞ്ഞാൽ പൂർണിമയുടെ കാര്യങ്ങൾ അമ്മ തന്നെ നോക്കാമെന്ന് പറയണം. കുട്ടികളെ റൂമിലേക്ക് മാറ്റുമ്പോൾ ആന്റി കൂടി വന്ന് നിന്നോട്ടെ. പിന്നെ കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ കുഞ്ഞുങ്ങളെ നമ്മൾക്ക് കാണിച്ചുതരാൻ സമ്മതിക്കാമെന്ന് ഡോക്ടർ പറഞ്ഞതല്ലേ. അതിനിടയ്ക്ക് ആന്റിക്ക് ഇങ്ങോട്ട് ഓടി വരേണ്ട കാര്യമില്ലായിരുന്നു. ഒന്നൂല്ലേലും പ്രസവം കഴിഞ്ഞു ഓവർ ബ്ലീഡിംങ്ങൊക്കെയായിട്ട് ഇവളെ എത്ര ദിവസം ഐ സി യുവിൽ കിടത്തിയിട്ടാ റൂമിലേക്ക് മാറ്റിയത്. അവളൊന്ന് ഓക്കേയായി വരട്ടെ ആദ്യം. അതുകൊണ്ട് അമ്മ ചാടിക്കേറി വീട്ടിലേക്ക് വരാൻ നിക്കണ്ട. യമുനാന്റി നിൽക്കാമെന്ന് പറഞ്ഞു വന്നാലും നമ്മുടെ മര്യാദയാണ് അവരെ ബുദ്ധിമുട്ടിക്കാതിരിക്കേണ്ടത്. പിന്നെ ഹോസ്പിറ്റലിൽ അത്യാവശ്യം നല്ലൊരു തുക തന്നെ ബില്ലാവും. പകുതി എമൗണ്ട് ഞാൻ അടയ്ക്കുന്നുണ്ട്. പിന്നെ ഡിസ്ചാർജ് ചെയ്യുമ്പോ വീട്ടിലേക്ക് ഇവരെ കൊണ്ട് പോകാനുള്ളതല്ലേ. അതോണ്ട് വീടൊക്കെ ഒന്നൂടെ മോഡി പിടിപ്പിക്കുന്നുണ്ട് ഞാൻ.

ഇതൊക്കെ നരേട്ടനോടും കൂടിയൊന്ന് പറയണം." പ്രവീൺ എല്ലാം മനസ്സിൽ കണക്ക് കൂട്ടി കൃത്യതയോടെ പറയുന്നത് കണ്ട് പൂർണിമയുടെയും ഗീതയുടെയും അമ്പരപ്പ് വിട്ട് മാറുന്നുണ്ടായിരുന്നില്ല. "ചേട്ടൻ തന്നെയാണോ ഇങ്ങനെയൊക്കെ പറയുന്നത്. മുൻപ് ഇങ്ങനെയൊന്നുമല്ലായിരുന്നല്ലോ." വിശ്വാസം വരാതെ അവളവനെ നോക്കി. പൂർണിമയുടെ ചോദ്യത്തിന് മറുപടി പറയാതെ അവനൊന്ന് പുഞ്ചിരിച്ചു. രണ്ട് കുഞ്ഞുങ്ങളെ ഉദരത്തിൽ പേറി അവരെ പ്രസവിക്കാനായി തന്റെ പെങ്ങൾ അനുഭവിച്ച വേദനകളും ബുദ്ധിമുട്ടുകളും നേരിൽ കണ്ടതും നരേന്ദ്രനിൽ നിന്ന് കേട്ടറിഞ്ഞതുമൊക്കെ പ്രവീണിന്റെ ചിന്തകളെയും മനസ്സിനെയും കുറെയൊക്കെ സ്വാധീനിച്ചിരുന്നു. അതിന്റെ മാറ്റങ്ങളാണ് ഇപ്പൊ കാണുന്നതും. "ഡിസ്ചാർജാവുമ്പോൾ എന്നെയും മക്കളെയും നമ്മുടെ വീട്ടിലേക്ക് കൊണ്ട് പോകാൻ നരേട്ടനും അമ്മയും സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല."

നിരാശയോടെ അവൾ ചേട്ടനെ നോക്കി. "അങ്ങനെ സമ്മതിക്കാതിരുന്നാൽ ശരിയാവില്ലല്ലോ. മൂന്നു മാസം നാട്ടുനടപ്പ് പോലെ നിന്നെയും കുഞ്ഞുങ്ങളെയും നമ്മുടെ വീട്ടിലേക്ക് കൊണ്ട് പോയി നോക്കിയ ശേഷമേ നരേട്ടന്റെ വീട്ടിലേക്ക് കൊണ്ടാക്കുന്നുള്ളൂ. പിന്നീട് നീ സ്ഥിരമായി നിക്കുന്നതും അവിടെയായിരിക്കില്ലേ. നമ്മുടെ വീട്ടിൽ പിന്നെ വല്ലപ്പോഴുമല്ലേ പോക്ക് വരവുണ്ടാവൂ." "നീ പറഞ്ഞത് തന്നെയെ എനിക്ക് പറയാനുള്ളു. പ്രസവത്തിന് മുൻപേ നോക്കിയില്ല. അത് കഴിഞ്ഞും ഇവൾ മുല്ലശ്ശേരിയിലേക്ക് തന്നെ പോയാൽ നമ്മൾ തിരിഞ്ഞുനോക്കിയില്ല അവളെ പേറെടുത്തില്ല എന്നൊക്കെ ഓരോരുത്തർ കുറ്റം കണ്ട് പിടിച്ചു പറയാൻ തുടങ്ങും. യമുനേച്ചിക്ക് മക്കളെ കാണാൻ തോന്നിയാൽ എപ്പഴായാലും നമ്മുടെ വീട്ടിലേക്ക് വരാലോ. ഇതൊക്കെ അവര് സമ്മതിക്കോന്നാ എന്റെ പേടി. നിന്നോട് ഇങ്ങനെയൊക്കെ പറയാൻ ധൈര്യമുണ്ടെങ്കിലും യമുനേച്ചി എന്തെങ്കിലും ചോദിച്ചാൽ അവരെ എതിർത്ത് ഒരു വാക്ക് പോലും പറയാൻ പറ്റില്ല." "അതുതന്നെയാ അമ്മേടെ കുഴപ്പം. നരേട്ടന്റെ അമ്മ എന്തെങ്കിലും പറഞ്ഞു വന്നാൽ അമ്മ വായും പൂട്ടി സമ്മതിച്ചു കൊടുക്കും. അപ്പൊ പിന്നെ ഞാൻ വല്ലോം പറഞ്ഞു പോവും. എനിക്ക് ഇവിടുന്ന് വീട്ടിലോട്ട് വന്നാൽ മതിയെന്നാ.

അത് കഴിഞ്ഞു മുല്ലശ്ശേരിക്ക് പോയാൽ പിന്നെ ഈ ജന്മം അങ്ങോട്ട്‌ വരാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല." പൂർണിമ പറഞ്ഞത് കേട്ട് പ്രവീൺ ഒന്ന് ചിരിച്ചു. "ഞാൻ നരേട്ടനോട് സംസാരിക്കുന്നുണ്ട്. നീ ഇപ്പൊ അതിനെ പറ്റിയൊന്നും ഓർക്കണ്ടാ. പിന്നെ ഇന്നുണ്ടായത് പോലെ ഇനിയുണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എന്തായാലും ആന്റിയെ വിളിച്ചു സോറി പറഞ്ഞേക്ക് നീ. ഇതിന്റെ പേരിൽ അവർക്ക് നിന്നോടൊരു ദേഷ്യം തോന്നേണ്ട." സൗമ്യതയോടെ അവനത് പറയുമ്പോൾ അവൾ അനുസരണയോടെ തലയനക്കി. "എങ്കിൽ പിന്നെ ഞാനിറങ്ങുവാ... എന്തെങ്കിലും വേണോങ്കി അമ്മ വിളിച്ചു പറഞ്ഞാ മതി." പ്രവീൺ എഴുന്നേറ്റ് പുറത്തേക്ക് പോകുമ്പോൾ പൂർണിമയുടെ മിഴികൾ നിറഞ്ഞിരുന്നു. എപ്പോഴും നരേന്ദ്രനെയും വീട്ടുകാരെയും മാത്രം സപ്പോർട്ട് ചെയ്ത് സംസാരിക്കുന്ന തന്റെ ചേട്ടനിന്ന് തന്നെ മനസ്സിലാക്കി തനിക്കൊപ്പം നിൽക്കുന്നത് അവളെ അതിയായി സന്തോഷിപ്പിച്ചു.

ഗീതയ്ക്കും അവനിലെ മാറ്റങ്ങൾ വിശ്വസിക്കാനായില്ല. 🍁🍁🍁🍁🍁 "നരേട്ടാ... കുട്ടികളെ എത്ര ദിവസം എൻ ഐ സി യുവിൽ കിടത്തേണ്ടി വരുമെന്ന് ഡോക്ടർ പറഞ്ഞായിരുന്നോ?" തിരികെ അളിയനരികിൽ വന്നിരുന്ന് കൊണ്ട് പ്രവീൺ ചോദിച്ചു. "കുറഞ്ഞത് അമ്പത്തിനാല് ദിവസമെങ്കിലും അഡ്മിറ്റ്‌ ചെയ്യേണ്ടി വരുമെന്നാ പീഡിയാട്രീഷ്യൻ പറഞ്ഞത്. കുട്ടികളുടെ ബ്രീതിങ് പ്രോബ്ലമൊന്നും മാറിയിട്ടില്ലല്ലോ. പിന്നെ മാസം തികയാതെയുള്ള പ്രസവമല്ലേ. അതുകൊണ്ട് എല്ലാമൊന്ന് നോർമലാവാൻ ചുരുങ്ങിയത് രണ്ട് മാസമെങ്കിലും വേണ്ടി വരുമെന്നാണ് ഡോക്ർടറുടെ കണക്ക് കൂട്ടൽ."

ഇവിടുന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ പൂർണിമയെയും മക്കളെയും ഞാൻ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ട് പോട്ടെ ചേട്ടാ." പ്രവീണിന്റെ ആവശ്യം കേട്ടതും അവന്റെ മുഖം ഇരുണ്ടു. "അതെന്തിനാ അവളെ അങ്ങോട്ട് കൊണ്ട് പോകുന്നത്. പൂർണിമയെയും കുഞ്ഞുങ്ങളെയും ഞാൻ അങ്ങോട്ട്‌ വിടുന്നില്ല. മുല്ലശ്ശേരിയിലാവുമ്പോ അവരുടെ കാര്യങ്ങൾ എനിക്കും കൂടെ നിന്ന് നോക്കാം. മൂന്ന് മാസത്തേക്ക് ഞാൻ ലീവിന് എഴുതി കൊടുത്തിട്ടുണ്ട്." "പ്രസവം വരെ അവളവിടെയല്ലേ നിന്നത്. അപ്പോ പോലും അവൾക്ക് വേണ്ടതൊന്നും ഞങ്ങൾക്ക് ചെയ്ത് കൊടുക്കാൻ പറ്റിയില്ല. ഇനിയും അങ്ങനെയാവാൻ പാടില്ല. അതുകൊണ്ട് അവരെ ഞാൻ കൊണ്ട് പൊയ്ക്കോളാം." "നിന്നോടല്ലേ പ്രവീണേ ഞാൻ പറഞ്ഞത് അവളെ അങ്ങോട്ട്‌ വിടുന്നില്ലെന്ന്." ദേഷ്യം കടിച്ചമർത്തി നരേന്ദ്രൻ അവനെ നോക്കി...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story