മാലയോഗം: ഭാഗം 39

malayogam shiva

രചന: ശിവ എസ് നായർ

"പ്രസവം വരെ അവളവിടെയല്ലേ നിന്നത്. അപ്പോ പോലും അവൾക്ക് വേണ്ടതൊന്നും ഞങ്ങൾക്ക് ചെയ്ത് കൊടുക്കാൻ പറ്റിയില്ല. ഇനിയും അങ്ങനെയാവാൻ പാടില്ല. അതുകൊണ്ട് അവരെ ഞാൻ കൊണ്ട് പൊയ്ക്കോളാം." "നിന്നോടല്ലേ പ്രവീണേ ഞാൻ പറഞ്ഞത് അവളെ അങ്ങോട്ട്‌ വിടുന്നില്ലെന്ന്." ദേഷ്യം കടിച്ചമർത്തി നരേന്ദ്രൻ അവനെ നോക്കി. "പൂർണിമയ്ക്കത് ബുദ്ധിമുട്ടാവും നരേട്ടാ. അവൾക്ക് ഞങ്ങളുടെയൊപ്പം വരാനാ ഇഷ്ടം. പ്രസവരക്ഷ കഴിഞ്ഞ ശേഷം അവൾ മുല്ലശ്ശേരിക്ക് തന്നെയല്ലേ വരുന്നത്." "എന്റെ ഭാര്യേം പിള്ളേരേം കാണാതിരിക്കാൻ എനിക്ക് പറ്റില്ല. പൂർണിമയ്ക്ക് വേണ്ട പ്രസവ രക്ഷയൊക്കെ ഞാൻ തന്നെ അറേഞ്ച് ചെയ്തിട്ടുണ്ട്. ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജായി വീട്ടിലേക്ക് പോയാലുടൻ അതൊക്കെ തുടങ്ങുകയും ചെയ്യും. അതുകൊണ്ട് പ്രവീൺ അതോർത്ത് വറീഡ് ആവണ്ട. അവളൊന്ന് ഓക്കേയാകുന്നത് വരെ ഞാനും പൂർണിമയ്‌ക്കൊപ്പം തന്നെ കാണും.. സോ ഒരുതരത്തിലും ഞാനവളെ വിഷമിച്ചിരിക്കാൻ അനുവദിക്കില്ല."

"പക്ഷേ നരേട്ടാ... പ്രസവം വരെ അവളവിടെ നിന്ന സ്ഥിതിക്ക് ഒരു മാസത്തേക്കേങ്കിലും അവളെ ഞങ്ങൾ കൊണ്ട് പോയി നോക്കട്ടെ. സ്വന്തം അമ്മ നോക്കുന്ന പോലെ അവളെ ഈ സമയം പരിചരിക്കാൻ മറ്റുള്ളവർക്ക് ക്ഷമ തീരെ ഉണ്ടാവില്ല. എന്തിനാ വെറുതെ നരേട്ടന്റെ അമ്മയെ വിഷമിപ്പിക്കുന്നത്." "അമ്മയ്ക്ക് ഇതൊന്നും വിഷമമുള്ള കാര്യമല്ല. അവളേം പിള്ളേരേം അങ്ങോട്ട്‌ കൊണ്ട് ചെല്ലാനാ അമ്മയും പറയുന്നത്. പിന്നെ കുട്ടികളെ നോക്കാൻ നിങ്ങളുടെ വീട്ടിലേക്കാൾ സൗകര്യം ഞങ്ങളുടെ വീട്ടിലാണ്. അതുകൊണ്ട് എന്റെ മക്കളെ എന്റെ വീട്ടിലേക്ക് തന്നെ കൊണ്ട് പോകുന്നതാ എനിക്കിഷ്ടം. അക്കാര്യത്തിൽ പ്രവീൺ ഇടപെടാൻ നിക്കണ്ട." തെല്ല് ദേഷ്യത്തിൽ തന്നെയാണ് നരേന്ദ്രനത് പറഞ്ഞത്. "നരേട്ടാ... ഞങ്ങൾക്കും കാണില്ലേ ആഗ്രഹം. അവളുടെ ഇഷ്ടം കൂടെ ഈ സമയം പരിഗണിക്കണ്ടേ." പ്രവീൺ ദുർബലമായ സ്വരത്തിൽ ചോദിച്ചു. "ഞാനും ലീവെടുത്തു അവൾക്കൊപ്പം നിൽക്കുന്നുണ്ടെന്നറിഞ്ഞാൽ പൂർണിമയ്ക്ക് ഇഷ്ടക്കുറവൊന്നുമുണ്ടാവില്ല. എന്തായാലും ഡിസ്ചാർജാകുമ്പോൾ അവളെയും കുഞ്ഞുങ്ങളെയും അങ്ങോട്ട് വിടാൻ ഉദ്ദേശമില്ല.

കാരണം എനിക്കവിടെ വന്ന് ദിവസങ്ങളോളം തങ്ങാൻ ബുദ്ധിമുട്ടുണ്ട്. പ്രവീൺ വെറുതെ തർക്കിച്ച് നിന്ന് സമയം കളയാതെ ഷോപ്പിലേക്ക് പോകാൻ നോക്ക്." അവനോട് ഇനിയും സംസാരിക്കാൻ താല്പര്യമില്ലാത്തത് പോലെ നരേന്ദ്രൻ മൊബൈൽ എടുത്ത് ആരെയോ കാൾ വിളിച്ചു. "ഞാനിറങ്ങുവാ നരേട്ടാ..." അളിയന്റെ ഇഷ്ടക്കേട് മനസ്സിലാക്കി ഉള്ളിലെ സങ്കടമടക്കി അവൻ അവിടെ നിന്നും പോയി. വൈകുന്നേരം പതിവ് പോലെ നരേന്ദ്രൻ യമുനയെ ഫോണിൽ വിളിക്കുമ്പോൾ അവരുടെ മനസ്സ് വിഷമിപ്പിക്കുന്ന രീതിയിൽ സംസാരിച്ചതിന് പൂർണിമ അവരോട് ക്ഷമ ചോദിച്ചു. പക്ഷേ യമുനയ്ക്ക് അവളോടുള്ള ദേഷ്യം വിട്ട് മാറിയിരുന്നില്ല. അതുകൊണ്ട് പൂർണിമയോട് സംസാരിക്കാൻ താല്പര്യമില്ലാതെ യമുന ഫോൺ കട്ട് ചെയ്ത് കളഞ്ഞു. അതോടെ പൂർണിമയും പിന്നീടവരോട് മിണ്ടാൻ കൂട്ടാക്കിയില്ല.

ദിവസങ്ങൾ പിന്നെയും കടന്ന് പോയി. പൂർണിമ സുഖം പ്രാപിച്ച് തുടങ്ങിയപ്പോൾ ഡോക്ടർ വിസിറ്റേഴ്‌സിനെയൊക്കെ അനുവദിച്ചു തുടങ്ങിയെങ്കിലും യമുന അവളെ കാണാനായിട്ട് വന്നില്ല. ഫോൺ വിളിക്കുമ്പോൾ ഒന്നോ രണ്ടോ വാക്കിൽ അവർ അവളോടുള്ള സംഭാഷണം അവസാനിപ്പിക്കുമായിരുന്നു. 🍁🍁🍁🍁🍁 "ഡോക്ടർ... ഇതിപ്പോ ഒരു മാസം ആയില്ലേ കുട്ടികളെ എൻ ഐ സി യുവിൽ അഡ്മിറ്റാക്കിയിട്ട്. രണ്ടുപേരുടെയും ഹെൽത്ത് ഇപ്പോൾ ഒരുവിധം ഓക്കേയായി വരുന്നില്ലേ. അപ്പോപ്പിന്നെ ഇനിയും ഒരു മാസം കൂടി ഇവിടെ നിൽക്കേണ്ടി വരുമോ? പൂർണിമയെ ഒരാഴ്ചയ്ക്ക് ശേഷം ഡിസ്ചാർജ് നൽകിയിട്ടും കുട്ടികൾ അഡ്മിറ്റായത് കൊണ്ട് അവർക്ക് സമയാസമയം പാല് കൊണ്ട് എൻ ഐ സി യുവിൽ കൊടുക്കാൻ വേണ്ടി ഞങ്ങൾ മൂന്നാഴ്ചയോളമായി റൂമിൽ തന്നെ തുടരുകയാണ്. കുട്ടികളെ ഡിസ്ചാർജ് ചെയ്യാൻ ഇനിയും എത്ര ദിവസമെടുക്കും ഡോക്ടർ..?" കുട്ടികളുടെ പീഡിയാട്രീഷ്യനായ ഡോക്ടർ ഗോപിനാഥനോട്‌ നരേന്ദ്രൻ ചോദിച്ചു.

"സീ മിസ്റ്റർ നരേന്ദ്രൻ... കുഞ്ഞുങ്ങളെ ഇപ്പോൾ ഡിസ്ചാർജ് ചെയ്യുന്നതിൽ ഞങ്ങൾക്ക് പ്രോബ്ലമൊന്നുമില്ല. ബട്ട്‌ രണ്ട് കുട്ടികളെയും വീട്ടിൽ കൊണ്ടുപോയി കഴിഞ്ഞാൽ ഒരുപോലെ നോക്കാൻ കഴിയുമെങ്കിൽ മാത്രമേ അവർക്ക് ഞാൻ ഡിസ്ചാർജ് തരൂ. അല്ലാതെ വീട്ടിൽ കൊണ്ട് പോയി നല്ല കേറിങ് കൊടുക്കാതെ എന്തെങ്കിലും വന്നുപോയാൽ ഞങ്ങൾ റെസ്പോൺസിബിലിറ്റി ഏറ്റെടുക്കില്ല. അത് പ്രത്യേകം ഓർമ്മയുണ്ടാവണം." "അതൊക്കെ ഡോക്ടർ പറയുന്നത് പോലെ ചെയ്തോളാം. വീട്ടിൽ കൊണ്ട് പോയാലും കുഞ്ഞുങ്ങൾക്ക് ഇവിടെ കൊടുക്കുന്നത് പോലെ ഞങ്ങൾ കേറിങ് കൊടുത്തോളം ഡോക്ടർ." "ഉറപ്പാണോ." "ഉറപ്പ് ഡോക്ടർ."നരേന്ദ്രൻ ആത്മവിശ്വാസത്തോടെ പറഞ്ഞു. "വീട്ടിൽ പോയാൽ രണ്ടുപേരെയും കൂടി ആരാ നോക്കുക. കുട്ടികളുടെ അമ്മ റിക്കവറായി വരുന്നതല്ലേയുള്ളു. ആഫ്റ്റർ ഡെലിവറി ഒത്തിരി കോംപ്ലിക്കേഷൻസ് ഉണ്ടായതല്ലേ. ബ്ലഡ്‌ ഡ്രിപ് ഇട്ട് കയറ്റേണ്ടി വരേണ്ട സിറ്റുവേഷൻ വരെ ഉണ്ടായതല്ലേ." "അതേ ഡോക്ടർ."

"അങ്ങനെയുള്ളപ്പോ കുട്ടികളുടെ അമ്മയ്ക്ക് മേൽ അവരുടെ ഉത്തരവാദിത്വം ഏൽപ്പിക്കാൻ പറ്റില്ല. മറ്റുള്ളവരുടെ ഹെല്പ് വേണ്ടി വരും." "പൂർണിമയെ ഞങ്ങൾ ഒരു രീതിയിലും ബുദ്ധിമുട്ടിക്കില്ല ഡോക്ടർ. അവൾ റസ്റ്റ്‌ എടുത്തോട്ടെ. കുഞ്ഞുങ്ങളെ നോക്കാൻ ഞാനും എന്റെ അമ്മയുമുണ്ട്. ഇതിനായി ഞാൻ ഓഫീസിൽ നിന്നും ലീവെടുത്തതാണ്." "ഒരു മാസം കൂടി പൂർണിമ റസ്റ്റ്‌ എടുക്കട്ടേ. പിന്നെ ഉറക്കക്കുറവ് വരാൻ പാടില്ല. പോസ്റ്റ്‌ പാർട്ടം ഡിപ്രെഷൻ വരതെയും നോക്കണം. അമ്മയെയും കുഞ്ഞുങ്ങളെയും ഒരുപോലെ ശ്രദ്ധിക്കണം." "അതൊക്കെ ശ്രദ്ധിച്ചോളാം ഡോക്ടർ." "എങ്കിൽ നാളെ മുതൽ രണ്ട് മൂന്ന് ദിവസം കുട്ടികളെ എങ്ങനെയാണ് കെയർ ചെയ്യേണ്ടതെന്ന് ഇവിടുന്ന് പറഞ്ഞു തരും. വീട്ടിൽ പോയി അതെല്ലാം അതുപോലെ ഫോളോ ചെയ്താൽ മതി. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ വച്ചോണ്ടിരിക്കാതെ വേഗം ഇങ്ങോട്ട് കൊണ്ട് വന്നേക്കാണം." "അതൊക്കെ കൊണ്ട് വരാം ഡോക്ടർ.." "എല്ലാം ഓക്കേയാണെങ്കിൽ നാല് ദിവസത്തിനുള്ളിൽ ഡിസ്ചാർജ് നോക്കാം."

"താങ്ക്യൂ ഡോക്ടർ." ഗോപി നാഥനോട് നന്ദി പറഞ്ഞ് അവൻ എഴുന്നേറ്റു. 🍁🍁🍁🍁🍁 "ഞാൻ ഡോക്ടറോട് ഡിസ്ചാർജ് ചോദിച്ചിട്ടുണ്ട്. ചിലപ്പോൾ നാല് ദിവസത്തിനുള്ളിൽ നമുക്ക് വീട്ടിലേക്ക് പോകാം." തിരികെ റൂമിലേക്ക് വന്ന നരേന്ദ്രൻ പൂർണിമയോട് സന്തോഷത്തോടെ അത് പറയുമ്പോൾ അവളുടെ ഉള്ളിലൊരു നടുക്കമുണ്ടായി. "ഇത്ര പെട്ടെന്ന് ഡിസ്ചാർജ് ചെയ്യാൻ ഡോക്ടർ സമ്മതിച്ചോ." "ഇവർ കെയർ ചെയ്യുന്നത് പോലെത്തന്നെ വീട്ടിൽ കൊണ്ട് പോയും നമ്മൾ കുട്ടികളെ നോക്കുമെന്ന് ഡോക്ടറിന് ബോധ്യമായാൽ ഡിസ്ചാർജ് വേഗം കിട്ടും." "അത് വേണോ നരേട്ടാ... എനിക്ക് പേടിയാ. നമ്മുടെ ഭാഗത്ത്‌ നിന്ന് ചെറിയൊരു അശ്രെദ്ധ വന്നാൽ അത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ തന്നെ ബാധിക്കില്ലേ." പൂർണിമയിൽ ആശങ്ക നിറഞ്ഞു. "അതൊന്നുമോർത്ത് നീ വറീഡാവണ്ട. നിന്നേം മക്കളേം നോക്ക്കാൻ ഞാനും അമ്മയും നവീനുമൊക്കെയില്ലേ. ഒരു മാസം ഹോസ്പിറ്റലിൽ നിന്ന് ഞാൻ മടുത്തു." "നമ്മൾ മുല്ലശ്ശേരിയിലേക്കാണോ നരേട്ടാ പോകുന്നത്." "അല്ലാതെ പിന്നെവിടേക്കാ..."

"എനിക്കെന്റെ വീട്ടിൽ പോണം നരേട്ടാ... ഇത്രേം നാളും ഞാൻ അവിടെതന്നെയല്ലേ നിന്നത്." "നിന്നേം കുട്ടികളേം നോക്കാൻ വേണ്ടിയാ ഞാൻ ഓഫീസിൽ നിന്ന് ലീവെടുത്ത് നിൽക്കുന്നത്. എനിക്ക് നിന്റെ വീട്ടിൽ വന്ന് നിൽക്കാൻ പറ്റില്ലെന്ന് അറിയാലോ. അതുപോലെ നിന്റെ വീട്ടിലുള്ളതിനേക്കാൾ സൗകര്യം എന്റെ വീട്ടിലല്ലേ. അതുകൊണ്ട് നീ വെറുതെ അനാവശ്യമായി വാശി പിടിക്കരുത്. നിനക്കൊരു കുറവും വരുത്താതെ ഞാൻ നോക്കിയാൽ പോരേ." നരേന്ദ്രനവളുടെ വലത് കരം നെഞ്ചോട് ചേർത്ത് അപേക്ഷാ ഭാവത്തിൽ അവളെ നോക്കി. "ഉം...." താനെന്ത് പറഞ്ഞാലും നരൻ ഈ തീരുമാനത്തിൽ നിന്ന് പിന്മാറില്ലെന്ന് തോന്നിയത് കൊണ്ട് പൂർണിമ ഒരു തർക്കത്തിന് മുതിരാതെ മൗനം പാലിച്ചു. പ്രവീണിനോടും ഗീതയോടും അവളെയും കുട്ടികളെയും മുല്ലശ്ശേരിയിലേക്കാണ് താൻ കൊണ്ട് പോകുന്നതെന്ന് നരേന്ദ്രൻ ഉറപ്പിച്ച് പറഞ്ഞതിനാൽ അവർക്കും അവനോട് എതിർത്തൊന്നും പറയാനായില്ല. 🍁🍁🍁🍁🍁 നാലാം ദിവസം പൂർണിമയെയും കുട്ടികളെയും ഡിസ്ചാർജ് ചെയ്തു.

അവരെ മുല്ലശ്ശേരിയിലേക്ക് കൂട്ടികൊണ്ട് പോകാൻ നവീൻ കാറുമായി വന്നിരുന്നു. മോൾ നരേന്ദ്രന്റെ കൈയിലും മോൾ യമുനയുടെ കയ്യിലുമായിരുന്നു. നരേന്ദ്രനും പൂർണിമയും താഴത്തെ മുറി തന്നെയാണ് ഉപയോഗിച്ചത്. കുട്ടികൾക്കായി യമുന മുറി നന്നായി അടിച്ച് തുടച്ച് വൃത്തിയാക്കിച്ചിട്ടുണ്ടായിരുന്നു. മുല്ലശ്ശേരിയിൽ എത്തിയപ്പോൾ മുതൽ പൂർണിമയ്ക്ക് ആകെയൊരു വീർപ്പുമുട്ടൽ തുടങ്ങിയിരുന്നു. കൊച്ചുമക്കളെ കിട്ടിയപ്പോൾ മുതൽ യമുന നിലത്തൊന്നുമല്ലായിരുന്നു. ശ്രീകണ്ഠനും അന്ന് ഓഫീസിൽ പോയിരുന്നില്ല. ഹോസ്പിറ്റലിൽ നിന്ന് ഉച്ചയോടെ അവർ മുല്ലശ്ശേരിയിലെത്തിച്ചേർന്നു. ഗീതയും അവർക്കൊപ്പം ചെല്ലാനായി പുറപ്പെട്ടെങ്കിലും പൂർണിമ അവരോട് വീട്ടിൽ പൊയ്ക്കോളാൻ പറഞ്ഞു. ഒരു മാസമായി വീട്ടിൽ പോലും ഒന്നും പോകാതെ തനിക്കൊപ്പം ഹോസ്പിറ്റലിൽ കൂട്ട് നിൽക്കുന്നത് കൊണ്ട് വീട്ടിൽ പോയി എല്ലാരേം കണ്ട ശേഷം വൈകുന്നേരം മുല്ലശ്ശേരിയിലേക്ക് വന്നാമതിയെന്ന് അവളവരോട് പറഞ്ഞു.

നരേന്ദ്രനും ആ അഭിപ്രായം ശരി വച്ചു. മൂന്നു മാസം കഴിയാതെ കുട്ടികൾക്ക് നേരിട്ട് പാല് കൊടുക്കരുതെന്ന് ഡോക്ടറുടെ നിർദേശമുള്ളതിനാൽ ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് പാൽ ശേഖരിച്ച് ചെറിയ സ്പൂണിൽ കോരി കുഞ്ഞുങ്ങൾക്ക് വായിലേക്ക് ഒഴിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്. പാല് കുറവാണെങ്കിൽ ഫോർമുലയും കൊടുക്കും. ഉച്ചക്ക് വീട്ടിലെത്തിയ ശേഷം കുട്ടികൾക്ക് പാല് കൊടുത്ത് അവരെ കിടത്തിയുറക്കിയപ്പോൾ പൂർണിമയും കുഞ്ഞുങ്ങൾക്കൊപ്പം കിടന്നുറങ്ങി. മൂന്ന് മണിക്ക് ഉറങ്ങി അഞ്ചുമണിക്ക് എണീക്കുമ്പോൾ കുട്ടികൾക്ക് ഫോർമുല കലക്കുകയായിരുന്നു നരേന്ദ്രൻ. "എന്റെ പാല് കൊടുക്കായിരുന്നല്ലോ നരേട്ടാ." "നീ ഉറങ്ങട്ടെയെന്ന് വിചാരിച്ചാ വിളിക്കാതിരുന്നത്. എന്തായാലും നീ എഴുന്നേറ്റ സ്ഥിതിക്ക് നിന്റെ പാലും പമ്പ് ചെയ്ത് വച്ചോ.

കുറച്ചുകഴിഞ്ഞാൽ നിന്നേം മക്കളേം കാണാൻ ബന്ധുക്കളൊക്കെ വരുന്നുണ്ട്. അപ്പോപ്പിന്നെ എല്ലാരേം മുന്നിൽ വച്ച് ഇതൊന്നും ചെയ്തോണ്ടിരിക്കാൻ പറ്റില്ലല്ലോ." "ഇപ്പോ എന്തിനാ ബന്ധുക്കളെയൊക്കെ ഇങ്ങോട്ട് വിളിച്ചു വരുത്തുന്നത്. കുഞ്ഞുങ്ങളെ ആരെയും കാണിക്കാനായിട്ടില്ലെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞത് നരേട്ടൻ മറന്നോ?" പൂർണിമ ക്ഷുഭിതയായി. "എന്റെ പൂർണിമേ... അവർ വന്ന് കുഞ്ഞുങ്ങളെ കണ്ട് അങ്ങ് പോകും. അല്ലാതെ എടുത്ത് മടിയിൽ വച്ചോണ്ട് ഇരിക്കയൊന്നുമില്ല. ഒന്ന് കണ്ടെന്ന് വച്ച് ഒന്നും ആവാൻ പോണില്ല." നരേന്ദ്രൻ നിസ്സാര മട്ടിൽ പറഞ്ഞു. "എനിക്ക് പേടിയാ... ഞാൻ സമ്മതിക്കില്ല... കുട്ടികളെ ഇപ്പോൾ ആരും വന്ന് കാണുന്നത് എനിക്കിഷ്ടമല്ല." "നിന്റെ ഇഷ്ടം പോലെ നടത്താൻ ഇത് നിന്റെ വീടല്ല." അവരുടെ സംസാരം കേട്ടുകൊണ്ട് വന്ന യമുനയാണ് അത് പറഞ്ഞത്...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story