മാലയോഗം: ഭാഗം 4

malayogam shiva

രചന: ശിവ എസ് നായർ

 മഞ്ഞ ചരടിൽ കോർത്ത താലി നരേന്ദ്രൻ അവളുടെ കഴുത്തിൽ ചാർത്തി. ഒരു നുള്ള് സിന്ദൂരം വിരലുകൾ കൊണ്ട് നുള്ളിയെടുത്ത് അവളുടെ സീമന്ത രേഖയിൽ തൊട്ടു. പൂർണിമ കണ്ണുകൾ തുറന്ന് അവനെയൊന്ന് നോക്കി. അവളുടെ മിഴികൾ സജലമായിരുന്നു. പെട്ടെന്നാണ് എല്ലാവരും നോക്കി നിൽക്കേ പൂർണിമ പിന്നിലേക്ക് മറിഞ്ഞു വീണത്. അവളുടെ ശിരസ്സ് നിലത്തടിക്കും മുൻപ് നരേന്ദ്രൻ അവളെ തന്റെ കൈകളിൽ താങ്ങിപ്പിടിച്ചിരുന്നു. കാണികളെല്ലാവരും ആകാംക്ഷയോടെ ആ രംഗങ്ങളെല്ലാം ഉറ്റുനോക്കിയിരുന്നു. പൂർണിമയുടെ അച്ഛനും അമ്മയും ചേട്ടനും അനിയത്തിമാരും ആധിയോടെ അവൾക്കരികിലേക്ക് ഓടിയെത്തി. നരേന്ദ്രൻ പൂർണിമയെ തന്റെ കൈകളിൽ കോരിയെടുത്ത് ഗ്രീൻ റൂമിലേക്ക് കൊണ്ട് കിടത്തി. യമുന അവളുടെ മുഖത്തേക്ക് വെള്ളം തളിച്ച് പൂർണിമയെ വിളിച്ചുണർത്താൻ ശ്രമിച്ചു. നരേന്ദ്രന്റെയും പൂർണിമയുടെയും ബന്ധുക്കളെല്ലാവരും പരസ്പരം കൂടി നിന്ന് ഓരോരോ ഊഹാപോഹങ്ങൾ പടച്ചുവിടാൻ തുടങ്ങി. അതൊന്നുമറിയാതെ ഗ്രീൻ റൂമിനുള്ളിൽ തളർന്ന് കിടക്കുകയാണ് പൂർണിമ.

മുഖത്തേക്ക് വെള്ളത്തുള്ളികൾ പതിച്ചപ്പോൾ അവളുടെ ഇമകൾ മെല്ലെ ചലിച്ചു. "മോളെ... കണ്ണ് തുറക്ക് മോളെ." ഗീത അവളെ തട്ടി വിളിച്ചു. പൂർണിമ ബദ്ധപ്പെട്ട് മിഴികൾ വലിച്ച് തുറന്നു. തനിക്ക് ചുറ്റിലും കൂടി നിൽക്കുന്നവരെ പകപ്പോടെ അവൾ നോക്കി. എന്താണ് സംഭവിച്ചതെന്നറിയാൻ അവൾക്ക് ഒരു നിമിഷം വേണ്ടി വന്നു. നരേന്ദ്രൻ തന്റെ കഴുത്തിൽ താലി കെട്ടുന്നതും നെറ്റിയിൽ സിന്ദൂരം അണിയിച്ചതുമൊക്കെ അവളുടെ മനസ്സിലൂടെ കടന്നുപോയി. പെട്ടന്ന് കണ്ണിലൊരു ഇരുട്ട് പടരുന്നത് പോലെ തോന്നി. പിന്നെയൊന്നും ഓർമ്മയില്ല... ബോധം വരുമ്പോൾ താനിവിടെ കിടക്കുന്നു. "നിനക്ക് എന്താ മോളെ പറ്റിയെ." ആധിയോടെ ഗീത അവളോട് ചോദിച്ചു. "അറിയില്ലമ്മേ... എനിക്ക് പെട്ടന്ന് ഒരു തലകറക്കം പോലെ തോന്നി." "ക്ഷീണം തോന്നുന്നുണ്ടോ?" അലിവോടെ അവർ അവളുടെ ശിരസ്സിൽ തഴുകി. "ഉം... ഇത്തിരി ക്ഷീണം തോന്നുന്നുണ്ട്." "രാവിലെ മുതൽ ഒന്നും കഴിക്കാതിരിക്കുവല്ലേ. അതുകൊണ്ടാവും പെട്ടന്ന് തല കറങ്ങിയത്." യമുനയാണ് അത് പറഞ്ഞത്.

അതുകേട്ടതും നരേന്ദ്രൻ ഒരു ഓറഞ്ച് ജ്യൂസ് വരുത്തിച്ച് അവൾക്ക് നൽകി. ദാഹിച്ച് തൊണ്ട വലഞ്ഞ് ഇരുന്നതിനാൽ അവൾ വേഗം അത് വാങ്ങി മുഴുവനും ഒറ്റ വലിക്ക് കുടിച്ച് തീർത്തു. ജ്യൂസ് കുടിച്ചു കഴിഞ്ഞപ്പോൾ അവൾക്ക് ക്ഷീണം വിട്ടുമാറിയത് പോലെ തോന്നി. അപ്പോഴേക്കും ശ്രീകണ്ഠൻ അവരുടെ ഫാമിലി ഡോക്ടറെയും കൂട്ടി പൂർണിമയ്‌ക്കരികിൽ വന്നു. ഡോക്ടർ അവളെ ജസ്റ്റ്‌ ഒന്ന് പരിശോധിച്ചു നോക്കി, ബിപി ഒക്കെ ചെയ്തു. "പേടിക്കാൻ ഒന്നുമില്ല. ടെൻഷൻ കാരണം ബിപി ഒന്ന് ഷോർട് ആയതാണ്. ഒന്ന് വിശ്രമിച്ചാൽ മതി." ചിരിയോടെ ഡോക്ടർ രാജശേഖരൻ പറഞ്ഞു. മറുപടിയായി പൂർണിമയൊന്ന് ചിരിച്ചു. അൽപ്പനേരം റസ്റ്റ്‌ എടുത്ത ശേഷം ബാക്കിയുള്ള ചടങ്ങുകൾ എല്ലാം തീർത്ത് പൂർണിമയും നരേന്ദ്രനും സദ്യ കഴിക്കാനായി ഇരുന്നു. കുറേ ദിവസമായി കല്യാണത്തെ കുറിച്ചോർത്തുള്ള ടെൻഷനിലായിരുന്നു അവൾ. അതിന്റെ കൂടെ എരിതീയിൽ എണ്ണ ഒഴിക്കും പോലുള്ള നരേന്ദ്രന്റെ അമ്മായി ശ്രീജയുടെ കുത്തുവാക്കുകൾ പൂർണിമയുടെ ടെൻഷനും പേടിയും വർദ്ധിപ്പിച്ചിരുന്നു.

"നരേന്ദ്രനെ കെട്ടാൻ നിനക്കെന്ത് യോഗ്യതയുണ്ട്. നല്ല വിദ്യാഭ്യാസവുമില്ല സാമ്പത്തിക സ്ഥിതിയുമില്ല. അവന്റെയൊരു ഗതികേട് നോക്കണേ. എന്തായാലും നിനക്ക് ലോട്ടറി അടിച്ചല്ലോ." ഗ്രീൻ റൂമിൽ മേക്കപ്പ് ഒക്കെ കഴിഞ്ഞിരിക്കുമ്പോൾ അവളെ കാണാനെത്തിയ അമ്മായി അവളോട് പറഞ്ഞ വാക്കുകളായിരുന്നു അത്. ജീവിതത്തിലെ നല്ലൊരു ദിവസമായിട്ട് ഇങ്ങനെ തല ചുറ്റി വീണ് കുറച്ചു സമയത്തേക്ക് ആണെങ്കിലും ചടങ്ങുകൾ അലങ്കോലപ്പെട്ടതിൽ പൂർണിമയ്ക്ക് കടുത്ത മനസ്താപം തോന്നി. നരേന്ദ്രന്റെ ബന്ധുക്കളിൽ ചിലർ മാറി നിന്ന് തന്നെ നോക്കി അടക്കം പറയുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു. അതൊക്കെ കണ്ടപ്പോൾ പൂർണിമയ്ക്ക് വല്ലാത്തൊരു ശ്വാസം മുട്ടൽ അനുഭവപ്പെട്ടു. അർഹിക്കാത്ത എന്തോ ഒന്നാണ് തനിക്ക് വന്ന് ചേർന്നതെന്ന ഭാവത്തിലാണ് ഓരോരുത്തരുടെ മട്ടും ഭാവവും. പൂർണിമ അതൊന്നും കണ്ടില്ലെന്ന മട്ടിലിരുന്ന് സദ്യ കഴിച്ചു. രാവിലെ മുതൽ ഒന്നും കഴിക്കാതിരുന്നത് കൊണ്ട് അവൾക്ക് നല്ല വിശപ്പ് തോന്നിയിരുന്നു. എങ്കിലും ഉള്ളിലെ ടെൻഷൻ കാരണം മുഴുവനും കഴിക്കാൻ അവൾക്കായില്ല.

ഇല മടക്കി നരേന്ദ്രനൊപ്പം എഴുന്നേറ്റ് ചെന്ന് കൈ കഴുകി വന്നു. ഗൃഹപ്രവേശത്തിനിനി അധിക സമയമില്ലെന്ന് ആരോ പറയുന്നത് കേട്ടു. യമുനയും കുറച്ചു ബന്ധുക്കളും നേരത്തെ തന്നെ മുല്ലശ്ശേരിയിലേക്ക് പോയിരുന്നു. വധൂ വരന്മാരെ കൊണ്ടുപോകാനായി അലങ്കരിച്ച കാർ മണ്ഡപത്തിന് മുന്നിൽ വന്ന് നിന്നു. അച്ഛനോടും അമ്മയോടും ചേട്ടനോടും അനിയത്തിമാരോടുമൊക്കെ യാത്ര പറഞ്ഞ് പൂർണിമ കാറിലേക്ക് കയറി നരേന്ദ്രന് അരികിലായി ഇരുന്നു. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ കവിളിനെ നനച്ച് കൊണ്ട് പെയ്തിറങ്ങി. "കരയാതെ സന്തോഷായിട്ട് ചെല്ല് മോളെ. ഒരുപാട് ദൂരത്തൊന്നുമല്ലല്ലോ പോണത്. കാണാൻ തോന്നുമ്പോൾ ഓടി വരാലോ." ശിവദാസനും ഗീതയും തങ്ങളുടെ വിഷമം ഉള്ളിലടക്കി മകളെ സമാധാനിപ്പിച്ചു. പ്രീതിയും പാറുവും കണ്ണ് നിറച്ച് ചേച്ചിയെ നോക്കി നിന്നു. പ്രവീൺ ചിരിയോടെയാണ് യാത്രയാക്കാൻ നിന്നത്. എല്ലാവരെയും നോക്കി വിഷാദം നിറഞ്ഞൊരു ചെറുപുഞ്ചിരി സമ്മാനിച്ച് കൊണ്ട് പൂർണിമ സീറ്റിലേക്ക് ചാരി. വധൂ വരന്മാർ കയറിയ വെളുത്ത ഇന്നോവ മുല്ലശ്ശേരി തറവാട് ലക്ഷ്യമാക്കി പാഞ്ഞു.

കാറിനുള്ളിൽ കനത്ത മൗനം തളംകെട്ടി നിന്നു. നരേന്ദ്രൻ ഫോണിൽ എന്തൊക്കെയോ നോക്കി ഇരിക്കുകയാണ്. പൂർണിമ പുറത്തെ കാഴ്ചകളിൽ മിഴി നട്ട് ഇരുന്നു. അര മണിക്കൂർ നേരത്തെ യാത്രയ്ക്കൊടുവിൽ അവർ സഞ്ചരിച്ചിരുന്ന കാർ മുല്ലശ്ശേരി തറവാട്ടിനു മുന്നിൽ എത്തിച്ചേർന്നു. ഡോർ തുറന്ന് ഇരുവരും പുറത്തേക്കിറങ്ങി. മുന്നിൽ തലയെടുപ്പോടെ ഉയർന്ന് നിൽക്കുന്ന മുല്ലശ്ശേരി തറവാടിനെ അത്ഭുതത്തോടെയാണ് അവൾ നോക്കി കണ്ടത്. പഴയ നാലുകെട്ട് പൊളിച്ച് അതേ മാതൃകയിൽ തന്നെ പുതുക്കി പണിതിരിക്കുകയാണ്. വിശാലമായ മുറ്റതിനപ്പുറം കൂറ്റനൊരു നാലുകെട്ട്. വിടർന്ന മിഴികളോടെ അവൾ നോക്കി നിന്നുപോയി. "അകത്തേക്ക് വാടോ." നരേന്ദ്രൻ വന്ന് അവളുടെ കൈക്ക് പിടിച്ചപ്പോഴാണ് പൂർണിമ സ്ഥലകാല ബോധം വീണ്ടെടുത്തത്. നരേന്ദ്രന്റെ അമ്മ യമുന ഇരുവരെയും ആരതി ഉഴിഞ്ഞ ശേഷം നിലവിളക്ക് നൽകി അവളെ സ്വീകരിച്ചു.

വലതുകാൽ വച്ച് മുല്ലശ്ശേരി തറവാടിന്റെ മരുമകളായി പൂർണിമ അകത്തേക്ക് പ്രവേശിച്ചു. യമുന ചൂണ്ടികാട്ടിയ പൂജാ മുറിയിലേക്ക് വിളക്ക് വച്ചിട്ട് അവൾ കണ്ണുകൾ അടച്ച് ഒരു നിമിഷം പ്രാർത്ഥിച്ചു. അവൾക്ക് പിന്നിലായി നരേന്ദ്രനും പൂജാ മുറിയിലേക്ക് പ്രവേശിച്ചു. ഇരുവരും പ്രാർത്ഥന കഴിഞ്ഞു പുറത്തേക്ക് വരുമ്പോൾ യമുനയും ബന്ധുക്കളും ഹാളിലെ സോഫയിലേക്ക് ഇരുത്തി രണ്ടുപേർക്കും പാലും പഴവുമൊക്കെ നൽകി. വീട്ടുകാരുടെ ചടങ്ങുകൾ കൂടി കഴിഞ്ഞപ്പോൾ നരേന്ദ്രൻ എഴുന്നേറ്റ് കൂട്ടുകാരുടെ അടുത്തേക്ക് പോയി. ബന്ധുക്കൾക്കിടയിൽ ഒറ്റപ്പെട്ട് പോയത് പോലെ അവളിരുന്നു. എല്ലാവരുടെയും നോട്ടം പൂർണിമ ധരിച്ചിരിക്കുന്ന സ്വർണ്ണത്തിലും സാരിയിലുമൊക്കെ ആയിരുന്നു. ആ സ്വർണ്ണമൊക്കെ യമുന കൊടുത്തയച്ചതാണെന്ന് ആർക്കും അറിയില്ലായിരുന്നു. "യമുനേ ദേ ഇതുപോലെ ഇതേ സെയിം മോഡൽ ഒരു മാല നിനക്കും ഇല്ലായിരുന്നോ?"

പൂർണിമയുടെ കഴുത്തിൽ കിടക്കുന്നൊരു മാല ചൂണ്ടി ശ്രീജ അത് പറയുമ്പോൾ യമുനയൊന്ന് പതറി. "എവിടെ നോക്കട്ടെ... ഏത് മാല ചേച്ചി ഇതാണോ." യമുന അറിയാത്ത മട്ടിൽ ചോദിച്ചു. "ആഹ് ഇതന്നെ." "ഈ മോഡൽ മാല ഉണ്ടായിരുന്നത് ശരിയാ. കഴിഞ്ഞ വർഷം ഞാനത് മാറ്റി വാങ്ങി." നരേന്ദ്രന്റെ അമ്മ ആ വിഷയം ഒതുക്കി തീർത്തത് കണ്ടപ്പോൾ പൂർണിമയ്ക്ക് ആശ്വാസം തോന്നി. അല്ലെങ്കിൽ പിന്നെ അതിന്റെ പേരിലും തനിക്ക് നാണക്കേട് അനുഭവിക്കേണ്ടി വരുമായിരുന്നുവെന്ന് അവളോർത്തു. "കല്യാണ മണ്ഡപത്തിൽ വച്ചുതന്നെ പെണ്ണ് ബോധം കെട്ട് വീണത് അത്ര നല്ല കാര്യമായി എനിക്ക് തോന്നുന്നില്ല ചേച്ചി. പെണ്ണിന് വയറ്റിലുണ്ടോന്ന് ഒന്ന് അറിഞ്ഞു വച്ചേക്കുന്നത് നല്ലതാ." യമുനയുടെ അനിയത്തി റാണി പൂർണിമ കേൾക്കെയാണ് അത് പറഞ്ഞത്. ഒരുനിമിഷം ഞെട്ടലോടെ അവൾ യമുനയെ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞു.

"നീയൊന്ന് മിണ്ടാതിരിക്കുന്നുണ്ടോ. അവൾക്ക് ബിപി ഷോർട് ആയതാണ്. നമ്മുടെ ഫാമിലി ഡോക്ടർ പരിശോധിച്ചതാ. അറിയാൻ വയ്യാത്ത ഒരു കാര്യത്തെ പറ്റി പറഞ്ഞു വെറുതെ മറ്റുള്ളവരെ കൂടി സങ്കടപെടുത്തരുത്. അവളെന്റെ മരുമകൾ ആണെന്ന കാര്യം ഓർമ്മ വേണം നിനക്ക്." യമുനയുടെ ശബ്ദം അവിടെ ഉയർന്നു. "മോളെ മുകളിൽ വലത് വശത്തു കാണുന്നതാ നരേന്ദ്രന്റെ മുറി. നിനക്ക് മാറിയിടാനുള്ള ഡ്രസ്സ്‌ ഒക്കെ അവിടെ അലമാരയിൽ ഉണ്ട്. ഈ വേഷമൊക്കെ ഒന്ന് മാറ്റി കുറച്ചു നേരം റസ്റ്റ്‌ എടുത്തോളൂ. കുറച്ചു കഴിഞ്ഞാൽ വൈകുന്നേരത്തെ റിസെപ്ഷന് ഒരുക്കാൻ ആള് വരും." യമുന അവളെ അവർക്കിടയിൽ നിന്നും രക്ഷപ്പെടുത്താനെന്നോണം പറഞ്ഞു. പൂർണിമ അവരെ നോക്കി തലയനക്കി കാണിച്ചിട്ട് മുകളിലേക്കുള്ള ഗോവണി പടികൾ കയറി പോയി. "ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം, പൂർണിമ എന്റെ മോൻ കല്യാണം കഴിച്ച് കൊണ്ടുവന്ന പെണ്ണാണ്. മുല്ലശ്ശേരി തറവാടിന്റെ മരുമകൾ. അവളെക്കുറിച്ച് ആര് അനാവശ്യം പറഞ്ഞാലും കേട്ടുകൊണ്ട് നിൽക്കാൻ എനിക്ക് പറ്റിയെന്ന് വരില്ല.

ഇനി ആരുടെയെങ്കിലും ഭാഗത്ത്‌ നിന്ന് അവൾക്ക് നേരെ ദുഷിച്ച വാക്കുകളോ അർത്ഥം വച്ചുള്ള നോട്ടമോ ഉണ്ടായാൽ പിന്നെ ഈ തറവാടിന്റെ പടിക്ക് പുറത്തായിരിക്കും അവരുടെ സ്ഥാനം. പൂർണിമയെ അപകീർത്തിപ്പെടുത്താൻ നിങ്ങൾ ശ്രമിക്കുമ്പോൾ അത് ഈ തറവാടിന് കൂടിയാണ് നാണക്കേട്. ഇനി ഞാൻ ഇതുപോലെ എന്തെങ്കിലും കേൾക്കാൻ ഇടവരരുത്." ചുറ്റിലും കൂടി നിന്ന പെൺപടകളെ നോക്കി താക്കീത് ചെയ്ത ശേഷം യമുന അവിടെ നിന്നും പോയി. "എന്റെ നയന മോൾടെ ജാതകവുമായിട്ട് നരേന്ദ്രന് പത്തിൽ പത്ത് പൊരുത്തവും ഉണ്ടായിരുന്നതാണ്. പക്ഷേ ഇവർക്ക് ആർക്കും എന്റെ കൊച്ചിനെ വേണ്ടായിരുന്നു. കുടുംബത്ത് നിന്നുതന്നെ ബന്ധമെടുക്കാൻ നരേന്ദ്രനും യമുനയ്ക്കും താല്പര്യമില്ല പോലും. അതിനൊക്കെ കുട പിടിക്കാൻ എന്റെ ചേട്ടനും. എന്നിട്ട് കണ്ട് പിടിച്ചു കൊണ്ടുവന്നത് ഒരു ദാരിദ്ര്യം പിടിച്ച കുടുംബത്തിലെ സന്തതിയെ."

അമർഷം അടക്കാൻ കഴിയാനാവാതെ ശബ്ദം താഴ്ത്തി ശ്രീജ റാണിയോട് പറഞ്ഞു. "ഇനിയിപ്പോ സങ്കടപ്പെട്ടിട്ട് ഒരു കാര്യോമില്ലല്ലോ. നടക്കാനുള്ളത് നടന്നു. ശ്രീജേച്ചി വെറുതെ ഓരോന്ന് പറഞ്ഞ് ഇനി ചേച്ചിയെ ദേഷ്യം പിടിപ്പിക്കാൻ നിൽക്കണ്ട. നയനയ്ക്ക് നരേന്ദ്രനെക്കാൾ നല്ലൊരു പയ്യനെ നമുക്ക് കണ്ടുപിടിക്കാം." റാണി അവരെ സമാധാനിപ്പിച്ചു. ************** ആശങ്ക നിറഞ്ഞ മനസ്സുമായിട്ടാണ് പൂർണിമ മുകളിലേക്കുള്ള പടവുകൾ ഓരോന്നും കയറിയത്. ഗോവണി കയറി ചെന്നപ്പോൾ വലത് വശത്ത് കണ്ട മുറിയിലേക്ക് അവൾ ചെന്നു. നരേന്ദ്രൻ, ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. മുറിയിലേക്ക് കയറാൻ മടിച്ച് ഒരു നിമിഷം പൂർണിമ വാതിൽക്കൽ തന്നെ നിന്നു. നരേന്ദ്രൻ അവൾ വന്നതറിയാതെ ഫോൺ സംഭാഷണത്തിലാണ്.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story