മാലയോഗം: ഭാഗം 40

malayogam shiva

രചന: ശിവ എസ് നായർ

"എനിക്ക് പേടിയാ... ഞാൻ സമ്മതിക്കില്ല... കുട്ടികളെ ഇപ്പോൾ ആരും വന്ന് കാണുന്നത് എനിക്കിഷ്ടമല്ല." പൂർണിമയുടെ കണ്ഠമൊന്നിടറി. "നിന്റെ ഇഷ്ടം പോലെ നടത്താൻ ഇത് നിന്റെ വീടല്ല." അവരുടെ സംസാരം കേട്ടുകൊണ്ട് വന്ന യമുനയാണ് അത് പറഞ്ഞത്. "ആരുടെ വീടായാലും എനിക്കൊന്നുമില്ല. ഞാൻ പ്രസവിച്ച കുഞ്ഞുങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാനും അഭിപ്രായം പറയാനും എനിക്കാരുടെയും അനുവാദത്തിന്റെ ആവശ്യമില്ല. കണ്ടവരൊക്കെ വന്ന് മക്കളെ കണ്ട് പോയിട്ട് ഇൻഫെക്ഷൻ വല്ലോം വന്നാൽ അമ്മ സമാധാനം പറയുമോ? നാഴികയ്ക്ക് നാല്പത് വട്ടം എന്റെ കൊച്ചുമക്കളെന്ന് പറഞ്ഞു നടക്കുന്ന അമ്മയ്ക്ക് അവരുടെ ആരോഗ്യ കാര്യത്തിൽ ആശങ്കയോ ശ്രെദ്ധയോ ഇല്ലേ? രണ്ട് കുഞ്ഞുങ്ങളെയും നല്ല രീതിയിൽ കെയർ ചെയ്യാൻ പറ്റുമെങ്കിൽ മാത്രം വീട്ടിലേക്ക് പോയാൽ മതിയെന്നല്ലേ ഡോക്ടർ പറഞ്ഞത്? എന്നിട്ട് നരേട്ടനും അമ്മേടെ താളത്തിനൊന്ന് തുള്ളുവാണോ?" പൂർണിമ നിന്ന് കിതച്ചു.

"കുട്ടികളെ എങ്ങനെ നോക്കണമെന്ന് ഡോക്ടർ പറഞ്ഞോ അതുപോലെ തന്നെയാണ് ഞാൻ നോക്കുന്നത്. പിന്നെ കുടുംബത്തിൽ ഒരു സന്തോഷമുള്ള കാര്യമുണ്ടാകുമ്പോൾ ബന്ധുക്കൾ വരുന്നത് സർവ്വ സാധാരണമാണ്. അവരൊക്കെ വന്ന് കുഞ്ഞുങ്ങളെയും എടുത്ത് നടക്കേന്നുമില്ല. അടുത്ത് വന്ന് ജസ്റ്റ്‌ ഒന്ന് നോക്കി പോകേയുള്ളൂ. അതൊന്നും ഓർത്ത് നീ ടെൻഷനാവണ്ട. എല്ലാരേം വിളിച്ച് വരാനായി പറഞ്ഞു പോയത് കൊണ്ട് ഇനി മാറ്റിപറയാനും പറ്റില്ലല്ലോ. ആരും കുട്ടികളെ എടുക്കാതെയും തൊടാതെയും ഞാൻ നോക്കിക്കോളാം. ഇന്നൊരു ദിവസത്തേക്ക് നീയൊന്ന് അഡ്ജസ്റ്റ് ചെയ്യ് പൂർണിമ. അല്ലാതെ ഇതിന്റെ പേരും പറഞ്ഞ് അമ്മയോട് വഴക്കിന് നിക്കണ്ട നീ." നരേന്ദ്രൻ ഗൗരവത്തിൽ പറഞ്ഞു. "മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങളാണ്. കുട്ടികളെ നോക്കുന്നവരല്ലാതെ വേറെയാരും ഇവർ കിടക്കുന്ന റൂമിൽ പോലും മാക്സിമം കേറാതിരിക്കണമെന്ന് ഡോക്ടർ പറഞ്ഞിട്ടുള്ളപ്പോഴാണോ എല്ലാവർക്കും കേറി കാണാൻ വേണ്ടി വാതിൽ തുറന്നിട്ട്‌ കൊടുക്കുന്നത്. വരുന്നവർ കുട്ടികളെ തൊടാതിരുന്നെന്ന് കരുതി അവർക്കൊന്നും പറ്റില്ലെന്ന് എന്താ ഉറപ്പ്.

ആർക്കെങ്കിലും എന്തെങ്കിലും അസുഖമുണ്ടെങ്കിൽ ഈ വീട്ടിലുള്ള മറ്റാരിലേക്കെങ്കിലും പകർന്നിട്ട് അങ്ങനെയും കുഞ്ഞുങ്ങളെ ബാധിക്കാലോ. ഇതൊന്നും ചിന്തിക്കാനുള്ള ബുദ്ധിയും വകതിരിവും നിങ്ങൾക്ക് രണ്ടുപേർക്കുമില്ലാതായി പോയോ?" അവൾക്ക് ദേഷ്യമടക്കാനായില്ല. "പ്രസവിച്ചെന്ന് കരുതി ഇത്ര അഹങ്കാരം പാടില്ല പൂർണിമേ. നിന്റെ സ്ഥാനം എവിടെയാണെന്ന ഓർമ്മ ഉണ്ടാവാണം. പ്രസവിക്കുന്നതിന് മുൻപ് നീ ഇങ്ങനെയൊന്നുമായിരുന്നില്ല. ഇപ്പോൾ ഈ കാണിക്കുന്ന നെഗളിപ്പ് എന്ത് ഉദേശത്തിലാണെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്. നിന്റെ ഭാര്യയെ അടക്കി നിർത്തിയാൽ നിനക്ക് കൊള്ളാം നരാ." പൂർണിമയെ കടുപ്പിച്ചൊന്ന് നോക്കിയിട്ട് യമുന പുറത്തേക്ക് പോയി. "നീയെന്തിനാ പൂർണിമേ അമ്മയോട് കയർത്ത് സംസാരിക്കാൻ പോയത്. ഈ വീട്ടിൽ നീ കാരണം ഒരു വഴക്കുണ്ടാവരുത്." "അതിന് നരേട്ടനെന്തിനാ എന്നോട് ചൂടാവുന്നത്. നമ്മുടെ മക്കളെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് നമ്മളല്ലേ. അന്നേരത്ത് ഇങ്ങനെ ബന്ധുക്കളെയൊക്കെ വിളിച്ചു കൂട്ടി ആഘോഷിക്കാനാണോ ശ്രമിക്കേണ്ടത്."

"എന്റെ പൂർണിമേ... നീയിങ്ങനെ അത് തന്നെ പറഞ്ഞു കൊണ്ടിരിക്കല്ലേ. നീ പേടിക്കുന്ന പോലൊന്നും ഉണ്ടാവില്ല. കുഞ്ഞുങ്ങളെ കുറച്ചു ദൂരെ നിന്ന് കണ്ടാൽ മതിയെന്ന് ഞാൻ പറയുന്നുണ്ട്." "അവര് സാധാരണ കുട്ടികളെ പോലെ ആയതിനുശേഷം പോരായിരുന്നോ നരേട്ടാ ഈ ഫങ്ക്ഷനൊക്കെ. നരേട്ടനെന്തിനാ ഇതൊക്കെ സമ്മതിച്ചു കൊടുക്കാൻ പോയത്?" "അതിന് ഞാൻ പറഞ്ഞിട്ടൊന്നുമല്ല എല്ലാരും ഇങ്ങോട്ട് വരുന്നത്. ഇതെല്ലാം അമ്മേടെ പണിയാ. സത്യത്തിൽ ഇപ്പോൾ റിലേറ്റീവ്സിനെയൊക്കെ വിളിച്ചു വരുത്താൻ എനിക്കൊരു താല്പര്യവുമില്ലായിരുന്നു. പിന്നെ അമ്മ എല്ലാം അറേഞ്ച് ചെയ്ത് പോയതുകൊണ്ട് ഞാനായിട്ട് എതിർപ്പ് പറയണ്ടല്ലോന്ന് കരുതിയാ ഞാൻ സമ്മതം മൂളിയത്. ഇനിയിങ്ങനെയൊന്നും വേണ്ടെന്ന് ഞാൻ അമ്മയോട് പറഞ്ഞിട്ടുണ്ട്. ഇത്തവണത്തേക്ക് നീയൊന്ന് അഡ്ജസ്റ്റ് ചെയ്യ്. ഒരു കുഴപ്പോമുണ്ടാകില്ല."

"അല്ലേലും ഇത് എന്റെ വീടൊന്നുമല്ലല്ലോ. അപ്പോപ്പിന്നെ എന്റെ വാക്കിന് പുല്ലുവിലയല്ലേ നിങ്ങൾക്കൊക്കെ കാണൂ. എല്ലാരും കൂടി എന്താന്ന് വച്ചാ ചെയ്തോ. എന്നെ ഒന്നിനും പ്രതീക്ഷിക്കണ്ടാ. എനിക്കാരെയും കാണുകയും വേണ്ട. കുട്ടികൾക്ക് എന്തെങ്കിലും വന്നാൽ അപ്പൊ കാണിച്ചുതരാം ഞാൻ." ദേഷ്യത്തോടെ പിറുപിറുത്തുകൊണ്ട് പൂർണിമ കുഞ്ഞുങ്ങൾക്കരികിലേക്ക് പോയി കിടന്നു. "നീയെന്റെ ക്ഷമയെ പരീക്ഷിക്കരുത് പൂർണിമേ." മുഷ്ടി ചുരുട്ടി ദേഷ്യമടക്കി നരേന്ദ്രൻ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു. അവനെ പാടെ അവഗണിച്ചുകൊണ്ട് പൂർണിമ മറുവശത്തേക്ക് തിരിഞ്ഞു കിടന്നു. 🍁🍁🍁🍁🍁 അഞ്ചുമണി കഴിഞ്ഞപ്പോൾ മുതൽ ബന്ധുക്കൾ ഓരോരുത്തരായി മുല്ലശ്ശേരിയിലേക്ക് വരാൻ തുടങ്ങി. വന്നവരോടൊക്കെ കുഞ്ഞുങ്ങളുടെ അടുത്തേക്ക് പോയി കാണരുതെന്ന് നരേന്ദ്രൻ പ്രത്യേകം പ്രത്യേകം ഓടി നടന്ന് പറയുന്നത് പൂർണിമ കാണുന്നുണ്ടായിരുന്നു. യമുനയും, കുട്ടികളുടെ അടുത്തേക്ക് പോകണ്ടെന്നും ദൂരെ നിന്ന് കണ്ടാൽ മതിയെന്നും പറയുന്നുണ്ടായിരുന്നു.

അതുകൊണ്ട് വന്നവരൊക്കെ രണ്ട് മക്കളെയും ജസ്റ്റ്‌ ഒന്ന് നോക്കി കണ്ടിട്ട് പുറത്തേക്ക് പോയി. ചിലർ മുറിയിൽ തന്നെ ചടഞ്ഞിരുന്ന് പൂർണിമയോട് ഓരോന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. തന്നോട് ചോദിക്കുന്നതിനൊക്കെ ഒന്നോ രണ്ടോ വാക്കിൽ ഉത്തരം പറഞ്ഞ് അവൾ ദേഷ്യമടക്കി മിണ്ടാതിരുന്നു. സമയം കടന്ന് പോകുംതോറും പൂർണിമയ്ക്ക് ദേഷ്യമിരട്ടിച്ചുകൊണ്ടിരുന്നു. കുട്ടികൾ തടി തൊട്ടിലിൽ കിടക്കുന്നത് കൊണ്ട് തന്നെ നരേന്ദ്രന്റെ ബന്ധത്തിലുള്ള വയസ്സായ അമ്മാമ്മമാർ പൂർണിമയുടെ അടുത്ത് കട്ടിലിലാണ് ഇരുന്നത്. അവരോടൊക്കെ ഒന്ന് ഇറങ്ങി പോകാൻ പറയാനാണ് അവൾക്ക് തോന്നിയത്. പാലുണ്ടോ, കുട്ടികൾക്ക് എങ്ങനെയാ കൊടുക്കുന്നേ? രണ്ട് പേർക്കും കൊടുക്കാൻ പാല് തികയുന്നുണ്ടോ? തികഞ്ഞില്ലെങ്കിൽ പൊടിപാൽ കലക്കി കൊടുക്കരുത് തുടങ്ങി ഉപദേശങ്ങളുടെ നീണ്ട നിരയായിരുന്നു അവൾക്ക് കേൾക്കേണ്ടി വന്നത്.

പൂർണിമയുടെ മട്ടും ഭാവവുമൊക്കെ കണ്ടപ്പോൾ തന്നെ നരേന്ദ്രന് പന്തികേട് തോന്നിയിരുന്നു. അവരെയെല്ലാം തഞ്ചത്തിൽ പുറത്തേക്ക് കൂട്ടികൊണ്ട് പോകാൻ അവനൊരു ശ്രമം നടത്തിയെങ്കിലും അമ്മാമ്മമാർ അവനോടാണ് മുറിയിൽ നിന്നിറങ്ങി പോകാൻ പറഞ്ഞത്. അതുംകൂടി ആയപ്പോൾ അവളുടെ ക്ഷമ നശിച്ചു. "ഇവരെയെല്ലാം ഇപ്പൊത്തന്നെ പുറത്ത് വിളിച്ചോണ്ട് പോയില്ലെങ്കിൽ ഞാൻ വല്ലോം വിളിച്ചു പറയും നരേട്ടാ. എല്ലാരേം ഉപദേശം കേട്ട് ചെവി പൊട്ടി. ഇതുകൊണ്ടാ ആരേം വിളിച്ചു കേറ്റരുതെന്ന് ഞാൻ പറഞ്ഞത്." നരേന്ദ്രനെ അടുത്തേക്ക് വിളിച്ചു ശബ്ദം താഴ്ത്തി അവൾ പറഞ്ഞു. "ഞാൻ പുറത്തേക്ക് പോകാൻ പറഞ്ഞിട്ടും അവര് കേൾക്കുന്നില്ലല്ലോ. ഞാൻ അമ്മയോട് പറയാം." നരേന്ദ്രൻ പോയി യമുനയെ അങ്ങോട്ട്‌ വിളിച്ചു കൊണ്ട് വന്നു. "അമ്മ തന്നെ ഇവരോടൊക്കെ ഹാളിൽ പോയിരിക്കാൻ പറയ്യ്. ഞാൻ പോവാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല.

പൂർണിമയോട് ഓരോന്ന് പറഞ്ഞിരിക്കാ. അവൾക്ക് ദേഷ്യം വന്ന് വല്ലതും വിളിച്ചു പറഞ്ഞാൽ നമുക്കാ നാണക്കേട്." കുറച്ചു പ്രയമായവരെ പറഞ്ഞു മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെന്ന് അവന് അതിനോടകം ബോധ്യമായി. യമുനയുടെ അമ്മായിമാർ രണ്ട് പേരും ശ്രീകണ്ഠന്റെ ബന്ധത്തിലുള്ള പ്രായം ചെന്ന രണ്ട് പേരുമാണ് പൂർണിമയുടെ അടുത്തുണ്ടായിരുന്നത്. ഇതുപോലെ വിശേഷ സമയങ്ങളിലാണ് അവർ നാലാളും ഒരുമിച്ച് കൂടുന്നതും സൊറ പറഞ്ഞിരിക്കുന്നതും. "അമ്മായിമ്മാർക്ക് ഹാളിലേക്ക് വന്നിരുന്നൂടെ. കുട്ടികളെ നോക്കുന്നവരല്ലാതെ വേറെയാരും പിള്ളേര് കിടക്കുന്നിടത്ത് അധിക നേരം വന്നിരിക്കാൻ പാടില്ലെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുണ്ട്. അതുമതി പിന്നെ ഓരോ അസുഖങ്ങൾ വരാൻ." യമുന അനുനയത്തിൽ അവരോട് പറഞ്ഞു. "നീയൊന്ന് മിണ്ടാതിരിക്ക് യമുനേ. അല്ലേൽ തന്നെ ഈ ഡോക്ടർമാരൊക്കെ എന്ന് വന്നതാ. ഞങ്ങള് പണ്ട് ആശുപത്രിയിൽ പോലും പോകാതെ വീട്ടിൽ തന്നെയാ എട്ട് പത്ത് പിള്ളേരെ പെറ്റ് വളർത്തിയത്. ആശുപത്രിക്കാർ അവർക്ക് കാശ് കിട്ടാൻ വേണ്ടി ഇല്ലാത്ത പല രോഗങ്ങളും ഉണ്ടെന്ന് പറയും. നീയതൊന്നും കേൾക്കാൻ നിക്കണ്ട." അമ്മായിമാരിൽ ഒരാളങ്ങനെ പറഞ്ഞപ്പോൾ മറ്റുള്ളവരും അതിനെ പിന്താങ്ങി.

"അല്ലെങ്കിൽ തന്നെ നമ്മളേന്ന് മക്കൾക്ക് എന്ത് അസുഖം വരാനാണ്. നമ്മളൊക്കെ പുറത്തേക്കൊന്നും പോവാതെ വെറുതെ വീട്ടിൽ തന്നെ ഇരിക്കുന്നവരല്ലേ. അതോണ്ട് നീ അതൊന്നും ഓർത്ത് പേടിക്കണ്ട. വേറെയാരേം ഇങ്ങോട്ട് വിളിച്ചുകേറ്റി പിള്ളേരെ അടുത്ത് വിടാതിരുന്നാൽ മതി." വേറൊരാൾ തന്റെ അഭിപ്രായം പറഞ്ഞു. "അതൊന്നും ശരിയാവില്ല അമ്മാമ്മേ. നിങ്ങൾക്ക് സംസാരിച്ചിരിക്കാനാണെങ്കിൽ അപ്പുറത്തെ മുറിയിലേക്ക് ഇരുന്നോ." പൂർണിമയെ പാളി നോക്കി നരേന്ദ്രൻ പറഞ്ഞു. "ഓഹ് ആരാ ഇത് പറയണേ. എടാ ചെറുക്കാ നീയാദ്യം ഇറങ്ങി പോടാ. പെറ്റ് കിടക്കണ പെണ്ണിന്റെ അടുത്ത് തൊണ്ണൂറ് ദിവസം ഭർത്താവ് വരാനോ കാണാനോ പാടില്ല. ഇതൊന്നും നിനക്ക് പറഞ്ഞു കൊടുക്കാൻ വയ്യേ യമുനേ. അല്ലെങ്കിൽ പിന്നെ പെറ്റെണീച്ചു വന്ന പെണ്ണ് ഒൻപത് മാസം ആകുമ്പോഴേക്കും അടുത്ത പേറും കഴിയും. ഇതൊന്നും നടക്കാതിരിക്കാനാ തൊണ്ണൂറ് കഴിയും വരെ പെറ്റ പെണ്ണിനെ അവളെ വീട്ടിൽ തന്നെ പിടിച്ചു നിർത്തുന്നത്. അതുവരെ അവള് കിടക്കണ മുറിയിലേക്ക് ഭർത്താവിനെ വിടില്ല.

കൊച്ചിനെ ആരെങ്കിലും എടുത്തുകൊണ്ടുവന്ന് കാണിച്ചിട്ട് അങ്ങുപോകും. ഇവിടിപ്പോ എന്താ നടക്കണേ. ഇവനിവളുടെ അടുത്തൂന്ന് മാറുന്നില്ലല്ലോ. ഇവർ രാത്രി കിടക്കുന്നതും ഒരുമിച്ചാണോ?" യമുനയോടായിരുന്നു ആ ചോദ്യം. "ഇവരെ ഹോസ്പിറ്റലിൽ നിന്ന് ഇന്നിങ്ങോട്ട് കൂട്ടികൊണ്ട് വന്നതല്ലേ ഉള്ളൂ അമ്മായി. രാത്രി ഇവള്ടെ കൂടെ ഇവിടെ ഞാനാ കിടക്കാൻ പോകുന്നത്. നരൻ മുകളിലേക്ക് പോകും. അമ്മായിമാർ അതൊന്നും ഓർത്ത് പേടിക്കണ്ട. ഇതൊക്കെ എനിക്ക് അറിഞ്ഞൂടെ." യമുന ലാഘവത്തോടെ പറഞ്ഞു. യമുന സംസാരം കേട്ട് പൂർണിമ കോപത്തോടെ നരേന്ദ്രനെ നോക്കി. "നിങ്ങളുടെ അമ്മയെ ഞാൻ ഇപ്പൊത്തന്നെ കൂടെ കിടത്താം. എന്റെ കൂടെ ഇവിടെ നിങ്ങള് മതി." അവളുടെ മുഖത്തെ ഭാവങ്ങൾ കണ്ടപ്പോൾ പൂർണിമ മനസ്സിൽ വിചാരിച്ച കാര്യം എന്തായിരിക്കുമെന്ന് നരേന്ദ്രൻ ഊഹിച്ചു. അവൻ കണ്ണ് ചിമ്മി അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. "എന്നാലും രണ്ടാളും ഒരേ വീട്ടിൽ നിൽക്കുമ്പോ നിന്റെ ഒരു ശ്രെദ്ധ വേണം യമുനേ. പ്രായം അതാണ് രണ്ടിന്റേം." അമ്മാമ്മമാർ പരസ്പരം നോക്കി ചിരിച്ചു.

"ഒന്ന് പ്രസവിച്ച ക്ഷീണം ഇതുവരെ മാറിയിട്ടില്ല. അപ്പോഴാണ് ഇനി അടുത്തതും കൂടി. അല്ലെങ്കിൽ തന്നെ ഈ സമയം ഭർത്താവ് കൂടെ വേണോന്ന് ആഗ്രഹിക്കുന്നത് ഇതിന് വേണ്ടിയാണോ? ഇവർക്കൊക്കെ ഈയൊരു വിചാരം മാത്രേയുള്ളോ?" ശബ്ദമടക്കി പൂർണിമ നരേന്ദ്രനോട്‌ ചോദിച്ചു. "പ്രായമായവരല്ലേ പൂർണിമ. നീയൊന്ന് ക്ഷമിക്ക്." നരന്റെ കൈകൾ അവളുടെ കരങ്ങളെ മുറുക്കിപ്പിടിച്ചു. "അല്ല യമുനേ... പ്രസവം കഴിഞ്ഞ് പെണ്ണിന്റെ വീട്ടിൽ പോയി നിന്ന് തൊണ്ണൂറ് കഴിഞ്ഞല്ലേ ഇങ്ങോട്ട് വരേണ്ടത്. പിന്നെന്താ നിന്റെ മരുമോളെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത്. ഇവളെ വീട്ടുകാർക്ക് അങ്ങോട്ട് കൊണ്ട് പോവാൻ താല്പര്യമില്ലായിരുന്നോ?" അമ്മായിമാരിൽ ഒരാൾ ചോദിച്ചു. "ഇവിടെയല്ലേ അമ്മായി സുഖ സൗകര്യങ്ങൾ കൂടുതൽ. പിന്നെ ഭർത്താവിനേം എപ്പോഴും അടുത്ത് കിട്ടുമല്ലോ. ഹോസ്പിറ്റലിൽ വച്ച് പോലും സ്വന്തം അമ്മ നിക്കുന്നതിനേക്കാൾ നരേന്ദ്രൻ ഒപ്പം നിക്കുന്നതായിരുന്നു പൂർണിമയ്ക്ക് താല്പര്യം. നരേന്ദ്രന് അവളെ വീട്ടിൽ പോയി നിക്കുന്നത് ഇഷ്ടമല്ല. അതല്ലേ അവളിങ്ങോട്ട് വന്നത്." അവിടുത്തെ സംസാരങ്ങൾ കേട്ടുകൊണ്ട് നിന്ന ശ്രീജയാണ് അത് പറഞ്ഞത്. ശ്രീജമ്മായിയുടെ അർത്ഥം വച്ചുള്ള പറച്ചിൽ കേട്ടതും പൂർണിമയ്ക്കും നരേന്ദ്രനും ഒരുപോലെ ദേഷ്യം വന്നു...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story