മാലയോഗം: ഭാഗം 41

malayogam shiva

രചന: ശിവ എസ് നായർ

 "ഇവിടെയല്ലേ അമ്മായി സുഖ സൗകര്യങ്ങൾ കൂടുതൽ. പിന്നെ ഭർത്താവിനേം എപ്പോഴും അടുത്ത് കിട്ടുമല്ലോ. ഹോസ്പിറ്റലിൽ വച്ച് പോലും സ്വന്തം അമ്മ നിൽക്കുന്നതിനേക്കാൾ പൂർണിമയ്ക്ക് താല്പര്യം നരേന്ദ്രൻ ഒപ്പം നിക്കുന്നതായിരുന്നു. നരേന്ദ്രന് അവളെ വീട്ടിൽ പോയി നിക്കുന്നത് ഇഷ്ടമല്ലല്ലോ. അതല്ലേ അവളിങ്ങോട്ട് തന്നെ വന്നത്." അവിടുത്തെ സംസാരങ്ങൾ കേട്ടുകൊണ്ട് നിന്ന ശ്രീജയാണ് അത് പറഞ്ഞത്. ശ്രീജമ്മായിയുടെ അർത്ഥം വച്ചുള്ള പറച്ചിൽ കേട്ടതും പൂർണിമയ്ക്കും നരേന്ദ്രനും ഒരുപോലെ ദേഷ്യം വന്നു. "അമ്മായി പണ്ട് രണ്ടാമത്തെ പ്രസവത്തിന് ഇവിടെ വന്ന് നിന്നപ്പോൾ ദിവസവും അമ്മാവനിവിടെ കേറിയിറങ്ങിയിരുന്നതും അമ്മായി ഇപ്പോ പറഞ്ഞ കാര്യത്തിനാണോ? അങ്ങനെയെങ്കിൽ അമ്മായി ഇങ്ങനെയൊക്കെ ചിന്തിച്ചു കൂട്ടിയതിൽ തെറ്റ് പറയാൻ പറ്റില്ല.

അവരവർ ചെയ്തതാണ് മറ്റുള്ളവരും ചെയ്യുന്നതെന്ന് വിചാരിച്ച് പോകുന്നത് സ്വാഭാവികം." എടുത്തടിച്ചത് പോലെയുള്ള നരേന്ദ്രന്റെ സംസാരം കേട്ട് ശ്രീജയുടെ മുഖം വിളറിപ്പോയി. "ഛേ... എന്ത് വൃത്തികേടാ നരാ നീ അമ്മായിയോട് വിളിച്ചു പറഞ്ഞത്. മുതിർന്നവരോട് ഇങ്ങനെയാണോ സംസാരിക്കേണ്ടത്." യമുന ശബ്ദമുയർത്തി. "മുതിർന്നവർ പറയുന്ന വാർത്താനാണോ അമ്മായി പറഞ്ഞത്. സഹിക്കുന്നതിനൊരു അതിരുണ്ട്." നരേന്ദ്രൻ അമർഷത്തോടെ ശ്രീജയെ നോക്കി. "അവന് ഭാര്യേ പറഞ്ഞത് പിടിച്ചില്ല... അല്ലെങ്കിൽ തന്നെ ശ്രീജ പറഞ്ഞതിൽ എന്താ തെറ്റ്. അല്ലേലും കാർന്നോമ്മാര് പറയുന്നതൊക്കെ ഇപ്പഴത്തെ പിള്ളേർക്ക് പുച്ഛമാണല്ലോ. നോക്കീം കണ്ടും നടന്നാൽ നിനക്ക് കൊള്ളാം കൊച്ചേ. ഈ നേരത്തെങ്കിലും ഭർത്താവിനെ കുറച്ച് നാൾ മാറ്റി നിർത്തുന്നതാ നിനക്ക് നല്ലത്." അമ്മായിമാരിൽ ഒരാൾ ശ്രീജയെ പിന്താങ്ങി. "ഇതിന് മറുപടി നരേട്ടൻ പറയുന്നോ അതോ ഞാൻ പറയണോ. എനിക്കിത്തിരി സമാധാനം കിട്ടിയാ കൊള്ളാം."

പൂർണിമ കടുത്ത മുഖത്തോടെ നരേന്ദ്രനോട്‌ ചോദിച്ചു. "എല്ലാരും ഇപ്പൊത്തന്നെ ഇവിടുന്ന് ഇറങ്ങിക്കോ. അല്ലെങ്കിൽ പ്രായം മറന്ന് ഞാൻ വല്ലോം പറഞ്ഞു പോകും. നിങ്ങടെയൊക്കെ ഭർത്താക്കന്മാർ നിങ്ങൾ പ്രസവിച്ചു കിടന്നപ്പോ എങ്ങനെയായിരുന്നുവെന്ന് എനിക്കറിയില്ല. പക്ഷേ ഈ സമയം എന്റെ ഭാര്യേം മക്കളേം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം മറ്റാരേക്കാളും എനിക്കാണ്. അതിന് മറ്റ് അർത്ഥങ്ങൾ കാണുന്നവർ മേലിൽ ഞങ്ങളുടെ ഒരു കാര്യത്തിലും അഭിപ്രായം പറയാൻ വരണ്ട. ഞങ്ങൾക്കറിയാം എന്ത് വേണമെന്ന്." "നരാ... ഇവള്ടെ കൂടെ ചേർന്ന് നീയും മറ്റുള്ളവരോട് തോന്ന്യാസം പറയാൻ തുടങ്ങിയോ?" യമുന മകനെ ശാന്തനാക്കാൻ ശ്രമിച്ചു. "അമ്മയും കേട്ടതല്ലേ ഇവരുടെ ചൊറിയുന്ന സംസാരം. എല്ലാരും ഇവരുടെ ഭർത്താക്കന്മാരെ പോലെയാണെന്ന ചിന്തയാ. പ്രസവിച്ച് കിടക്കുന്ന ഭാര്യേ കേറിപ്പിടിക്കാൻ മാത്രം ഞാൻ കമഭ്രാന്തനൊന്നുമല്ല

. അമ്മയിവരെ വിളിച്ച് കൊണ്ട് പോയില്ലെങ്കിൽ ഇനിയും എന്റേന്ന് കേൾക്കും." സർവ്വ നിയന്ത്രണവും വിട്ട് നരേന്ദ്രൻ പൊട്ടിത്തെറിച്ചു. "നിങ്ങള് അങ്ങോട്ട് വന്നിരിക്ക്. രണ്ടെണ്ണത്തിനോടും ഒന്നും പറഞ്ഞിട്ട് കാര്യമില്ല. നമ്മളൊക്കെ എന്തെങ്കിലും പറഞ്ഞാൽ ഇപ്പഴത്തെ പിള്ളേർക്ക് പുല്ലുവിലയാ." യമുന അവരെയെല്ലാവരെയും അവിടുന്ന് കൂട്ടികൊണ്ട് പോകാൻ ശ്രമിച്ചു. "ഇതൊക്കെ ചേട്ടത്തി അനുഭവിക്കണം. ജാതക പൊരുത്തം നോക്കി ഏതോ ദാരിദ്ര്യ കുടിയിൽ കിടന്നവളെ മുല്ലശ്ശേരിയിലെ മരുമകളാക്കാൻ എഴുന്നള്ളിച്ച് കൊണ്ട് വന്നതല്ലേ. ഇവളേ പോലെയുള്ള ലോ ക്ലാസ്സിനോട് ജീവിച്ചാൽ പിന്നെ നരന്റെ നിലവാരം താഴോട്ടല്ലേ പോകൂ. നമ്മുടെയൊക്കെ സ്റ്റാറ്റസിന് ചേരുന്ന ബന്ധം നോക്കിയിരുന്നെങ്കിൽ ഇതൊന്നും കേൾക്കേണ്ടി വരില്ലായിരുന്നു. നമ്മുടെ ഗതികേട് അല്ലാതെന്ത് പറയാനാ."

പുച്ഛത്തോടെ ചിറി കോട്ടി ശ്രീജ പുറത്തേക്കിറങ്ങി പോയി. "ഇനി ഞങ്ങൾ കാരണം നിങ്ങൾക്കൊരു ബുദ്ധിമുട്ട് വേണ്ട മക്കളെ. ഈ പ്രായത്തിൽ ഇങ്ങനെ പലതും തോന്നും. പ്രായമുള്ളവർ വല്ലതും പറഞ്ഞാൽ അതിലെന്തെങ്കിലും കഴമ്പുണ്ടാവുമെന്ന് ചിന്തിക്കാനുള്ള വകതിരിവ് നിങ്ങൾക്കില്ലാതെ പോയി. ഹാ... അനുഭവിക്കുമ്പോ രണ്ടും പഠിച്ചോളും. നമക്ക് പുറത്തോട്ട് പോയി ഇരിക്കാം. നീ വിളിച്ചിട്ട് വന്നതല്ലേ യമുനേ ഞങ്ങൾ. എന്നിട്ട് നിന്റെ മുന്നിൽ വച്ച് തന്നെ നിന്റെ മോനും മരുമോളും ഞങ്ങളെ പറയുന്നതൊക്കെ കേട്ട് നീയിങ്ങനെ മിണ്ടാതെ നിന്നോ. ഇവളിവനെ വെറും പെങ്കോന്തനാക്കി വച്ചേക്കാ. പിറുപിറുത്തു കൊണ്ട് അമ്മായിമാരും ശ്രീജയ്ക്ക് പിന്നാലെ മുറിയിൽ നിന്നിറങ്ങി. "ഞാൻ വിളിച്ചു വരുത്തിയ അതിഥികളെ നിന്റെ വാക്കും കേട്ട് ഇവൻ അപമാനിച്ചു വിട്ടപ്പോ രണ്ടിനും തൃപ്തിയായല്ലോ." യമുനയ്ക്കാകെ അപമാനം തോന്നി. "അവർ പറഞ്ഞത് അമ്മയും കേട്ടതല്ലേ." "കേട്ടു... പ്രായമായവർ അങ്ങനെ പല ഉപദേശങ്ങളും തന്നെന്നിരിക്കും. അതിനൊക്കെ ദേഷ്യം പിടിച്ച് തറുതല പറയാൻ നിന്നാൽ അതിനേ നേരം കാണൂ.

പകരം അവർ പറഞ്ഞത് ഒരു ചെവിയിൽ കൂടെ കേട്ട് മറ്റേ ചെവിയിൽ കൂടെ കളഞ്ഞിരുന്നെങ്കിൽ ഈ വഴക്കിന്റെ ആവശ്യം വരുമായിരുന്നോ? അവരെയൊന്നും ഒരിക്കലും തിരുത്താൻ പറ്റില്ല. നമ്മളല്ലേ ക്ഷമിക്കേണ്ടത്..." "ക്ഷമിച്ചു തന്നെയല്ലേ നിന്നത്... അപ്പൊ ശ്രീജമ്മായി വന്ന് പറഞ്ഞത് കേട്ടപ്പോൾ എന്റെ കണ്ട്രോൾ പോയി. ഞാൻ നയനയെ കെട്ടാത്തതിന്റെ ചൊരുക്ക് അവർക്കിത് വരെ മാറിയിട്ടില്ല." "ശ്രീജയ്ക്കുള്ള മറുപടി പിന്നീട് ഞാൻ കൊടുക്കുമായിരുന്നല്ലോ. പക്ഷേ നീ എല്ലാരേം മുന്നിൽ വച്ച് അവളേം അപമാനിച്ചു. എന്തൊക്കെ വൃത്തികേടാ അമ്മായി ആണെന്ന് പോലും നോക്കാതെ നീ പറഞ്ഞത്. പൂർണിമയുടെ കൂടെ ചേർന്ന് നീയും മാന്യത വിട്ട് പെരുമാറാൻ തുടങ്ങി. ഒരു പ്രസവം കഴിഞ്ഞപ്പോഴേക്കും ഇവൾ നിലത്തൊന്നുമല്ല. അഹങ്കാരവും ധാർഷ്ട്യവുമാണ് ഇവൾക്ക്. ഇവളെ കണ്ട് നീയും അതുപോലെ ആയാൽ നിനക്ക് തന്നെയാ കേട്. എനിക്കിതൊന്നും തീരെ പിടിക്കുന്നില്ല... എന്നാ എന്റെ ക്ഷമ കെടുകയെന്ന് പറയാൻ പറ്റില്ല. വന്ന വഴി മറക്കാതിരുന്നാൽ നിനക്ക് കൊള്ളാം പൂർണിമേ."

ക്രോധത്തോടെ ഇരുവരെയും നോക്കി യമുന ചവിട്ടി തുള്ളി പുറത്തേക്ക് പോയി. "ഇതൊക്കെ കൊണ്ടാ ആരേം ഇങ്ങോട്ട് വിളിച്ചു കേറ്റരുതെന്ന് ഞാൻ പറഞ്ഞത്. ഇപ്പൊ ഒരു തെറ്റും ചെയ്യാത്ത ഞാൻ അഹങ്കാരിയായി മാറി. എന്റെ വീട്ടിൽ വിടാൻ ഞാൻ നരേട്ടനോട് കെഞ്ചി പറഞ്ഞതല്ലേ. എന്നിട്ട് നിങ്ങടെ അമ്മായിയും അമ്മാമ്മാരും എന്തൊക്കെയാ വിളിച്ചു പറഞ്ഞത്. കേട്ടിട്ടെന്റെ തൊലിയുരിഞ്ഞുപോയി. നരേട്ടൻ മറുപടി പറഞ്ഞില്ലായിരുന്നെങ്കിൽ ചിലപ്പോ അതിലും കടുത്ത ഭാഷയിൽ ഞാനെന്തെങ്കിലും പറഞ്ഞുപോയേനെ." പൂർണിമയ്ക്ക് അപ്പോഴും ക്ഷോഭമടക്കാനായില്ല. "അത് കഴിഞ്ഞില്ലേ... പിന്നെയും പിന്നെയും നീ ഇത് തന്നെ പറഞ്ഞോണ്ടിരിക്കല്ലേ. എല്ലാം കൂടെ കേട്ടിട്ട് എന്റെ തല പെരുക്കുന്നുണ്ട്." "നരേട്ടന് തന്നെ സഹിക്കാൻ പറ്റുന്നില്ലെങ്കിൽ എന്റെ അവസ്ഥയൊന്ന് ആലോചിച്ചു നോക്ക്. ഞാനിതൊക്കെ കേൾക്കാൻ കാരണം നരേട്ടൻ ഒറ്റയൊരാൾ മാത്രമാണ്. മര്യാദക്ക് ഞാനെന്റെ വീട്ടിൽ പോയി സമാധാനത്തോടെ നിന്നേനെ."

"നിന്നെയിനി ആരും ഒന്നും പറയാതെ ഞാൻ ശ്രദ്ധിച്ചോളാം. ഈ മുറിയിലേക്കിനി ആരോടും കേറണ്ടെന്ന് ഞാൻ പോയി പറയുന്നുണ്ട്. ഇല്ലെങ്കിൽ കുറച്ചു കഴിഞ്ഞാൽ അമ്മാമ്മമാർ ഇങ്ങോട്ട് തന്നെ കേറിവരും." "അവരിനി ഇങ്ങോട്ട് വന്നാൽ ഞാൻ തന്നെ ഇറങ്ങി പോവാൻ പറയും." "നീയൊന്നും പറയാൻ നിക്കണ്ട. എങ്കിൽ പിന്നെ അത് അതിലും വലിയ പ്രശ്നമാകും." "നരേട്ടന്റെ അമ്മ രാത്രി ഇവിടെയാണോ കിടക്കാൻ വരുന്നത്? അവരോട് അങ്ങനെ പറയുന്നത് കേട്ടല്ലോ." പെട്ടെന്ന് അക്കാര്യം ഓർമ്മ വന്ന് അവൾ ചോദിച്ചു. "അമ്മ അത് വെറുതെ പറഞ്ഞതാവും." "കാര്യമായിട്ട് പറഞ്ഞതാണെങ്കിൽ ഞാൻ സമ്മതിക്കില്ല. ഡോക്ടർ പറഞ്ഞത് പോലെയൊന്നുമല്ല അമ്മ കുട്ടികളെ നോക്കുന്നത്. ടവലിൽ പൊതിയാതെയാണ് അമ്മ കുട്ടികളെ എടുക്കുന്നതൊക്കെ. കാണുമ്പോ എനിക്ക് ടെൻഷനാവാ." "അത് ഞാൻ പറഞ്ഞോളാം." "രാത്രി അമ്മയിവിടെ കിടക്കാൻ വരുന്നതിൽ എനിക്ക് പ്രശ്നമില്ല. പക്ഷേ നരേട്ടനെ മുറിയിൽ നിന്ന് പറഞ്ഞു വിടാൻ ഞാൻ സമ്മതിക്കില്ല. അമ്മ എന്തെങ്കിലും വേണ്ടാത്തത് പറഞ്ഞാൽ എനിക്ക് ദേഷ്യം നിയന്ത്രിക്കാൻ പറ്റിയെന്ന് വരില്ല." "നിന്നേം മക്കളേം ഇങ്ങോട്ട് കൊണ്ട് വന്നത് ഞാനാണെങ്കിൽ നിങ്ങളെ എങ്ങനെ നോക്കണമെന്ന് എനിക്ക് നന്നായി അറിയാം.

അതുകൊണ്ട് വെറുതെ ഓരോന്നോർത്ത് നീ ആധി പിടിക്കണ്ട. ഞാനൊന്ന് പോയി അമ്മയുടെ പിണക്കം മാറ്റട്ടെ. നിന്നെപ്പോലെ തന്നെ അമ്മയെയും വിഷമിപ്പിക്കാൻ എനിക്ക് പറ്റില്ല." "മ്മ്മ് ചെല്ല്..." "നീ അകത്ത് നിന്ന് വാതിലടച്ചോ... ആരെങ്കിലും ചോദിച്ചാൽ നീ കുട്ടികൾക്ക് ഫീഡ് ചെയ്യാനുള്ള പാല് പമ്പ് ചെയ്യുവാന്ന് പറഞ്ഞോളാം." "താങ്ക്സ് നരേട്ടാ... ഇപ്പഴെങ്കിലും നല്ല ബുദ്ധി തോന്നിയല്ലോ." പൂർണിമ പുഞ്ചിരിയോടെ നിന്നു. "ഓരോന്നൊക്കെ കേക്കുമ്പോ നീ പറഞ്ഞത് പോലെ ആരെയും വിളിക്കണ്ടായിരുന്നുന്നാ തോന്നുവാ. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. വന്നവരെയൊക്കെ എത്രേം വേഗം പറഞ്ഞു വിടണം എന്നാലേ സമാധാനമാകൂ." അവളുടെ അഭിപ്രായം ഒടുവിൽ അവനും അനുകൂലിക്കേണ്ടി വന്നു. നരേന്ദ്രൻ പോയതും പൂർണിമ വാതിലടച്ച് കുറ്റിയിട്ടു. ശ്വാസമൊന്ന് ആഞ്ഞുവലിച്ച് കൊണ്ട് കതകിൽ ചാരി അവൾ അൽപ്പനേരം നിന്നു. അപ്പോഴാണ് അവൾക്ക് നേരിയൊരു ആശ്വാസം തോന്നിയത്. 🍁🍁🍁🍁🍁 "നീ ഭാര്യേടെ അടുത്തൂന്ന് മാറുന്നില്ലല്ലോ നരാ. ഞങ്ങളൊക്കെ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുവാ...

ഇത്രേം ദിവസം ഹോസ്പിറ്റലിൽ നീ തന്നെയല്ലേ അവൾക്കൊപ്പം ഉണ്ടായിരുന്നത്. ഇനി വീട്ടിലും അതും വേണോ?" യമുനയുടെ അനിയത്തി റാണിയാണ് അത് ചോദിച്ചത്. "വീട്ടിൽ കൊണ്ട് വന്നെന്ന് കരുതി എന്റെ കടമ തീരില്ലല്ലോ ചെറിയമ്മേ. അവൾടേം കുഞ്ഞുങ്ങൾടേം കാര്യം ഞാൻ തന്നെയല്ലേ നോക്കേണ്ടത്." "അതിന് ഇവിടെ യമുനേച്ചി ഉണ്ടല്ലോ. ഇനി കുറച്ചു ദിവസം ഞാനും ഇവിടെ കാണും. ഞങ്ങൾ രണ്ടാളുംകൂടെ നോക്കുന്നുണ്ട് അവരുടെ കാര്യങ്ങൾ. നീയിനി കുറച്ചു നാൾ മുകളിലത്തെ മുറിയിൽ തന്നെ കിടന്നാൽ മതി." "ചെറിയമ്മ എന്തിനാ ഇവിടെ നിക്കുന്നത്?" ഞെട്ടലോടെ നരേന്ദ്രൻ അവരെ നോക്കി. "പൂർണിമയുടെ പ്രസവം കഴിഞ്ഞു അവളെ ഇങ്ങോട്ട് കൊണ്ട് വരുമ്പോൾ ആദ്യത്തെ മൂന്നു മാസം ഞാനും കൂടെ ഇവിടെ വന്ന് നിൽക്കണമെന്ന് ചേച്ചിയെന്നോട് നേരത്തെ പറഞ്ഞേൽപ്പിച്ചതാ." "അവരെ നോക്കാൻ ഞാനും അമ്മയുമുണ്ടല്ലോ. പിന്നെ ചെറിയമ്മ കൂടെ ഇവിടെ നിൽക്കേണ്ട ആവശ്യമില്ല. അവരെ നോക്കാനാ ഞാൻ ലീവെടുത്തു നിക്കുന്നത് പോലും."

"പെറ്റ് കിടക്കണ പെണ്ണിനേം പിള്ളേരേം നോക്കാൻ ഞങ്ങളെക്കാൾ നിനക്കെന്ത് അറിയാനാ നരാ. ഇത്തരം കാര്യങ്ങളിൽ ആണുങ്ങൾ ഇടപെടാനേ പാടില്ല." "ചെറിയമ്മ ഇവിടെയിങ്ങനെ വന്ന് നിന്നാൽ അവിടത്തെ കാര്യങ്ങൾ ആര് നോക്കും." "അവിടെ എന്റെ രണ്ട് പെണ്മക്കളില്ലേ... അവരുടെ അച്ഛനും അച്ഛമ്മയുമൊക്കെയുണ്ട്. രണ്ടാളും കോളേജ് പോകണ പ്രായമെത്തിയില്ലേ. കുറച്ചുനാൾ ഞാനവിടെ ഇല്ലെന്ന് വച്ച് അവിടത്തെ കാര്യങ്ങൾക്കൊന്നും തടസ്സം വരില്ല. അവളുമാർ കല്യാണം കഴിഞ്ഞു ഇതുപോലെ പ്രസവിച്ചു കിടക്കുമ്പോ യമുനേച്ചിയെ ഒരു കൈ സഹായത്തിന് വിളിക്കണമെങ്കിൽ ഞാനും അതുപോലെയൊക്കെ കണ്ടറിഞ്ഞു നിക്കണം." "അതൊന്നും വേണ്ട... ചെറിയമ്മ ഇന്ന് തന്നെ തിരിച്ചു പൊയ്ക്കോ. ഇവിടെയിനി സഹായത്തിനു ഒരാളെ കൂടെ വേണ്ടി വന്നാൽ ഞാൻ പൂർണിമയുടെ അമ്മയെ വിളിച്ചോളാം.

ചെറിയമ്മ വെറുതെ ബുദ്ധിമുട്ടണ്ട." "എനിക്കൊരു ബുദ്ധിമുട്ടുമില്ല... ഈ സമയത്ത് യമുനേച്ചിക്ക് ഒരു കൈ സഹായത്തിന് ഞാൻ നിൽക്കുന്നതാണ് നല്ലത്." "വേണ്ട... ചെറിയമ്മ ഇവിടെ നിൽക്കണ്ട. എനിക്കത് ഇഷ്ടമല്ല. അമ്മയോട് ഞാൻ പറഞ്ഞോളാം." ക്ഷമ നശിച്ച് നരേന്ദ്രൻ പറഞ്ഞു. "നരാ... റാണിയെ ഇങ്ങോട്ട് വിളിച്ചത് ഞാനാ. നിന്റെ ഭരണമൊക്കെ അവിടെ ഹോസ്പിറ്റലിൽ ആയോണ്ടാ ഞാൻ മിണ്ടാതെ കേട്ട് നിന്നത്. എന്റെ കൊച്ചുമക്കളെ നോക്കാൻ ഞാനുണ്ട് ഇവിടെ. എനിക്കറിയാം എന്താ ചെയ്യേണ്ടതെന്ന്. നീയിനി ഒന്നിലും അഭിപ്രായം പറയാൻ നിൽക്കണ്ട. എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം." അമ്മയുടെ വാക്കുകൾ കേട്ട് നരേന്ദ്രൻ പകപ്പോടെ അവരെ നോക്കി. "അമ്മേ..." എന്തോ പറയാനായി അവൻ നാവ് ചലിപ്പിച്ചതും അവരവനെ കയ്യെടുത്തു വിലക്കി..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story