മാലയോഗം: ഭാഗം 42

malayogam shiva

രചന: ശിവ എസ് നായർ

"നരാ... റാണിയെ ഇങ്ങോട്ട് വിളിച്ചത് ഞാനാ. നിന്റെ ഭരണമൊക്കെ മതിയാക്കിക്കോ. അവിടെ ഹോസ്പിറ്റലിലായിരുന്നോണ്ടാ നിന്റേം അവൾടേം തോന്ന്യാസം പറച്ചിലൊക്കെ മിണ്ടാതെ കേട്ട് നിന്നത്. എന്റെ കൊച്ചുമക്കളെ നോക്കാൻ ഞാനുണ്ട് ഇവിടെ. എനിക്കറിയാം എന്താ ചെയ്യേണ്ടതെന്ന്. നീയിനി ഒന്നിലും അഭിപ്രായം പറയാൻ നിൽക്കണ്ട. എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം." അമ്മയുടെ വാക്കുകൾ കേട്ട് നരേന്ദ്രൻ പകപ്പോടെ അവരെ നോക്കി. "അമ്മേ..." എന്തോ പറയാനായി അവൻ നാവ് ചലിപ്പിച്ചതും അവരവനെ കയ്യെടുത്തു വിലക്കി. "നീയൊന്നും പറയണ്ട... ഞാൻ പറയുന്നതങ്ങോട്ട് കേട്ടാൽ മതി. വെറുതെ ഒച്ച വച്ച് മറ്റുള്ളവർക്ക് മുന്നിൽ കുടുംബത്തെ നാണംകെടുത്തരുത് നീ. ഇപ്പൊതന്നെ നീയും നിന്റെ ഭാര്യേം കൂടെ ബന്ധുക്കൾക്ക് മുന്നിൽ എന്നെ അപമാനിച്ചുകഴിഞ്ഞു. ഇനിയും ഞാൻ സഹിച്ച് നിന്നെന്ന് വരില്ല. അതുകൊണ്ട് ഇക്കാര്യത്തിൽ ഞാൻ പറയുന്നത് കേൾക്കുന്നതാ നിനക്ക് നല്ലത്. ഇത്രയും നാൾ നിന്റെ ഇഷ്ടത്തിന് വിട്ട് തന്നില്ലേ ഞങ്ങൾ.

പൂർണിമയ്ക്ക് ഇഷ്ടമില്ലാത്തത് കൊണ്ട് ഹോസ്പിറ്റലിൽ പോലും ഞാൻ നിങ്ങളെ ബുദ്ധിമുട്ടിക്കാൻ വന്നില്ലല്ലോ." യമുന വീറോടെ പറഞ്ഞു. "അമ്മ പറയുന്നത് കേൾക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് വാശി പിടിക്കാൻ നിൽക്കാതെ ചെറിയമ്മയെ ഇന്ന് തന്നെ തിരിച്ച് പറഞ്ഞു വിടുന്നതാണ് രണ്ടാൾക്കും നല്ലത്. ഇല്ലെങ്കിൽ അവളേം പിള്ളേരേം കൊണ്ട് ഈ നിമിഷം തന്നെ ഞാൻ ഇവിടുന്ന് പടിയിറങ്ങും. അവരെ നോക്കാൻ ഞാനിവിടുള്ളപ്പോ സഹായത്തിനായി അമ്മ ആരെയും വിളിച്ച് വരുത്താൻ നിൽക്കണ്ട. പറഞ്ഞത് രണ്ട് പേർക്കും മനസ്സിലായല്ലോ. എന്നെകൊണ്ട് വെറുതെ ഓരോന്ന് ചെയ്യിപ്പിക്കരുത്. സത്യത്തിൽ, പൂർണിമയുടെ പ്രസവം കഴിഞ്ഞപ്പോൾ അവൾക്കല്ല അമ്മയ്ക്കാണ് അനാവശ്യ വാശിയും ഒരുതരം മൂശേട്ട സ്വഭാവവും. ഇത്ര നാൾ ഇല്ലാതിരുന്ന അമ്മായി അമ്മ പോരും അമ്മ അവളോട് കാണിക്കുന്നുണ്ട്." "നിനക്ക് ഇഷ്ടമില്ലെങ്കി ഞങ്ങളാരും ഒന്നിനും ഇടപെടുന്നില്ല. നീ തന്നെ എല്ലാം ചെയ്തോ. പക്ഷേ റാണി ഇവിടെ നിൽക്കാനായിട്ട് വന്ന സ്ഥിതിക്ക് ഒരാഴ്ച നിന്നോട്ടെ.

അത് കഴിഞ്ഞ് ഞാനിവളെ പറഞ്ഞു വിട്ടോളാം. അല്ലെങ്കിൽ പിന്നെ വന്നയുടനെ തന്നെ തിരിച്ച് ചെന്നതെന്താന്ന് അവിടെയുള്ളവർ ചോദിക്കില്ലേ." യമുന സങ്കോചത്തോടെ മകനെ നോക്കി. പഴയ പോലെ തന്റെ തീരുമാനങ്ങൾ നടത്തിയെടുക്കാൻ പറ്റാത്തതിന്റെ നിരാശ അവരുടെ മുഖത്ത് പ്രകടമായിരുന്നു. "ചെറിയമ്മയെ കൊണ്ട് പൂർണിമയ്ക്കോ എനിക്കോ എന്തെങ്കിലും ഡിസ്റ്റർബൻസ് ഉണ്ടായാൽ അപ്പൊ വിവരമറിയും എല്ലാരും. അമ്മയോട് ഒരു കാര്യം ഞാൻ ഇപ്പോഴേ പറഞ്ഞേക്കാം... ഇനിയീ വീട്ടിൽ എന്റെ അറിവോ സമ്മതമോ കൂടാതെ ഒരു ആഘോഷവും വേണ്ട. മനുഷ്യന്റെ ഉള്ള സമാധാനം പോയിക്കിട്ടി." ഉള്ളിൽ നുരഞ്ഞുപൊന്തിയ ദേഷ്യത്തോടെ ഇരുവരെയുമൊന്ന് നോക്കിയിട്ട് നരേന്ദ്രൻ മുകളിലേക്ക് കയറിപ്പോയി. "നരനിപ്പോ പഴയ ആളൊന്നുമല്ലല്ലോ ചേച്ചി... ആകെ മാറിയല്ലോ. കുഞ്ഞിലേ ഞാൻ എടുത്തോണ്ട് നടന്ന് വളർത്തിയ ചെറുക്കനാ ഇപ്പൊ മുഖത്ത് നോക്കി ഓരോന്ന് വിളിച്ചു പറയുന്നത്. ഇതെന്ത് പറ്റി ഇവന്." വിഷമത്തോടെ താടിക്ക് കൈയ്യും കൊടുത്ത് റാണി നിന്നു.

"പൂർണിമയുടെ പ്രസവം കഴിഞ്ഞപ്പോ തൊട്ട് അവനിങ്ങനെയാ റാണി. പഴയത് പോലെ ഞാൻ പറയുന്നതൊന്നും അവനിപ്പോ കേൾക്കുന്നത് പോലുമില്ല." നരേന്ദ്രന്റെ ഇപ്പോഴത്തെ മാറ്റത്തിനുള്ള കാരണമറിയാതെ യമുനയും വിഷണ്ണയായി. "എന്റെ മോൾക്ക് ആശ കൊടുത്ത് പറ്റിച്ചിട്ട് ഒടുവിൽ കുടുംബത്തിന് ചേരാത്തൊരു പെണ്ണിനെയല്ലേ മോന് വേണ്ടി തേടിപ്പിടിച്ച് കൊണ്ട് കൊടുത്തത്. അവളുടെ തലയിണ മന്ത്രം കൊണ്ടാ അവൻ മാറിപ്പോയത്. സ്വയം വരുത്തി വച്ചതല്ലേ... അതുകൊണ്ട് യമുനേച്ചി ഇതൊക്കെ അനുഭവിക്കണം. നോക്കിക്കോ അവള് നരനെയും കൊണ്ട് ഇവിടുന്ന് പോകും. അവസാനം, വയസ്സാം കാലത്ത് ചേച്ചിക്കും ചേട്ടനും തുണയായി മൂത്ത മകനുണ്ടാവുമെന്ന പ്രതീക്ഷ ഇപ്പോഴേ മാറ്റി വച്ചോ." എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെയുള്ള ശ്രീജയുടെ വാക്കുകൾ കേട്ട് റാണിയും യമുനയും പകപ്പോടെ അവരെ നോക്കി. "ശ്രീജേച്ചി എന്ത് അസംബന്ധമാണ് വിളിച്ചു പറയുന്നത്. വെറുതെ ഓരോന്ന് പറഞ്ഞ് ഇവിടുള്ളവരെ തമ്മിലടിപ്പിക്കണോ?" റാണി അക്ഷോഭ്യയായി.

"ഞാൻ പറഞ്ഞത് സത്യമല്ലേ. ആ പീറ പെണ്ണിന്റെ വാക്കും കേട്ടാണ് നരേന്ദ്രൻ ഈ തുള്ളത് മുഴുവനും. അവള്ടെ മട്ടും ഭാവവും കണ്ടാൽ തോന്നും ലോകത്താരും പ്രസവിച്ചിട്ടില്ലെന്ന്. ഇനി മെല്ലെ മെല്ലെ അവനേം കൊണ്ട് അവളിവിടുന്ന് പോകും നോക്കിക്കോ." വീറോടെ ശ്രീജ പറഞ്ഞു. "ശ്രീജേച്ചി ഇപ്പോഴും അവനോടുള്ള ദേഷ്യം മനസ്സിൽ വച്ചാ ഇങ്ങനെയൊക്കെ ഓരോന്ന് പറയുന്നത്. നരനെ എനിക്ക് അറിഞ്ഞൂടെ... കുഞ്ഞുങ്ങളെ കുറിച്ചോർത്തുള്ള ആധിയിലാ അവനിപ്പോ ഇങ്ങനെയൊക്കെ പെരുമാറുന്നത്. അതൊക്കെ കഴിയുമ്പോൾ നരനും പഴയത് പോലെയാകും. അല്ലാതെ ഭാര്യയുടെ വാക്ക് മാത്രം കേട്ട് തുള്ളുന്ന പെൺകോന്തനൊന്നുമല്ല അവൻ." റാണിയും വിട്ട് കൊടുത്തില്ല. രണ്ട് പേരുടെയും വാഗ്വാധങ്ങൾ കേട്ട് മിണ്ടാതെ നിൽക്കുകയാണ് യമുന. അവരുടെ മനസ്സിൽ ശ്രീജ പറഞ്ഞത് പോലെ നരേന്ദ്രനെ തനിക്ക് നഷ്ടമാകുമോ എന്നതിനെ കുറിച്ചോർത്ത് ഒരു ഭയം ഉരുത്തിരിയാൻ തുടങ്ങിയിരുന്നു. നരേന്ദ്രന്റെ സ്വഭാവത്തിലെ മാറ്റങ്ങളും അവരുടെ ഭയത്തെ ഊട്ടിയുറപ്പിക്കാൻ പാകത്തിലുള്ളതായിരുന്നു.

"അല്ലേലും എന്റെ നയന മോൾക്ക് നരേന്ദ്രനെ കിട്ടാതിരുന്നതിൽ എനിക്കിപ്പോ സങ്കടമൊന്നുമില്ല. അവൾക്ക് കണ്ട് വച്ചേക്കുന്ന ചെക്കൻ ഇവനേക്കാൾ യോഗ്യനായ ചെറുപ്പക്കാരനാ. കാനഡയിലാ അവന് ജോലി. കല്യാണം കഴിഞ്ഞ് അവളെയും മോനങ്ങ് കൊണ്ട് പോകും. നരേന്ദ്രന് കിട്ടിയത് അവനോ കുടുംബത്തിനോ ചേരാത്തൊരു പീറ പെണ്ണിനെയല്ലേ. പക്ഷെ എന്റെ മോൾക്ക് ആ ഗതി വന്നില്ല... ഞങ്ങളുടെ നിലയ്ക്കും വിലയ്ക്കും ചേർന്ന ഒരു ബന്ധം തന്നെയാ നയന മോൾക്ക് വന്നത്. നരേന്ദ്രൻ അവളെ കെട്ടാത്തത് കൊണ്ടല്ലേ നയനയ്ക്ക് ഈ ഭാഗ്യം ഒത്തുവന്നത്. അതുകൊണ്ട് ഇക്കാര്യത്തിൽ നരനോട് എനിക്കൊരു ദേഷ്യോമില്ല. ചെക്കൻ നാട്ടിലുള്ളത് കൊണ്ട് എൻഗേജ്മെന്റ് ഒന്നും നടത്താതെ നേരെ കല്യാണം നടത്താനാ അവര് പറയുന്നത്. എല്ലാത്തിനും ഉടനെ ഒരു തീരുമാനമുണ്ടാവും. അപ്പോ എല്ലാരേം ഞാൻ വിളിക്കുന്നുണ്ട്." ഇരുവരെയും നോക്കി പുച്ഛ ഭാവത്തിലൊന്ന് ചിരിച്ചുകൊണ്ട് ശ്രീജ പൂമുഖത്തേക്ക് പോയി. "ചേച്ചിയല്ലേ നരന് വേണ്ടി ഇവളെ കണ്ട് പിടിച്ച് കൊണ്ട് വന്നത്. ഇപ്പൊ അവളെക്കൊണ്ട് തലവേദന അനുഭവിക്കുന്നതും ചേച്ചി മാത്രമാണ്.

നരേന്ദ്രന് ഭാര്യയായി ശ്രീജേച്ചിയുടെ മോൾ നയന തന്നെ മതിയായിരുന്നു. ഇപ്പൊ കണ്ടില്ലേ നമ്മുടെ ചെറുക്കനെക്കാൾ യോഗ്യനായ ഒരുവനെ അവൾക്ക് കിട്ടിയത്. നമുക്ക് കിട്ടിയതോ അഹങ്കാരം പിടിച്ച ദാരിദ്ര്യവാസി പെണ്ണിനെ. ഇനി അവർ പറഞ്ഞത് പോലെ നരേന്ദ്രനെ കറക്കിയെടുത്ത് മക്കളെയും കൊണ്ട് അവൾ ഇവിടുന്ന് പോയാൽ നഷ്ടം ചേച്ചിക്ക് മാത്രമാ. അന്നേ ഞാൻ പറഞ്ഞതാ ഈ ബന്ധം വേണ്ടെന്ന്." യമുനയുടെ മനസ്സിൽ തീ കോരിയിടാൻ റാണിയുടെ വാക്കുകൾ ധാരാളമായിരുന്നു. 🍁🍁🍁🍁🍁 പൂർണിമയുടെ വീട്ടിൽ നിന്നും എല്ലാവരും വരുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. മുല്ലശ്ശേരിയിലേക്ക് വന്ന് കയറുമ്പോൾ തന്നെ നരേന്ദ്രന്റെ വീട് ആളുകളെ കണ്ട് അവരുടെ ഉള്ളൊന്ന് കാളി. ഏറ്റവും ഭയം തോന്നിയത് ഗീതയ്ക്കായിരുന്നു. മാസം തികയാത്ത പ്രസവമായതിനാൽ കുട്ടികൾക്ക് നല്ല ശ്രദ്ധ കൊടുക്കേണ്ട നേരത്ത് ഇങ്ങനെ വീട് നിറയെ ആളും ബഹളവുമായാൽ അവർക്ക് വല്ല ഇൻഫെക്ഷനും വന്നാലോന്നുള്ള പേടിയായിരുന്നു ഗീതയ്ക്ക്. പ്രവീണിനും കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ കുറിച്ചോർത്ത് ആശങ്ക തോന്നാതിരുന്നില്ല.

പക്ഷേ അതിനെക്കുറിച്ച് മുല്ലശ്ശേരിക്കാരെ ചോദ്യം ചെയ്യാനുള്ള ധൈര്യമൊന്നും അവർക്കില്ലായിരുന്നു. പൂർണിമയോടുള്ള നീരസമൊന്നും അവളുടെ കുടുംബത്തോട് കാട്ടാതെ സന്തോഷത്തോടെ തന്നെയാണ് യമുന അവരെയെല്ലാം സ്വീകരിച്ചിരുത്തിയത്. ഗീതയുടെയും പ്രവീണിന്റെയും മുഖത്തെ തെളിച്ചക്കുറവ് കണ്ടപ്പോൾ തന്നെ യമുനയ്ക്ക് സംഗതി ഊഹിക്കാനായി. "എന്ത് പറ്റി രണ്ടാൾടേം മുഖത്തൊരു സന്തോഷമില്ലാത്തത്." അവർക്കുള്ള ജ്യൂസ് നൽകുമ്പോൾ യമുന രണ്ട് പേരോടുമായി ചോദിച്ചു. "ഏയ്‌... ഒന്നുമില്ല ചേച്ചി..." ഗീത മുഖത്ത് ചിരി വരുത്തി. "എനിക്ക് മനസ്സിലായി... പൂർണിമയെയും മക്കളെയും കുറിച്ചോർത്തുള്ള ടെൻഷനല്ലേ രണ്ടാൾക്കും. അവരെ കുറിച്ചോർത്ത് ആധി വേണ്ട. വീട് നിറയെ ആളുണ്ടെന്ന് കരുതി ആരും കുട്ടികൾ കിടക്കുന്ന മുറിയിൽ കയറി അവരെ ശല്യം ചെയ്തിട്ടില്ല. വന്നവരൊക്കെ കുട്ടികളെ ജസ്റ്റ്‌ ഒന്ന് കണ്ടത് മാത്രേയുള്ളു. മൂവരും കതകടച്ച് ഉള്ളിൽ തന്നെയാണ് ഇരിപ്പ്. അതുകൊണ്ട് അതിഥികൾ കാരണം അവർക്കൊരു ബുദ്ധിമുട്ടും ഉണ്ടാകുമെന്ന ചിന്ത വേണ്ട കേട്ടോ."

തങ്ങളുടെ മനസ്സ് മനസ്സിലാക്കിയത് പോലെയുള്ള യമുനയുടെ സംസാരം കേട്ടതും ആശ്വാസത്തിന്റെ നേരിയൊരു പുഞ്ചിരി അവരുടെ മുഖത്ത് വിടർന്നു. "ചേച്ചിയും നരനുമൊക്കെ അവരെ നന്നായി നോക്കുമെന്ന് ഉറപ്പുണ്ട്. എങ്കിലും ഇങ്ങോട്ട് വന്ന് കയറിയപ്പോൾ തന്നെ എല്ലാരേം കൂടി ഒരുമിച്ച് കണ്ടപ്പോൾ ചെറിയൊരു ആധി തോന്നിയത് സത്യമാണ്. ഇപ്പൊ അത് മാറിക്കിട്ടി." ചിരിയോടെ ഗീത പറയുമ്പോൾ യമുനയ്ക്കും സമാധാനമായി. പ്രവീണിന്റെ മട്ടും ഭാവവും കണ്ടപ്പോൾ ഇനി പൂർണിമയെ അവിടുന്ന് വിളിച്ചു കൊണ്ട് പോവുകയെങ്ങാനും ചെയ്യുമോന്നോർത്താണ് യമുന അങ്ങനെയെല്ലാം പറഞ്ഞത്. 🍁🍁🍁🍁🍁 മുല്ലശ്ശേരിയിൽ ഇനിയുള്ള തന്റെ ഇനിയുള്ള ദിവസങ്ങൾ എങ്ങനെയൊക്കെ ആയിത്തീരുമെന്നോർത്ത് പൂർണിമയ്ക്ക് സമാധാനം നഷ്ടപ്പെട്ട് തുടങ്ങിയിരുന്നു. ആശുപത്രിയിൽ കഴിഞ്ഞ ഒരുമാസത്തോളം സന്ദർശകരുടെയോ മറ്റ് ശല്യമില്ലാതെ ആശ്വാസത്തോടെ കഴിഞ്ഞിരുന്നത് ശീലമായതിനാൽ വീട് നിറയെ ആളുകളുള്ളതോ

ഒത്തിരി നേരം ആരോടെങ്കിലും സംസാരിച്ചിരിക്കുന്നതോ തന്നോട് സംസാരിക്കുന്നതോ ഒന്നും അവൾക്ക് ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. ആ നിമിഷങ്ങളിൽ അവൾ ആഗ്രഹിച്ചത് തനിക്ക് ചുറ്റും നിറഞ്ഞ നിശബ്ദതയും നരേന്ദ്രന്റെയും തന്റെ അമ്മയുടെയും സാമീപ്യം മാത്രമായിരുന്നു. മറ്റുള്ളവരുടെ പഴകി തേഞ്ഞ അനാവശ്യ ഉപദേശങ്ങളും പൂർണിമയുടെ ക്ഷമയെ പരീക്ഷിക്കാൻ തുടങ്ങിയിരുന്നു. ആലോചനകളിൽ മുഴുകി അവളങ്ങനെ കിടക്കുമ്പോഴാണ് വാതിൽ ആരോ തട്ടുന്ന ശബ്ദം പൂർണിമ കേട്ടത്. അവളെഴുന്നേറ്റ് ചെന്ന് വാതിൽ തുറന്ന് നോക്കിയപ്പോൾ കണ്ടത് മുന്നിൽ നിറഞ്ഞ ചിരിയോടെ നിൽക്കുന്ന തന്റെ കുടുംബത്തെയാണ്. അമ്മയെ കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ തൊട്ട് മുന്നിൽ അവരെ കണ്ടതിന്റെ സന്തോഷത്തിൽ പൂർണിമ അവരെ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ചു. ഗീത, മകളെ വാത്സല്യത്തോടെ തഴുകി. "എന്ത് പറ്റി മോളെ? നീയെന്തിനാ ഇപ്പോ കരയുന്നത്." വേവലാതിയോടെയുള്ള ഗീതയുടെ സ്വരം കാതിൽ പതിഞ്ഞതും അവൾ ഒന്നുമില്ലെന്ന് പറഞ്ഞ് ചുമലനക്കി.

എങ്കിലും അവളെ എന്തോ പ്രശ്നം അലട്ടുന്നുണ്ടെന്ന് അവർക്ക് തോന്നി. പൂർണിമ അവരോട് എന്തെങ്കിലും പറയുമോന്നൊരു ആശങ്ക യമുനയിലും ഉടലെടുത്തു. പൂർണിമ അങ്ങനെ പറഞ്ഞെങ്കിലും പ്രവീണിൽ എന്തൊക്കെയോ സംശയങ്ങൾ ഉരുത്തിരിയാൻ തുടങ്ങിയിരുന്നു. മുറിയിലേക്ക് കയറിയെങ്കിലും കുഞ്ഞുങ്ങൾ കിടക്കുന്നതിന്റെ അടുത്തേക്ക് പോകാതെ ദൂരെ നിന്ന് അവരെ കണ്ടിട്ട് ഗീതയൊഴികെ എല്ലാവരും വേഗം മുറിയിൽ നിന്നും പുറത്തേക്കിറങ്ങി നിന്നിരുന്നു. തങ്ങൾ കാരണം കുട്ടികൾക്ക് അസുഖമൊന്നും വരണ്ടെന്നുള്ള ചിന്തയിലാണ് അവരങ്ങനെ ചെയ്തത്. കൊച്ചുമക്കളെ കണ്ടതിന്റെ സന്തോഷം ശിവദാസനിൽ പ്രകടമായിരുന്നു.

അതുപോലെ തങ്ങളുടെ ചേച്ചിയുടെ മക്കളെ വീണ്ടും വീണ്ടും കണ്ട് കൊണ്ടിരിക്കാനുള്ള ആഗ്രഹം പ്രീതിയിലും പാറുവിലുമുണ്ടായി. എങ്കിലും സംഗതിയുടെ ഗൗരവം മനസ്സിലാക്കി അവർ വേഗം അവിടെ നിന്നും പിൻവാങ്ങുകയാണ് ചെയ്തത്. കുഞ്ഞുങ്ങളെ കണ്ടിറങ്ങിയ ശേഷം പ്രവീൺ നരേന്ദ്രന്റെ അടുത്തേക്കും ശിവദാസൻ ശ്രീകണ്ഠന്റെ അടുത്തേക്കും പോയപ്പോൾ പ്രീതിയും പാറുവും അവിടെയൊക്കെ ചുറ്റിനടക്കാനായി പോയി. ഗീത മകൾക്കരികിലിരുന്ന് അവളുടെ പ്രശ്നമെന്താണെന്ന് ചോദിച്ചറിയണമെന്ന് തീരുമാനിച്ചു. 🍁🍁🍁🍁🍁 നരേന്ദ്രനെ കണ്ട് സംസാരിക്കാനായി മുകളിലേക്ക് ഗോവണി കയറുമ്പോൾ പ്രവീൺ മനസ്സിൽ ചില കാര്യങ്ങൾ തീരുമാനിച്ചുറപ്പിച്ചിരുന്നു...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story