മാലയോഗം: ഭാഗം 43

malayogam shiva

രചന: ശിവ എസ് നായർ

നരേന്ദ്രനെ കണ്ട് സംസാരിക്കാനായി മുകളിലേക്ക് ഗോവണി കയറുമ്പോൾ പ്രവീൺ മനസ്സിൽ ചില കാര്യങ്ങൾ തീരുമാനിച്ചുറപ്പിച്ചിരുന്നു. മുകളിലെ വരാന്തയിൽ നിന്ന് സിഗരറ്റ് വലിക്കുകയായിരുന്നു നരേന്ദ്രൻ. അസ്വസ്ഥത നിറഞ്ഞ മനസ്സിനെ തെല്ലൊന്ന് ശാന്തമാക്കാനായി അവൻ കണ്ടെത്തിയ മാർഗം സിഗരറ്റാണ്. പെട്ടെന്ന് തനിക്ക് പിന്നിലൊരു കാൽപെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കിയ നരൻ അളിയനെ കണ്ടതും സിഗരറ്റ് ജനലിൽ കൂടി കൈയിലിരുന്ന സിഗരറ്റ് പുറത്തേക്ക് വലിച്ചെറിഞ്ഞു. "പ്രവീൺ എപ്പോ വന്നു?" നരേന്ദ്രൻ ചിരിക്കാൻ ശ്രമിച്ചു. "കുറച്ചു മുൻപ് വന്നതേയുള്ളു നരേട്ടാ." "പൂർണിമയെയും മക്കളെയും കണ്ടോ?" "കണ്ടു... നരേട്ടൻ സിഗരറ്റ് വലിക്കുമോ?." "ഏയ്‌... ഞാനങ്ങനെ സ്ഥിരമായി വലിക്കുന്ന ആളല്ല. വല്ലപ്പോഴും ടെൻഷൻ കൂടുമ്പോൾ ഒരു റിലാക്സേഷനു വേണ്ടി വലിക്കുമെന്നേയുള്ളു."

"നരേട്ടൻ സിഗരറ്റ് വലിച്ചിട്ട് കുട്ടികളുടെ അടുത്തേക്ക് പോകുന്നത് നല്ലതല്ലെന്ന് ഞാൻ പറഞ്ഞ് തരേണ്ട ആവശ്യമില്ലല്ലോ അല്ലെ?" കുറ്റപ്പെടുത്തും പോലെയുള്ള പ്രവീണിന്റെ സംസാരം നരേന്ദ്രനെ വേദനിപ്പിച്ചു. "ടെൻഷനിൽ ഞാൻ അറിയാതൊരു സിഗരറ്റ് വലിച്ച് പോയതാ പ്രവീൺ. ആ സമയം കുഞ്ഞുങ്ങളുടെ കാര്യം ഞാനോർത്തില്ല. ഇട്സ് മൈ മിസ്റ്റേക്ക്..." കുറ്റബോധത്താൽ അവൻ മുഖം കുനിച്ചു. "നരേട്ടനെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. കുഞ്ഞുങ്ങൾക്ക് അത്രേം കേറിങ് കൊടുക്കേണ്ട സമയത്ത് ഉത്തരവാദിത്തപ്പെട്ടവർ തന്നെ ഇങ്ങനെയായാലോ?" "ഇനി ഞാൻ സിഗരറ്റ് വലിക്കില്ല പ്രവീൺ... അപ്പോഴത്തെ ടെൻഷനിൽ ഒന്നും ആലോചിച്ചില്ല." "ഞാനൊരു കാര്യം ഓപ്പണായി പറയുന്നത് കൊണ്ട് നരേട്ടന് ബുദ്ധിമുട്ട് ഒന്നും തോന്നരുത്." "എന്താ പ്രവീൺ?" "പൂർണിമയെ ഇവിടെ നിർത്തിയിട്ട് പോകുന്നതിൽ എനിക്ക് നല്ല വിഷമമുണ്ട് നരേട്ടാ. അവൾക്ക് ഇവിടെ അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് എന്റെ മനസ്സ് പറയുന്നു.

ഇപ്പൊത്തന്നെ കണ്ടില്ലേ വീട് നിറച്ച് ആളുകൾ. അവരെ ഇന്നല്ലേ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് കൊണ്ടുവന്നത്. അമ്മയും മക്കളും നരേട്ടന്റെയടുത്ത് സുരക്ഷിതരായിരിക്കുമെന്ന് വിശ്വസിച്ച എനിക്ക് തെറ്റുപറ്റി. കുട്ടികൾക്ക് എന്തെങ്കിലും അസുഖം വന്നാൽ വീണ്ടും ഹോസ്പിറ്റലിൽ കേറി ഇറങ്ങണ്ടേ. അവരെ ഇങ്ങോട്ട് കൊണ്ട് വന്ന ദിവസം തന്നെ ഇങ്ങനെയാണെങ്കിൽ നാളെ മുതൽ എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാലോ." "സത്യത്തിൽ റിലേറ്റീവ്സിനെയൊക്കെ വിളിച്ചു വരുത്തിയത് ഞാനല്ല അമ്മയാണ്. ഇക്കാര്യം ഞാൻ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ആരെയും വരാൻ സമ്മതിക്കില്ലായിരുന്നു. പിന്നെ വന്നവരെയൊന്നും അവർ കിടക്കുന്ന മുറിയിൽ നിൽക്കാൻ അനുവദിച്ചിട്ടൊന്നുമില്ല. ഏറ്റവും അടുത്ത കുറച്ചു ബന്ധുക്കളെ വിളിക്കണമെന്നത് അമ്മയുടെ നിർബന്ധമായിരുന്നു. അതാ പിന്നെ എനിക്കൊന്നും ചെയ്യാൻ പറ്റാതെ പോയത്. ഇനി ഇങ്ങനെ ഉണ്ടാവില്ല പ്രവീൺ." അളിയന് മുന്നിൽ താൻ കുന്നിക്കുരുവോളം ചെറുതായി പോയത് പോലെ നരേന്ദ്രന് തോന്നി.

"നിങ്ങൾക്ക് ബന്ധുക്കൾ ഇനിയും ഒരുപാടില്ലേ നരേട്ടാ. ഇവിടെ വന്നവരൊക്കെ എല്ലാരോടും വിളിച്ച് വിശേഷം പറയുമ്പോൾ മറ്റുള്ളവരും അവരെയൊന്നും വിളിച്ചില്ലെന്ന് പറഞ്ഞ് പരാതിയുമായി വരില്ലേ? പിന്നെ കുഞ്ഞുങ്ങൾ ജനിച്ച കാര്യമറിഞ്ഞാൽ വിളിക്കാതെയും ക്ഷണിക്കാതെയും തന്നെ പലരും വന്ന് കാണും. ഇത്രയും ആൾക്കാർ വന്ന് കുഞ്ഞുങ്ങളെ കണ്ട സ്ഥിതിക്ക് ബാക്കിയുള്ളവരോടൊക്കെ ഇനി വരരുതെന്ന് വിളിച്ചു പറയാൻ പറ്റുമോ? അല്ലെങ്കിൽ തന്നെ യമുനാന്റി അങ്ങനെ പറയുമെന്ന് നരേട്ടന് തോന്നുന്നുണ്ടോ? എനിക്കെന്തായാലും തോന്നുന്നില്ല." തന്റെ അഭിപ്രായം പ്രവീൺ അവന് മുന്നിൽ തുറന്നടിച്ച് പറഞ്ഞു. "ഇല്ല പ്രവീൺ... ഇനി വിസിറ്റേഴ്സിനെയൊന്നും അവളും കുഞ്ഞുങ്ങളും കിടക്കുന്ന ഭാഗത്തോട്ട് പോലും ഞാൻ അടുപ്പിക്കില്ല. ഇതെന്റെ വാക്കാണ്." "തല്ക്കാലം നരേട്ടനെ ഞാൻ വിശ്വസിക്കുന്നു. പൂർണിമയ്ക്ക് ഇവിടെ നിൽക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ അപ്പോ തന്നെ ഞങ്ങളവളെയും മക്കളെയും ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ട് പോകും."

"അങ്ങനെയൊരു സാഹചര്യം എന്തായാലും ഉണ്ടാവില്ല. ഞാനുള്ളിടത്ത് നിൽക്കാനാ പൂർണിമയ്ക്ക് ഇഷ്ടം." നരേന്ദ്രന്റെ ആത്മവിശ്വാസം കണ്ട് അവനൊന്ന് പുഞ്ചിരിച്ചു. "അങ്ങനെ ഉണ്ടായാൽ, പൂർണിമ ഇവിടെ നിൽക്കാൻ ഇഷ്ടമില്ലെന്ന് പറഞ്ഞ് കഴിഞ്ഞാൽ അവളെ ഞാനങ്ങ് കൊണ്ട് പോകും." പ്രവീണിന് പൂർണിമയോടുണ്ടായിരുന്ന സമീപനത്തിൽ മാറ്റം വന്നത് നരേന്ദ്രനെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. "നീ കുറച്ചുനാൾ മുൻപ് വരെ ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ പ്രവീൺ. അവസരം കിട്ടിയാൽ അവളെ കുറ്റം പറയാനും ശകാരിക്കുന്നതിലുമായിരുന്നല്ലോ നിന്റെ ശ്രദ്ധ." "അതൊക്കെ എന്റെ മിസ്റ്റേക്ക് ആയിരുന്നുവെന്ന് കുറച്ചു വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കി നരേട്ടാ. എന്റെ അനിയത്തിമാർക്ക് നല്ലൊരു ചേട്ടനായി അവർക്ക് തുണയായി നിൽക്കേണ്ട ഞാൻ തന്നെ അവരെ ശകാരിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നപ്പോൾ ഞാൻ കാരണം അവർ അനുഭവിക്കുന്ന വിഷമം ഞാൻ മനസ്സിലാക്കിയിരുന്നില്ല. സ്വന്തം തെറ്റുകൾ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ അതിനുള്ള പ്രായശ്ചിത്തം ചെയ്യണ്ടേ നരേട്ടാ.

എന്റെ അനിയത്തിമാർക്ക് എന്തിനും ഏതിനും ഞാൻ കൂടെയുണ്ടെന്നുള്ള ധൈര്യം കൊടുക്കേണ്ടത് ഞാനല്ലേ." "എന്നാലും ഇത്ര പെട്ടെന്ന് നിന്നിൽ ഇങ്ങനെയൊരു മാറ്റം എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. നിന്റെ മനസ്സിൽ മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോ?" നരേന്ദ്രനപ്പോൾ അങ്ങനെ ചോദിക്കാനാണ് തോന്നിയത്. "എന്റെ ഈ മാറ്റത്തിന് കാരണം സ്വാതിയാണ് നരേട്ടാ. അവളെന്റെ ജീവിതത്തിലേക്ക് കടന്ന് വന്നതിന് ശേഷമാണ് എന്നിൽ ഓരോ മാറ്റങ്ങളുണ്ടായത്." "സ്വാതി ആരാ?" "ഞാൻ സ്നേഹിക്കുന്ന പെൺകുട്ടിയാണ് സ്വാതി. പൂർണിമയുടെ ഡെലിവറി കഴിഞ്ഞ ഹോസ്പിറ്റലിലെ നേഴ്സാണവൾ. അവിടെ വച്ച് കണ്ടുള്ള പരിചയമാണ്..." സ്വാതിയെ കുറിച്ച് പറഞ്ഞപ്പോൾ പ്രവീണിന്റെ മുഖത്ത് വിരിഞ്ഞ പ്രണയ ഭാവങ്ങൾ കണ്ട് നരേന്ദ്രനും പുഞ്ചിരിച്ചു. "അപ്പൊ അതാണ് അളിയന്റെ പെങ്ങളോടുള്ള കരുതലിന് കാരണമല്ലേ... മ്മ്മ് എന്തായാലും നിന്റെ പെങ്ങൾക്ക് ഇവിടെ ഒരു രീതിയിലും സങ്കടം അനുഭവിക്കാൻ ഇട വരുത്താതെ ഞാൻ നോക്കിക്കോളാം."

"ആ ഒരു ഉറപ്പ് കിട്ടിയാൽ മതി നരേട്ടാ."ആഹ്ലാദത്തോടെ അവനെയൊന്ന് പുണർന്ന ശേഷം ഇരുവരും താഴേക്ക് പോയി. 🍁🍁🍁🍁🍁 "നരനും കൂടി സമ്മതിച്ചിട്ടാണോ മോളെ എല്ലാരേം ക്ഷണിച്ച് വരുത്തിയിരിക്കുന്നത്." പൂർണിമയിൽ നിന്നും അവിടെ നടന്നതൊക്കെ കേട്ട ശേഷം ഗീത ചോദിച്ചു. "അല്ലമ്മേ... ഇത് യമുനാമ്മ സ്വന്തം ഇഷ്ടത്തിന് ചെയ്തതാ. എല്ലാം നേരത്തെ പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു. എല്ലാരേം ക്ഷണിച്ച് പോയത് കൊണ്ട് നരേട്ടന് ഒന്നും ചെയ്യാനായില്ല. ഇനി ഇങ്ങനെയൊന്നും ഉണ്ടാവില്ലെന്ന് നരേട്ടൻ വാക്ക് തന്നിട്ടുണ്ടമ്മേ." "ആഹ്... ഇതുപോലെ ഉണ്ടായാൽ "നിനക്കിവിടെ നിൽക്കാൻ പറ്റില്ലെങ്കി നരേന്ദ്രനോട്‌ പറഞ്ഞ് എങ്ങനെയെങ്കിലും സമ്മതം വാങ്ങിയ ശേഷം നമുക്ക് നമ്മുടെ വീട്ടിലേക്ക് പോകാം." മകളുടെ സങ്കടം കണ്ട് അലിവോടെ ഗീത പറഞ്ഞു. "അങ്ങനെയെങ്കിൽ എന്നെവന്ന് കൊണ്ട് പോകാൻ ഞാൻ തന്നെ അമ്മേ വിളിച്ചു പറയും.

അല്ലെങ്കി ഞാൻ നേരെയങ്ങ് വീട്ടിലേക്ക് വരും." "ആരോഗ്യം നന്നായി ശ്രദ്ധിക്കണേ മോളെ. അതുപോലെ കുട്ടികൾ ഉറങ്ങുമ്പോ നീയും കൂടെ കിടന്ന് ഉറങ്ങിക്കോ. നല്ല ഉറക്കം കിട്ടിയില്ലെങ്കിൽ നിനക്ക് തന്നെയാ അതിന്റെ കേട്." "മ്മ്മ്... പിന്നെ രണ്ട് ദിവസം കഴിഞ്ഞാ വേദ് കുളി തുടങ്ങുന്നത് അപ്പോ അമ്മയും ഇവിടെ വന്ന് നിക്കോ. നരേട്ടൻ ഇവരുടെ ബന്ധുവായ ഏതോ സ്ത്രീയെയാണ് അതൊക്കെ ഏൽപ്പിച്ചിരിക്കുന്നത്. വല്ലവരും വന്ന് എന്നെ നോക്കുന്നതിനേക്കാൾ കുളിയും കാര്യങ്ങളും എന്റെ സ്വന്തം അമ്മ തന്നെ ചെയ്തൂടെ." "ഇക്കാര്യം നരനോട് ഞാൻ അങ്ങോട്ട്‌ പറയാനിരിക്കുവായിരുന്നു. നിന്റെ വേദ് കുളിയുടെ കാര്യങ്ങൾ ഞാൻ തന്നെ നോക്കിയിട്ടില്ലെങ്കിൽ പിന്നെ എനിക്കൊരു സമാധാനമുണ്ടാവില്ല. അതുകൊണ്ട് അതോർത്ത് നീ വിഷമിക്കണ്ട. ഇറങ്ങാൻ നേരം നരനോട് ഞാൻ പറയുന്നുണ്ട്."

വാത്സല്യത്തോടെ ഗീത അവളുടെ നെറുകയിൽ തഴുകികൊണ്ടിരുന്നു. ഇത്രയും സ്നേഹത്തോടെ അമ്മ തന്നെ ചേർത്ത് പിടിക്കുന്നത് ആദ്യമായിട്ടാണല്ലോന്ന് പൂർണിമ ഓർത്തു. ഒരു പ്രസവം കഴിയുമ്പോഴേക്കും അമ്മയ്ക്കും മകൾക്കുമിടയിലെ ബന്ധം ചിലർക്കെങ്കിലും പഴയതിനേക്കാൾ ദൃഡമാകുമെന്ന് സ്വന്തം അനുഭവത്തിലൂടെ അവൾക്ക് മനസ്സിലായി. അതുപോലെ പെണ്മക്കൾ അമ്മമാരുടെ വില തിരിച്ചറിയുന്നത് താനും അമ്മയെപോലെ സകല വേദനകളും സഹിച്ച് ഒരു കുഞ്ഞിന് ജന്മം നൽകുമ്പോഴാണ്. 🍁🍁🍁🍁🍁 രാത്രി ഒൻപത് മണിയോടെയാണ് അതിഥികളെല്ലാരും അവരവരുടെ വീടുകളിലേക്ക് തിരിച്ചുപോയത്. ആളും ആരവങ്ങളുമൊഴിഞ്ഞ് വീട് ശാന്തമായപ്പോഴാണ് പൂർണിമയ്ക്കും നരേന്ദ്രനും നവീനുമൊക്കെ ആശ്വാസം തോന്നിയത്. "പൂർണിമാ... ഇന്നത്തെ സംഭവങ്ങൾ നിന്നെ വിഷമിപ്പിച്ചെങ്കിൽ ഞാൻ നിന്നോട് സോറി പറയുവാ. ഇനി നിനക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതൊന്നും ഉണ്ടാവാതെ ഞാൻ നോക്കിക്കോളാം."

പൂർണിമയ്ക്കരികിലിരുന്ന് അവളെ ആശ്വസിപ്പിക്കുകയാണ് നരേന്ദ്രൻ. "സാരമില്ല നരേട്ടാ... എനിക്ക് കുഞ്ഞുങ്ങളെ ഓർത്താ ടെൻഷൻ. അവർക്കെന്തെങ്കിലും വയ്യായ്ക വന്നാൽ പിന്നെ എനിക്ക് സഹിക്കില്ല." ഇരുവരും ഓരോരോ കാര്യങ്ങൾ സംസാരിച്ചിരിക്കുമ്പോഴാണ് കിടക്കാനുള്ള ഒരുക്കത്തിൽ യമുന മുറിയിലേക്ക് കടന്ന് വന്നത്. "നരാ... നീ ഇനി മുതൽ മൂന്ന് മാസത്തേക്ക് മുകളിലെ മുറിയിൽ കിടന്നാൽ മതി. അതുവരെ പൂർണിമയ്‌ക്കൊപ്പം ഞാനിവിടെ കിടന്നോളാം." യമുന പറഞ്ഞത് കേട്ട് നരേന്ദ്രനും പൂർണിമയും പരസ്പരം മുഖത്തോട് മുഖം നോക്കി. "അത് വേണ്ടമ്മേ... ഇവിടിപ്പോ എനിക്കും പൂർണിമയ്ക്കും മാനേജ് ചെയ്യാവുന്നതേയുള്ളൂ. അപ്പോപ്പിന്നെ അമ്മയും കൂടിയെന്തിനാ രാത്രി ഉറക്കമിളയ്ക്കുന്നത്. എന്തെങ്കിലും സഹായം ആവശ്യമായി വന്നാൽ ഞാൻ അമ്മയെ വിളിച്ചോളാം." മകന്റെ എടുത്തടിച്ചത് പോലെയുള്ള മറുപടി കേട്ടതും യമുന വല്ലാതായി പോയി. "പെറ്റ് കിടക്കണ പെണ്ണിനരികിൽ ഭർത്താക്കന്മാർ രാത്രി തങ്ങുന്നത് അത്ര നല്ലതല്ല.

എല്ലാമറിയുന്ന നിങ്ങളോട് ഞാൻ കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ. വേണ്ടാത്ത പല ചിന്തയും മനസ്സിലേക്ക് വരും. അതുകൊണ്ടാ പണ്ടുള്ളവർ രണ്ടുപേരെയും തൊണ്ണൂറ് ദിവസം വരെ മാറ്റി കിടത്തിയിരുന്നത്." "അമ്മ വെറുതെ വേണ്ടാത്ത കാര്യങ്ങളോർത്ത് ടെൻഷനാവണ്ട. ഞങ്ങൾ അത്രയ്ക്ക് വിവേകമില്ലാത്തവരൊന്നുമല്ല." നരേന്ദ്രൻ പറഞ്ഞു. "രാത്രി ഉറക്കമൊഴിഞ്ഞാൽ പൂർണിമയ്ക്ക് തന്നെയാ അതിന്റെ കേട്." യമുന വിടാൻ ഭാവമില്ലായിരുന്നു. "പൂർണിമയ്ക്കെന്തായാലും പാല് പമ്പ് ചെയ്യാൻ എഴുന്നേൽക്കേണ്ടി വരും. അതുപോലെ തന്നെ വയറ് നിറച്ച് പാല് കുടിച്ച് കഴിഞ്ഞാൽ പിള്ളേര് രണ്ടുപേരും പെട്ടെന്ന് ഉറങ്ങുകയും ചെയ്യും. ഒരാളെ പൂർണിമ നോക്കുമ്പോ ഒരാളെ എനിക്കും നോക്കാലോ. കുറച്ചൂടെ വലുതാകുമ്പോഴാണ് രാത്രിയൊക്കെ മക്കളെ നോക്കാനും എടുത്തോണ്ട് നടക്കാനും രണ്ടാള് തികയാതെ വരുന്നത്. മൂന്ന് മാസത്തേക്ക് ഞാൻ ലീവെടുത്ത് നിൽക്കുന്നത് ഇവരെ നോക്കാനല്ലേ. അതുകൊണ്ട് അമ്മ ഇപ്പോഴേ ഉറക്കമൊഴിഞ്ഞ് ആരോഗ്യം കളയണ്ടാ.

ഞാൻ ഓഫീസിൽ പോകാൻ തുടങ്ങുമ്പോ രാത്രി അമ്മ തന്നെയല്ലേ നോക്കേണ്ടി വരുക." നരേന്ദ്രൻ പറയുന്നതും ശരിയാണെന്ന് അവർക്ക് തോന്നി. എങ്കിലും യമുനയ്ക്ക് മുറി വിട്ട് പോകാൻ മനസ്സ് വന്നില്ല. "അമ്മയ്ക്ക് അത്ര ആഗ്രഹമുണ്ടെങ്കിൽ അമ്മയും ഇവിടെ തന്നെ കിടന്നോ. രാത്രി രണ്ട് മണിക്കൂർ ഇടവിട്ട് അലാറം വച്ചുണർന്ന് രണ്ടാൾക്കും പാല് കൊടുത്തോ. ഇടയ്ക്ക് ഉണർന്ന് ഞാനും പിഴിഞ്ഞ് വയ്ക്കാം. അമ്മയുടെ ആഗ്രഹം നടക്കട്ടെ. അതിന്റെ കൂടെ ഞാനും കൂടി ഉണർന്ന് ഇരിക്കണ്ടല്ലോ." പൂർണിമയുടെ ഭാഗത്ത്‌ നിന്ന് അങ്ങനെയൊരു പ്രതികരണം നരേന്ദ്രനും യമുനയും പ്രതീക്ഷിച്ചതല്ല.

ഇതിന്റെ പേരിൽ ഇനിയൊരു സമാധാനക്കേട് ഉണ്ടാക്കണ്ടെന്ന് കരുതിയാണ് അവൾ അങ്ങനെ പറഞ്ഞത്. നരേന്ദ്രനവളെ സംശയത്തോടെ നോക്കിയപ്പോൾ സാരമില്ലെന്ന് പറഞ്ഞവൾ കണ്ണ് ചിമ്മി കാണിച്ചു. അത്യാവശ്യം വലിയൊരു മുറിയായത് കൊണ്ട് യമുനയ്ക്ക് കിടക്കാനായി അടുത്ത മുറിയിലുണ്ടായിരുന്ന ഒരു ചെറിയ സിംഗിൾ കട്ടിൽ നവീനും നരേന്ദ്രനും ചേർന്ന് അവർ കിടക്കുന്ന മുറിയിലേക്ക് കൊണ്ടിട്ടു. ഒരു തർക്കം ഒഴിവായ സമാധാനത്തിൽ പൂർണിമ ഉറങ്ങാനായി കിടന്നപ്പോൾ തന്റെ ആഗ്രഹം നടന്ന സന്തോഷത്തിലായിരുന്നു യമുന. ഉറക്കം പോലും വരാതെ കുട്ടികൾ കിടക്കുന്ന തടി തൊട്ടിലിന് അരികിൽ വന്ന് വാത്സല്യത്തോടെ അവരെ നോക്കി യമുന നിന്നു...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story