മാലയോഗം: ഭാഗം 44

malayogam shiva

രചന: ശിവ എസ് നായർ

ഒരു തർക്കം ഒഴിവായ സമാധാനത്തിൽ പൂർണിമ ഉറങ്ങാനായി കിടന്നപ്പോൾ തന്റെ ആഗ്രഹം നടന്ന സന്തോഷത്തിലായിരുന്നു യമുന. ഉറക്കം പോലും വരാതെ കുട്ടികൾ കിടക്കുന്ന തടി തൊട്ടിലിന് അരികിൽ വന്ന് വാത്സല്യത്തോടെ അവരെ നോക്കി യമുന നിന്നു. "നേരം വെളുക്കുന്നവരെ ഇങ്ങനെ നിൽക്കാനാണോ അമ്മയുടെ ഉദ്ദേശം." പാതി തമാശയായും പാതി കാര്യമായും നരേന്ദ്രൻ അവരോട് ചോദിച്ചു. "ഓ... നീ കളിയാക്കുകയൊന്നും വേണ്ട. ഞാനെന്റെ പൊന്നുംകുടങ്ങളെ കണ്ണ് നിറച്ചൊന്ന് കണ്ടോട്ടെ." "ഇതിന് മാത്രം കാണാനെന്തിരിക്കുന്നമ്മേ. ഇനി മുതൽ ഇവരിവിടെ തന്നെയല്ലേ. അമ്മയ്ക്ക് എപ്പഴും കൊച്ചുമക്കളെ കണ്ടോണ്ടിരിക്കാലോ." "അതൊക്കെ ശരി തന്നെയാ... ഞാൻ സമ്മതിക്കുന്നു... നീ കണ്ടോ നരാ മോള് നിന്നെ വരച്ചു വച്ചത് പോലെയുണ്ട്." യമുനയുടെ സ്വരത്തിൽ ആഹ്ലാദം നിറഞ്ഞിരുന്നു.

"അവര് ജനിച്ചിട്ട് കഷ്ടിച്ച് ഒരു മാസമായിട്ടേയുള്ളു. അപ്പോഴേക്കും അമ്മ ആരെപോലെയാണെന്നൊക്കെ തീരുമാനിച്ചോ? ആദ്യം കുട്ടികളൊന്ന് വളർന്നോട്ടെ എന്നിട്ടാവാം ഇതൊക്കെ." നരേന്ദ്രന്റെ പറച്ചിൽ കേട്ട് യമുന അവനെ കണ്ണ് കൂർപ്പിച്ചൊന്ന് നോക്കി. അമ്മായി അമ്മയുടെ വാക്കുകൾ കേട്ട് കൊണ്ട് കിടന്നിരുന്ന പൂർണിമയ്ക്കും വിറഞ്ഞു വരുന്നുണ്ടായിരുന്നു. എങ്കിലും അവൾ സംയമനം പാലിച്ച് നിശബ്ദയായി കിടന്നു. 🍁🍁🍁🍁🍁 രാത്രി രണ്ട് മണിക്കൂർ ഇടവിട്ട് അലാറം വച്ചുണർന്ന് നരേന്ദ്രനും യമുനയും കൂടി കുട്ടികൾക്ക് പാല് കൊടുക്കും. ശേഷം ഗ്യാസ് തട്ടി കളഞ്ഞിട്ട് ഇരുവരെയും വീണ്ടും ഉറക്കും. പൂർണിമ എഴുന്നേറ്റ് പാല് പിഴിഞ്ഞു കൊടുത്തിട്ട് അവൾ കിടന്നുറങ്ങും. മൂന്നുപേരും കൂടി ഉറക്കമൊഴിഞ്ഞിട്ട് കാര്യമില്ലെന്ന് അവൾക്കറിയാം. യമുനയും കുട്ടികളിൽ ഒരാളെ നോക്കാനായി നരേന്ദ്രനൊപ്പം രണ്ട് മണിക്കൂർ ഇടവിട്ട് എഴുന്നേൽക്കുന്നത് കൊണ്ട് തന്നെ അവനവളോട് കിടന്നുറങ്ങിക്കോളാൻ പറയും. പൂർണിമയും എതിർത്തൊന്നും പറയാതെ കിടക്കും.

എത്ര ദിവസം അങ്ങനെ തുടരുമെന്ന് കണ്ടറിയാമെന്നായിരുന്നു അവളും മനസ്സിൽ കരുതിയത്. "പൂർണിമേ... നിനക്ക് പാല് നല്ല കുറവാണ്. അവര് വലുതായി വരുംതോറും കുട്ടികൾക്ക് ഇതൊന്നും പോരാതെ വരും. രണ്ട് കുട്ടികൾക്ക് കൂടി കൊടുക്കാനുള്ളത് നിന്നെകൊണ്ട് കൂട്ടിയാൽ കൂടുമെന്ന് എനിക്ക് തോന്നുന്നില്ല." കുഞ്ഞുങ്ങൾക്ക് വേണ്ടി പാല് പമ്പ് ചെയ്യുമ്പോ അത് നോക്കി നിന്ന യമുന പറഞ്ഞു. അത് കേട്ട് പൂർണിമയ്ക്ക് നല്ല വിറഞ്ഞുകയറി. രണ്ട് മണിക്കൂർ കൂടുമ്പോൾ കുട്ടികൾക്ക് മുപ്പത് മില്ലി പാലാണ് കൊടുക്കേണ്ടത്. രണ്ട് പേർക്കും കൂടി അറുപതു മില്ലിയോളം കിട്ടാറുമുണ്ട്. ചിലപ്പോൾ ഇത്തിരി കുറഞ്ഞു പോയാലാണ് പൊടിപാൽ കൂടി കലക്കി കൊടുക്കുന്നത്. വൈകുന്നേരം മുതൽ രണ്ട് മണിക്കൂർ കൂടുമ്പോൾ അവളുടെ പാല് തന്നെ കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ കിട്ടുന്നുണ്ടായിരുന്നു. അതൊക്കെ കണ്ട് നിന്നിട്ടാണ് യമുനയുടെ ഈ സംസാരം. "അമ്മയിത് എന്തറിഞ്ഞിട്ടാ ഓരോന്ന് പറയുന്നത്. പിള്ളേർക്ക് ആവശ്യത്തിനുള്ള പാല് ഇപ്പൊ നേരത്തത്തെക്കാൾ നന്നായി കിട്ടുന്നല്ലോ."

നരേന്ദ്രൻ അമ്പരപ്പോടെ പറഞ്ഞു. "ഓ... നിനക്കെന്തറിയാം... രണ്ട് പെറ്റ എന്നേക്കാൾ അറിവ് ഇക്കാര്യത്തിൽ നിനക്കാണോ നരാ?" യമുന ദേഷ്യത്തിൽ അവനെ നോക്കി. "അമ്മ വെറുതെ എഴുതാപ്പുറം വായിക്കാൻ നിൽക്കണ്ട... ഇപ്പൊ തല്ക്കാലം അവർക്ക് വേണ്ട പാല് കൊടുക്കാൻ എനിക്ക് പറ്റുന്നുണ്ടല്ലോ. പഴയതിനേക്കാൾ കൂടുതൽ വരുന്നതായിട്ടാണ് എനിക്ക് തോന്നുന്നത്." പൂർണിമയും തന്റെ അതൃപ്തി പ്രകടിപ്പിച്ചു. "ഇപ്പൊ നിനക്കങ്ങനെ പലതും തോന്നും, പക്ഷേ കുറച്ചൂടെ കഴിയുമ്പോ മനസ്സിലാകും." "എന്തായാലും ഇപ്പൊ എന്റെ മക്കളെ വിശപ്പകറ്റാനുള്ള പാല് എനിക്കുണ്ട്. അത് നോക്കിയാ പോരേ ഞാൻ. പിന്നീടുള്ള കാര്യം ആ നേരത്ത് നോക്കിക്കോളാം. അമ്മായിപ്പോഴേ അതോർത്ത് വേവലാതിപ്പെടണ്ട." അല്ലെങ്കിൽ തന്നെ പാല് പിഴിഞ്ഞെടുക്കുമ്പോ അടുത്ത് വന്ന് നിന്ന് നോക്കുന്ന യമുനയുടെ പ്രവർത്തി അവൾക്കൊട്ടും ഇഷ്ടമാകുന്നുണ്ടായിരുന്നില്ല. അതിന്റെ കൂടി ഇങ്ങനെയുള്ള സംസാരം പൂർണിമയുടെ ദേഷ്യം ഇരട്ടിപ്പിക്കുകയാണ് ചെയ്തത്. "എന്റെ കൊച്ചുമക്കൾക്ക് വിശന്നിരിക്കാനുള്ള അവസ്ഥ വരാതെ നല്ല പാല് കിട്ടിയാ മതിയെന്നെയുള്ളൂ. നിന്റെ പിടിപ്പ്കേട് പോലിരിക്കും പാല് വരുന്നത്. നീ ശ്രദ്ധിച്ചാൽ നിനക്ക് കൊള്ളാം.

ഇതൊക്കെ നിന്റെ അമ്മ പറഞ്ഞു തരേണ്ടതാ. അമ്മ പറയാത്തത് കൊണ്ട് ഞാൻ പറഞ്ഞൂന്നേയുള്ളൂ." യമുനയോട് ഒന്നും പറഞ്ഞ് തർക്കിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായ പൂർണിമ പിന്നീട് അവരോടൊന്നും പറയാൻ പോയില്ല. നരേന്ദ്രനും അവളോട് ഒന്നും സംസാരിക്കണ്ടെന്ന് കണ്ണ് ചിമ്മി കാണിച്ചു. 🍁🍁🍁🍁🍁 ദിവസങ്ങളിങ്ങനെ കഴിഞ്ഞുപോയി... പൂർണിമയെ രാവിലെതന്നെ വേദ് കുളിപ്പിക്കാൻ ഗീത വരുന്നത് കൊണ്ട് അവൾക്ക് അതൊരു ആശ്വാസമാണ്. അമ്മ വന്ന് വേദ് കുളിയൊക്കെ കഴിപ്പിച്ച് ഉച്ചയോടെ മടങ്ങി പോകും. കുട്ടികളെ രണ്ട് പേരെയും നരേന്ദ്രനും യമുനയും കൂടിയാണ് പരിചരിച്ചിരുന്നത്. മോളെയാണ് അവർ കൂടുതൽ ശ്രദ്ധ കൊടുത്ത് നോക്കിയിരുന്നത്. യമുനയ്ക്ക് രണ്ട് ആൺകുട്ടികളായി പോയതുകൊണ്ട് അവർക്ക് സ്നേഹക്കൂടുതൽ പെൺകുഞ്ഞിനോടായിരുന്നു. പൂർണിമയ്ക്കോ നരേന്ദ്രനോ ഒന്ന് എടുക്കാൻ കൂടി കുഞ്ഞിനെ കിട്ടാറില്ല. അതുപോലെയാണ് യമുന കുഞ്ഞിനെ നോക്കുന്നത്.

മോൾക്ക് പാല് കൊടുക്കുന്നതും ഗ്യാസ് തട്ടുന്നതും ഉറക്കുന്നതുമൊക്കെ അവരാണ്. ഇടയ്ക്ക് മോനെയൊന്ന് ശ്രദ്ധിക്കാൻ നരേന്ദ്രൻ പറഞ്ഞു നോക്കിയപ്പോൾ അവർ മറുപടി പറഞ്ഞത് ഇങ്ങനെയാണ്... "നിങ്ങളെ രണ്ട് ആണ്പിള്ളേരെ നോക്കി ഞാൻ മടുത്തതാ. ഇനി ഞാനെന്റെ കുഞ്ഞിപ്പെണ്ണിനെ നോക്കട്ടെ. മോന്റെ കാര്യങ്ങൾ നീ നോക്കുന്നില്ലേ.. അത് പോരേ." "അമ്മേ... ഇതും എന്റെ കുട്ടി തന്നെയാ. ഇത്തിരി സ്നേഹം ഇവനോടും കാണിക്കാം." "അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ... മോനോട് എനിക്കൊരു സ്നേഹക്കുറവുമില്ല. പിള്ളേര് രണ്ടും എന്റെ കൊച്ചുമക്കളല്ലേ. പക്ഷേ എനിക്ക് ഇഷ്ടക്കൂടുതൽ ഇവളോടാ..." കുഞ്ഞുങ്ങളോടുള്ള യമുനയുടെ ആ വേർതിരിവ് നരേന്ദ്രനും അത്ര ദഹിച്ചിരുന്നില്ല. എങ്കിലും ഒരു പെൺകുട്ടി ഇല്ലാതെ പോയതിന്റെ ദുഃഖം തന്റെ മകളിലൂടെ അമ്മ ഇല്ലാതാക്കാൻ ശ്രമിക്കുന്നതല്ലെയെന്നോർത്ത് അവനതൊന്നും അത്ര കാര്യമാക്കിയില്ല. പക്ഷേ പൂർണിമ ഇതെല്ലാം നിശബ്ദം വീക്ഷിക്കുന്നുണ്ടായിരുന്നു. പക്ഷേ അവളവരോട് അതേക്കുറിച്ചൊരു സംസാരത്തിന് മുതിർന്നില്ല.

നരേന്ദ്രനെ ഒഴിവാക്കി യമുനയ്ക്കൊപ്പം കുഞ്ഞുങ്ങളെ നോക്കാൻ കൂടാൻ റാണിക്കും താല്പര്യമുണ്ടായിരുന്നെങ്കിലും അവർക്ക് അതിനുള്ള അവസരം ലഭിച്ചിരുന്നില്ല. ഒരാഴ്ച കഴിഞ്ഞും സ്വന്തം വീട്ടിലേക്ക് മടങ്ങി പോകാൻ കൂട്ടാക്കാതെ റാണി മുല്ലശ്ശേരിയിൽ തന്നെ തുടർന്നു. ഓരോരോ കാരണങ്ങൾ നിരത്തി അവരെയവിടെ പിടിച്ചു നിർത്തിയത് യമുനയാണ്. നരേന്ദ്രൻ ലീവ് ക്യാൻസൽ ചെയ്ത് എത്രയും പെട്ടെന്ന് ഓഫീസിൽ പോയി തുടങ്ങാൻ പ്രാർത്ഥിക്കുകയായിരുന്നു യമുനയും റാണിയും. എന്നാലേ എല്ലാ കാര്യത്തിലും തങ്ങൾക്ക് പൂർണമായി ഇടപെടാൻ കഴിയുള്ളു എന്ന് യമുനയ്ക്കറിയാം. നവീനും ശ്രീകണ്ഠനും പൂർണിമ കിടക്കുന്ന മുറിയുടെ ഭാഗത്തേക്കോ കുഞ്ഞുങ്ങളെ കാണാൻ വരാനോ ശ്രമിക്കാറില്ല. പക്ഷേ പൂർണിമ വേദ് കുളി കുളിക്കുന്ന സമയത്ത് യമുന ശ്രീകണ്ഠന്റെ അടുത്ത് കൊണ്ടുപോയി കുട്ടികളെ കാണിച്ചുകൊടുക്കും. അച്ഛന് പിള്ളേരെ കാണിച്ച് കൊടുക്കുന്നതിൽ നരേന്ദ്രനും എതിർപ്പില്ലായിരുന്നു. ഇങ്ങനെ വരുന്നവരുടെയൊക്കെ മുന്നിൽ കൊണ്ട് പോയി കാണിക്കാൻ നിക്കരുതെന്ന് മാത്രം അവനവരെ താക്കീത് ചെയ്തിട്ടുണ്ട്.

ഒരാഴ്ച കഴിഞ്ഞിട്ടും റാണി സ്വന്തം വീട്ടിലേക്ക് പോകുന്നില്ലെന്ന് കണ്ടതും നരേന്ദ്രൻ അവരോട് അതേപറ്റി ചോദിക്കുകയുണ്ടായി. കുറച്ചുദിവസം കൂടി റാണി നിന്നോട്ടെയെന്ന് പറഞ്ഞ് യമുന ആ വിഷയം ഒതുക്കി തീർത്തു. താൻ വിചാരിച്ചത് പോലെ ചെറിയമ്മയെ കൊണ്ട് പൂർണിമയ്‌ക്കോ തനിക്കോ ഒരു ബുദ്ധിമുട്ട് ഇല്ലാത്തതിനാൽ അവനും അത് വല്യ കാര്യമാക്കിയില്ല. അന്നത്തെ സംഭവത്തിന് ശേഷം മുല്ലശ്ശേരിയിലേക്കുള്ള ബന്ധുക്കളുടെ വരവ് തൽക്കാലത്തേക്ക് നിലച്ചിരുന്നെങ്കിലും പോകപോകെ, കുട്ടികളെ കാണാനുള്ള ആകാംക്ഷയിൽ പലരും അവിടേക്ക് വരാൻ തുടങ്ങിയിരുന്നു. നരേന്ദ്രൻ തറവാട്ടിലുള്ളപ്പോൾ ഒരാളെ പോലും മുറിക്കുള്ളിലേക്ക് കയറാൻ സമ്മതിക്കില്ല. പക്ഷേ എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾക്കായി നരേന്ദ്രൻ പുറത്തേക്കോ മറ്റോ പോകുമ്പോൾ ആരെങ്കിലും അവിടേക്ക് വന്നാൽ നേരെ മുറിയിലേക്ക് കേറി വന്ന് കുഞ്ഞുങ്ങളെ കണ്ട് പോകാറുണ്ട്. അങ്ങനെ വരുന്നവരോട് മുഷിഞ്ഞു സംസാരിക്കാൻ പൂർണിമയ്ക്കും കഴിയാറില്ല.

ബന്ധുക്കളെ പിണക്കണ്ടല്ലോന്ന് കരുതി യമുനയും അവരെ തടയാൻ ശ്രമിക്കില്ല. മുല്ലശ്ശേരിയിൽ കഴിയുന്ന ഓരോ ദിനങ്ങളും പൂർണിമയെ സംബന്ധിച്ച് മാനസികമായി വെല്ലുവിളി നേരിടുന്ന സമയമായിരുന്നു. ഒരു മാസം എങ്ങനെയൊക്കെയോ അവൾ തള്ളിനീക്കുകയായിരുന്നു. ഇരുപത്തി എട്ട് ദിവസം കഴിഞ്ഞപ്പോൾ വേദ് കുളി തീർന്നതിനാൽ മുല്ലശ്ശേരിയിലേക്കുള്ള ഗീതയുടെ പതിവ് വരവ് നിലച്ചിരുന്നു. അമ്മയുടെ അസാന്നിധ്യം പൂർണിമയുടെ മനോനില തകരാരിലാക്കാൻ തുടങ്ങി. അതുവരെ തന്റെ മനസ്സിൽ തോന്നുന്ന വിഷമങ്ങളും കുട്ടികളെ കുറിച്ചോർത്തുള്ള ആകുലതയും അവൾ പങ്ക് വച്ചിരുന്നത് ഗീതയോടായിരുന്നു. അമ്മയുടെ വരവ് നിലച്ചപ്പോൾ താൻ തീർത്തും ഒറ്റപ്പെട്ടത് പോലെ പൂർണിമയ്ക്ക് തോന്നി. എന്തിനും ഏതിനും അവൾക്കൊപ്പം സഹായമായി നരേന്ദ്രൻ നിൽക്കുന്നത് യമുനയ്ക്ക് തീരെ ഇഷ്ടമാകുന്നുണ്ടായിരുന്നില്ല. ജോലിക്ക് പോലും വിടാതെ തന്റെ മകനെ സാരിത്തുമ്പിൽ കെട്ടിയിട്ട് അവളുടെ ചൊല്പടിക്ക് നിർത്തിയിരിക്കുകയാണെന്ന ധാരണയാണ് അവരിൽ.

പൂർണിമയ്ക്ക് എന്തിനും നരേന്ദ്രനെ മതിയെന്നും ഒന്നിനും തന്നെ വിളിക്കില്ലെന്നും പറഞ്ഞ് യമുനയിൽ നിന്ന് അതേക്കുറിച്ച് മെല്ലെ മെല്ലെ പരാതി ഉയരാൻ തുടങ്ങി. പിന്നെ പിന്നെ യമുനയുടെയും റാണിയുടെയുമൊക്കെ മുനവച്ചുള്ള സംസാരവും അവളുടെ മനസ്സിൽ കരി നിഴൽ പടർത്തി. മാനസികമായി തളർന്ന പൂർണിമയ്ക്ക് സമാധാനം നഷ്ടപ്പെടുകയും ഉറക്കക്കുറവ് അനുഭവപെടുകയും ചെയ്തു. ആകെ വിഷമിച്ച് മൂകയായി പോയവൾക്ക് ക്രമേണ പാലും കുറഞ്ഞു തുടങ്ങി. അവളെ കുറ്റം പറയാൻ യമുനയ്ക്കും റാണിക്കും ഒരു കാരണം കൂടി കിട്ടിയത് പോലെയായി. "നരേട്ടാ... എനിക്കിവിടെ തീരെ പറ്റുന്നില്ല നരേട്ടാ. എന്നേം മക്കളേം എന്റെ വീട്ടിൽ കൊണ്ടുപോയി വിട്. എനിക്കിത്തിരി മനഃസമാധാനം വേണം. അതെനിക്കിവിടെ കിട്ടുന്നില്ല... ആകെ ഭ്രാന്ത് പിടിക്കുവാ. ഇനിയും ഇങ്ങനെ തുടർന്നാൽ സമനില വിട്ട് ഞാൻ പൊട്ടിത്തെറിച്ചു പോകും." ഇനിയും മുല്ലശ്ശേരിയിൽ തുടരാൻ തനിക്കാവില്ലെന്ന തിരിച്ചറിവിൽ പൂർണിമ നരനോട് കരഞ്ഞു പറഞ്ഞു. "ഇവിടെ എന്താ പൂർണിമേ നീ കാണുന്ന പ്രശ്നം. എനിക്ക് അതാണ് മനസ്സിലാവാത്തത്."

"ഇവിടെ ബന്ധുക്കൾ കാണാൻ വരുന്നത് എനിക്കിഷ്ടമല്ല. അതുപോലെ എനിക്ക് പാല് കുറഞ്ഞു പോകുന്നെന്ന് പറഞ്ഞ് കുറ്റപ്പെടുത്തലും തുടങ്ങിയിട്ടുണ്ട്. എനിക്കിവിടെ ഒരു സന്തോഷവും കിട്ടുന്നില്ല. ആർക്കും എന്റെ അവസ്ഥയെ കുറിച്ചൊരു ചിന്തയില്ല. മൂന്ന് നേരം കൃത്യമായി ആഹാരം കിട്ടിയാൽ ഞാൻ സന്തോഷത്തോടെ ഇരിക്കുമെന്നാണോ നരേട്ടന്റെ വിചാരം." പൂർണിമ ഒച്ച ഉയർത്തി. "അതിന് നീയിങ്ങനെ ഒച്ച വച്ച് ബഹളമുണ്ടാക്കണ്ട പൂർണിമേ." നരേന്ദ്രൻ അവളെ ദേഷ്യത്തോടെ നോക്കി. "അവള് പോകുന്നെങ്കിൽ പോട്ടെ. പക്ഷേ മക്കളെ കൊടുത്ത് വിടില്ല ഞാൻ. അല്ലെങ്കിൽ തന്നെ പിള്ളേർക്ക് കൊടുക്കാനുള്ള പാല് പോലും ഇവളേ കൊണ്ട് കൊടുക്കാനിപ്പോ പറ്റുന്നില്ലല്ലോ. അതുകൊണ്ട് ഇവൾക്കിനി ഇവള്ടെ വീട്ടിൽ പോയി നിൽക്കാനാണ് ആഗ്രഹമെങ്കിൽ കൊണ്ട് വിട് നരാ. എന്റെ കൊച്ചുങ്ങളെ ഞാൻ നോക്കിക്കോളാം." "അല്ലേലും എന്നെയാർക്കും വേണ്ടല്ലോ. എല്ലാർക്കും ഇവരെ മതി. എന്റെ മനസമാധാനവും സന്തോഷവും നിങ്ങളെല്ലാരും കൂടി തന്നെയാ കളഞ്ഞ് കുളിച്ചത്.

അതുകൊണ്ടാ എനിക്ക് പാല് കുറഞ്ഞു പോകുന്നതും." "നിന്റെ മനസ്സിലിരിപ്പ് നല്ലതല്ലാത്തോണ്ടാ പൂർണിമേ പാല് കുറഞ്ഞു പോകുന്നത്." യമുനയുടെ വാക്കുകൾ കേട്ട് പൂർണിമ അരിശം വന്നു. "അമ്മയൊന്ന് മിണ്ടാതിരിക്ക്... പൂർണിമേ നീ അകത്ത് കേറിപ്പോ. രണ്ടുപേരും കൂടി എന്റെ സ്വൈര്യം കെടുത്താൻ നിൽക്കരുത്." അമ്മയുടെയും ഭാര്യയുടെയും വാക്പോരുകൾ കണ്ട് നരേന്ദ്രന് നിയന്ത്രണം വിടുന്നുണ്ടായിരുന്നു. "ഏട്ടാ... ഏട്ടത്തിയെ അവരുടെ വീട്ടിൽ കൊണ്ട് വിട് ഏട്ടാ. കുറച്ചു നാൾ അവരവിടെ നിൽക്കട്ടെ. നമ്മുടെ അമ്മയ്ക്ക് മക്കളെ മാത്രം മതിയെന്ന ഭാവമാണ്. ഈ സമയം ഏട്ടത്തിക്ക് അതൊക്കെ വിഷമമുണ്ടാക്കുന്ന കാര്യങ്ങളാണ്. അതുപോലെ ഏട്ടൻ പുറത്ത് പോകുന്ന സമയത്തൊക്കെ ഇവിടെ വരുന്നവർ അവർ കിടക്കുന്ന മുറിയിൽ കേറിപ്പോയി കുഞ്ഞുങ്ങളെ കണ്ട് വരാറുണ്ട്. അവരെ പിണക്കണ്ടെന്ന് കരുതി അമ്മ അതൊന്നും തടയാറില്ല. കുട്ടികൾക്ക് എന്തെങ്കിലും ഇൻഫെക്ഷൻ വന്നാൽ പിന്നെ ഭയങ്കര റിസ്കാകും ഈ സമയത്ത്." മുകളിലെ മുറിയിൽ വന്ന് തലയിൽ കൈ താങ്ങി വിഷമിച്ചിരിക്കുന്ന നരേന്ദ്രനെ കണ്ട് നവീൻ അത് പറയുമ്പോൾ നരൻ അനിയനെ ഒന്ന് നോക്കി. "അവളേം മക്കളേം വിട്ട് നിൽക്കാൻ എനിക്ക് പറ്റില്ല നവി.

ഓരോ വീട്ടിൽ ഉള്ളത് പോലെയുള്ള അമ്മായി അമ്മ പോരൊന്നും നമ്മുടെ അമ്മ അവളോട് കാണിക്കുന്നില്ലല്ലോ. കുറച്ചൊക്കെ കണ്ടില്ലെന്ന് നടിക്കാലോ അവൾക്കും. സത്യത്തിൽ എല്ലാം കൂടി എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെയാകുന്നുണ്ട് നവി. ഓഫീസിൽ നിന്ന് ലീവ് ക്യാൻസൽ ചെയ്ത് കേറാനുള്ള പ്രെഷറുണ്ട്. അതിന്റെ കൂടെ ഇവിടേം എന്നും ഓരോ പ്രശ്നങ്ങൾ... എനിക്കും ചില സമയത്ത് വല്ലാത്ത മടുപ്പ് തോന്നുന്നു നവി. എന്റെ അവസ്ഥയെന്താ ആരും ചിന്തിക്കാത്തത്." നരേന്ദ്രന്റെ മിഴികൾ ഈറനായി. "സാരമില്ല ഏട്ടാ എല്ലാം മാറും..." ഏട്ടനെ എന്ത് പറഞ്ഞാ സമാധാനിപ്പിക്കേണ്ടതെന്ന് അവനും അറിയില്ലായിരുന്നു. ഏട്ടന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ച് നവീൻ അവന്റെയൊപ്പം തന്നെ ഇരുന്നു. എത്ര സമയം അവരാ ഇരിപ്പ് തുടർന്നെന്ന് അറിയില്ല. താഴെ നിന്നുള്ള യമുനയുടെ നിലവിളി കേട്ടാണ് ഇരുവരും ഞെട്ടി എഴുന്നേറ്റത്. രണ്ടുപേരും പരസ്പരം മുഖത്തോട് മുഖം നോക്കിയിട്ട് വേഗം താഴേക്കുള്ള ഗോവണി ചാടിയിറങ്ങി..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story