മാലയോഗം: ഭാഗം 45

malayogam shiva

രചന: ശിവ എസ് നായർ

 "എന്താ അമ്മേ? എന്ത് പറ്റി?" നരൻ ആധിയോടെ അമ്മയെയും കുട്ടികളെയും മാറി മാറി നോക്കി. കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും പറ്റിയിട്ടാണോ അമ്മ നിലവിളിച്ചതെന്ന ആശങ്കയായിരുന്നു നരനിലും നവീനിലും. പക്ഷേ കുട്ടികൾ രണ്ടുപേരും സുഖമായി ഉറങ്ങുന്നത് കണ്ടപ്പോൾ ഇരുവർക്കും തെല്ല് ആശ്വാസം തോന്നി. "നരാ... പൂർണിമ ഇവിടുന്നിറങ്ങി പോയി." "എങ്ങോട്ട് പോയി?" നരേന്ദ്രൻ അമ്പരന്ന് പോയി. "നീയില്ലെങ്കിലും പിള്ളേരെ കാര്യം നോക്കാൻ എനിക്കറിയാം. നിനക്കിവിടെ നിൽക്കാൻ പറ്റില്ലെങ്കിൽ നിന്റെ വീട്ടിലേക്ക് ഒറ്റയ്ക്കങ്ങ് പോയാൽ മതിയെന്ന് ഞാൻ പറഞ്ഞു... എന്നെയൊന്ന് തുറിച്ച് നോക്കിയിട്ട് നിന്ന വേഷത്തിൽ തന്നെ അവളിറങ്ങി പോയി." അത് പറയുമ്പോൾ അവരുടെ സ്വരത്തിൽ പരിഭ്രമം കലർന്നിരുന്നു. "അമ്മയ്ക്കിത് എന്തിന്റെ കേടാ... അമ്മയെന്തിനാ അവളോട് ഇങ്ങനെയൊക്കെ പറയാൻ പോയത്. അല്ലെങ്കിൽ തന്നെ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കി വയ്ക്കുന്നത് പോരാഞ്ഞിട്ടാണോ ഇപ്പൊ ഇതുംകൂടി." നരേന്ദ്രൻ തലയിൽ കൈവച്ചുപോയി.

"ഏട്ടത്തിയുടെ സങ്കടപ്പെടുത്തി ഇവിടെ നിന്ന് ഇറക്കി വിട്ടപ്പോൾ അമ്മയ്ക്ക് സമാധാനമായോ? മനസ്സ് വിഷമിച്ച് ഏട്ടത്തി എന്തെങ്കിലും അബദ്ധം കാണിച്ചാൽ അമ്മ മാത്രമായിരിക്കും ഉത്തരവാദി." നവീൻ ദേഷ്യം കൊണ്ട് അടിമുടി വിറച്ചു. "നവീ..." ആഗ്രഹിക്കാത്തതെന്തോ കേട്ടത് പോലെ നരേന്ദ്രന്റെ മുഖം കാർമേഘം പോലെ ഇരുണ്ടു. "പൂർണിമ എങ്ങോട്ട് പോയതായിരിക്കും. എനിക്കെന്തോ പേടി തോന്നുന്നു നവീ. നീ വന്നേ നമുക്ക് പോയി നോക്കാം." നവീന്റെ കൈപിടിച്ച് വലിച്ചുകൊണ്ട് നരൻ പുറത്തേക്ക് പാഞ്ഞു. ഇരുവരും കാറിൽ കയറി പോകുന്നത് നോക്കി യമുന നിർന്നിമേഷയായി പൂമുഖത്ത് നിന്നു. ഒന്നും വേണ്ടിയിരുന്നില്ലെന്ന് ആ നിമിഷം അവർക്കും തോന്നിപ്പോയി. പൂർണിമ എന്തെങ്കിലും അബദ്ധം കാണിക്കുമോയെന്ന ഭയമായിരുന്നു അവരിൽ നിറഞ്ഞ് നിന്നത്. നവീനാണ് കാർ ഡ്രൈവ് ചെയ്തിരുന്നത്.

റോഡിന്റെ ഇരുവശത്തും മിഴികൾ പായിച്ച് നരേന്ദ്രനിരുന്നു. റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റോപ്പ്‌ എന്നിവിടങ്ങളിൽ കയറിയിറങ്ങി ഓട്ടോ സ്റ്റാൻഡിലും വഴിയിൽ കാണുന്നവരോടും പൂർണിമയുടെ ഫോട്ടോ കാണിച്ച് അവളെ കണ്ടിരുന്നോന്ന് ചോദിച്ച് അവർ പൂർണിമയെ അന്വേഷിച്ചു കൊണ്ടിരുന്നു. പൂർണിമ മുല്ലശ്ശേരിയിൽ നിന്നും ഇറങ്ങിപ്പോയതിന്റെ തൊട്ട് പിന്നാലെയാണ് തങ്ങളവളെ തിരക്കിയിറങ്ങിയത്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ അവൾ എങ്ങോട്ട് പോയി മറഞ്ഞുവെന്നാണ് അവരിരുവരും ഓർത്തത്. മുല്ലശ്ശേരി തറവാടിനോട് ചേർന്നുള്ള പുഴക്കരയിലും നരേന്ദ്രനും നവീനും ചെന്ന് നോക്കി. ഉച്ച സമയം വരെ പൂർണിമയെ പറ്റാവുന്നിടത്തൊക്കെ അന്വേഷിച്ചിട്ടും കണ്ടെത്താനാവാതെ രണ്ടുപേരും നിരാശരായി. സങ്കടവും മാനസിക സംഘർഷവും താങ്ങാനാവാതെ നവീനിനെ കെട്ടിപ്പിടിച്ച് നരൻ പൊട്ടിക്കരഞ്ഞുപോയി.

സർവ്വവും തകർന്നവനെ പോലെയിരിക്കുന്ന ചേട്ടനെ കണ്ടപ്പോൾ അവനും വിഷമം സഹിക്കാനായില്ല. എല്ലായിടത്തും അന്വേഷിച്ചിട്ട് യാതൊരു വിവരവും ലഭിക്കാതെ വന്നപ്പോൾ നരേന്ദ്രൻ ഗീതയെ വിളിച്ചു. അവർക്ക് സംശയം തോന്നാത്ത രീതിയിൽ വെറുതെ കുശലാന്വേഷണം നടത്തി അവൻ വേഗം ഫോൺ കട്ട്‌ ചെയ്തു. അവരുടെ സംസാരത്തിൽ നിന്ന് പൂർണിമ അവിടെ ചെന്നിട്ടില്ലെന്ന് നവീനും നരനും ഉറപ്പിച്ചു. പൂർണിമയുടെ വീട്ടുകാരോട് അവൾ മുല്ലശ്ശേരിയിൽ നിന്നും പിണങ്ങി ഇറങ്ങിപ്പോയെന്ന് അറിയിക്കാൻ അവന് ബുദ്ധിമുട്ട് തോന്നിയിരുന്നു. നരേന്ദ്രനും നവീനും പൂർണിമയെ അന്വേഷിച്ചു നടന്ന സമയം ഊട് വഴികളിലൂടെ അവൾ സ്വന്തം വീട്ടിലേക്ക് നടക്കുകയായിരുന്നു. അവളുടെ മനസ്സിലപ്പോൾ നരേന്ദ്രനോ മക്കളോ ആരും തന്നെയില്ലായിരുന്നു. എല്ലാവരിൽ നിന്നും ഓടിയൊളിച്ച് ആരുടെയും ശല്യമില്ലാതെ എവിടെയെങ്കിലും സ്വസ്ഥമായി ഇരിക്കണമെന്നേ അവൾ ആഗ്രഹിച്ചുള്ളൂ. നിന്ന നിൽപ്പിൽ മുല്ലശ്ശേരിയിൽ നിന്ന് ഇറങ്ങിയത് കൊണ്ട് പൂർണിമയുടെ കൈയ്യിൽ പൈസയൊന്നുമുണ്ടായിരുന്നില്ല.

അതുകൊണ്ട് വീട് വരെ നടക്കാൻ തന്നെയായിരുന്നു അവളുടെ തീരുമാനം. 🍁🍁🍁🍁🍁 ഇനി എവിടെ പോയാ പൂർണിമയെ അന്വേഷിക്കേണ്ടതെന്നറിയാതെ ഇരുവരും സീറ്റിൽ ചാരി കണ്ണുകൾ അടച്ച് കിടക്കുകയായിരുന്നു. സമയപ്പോൾ ഉച്ച തിരിഞ്ഞ് മൂന്ന് മണിയോട് അടുത്തിരുന്നു. "നരേട്ടാ... നമുക്ക് പോലീസിൽ പരാതി കൊടുക്കാം. ഏട്ടത്തിയുടെ വീട്ടുകാരോടും കാര്യം പറയണം. പറയാതിരുന്നിട്ട് പിന്നീട് അതിന്റെ പേരിലൊരു പ്രശ്നമുണ്ടാവണ്ട." "ഞാനും അതാണ് ആലോചിച്ചത്. പൂർണിമയുടെ വീട്ടുകാരോട് അവളെ കാണാനില്ലെന്ന് പറയാൻ എന്നെക്കൊണ്ടാവില്ല നവി. നീ തന്നെ പറയ്യ്..." കൈകളിൽ മുഖം താങ്ങി നരേന്ദ്രൻ ദുഃഖ ഭാവത്തോടെ ഇരുന്നു. ഏട്ടന്റെ വിഷമം കണ്ട് അവനും ഒരു നിമിഷം മൗനമവലംബിച്ചു. പെട്ടെന്നാണ് കാറിനുള്ളിലെ നിശബ്ദതയെ ഭേദിച്ച് കൊണ്ട് നരന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങിയത്. നവീൻ വേഗം കയ്യെത്തിച്ച് ഫോൺ എടുത്തുനോക്കി. "ഏട്ടാ... ഏട്ടത്തിയുടെ അമ്മയാ വിളിക്കുന്നത്." നവീൻ മൊബൈൽ നരന് കൈമാറി.

"ഹലോ... അമ്മേ..." വിറയാർന്ന സ്വരത്തിൽ അവൻ ചോദിച്ചു. "നരാ... പൂർണിമ ദേ കുറച്ചുമുൻപ് ഇങ്ങോട്ട് വന്നല്ലോ. നേരെ വന്ന് അവളുടെ മുറിയിൽ കയറി കതകടച്ച് ഇരിപ്പാണ് മോനേ. വിളിച്ചിട്ട് വാതിൽ പോലും തുറക്കുന്നില്ല. അവിടെന്തെങ്കിലും പ്രശ്നമുണ്ടായോ?" ആധി പിടിച്ചുള്ള ഗീതയുടെ വാക്കുകൾ അവനിൽ ആശ്വാസമുളവാക്കി. "അമ്മേ... പൂർണിമ അങ്ങോട്ട്‌ വന്നോ? ഞാൻ... ഞാൻ പുറത്താ ഉള്ളത്. ഞാനിപ്പോ അങ്ങോട്ട്‌ വരാമമ്മേ." അവരോട് അത്രയും പറഞ്ഞ് നരേന്ദ്രൻ കാൾ കട്ട്‌ ചെയ്തു. നരേന്ദ്രനോടെന്തോ ചോദിക്കാൻ തുടങ്ങിയതായിരുന്നു ഗീത. അപ്പഴേക്കും കാൾ കട്ടായിരുന്നു. ഫോണും കൈയ്യിൽ പിടിച്ച് വിഷണ്ണയായി ഗീത നിന്നു. വിയർത്തുകുളിച്ച് കയറി വന്ന മകളുടെ മുഖം അവരിൽ ഭീതി പടർത്തി. "നവീ... പൂർണിമ അവളുടെ വീട്ടിലുണ്ട്. നീ വേഗം അങ്ങോട്ട്‌ വിട്." നരൻ തിടുക്കം ഭാവിച്ചു. "ആ ഏട്ടാ..." 🍁🍁🍁🍁🍁

"പൂർണിമേ... വാതില് തുറക്ക് മോളെ." വേവലാതിയോടെ ഗീത വാതിലിൽ തട്ടി വിളിച്ചു. പക്ഷേ അകത്തുനിന്ന് യാതൊരു പ്രതികരണവും ലഭിച്ചില്ല. പ്രവീണും ശിവദാസനും ഷോപ്പിലേക്കും പ്രീതിയും പാറുവും സ്കൂളിലും പോയിരിക്കുകയായിരുന്നു. വീട്ടിൽ ഗീത മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ അവർക്ക് പൂർണിമയെ കുറിച്ചോർത്ത് ഭയം തോന്നി. മുല്ലശ്ശേരിയിൽ എന്തോ പ്രശ്നമുണ്ടായിട്ടാണ് അവൾ വന്നിരിക്കുന്നതെന്ന് ഗീത ഊഹിച്ചു. അപ്പോഴാണ് മുറ്റത്തൊരു കാർ വന്ന് നിൽക്കുന്ന ശബ്ദം അവർ കേട്ടത്. ഗീത ഓടി മുൻവാതിൽക്കൽ വന്നപ്പോൾ നരേന്ദ്രനും നവീനും കാറിൽ നിന്ന് ധൃതിയിൽ ഇറങ്ങുന്നത് കണ്ടു. "അമ്മേ... പൂർണിമ എവിടെ?" നരേന്ദ്രൻ അവരോട് ചോദിച്ചു. "മുറിയിൽ തന്നെയാ നരാ. അവള് ഇതുവരെ വാതിൽ തുറന്നിട്ടില്ല." "ഞാൻ നോക്കട്ടെ..." ഇരുവരും അകത്തേക്ക് ചുവടുകൾ വച്ചു. "മോനെ... അവിടെന്താ പ്രശ്നം... പൂർണിമ പെട്ടെന്നെന്താ വന്നത്.?" ഗീത ഇപ്പോൾ കരയുമെന്ന ഭാവത്തിലായിരുന്നു. "എന്റെ അമ്മ അവളോടെന്തോ പറഞ്ഞു.

അതിന്റെ ദേഷ്യത്തിൽ ഇറങ്ങിപ്പോന്നതാ. പൂർണിമ ഇറങ്ങി വന്നത് ഞാനറിഞ്ഞതുമില്ല അമ്മേ. ഞാനവളെയൊന്ന് കാണട്ടെ." നരേന്ദ്രൻ വാതിലിൽ ചെന്ന് തട്ടി വിളിക്കാൻ തുടങ്ങി. "പൂർണിമേ... വാതില് തുറക്ക്... ഞാനാ വിളിക്കുന്നത്." കുറച്ചുസമയം കാത്ത് നിന്നിട്ടും അവൾ വാതിൽ തുറക്കുന്നില്ലെന്ന് കണ്ടപ്പോൾ നരേന്ദ്രൻ ഒറ്റ ചവിട്ടിന് വാതിൽ തള്ളി തുറന്നു. അവൻ അകത്ത് കയറി നോക്കുമ്പോൾ കട്ടിലിൽ കമഴ്ന്നടിച്ച് കിടക്കുകയായിരുന്നു പൂർണിമ. വാതിൽ ചാരി നരേന്ദ്രൻ അവൾക്കരികിൽ വന്നിരുന്നു. "നീയിത് എന്ത് പണിയാ പൂർണിമേ കാണിച്ചത്. നിന്നെ കുറച്ചുസമയം കാണാതായപ്പോൾ ഞാനെന്ത് പേടിച്ചു പോയെന്നറിയോ നിനക്ക്?" നരേന്ദ്രന്റെ സ്വരം കേട്ടിട്ടും പൂർണിമ കിടന്നയിടത്ത് നിന്ന് അനങ്ങിയില്ല. "അമ്മ നിന്നെയെന്തെങ്കിലും പറഞ്ഞ് വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ നിന്നോട് മാപ്പ് ചോദിക്കാം പൂർണിമേ. പ്രശ്നം വഷളാക്കാതെ നീ എന്റെ കൂടെ പോര്. മക്കളെ ഇങ്ങനെ ഉപേക്ഷിച്ച് വരാൻ നിനക്കെങ്ങനെ മനസ്സ് വന്നു. ഇനിയൊരു പ്രശ്നവും ഉണ്ടാവാതെ ഞാൻ നോക്കിക്കോളാം.

ഇങ്ങനെ കിടക്കാതെ നീ എണീക്ക്." "ഞാനെങ്ങും വരുന്നില്ല... നരേട്ടൻ പൊയ്ക്കോ. എല്ലാർക്കും വേണ്ടത് മക്കളെയല്ലേ. എടുത്തോ അവരെ... നിങ്ങൾക്ക് നോക്കി മടുക്കുമ്പോ എന്റെ കൈയ്യിൽ കൊണ്ട് തന്നാൽ മതി. അതുവരെ ശല്യത്തിന് ഞാൻ വരില്ല. എനിക്ക് കുറച്ചു സമാധാനം വേണം." പൂർണിമ തേങ്ങി. "നീ കൂടി എന്നെ വിഷമിപ്പിക്കല്ലേ... നിനക്കെന്നോട് കുറച്ചെങ്കിലും ഇഷ്ടമുണ്ടെങ്കിൽ എന്റെ കൂടെ വരണം." "നരേട്ടനോട് സ്നേഹമുള്ളോണ്ടാ ഞാൻ അങ്ങോട്ട്‌ വന്ന് നിന്നത്. ഇനിയെനിക്ക് വയ്യ നരേട്ടാ.. എന്നെ നിർബന്ധിക്കരുത്. ഞാനെന്തെങ്കിലും കടുംകൈ ചെയ്ത് പോകും." നരേന്ദ്രൻ അവളോടെന്തോ പറയാൻ തുടങ്ങുമ്പോഴാണ് യമുന അവന്റെ ഫോണിലേക്ക് വിളിച്ചത്. ആദ്യത്തെ മൂന്ന് തവണ ഫോൺ റിംഗ് ചെയ്തപ്പോൾ അവൻ കട്ടാക്കി വിട്ടു. അവർ വീണ്ടും വിളിച്ചപ്പോൾ അവൻ കാൾ "അമ്മേ... ഞാൻ പിന്നെ വിളിക്കാം." അത് പറഞ്ഞ് നരേന്ദ്രൻ ഫോൺ കട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ കൈ തട്ടി സ്പീക്കർ ഓണായി. "നരാ... നീ പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് വാ മോനെ. കുഞ്ഞുങ്ങൾക്ക് തീരെ സുഖമില്ല. ഞാനും റാണിയും കൂടെ അവരെ ഹോസ്പിറ്റലിൽ കൊണ്ട് പോവാ.".... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story