മാലയോഗം: ഭാഗം 46

malayogam shiva

രചന: ശിവ എസ് നായർ

 "നരാ... നീ പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് വാ മോനെ. കുഞ്ഞുങ്ങൾക്ക് തീരെ സുഖമില്ല. ഞാനും റാണിയും കൂടെ അവരെ ഹോസ്പിറ്റലിൽ കൊണ്ട് പോവാ." "അയ്യോ... കുഞ്ഞുങ്ങൾക്ക് എന്ത് പറ്റി അമ്മേ. ഞാൻ വരുന്നത് വരെ കുഴപ്പമൊന്നുമില്ലായിരുന്നല്ലോ." ഞെട്ടിപ്പിടഞ്ഞവൻ ചാടി എഴുന്നേറ്റു. "ഇപ്പോ ഒന്നും വിശദീകരിക്കാൻ നേരമില്ല നരാ... പ്രശ്നം കുറച്ച് സീരിയസാണ്. പേടിച്ചിട്ടെനിക്ക് കൈയ്യും കാലുമൊക്കെ വിറയ്ക്കാ. നീ വേഗം വരാൻ നോക്ക്." നരേന്ദ്രന്റെ മറുപടിക്ക് കാക്കാതെ മറുതലയ്ക്കൽ കാൾ കട്ടായി. വിളറി വെളുത്ത മുഖത്തോടെ അവൻ പൂർണിമയെ ഒന്ന് നോക്കി. അവൾ എല്ലാം കേട്ടുവെന്ന് അവനുറപ്പായിരുന്നു. "നരേട്ടാ... എന്റെ മക്കൾ... അവർക്കെന്താ.... അവർക്കെന്താ പറ്റിയെ?" വിതുമ്പി കരഞ്ഞുകൊണ്ട് പൂർണിമ അവന്റെ ഷർട്ടിന് കുത്തിപ്പിടിച്ചു. "അറിയില്ല പൂർണിമാ... ഞാൻ വീട്ടിൽ നിന്ന് ഇറങ്ങുന്നത് വരെ അവർക്കൊരു കുഴപ്പവുമില്ലായിരുന്നു." "എനിക്കെന്റെ കുഞ്ഞുങ്ങളെ ഇപ്പോൾ കിട്ടണം. ഇപ്പൊത്തന്നെ എനിക്കവരെ കാണണം."

നരേന്ദ്രന്റെ നെഞ്ചിലേക്ക് വീണവൾ ഏങ്ങിക്കരഞ്ഞു. "നീ പേടിക്കുന്നത് പോലെ ഒന്നും ഉണ്ടാവില്ല. നീയിപ്പോ കുറച്ചു സമയം റെസ്റ്റെടുക്ക്. ഞാനൊന്ന് ഹോസ്പിറ്റലിൽ വരെ പോയി എന്താ കാര്യമെന്ന് അന്വേഷിച്ചു വരാം. അപ്പോഴേക്കും നീയൊന്ന് മുഖമൊക്കെ കഴുകി ഈ ഡ്രസ്സ്‌ മാറി നിൽക്ക്." നരേന്ദ്രനവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും പൂർണിമ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. കൂടെ വരാൻ നിർബന്ധം പിടിച്ചവളെ ബലമായി അവിടെ തന്നെ നിർത്തിയ ശേഷം നവീനെയും കൂട്ടികൊണ്ട് നരേന്ദ്രൻ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു. പോയിട്ട് മടങ്ങി വരുമ്പോൾ അവളെയും ഒപ്പം കൂട്ടാമെന്ന് നരേന്ദ്രനവൾക്ക് ഉറപ്പ് കൊടുത്തു. ഗീതയോട് അവളെ പ്രത്യേകം ശ്രദ്ധിക്കാൻ പറഞ്ഞിട്ടാണവൻ പോയതും. 🍁🍁🍁🍁🍁 നരേന്ദ്രനും നവീനും ഹോസ്പിറ്റലിൽ എത്തുമ്പോൾ നേരം സന്ധ്യയോട് അടുത്തിരുന്നു.

എൻ ഐ സി യുവിന് മുന്നിൽ കരഞ്ഞുവീർത്ത് ഭയന്ന മുഖവുമായി നിൽക്കുകയായിരുന്നു യമുന. റാണിയും അവരുടെ അടുത്തുണ്ട്. റാണിയുടെ മുഖത്തും പരിഭ്രമം നിഴലിച്ചിരുന്നു. "അമ്മേ... എന്റെ മക്കളെവിടെ? അവർക്കെന്താ പറ്റിയത്?" "നീ പോയി കുറച്ച് കഴിഞ്ഞപ്പോൾ രണ്ടാളും ഉണർന്ന് കരയാൻ തുടങ്ങിയിരുന്നു. ഞാനും റാണിയും കൂടി കുഞ്ഞുങ്ങൾക്ക് പാല് കലക്കി കൊടുത്തു. അത് കുടിച്ച് കുറച്ച് നേരം കഴിഞ്ഞപ്പോ ഗ്യാസ് കയറിയ പോലെ ഞെളിപിരി തുടങ്ങി. ഞങ്ങള് കുറേ സമയം തോളത്തിട്ട് തട്ടി ഗ്യാസ് കളയാൻ നോക്കി. പിന്നെ നോക്കുമ്പോ പാലൊക്കെ രണ്ടാളും ശർദ്ധിച്ചു. കുടിച്ച പാല് ശർദ്ധിച്ച് പോയോണ്ട് പിന്നെയും കൊടുത്തപ്പോ അതും ശർദ്ധിച്ചു. ഗ്യാസ് കയറിട്ടാവുമെന്ന് വിചാരിച്ച് ഞങ്ങള് പിള്ളേരെയും എടുത്തോണ്ട് കുറേ നേരം നടന്നു. കുറച്ചുസമയം കഴിഞ്ഞ് അവരൊന്ന് ഉറങ്ങിയപ്പോൾ തൊട്ടിലിൽ കൊണ്ട് കിടത്തി.

പിന്നീട് ചെന്ന് നോക്കുമ്പോൾ രണ്ടുപേർക്കും പൊള്ളുന്ന പോലെ പനിക്കുന്നുണ്ട്. അതിന്റെ കൂടെ വയറ്റിൽ നിന്ന് ലൂസായി അപ്പി പോകുന്നത് കൂടി കണ്ടപ്പോ ഞാനാകെ പേടിച്ചുപോയി. രണ്ട് പേരേം എടുത്തോണ്ട് വേഗമിങ്ങ് പോന്നു. വരുന്ന വഴിക്കാ ഞാൻ നിന്നെ വിളിച്ചത്." "പെട്ടെന്ന് പനി വരാൻ എന്താ കാരണം." "എനിക്കൊന്നുമറിയില്ല മോനേ." "നരേട്ടാ... അച്ഛന്റെ ഓഫീസിൽ നിന്ന് വിളിച്ചിരുന്നു. അച്ഛന് പനി കൂടി ഓർമ്മയില്ലാതെ വീണിട്ട് ഇവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്ന്. വൈറൽ ഫീവറാണെന്നാണ് ഡോക്ടർ പറഞ്ഞത്. അമ്മയെന്നും കുട്ടികളെ അച്ഛന്റെ അടുത്ത് കൊണ്ട് പോകുമായിരുന്നല്ലോ. കുഞ്ഞുങ്ങൾക്ക് പനി കിട്ടിയത് അങ്ങനെയാകും." ഇരുവർക്കുമരികിലേക്ക് നടന്ന് വന്ന് നവീനത് പറയുമ്പോൾ കുറ്റബോധം കൊണ്ട് അവരുടെ മിഴികൾ താഴ്ന്നു.

"കുട്ടികളെ പരിചരിക്കുന്നവരല്ലാതെ വേറെയാരും കുറച്ചു നാളത്തേക്ക് അവരെ എടുക്കാനോ തൊടാനോ പാടില്ലെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞതല്ലേ. എന്നിട്ട് ആരുമത് കേട്ടില്ലല്ലോ. ഏട്ടനും കെയർലെസ്സായിട്ടാണ് ഇങ്ങനെയുണ്ടായത്." നവീന്റെ കുറ്റപ്പെടുത്തിയുള്ള സംസാരം കേട്ട് രണ്ടുപേർക്കും കടുത്ത മനപ്രയാസം തോന്നി. "ഡോക്ടർ എന്ത് പറഞ്ഞു?" നരേന്ദ്രൻ ചോദിച്ചു. "ഒന്നും പറഞ്ഞിട്ടില്ല നരാ... ഡോക്ടർ പരിശോധിക്കുന്നതേയുള്ളു." റാണിയാണ് മറുപടി പറഞ്ഞത്. "കുട്ടികളുടെ പേരെന്റ്സിനെ ഡോക്ടർ വിളിക്കുന്നുണ്ട്." എൻ ഐ സി യുവിൽ നിന്നും പുറത്തേക്ക് വന്ന നേഴ്സ് അവരെ നോക്കി പറഞ്ഞു. അത്‌ കേട്ടതും പരിഭ്രമത്തോടെ യമുനയും നരേന്ദ്രനും ഡോക്ടറുടെ റൂമിലേക്ക് നടന്നു. ഡോക്ടറെ കാണാൻ റൂമിലേക്ക് കയറുന്നതിനിടയിലാണ് നരേന്ദ്രന്റെ ഫോണിലേക്ക് പൂർണിമയുടെ അമ്മയുടെ നമ്പറിൽ നിന്ന് കാൾ വന്നത്. അവൻ ധൃതിയിൽ കാൾ കട്ടാക്കി മൊബൈൽ പോക്കറ്റിലേക്കിട്ടു. പക്ഷേ കാൾ കട്ടാകുന്നതിന് പകരം അറ്റൻഡ് ആകുകയാണ് ചെയ്തത്.

നരേന്ദ്രനത് ശ്രദ്ധിച്ചതുമില്ല. ഗീതയുടെ ഫോണിൽ നിന്ന് അവനെ വിളിച്ചത് പൂർണിമയായിരുന്നു. 🍁🍁🍁🍁🍁 "കുട്ടികളെ ഇവിടുന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ നന്നായി ശ്രദ്ധിക്കണമെന്ന് ഞാൻ നിങ്ങളോട് പ്രത്യേകം പറഞ്ഞിരുന്നതല്ലേ." ഡോക്ടർ ഗോപിനാഥന്റെ വാക്കുകൾ വളരെ പരുഷമായിരുന്നു. "ഡോക്ടർ... കുട്ടികൾക്ക് എന്ത് പറ്റി? ഉച്ചവരെ അവർക്ക് ഒരു കുഴപ്പോമില്ലായിരുന്നു." "ഹാ... ബെസ്റ്റ്... കുട്ടികളുടെ ശരീരം മുഴുവനും ചുവന്ന കുരുക്കൾ പൊന്തിയത് നിങ്ങൾ കണ്ടില്ലേ? സ്കിൻ ഇൻഫെക്ഷന്റെ തുടക്കാമായിരുന്നു അവർക്ക്. ഇൻഫെക്ഷനും പനിയും രണ്ടുപേർക്കും വളരെ കൂടുതലാണ്. നിങ്ങളുടെ അശ്രെദ്ധ കൊണ്ട് പറ്റിയതാണ് ഇത്." "ഡോക്ടർ... ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ദേഹത്ത് ചുവന്ന കുരുക്കൾ വരുന്നത് സാധാരണമല്ലേ ഡോക്ടർ. ഇതിനൊന്നും ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകേണ്ട ആവശ്യമില്ലെന്ന് ഞാനാ പറഞ്ഞത്. അത് പക്ഷെ ഇത്രേം സീരിയസാകുമെന്ന് ഞാൻ വിചാരിച്ചില്ല." ക്ഷമാപണത്തോടെ യമുനയത് പറയുമ്പോൾ ഡോക്ടറുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

"ഇതാണ് നിങ്ങളെ പോലെയുള്ളവരുടെ കുഴപ്പം. എന്തെങ്കിലും കണ്ടാൽ അപ്പൊത്തന്നെ ഒരു ഡോക്ടറെ അഡ്വൈസ് ചോദിക്കാതെ സ്വന്തമായി ഓരോന്ന് തീരുമാനിച്ചോളും. ഇക്കാര്യത്തിൽ അമ്മയുടെ വാക്കും കേട്ട് നിൽക്കാതെ നിങ്ങൾക്കെങ്കിലും കുട്ടികളെ ഇവിടെ കൊണ്ട് വന്ന് കാണിക്കാമായിരുന്നില്ലേ." ഗോപിനാഥന്റെ ചോദ്യങ്ങൾക്ക് മുന്നിൽ നരേന്ദ്രൻ ഉത്തരമില്ലാതെ നിന്നു. "ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല ഡോക്ടർ." നരേന്ദ്രന്റെ സ്വരം നേർത്ത് പോയിരുന്നു. "രണ്ടാൾക്കും ഇൻഫെക്ഷൻ വളരെ കൂടുതലാണ്. സോ ഇതുവരെയും അഡ്മിറ്റ് ചെയ്തിട്ടുണ്ട്. കാര്യങ്ങൾ എത്രത്തോളം കോംപ്ലിക്കേറ്റ് ആകുമെന്ന് എനിക്കിപ്പോ പറയാൻ പറ്റില്ല. എന്തും സംഭവിക്കാവുന്ന അവസ്ഥയിലാണ്. അതുകൊണ്ട് വലിയ പ്രതീക്ഷ വയ്ക്കണ്ട. കുട്ടികളുടെ ജീവന് എന്തെങ്കിലും പറ്റിയാൽ നിങ്ങൾ മാത്രമായിരിക്കും ഉത്തരവാദികൾ. ഇങ്ങനെ തുറന്നടിച്ചു പറയുന്നതിൽ അൽപ്പം ബുദ്ധിമുട്ടുണ്ട്. പക്ഷേ പറയാതിരിക്കാൻ പറ്റില്ലല്ലോ. അത്രേം ക്രിട്ടിക്കലാണ് കുട്ടികളുടെ അവസ്ഥ."

"അങ്ങനെയൊന്നും പറയരുത് ഡോക്ടർ... അവർക്കെന്തെങ്കിലും സംഭവിക്കുന്നതിനെ കുറിച്ച് ഞങ്ങൾക്ക് ചിന്തിക്കാൻ പോലും വയ്യ ഡോക്ടർ." നരേന്ദ്രൻ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു. "ഐആം സോറി നരേന്ദ്രൻ... ഞങ്ങളെ കൊണ്ട് പറ്റുന്നതിന്റെ മാക്സിമം ഞങ്ങൾ ശ്രമിക്കാം. മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങളല്ലേ. അവരുടെ ബോഡി എത്രത്തോളം വീക്കായിരിക്കുമെന്ന് നിങ്ങൾക്ക് അറിയാത്തതല്ലല്ലോ. ഒറ്റയ്ക്ക് ശ്വാസം പോലും എടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് കുഞ്ഞുങ്ങൾ. ശരീരം മുഴുവനും ചുവന്ന കുരുക്കൾ തടിച്ചു പൊങ്ങിയിട്ടുണ്ട്. വേറെന്തെങ്കിലും രോഗത്തിന്റെ ലക്ഷണമാണോന്നും ഞങ്ങൾക്ക് ഡൌട്ട് ഉണ്ട്. ബ്ലഡ്‌ സാമ്പിൾ ചെക്കിങ്ങിന് അയച്ചിട്ടുണ്ട്. അതുംകൂടി വരട്ടെ. കൊടുക്കാനുള്ള ട്രീറ്റ്മെന്റ്സൊക്കെ സ്റ്റാർട്ട്‌ ചെയ്തിട്ടുണ്ട്. ബട്ട്‌ ഒരു പ്രതീക്ഷ വയ്ക്കണ്ട." അവസാന വാചകങ്ങൾ പറയുമ്പോൾ ഡോക്ടർ ഗോപിനാഥന്റെ ശബ്ദവും വല്ലാതെ ഗൗരവം പൂണ്ടിരുന്നു. "എനിക്ക് മക്കളെയൊന്ന് കാണാൻ പറ്റുമോ ഡോക്ടർ." "അടുത്ത് പോയി കാണാൻ കഴിയില്ല.

പുറത്ത് നിന്ന് കണ്ടോളു." "താങ്ക്യൂ ഡോക്ടർ." ഡോക്ടറിൽ നിന്ന് പെർമിഷൻ കിട്ടിയതും നിറഞ്ഞ് തൂവിയ കണ്ണുകൾ തൂവാല കൊണ്ട് ഒപ്പി നരേന്ദ്രൻ കുഞ്ഞുങ്ങളെ കാണാനായി എഴുന്നേറ്റു. യന്ത്രങ്ങൾക്കും വയറുകൾക്കും നടുവിൽ പാതി ജീവനോടെ കിടക്കുന്ന തങ്ങളുടെ പൊന്നോമനകളെ കണ്ട് നരേന്ദ്രന്റെ ഹൃദയം തകർന്ന് പോയി. ഒരുവേള ആ കാഴ്ച കാണണ്ടായിരുന്നുവെന്ന് പോലും അവന് തോന്നിപ്പോയി. ഉച്ചവരെ ഒരു കുഴപ്പവുമില്ലാതെ പാലും കുടിച്ച് ഉറങ്ങിയിരുന്ന കുഞ്ഞുങ്ങളാണ് ഇപ്പോ ഇങ്ങനെ അർദ്ധബോധവസ്ഥയിൽ തളർന്ന് കിടക്കുന്നത്. കുട്ടികളുടെ ദേഹത്ത് ചുവന്ന തിണർപ്പ് കണ്ട് തുടങ്ങിയപ്പോൾ തന്നെ ഹോസ്പിറ്റലിൽ പോകാമെന്ന് പൂർണിമ പറഞ്ഞതും അമ്മയുടെ വാക്കും കേട്ട് താനത് കാര്യമാക്കാതെ വിട്ടതും പശ്ചാതാപത്തോടെ അവനോർത്തു.

ഡോക്ടർ ഗോപിനാഥൻ പറഞ്ഞതൊക്കെ മറുതലയ്ക്കൽ നിന്ന് പൂർണിമയും കേൾക്കുന്നുണ്ടായിരുന്നു. അവളെ വിളിക്കാൻ വേണ്ടി നരേന്ദ്രൻ പോക്കറ്റിൽ കിടന്ന മൊബൈൽ പുറത്തെടുത്തപ്പോഴാണ് നേരത്തെ വന്ന കാൾ കട്ടാകുന്നതിന് പകരം അറ്റൻഡ് ആകുകയിരുന്നുവെന്ന് അവൻ തിരിച്ചറിഞ്ഞത്. അങ്ങനെയാണെങ്കിൽ അവിടെ നടന്നതൊക്കെ അപ്പുറത്തുള്ളയാളും കേട്ടിട്ടുണ്ടാവുമെന്ന് നരേന്ദ്രൻ ഊഹിച്ചു. വിളിച്ചത് ഗീതയാണോ പൂർണിമയാണോ എന്നറിയാതെ നരേന്ദ്രൻ മൊബൈൽ ചെവിയോട് ചേർത്ത് ഹലോ പറഞ്ഞതും മറുതലയ്ക്കൽ നിന്നും പൂർണിമയുടെ പൊട്ടികരച്ചിൽ കേട്ടതും ഒരുമിച്ചായിരുന്നു. "എന്റെ മക്കളെ കൊലയ്ക്ക് കൊടുത്തപ്പോ എല്ലാർക്കും സമാധാനമായില്ലേ..." "നീ വിചാരിക്കുന്ന പോലൊന്നുമില്ല പൂർണിമേ. കുട്ടികൾക്ക് ചെറിയൊരു ഇൻഫെക്ഷനാ വന്നത്. അത് വേഗം മാറും." "നരേട്ടൻ കൂടുതൽ കള്ളമൊന്നും പറയാൻ നിൽക്കണ്ട. ഡോക്ടർ പറഞ്ഞതൊക്കെ വ്യക്തമായി കേട്ടു. ഇനിയെന്നോട് ഒന്നും ഒളിച്ചു വയ്ക്കാൻ നിൽക്കണ്ട.

എനിക്കറിയാം എന്താ ചെയ്യേണ്ടതെന്ന്." പറഞ്ഞതും പൂർണിമ കാൾ കട്ട്‌ ചെയ്തു. നരേന്ദ്രനോട്‌ ദേഷ്യം പിടിച്ച് കാൾ കട്ട്‌ ചെയ്ത ശേഷം മൊബൈൽ അമ്മയുടെ കയ്യിൽ കൊടുത്തിട്ട് അവൾ ബാത്‌റൂമിലേക്ക് പോയി. അകത്ത് കയറി വാതിലടച്ച് കുറ്റിയിട്ട ശേഷം പൂർണിമ പൈപ്പ് മുഴുവനായി തുറന്ന് വിട്ടു. ആ നിമിഷങ്ങളിൽ മരണത്തെ കുറിച്ച് മാത്രമായിരുന്നു അവളുടെ ചിന്ത മുഴുവനും. എല്ലാം തീരുമാനിച്ചുറപ്പിച്ചത് പോലെ കൈയ്യിൽ കരുതിയിരുന്ന ബ്ലേഡ് കൊണ്ട് പൂർണിമ തന്റെ ഇടത് കൈത്തണ്ടയിൽ ആഴത്തിൽ മുറിവുണ്ടാക്കി. ചോര വാർന്നൊഴുകുന്ന ഇടത് കൈ ബക്കറ്റിലെ വെള്ളത്തിൽ മുക്കിപ്പിടിച്ച് ഭിത്തിയിൽ ചാരി അവളിരുന്നു. അതേസമയം പ്രവീണിനോട് വിളിച്ച് നടന്നതൊക്കെ പറയുന്ന തിരക്കിലായിരുന്നു ഗീത..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story