മാലയോഗം: ഭാഗം 47

malayogam shiva

രചന: ശിവ എസ് നായർ

 മരണത്തെ കുറിച്ച് മാത്രമായിരുന്നു അവളുടെ ചിന്ത മുഴുവനും. എല്ലാം തീരുമാനിച്ചുറപ്പിച്ചത് പോലെ കൈയ്യിൽ കരുതിയിരുന്ന ബ്ലേഡ് കൊണ്ട് പൂർണിമ തന്റെ ഇടത് കൈത്തണ്ടയിൽ ആഴത്തിൽ മുറിവുണ്ടാക്കി. ചോര വാർന്നൊഴുകുന്ന ഇടത് കൈ ബക്കറ്റിലെ വെള്ളത്തിൽ മുക്കിപ്പിടിച്ച് ഭിത്തിയിൽ ചാരി അവളിരുന്നു. അതേസമയം പ്രവീണിനോട് വിളിച്ച് നടന്നതൊക്കെ പറയുന്ന തിരക്കിലായിരുന്നു ഗീത. ബാത്‌റൂമിനുള്ളിൽ രക്തത്തിൽ കുളിച്ച് തന്റെ മകൾ മരണവും കാത്ത് കിടക്കുന്നത് അവരറിഞ്ഞതേയില്ല. "അമ്മേ... നരേട്ടനെന്നെ വിളിച്ചിരുന്നു. അവിടെ ചെറിയ പ്രശ്നമുണ്ടായി പൂർണിമ പിണങ്ങി പോയെന്നാണ് എന്നോട് പറഞ്ഞത്. പിന്നെ കുട്ടികളെ പനിയും ഇൻഫെക്ഷനുമായിട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയിട്ടുണ്ട് കുഴപ്പമില്ല, എന്നൊക്കെയാണ് പറഞ്ഞതെങ്കിലും എനിക്കെന്തോ ഒരു പേടിപോലെ. അതുകൊണ്ട് ഞാനിപ്പോ തന്നെ വീട്ടിലേക്ക് വരാം. പൂർണിമയെയും കൂട്ടികൊണ്ട് നമുക്ക് വേഗം ഹോസ്പിറ്റലിലേക്ക് പോകാം.

നരേട്ടൻ വരുന്നത് വരെ കാത്ത് നിൽക്കണ്ട." "അത് പറയാനാ ഞാൻ നിന്നെ വിളിച്ചത്. പൂർണിമായാണെങ്കിൽ വന്നപ്പോൾ മുതൽ മിണ്ടാട്ടമൊന്നുമില്ലാതെ ഒരേ കിടത്തം തന്നെയാ. എന്തായാലും നീ എത്തുമ്പോഴേക്കും ഞങ്ങൾ റെഡിയായി നിൽക്കാം." "എങ്കിൽ ശരിയമ്മേ, അമ്മ വേഗം ഡ്രസ്സ്‌ മാറി നിൽക്ക്. ഞാൻ ഉടനെ എത്തും." പ്രവീൺ കാൾ കട്ട്‌ ചെയ്തതും ഗീത പൂർണിമയെ അന്വേഷിച്ച് അവളുടെ മുറിയിലേക്ക് ചെന്നു. ബാത്‌റൂമിൽ നിന്നും പൈപ്പ് തുറന്ന് വിട്ട ശബ്ദം കേട്ടപ്പോൾ അവൾ മുഖം കഴുകനെങ്ങാനും കയറിയതാകുമെന്ന് അവർ വിചാരിച്ചു. ഗീത തന്റെ മുറിയിലേക്ക് പോയി ധരിച്ചിരുന്ന മാക്സി മാറ്റി ഒരു കോട്ടൺ സാരിയെടുത്ത് ചുറ്റി. പിന്നെ അടുക്കളയിൽ പോയി പുറകിലെ വാതിലടച്ച് കുറ്റിയിട്ടു. പ്രീതിയും പാറുവും സ്കൂളിൽ നിന്നും വരുമ്പോൾ അവർക്ക് കഴിക്കാനുള്ള ആഹാരം മേശപ്പുറത്ത് കൊണ്ട് അടച്ചുവച്ചു. അപ്പോഴേക്കും പ്രവീൺ ഒരു ടാക്സിയുമായി വീട്ട് മുറ്റത്ത്‌ എത്തിയിരുന്നു. "രണ്ട് പേരും റെഡിയായോ?" ധൃതിയിൽ അകത്തേക്ക് ഓടിപ്പാഞ്ഞു വന്ന പ്രവീൺ ഹാളിൽ നിൽക്കുന്ന അമ്മയെ കണ്ട് ചോദിച്ചു.

"ഞാൻ റെഡിയായി മോനേ. അവളെ ഇതുവരെ ഇങ്ങോട്ട് കണ്ടില്ല. മുറിയിൽ തന്നെ ചടഞ്ഞിരിപ്പാവും. നീ പോയി ഒന്ന് നോക്കിയേ. ഞാൻ പുറത്ത് അലക്കി വിരിച്ചിട്ടിരിക്കുന്ന തുണിയെടുത്ത് വരാം." സാരിയുടെ മുന്താണി ഒതുക്കിപ്പിടിച്ച് ഗീത പുറത്തേക്ക് പോയതും പ്രവീൺ ത്സടുതിയിൽ പൂർണിമയുടെ മുറിയിലേക്ക് നടന്നു. "പൂർണിമേ... നീയിത് വരെ റെഡിയായില്ലേ. ടാക്സി പുറത്ത് കാത്ത് നിൽക്കുകയാ. ഒന്ന് വേഗം പുറത്ത് വാടി." ബാത്‌റൂമിന്റെ വാതിലിൽ തട്ടി അവൻ ഉറക്കെ വിളിച്ചുകൊണ്ട് കട്ടിലിലേക്കിരുന്നു. "അവളിത് വരെ ബാത്‌റൂമിൽ നിന്ന് ഇറങ്ങിയില്ലേ. അതിനകത്തു കേറിയിട്ട് നേരം കുറെയായല്ലോ." കൈയ്യിൽ തുണികളുമായി മുറിയിലേക്ക് വന്ന ഗീത അവനോട് പറഞ്ഞു. "അവളെന്താ കുളിക്കാൻ കേറിയതാണോ?" സംശയത്തോടെ പ്രവീൺ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. "കുളിക്കാനൊന്നും കയറിയതല്ല...

നരനെ വിളിച്ചു വച്ചതിനു ശേഷം ഫോൺ എന്റെ കയ്യിൽ തന്നിട്ട് നേരെ ബാത്‌റൂമിൽ പോയതാ. ഞാൻ വിചാരിച്ചു അവൻ റെഡിയായി നിൽക്കാൻ പറഞ്ഞിട്ട് മുഖം കഴുകാൻ പോയതാവുമെന്ന്. കുഞ്ഞുങ്ങളെ കാര്യം എന്തായെന്ന് ചോദിച്ചപ്പോൾ അവർക്ക് കുഴപ്പമില്ലെന്ന് നരേട്ടൻ പറഞ്ഞൂന്നും പറഞ്ഞാ പോയെ." "എന്നിട്ട് അമ്മ ഇതുവരെ അവളെ തിരിഞ്ഞു നോക്കിയില്ലേ?" "അത് കഴിഞ്ഞു ഞാൻ നിന്നെ വിളിച്ചു സംസാരിച്ചിട്ട് റെഡിയാകാൻ പോയി. അപ്പോഴേക്കും നീ വരുകയും ചെയ്തല്ലോ." "ഞാൻ അമ്മേ വിളിച്ചു വച്ചിട്ട് തന്നെ അര മണിക്കൂർ കൂടുതലായി. ഇത്രയും നേരം ഇവൾ ഇതിനുള്ളിൽ എന്തെടുക്കാനാ. കുളിക്കാൻ കയറിയതല്ലെങ്കിൽ പിന്നെ ഇറങ്ങാനുള്ള സമയം കഴിഞ്ഞില്ലേ. ഇനി അതിനകത്തു തല ചുറ്റി കിടന്നാൽ പോലും നമ്മളറിയില്ലല്ലോ." പരിഭ്രമത്തോടെ പ്രവീൺ ബാത്‌റൂമിന്റെ ഡോറിൽ തട്ടി വിളിച്ചു.

പക്ഷേ അകത്തു നിന്ന് യാതൊരു പ്രതികരണവും ലഭിച്ചില്ല. മകന്റെ വാക്കുകൾ ഗീതയിലും ആധി പടർത്തി. "മോളേ... പൂർണിമേ... വാതില് തുറക്കെടി." ഇരുവരും മാറി മാറി വിളിച്ചിട്ടും പൂർണിമയുടെ ശബ്ദമൊന്നും കേൾക്കാത്തതും പൈപ്പിൽ നിന്ന് വെള്ളം വീഴുന്ന ഒച്ച മാത്രം കേൾക്കുന്നതും അവരിൽ ഭീതി നിറച്ചു. പോകുന്നതിന് മുൻപ് പൂർണിമയെ ഒന്ന് ശ്രദ്ധിച്ചേക്കാൻ പറഞ്ഞിട്ടാണ് നരേന്ദ്രൻ പോയത്. എന്നിട്ടും താനവളെ തനിച്ചാക്കിയല്ലോ എന്നോർത്ത് ഗീതയ്ക്ക് പശ്ചാതാപം തോന്നി. "അമ്മേ... അവള് വിളിച്ചിട്ട് മിണ്ടുന്നില്ലല്ലോ. ഞാൻ ഡോർ ചവിട്ടി തുറക്കാൻ പോവാ." പിന്നോട്ട് രണ്ട് ചുവടുകൾ വച്ച് പ്രവീൺ ഒറ്റ ചവിട്ടിന് ഡോർ പൊളിച്ചു. ഫൈബർ കൊണ്ടുള്ള വാതിലായത് കൊണ്ട് അവന്റെ ആദ്യത്തെ തൊഴിയിൽ തന്നെ ഡോർ രണ്ടായി പിളർന്നു. ആദ്യം അകത്തേക്ക് കയറിയത് ഗീതയാണ്. "അയ്യോ... എന്റെ മോളേ..."

അമ്മയുടെ നിലവിളി കേട്ട് പ്രവീണും അകത്തേക്ക് വന്നു. തല ചുറ്റി വീണ് കിടക്കുന്ന പൂർനിമയെയാണ് ഇരുവരും പ്രതീക്ഷിച്ചതെങ്കിലും അതിന് വിപരീതമായി രക്തത്തിൽ കുളിച്ച് പകുതി മരിച്ച അവസ്ഥയിൽ കിടക്കുന്ന സഹോദരിയെ കണ്ട് അവനൊന്ന് പകച്ചു. പെട്ടെന്ന് തന്നെ മനസാന്നിധ്യം വീണ്ടെടുത്തവൻ അവളെ പൊക്കിയെടുത്തു കട്ടിലിലേക്ക് കിടത്തി. "അമ്മേ... ഒരു കോട്ടൺ തുണിയെടുത്ത് താ വേഗം." പതം പറഞ്ഞു നിലവിളിച്ചു കരയുന്ന ഗീതയെ നോക്കി അവൻ പറഞ്ഞു. അവർ വേഗം അലമാര തുറന്ന് ഒരു തോർത്തെടുത്ത് പ്രവീണിന്റെ കൈയ്യിൽ കൊടുത്തു. അവൻ ധൃതിയിൽ അവളുടെ കയ്യിലെ മുറിവിൽ തോർത്ത്‌ കൊണ്ട് ചുറ്റിക്കെട്ടി. "എന്നാലും എന്റെ പൊന്നു മോളേ... നീയിങ്ങനെ ചെയ്ത് കളഞ്ഞല്ലോടി. മരിച്ചുകളയാൻ മാത്രം നിനക്കെന്തായിരുന്നു മോളെ പ്രശ്നം. രണ്ട് കുഞ്ഞുങ്ങളെ നീ ഓർത്തില്ലല്ലോ."

പൂർണിമയെ വിളിച്ചെണീപ്പിക്കാൻ അവർ ശ്രമിച്ചു. "അമ്മേ... കയ്യിലെ മുറിവ് വലുതാണ്. നമുക്ക് പൂർണിമയെ എത്രയും പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോണം." "ഇവളെന്താ മോനേ വിളിച്ചിട്ട് ഉണരാത്തത്." "അവളുണരില്ലമ്മേ... അത്രയ്ക്ക് ചോര പോയിട്ടുണ്ട്. എത്രേം വേഗം ഹോസ്പിറ്റലിൽ എത്തിച്ചില്ലെങ്കിൽ എന്താ സംഭവിക്കുകയെന്ന് എനിക്കറിയില്ല." പ്രവീൺ തന്നെ അവളെ തന്റെ കൈകളിൽ കോരിയെടുത്ത് പുറത്തേക്കോടി. പ്രവീൺ വിളിച്ചുകൊണ്ട് വന്ന ടാക്സി കാർ മുറ്റത്ത്‌ കിടക്കുന്നുണ്ടായിരുന്നു. അവളെ ബാക്ക് ഡോർ തുറന്ന് കിടത്താൻ തുടങ്ങുമ്പോഴാണ് നരേന്ദ്രന്റെ കാർ അവിടെയെത്തിയത്. "പ്രവീണേ... പൂർണിമയ്ക്കെന്ത് പറ്റി?" ഡ്രൈവിംഗ് സീറ്റിൽ നിന്നും പിടഞ്ഞിറങ്ങി കാറ്റു പോലെയവൻ അവർക്കടുത്തെത്തി. "തൊട്ട് പോകരുതവളെ. എനിക്കറിയാം എന്റെ അനിയത്തിയെ എങ്ങനെ നോക്കണമെന്ന്. നിങ്ങളൊരാളാണ് പൂർണിമ ഈ അവസ്ഥയിലാകാൻ കാരണം." നരേന്ദ്രന് നേർക്ക് കോപത്തോടെ ഒന്ന് നോക്കിയിട്ട് ഗീതയുടെ മടിയിലേക്ക് അവളെ കിടത്തിയിട്ട് പ്രവീണും വണ്ടിയിൽ കയറി.

പ്രവീണിന്റെ ആ ഭാവമാറ്റത്തിൽ നരനവനെ പകച്ച് നോക്കുമ്പോൾ ടാക്സി കാർ അവരെയും കൊണ്ട് അകന്നകന്ന് പോയിരുന്നു. അപ്പോഴാണ് ചോരത്തുള്ളികൾ ഇറ്റ് വീണ ഇന്റർ ലോക്കിട്ട മുറ്റത്തേക്ക് നരേന്ദ്രന്റെ ശ്രദ്ധ പതിഞ്ഞത്. പൂർണിമയ്ക്കെന്താണ് സംഭവിച്ചതെന്ന് ആ ചോരത്തുള്ളികൾ കണ്ടപ്പോഴാണ് അവന് തിരിച്ചറിയാൻ സാധിച്ചത്. അവളെന്തെങ്കിലും കടുംകൈ ചെയ്യുമോന്ന് ഭയന്നാണ് നരൻ നവീനെ ഹോസ്പിറ്റലിൽ നിർത്തി അവൾക്കടുത്തേക്ക് ഓടിപ്പിടഞ്ഞു വന്നത്. താൻ ഭയന്നതെന്തോ അത് നടന്നിരിക്കുന്നുവെന്ന് നരൻ ഭീതിയോടെ ഓർത്തു. പ്രവീണിന്റെ ഭാവമാറ്റത്തിൽ പൂർണിമയ്ക്കെന്തെങ്കിലും അരുതാത്തത് സംഭവിച്ചുപോയോ എന്നൊരു ചിന്ത അവനുള്ളിൽ നാമ്പിട്ടു. ആ ഓർമ്മയിൽ പോലും നരനൊന്ന് നടുങ്ങി. കണ്ണുകൾ ഇറുക്കിയടച്ച് വികാര വിക്ഷോഭത്താൽ മുടിയിഴകൾ പിച്ചി വലിച്ച് നിറ കണ്ണുകളോടെ അവൻ നിലത്തേക്കിരുന്നുപോയി. മനസ്സിലെ സംഘർഷം തെല്ലൊന്ന് ശാന്തമായപ്പോൾ നരേന്ദ്രൻ കാറിൽ കയറി ഹോസ്പിറ്റലിലേക്ക് കാറോടിച്ചു പോയി.

ഡ്രൈവിംഗിൽ ഉടനീളം അവൻ പൊട്ടി കരയുകയായിരുന്നു. ഒരുവേള വണ്ടി എവിടെയെങ്കിലും കൊണ്ടിടിച്ചു നിർത്തി സ്വയം ഇല്ലാതാകാൻ അവനും തോന്നിപോയി. അമ്മയുടെയും ഭാര്യയുടെയും ഇടയ്ക്ക് പെട്ടുപോയ തന്റെ മാനസികാവസ്ഥ ആരും മനസ്സിലാക്കുന്നില്ലല്ലോ എന്ന ചിന്തയിൽ നരേന്ദ്രൻ നിയന്ത്രണം വിട്ട് തേങ്ങി. അതോടൊപ്പം പൂർണിമയുടെയും മക്കളുടെയും സ്ഥിതി ആലോചിച്ച് അവനിൽ ഭയം നിറയാൻ തുടങ്ങിയിരുന്നു. ഡ്രൈവിംഗിൽ നിന്ന് ഒരുവേള നരന്റെ ശ്രെദ്ധ പാളിയതും അവന്റെ വണ്ടി വലതുവശത്ത് കൂടി വന്ന ബസ്സിന് നേർക്ക് പാഞ്ഞുകയറി...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story