മാലയോഗം: ഭാഗം 48

malayogam shiva

രചന: ശിവ എസ് നായർ

 അമ്മയുടെയും ഭാര്യയുടെയും ഇടയ്ക്ക് പെട്ടുപോയ തന്റെ മാനസികാവസ്ഥ ആരും മനസ്സിലാക്കുന്നില്ലല്ലോ എന്ന ചിന്തയിൽ നരേന്ദ്രൻ നിയന്ത്രണം വിട്ട് തേങ്ങി. അതോടൊപ്പം പൂർണിമയുടെയും മക്കളുടെയും സ്ഥിതി ആലോചിച്ച് അവനിൽ ഭയം നിറയാൻ തുടങ്ങിയിരുന്നു. ഡ്രൈവിംഗിൽ നിന്ന് ഒരുവേള നരന്റെ ശ്രെദ്ധ പാളിയതും അവന്റെ വണ്ടി വലതുവശത്ത് കൂടി വന്ന ബസ്സിന് നേർക്ക് പാഞ്ഞുകയറി. മിതമായ വേഗതയിൽ വന്നതിനാൽ പെട്ടെന്ന് തൊട്ട് മുന്നിലൊരു കാർ കേറി വന്നതും ബസ് ഡ്രൈവർ ഉടനെ സഡൻ ബ്രേക്ക്‌ ചെയ്ത് വണ്ടി നിർത്തി. ഒരുനിമിഷം ശ്രെദ്ധ തെറ്റിയെങ്കിലും അപകടം മുന്നിൽ കണ്ട് നരേന്ദ്രനും ബ്രേക്ക്‌ ചവിട്ടിയെങ്കിലും ഒരു സെക്കന്റ് വൈകിയതിനാൽ ബസിന്റെ മുൻ ഭാഗത്ത്‌ തട്ടിയാണ് അവന്റെ കാർ നിന്നത്. ബ്രേക്ക്‌ പെട്ടെന്ന് ചവിട്ടിയത് കൊണ്ട് അധികം ഫോഴ്‌സിലല്ല കാർ ബസിൽ ഇടിച്ചതെങ്കിലും നരേന്ദ്രന്റെ വണ്ടിയുടെ മുൻഭാഗം കുറച്ച് തകർന്നിരുന്നു. സീറ്റ് ബെൽറ്റ്‌ ഇട്ടിരുന്നതിനാൽ എയർബാഗ് കറക്റ്റ് ടൈമിൽ വർക്കായതുകൊണ്ട് നരന് കാര്യമായ ക്ഷതങ്ങളൊന്നും പറ്റിയില്ലെങ്കിലും പെട്ടെന്നുണ്ടായ ആക്‌സിഡന്റിന്റെ ഷോക്കിൽ നരേന്ദ്രന്റെ ബോധം നഷ്ടമായിരുന്നു.

നിമിഷങ്ങൾക്കകം ആക്‌സിഡന്റ് നടന്ന സ്പോട്ട് ജനങ്ങളെ കൊണ്ട് തിങ്ങി നിറഞ്ഞു. ആളുകൾ ചുറ്റിനും കൂടിയതൊന്നും അവൻ അറിഞ്ഞതേയില്ല. ബസിന്റെ മുൻസീറ്റിലുണ്ടായിരുന്ന നാല് പേർക്ക് ചെറിയ പരിക്കുകൾ ഉണ്ടായിരുന്നു. പരിക്ക് പറ്റിയവർക്കൊപ്പം പെട്ടെന്ന് തന്നെ നരേന്ദ്രനെയും ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചു. പൂർണിമയും കുഞ്ഞുങ്ങളും അഡ്മിറ്റ് ചെയ്തിരുന്ന ഹോസ്പിറ്റലായിരുന്നു തൊട്ടടുത്ത് ഉണ്ടായിരുന്നത്. അതുകൊണ്ട് നരനെയും അങ്ങോട്ടാണ് കൊണ്ട് വന്നത്. പോലീസിൽ നിന്നും നരേന്ദ്രന് ആക്‌സിഡന്റ് സംഭവിച്ച വിവരം അറിഞ്ഞപ്പോൾ യമുന തളർന്ന് വീണുപോയി. നവീനും ആകെ ഭയന്ന് പോയിരുന്നു. ശ്രീകണ്ഠൻ പനി കൂടിയിട്ട് അവിടെ തന്നെ അഡ്മിറ്റായിരുന്നെങ്കിലും അയാളെ കൂടി ടെൻഷനാക്കണ്ടെന്ന് കരുതി നവീൻ അച്ഛനെ ഒന്നും അറിയിച്ചില്ല. ഇതിനിടയിൽ പൂർണിമയെ കൂടി അത്യാസന്നാ നിലയിൽ ഹോസ്പിറ്റലിൽ കൊണ്ട് വന്നത് അറിഞ്ഞപ്പോൾ നവീനാകെ ഭയ ചകിതനായി പോയി.

ഒരു വശത്ത് കുഞ്ഞുങ്ങൾ മറുവശത്ത് പൂർണിമ അതിന്റെ കൂടെ നരേന്ദ്രന്റെ അപകടവും. എന്ത് ചെയ്യണമെന്ന് അവനൊരു ഊഹവുമുണ്ടായിരുന്നില്ല. നരേന്ദ്രനെ കാണുന്നത് നവീനാകെ ടെൻഷനടിച്ച് ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു. പിന്നീട് നരേന്ദ്രന് കാര്യമായ കുഴപ്പങ്ങളൊന്നുമില്ലെന്ന് അറിഞ്ഞപ്പോഴാണ് അവന്റെ ശ്വാസം നേരെ വീണത്. 🍁🍁🍁🍁🍁 യമുനയുടെ പതം പറഞ്ഞുള്ള കരച്ചിൽ കേട്ടാണ് നരേന്ദ്രൻ കണ്ണുകൾ തുറന്നത്. മിഴികൾ മെല്ലെ തുറന്ന് നരൻ ചുറ്റിനുമൊന്ന് കണ്ണോടിച്ചു. നടന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ അവന് കുറച്ചു സമയം വേണ്ടി വന്നു. ബസ്സിന് മുന്നിലേക്ക് താൻ കാർ ഓടിച്ച് കയറ്റിയ രംഗം മനസ്സിൽ തെളിഞ്ഞു വന്നപ്പോൾ ഒരു ഞെട്ടലോടെ നരേന്ദ്രൻ കട്ടിലിൽ നിന്നും പിടഞ്ഞെണീറ്റു. ഇരുകൈകൾ കൊണ്ട് അവൻ ശരീരം മുഴുവൻ മുറിവോ ചതവോ ഉണ്ടോയെന്ന് പരതി. തനിക്കൊരു പോറൽ പോലും സംഭവിച്ചിട്ടില്ലെന്ന് മനസ്സിലായതും ആശ്വാസത്തിന്റെ നെടുവീർപ്പോടെ നരൻ മറ്റുള്ളവരെ നോക്കി. റാണിയുടെ തോളിൽ ചാഞ്ഞു കിടന്ന് കരഞ്ഞു കൊണ്ടിരുന്ന യമുന നരേന്ദ്രൻ ഉണർന്നത് കണ്ടതും ഞെട്ടിപ്പിടഞ്ഞെണീറ്റു.

"എന്റെ മോനേ... ഞങ്ങളെ എല്ലാരേം നീ പേടിപ്പിച്ചു കളഞ്ഞല്ലോ. നിനക്കെന്തെങ്കിലും പറ്റിയിരുന്നെങ്കിൽ അമ്മയ്ക്ക് സഹിക്കാൻ കഴിയുമായിരുന്നോ?" മകനെ വാരിപ്പുണർന്ന് യമുന എങ്ങലടിച്ച് കരഞ്ഞു. "പൂർണിമ എവിടെ അമ്മേ? അവൾക്കെങ്ങനെയുണ്ട്?" "നിനക്കിപ്പോഴും നിന്നെ ധിക്കരിച്ച് ഇറങ്ങിപ്പോയവളെ കുറിച്ചുള്ള വിചാരം മാത്രമേയുള്ളു. അവള് അവളെ വീട്ടിലുണ്ടല്ലോ. കുഞ്ഞുങ്ങൾ ഹോസ്പിറ്റലിലായ വിവരമറിഞ്ഞിട്ട് കൂടി അവിടുന്നാരേം ഇങ്ങോട്ട് കണ്ടില്ലല്ലോ. നിന്റെ ഭാര്യയ്ക്കും വീട്ടുകാർക്കും കൊച്ചുങ്ങളേം വേണ്ടാതായോ." റാണി അമർഷത്തോടെ പറഞ്ഞു. "ചെറിയമ്മ ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ. അല്ലേൽ തന്നെ എന്തറിഞ്ഞിട്ടാ നിങ്ങള് പ്രസംഗിക്കുന്നത്. എന്റെ ഭാര്യ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ട് ഇപ്പൊ ഏതവസ്ഥയിലാണെന്ന് പോലും എനിക്കറിയില്ല. ആർക്കെങ്കിലും അവളെ കുറിച്ചൊന്ന് അന്വേഷിക്കാൻ തോന്നിയോ."

തന്നെ ചുറ്റിപ്പിടിച്ചിരുന്ന യമുനയുടെ കരങ്ങളെ അവൻ തട്ടിയെറിഞ്ഞു. മരുമകളുടെ ആത്മഹത്യാ ശ്രമം കേട്ട് യമുനയൊന്ന് പകച്ചുപോയി. അപ്രതീക്ഷിതമായതെന്തോ കേട്ടതിന്റെ റാണിയുടെയും യമുനയുടെയും മുഖത്ത് പ്രകടമായിരുന്നു. പൂർണിമ ആത്മഹത്യയ്ക്ക് ശ്രമിച്ച് ഹോസ്പിറ്റലിലായ വിവരം നവീൻ അവരോട് പറഞ്ഞിട്ടില്ലായിരുന്നു. നരേന്ദ്രന് ആക്‌സിഡന്റ് പറ്റിയതറിഞ്ഞ് യമുന കുഴഞ്ഞു വീണ് കിടക്കുമ്പോഴാണ് നവീൻ പൂർണിമയുടെ കാര്യമറിയുന്നത്. ആ സാഹചര്യത്തിൽ അവൾടെ കാര്യം കൂടി അവരെ അറിയിക്കാൻ അവന് തോന്നിയില്ല. "അവള് തോന്ന്യാസം കാട്ടിയതിനാണോ നരാ നീ നിന്റെ വണ്ടി കൊണ്ട് പോയി ബസ്സില് ഇടിക്കാൻ നോക്കിയത്. അന്നേരം നീ എന്നെക്കുറിച്ചോ നിന്റെ മക്കളെ കുറിച്ചോ ഓർത്തില്ലല്ലോ മോനെ. നിനക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് പിന്നെ ആരുണ്ട്..." യമുന വീണ്ടും കരയാൻ തുടങ്ങി. "അമ്മയോട് ഇതൊക്കെ ആരാ പറഞ്ഞത്." "പോലിസുകാര് തന്നെയാ പറഞ്ഞത്,

നീ ബസിന് മുന്നിൽ വണ്ടിയോടിച്ചു കയറ്റിയതാണെന്ന്. നിന്റെ ഭാര്യ ഒരു മണ്ടത്തരം കാണിച്ചെന്ന് വച്ച് അവള് കാണിച്ച വിവരമില്ലായ്മ നീ കൂടി കാണിക്കണമായിരുന്നോ?" "ഞാൻ ചാകാൻ വേണ്ടി വണ്ടിക്ക് തല വച്ചതൊന്നുമല്ല. ഒരു നിമിഷം ശ്രദ്ധ തെറ്റിയപ്പോൾ പറ്റിപ്പോയൊരു അബദ്ധമാ. അല്ലാതെ അമ്മ വിചാരിക്കുന്നത് പോലെയൊന്നുമല്ല കാര്യങ്ങൾ." "നീയിനി വെറുതെ ഒരു കള്ളം മറയ്ക്കാൻ നൂറു കള്ളം പറയാൻ നോക്കണ്ട. എനിക്കെല്ലാം മനസ്സിലായി..." യമുന പറഞ്ഞു. "അവള് നരന് സമാധാനം കൊടുത്തിട്ടുണ്ടാവില്ല ചേച്ചി. അതല്ലെങ്കിൽ പിന്നെ നമ്മുടെ ചെക്കന് ഇങ്ങനെയൊരു ബുദ്ധിമോശം തോന്നേണ്ട കാര്യമെന്താ." റാണി കിട്ടിയ സന്ദർഭം മുതലെടുക്കാൻ ശ്രമിച്ചു. "നിങ്ങളൊക്കെ കൂടി ഓരോന്ന് പറഞ്ഞിട്ടാ സ്വസ്ഥത നഷ്ടപ്പെട്ട് പൂർണിമ ഇങ്ങനെ ചെയ്തത്. അവിടെ അത്യാസന്ന നിലയിൽ കിടക്കുന്നത് എന്റെ പെണ്ണാ. എന്റെ മക്കളുടെ അമ്മ. ഈ അവസ്ഥയിലെങ്കിലും അമ്മയ്ക്കും ചെറിയമ്മയ്ക്കും അവളെ കുറ്റം പറയാതിരുന്നൂടെ." തൊഴുകൈകളോടെ ഇരുവരെയും നോക്കി പറഞ്ഞിട്ട് നരേന്ദ്രൻ അവിടെ നിന്നും പോയി. 🍁🍁🍁🍁🍁

"നവീ... പൂർണിമയ്ക്ക് എങ്ങനെയുണ്ട്? ഡോക്ടറെന്ത് പറഞ്ഞു?" ഐ സി യുവിന് മുന്നിൽ നിന്നിരുന്ന നവീനടുത്തേക്ക് വന്ന നരേന്ദ്രൻ ചോദിച്ചു. "കുറച്ചു സീരിയസാണ് ഏട്ടാ... പ്രവീണും ഗീതാന്റിയും ആകെ വിഷമത്തിലാണ്." കുറച്ചു ദൂരെ മാറി ഒരു ചെയറിൽ സാരിതുമ്പ് കൊണ്ട് കണ്ണീരൊപ്പി ഇരിക്കുന്ന പൂർണിമയുടെ അമ്മയെ ചൂണ്ടി നവീൻ പറഞ്ഞു. "പ്രവീൺ എവിടെപ്പോയി?" "കുറച്ചുമുൻപ് വരെ ഇവിടെയുണ്ടായിരുന്നു ഏട്ടാ. ഇപ്പൊ എന്തോ മെഡിസിൻ വാങ്ങാൻ ഫാർമസിയിലേക്ക് പോയി." "എന്നാലും അവൾക്കെങ്ങനെ തോന്നി നവീ ഇങ്ങനെ ചെയ്യാൻ. ഞാൻ അവൾക്ക് സപ്പോർട്ടായി അവളുടെ കൂടെത്തന്നെ ഉണ്ടായിരുന്നതല്ലേ. ഒരു കുറവും ഞാനവൾക്ക് വരുത്തിയിട്ടില്ലല്ലോ." "ഇതൊക്കെ പറയേണ്ടത് ഏട്ടനല്ല, ഏട്ടത്തിയാണ്. ഏട്ടത്തിക്ക് നമ്മുടെ വീട്ടിൽ അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നിരിക്കും.

നമ്മുടെ അമ്മയുടെ കുറ്റപ്പെടുത്തിയുള്ള സംസാരവും നിങ്ങളുടെ കാര്യങ്ങളിൽ ഇടപെടുന്നതൊന്നും ഒരുപക്ഷേ ഏട്ടത്തിക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. അതുപോലെ കുഞ്ഞുങ്ങളുടെ ആരോഗ്യ കാര്യത്തിലും ഭയവും ആശങ്കയും ഉണ്ടായിരുന്നിരിക്കാം. ഇതൊക്കെ പോരേ പ്രസവിച്ചു കിടക്കുന്ന ഒരു പെണ്ണിന്റെ മാനസിക നില തകരാറിലാക്കാൻ. ഏട്ടൻ ഏട്ടത്തിയുടെയും കുഞ്ഞുങ്ങളുടെയും കാര്യത്തിൽ കുറച്ചൂടെ ഗൗരവം കാണിക്കണമായിരുന്നു. ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ല." നവീൻ ഏട്ടനെ ആശ്വസിപ്പിച്ചു. "നീ പറഞ്ഞത് ശരിയാ... പൂർണിമയെ ഞാൻ കുറച്ചൂടെ ശ്രദ്ധിക്കണമായിരുന്നു... അമ്മേടേം അവൾടേം ഇടയിൽ പെട്ട് ഞാനും ടെൻഷനിലായപ്പോൾ പൂർണിമയെ ഞാൻ ചിലപ്പോഴൊക്കെ ഗൗനിക്കാൻ വിട്ടുപോയിരുന്നു. ഇനിയിപ്പോ അതൊന്നും ആലോചിച്ചിട്ടോ പറഞ്ഞിട്ടോ കാര്യമില്ലല്ലോ.

ഒരു കുഴപ്പവും കൂടാതെ ഈശ്വരനവളെ തിരികെ തന്നാൽ മതിയായിരുന്നു." നീർക്കണങ്ങൾ വന്ന് കാഴ്ച മറച്ചപ്പോൾ നരേന്ദ്രൻ തൂവാല കൊണ്ട് കണ്ണീരൊപ്പി. അപ്പോഴാണ് ദൂരെ നിന്നും നടന്ന് വരുന്ന പ്രവീണിനെ ഇരുവരും കണ്ടത്. അവനെ കണ്ടപ്പോൾ പൂർണിമയുടെ വീട്ടിൽ വച്ച് പ്രവീൺ തന്നോട് കയർത്ത് സംസാരിച്ചതാണ് നരന് പെട്ടെന്ന് ഓർമ്മ വന്നത്. പൂർണിമയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് താനാണ് കാരണക്കാരനെന്ന് പറഞ്ഞ് അവനവിടെ വച്ചൊരു സീൻ ക്രീയേറ്റ് ചെയ്യുമോന്ന് ഓർത്ത് നരേന്ദ്രൻ ടെൻഷനായി. ഇനി തന്നെ അവളുടെ അടുത്ത് നിന്ന് ഓടിച്ചു വിടുമോന്ന് പോലും അവൻ ഭയന്ന് പോയി....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story