മാലയോഗം: ഭാഗം 49

malayogam shiva

രചന: ശിവ എസ് നായർ

പൂർണിമയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് താനാണ് കാരണക്കാരനെന്ന് ചൊല്ലി പ്രവീൺ അവിടെ വച്ചൊരു സീൻ ക്രീയേറ്റ് ചെയ്യുമോന്ന് ഓർത്ത് നരേന്ദ്രനാകെ ടെൻഷനായി. ഇനി തന്നെ അവളുടെ അടുത്ത് നിന്ന് ഓടിച്ചു വിടുമോന്ന് പോലും അവൻ ഭയന്നു. "നരേട്ടാ... ഏട്ടൻ ഓക്കേയല്ലേ?" ഐ സി യുവിന് മുന്നിൽ നിൽക്കുന്ന നരേന്ദ്രനെ കണ്ടതും പ്രവീൺ അവനരികിലേക്ക് ഓടിയെത്തി. പ്രവീൺ തന്നോട് ചൂടാകുമെന്നും കയർത്ത് സംസാരിക്കുമെന്നും പ്രതീക്ഷിച്ച നരന് അളിയന്റെ ആ പെരുമാറ്റം അമ്പരപ്പിച്ചു. "നരേട്ടന് ആക്‌സിഡന്റ് പറ്റിയെന്ന് അറിഞ്ഞപ്പോൾ സത്യത്തിൽ ഞാനങ്ങ് പേടിച്ചു പോയി. പിന്നീട് ഏട്ടന് കുഴപ്പമൊന്നുമില്ലെന്ന് നവീൻ പറഞ്ഞ് അറിഞ്ഞപ്പോഴാണ് സമാധാനമായത്. ഇവിടെ ആരെങ്കിലും എപ്പോഴും വേണമെന്ന് പറഞ്ഞത് കൊണ്ടാ നരേട്ടനെ വന്നൊന്ന് കാണാൻ പറ്റാത്തത്. വീട്ടിൽ വച്ച് അപ്പോഴത്തെ ദേഷ്യത്തിൽ ഞാൻ എന്തൊക്കെയോ പറഞ്ഞുപോയി. നരേട്ടാനൊന്നും വിചാരിക്കരുത്. പൂർണിമയെ ആ അവസ്ഥയിൽ കണ്ടപ്പോൾ മുതൽ എന്റെ സമനിലയാകെ തെറ്റി നിൽക്കുവായിരുന്നു."

ക്ഷമാപണത്തോടെ പ്രവീൺ അവന്റെ കരങ്ങൾ കവർന്നപ്പോൾ നരേന്ദ്രനവനെ കെട്ടിപിടിച്ചു. "അതൊന്നും സാരമില്ല പ്രവീൺ... നീ ചൂടായി സംസാരിച്ചപ്പോ അന്നേരം നല്ല വിഷമം തോന്നിയെന്നത് സത്യമാണ്. പക്ഷേ നിന്റെ സ്ഥാനത്ത് ഞാനാണെങ്കിലും അങ്ങനെ തന്നെ പ്രതികരിക്കുള്ളു." നരന്റെ ശബ്ദമൊന്നിടറി. "സോറി നരേട്ടാ... സത്യത്തിൽ ഞാൻ അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു. പക്ഷെ ആ സമയം എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല." താൻ അങ്ങനെയെല്ലാം പറഞ്ഞതിന്റെ സങ്കടത്തിലാണ് നരേന്ദ്രന് ആക്‌സിഡന്റ് ഉണ്ടായതെന്ന വിഷമമുണ്ടായിരുന്നു പ്രവീണിന്. "എനിക്ക് പൂർണിമയെ ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്." "ഇപ്പൊ ആരെയും കാണാൻ അവർ സമ്മതിക്കില്ല ഏട്ടാ. അവൾടെ അവസ്ഥ കുറച്ചു മോശമാണെന്നാണ്. ഇരുപത്തിനാല് മണിക്കൂർ കഴിയാതെ ഒന്നും പറയാനാവില്ലെന്നാ ഡോക്ടർ പറഞ്ഞത്."

പ്രവീണിന്റെ കണ്ണുകൾ നിറഞ്ഞ് ഒച്ച ഇടറുന്നത് അവനറിഞ്ഞു. "പൂർണിമയ്ക്ക് ഒന്നും സംഭവിക്കില്ല പ്രവി. എന്നെയും മക്കളെയും ഉപേക്ഷിച്ചു പോകാൻ അവൾക്ക് അത്ര പെട്ടെന്ന് കഴിയില്ല. പഴയതിനേക്കാൾ ആരോഗ്യവതിയായി അവൾ ജീവിതത്തിലേക്ക് മടങ്ങി വരും. എനിക്ക് വിശ്വാസമുണ്ട്." "എന്തിനാ നരേട്ടാ പൂർണിമ ഇങ്ങനെയൊരു അബദ്ധം കാണിച്ചത്. ആത്മഹത്യ ചെയ്യാൻ മാത്രം എന്തായിരുന്നു അവൾക്കവിടെ പ്രശ്നം?" പ്രവീണിന്റെ ചോദ്യം കേട്ട് നരൻ കുറ്റബോധത്തോടെ മുഖം കുനിച്ചു. "അമ്മയുടെ രീതികളൊന്നും പൂർണിമയ്ക്ക് ഇഷ്ടമാകുന്നുണ്ടായിരുന്നില്ല. അവർ തമ്മിലുള്ള സ്വരചേർച്ചയില്ലായ്മയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഞാനും വേണ്ട രീതിയിൽ ഇടപെടാത്തത് അവളുടെ മാനസിക പിരിമുറുക്കം വർധിപ്പിച്ചിരുന്നു. അത് ഞാൻ അറിയാതെ പോയി. അല്ലെങ്കിലിപ്പോ പൂർണിമയ്ക്ക് ഇവിടെയിങ്ങനെ കിടക്കേണ്ടി വരില്ലായിരുന്നു." നരേന്ദ്രനിൽ കുറ്റബോധം നിഴലിച്ചു. "ഇങ്ങനെയൊന്നും സംഭവിക്കരുതെന്ന് കരുതിയാ ഞാനവളെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ട് പോകാനിരുന്നത്. അന്ന് നരേട്ടനത് സമ്മതിച്ചില്ല."

"ഞാനവളെ നന്നായി തന്നെയാ നോക്കിയത് പ്രവീൺ. എന്റെയൊപ്പം അവൾക്ക് നിൽക്കാൻ ഇഷ്ടമുള്ളത് കൊണ്ടല്ലേ കൂടെ വന്നതും." "ഇവിടുന്നിനി ഡിസ്ചാർജായി കഴിഞ്ഞാൽ ഞാനവളെ അങ്ങോട്ട്‌ വിടില്ല ഏട്ടാ. പൂർണിമേം മക്കളേം ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ട് പോവും ഞാൻ." "അത് വേണോ പ്രവീൺ. ഇനിയിങ്ങനെ ഉണ്ടാവാതെ നോക്കിയാൽ പോരേ ഞാൻ." "വേണ്ട നരേട്ടാ... ഇപ്പോഴത്തെ ഈ സിറ്റുവേഷനിൽ പൂർണിമ ഞങ്ങളുടെ വീട്ടിൽ നിൽക്കുന്നതാണ് നല്ലത്. അവളൊന്ന് ഓക്കേ ആയി പഴയ പോലെയാവട്ടെ. എന്നിട്ട് മതി മുല്ലശ്ശേരിയിലേക്ക് കൊണ്ട് പോവുന്നത്. ഇതിന്റെ പേരിൽ നരേട്ടന് എന്നോടൊന്നും തോന്നരുത്, പേടിച്ചിട്ടാ നരേട്ടാ." അവസാന വാചകങ്ങൾ പറയുമ്പോൾ പ്രവീൺ വിതുമ്പിപ്പോയി. പിന്നെ അവനെ നിർബന്ധിക്കാൻ നരേന്ദ്രനും തോന്നിയില്ല. പൂർണിമയ്ക്ക് അവളുടെ വീട്ടിലേക്ക് പോകാനാണ് ഇഷ്ടമെങ്കിൽ അങ്ങനെ ചെയ്യട്ടെയെന്ന് അവനും വിചാരിച്ചു. 🍁🍁🍁🍁🍁 ദിവസങ്ങൾ കടന്നുപോയി... പൂർണിമയും കുഞ്ഞുങ്ങളും അപകടനില തരണം ചെയ്ത് കഴിഞ്ഞിരുന്നു.

പോസ്റ്റ്‌ പാർട്ടം ഡിപ്രെഷൻ ബാധിച്ച പൂർണിമയ്ക്ക് ഹോസ്പിറ്റലിൽ തന്നെ കൗൺസിലിംഗിനുള്ള ഏർപ്പാടുകൾ ചെയ്തിരുന്നു. ഒപ്പം ഇരുവീട്ടുകാർക്കും ഇതിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും ചെയ്തപ്പോൾ തന്റെ പ്രവർത്തികളോർത്ത് യമുനയ്ക്ക് പശ്ചാതാപം തോന്നി. Poor ഡിസ്ചാർജ് ചെയ്ത് കഴിഞ്ഞാൽ പൂർണിമയെ തങ്ങളുടെ വീട്ടിലേക്ക് കൊണ്ട് പോകുമെന്ന് പ്രവീൺ ഉറപ്പിച്ച് പറഞ്ഞിരുന്നത് കൊണ്ട് തന്നെ നരേന്ദ്രനോ മറ്റുള്ളവരോ ആ തീരുമാനത്തെ എതിർത്തില്ല. "പൂർണിമാ... ഇവിടുന്ന് ഇറങ്ങുമ്പോ നീ നിന്റെ വീട്ടിലേക്ക് പോകാൻ തന്നെ തീരുമാനിച്ചോ?" നരേന്ദ്രന്റെ മടിയിൽ തല വച്ച് കിടക്കുകയായിരുന്നു അവൾ. "ഉം... എനിക്ക് എന്റെ അമ്മേടെ കൂടെ നിന്നാൽ മതി നരേട്ടാ. നരേട്ടനും ഒപ്പം വേണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ എന്റെ വീട്ടിലെ സൗകര്യ കുറവ് നരേട്ടാനൊരു ബുദ്ധിമുട്ടാകും. അതുകൊണ്ട് അവിടെ വന്ന് നിൽക്കാൻ നരേട്ടനെ ഞാൻ നിർബന്ധിക്കില്ല. പക്ഷേ എന്നേം കുഞ്ഞുങ്ങളേം കാണാൻ നരേട്ടൻ എന്നും വന്നില്ലെങ്കിലും ഇടയ്ക്കെങ്കിലും വരണം."

"നിന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ. ഞാനായിട്ട് നിന്നെ ഒന്നിനും നിർബന്ധിക്കില്ല." "മുല്ലശ്ശേരിയിലേക്ക് വരനെനിക്ക് തോന്നുന്നില്ല നരേട്ടാ. അതിന്റെ പേരിൽ എന്നോടൊരു ഇഷ്ടക്കേട് തോന്നരുത്." "നിന്നോട് എനിക്കൊരു ഇഷ്ടക്കേടുമില്ല പൂർണിമേ. നീയിനി എപ്പഴാ മുല്ലശ്ശേരിയിലേക്ക് വരുക?" "എന്തായാലും ഉടനെയൊന്നും വരുന്നില്ല. ഈ സമയം, നരേട്ടന്റെ അമ്മയുമായി എനിക്ക് ഒത്തുപോവാൻ കഴിയില്ല. അവിടെ വന്ന് അമ്മയുമായി വഴക്കിടാൻ എനിക്കാവില്ല. ഞാനും മക്കളും ഒന്ന് ഓക്കേ ആവട്ടെ. എന്നിട്ട് അങ്ങോട്ട്‌ വരുന്നതിനെ പറ്റി ആലോചിക്കാം. ഡോക്ടർ പറയുന്നത് പോലെയൊന്നും അമ്മ കുഞ്ഞുങ്ങളെ നോക്കില്ല. അമ്മ അമ്മയ്ക്ക് തോന്നുന്ന പോലെ നോക്കിയിട്ടാ അവർക്ക് ഇൻഫെക്ഷൻ വന്നത്." പൂർണിമ പറയുന്നതൊക്കെ സത്യമായത് കൊണ്ട് നരേന്ദ്രന് മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല.

"മരിക്കാൻ തോന്നിയ നിമിഷത്തിൽ എന്നെ കുറിച്ച് ഓർത്തില്ലെങ്കിലും നമ്മുടെ മക്കളെ കുറിച്ചെങ്കിലും നിനക്ക് ചിന്തിക്കായിരുന്നില്ലേ. എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ ഞങ്ങൾക്ക് പിന്നെ ആരുണ്ടാകുമായിരുന്നു." അവളുടെ കൈയ്യിലെ മുറിപ്പാടിൽ തലോടി കൊണ്ട് അവൻ ചോദിച്ചു. "അന്നേരം ഞാൻ ഒന്നിനെ കുറിച്ചും ആലോചിച്ചില്ല നരേട്ടാ. മനസ്സ് മൊത്തം മരിക്കണമെന്ന ചിന്ത മാത്രമായിരുന്നു. ഇപ്പൊ പോലും ചില സമയത്ത് എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുന്ന പോലെ തോന്നുവാ. ആ സമയം എല്ലാരോടും വല്ലാത്ത ദേഷ്യം തോന്നും. ചുറ്റുമുള്ള സാധനങ്ങളൊക്കെ വാരി നിലത്തെറിയാൻ തോന്നും. ആകെ ഒരു ഭയവും വെപ്രാളവുമാണ് ആ നിമിഷങ്ങളിൽ. കുട്ടികൾക്ക് എന്തെങ്കിലും പറ്റുമോന്ന് ഓർത്ത് നെഞ്ചിടിക്കും. ഇതൊന്നും ആരോടും തുറന്ന് പറയാൻ പോലും എനിക്ക് പറ്റുന്നില്ലായിരുന്നു.

എല്ലാം കൂടെ ഓർക്കുമ്പോ കരച്ചിൽ വരും നരേട്ടാ. ആർക്കും എന്നെ വേണ്ടാതായെന്നൊക്കെ തോന്നിപ്പോകും." അത്രയും സംസാരിച്ചപ്പോൾ തന്നെ ഒരു കിതപ്പോടെ അവളവന്റെ നെഞ്ചിലേക്ക് വീണു. "ഇതൊക്കെ നിനക്ക് പോസ്റ്റ്‌ പാർട്ടം ഡിപ്രെഷൻ കൊണ്ടാണെന്ന് ഡോക്ടർ പറഞ്ഞതല്ലേ. കുറച്ച് നാൾ മെഡിസിൻ കഴിച്ച് ഡോക്ടർ പറയുന്നത് പോലെയൊക്കെ ചെയ്ത് കഴിയുമ്പോൾ നിന്റെ എല്ലാ പ്രശ്നവും മാറും. ഞാൻ നിന്റെ കൂടെയുള്ളപ്പോൾ നിനക്കൊരു പേടിയും വേണ്ട കേട്ടോ." വാത്സല്യത്തോടെ പൂർണിമയുടെ നെറുകയിൽ അവൻ ചുണ്ടമർത്തി. നരേന്ദ്രന്റെ സ്നേഹത്തിൽ ചാലിച്ച ചുംബനം അവളുടെ മനസ്സിലെ വ്യഥകളെ അകറ്റി. അവന്റെ മടിയിൽ കിടന്ന് സാവധാനം അവൾ ഉറക്കം പിടിച്ചു. 🍁🍁🍁🍁🍁 ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജായ പൂർണിമയെയും കുട്ടികളെയും അവളുടെ വീട്ടിലേക്കാണ് കൊണ്ട് പോയത്. മൂവരെയും വീട്ടിലാക്കാൻ നരേന്ദ്രനും നവീനും യമുനയും ശ്രീകണ്ഠനുമൊക്കെ പോയിരുന്നു.

പ്രസവാനന്തരം സ്ത്രീകൾക്ക് കണ്ട് വരുന്ന വിഷാദരോഗം എത്രത്തോളം അപകടകാരി ആണെന്ന് അറിഞ്ഞതിൽ പിന്നെ യമുനയ്ക്ക് മരുമകളോടുണ്ടായിരുന്ന നീരസം മാറിയിരുന്നു. എങ്കിലും താൻ കാരണമാണല്ലോ പൂർണിമ ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചതെന്ന ഓർമ്മയിൽ കുറ്റബോധം കാരണം അവർക്കവളുടെ മുഖത്ത് നോക്കാനോ മിണ്ടാനോ കഴിഞ്ഞിരുന്നില്ല. പൂർണിമയും അവരോട് ലോഹ്യത്തിനൊന്നും നിന്നില്ല. അവളുടെ വീട്ടുകാരും നരേന്ദ്രനോടും വീട്ടുകാരോടും മുഷിച്ചിലായി സംസാരിക്കാനോ ഇഷ്ടക്കേട് കാട്ടാനോ ശ്രമിച്ചില്ല. അമ്മയെയും കുഞ്ഞുങ്ങളെയും വീട്ടിലാക്കി തിരികെ പോരുമ്പോൾ നരേന്ദ്രന് സങ്കടം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. എന്നും കാണാൻ വരാമെന്ന് വാക്ക് പറഞ്ഞാണ് നരൻ പൂർണിമയുടെ അടുത്ത് നിന്നും പോയത്. അവന്റെ അഭാവം അവളിലും നോവ് പടർത്തിയിരുന്നു. മുല്ലശ്ശേരിയിൽ താമസിച്ചിരുന്നപ്പോൾ യമുനയുടെ രീതികൾ പൂർണിമയെ അസ്വസ്ഥതപ്പെടുത്തിയിരുന്നെങ്കിലും നരേന്ദ്രന്റെ സാമീപ്യവും സ്നേഹവും അവൾക്ക് മനസ്സിന് കുളിർമ നൽകിയിരുന്നു.

അവന്റെ പ്രെസെൻസ് തനിക്ക് എത്രത്തോളം വലുതായിരുന്നുവെന്ന് നരൻ അടുത്ത് നിന്ന് പോയി കഴിഞ്ഞപ്പോഴാണ് അവൾക്ക് ബോധ്യമായത്. തന്റെ വീട്ടിൽ നിൽക്കുന്നത് നരേന്ദ്രന് ഇഷ്ടമല്ലാത്തത് കൊണ്ട് മാത്രമാണ് പൂർണിമ അവനെ അവിടെ നിൽക്കാൻ നിർബന്ധിക്കാത്തത്. കല്യാണം കഴിഞ്ഞ സമയത്തും ഗർഭിണി ആയിരുന്നപ്പോഴും കാർക്കശ്യകാരനായിരുന്ന നരേന്ദ്രൻ പ്രസവാനന്തരം കുഞ്ഞുങ്ങളെ പരിപാലിക്കുന്നത് പോലെ തന്നെ തനിക്കും തുല്യ പ്രാധാന്യം നൽകി കെയർ ചെയ്തിരുന്നത് അവളെ അത്രമേൽ സന്തുഷ്ടയാക്കിയിരുന്നു. നരേന്ദ്രൻ മടങ്ങി പോയപ്പോൾ മുതൽ പൂർണിമ അവനെ കുറിച്ച് മാത്രമാണ് ഓർത്ത് കൊണ്ടിരുന്നത്. ഓർക്കുംതോറും അവൾക്ക് നെഞ്ച് വിങ്ങുന്നതായി അനുഭവപ്പെട്ടു. നരേന്ദ്രന്റെ അവസ്ഥയും അത് തന്നെയായിരുന്നു. പൂർണിമയും മക്കളുമില്ലാത്ത മുല്ലശ്ശേരിയിൽ നിൽക്കാൻ അവനും മനസ്സ് വരുന്നുണ്ടായിരുന്നില്ല. എവിടെ നോക്കിയാലും അവരുടെ ഓർമ്മകൾ മാത്രം അവന്റെ മനസ്സിലേക്ക് ഇരച്ചെത്തി കൊണ്ടിരുന്നു.

രാത്രി അത്താഴമൊന്നും കഴിക്കാതെ മുറിയിൽ ചെന്ന് കിടന്നിട്ടും അവന് ഉറക്കം വന്നതേയില്ല. കട്ടിലിൽ, തിരിഞ്ഞും മറിഞ്ഞും കിടന്ന് നരൻ സമയം ഉറങ്ങാനായി ശ്രമിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് ഫോണെടുത്ത് അവളെ പലതവണ വിളിക്കാനൊരുങ്ങിയെങ്കിലും ഒരുപക്ഷേ പൂർണിമ ഉറങ്ങുകയാണെങ്കിൽ അവൾക്ക് കാൾ ചെയ്യുന്നത് ബുദ്ധിമുട്ട് ആകുമല്ലോന്ന് കരുതി അവൻ അതും വേണ്ടെന്ന് വച്ചു. നരേന്ദ്രൻ കൂടെയില്ലാത്ത വിഷമം ഒഴിച്ച് നിർത്തിയാൽ സ്വന്തം വീട്ടിലായത് കൊണ്ട് പൂർണിമ വളരെയധികം സന്തുഷ്ടയായി കാണപ്പെട്ടു. രാത്രി പത്ത് മണി കഴിഞ്ഞിട്ടും നരേന്ദ്രന്റെ കാളൊന്നും കാണാതായപ്പോൾ അവനെ അങ്ങോട്ട്‌ വിളിക്കാൻ ഫോണെടുത്തതായിരുന്നു പൂർണിമ. അപ്പോഴാണ് പുറത്ത് ഒരു കാർ വന്ന് നിൽക്കുന്ന ശബ്ദം അവൾ കേട്ടത്. കർട്ടൻ വകഞ്ഞു മാറ്റി നോക്കിയപ്പോൾ ഡോർ തുറന്ന് പുറത്തിറങ്ങുന്ന നരേന്ദ്രനെ കണ്ടതും പൂർണിമ അമ്പരന്ന് പോയി. നെഞ്ചിലേക്ക് അലതല്ലിയെത്തിയ ആഹ്ലാദത്തോടെ അവൾ പുറത്തേക്ക് പാഞ്ഞു. പടി കടന്ന് അകത്തേക്ക് കയറിയ നരേന്ദ്രൻ കണ്ണ് നിറച്ച് തനിക്കരിലേക്ക് ഓടി വന്നവളെ പ്രണയപൂർവ്വം നോക്കി. വാതിൽ പടിയിൽ ചാരി കിതപ്പടക്കി നിന്ന പൂർണിമയെ നരൻ ചേർത്ത് പിടിച്ചപ്പോൾ അവന്റെ നെഞ്ചിലേക്ക് വീണ് അവൾ വിങ്ങിപ്പൊട്ടി....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story