മാലയോഗം: ഭാഗം 5

malayogam shiva

രചന: ശിവ എസ് നായർ

 ഗോവണി കയറി ചെന്നപ്പോൾ വലത് വശത്ത് കണ്ട മുറി ലക്ഷ്യമാക്കി അവൾ നടന്നു. നരേന്ദ്രൻ, ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. അകത്തേക്ക് കയറാൻ മടിച്ച് ഒരു നിമിഷം പൂർണിമ വാതിൽക്കൽ തന്നെ നിന്നു. നരേന്ദ്രൻ അവൾ വന്നതറിയാതെ ഫോൺ സംഭാഷണത്തിൽ മുഴുകി ഉലാത്തുകയാണ്. അവൻ തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ പൂർണ്ണിമ അവന്റെ ശ്രദ്ധ പിടിച്ചുപറ്റാനായി ഒന്ന് മുരടനക്കി. അത്‌ കേട്ട് ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കിയപ്പോഴാണ് നരേന്ദ്രൻ അവളെ കണ്ടത്. "എന്താ? എന്തുപറ്റി.?" ഫോൺ ചെവിയിൽ നിന്ന് മാറ്റികൊണ്ട് അവൻ പൂർണിമയോട് ചോദിച്ചു. "എനിക്കൊന്ന് ഈ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യണമായിരുന്നു. അമ്മ പറഞ്ഞു മുറിയിൽ ഡ്രസ്സ്‌ ഒക്കെ ഉണ്ടെന്ന്." "അതിന് അവിടെ തന്നെ നിന്നതെന്താ അകത്തേക്ക് കയറി വരൂ. പിന്നെ ദേ അതാണ് അലമാര. തനിക്ക് ഈവെനിംഗ് റിസപ്ഷന് ഇടാനുള്ള ഡ്രെസ്സും അതിലുണ്ട്." നരേന്ദ്രൻ അവൾക്ക് അലമാര ചൂണ്ടി കാട്ടി കൊടുത്തു.

"ഇപ്പൊ എനിക്കൊന്ന് ഫ്രഷ് ആയിട്ട് അര മണിക്കൂർ കിടക്കണമെന്നുണ്ട്. നല്ല ക്ഷീണം തോന്നുന്നു." മടിയോടെ അവൾ പറഞ്ഞു. "എങ്കിൽ താൻ ഈ വേഷമൊക്കെ ഒന്ന് മാറ്റി കിടന്നോളു." അവളോട് പറഞ്ഞിട്ട് നരേന്ദ്രൻ ഫോണിൽ സംസാരം തുടർന്നു. പൂർണിമയ്ക്ക് ആകെയൊരു വല്ലായ്മ തോന്നി. നരേന്ദ്രൻ മുറിയിൽ നിൽക്കുമ്പോ എങ്ങനെയാ സാരി അഴിച്ചു മാറ്റുകയെന്ന് അവളോർത്തു. ഓർണമെന്റസ് ഒക്കെ ഊരി അലമാരയിൽ വച്ച ശേഷം മാറിയിടാനുള്ള ഡ്രെസുമെടുത്ത് ബാത്‌റൂമിൽ പോകാമെന്ന് പൂർണിമ വിചാരിച്ചു. ചിന്താഭാരത്തോടെ അവൾ ചെന്ന് വാതിൽ അടച്ച് ബോൾട്ടിട്ടു. പിന്നെ ധരിച്ചിരുന്ന ആഭരണങ്ങൾ ഓരോന്നായി അഴിക്കാൻ ശ്രമിച്ചു. നന്നേ ശ്രമപ്പെട്ട പണിയായിരുന്നു അത്. ഫോൺ സംഭാഷണം അവസാനിപ്പിച്ച് അവൾക്ക് നേരെ തിരിഞ്ഞ നരേന്ദ്രൻ അവൾ മാല അഴിക്കാൻ ശ്രമിക്കുന്നത് കണ്ട് അവൾക്കടുത്തേക്ക് വന്നു. "ഞാൻ സഹായിക്കാം... തന്നെകൊണ്ട് ഒറ്റയ്ക്ക് പറ്റില്ല." നരേന്ദ്രൻ അവളുടെ അനുവാദത്തിന് കാത്ത് നിൽക്കാതെ അവൾ ധരിച്ചിരുന്ന മാലകൾ സാവധാനം അഴിച്ചെടുത്ത് മേശപ്പുറത്ത് വച്ചു.

പിന്നെ തലയിൽ ചൂടിയിരുന്ന മുല്ലപ്പൂവും മാറ്റി കൊടുത്തു. "താങ്ക്സ് നരേട്ടാ." ആശ്വാസത്തോടെ പൂർണിമ അവനെ നോക്കി പുഞ്ചിരിച്ചു. "താൻ ഈ ഡ്രസ്സ്‌ ഒക്കെ മാറ്റി, ഒന്ന് ഫ്രഷ് ആയിട്ട് വിളിക്ക്, ഞാൻ പുറത്ത് നിൽക്കാം. താൻ ഫ്രഷായിട്ട് വേണം എനിക്കും ഈ ഡ്രെസ്സൊക്കെ ചേഞ്ച്‌ ചെയ്യാൻ." നരേന്ദ്രൻ അവളുടെ ഷോൾഡറിൽ ഒന്ന് തട്ടി മുറിക്ക് പുറത്തേക്കിറങ്ങി. അവൻ പുറത്തേക്കിറങ്ങി പോയതും പൂർണിമ ചെന്ന് വാതിലടച്ചു. കുറച്ചുസമയം വാതിലിൽ ചാരി അവൾ ഒരേ നിൽപ്പ് തുടർന്നു. ജനിച്ചുവളർന്ന വീട്ടിൽ നിന്നും മറ്റൊരിടത്തേക്കുള്ള പറിച്ചുനടൽ പൂർണിമയെ ദുഃഖത്തിൽ ആഴ്ത്തി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. നരേന്ദ്രന്റെ ബന്ധുക്കളുടെ മുന വച്ചുള്ള സംസാരങ്ങളും പുച്ഛത്തോടെയുള്ള നോട്ടങ്ങളും അവളെ വല്ലാതെ അസ്വസ്ഥതപ്പെടുത്തിയിരുന്നു. അതൊക്കെ ഓർത്തപ്പോൾ പൂർണിമയ്ക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.

മാറിയുടുക്കാൻ ഒരു ചുരിദാറുമെടുത്ത് ബാത്‌റൂമിൽ ചെന്ന് ഉടുത്തിരുന്ന സാരിയൊക്കെ അഴിച്ചു മാറ്റിയ ശേഷം അവൾ കുറച്ചുസമയം ഷവറിന് മുന്നിൽ നിന്നു. തണുത്ത വെള്ളം ശിരസ്സിലൂടെ ഒലിച്ചിറങ്ങിയപ്പോൾ അവൾക്ക് എന്തെന്നില്ലാത്തൊരു ആശ്വാസം തോന്നി. എത്ര നേരം അങ്ങനെ നിന്നുവെന്ന് അവൾക്ക് തന്നെ അറിയില്ലായിരുന്നു. വേഷം മാറി ബാത്‌റൂമിൽ നിന്ന് ഇറങ്ങുമ്പോൾ നരേന്ദ്രൻ വാതിലിൽ തട്ടുന്ന ശബ്ദം കേട്ടു. പൂർണിമ ചെന്ന് വാതിൽ തുറന്നു. "ഞാൻ ലേറ്റായി പോയോ?" ക്ഷമാപണത്തോടെ അവളവനെ നോക്കി. "പിന്നില്ലാതെ, എത്ര നേരായി വാതിൽ തട്ടുന്നു. ഞാൻ വിചാരിച്ചു താനതിനുള്ളിൽ ബോധം കെട്ട് കിടപ്പാവുമെന്ന്." നരേന്ദ്രൻ തമാശ രൂപേണ പറഞ്ഞു. "ഏയ്‌... ഞാൻ കുളിച്ചിറങ്ങാൻ വൈകിയതാ." അവന് അകത്തേക്ക് കയറാനായി പൂർണിമ വഴിയൊഴിഞ്ഞു നിന്നു.

"മുഖത്ത് നല്ല ക്ഷീണം കാണാനുണ്ട്. താൻ കുറച്ചു സമയം റസ്റ്റ്‌ എടുക്കൂ." നരേന്ദ്രൻ അലിവോടെ അവളെ നോക്കി. മറുപടിയായി അവളൊന്ന് പുഞ്ചിരിച്ച ശേഷം മുടിയിൽ കെട്ടിയിരുന്ന തോർത്ത്‌ അഴിച്ച് സ്റ്റാൻഡിൽ ഇട്ടിട്ട് ബെഡിന്റ ഓരം ചേർന്ന് കിടന്നു. നരേന്ദ്രൻ വാതിലടച്ച ശേഷം ടവലുമെടുത്ത് കുളിക്കാനായി കയറി. അവൻ കുളിച്ചുവരുമ്പോൾ പൂർണിമ ഉറക്കം പിടിച്ചിരുന്നു. വൈകുന്നേരത്തെ റിസെപ്ഷന് ഇടാനുള്ള ഡ്രെസ്സുമെടുത്ത് വാതിൽ പുറത്ത് നിന്ന് ചാരി നരേന്ദ്രൻ അടുത്തുള്ള റൂമിലേക്ക് പോയി. ************** യമുന വന്ന് തട്ടി വിളിക്കുമ്പോഴാണ് പൂർണിമ കണ്ണുകൾ തുറന്നത്. കുറച്ചു നേരം കിടക്കണമെന്ന ഉദ്ദേശത്തോടെയാണ് കിടന്നതെങ്കിലും ശരീരത്തിന്റെ ക്ഷീണം കാരണം ഉറങ്ങിപ്പോയത് അവൾ അറിഞ്ഞതേയില്ല. "പൂർണിമ... മുഖം കഴുകി വരൂ. റിസെപ്ഷന് തന്നെ ഒരുക്കാൻ ബ്യൂട്ടിഷൻ വന്നിട്ടുണ്ട്." "സോറി അമ്മേ... ഞാൻ ഉറങ്ങിപ്പോയി." ക്ഷമാപണത്തോടെ അവൾ പറഞ്ഞു. "സാരമില്ല. പ്രെഷർ കുറഞ്ഞതിന്റെ ക്ഷീണമാണ്. ഉപ്പിട്ട് കുറച്ചു നാരങ്ങാ വെള്ളം കൊണ്ട് തരാൻ ഞാൻ സെർവന്റിനോട് പറയാം." യമുന പിന്തിരിഞ്ഞു നടന്നു.

പൂർണിമ എഴുന്നേറ്റ് ബാത്‌റൂമിൽ പോയി മുഖം കഴുകി വന്നു. അപ്പോഴേക്കും അവളെ ഒരുക്കാനായി ബ്യൂട്ടിഷനും അങ്ങോട്ടേക്ക് വന്നു. ഗ്രീൻ കളർ ലഹങ്കയായിരുന്നു റിസെപ്ഷന് ഇടാൻ അവൾക്ക് വേണ്ടി ഒരുക്കിയിരുന്നത്. പൂർണിമ അതിൽ വളരെ മനോഹരിയായി കാണപ്പെട്ടു. അവൾ ധരിച്ചിരുന്ന ലഹങ്കയ്ക്ക് മാച്ചിംഗ് ആയ പാർട്ടി വെയർ ആയിരുന്നു നരേന്ദ്രനും. വൈകുന്നേരം ആറുമണിയോടെ പാർട്ടി തുടങ്ങി. മുല്ലശ്ശേരി തറവാട്ട് മുറ്റത്ത് ഒരുക്കിയ സ്റ്റേജിൽ ഇരുവരും ഇരുന്നു. റിസെപ്ഷന് വന്ന വി. ഐ. പി ഗസ്റ്റുകളൊക്കെ പൂർണിമയെ അത്ഭുത ജീവിയെ കണക്കെയാണ് നോക്കി കണ്ടത്. അവരുടെ നോട്ടങ്ങളും മുറുമുറുക്കലുകളും അവളെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടായിരുന്നു. നരേന്ദ്രനും യമുനയും ശ്രീകണ്ഠനുമൊക്കെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അതൃപ്തി വിവാഹ മണ്ഡപത്തിൽ വച്ചുതന്നെ മനസ്സിലാക്കിയതാണ്.

ശ്രീജയുടെയും റാണിയുടെയും നോട്ടവും അടക്കം പറച്ചിലുമായിരുന്നു പൂർണിമയെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചത്. വരുന്ന ഗസ്റ്റുകൾക്ക് മുൻപിൽ ചിരിച്ചും ഫോട്ടോയ്ക്ക് പോസ് ചെയ്തും അവൾ ശരിക്കും മടുത്ത് പോയിരുന്നു. മുഖവും വായും ഒക്കെ അവൾക്ക് വേദനിച്ചു തുടങ്ങി. ഒരുവേള ഇത്രയും വലിയ വീട്ടിലേക്ക് വന്ന് കേറേണ്ടിയിരുന്നില്ല എന്നുപോലും പൂർണിമയ്ക്ക് തോന്നി. രാത്രി പതിനൊന്നുമണി കഴിഞ്ഞും ആളുകൾ വന്നുപോയി ഇരുന്നു. ഏകദേശം പന്ത്രണ്ടരയോടെയാണ് എല്ലാവരും പോയത്. മുല്ലശ്ശേരി തറവാട്ടിൽ അടുത്ത ബന്ധുക്കൾ മാത്രം അവശേഷിച്ചു. കൂട്ടുകാർക്ക് മദ്യ സൽക്കാരം നടത്താൻ വേണ്ടി നരേന്ദ്രൻ തറവാട്ടിനോട് ചേർന്നുള്ള ഔട്ട്‌ ഹൗസിലേക്ക് പോയി. റാണിയുടെ മോൾ ശ്രുതിയും ശ്രീജയുടെ മക്കളായ നയനയും നീലിമയും പൂർണിമയോട് വന്ന് സംസാരിക്കുകയും അവളോട് കൂട്ടുകൂടാൻ ശ്രമിക്കുകയും ചെയ്തു.

അവര് തന്നെ അവളെ റൂമിലേക്ക് കൂട്ടികൊണ്ട് പോയി ആഭരണങ്ങളൊക്കെ അഴിച്ച് വയ്ക്കാനും മുടിയിലെ കെട്ടഴിക്കാനും പൂർണിമയെ അവർ സഹായിച്ചു. ബാത്‌റൂമിൽ പോയി മേക്ക് അപ്പ് ഒക്കെ കഴുകി വസ്ത്രം മാറി അവൾ വരുമ്പോൾ പെൺകുട്ടികൾ മൂവരും പൂർണിമയ്ക്ക് ചുറ്റും കൂടി. "ചേച്ചിക്ക് ഈ കല്യാണത്തിന് ഇഷ്ടമല്ലായിരുന്നോ?" നയന സംസാരത്തിന് തുടക്കം കുറിച്ചു. "എന്താ അങ്ങനെ ചോദിച്ചത്?" പൂർണിമ അത്ഭുതത്തോടെ അവളെ നോക്കി. "രാവിലെ ടെൻഷൻ കൂടി തലച്ചുറ്റിയൊക്കെ വീണില്ലേ. പിന്നെ മുഖത്തൊരു സന്തോഷവും കാണാനില്ലല്ലോ." "കല്യാണത്തിന് ഇഷ്ടക്കുറവൊന്നുമില്ലായിരുന്നു... പക്ഷെ നരേട്ടനും വീട്ടുകാരുമൊക്കെ ഇത്രേം വലിയ ആൾക്കാരാണെന്ന് മണ്ഡപത്തിൽ വന്നപ്പോഴാ മനസ്സിലായത്. എല്ലാരേം കൂടി കണ്ടപ്പോൾ ചെറിയൊരു ടെൻഷനുണ്ടായി." പൂർണിമ ചമ്മലോടെ ചിരിച്ചു.

"നരേട്ടന് വേണ്ടി എന്റെ ചേച്ചിയെ അമ്മ ചോദിച്ചതാ." നീലിമ പെട്ടന്ന് അത് പറഞ്ഞതും പൂർണിമയുടെ മുഖമൊന്ന് മങ്ങി. നയന ശാസനയോടെ അനിയത്തിയെ നോക്കി. അബദ്ധം പറ്റിയത് പോലെ നീലിമ നാക്ക് കടിച്ചു. "അവൾ പറഞ്ഞത് പൂർണിമ കാര്യമാക്കണ്ട. അമ്മയ്ക്കെന്നെ നരേട്ടനെ കൊണ്ട് കെട്ടിച്ചാലോന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു. ബട്ട്‌ നരേട്ടനും യമുനമ്മായിക്കും ശ്രീയമ്മാവനുമൊന്നും അതിനോട് താല്പര്യമില്ലായിരുന്നു. ടു ബി ഫ്രാങ്ക് എനിക്കും ചെറുപ്പത്തിൽ നരേട്ടനോടൊരു ക്രഷ് ഒക്കെ തോന്നിയതാണ്. നരേട്ടൻ നോ പറഞ്ഞപ്പോൾ മുതൽ ഞാൻ മൂവ് ഓൺ ആകാൻ ട്രൈ ചെയ്തു. പിന്നെ ഡൽഹിയിലൊക്കെ പഠിക്കാൻ പോയപ്പോൾ എന്റെ മനസ്സ് അതിൽ നിന്നും പൂർണമായി ഒഴിവായി. ഞാനിത്രേം ഡീറ്റൈൽ ആയിട്ട് പൂർണിമയോട് ഇതൊക്കെ പറയുന്നത് കൊണ്ട് തെറ്റിദ്ധരിക്കണ്ട. എന്റെ അമ്മ തന്നോട് ദേഷ്യം കാണിക്കുന്നതൊക്കെ രാവിലെ മുതൽ ഞാൻ കാണുന്നുണ്ട്. അതിന്റെ കാരണം എന്താണെന്ന് ഇപ്പൊ മനസ്സിലായില്ലേ. സോ താനിതൊന്നും കണ്ട് വറീഡ് ആവാൻ നിക്കണ്ട." ചിരിയോടെ നയന പറഞ്ഞു.

പൂർണിമ മറുപടി പറയാതെ വെറുതെ പുഞ്ചിരിച്ചതേയുള്ളു. നയനയും പൂർണിമയും ഒരേ പ്രായമാണ്. അതുപോലെ തന്നെ നീലിമയും ശ്രുതിയും സെയിം ഏജ് ആണ്. ഫാമിലിയിൽ എന്തെങ്കിലും ഫങ്ക്ഷൻ വന്നാൽ മൂവരും ഒരുമിച്ച് ഒറ്റക്കെട്ടായി നിൽക്കും. നയന ഡൽഹിയിൽ ജെ എൻ യു യൂണിവേഴ്സിറ്റിയിൽ പി ജി ചെയ്യുന്നു. നീലിമയും ശ്രുതിയും ഡിഗ്രി ഫസ്റ്റ് ഇയറാണ്. "ഇന്നിനി നരേട്ടനെ കാത്തിരുന്ന് ഉറക്കം കളയണ്ട ചേച്ചി. അവിടെ ഫ്രണ്ട്സ് എല്ലാവരും കൂടി പാർട്ടി തുടങ്ങി. ക്ഷീണം ഉണ്ടാവില്ലേ ചേച്ചിക്ക്. അതുകൊണ്ട് വേഗം കിടക്കാൻ നോക്ക്." ഉറക്കം തൂങ്ങുന്ന പൂർണിമയെ കണ്ട് ശ്രുതി പറഞ്ഞു. "അതേ.. എന്റെ ബാഗ് താഴെ കാറിലുണ്ട്. രാവിലെ ഞങ്ങൾ വന്ന ഇന്നോവയുടെ ഡിക്കിയിലാ ഉള്ളത്. ഫോണൊക്കെ ബാഗിനുള്ളിലാ. എനിക്കതിപ്പോ എടുക്കാൻ എന്താ വഴി." "നരേട്ടനോട് പറഞ്ഞാ മതി, നരേട്ടൻ എടുത്തോണ്ട് വരും." നീലിമയാണ് അത് പറഞ്ഞത്. "അത്യാവശ്യം ആണെങ്കിൽ ഞാൻ പോയി എടുത്തുകൊണ്ട് വരാം. കാർ ഇവിടെതന്നെ കിടപ്പുണ്ടല്ലോ. ബാഗ് ഇപ്പൊതന്നെ വേണോ." നയന ചോദിച്ചു.

"ഏയ്‌.. വേണ്ട.. ഞാൻ നരേട്ടനോട് പറഞ്ഞോളാം." പൂർണിമ അവളെ തടഞ്ഞു. "ബാഗ് എടുത്തുകൊണ്ട് വരാൻ എന്റെ മോള് നിന്റെ ദാസിയൊന്നുമല്ല. നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ, ഈ ദാരിദ്ര്യ വാശിയോടൊക്കെ സംസാരിക്കാൻ നിൽക്കാതെ അപ്രത്തു പോ പിള്ളേരെ." അവിടേക്ക് വന്ന ശ്രീജ പറഞ്ഞു. "രാവിലെ മുതൽ അമ്മായിങ്ങനെ ഏഷണി പറഞ്ഞുകൊണ്ട് പൂർണിമയ്ക്ക് പിന്നാലെ നടക്കുവല്ലേ. ഇനിയെങ്കിലും മതിയാക്കി കൂടെ." നയന അവരെ ശകാരിച്ചു. "നീ ഇരിക്കേണ്ടിടത്താ ഈ പെണ്ണ് വലിഞ്ഞുകയറി വന്നേക്കുന്നത്. എന്നിട്ട് അവളെ സപ്പോർട്ട് ചെയ്യാൻ നിനക്ക് നാണമില്ലേ. കുറേ നാൾ നരേന്ദ്രനെയും മോഹിച്ചുകൊണ്ട് മനസ്സിലിട്ട് നടന്നവളല്ലേ നീ. ആ നീ തന്നെയാണോ അവന്റെ ഭാര്യയ്ക്ക് വേണ്ടി എന്നോട് വഴക്കിടാൻ വരുന്നത്." ശ്രീജയുടെ ഒച്ച അവിടെ ഉയർന്നു. "അമ്മായീ..." പിന്നിൽ നിന്നും നരേന്ദ്രന്റെ ശബ്ദം കേട്ട് എല്ലാവരും വാതിൽക്കലേക്ക് നോക്കി. കോപം കൊണ്ട് ജ്വലിച്ച മുഖവുമായി നിൽക്കുന്ന നരേന്ദ്രനെ കണ്ട് എല്ലാവരുമൊന്ന് ഞെട്ടി.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story