മാലയോഗം: ഭാഗം 50

malayogam shiva

രചന: ശിവ എസ് നായർ

നെഞ്ചിലേക്ക് അലതല്ലിയെത്തിയ ആഹ്ലാദത്തോടെ അവൾ പുറത്തേക്ക് പാഞ്ഞു. പടി കടന്ന് അകത്തേക്ക് കയറിയ നരേന്ദ്രൻ കണ്ണ് നിറച്ച് തനിക്കരിലേക്ക് ഓടി വന്നവളെ പ്രണയപൂർവ്വം നോക്കി. വാതിൽ പടിയിൽ ചാരി കിതപ്പടക്കി നിന്ന പൂർണിമയെ നരൻ ചേർത്ത് പിടിച്ചപ്പോൾ അവന്റെ നെഞ്ചിലേക്ക് വീണ് അവൾ വിങ്ങിപ്പൊട്ടി. "ഇപ്പൊ എന്തിനാ നീ കരയണേ?" അലിവോടെ അവൻ ചോദിച്ചു. "എന്നേം മക്കളേം നരേട്ടനിവിടെ വിട്ടിട്ട് പോയപ്പോ മുതൽ ഒന്ന് കാണാനായി നെഞ്ച് വിങ്ങുവാ. കാണാതിരിക്കാൻ അത്രയ്ക്ക് പറ്റുന്നില്ലായിരുന്നു. ഫോണെടുത്ത് വിളിക്കാൻ തുടങ്ങുമ്പോഴാണ് കാറിന്റെ ശബ്ദം കേട്ടത്." ഏങ്ങലടികൾക്കിടയിൽ അവൾ ഒരുവിധം പറഞ്ഞൊപ്പിച്ചു. "നിങ്ങളെ കാണാതെ എനിക്കും പറ്റുന്നില്ലെടി. അതാ രാത്രി തന്നെ ഓടി വന്നേ." "അപ്പോ നരേട്ടനിവിടെ നിൽക്കാൻ വന്നതാണോ?" അവിശ്വസനീയതയോടെ പൂർണിമ അവനെ നോക്കി. "മ്മ്മ്മ്... അതല്ലാതെ വേറെ വഴിയില്ലല്ലോ. നിങ്ങളെക്കാൾ വലുതല്ല എനിക്ക് മറ്റൊന്നും."

"എന്നോടുള്ള സ്നേഹമാണോ അതോ മക്കളോടുള്ള സ്നേഹമോ? കുറുമ്പോടെ അവൾ ചോദിച്ചു. "നിന്നോടുള്ള സ്നേഹക്കൂടുതൽ തന്നെയാ ഞാനിങ്ങോട്ട് വരാൻ കാരണം." പൂർണിമയുടെ കണ്ണുകളിൽ നോക്കിയാണ് നരനത് പറഞ്ഞുത്. ആത്മാർത്ഥമായിട്ടാണ് അവനത് പറഞ്ഞതെന്ന് അവൾക്കും മനസ്സിലായി. സ്നേഹാധിക്യത്താൽ പൂർണിമ അവന്റെ നെഞ്ചിലേക്ക് കൂടുതൽ പറ്റിച്ചേർന്ന് നിന്നു. അവളെ ചേർത്ത് പിടിച്ചാണ് നരേന്ദ്രൻ അകത്തേക്ക് കയറിയത്. "മക്കളുറങ്ങിയോ പൂർണിമേ?" "കുറച്ചുമുൻപ് ഉറങ്ങിയേയുള്ളൂ." "ഇവിടുള്ളവരൊക്കെ എവിടെപ്പോയി. ഞാൻ വന്നിട്ടും ആരെയും പുറത്തേക്ക് കണ്ടില്ലല്ലോ." "പ്രീതിക്കും പാറുവിനും എക്സാം തുടങ്ങിയത് കൊണ്ട് രാവിലെ എണീറ്റ് പഠിക്കാൻ വേണ്ടി രണ്ട് പേരും നേരത്തെ കിടന്നു. അമ്മ ഇത്രയും നേരം എന്റെ അടുത്തുണ്ടായിരുന്നു. കുട്ടികൾ ഉറങ്ങിയപ്പോ കുളിക്കാനായി കയറി. അച്ഛനും ചേട്ടനും മാർക്കറ്റിൽ പോയതാ ഇതുവരെ വന്നില്ല." ഹാളിൽ പൂർണിമയുടെയും നരേന്ദ്രന്റെയും സംസാരം കേട്ട് അത്ഭുതത്തോടെയാണ് ഗീത അവരുടെ അടുത്തേക്ക് വന്നത്.

"നരനിതെപ്പോ വന്നു? വൈകുന്നേരം അല്ലെ എല്ലാരും കൂടി ഇവിടുന്ന് പോയത്." അതിശയത്തോടെ അവരവനെ നോക്കി. "ഞാൻ ദേ ഇപ്പൊ വന്ന് കയറിയതേയുള്ളു. പൂർണിമയും കുട്ടികളുമില്ലാത്തോണ്ട് അവിടെ നിൽക്കാൻ തോന്നുന്നില്ലായിരുന്നു. അതാ ഇങ്ങോട്ട് പോന്നത്." "അതേതായാലും നന്നായി... നരൻ പോയപ്പോൾ മുതൽ ഇവളുടെ മുഖത്തൊരു സങ്കടം കാണാനുണ്ടായിയിരുന്നു. ഇപ്പൊ അതങ്ങ് മാറി." അമ്മ പറഞ്ഞത് കേട്ട് നരേന്ദ്രനും പൂർണിമയും പരസ്പരം നോക്കി പുഞ്ചിരിച്ചു. "മോനെന്തെങ്കിലും കഴിച്ചിട്ടാണോ വന്നത്." "ഇല്ലമ്മേ... ഇതുവരെ വിശപ്പേ ഉണ്ടായിരുന്നില്ല. ഇപ്പോ ചെറുതായി വിശക്കുന്നുണ്ട്. ഇവിടെ കഴിക്കാനെന്തെങ്കിലുമുണ്ടോ?" വയറിൽ ഒന്നുഴിഞ്ഞുകൊണ്ട് അവൻ ചോദിച്ചു. "നിങ്ങള് സംസാരിച്ചിക്കുമ്പോഴേക്കും ഞാൻ ദോശ ചൂടോടെ ചുട്ട് തരാം." തിടുക്കത്തിൽ ഗീത അടുക്കളയിലേക്ക് നടന്നു. 🍁🍁🍁🍁🍁 മാർക്കറ്റിൽ നിന്നും സാധനങ്ങളുമായെത്തിയ പ്രവീണും ശിവദാസനും നരേന്ദ്രൻ മടങ്ങി വന്നതറിഞ്ഞപ്പോൾ അതിയായി സന്തോഷിച്ചു. തങ്ങളുടെ കൊച്ചുവീട്ടിലെ അസൗകര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാത്തത് കൊണ്ടാണ് നരേന്ദ്രൻ അവിടെ നിൽക്കാൻ താല്പര്യം പ്രകടിപ്പിക്കാത്തതെന്ന് അവൻ പറയാതെ തന്നെ എല്ലാവർക്കുമറിയുന്ന കാര്യമാണ്.

പക്ഷേ ഇപ്പൊ അതൊക്കെ അഡ്ജസ്റ്റ് ചെയ്ത് ഉള്ള സൗകര്യത്തിൽ കഴിഞ്ഞ് കൂടാൻ തയ്യാറായി വന്ന നരനോട് അവർക്ക് പഴയതിനേക്കാൾ കൂടുതൽ സ്നേഹം തോന്നി. ദിവസങ്ങൾ ഓടി മറയുന്നതിനൊപ്പം പണത്തിന്റെ ഹുങ്കും തലക്കനവും വെടിഞ്ഞ് നരേന്ദ്രനും അവരിലൊരാളായി മാറി. രാത്രിയിൽ ഉറങ്ങാൻ എസി നിർബന്ധമായിരുന്ന നരനിപ്പോ ഫാനിന്റെ കാറ്റിൽ ഉറങ്ങാൻ ശീലിച്ചു. സ്നേഹമുള്ളിടത്ത് സൗകര്യക്കുറവ് ഒരു പ്രശ്നമല്ലെന്ന് മെല്ലെ മെല്ലെ അവൻ തിരിച്ചറിയുകയായിരുന്നു. പെണ്മക്കൾ വീടിന് ഭാരമാണെന്ന ചിന്താഗതിക്കാരായ പൂർണിമയുടെ വീട്ടുകാരും സ്വന്തം മകളുടെ ദയനീയാവസ്ഥ കണ്ട് അത്തരം ചിന്തകൾ മാറ്റി നിർത്തി മക്കളെ ഏത് പ്രതിസന്ധിയിലും ചേർത്ത് പിടിക്കണമെന്ന പാഠം ഉൾക്കൊണ്ടു. പഠിക്കാത്തതിന്റെ പേരിൽ അവസരം കിട്ടുമ്പോഴൊക്കെ പൂർണിമയെ കളിയാക്കിയിരുന്ന ശിവദാസനും മകളെ മനസ്സിലാക്കാൻ തുടങ്ങി. പ്രവീണിന്റെ ജീവിതത്തിലേക്ക് സ്വാതിയുടെ കടന്ന് വരവ് അവനിൽ സൃഷ്ടിച്ച നല്ല മാറ്റങ്ങൾ മറ്റുള്ളവരിലേക്കും അവൻ പകർന്ന് നൽകി.

പെങ്ങന്മാരോട് സ്നേഹമുള്ള അവരുടെ പ്രിയപ്പെട്ട ഏട്ടനായി അവൻ മാറിയത് ചുരുങ്ങിയ സമയത്തിനുള്ളിലാണ്. തന്റെ ചെറിയ വീടിപ്പോ ഒരു സ്വർഗം പോലെയാണ് പൂർണിമയ്ക്ക് അനുഭവപ്പെടുന്നത്. അവിടുന്ന് എങ്ങോട്ടും പോകാൻ അവളാഗ്രഹിച്ചതുമില്ല. നരനും മുല്ലശ്ശേരിയിലേക്ക് പോകുന്നതിനെ കുറിച്ചൊന്നും അവളോട് പറഞ്ഞിട്ടില്ല. പൂർണിമയുടെ വീട്ടുകാർക്കൊപ്പം കടന്ന് പോകുന്ന നല്ല നിമിഷങ്ങൾ അവനും ആസ്വദിക്കുകയായിരുന്നു. ഇടയ്ക്കിടെ മുല്ലശ്ശേരിയിൽ നിന്നും ശ്രീകണ്ഠനും യമുനയും നവീനും അവരെ കാണാനായി വരുമായിരുന്നു. പഴയ പോലെ ലോഹ്യമൊന്നുമില്ലെങ്കിലും പൂർണിമയും യമുനയും തമ്മിലുള്ള സംസാരം പോലും അക്കാലയളവിൽ വളരെയധികം കുറഞ്ഞുപോയിരുന്നു. 🍁🍁🍁🍁🍁 ദിവസങ്ങളും മാസങ്ങളും കടന്ന് പോയി... ലീവ് തീർന്ന് നരേന്ദ്രൻ ജോലിയിൽ തിരികെ പ്രവേശിച്ചു. പൂർണിമയുടെ വീട്ടിൽ നിന്നാണ് അവൻ ജോലിക്ക് പോയി വരുന്നത്. മാസം തികയാതെ പുറത്ത് വരുകയും ഒരുപാട് ആരോഗ്യ പ്രശ്നങ്ങളിലൂടെ കടന്ന് പോവുകയും ചെയ്ത അവരുടെ കുഞ്ഞുങ്ങളിപ്പോൾ എല്ലാ കുട്ടികളെയും പോലെ സാധാരണ ജീവിതത്തിലേക്ക് വന്നിരുന്നു.

അഞ്ചാം മാസത്തിൽ കമരുകയും ഒൻപതാം മാസത്തിൽ സ്വന്തമായി ഇരിക്കുകയും പതിനൊന്നാം മാസത്തിൽ പിടിച്ച് നിൽക്കുകയും ചെയ്യുന്ന രീതിയിൽ കുഞ്ഞുങ്ങൾ വളർന്നു. വളർച്ചയുടെ ഘട്ടങ്ങൾക്ക് ചെറിയ തോതിൽ ഏറ്റകുറിച്ചിലുകൾ വന്നെങ്കിലും പിന്നെ പിന്നെ എല്ലാം നോർമലായി കഴിഞ്ഞിരുന്നു. കുറെയേറെ നാളത്തെ ചികിത്സയും മരുന്നും പിന്നെ നരേന്ദ്രന്റെയും പൂർണിമയുടെ വീട്ടുകാരുടെയും സ്നേഹത്തോടെയുള്ള പരിചരണം പോസ്റ്റ്‌ പാർട്ടം ഡിപ്രെഷനിൽ നിന്നും അവളെ തിരിച്ചുകൊണ്ട് വന്നിരുന്നു. കുട്ടികൾക്ക് ഒന്നര മാസമുള്ളപ്പോഴാണ് പൂർണിമ സ്വന്തം സ്വന്തം വീട്ടിലേക്ക് വന്നത്. ഇപ്പൊ അവർക്ക് പതിനൊന്ന് മാസം കഴിഞ്ഞു. ഈ കാലത്തിനിടയ്ക്ക് ഒരിക്കൽ പോലും അവളോ കുട്ടികളോ മുല്ലശ്ശേരിയിലേക്ക് പോയിട്ടില്ല. പൂർണിമ പ്രസവിച്ച് ആറ് മാസം കഴിഞ്ഞ സമയത്തായിരുന്നു ശ്രീജയുടെ മകൾ നയനയുടെ വിവാഹം കാനഡയിൽ ജോലി ചെയ്യുന്ന അഭിഷേകെന്ന യുവാവുമായി ആഡംബരപൂർവ്വം നടന്നു.

വിവാഹത്തിന് പങ്കെടുക്കാൻ പൂർണിമയുടെ വീട്ടിൽ നിന്നും പ്രവീണും അച്ഛനും പെണ്മക്കളും പോയിരുന്നു. നരേന്ദ്രനും തലേ ദിവസത്തെ പാർട്ടിക്കും കല്യാണത്തിനുമൊക്കെ പോയിട്ടുണ്ടായിരുന്നു. നയന കല്യാണം കഴിച്ച് പോയതിൽ അവനായിരുന്നു ഏറ്റവും കൂടുതൽ ആശ്വാസമായത്. പൂർണിമയ്ക്കൊപ്പം നരേന്ദ്രൻ അവളുടെ വീട്ടിൽ തന്നെ താമസമായത് നരേന്ദ്രന്റെ ബന്ധുക്കൾക്കിടയിൽ മുറുമുറുപ്പുകൾ സൃഷ്ടിച്ചു തുടങ്ങിയിരുന്നു. അവരോട് എന്നാ മുല്ലശ്ശേരിയിലേക്ക് മടങ്ങി വരുന്നതെന്ന് ചോദിക്കാൻ ശ്രീകണ്ഠനും യമുനയ്ക്കും മടിയായിരുന്നു. ഇരുവരും നരേന്ദ്രന്റെ അമ്മയോട് പിണങ്ങി പിരിഞ്ഞ് മാറി താമസിക്കുന്നതാണോ എന്ന് പോലും അവർക്ക് സംശയമായി. കുട്ടികൾക്ക് ഒരു വയസ്സാവുമ്പോഴെങ്കിലും നാലുപേരെയും മടക്കി കൊണ്ട് വരണമെന്ന ആഗ്രഹം യമുനയിൽ അധികരിച്ചു തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. പൂർണിമയ്ക്ക് തന്നോടുള്ള ദേഷ്യം ഇതുവരെ മാറാത്തത് കൊണ്ടാണോ മുല്ലശ്ശേരിയിലേക്ക് വരാൻ അവൾക്ക് താല്പര്യമില്ലാത്തത് എന്നതായിരുന്നു യമുന ചിന്തിച്ചത്.

ഒടുവിൽ ഒട്ടേറെ നേരത്തെ ആലോചനയ്ക്കൊടുവിൽ അവളോട് ഇതേക്കുറിച്ചു ചോദിക്കണമെന്ന് യമുന തീരുമാനിച്ചു. 🍁🍁🍁🍁🍁 രാവിലെ കുട്ടികൾക്കുള്ള കുറുക്ക് കൊടുത്ത് കൊണ്ടിരിക്കുമ്പോഴാണ് നവീനും യമുനയും പൂർണിമയുടെ വീട്ടിലെത്തിയത്. നരേന്ദ്രനും പ്രവീണും ശിവദാസനുമൊക്കെ ജോലിക്ക് പോയിരുന്നു. അനിയത്തിമാർ പഠിക്കാൻ പോയി. അതുകൊണ്ട് പൂർണിമയും ഗീതയും കുഞ്ഞുങ്ങളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ഇടയ്ക്കിടെ അച്ഛമ്മയും ഇളയച്ഛനും തങ്ങളെ വന്ന് കാണുന്നത് കൊണ്ട് പരിചയ കുറവൊന്നുമില്ലാതെ കുട്ടികൾ അവരെ കണ്ടപ്പോൾ എടുക്കാനായി കൈകൾ നീട്ടി ചിരിച്ചു. വാത്സല്യത്തോടെ ഇരുവരെയും ചേർത്ത് പിടിച്ച് യമുന ഉമ്മകൾ കൊണ്ട് മൂടി. "എനിക്ക് പൂർണിമയോടൊരു കാര്യം പറയാനുണ്ടായിരുന്നു." മുഖവുരയോടെ അവർ അവളോട് പറഞ്ഞു. "അമ്മയ്ക്കെന്താ പരാതിനുളളതബ്..." ആകാംക്ഷയോടെ പൂർണിമ അവരെ നോക്കി. "കുട്ടികൾക്ക് ഒരു വയസായില്ലേ. ഇനി നീയെന്നാ പിള്ളേരേം കൊണ്ട് അങ്ങോട്ട്‌ വരുന്നത്. ഏകദേശം ഒരു വർഷമായി നരേന്ദ്രനും നീയും ഇവിടെയല്ലേ... പഴയതൊക്കെ മറന്ന് നിനക്കെന്താ അങ്ങോട്ട്‌ വന്നാൽ." മടിച്ചു മടിച്ച് മടിച്ചാണ് യമുന ചോദിച്ചത്....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story