മാലയോഗം: ഭാഗം 51

malayogam shiva

രചന: ശിവ എസ് നായർ

"കുട്ടികൾക്ക് ഒരു വയസായില്ലേ. ഇനി നീയെന്നാ പിള്ളേരേം കൊണ്ട് അങ്ങോട്ട്‌ വരുന്നത്. ഏകദേശം ഒരു വർഷമായി നരേന്ദ്രനും നീയും ഇവിടെ താമസമാക്കിയിട്ട്... പഴയതൊക്കെ മറന്ന് നിനക്ക് അങ്ങോട്ട്‌ വന്നൂടെ പൂർണിമേ. എന്നോടുള്ള ദേഷ്യം ഇതുവരെ മാറാത്തത് കൊണ്ടാണോ നീയങ്ങോട്ട് വരാത്തത്?" മടിച്ചു മടിച്ചാണ് യമുനയങ്ങനെ ചോദിച്ചത്. ഇനിയും കൊച്ചുമക്കളെ പിരിഞ്ഞിരിക്കാൻ അവർക്ക് കഴിയുമായിരുന്നില്ല. "അമ്മയോട് എനിക്ക് ദേഷ്യമുണ്ടെന്ന് ആരാ പറഞ്ഞത്?" ശാന്തമായ സ്വരത്തിൽ അവൾ ചോദിച്ചു. "എന്നോട് ദേഷ്യമില്ലെങ്കിൽ പിന്നെ മുല്ലശ്ശേരിയിലേക്ക് വരാതിരിക്കാൻ വേറെന്താ കാരണം. എന്നോട് നിനക്കൊരു ദേഷ്യവുമില്ലെന്ന് നീ വെറുതെ പറയണ്ട പൂർണിമേ. എനിക്കറിയാം നിനക്കിപ്പോഴും എന്നോട് വെറുപ്പായിരിക്കുമെന്ന്." അത് പറയുമ്പോൾ അവരുടെ സ്വരം ഇടറിയിരുന്നു. "ഞാൻ സത്യമാ പറഞ്ഞത്. അമ്മയോട് എനിക്കൊരു ദേഷ്യവുമില്ല, വെറുപ്പില്ല. അല്ലെങ്കിൽ തന്നെ ഞാനെന്തിനാ അമ്മയോട് ദേഷ്യവും വെറുപ്പുമൊക്കെ കാണിക്കേണ്ടത്. അന്ന് അങ്ങനെയൊക്കെ സംഭവിച്ചത് കൊണ്ടാണെങ്കിൽ അതൊക്കെ ഞാൻ എപ്പോഴേ മറന്നു." "നിന്നെ നന്നായി ഗൗനിക്കാതെ മക്കൾടെ കാര്യത്തിൽ മാത്രം ശ്രെദ്ധ കൊടുത്ത എന്റെ ഭാഗത്തുമുണ്ട് തെറ്റ്. എന്റെ പ്രവർത്തികൾ നിനക്ക് വിഷമമുണ്ടാക്കുമെന്ന് ഞാനോർത്തില്ല പൂർണിമേ."

"അമ്മ കുഞ്ഞുങ്ങൾടെ കാര്യങ്ങൾ നോക്കുന്നതിൽ എനിക്കൊരു വിരോധമോ ഇഷ്ടക്കേടോ ഉണ്ടായിരുന്നില്ല. പക്ഷേ മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങൾക്ക് അത്രേം കെയർ വേണമെന്നും ഇൻഫെക്ഷൻ വരാതെ നോക്കണമെന്നും എല്ലാരും വന്ന് എടുത്തും കൊഞ്ചിച്ചും നടക്കരുതെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടും അമ്മ അതൊന്നും കേൾക്കാതെ മോളെയും കൊണ്ട് മുറിക്ക് പുറത്ത് പോവില്ലായിരുന്നോ. അങ്ങനെയല്ലേ അച്ഛന്റെ പനി മോൾക്കും മോനും കിട്ടിയത്, ഒപ്പം രണ്ട് പേർക്കും ഇൻഫെക്ഷനും വന്നില്ലേ... അന്ന് ഡോക്ടർ പറഞ്ഞത് പോലെ നോക്കിയിരുന്നെങ്കിൽ അവരെ വീണ്ടും ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടി വരില്ലായിരുന്നല്ലോ. അന്ന് കുട്ടികൾക്ക് സീരിയസാണെന്ന് നരേട്ടനോട് ഡോക്ടർ പറഞ്ഞത് ഫോണിലൂടെ കേട്ടപ്പോൾ എനിക്കാകെ ഭ്രാന്ത് പിടിച്ചു പോയി. എന്റെ മക്കളെ ജീവനോടെ കിട്ടില്ലെന്ന്‌ വിചാരിച്ച് ഒരു നിമിഷം കൊണ്ട് എനിക്കും മരിച്ചാൽ മതിയെന്ന് തോന്നിപ്പോയി. അമ്മയും രണ്ട് മക്കളെ പ്രസവിച്ചതല്ലേ. പ്രസവ ശേഷം ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജായി ഞാൻ മുല്ലശ്ശേരിയിലേക്ക് വന്ന ശേഷം ഒരിക്കലെങ്കിലും എന്നോട് നിന്റെ വേദന കുറവുണ്ടോന്ന് ഒരു വാക്ക് അമ്മ ചോദിച്ചിട്ടുണ്ടോ? എന്റെ അമ്മ എപ്പോ വിളിച്ചാലും എന്റെ വയ്യായ്കകൾ ചോദിച്ചറിഞ്ഞ ശേഷമാണ് മക്കളെ പറ്റി അന്വേഷിച്ചിരുന്നത്.

പക്ഷേ അമ്മ എന്റെ വേദനകളൊന്നും ചിന്തിക്കാതെ അതിനെപ്പറ്റി ആലോചിക്കാതെ കുഞ്ഞുങ്ങളിൽ മാത്രമായിരുന്നു. ആ സമയത്ത് ഇതൊക്കെ എനിക്ക് ഡിപ്രെഷൻ കൂടാൻ കാരണമായി. അന്നെനിക്ക് ഇക്കാര്യത്തിൽ അമ്മയോട് ദേഷ്യം തോന്നിയെന്നത് സത്യമാണ്. പക്ഷേ ഇപ്പൊ ഓർക്കുമ്പോൾ അമ്മയോടെനിക്ക് ദേഷ്യമൊന്നുമില്ല. പേരക്കുട്ടികളെ കാണാൻ കൊതിച്ചിരുന്ന അമ്മയ്ക്ക് അവരെ കൈയ്യിൽ കിട്ടിയപ്പോൾ മഅപ്പോഴത്തെ സന്തോഷത്തിൽ അമ്മ എല്ലാം മറന്ന് പോയി. ഒന്നുല്ലേലും കൊച്ചുമക്കളെ അമ്മയ്ക്ക് ജീവനല്ലേ. സ്വന്തം കുട്ടികളെ നോക്കുന്നതിനേക്കാൾ കാര്യമായി അമ്മ അവരെ നോക്കുമെന്നും എനിക്കറിയാം." മരുമകൾ പറയുന്നതൊക്കെ കേട്ട് മിണ്ടാതെ നിൽക്കുകയാണ് യമുന. അവരോട് അങ്ങനെയെല്ലാം പറഞ്ഞെങ്കിലും നടന്നതൊന്നും അത്ര പെട്ടെന്ന് മനസ്സിൽ നിന്ന് പോവില്ലെന്നും അതിന്റെ പേരിലുള്ള ഒരു ഇഷ്ടക്കേട് എന്നും മനസ്സിൽ തന്നെ കിടക്കുമെന്ന് പൂർണിമയ്ക്കറിയാം. എങ്കിലും അതിന്റെ പേരിൽ ഇപ്പൊ ഒരു വിരോധം അവൾക്കവരോടില്ല. പൂർണിമയുടെ മനസ്സിൽ ഇത്രയൊക്കെ പരാതികൾ ഉണ്ടായിരുന്നുവെന്ന് അറിഞ്ഞപ്പോൾ യമുനയ്ക്ക് ചെറിയൊരു കുറ്റബോധം തോന്നി. അവൾ പറഞ്ഞതൊക്കെ ഏറെകുറെ ശരിയാണല്ലോന്നാണ് അവർ ചിന്തിച്ചത്.

രണ്ട് മക്കളെ പ്രസവിച്ച താൻ ഒരിക്കൽ പോലും പൂർണിമയോട് അവളുടെ വേദന കുറവുണ്ടോന്ന് ചോദിച്ചിട്ടില്ല. ഇത്തിരി നേരം അവൾക്കരികിലിരുന്ന് സംസാരിച്ചിട്ടില്ല. കുറ്റപ്പെടുത്താനോ ഉപദേശിക്കാനോ ഒക്കെയായിരുന്നു ആ സമയത്ത് തിടുക്കം. അതിനൊക്കെ കാരണം നരനവളെ പൊന്ന് പോലെ നോക്കുന്നത് കണ്ടതിന്റെ അസൂയയായിരുന്നുവെന്ന് യമുന സ്വയം തിരിച്ചറിയുകയായിരുന്നു. തന്റെ രണ്ട് പ്രസവത്തിലും തനിക്ക് തന്റെ ഭർത്താവിന്റെ സാമീപ്യവും പരിചരിക്കലും കിട്ടിയിട്ടില്ല. തൊണ്ണൂറ് കഴിഞ്ഞിട്ടായിരുന്നു ഭർത്താവിനെ ഒന്ന് അടുത്ത് കാണാൻ പറ്റിയത് പോലും. അങ്ങനെയുള്ളപ്പോൾ തന്റെ മകൻ അവന്റെ ഭാര്യയ്ക്ക് അമിത പരിഗണനയും സ്നേഹവും കൊടുക്കുന്നുവെന്ന തോന്നലാണ് യമുനയ്ക്ക് പൂർണിമ പ്രസവിച്ചു കിടന്നിരുന്നപ്പോൾ തോന്നിയിരുന്നത്. പിന്നെ കുട്ടികളെ കണ്ട മാത്രയിൽ അവളുടെ ആരോഗ്യത്തെ കുറിച്ചൊക്കെ മറന്നുവെന്നത് സത്യമായിരുന്നു. അവരെ കൈയ്യിൽ കിട്ടിയ സന്തോഷമായിരുന്നു അവരിൽ നിറഞ്ഞ് നിന്നത്. "നീ പറഞ്ഞത് ശെരിയാ പൂർണിമേ. കുട്ടികളെ കിട്ടിയപ്പോൾ നിന്റെ കാര്യങ്ങൾ ബോധപൂർവ്വം ഞാൻ മറന്നുപോയി. അത് എന്റെ ഭാഗത്തെ തെറ്റാണ്. നിന്റെ മാനസികാവസ്ഥ മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചില്ല.

അതുകൊണ്ടാണല്ലോ ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടായതും. ഇനിയൊരിക്കലും ഞാൻ കാരണം നിനക്ക് വിഷമിക്കേണ്ടി വരില്ല. എന്റെ തെറ്റുകൾ എനിക്ക് മനസ്സിലായി. ഇനിയും നിങ്ങളങ്ങോട്ട് വരാതിരുന്നാൽ എനിക്ക് സഹിക്കില്ല പൂർണിമേ" ആത്മാർത്ഥമായിട്ടാണ് യമുന അങ്ങനെ പറഞ്ഞതെന്ന് പൂർണിമയ്ക്ക് ബോധ്യമായി. "അമ്മ വെറുതെ ഓരോന്നോർത്ത് മനസ്സ് വിഷമിപ്പിക്കണ്ട. നല്ലൊരു ദിവസം നോക്കി ഞങ്ങളങ്ങോട്ട് വരുന്നുണ്ട്." തന്നെ സമാധാനിപ്പിക്കാൻ പൂർണിമ വെറുതെ പറഞ്ഞതായിരിക്കുമെന്നാണ് യമുന പറഞ്ഞത്. പക്ഷേ അവളത് കാര്യമായിട്ട് തന്നെ പറഞ്ഞതായിരുന്നു. 🍁🍁🍁🍁🍁 "മുല്ലശ്ശേരിയിലേക്ക് ചെല്ലുന്നതിനെ കുറിച്ച് അമ്മ നിന്നോടെന്തെങ്കിലും ചോദിച്ചിരുന്നോ പൂർണിമ." രാത്രി അവളെയും ചേർത്ത് പിടിച്ച് കിടക്കുമ്പോഴാണ് നരേന്ദ്രന്റെ ചോദ്യം. "മ്മ്... എന്നാ അങ്ങോട്ട്‌ വരുന്നതെന്ന് ചോദിച്ചു. അമ്മയോട് ദേഷ്യമുള്ളത് കൊണ്ടാണ് ഞാൻ പോവാത്തതെന്നാ അമ്മ വിചാരിച്ചിരിക്കുന്നത്." "നിനക്ക് ഇഷ്ടമായില്ലെങ്കിലോന്ന് കരുതിയാണ് അവിടേക്ക് പോകുന്ന കാര്യം ഞാനും ഇതുവരെ ചോദിക്കാതിരുന്നത്. നമ്മളങ്ങോട്ട് ചെല്ലാത്തതിൽ അമ്മയ്ക്ക് നല്ല വിഷമമുണ്ട്. എപ്പഴും എന്നോട് ചോദിക്കും എന്നാ നമ്മള് വരുകാന്ന്." "അപ്പോൾ നരേട്ടനെന്താ പറയാറ്."

"നിന്റെ മെഡിസിനൊക്കെ കഴിയട്ടെ... നീ ഫുൾ ഓക്കേ ആണെന്ന് തോന്നിയാൽ നിന്റെ പൂർണ്ണ സമ്മതം ചോദിച്ചു മാത്രമേ അങ്ങോട്ട്‌ വരുന്നുള്ളു എന്ന് പറയും." "മുല്ലശ്ശേരിയിൽ പോകാൻ നരേട്ടനും ആഗ്രഹമുണ്ടല്ലേ." "അത് പിന്നെ ഇല്ലാണ്ടിരിക്കോ. നിന്നേം മക്കളേം കാണാതിരിക്കാൻ വയ്യാഞ്ഞിട്ടല്ലേ ഞാൻ ഇവിടവുമായി പൊരുത്തപ്പെട്ടു നിൽക്കുന്നത്." "അതെനിക്കറിയാലോ..." പ്രണയത്തോടെ അവളവനെ പുണർന്നു. "എങ്കിൽ പറ... മുല്ലശ്ശേരിയിലേക്ക് പോകാൻ നിനക്ക് സമ്മതമാണോ?" "സമ്മതമൊക്കെയാണ്..." ചെറിയൊരു പുഞ്ചിരിയോടെ ൾപൂർണിമ പറഞ്ഞു. "സത്യമാണോ?" നരേന്ദ്രൻ അവിശ്വസനീയതയോടെ അവളെ നോക്കി. "സത്യം." "എപ്പോ പോവാം നമുക്ക്?" നരേന്ദ്രൻ ഉത്സാഹത്തിലായി. ദിവസമൊക്കെ നരേട്ടൻ തന്നെ തീരുമാനിച്ചോ. എപ്പോ ആണെങ്കിലും ഞാൻ റെഡി." "അങ്ങനെയെങ്കിൽ നമുക്ക് സൺ‌ഡേ പോവാം." "അതിനിനി മൂന്നു ദിവസം കൂടിയല്ലേ ഉള്ളൂ." "ഹാ... നിനക്കെല്ലാം പാക്ക് ചെയ്ത് വയ്ക്കാൻ മൂന്ന് ദിവസം പോരേ." "മതി..." "നമ്മൾ ചെല്ലുന്ന കാര്യം മുല്ലശ്ശേരിയിൽ നീ ആരോടും പറയണ്ട, എല്ലാവർക്കും ഒരു സർപ്രൈസ് ആയിക്കോട്ടെ." "ഇവിടുള്ളവരോട് പറയണ്ടേ." "അത് പറഞ്ഞോ... ഇവിടെ അച്ഛനോടും അമ്മയോടും പ്രവീണിനോടുമൊക്കെ പ്രത്യേകം പറയണം എന്റെ അമ്മയോ അച്ഛനോ വിളിക്കുമ്പോ നമ്മളങ്ങോട്ട് ചെല്ലുന്ന കാര്യം അബദ്ധത്തിൽ പോലും പറഞ്ഞു പോകരുതെന്ന്."

"നരേട്ടൻ പറയരുതെന്ന് പറഞ്ഞാൽ ആരുമൊന്നും പറയില്ല." "ഒട്ടും പ്രതീക്ഷിക്കാതിരിക്കുന്ന സമയം സർപ്രൈസ് ആയിട്ട് നമ്മള് കേറി ചെല്ലുന്നത് കാണുമ്പോൾ അമ്മയ്ക്കും അച്ഛനും നവീനുമൊക്കെ ഉറപ്പായും സന്തോഷമാകും." മാതാപിതാക്കളുടെ സന്തോഷം മനസ്സിൽ കണ്ട് നരേന്ദ്രന്റെ ചുണ്ടിലും ചിരി വിടർന്നു. അവന്റെ സന്തോഷം കണ്ടപ്പോൾ പൂർണിമയ്ക്കും സന്തോഷം തോന്നിയെങ്കിലും ഇത്രയും നാൾ സ്വന്തം വീട്ടിൽ നിന്നിട്ട് തിരിച്ചു പോകുന്നതിന്റെ ഒരു വിഷമം അവളുടെ ഉള്ളിൽ ഒരു നീറ്റലായി പടർന്നു. പിന്നെ നരേന്ദ്രൻ സപ്പോർട്ട് ആയിട്ട് കൂടെയുള്ളത് അവൾക്കൊരു ആശ്വാസം തന്നെയായിരുന്നു. 🍁🍁🍁🍁🍁 കാത്തിരിപ്പുകൾക്കൊടുവിൽ ഞായറാഴ്ച ദിവസം വന്നെത്തി. തങ്ങൾക്ക് കൊണ്ട് പോകാനുള്ളതൊക്കെ തലേ ദിവസം തന്നെ പൂർണിമ പാക്ക് ചെയ്ത് വച്ചിട്ടുള്ളതിനാൽ ലഗ്ഗേജസൊക്കെ എടുത്ത് നരേന്ദ്രൻ കാറിൽ കൊണ്ടുപോയി വച്ചു. അവരെ മുല്ലശ്ശേരിയിൽ കൊണ്ട് വിടാൻ പൂർണിമയുടെ ഫാമിലിയും കുടുംബ സമേതം അവർക്കൊപ്പം ഉണ്ടായിരുന്നു. രാവിലെ തന്നെ എല്ലാവരും വീട് പൂട്ടി നരേന്ദ്രന്റെ തറവാട്ടിലേക്ക് യാത്രയായി.

പൂർണിമയും മക്കളും പോകുന്നത് എല്ലാവർക്കും ദുഃഖം നൽകിയിരുന്നു. യാത്രയിലുട നീളം അവരുടെയെല്ലാം മുഖം മ്ലാനമായിരുന്നു. കുട്ടികളുടെ കളിചിരികൾ കൊണ്ട് ശബ്ദ മുഖരിതമായിരുന്ന വീട് ഇനിമുതൽ ഉറങ്ങിപ്പോകുമെന്ന് അവർക്കറിയാം. എന്തൊക്കെയാണെങ്കിലും പൂർണിമ നരേന്ദ്രനൊപ്പം മുല്ലശ്ശേരിയിൽ സന്തോഷത്തോടെ കഴിയുന്നത് കാണാനാണ് അവരുടെ ആഗ്രഹം. അതുകൊണ്ട് തന്നെ ആ മടങ്ങിപ്പോക്ക് അനിവാര്യമാണെന്ന് ഓർത്ത് പൂർണിമയുടെ കുടുംബം അവൾ പോകുന്ന വിഷമം ഉള്ളിലടക്കി. കാണാൻ തോന്നുമ്പോൾ ഓടിച്ചെല്ലാനുള്ള ദൂരമല്ലേയുള്ളൂ എന്നോർത്ത് എല്ലാവരും സമാധാനിച്ചു. ഉച്ചക്ക് ഒരുമണിയോടെയാണ് അവർ നരേന്ദ്രന്റെ തറവാട്ടിൽ എത്തിച്ചേർന്നത്. കാർ പോർച്ചിൽ നിർത്തിയിട്ടിരിക്കുന്ന വണ്ടി കണ്ടപ്പോൾ മുല്ലശ്ശേരിയിൽ അഥിതികൾ ആരൊക്കെയോ വന്നിട്ടുണ്ടെന്ന് നരേന്ദ്രൻ ഊഹിച്ചു. പരിചയമില്ലാത്ത വണ്ടിയായതിനാൽ ആരായിരിക്കും വന്നതെന്ന സംശയത്തോടെ നരേന്ദ്രൻ പൂമുഖത്തേക്ക് നോക്കി. അതേസമയം പുറത്ത് കാർ വന്ന് നിൽക്കുന്ന ശബ്ദം കേട്ട് അകത്തുള്ളവരൊക്കെ പുറത്തേക്ക് വന്നു...... തുടരും...🥂

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story