മാലയോഗം: ഭാഗം 52

malayogam shiva

രചന: ശിവ എസ് നായർ

മുറ്റത്ത്‌ കാർ വന്ന് നിൽക്കുന്ന ശബ്ദം കേട്ട് അകത്തുള്ളവരൊക്കെ പുറത്തേക്ക് വന്നു നോക്കി. യമുനയ്ക്കും ശ്രീകണ്ഠനുമൊപ്പം വിനയനെയും ശ്രീജയെയും നീലിമയെയും കണ്ട് നരേന്ദ്രന്റെ മുഖമൊന്ന് മങ്ങി. തന്നെ കണ്ടപ്പോഴാണ് നരന്റെ മുഖം മങ്ങിയതെന്ന് ശ്രീജയ്ക്ക് മനസ്സിലായി. പൂർണിമയ്ക്കും വന്ന് കയറിയപാടെ അവരെ കണ്ടത് അത്ര രസിച്ചില്ലെങ്കിലും തന്റെ അനിഷ്ടം അവൾ ഉള്ളിൽ തന്നെ മറച്ച് പിടിച്ചു. "അല്ല ഇതാരൊക്കെയാ വന്നിരിക്കുന്നത്..." അത്യധികം ആഹ്ലാദത്തോടെ യമുന അവർക്കരികിലേക്ക് പാഞ്ഞുചെന്നു. "നിങ്ങള് വരുന്നതിനെ കുറിച്ച് ഒരു സൂചന പോലും തന്നില്ലല്ലോ. പിള്ളേര് പറഞ്ഞില്ലെങ്കിലും നിങ്ങൾക്കെങ്കിലും പറയാമായിരുന്നു." പരിഭവത്തോടെ യമുന എല്ലാവരെയും നോക്കി. "അമ്മയ്ക്കും അച്ഛനും നവീനുമൊക്കെ ഒരു സർപ്രൈസായിക്കോട്ടേന്ന് കരുതിയാ ഞാനൊന്നും പറയാതിരുന്നത്." നരേന്ദ്രൻ അമ്മയുടെ തോളിലൂടെ കയ്യിട്ട് അവരെ ചേർത്തണച്ചു. "നരനും പൂർണിമയും പറയണ്ടെന്ന് പറഞ്ഞത് കൊണ്ടാ ഞങ്ങളും ഒന്നും പറയാത്തത്." ശിവദാസൻ ശ്രീകണ്ഠനോടായി പറഞ്ഞു. "എന്തായാലും കാത്തിരിപ്പിനൊടുവിൽ നിങ്ങൾ വന്നല്ലോ എനിക്ക് സന്തോഷായി." പൂർണിമയുടെ കൈയ്യിൽ നിന്നും യമുന മോളെ വാങ്ങി.

"വന്ന കാലിൽ തന്നെ നിൽക്കാതെ എല്ലാവരും അകത്തേക്ക് കേറിയാട്ടെ." ശ്രീകണ്ഠൻ പൂർണമിയുടെ വീട്ടുകാരെ അകത്തേക്ക് ക്ഷണിച്ചു. ശ്രീജയുടെ ഇളയ മകൾ നീലിമയും പൂർണിമയുടെയും അനിയത്തിമാരുടെയും അടുത്തേക്ക് വന്ന് അവരെ കൈ പിടിച്ച് അകത്തേക്ക് കൊണ്ട് പോയി. "ഇതേതാ വിനയൻ മാമാ പുതിയ കാർ. പഴയ കാർ മാറ്റിയോ? വണ്ടി കണ്ടിട്ട് എനിക്ക് മനസ്സിലായില്ല." നരേന്ദ്രന്റെ ചോദ്യം വിനയനോടായിരുന്നെങ്കിലും മറുപടി പറഞ്ഞത് ശ്രീജയാണ്. "ഇത് ഞങ്ങളുടെ മരുമോൻ അഭി വാങ്ങി തന്നതാ. ഞങ്ങള് പറഞ്ഞതാ ഇപ്പൊ ഒരു കാർ ഞങ്ങൾക്ക് വേണ്ടെന്ന്. പക്ഷേ മോൻ കേൾക്കണ്ടേ. അവനൊരേ നിർബന്ധമായിരുന്നു പിന്നെ ഞങ്ങളും തടസ്സം പറയാൻ പോയില്ല. മുപ്പത് ലക്ഷം രൂപേടെ കാറാ നരാ. അവൾക്കും കല്യാണത്തിന് ഞങ്ങൾ ഒരു കുറവും വരുത്തിയിട്ടില്ല. കാശുള്ള പെണ്ണിനെ കെട്ടിയിരുന്നെങ്കിൽ നിനക്കും ഇതുപോലെ കിട്ടുമായിരുന്നു നരാ. ഇതിപ്പോ അങ്ങോട്ട്‌ സഹായങ്ങൾ പോകുന്നതല്ലാതെ നിനക്കൊന്നും കിട്ടാൻ പോകുന്നില്ലല്ലോ." ശ്രീജമ്മായിയുടെ വാക്കുകൾ കേട്ട് നരേന്ദ്രന് കോപമടക്കാനായില്ല. അവർ പറഞ്ഞത് കേട്ടുകൊണ്ട് വന്ന പൂർണിമയ്ക്കും ആകെയൊരു വല്ലായ്മ തോന്നി. സന്തോഷത്തോടെ വന്നിറങ്ങിയപ്പോൾ തന്നെ കല്ലുകടി ആണല്ലോന്നാണ് അവളോർത്തത്.

തങ്ങളെ താഴ്ത്തി കെട്ടിയുള്ള അമ്മായിയുടെ സംസാരം തന്റെ വീട്ടുകാർ കേട്ടെന്ന് കരുതി പൂർണിമ പരിഭ്രമിച്ച് അവരെ നോക്കിയപ്പോൾ ഗീത യമുനയോടും പ്രവീണും ശിവദാസനും ശ്രീകണ്ഠനോട് വിശേഷങ്ങൾ പറയുന്ന തിരക്കിലായിരുന്നു. പ്രീതിയെയും പാറുവിനെയും നീലിമ മുകളിലേക്ക് കൂട്ടികൊണ്ട് പോയത് കൊണ്ട് അവരും ശ്രീജ പറഞ്ഞത് കേട്ടില്ലെന്ന് മനസ്സിലായി. ആശ്വാസത്തിന്റെ ഒരു നെടുവീർപ്പ് പൂർണിമയിൽ നിന്നുയർന്നു. "അമ്മായി വന്ന കാര്യം കഴിഞ്ഞെങ്കിൽ ഇറങ്ങിപോകാൻ നോക്ക്." അവർക്ക് കേൾക്കാൻ പാകത്തിൽ പിറു പിറുത്തുകൊണ്ട് പൂർണിമയെയും കൊണ്ട് നരേന്ദ്രൻ മുകളിലേക്ക് പോയി. "നിനക്കിത് എന്തിന്റെ കേടായിരുന്നു ശ്രീജേ. നാക്കിന് എല്ലില്ലെന്ന് കരുതി എന്തും വിളിച്ചു പറയാമെന്ന് കരുതരുത്. വേറെയാരും കേൾക്കാത്തത് ഭാഗ്യം. ഇനി നിന്റെ വായിൽ നിന്ന് ഇത്തരം വിഷം തുപ്പുന്ന വാക്കുകൾ വീണാൽ അപ്പോ പറയാം ഞാൻ ബാക്കി." അമർഷത്തോടെ ഭാര്യയെ ഒന്ന് നോക്കിയിട്ട് വിനയൻ ശ്രീകണ്ഠനരികിലേക്ക് നടന്നു. അഭിയുമായി നയനയുടെ വിവാഹം കഴിഞ്ഞ് പിറ്റേ മാസം തന്നെ അവളെയും കൊണ്ട് അഭിജിത്ത് കാനഡയ്ക്ക് പോയതാണ്. ഇപ്പൊ നയനയ്ക്ക് വിശേഷമുണ്ടെന്നും യാത്രകൾ ഒഴിവാക്കി പൂർണ്ണമായും ബെഡ് റസ്റ്റ്‌ വേണമെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുള്ളതിനാൽ അവൾക്ക് യാത്ര ചെയ്യാൻ കഴിയില്ല.

പിറ്റേന്ന് രാവിലത്തെ ഫ്ലൈറ്റിന് ശ്രീജ കാനഡയ്ക്ക് പോവുകയാണ്. പോയാൽ പിന്നെ നയനയുടെ പ്രസവമൊക്കെ കഴിഞ്ഞേ തിരിച്ചു വരൂ. അതുകൊണ്ട് പോകുന്നതിന് മുൻപായി എല്ലാരേം കണ്ട് യാത്ര പറയാൻ വന്നതായിരുന്നു അവർ. "അമ്മായി പറഞ്ഞത് കേട്ട് നീ വിഷമിക്കണ്ട പൂർണിമേ. എന്നേക്കാൾ നല്ലൊരു മരുമകനെയാണ് കിട്ടിയതെന്ന് കാണിക്കാനുള്ള കാട്ടിക്കൂട്ടലായിരുന്നു അതൊക്കെ." നരേന്ദ്രൻ പൂർണിമയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. "എനിക്ക് മനസ്സിലായി നരേട്ടാ. അതൊന്നും സാരമില്ല. അവരെപ്പോ ഇവിടെ വന്നാലും ഇങ്ങനെ തന്നെയാണല്ലോ." "ഹ്മ്മ്മ്..." നീട്ടിയൊന്ന് മൂളിക്കൊണ്ട് നരൻ മുറിയിലേക്ക് കയറി. പിന്നാലെ അവളും മുറിയിലേക്ക് പ്രവേശിച്ചു. 🍁🍁🍁🍁🍁 വൈകുന്നേരത്തെ ചായ കുടിയൊക്കെ കഴിഞ്ഞ ശേഷമാണ് വിനയനും ശ്രീജയും നീലിമയും യാത്ര പറഞ്ഞിറങ്ങിയത്. അധികം വൈകാതെ പൂർണിമയുടെ വീട്ടുകാരും പോകാനായി തയ്യാറെടുത്തു. കുഞ്ഞുങ്ങളെ വിട്ട് പിരിയുന്നത് അവർക്കെല്ലാം ഒരു വേദന തന്നെയായിരുന്നു. കുഞ്ഞിപ്പെണ്ണിന് നന്ദ എന്നും കുഞ്ഞിചെക്കന് ആദി എന്നുമാണ് നരേന്ദ്രനും പൂർണിമയും പേരിട്ടത്. നന്ദ മോൾക്കും ആദി മോനും കെട്ടിപ്പിടിച്ച് ഉമ്മകൾ നൽകി നാല് പേരും പുറത്തേക്കിറങ്ങി.

"നിനക്കിവിടെ എന്ത് ബുദ്ധിമുട്ട് തോന്നിയാലും എന്നെ വിളിക്കണം. നിന്റെ കൂടെ എന്നും ഞങ്ങളൊക്കെയുണ്ടാവും. ഒന്നിനെ കുറിച്ചോർത്തും മനസ്സ് വിഷമിപ്പിക്കരുത് കേട്ടോ." ഇറങ്ങാൻ നേരം പെങ്ങളെ ചേർത്ത് പിടിച്ച് പ്രവീൺ പറഞ്ഞു. നരേന്ദ്രനും വീട്ടുകാരുമൊക്കെ കേൾക്കെയാണ് അവനത് പറഞ്ഞത്. പ്രവീൺ പറഞ്ഞത് കേട്ടപ്പോൾ യമുനയ്ക്ക് നേരിയൊരു കുറ്റബോധം തോന്നിയെങ്കിലും ഭാവപ്പകർച്ച മുഖത്ത് കാണിക്കാതെ അവർ നിന്നു. പ്രിയപ്പെട്ടവരൊക്കെ കാറിൽ കയറി അകന്ന് പോകുന്നത് കാൺകെ പൂർണിമയുടെ മിഴികൾ നിറഞ്ഞു. അവളുടെ മനസ്സ് മനസ്സിലാക്കിയത് പോലെ നരേന്ദ്രനവളുടെ കൈകളിൽ മുറുക്കി പിടിച്ചു. 🍁🍁🍁🍁🍁 ദിവസങ്ങൾ ഓടിമാഞ്ഞു കൊണ്ടിരുന്നു. ഒരു വർഷം കഴിഞ്ഞുള്ള മടക്കമായതിനാൽ പൂർണിമ മുല്ലശ്ശേരിയുമായി പൊരുത്തപ്പെടുന്നത് വരെ നരേന്ദ്രൻ ഒരാഴ്ച ഓഫീസിൽ നിന്ന് ലീവെടുത്തു അവൾക്കൊപ്പം താങ്ങായി നിന്നിരുന്നു. സദാസമയം നരേന്ദ്രനടുത്തുള്ളത് കൊണ്ട് വീട്ടിൽ നിന്നും വന്നതിന്റെ വിഷമം അവൾക്ക് വലുതായി അനുഭവപ്പെട്ടില്ല. പൂർണിമ അവിടവുമായി പഴയത് പോലെ ഇണങ്ങി തുടങ്ങിയപ്പോൾ നരേന്ദ്രന് ആശ്വാസം തോന്നി. ഒരാഴ്ച കഴിഞ്ഞ് അവൻ ഓഫീസിലേക്ക് പോയി തുടങ്ങി.

ശ്രീകണ്ഠൻ റിട്ടയർമെന്റ് കഴിഞ്ഞതിനാൽ മുഴുവൻ സമയവും മുല്ലശ്ശേരിയിൽ തന്നെയുണ്ട്. ബാംഗ്ലൂരും മുംബൈയുലുമുള്ള നല്ല നല്ല കമ്പനികളിൽ ജോബ് ഓഫർ വന്നെങ്കിലും തറവാട്ടിൽ നിന്നും മാറിനിൽക്കാനുള്ള മടിയിൽ അവനതെല്ലാം വേണ്ടെന്ന് വച്ച് നടക്കുമ്പോഴാണ് ബാംഗ്ലൂർ തന്നെയുള്ള ഒരു മൾട്ടി നാഷണൽ കമ്പനിയുടെ വർക്ക്‌ ഫ്രം ഹോം ജോബ് ഓഫർ അവന് കിട്ടുന്നത്. വീട്ടിലിരുന്ന് ചെയ്താൽ മതിയെന്നുള്ളത് കൊണ്ട് സാലറി കുറവാണെങ്കിലും അവനത് തന്നെ ചൂസ് ചെയ്തു. പൂർണിമയെ ഏട്ടന്റെ ഭാര്യയായി കണ്ട് നവീൻ നല്ല രീതിയിലാണ് ഇടപഴകുന്നതെങ്കിലും പൂർണിമയ്ക്കിത് വരെ നവീനെ ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല. ആദ്യമായി അവളുടെ മനസ്സിൽ അവനോടുള്ള വെറുപ്പ് കുടിയേറിയതിനാൽ അതങ്ങ് പൂർണമായി മാറിയിട്ടില്ല. അക്കാര്യം നവീനും അറിയാം. എങ്കിലും അവനതിൽ പരാതി ഒന്നുമില്ല. നവീന്റെ മാറ്റത്തിൽ ആത്മാർത്ഥ ഉണ്ടോന്നുള്ള കാര്യത്തിലും അവൾക്ക് സംശയമുണ്ട്. കാരണം അവനെക്കാൾ പ്രായം കുറവായ തന്നെ നവീൻ ഏട്ടത്തി എന്ന് വിളിക്കുന്നതിൽ പരിഹാസം മുഴച്ചിരിപ്പുണ്ടോ എന്ന കാര്യത്തിൽ പൂർണിമയ്ക്ക് സന്ദേഹം നില നിന്നിരുന്നു. അതുകൊണ്ട് തന്നെ ഏട്ടത്തിയെന്നുള്ള വിളിയും അവൾക്ക് അരോചകമായിട്ടാണ് അനുഭവപ്പെടുന്നത്. 🍁🍁🍁🍁🍁

രാവിലെ മുതൽ രാത്രി ഉറങ്ങുന്നത് വരെയുള്ള സമയം മുഴുവൻ കുഞ്ഞുങ്ങളെ രണ്ട് പേരെയും നോക്കുന്നത് യമുനയും ശ്രീകണ്ഠനും ചേർന്നാണ്. കുളിപ്പിക്കുന്നതും ഒരുക്കുന്നതും ഉറക്കുന്നതുമൊക്കെ അവരാണ്. പൂർണിമയെ കൊണ്ട് ഒന്നും ചെയ്യാൻ സമ്മതിക്കില്ല. തന്റെ കുട്ടികളോടുള്ള ഇഷ്ട കൂടുതൽ കൊണ്ടാണല്ലോ അങ്ങനെയെല്ലാം ചെയ്യാൻ അവർക്ക് മനസ്സുള്ളതെന്ന് ഓർക്കുമ്പോൾ പൂർണിമയ്ക്ക് വിഷമമൊന്നും തോന്നില്ല. ഒരനുഭവം ഉള്ളതുകൊണ്ട് മക്കളെ രണ്ട് പേരെയും കാര്യമായിട്ട് തന്നെയാണ് യമുനയും ശ്രീകണ്ഠനും നോക്കുന്നത്. പാല് കൊടുക്കാൻ മാത്രമാണ് കുട്ടികളെ അവളുടെ കയ്യിൽ കിട്ടാറുള്ളത്, പിന്നെ രാത്രിയിലും. നന്ദ മോൾടേം ആദി മോന്റേം കാര്യങ്ങൾ അച്ഛാച്ചനും അച്ഛമ്മയും ഏറ്റെടുത്തതോടെ പൂർണിമയ്ക്ക് ചെയ്യാൻ ഒന്നുമില്ലാത്തത് പോലെയായി. രാവിലെ അവൾ എഴുന്നേറ്റ് വരുമ്പോഴേക്കും അടുക്കള പണി വരെ യമുന ഒതുക്കുന്നതിനാൽ പൂർണിമയ്ക്കവിടെയൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇരട്ടകുട്ടികളുണ്ടായിട്ട് പോലും തനിക്ക് വെറുതെയിരിക്കേണ്ടി വരുന്നു. ഇതിങ്ങനെ തുടർന്നാൽ താൻ വീണ്ടും ഡിപ്രഷനിലേക്ക് പോകുമെന്ന് പൂർണിമയ്ക്ക് തോന്നി.

എന്തെങ്കിലും ജോലിക്ക് പോകാനോ പഠിക്കാനോ തനിക്കനുവാദം കിട്ടാൻ പോകുന്നില്ലെന്ന് അവൾക്കറിയാം. പക്ഷേ സ്വന്തമായി ഒരു വരുമാനമാർഗം കണ്ടെത്താൻ പൂർണിമയ്ക്ക് അതിയായ ആഗ്രഹം തോന്നി. വെറുതെയിരിക്കുമ്പോൾ അവൾക്ക് വായിക്കാനായി നരേന്ദ്രൻ കുറെയധികം ബുക്സ് വാങ്ങികൊണ്ട് കൊടുത്തിട്ടുണ്ടെങ്കിലും കുറച്ചുസമയം വായിക്കുമ്പോഴേക്കും അവൾക്ക് മടുപ്പാകും. ഒടുവിൽ പൂർണിമ തന്നെയാണ് സമയം പോകാനായി തനിക്കേറ്റവുമിഷ്ടമുള്ള പാചകം തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. പൂർണിമ അടുക്കളയിൽ കയറി പാചകം ചെയ്യുന്നത് യമുനയ്ക്കിഷ്ടമുള്ള കാര്യമായിരുന്നില്ല. അവളതൊന്നും കാര്യമാക്കാൻ നിന്നില്ല. വൈകുന്നേരം ചായക്കായി ഓരോ ദിവസവും ഓരോ സ്നാക്സ് അവൾ പരീക്ഷിച്ചു നോക്കി. പുതിയ പുതിയ ഡിഷസ് കണ്ട് പിടിക്കാൻ ശ്രമിച്ചു.

പൂർണിമയുടെ പരീക്ഷണങ്ങൾ വീട്ടിലെല്ലാവർക്കും ഇഷ്ടപ്പെടുകയും അതിന്റെ പേരിൽ അവളെയെല്ലാവരും പുകഴ്ത്തുകയും ചെയ്യുന്നത് ഒട്ടൊരു അസൂയയോടെയാണ് യമുന നോക്കി കണ്ടത്. എങ്കിലും മരുമകളുടെ പാചകം അവർക്കും ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് ആദ്യം തോന്നിയ അനിഷ്ടം യമുനയുടെ മനസ്സിൽ നിന്നും മാഞ്ഞു തുടങ്ങിയിരുന്നു. അന്നൊരു ശനിയാഴ്ച ദിവസമായിരുന്നു. ശ്രീകണ്ഠനും യമുനയും നന്ദ മോളെയും ആദി മോനെയും കൊണ്ട് അമ്പലത്തിൽ പോയിരിക്കുകയായിരുന്നു. പൂർണിമയ്ക്ക് പീരിയഡ്സായതിനാൽ അവൾ പോയില്ല. നരേന്ദ്രൻ ഓഫീസിൽ നിന്ന് വരാനാവുന്നതേയുള്ളൂ. മുല്ലശ്ശേരിയിൽ നവീനും പൂർണിമയും മാത്രമേയുണ്ടായിരുന്നുള്ളൂ. അടുക്കളയിൽ, വൈകുന്നേരത്തെ ചായക്കടി ഉണ്ടാക്കുന്ന തിരക്കിലായിരുന്നു പൂർണിമ. പെട്ടെന്നാണ് പിന്നിലൊരു നിഴലനക്കം കണ്ട് അവൾ ഞെട്ടി പിന്തിരിഞ്ഞത്. കൈയ്യിൽ ക്യാമറയുമായി തന്നെ നോക്കി നിൽക്കുന്ന നവീനെ കണ്ട് പൂർണിമയൊന്ന് ഞെട്ടി...... തുടരും...🥂

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story