മാലയോഗം: ഭാഗം 53

malayogam shiva

രചന: ശിവ എസ് നായർ

അന്നൊരു ശനിയാഴ്ച ദിവസമായിരുന്നു. ശ്രീകണ്ഠനും യമുനയും നന്ദ മോളെയും ആദി മോനെയും കൊണ്ട് അമ്പലത്തിൽ പോയിരിക്കുകയായിരുന്നു. പൂർണിമയ്ക്ക് പീരിയഡ്സായതിനാൽ അവൾ പോയില്ല. നരേന്ദ്രൻ ഓഫീസിൽ നിന്ന് വരാനാവുന്നതേയുള്ളൂ. മുല്ലശ്ശേരിയിൽ നവീനും പൂർണിമയും മാത്രമേയുണ്ടായിരുന്നുള്ളൂ. അടുക്കളയിൽ, വൈകുന്നേരത്തെ ചായക്കടി ഉണ്ടാക്കുന്ന തിരക്കിലായിരുന്നു പൂർണിമ. പെട്ടെന്നാണ് പിന്നിലൊരു നിഴലനക്കം കണ്ട് അവൾ ഞെട്ടി പിന്തിരിഞ്ഞത്. കൈയ്യിൽ ക്യാമറയുമായി തന്നെ നോക്കി നിൽക്കുന്ന നവീനെ കണ്ട് പൂർണിമയൊന്ന് ഞെട്ടി. കാരണം മുൻപും ഇതുപോലെ താൻ അടുക്കളയിൽ പാചകത്തിൽ മുഴുകി നിൽക്കുമ്പോൾ ക്യാമറയും കൊണ്ട് നവീൻ ഇടയ്ക്കിടെ വന്ന് നിൽക്കാറുണ്ട്. ആ സമയത്തൊക്കെ മുല്ലശ്ശേരിയിൽ യമുനയും ശ്രീകണ്ഠനും ഉള്ളതുകൊണ്ട് അവൾക്ക് പേടിയൊന്നും തോന്നിയിട്ടില്ല. ഇപ്പൊ ആരുമില്ലാത്തത് കൊണ്ടാണ് പൂർണിമ ഭയന്ന് പോയത്. എന്താ കാര്യമെന്ന് ചോദിച്ചാൽ ഒന്നുമില്ലെന്ന് ചുമൽ കൂചികൊണ്ട് ഒരു കള്ളച്ചിരി ചിരിച്ച് നവീൻ അവിടുന്ന് ഓടിപ്പോകും. ആ നിമിഷങ്ങളിലൊക്കെ പൂർണിമ തന്റെ വസ്ത്രമൊക്കെ നേരെ തന്നെയാണോന്ന് നോക്കിപ്പോകും.

അവനിനി ക്യാമറയിൽ അതെങ്ങാനും പകർത്താനാണോ വന്ന് നിക്കുന്നതെന്നൊക്കെ പൂർണിമ സംശയിച്ചിട്ടുണ്ട്. "എ... എന്താ നവീൻ? കുറേ ദിവസമായല്ലോ ഇങ്ങനെ ക്യാമറയും പിടിച്ച് എന്റെ പിന്നാലെ കൂടിയിട്ട്. എന്താ നിന്റെ ഉദ്ദേശം." ഉള്ളിലെ ഭയം പുറത്ത് കാണിക്കാതെ അവൾ ചോദിച്ചു. "ഏട്ടത്തി തെറ്റിദ്ധരിക്കണ്ട. ഞാൻ ഏട്ടത്തിയോട് ഒരു ഗുഡ് ന്യൂസ്‌ പറയാൻ വന്നതാണ്." പൂർണിമയുടെ പകച്ച മുഖം കണ്ട് അവൾ തന്നെ ഭയപ്പെട്ടുവെന്ന് മനസ്സിലാക്കി നവീൻ വേഗം വന്ന കാര്യം അവതരിപ്പിക്കാൻ ശ്രമിച്ചു. "ആദ്യം നീയീ ഏട്ടത്തി വിളിയൊന്ന് നിർത്തുമോ? അത് കേൾക്കുമ്പോൾ തന്നെ എന്നെ കളിയാക്കി വിളിക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കിൽ തന്നെ നിന്നെക്കാൾ രണ്ട് വയസ്സ് പ്രായം കുറഞ്ഞ എന്നെ ഏട്ടത്തിയെന്ന് വിളിക്കേണ്ട കാര്യമില്ലല്ലോ." പൂർണിമ പറഞ്ഞത് കേട്ട് അവനൊന്ന് പുഞ്ചിരിച്ചു. "പ്രായം കൊണ്ട് എന്റെ ഇളയതാണെങ്കിലും സ്ഥാനം കൊണ്ട് പൂർണിമ എനിക്ക് ഏട്ടത്തിയാണ്. എന്റെ ഏട്ടന്റെ ഭാര്യ. ആ സ്ഥാനവും ബഹുമാനവും നൽകിയാണ് ഞാൻ ഏട്ടത്തിയെന്ന് വിളിക്കുന്നത്. അല്ലാതെ കളിയാക്കാൻ വേണ്ടിയല്ല കേട്ടോ. ഒരിക്കൽ അറിഞ്ഞോ അറിയാതെയോ തന്നെ മോഹിച്ചതാണ് ഞാൻ. എന്റെ ജീവിതത്തിൽ കൂടെ വേണമെന്ന് തോന്നിയിട്ടുണ്ട്.

ആദ്യ കാഴ്ചയിൽ തന്നെ മനസ്സിലൊരു ഇഷ്ടം കുടിയേറി. കോളേജ് ഹീറോയായി വിലസി നടന്ന എന്റെ പുറകെ പെൺപിള്ളേർ ക്യൂ ആയതുകൊണ്ട് തന്നെ പ്രൊപോസ് ചെയ്താൽ വേഗം വളയുമെന്നും കരുതി. പക്ഷേ അങ്ങനെയല്ലെന്ന് മനസ്സിലായത്തോടെയാണ് മനസ്സിലൊരു വാശി തോന്നിയത്. പിന്നെ ഓരോ ഈഗോ ക്ലാഷസും ഫ്രണ്ട്സിന്റെ ഉപദേശവുമൊക്കെ വഴി തെറ്റിച്ച് കുറേ തെറ്റുകൾ ചെയ്ത് കൂട്ടി തന്നോട്. അതിന്റെ അവസാനം കോളേജിൽ നിന്ന് പുറത്താവുകയും ചെയ്തു. അതിനൊക്കെ ശേഷം പിന്നീട് താനിവിടെ എന്റെ ഏട്ടന്റെ ഭാര്യയായി വരുന്ന വിവരമറിഞ്ഞപ്പോൾ ഞെട്ടലും സങ്കടവുമൊക്കെ തോന്നി. ഈ വിവാഹം മുടക്കിയാലോന്ന് പോലും ചിന്തിച്ചു പോയി. പക്ഷേ ഏട്ടന് ഒരുപാട് പെണ്ണ് നോക്കി നോക്കി അവസാനം ജാതകമൊക്കെ ചേർച്ചയോട് കൂടി ഒത്തുവന്നത് തന്നെയാണെന്ന് കണ്ടപ്പോൾ ഒന്നും വേണ്ടെന്ന് വച്ചു. പിന്നെയാണ് തന്നെയൊന്ന് ചുറ്റിക്കാൻ തീരുമാനിച്ചത്. പിന്നെ ഏട്ടത്തിയെന്ന് വിളിക്കുമ്പോൾ എനിക്കും അതൊരു ഓർമ്മപ്പെടുത്തലാണ്. അല്ലെങ്കിൽ ഒരുപക്ഷേ തന്നോട് ആദ്യം തോന്നിയൊരു ഇഷ്ടം മനസ്സിൽ നിന്നും മായാതെ കിടന്നാലോന്നുള്ള പേടിയുണ്ടായിരുന്നു. പക്ഷേ ഇപ്പൊ ആ പേടി ഇല്ല.

പൂർണിമയെ ഞാനെന്റെ ഏട്ടത്തിയായി മനസ്സിൽ പ്രതിഷ്ടിച്ചു കഴിഞ്ഞു." നവീൻ പറഞ്ഞതൊക്കെ കേട്ട് എന്ത് പറയണമെന്നറിയാതെ നിൽക്കുകയാണ് പൂർണിമ. "ആഹ്... ഞാൻ വന്ന കാര്യം പറഞ്ഞില്ലല്ലോ." "എന്താ പറയ്യ്..." പൂർണിമയിലും ആകാംക്ഷ നിറഞ്ഞു. "ഏട്ടത്തി ഇവിടെ ഉണ്ടാക്കുന്ന റെസിപ്പിയുടെ വീഡിയോസ് ഏട്ടത്തിയറിയാതെ ഞാൻ എടുക്കുമായിരുന്നു. അതിന് വേണ്ടിയായിരുന്നു ഞാൻ ഏട്ടത്തി കാണാതെ ക്യാമറയും കൊണ്ട് ഇവിടെ ചുറ്റിപറ്റി നടന്നിരുന്നത്. എന്നിട്ട് ആ വീഡിയോസൊക്കെ സബ് ടൈറ്റിൽസ് കൊടുത്ത് എഡിറ്റ്‌ ചെയ്ത് നീറ്റാക്കി ഞാൻ യൂട്യൂബിൽ ഒരു കുക്കിംഗ്‌ ചാനൽ തുടങ്ങിയിട്ട് അതിൽ ഇടുന്നുണ്ടായിരുന്നു. ഇപ്പൊ ചാനലിന് അത്യാവശ്യം റീച് വന്ന് തുടങ്ങിയിട്ടുണ്ട്. ഏട്ടത്തിക്ക് ഇതൊരു വരുമാന മാർഗ്ഗമാക്കാം. റെസിപ്പീസിന്റെ വീഡിയോസ് എടുത്ത് എഡിറ്റ്‌ ചെയ്യുന്നത് ഞാനേറ്റു. ഇതൊരു പ്രൊഫഷനായി കണ്ട് ഒന്നാഞ്ഞു പിടിച്ചാൽ ഏട്ടത്തിക്ക് വീട്ടിലിരുന്ന് തന്നെ ചെറിയൊരു തുക സമ്പാദിക്കാം. ഈ ഐഡിയ പറയാനാണ് ഞാൻ വന്നത്. ദേ... ഏട്ടത്തിയുടെ പേരിൽ ഞാൻ തുടങ്ങിയ ചാനലും അതിൽ അപ്‌ലോഡ് ചെയ്ത വീഡിയോയുമൊക്കെ." ടാബ് തുറന്ന് പൂർണിമയുടെ പേരിലെടുത്ത ചാനൽ അവനവൾക്ക് കാണിച്ച് കൊടുത്തു.

കൗതുകത്തോടെയാണ് പൂർണിമ അതൊക്കെ നോക്കി കണ്ടത്. അവൾക്കിതെല്ലാം പുതിയ അറിവുകളായിരുന്നു. തന്നെ സഹായിക്കാൻ അവന് ഇങ്ങനെയൊരു മനസ്സ് തോന്നിയതോർത്ത്‌ അവളുടെ കണ്ണുകൾ നിറഞ്ഞു. "എനിക്ക് ഇതൊന്നും കൈകാര്യം ചെയ്യാനറിയില്ല നവീൻ. എന്റെ പാചകമൊന്നും അത്ര മികച്ചതല്ല. എന്തൊക്കെയോ തട്ടിക്കൂട്ടി പരീക്ഷിക്കുന്നുവെന്നേയുള്ളു. ആ ഞാൻ എനങ്ങനെയാ...ഇതൊക്കെ ശരിയാകുമോ?" "ഏട്ടത്തി ഒന്നും ഓർത്ത് ടെൻഷനാവണ്ട. ഞാൻ പറയുന്നത് പോലെയങ്ങു ചെയ്താൽ മതി. എല്ലാം വഴിയേ പറഞ്ഞു മനസ്സിലാക്കിച്ച് തരുന്നുണ്ട് ഞാൻ." "ഇതറിയുമ്പോൾ നരേട്ടനും അച്ഛനും അമ്മയുമൊക്കെ സമ്മതിക്കുമോ?" പൂർണിമയിൽ സംശയം ബാക്കിയായി. "അവരോടൊക്കെ എന്തിനാ പറയാൻ പോകുന്നത്. പറഞ്ഞാലും സമ്മതിക്കാൻ പോണില്ല. അല്ലെങ്കിൽ തന്നെ ഈ കാര്യത്തിനൊക്കെ അവരുടെ അനുവാദവും ചോദിച്ചു ചെല്ലേണ്ട ഒരാവശ്യവുമില്ല." "പറയാതിരുന്നാൽ ഏതെങ്കിലും വഴിക്ക് അവർ അറിഞ്ഞാലോ." "ഇവിടെ ആർക്കാണ് യൂട്യൂബൊക്കെ നോക്കാൻ നേരം. അച്ഛനും അമ്മയും ഫുൾ ടൈം കുട്ടികൾക്കൊപ്പമാണ്. ഇനിയഥവാ ഫോണെടുത്ത് നോക്കിയാൽ കുക്കറി ചാനലൊന്നും കണ്ടിരിക്കുന്നവർ ഇവിടെയില്ല.

പിന്നെ വീഡിയോയിലെ ഏട്ടത്തിയുടെ സൗണ്ട് ഒന്നും പെട്ടെന്ന് ആർക്കും മനസ്സിലായെന്ന് വരില്ല. പിന്നെ മുഖവും കാണിക്കണ്ട. അതെല്ലാം ഞാൻ ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ട് ഐശ്വര്യമായിട്ട് ഇന്നത്തെ ഡിഷിന്റെ വീഡിയോ പോരട്ടെ." ക്യാമറ ഓൺ ചെയ്ത് നവീൻ തയ്യാറായി. അത് കണ്ടതും പിന്നെയൊന്നും പറയാൻ നിൽക്കാതെ പൂർണിമയും അവനൊപ്പം ചേർന്നു. 🍁🍁🍁🍁🍁 ആദ്യത്തെ കുറച്ചു ദിവസങ്ങൾ പൂർണിമയ്ക്ക് ചെറിയൊരു ബുദ്ധിമുട്ട് തോന്നിയെങ്കിലും പോക പോകേ പുതിയ പുതിയ പാചക പരീക്ഷണങ്ങൾ നടത്താനും അത് വീഡിയോയാക്കി അപ്‌ലോഡ് ചെയ്യാനും നവീനെക്കാൾ ഉത്സാഹം അവൾക്കായി. പുതിയ യുട്യൂബ് ചാനലിനെ കുറിച്ച് നവീനും പൂർണിമയും ആരോടും പറയെണ്ടെന്ന് തന്നെ തീരുമാനിച്ചിരുന്നു. അവൾ അടുക്കളയിലുള്ള സമയത്തൊക്കെ നവീനും ആ പരിസരത്തൊക്കെ ചുറ്റിക്കറങ്ങി നിൽക്കുന്നത് കണ്ട് യമുനയും ശ്രീകണ്ഠനും കാര്യമന്വേഷിച്ചപ്പോൾ അവനും പാചകത്തിൽ താല്പര്യമുണ്ടെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി. പിന്നീട് ആരുംതന്നെ അവനോട് അതേപറ്റി ചോദിക്കാൻ പോയില്ല. രണ്ട് ദിവസം കൂടുമ്പോൾ പുതിയ പുതിയ റെസിപ്പി വീഡിയോസിടുന്നതിനാൽ മെല്ലെ മെല്ലെ പൂർണിമയുടെ കുക്കറി ചാനൽ റീച്ചാവാൻ തുടങ്ങി.

വിരലിലെന്നാവുന്നവർ മാത്രം കണ്ടിരുന്ന വീഡിയോസ് ഓരോന്നും ആയിരവും കടന്ന് പതിനായിരം ഇരുപതിനായിരം വ്യൂസിൽ എത്തി നിന്നു. ചിലതിനൊക്കെ അതിനും മുകളിൽ വ്യൂസ് കേറികൊണ്ടിരുന്നു. അതൊക്കെ കണ്ട് പൂർണിമയ്ക്കും നവീനും സന്തോഷമടക്കാൻ കഴിഞ്ഞില്ല. ഇംഗ്ലീഷ് സബ് ടൈറ്റിൽസ് കൂടി ഉള്ളത് കൊണ്ട് ഇംഗ്ലീഷ് അറിയുന്ന മറ്റ് ഭാഷക്കാരും വീഡിയോസ് കാണുന്നുണ്ടായിരിന്നു. അതാണ് ചാനലിന്റെ പെട്ടെന്നുള്ള വളർച്ചയ്ക്ക് സഹായമായത്. പൂർണിമ വെറൈറ്റിയായിട്ടുള്ള പാചക പരീക്ഷണങ്ങൾ നടത്താൻ തുടങ്ങി. രുചിയൂറും വിഭവങ്ങളുണ്ടാക്കുന്നതാണ് തന്റെ കഴിവെന്ന് വൈകിയാണെങ്കിലും അവൾ തിരിച്ചറിയുകയായിരുന്നു. പൂർണിമയുടെ ആഗ്രഹം പോലെത്തന്നെ വീട്ടിലിരുന്ന് കൊണ്ട് ചെറുതല്ലാത്തൊരു തുക മാസാമാസം നേടിയെടുക്കാൻ അവൾക്ക് കഴിഞ്ഞു. ഓരോ മാസം ഇടുന്ന വീഡിയോയ്ക്കും കിട്ടുന്ന റീച്ചിനും അനുസരിച്ച് യൂട്യൂബ് ചാനലിൽ നിന്ന് അവൾക്ക് പതിനായിരമോ ഇരുപതിനായിരമോ ഒക്കെ കിട്ടി തുടങ്ങിയപ്പോൾ ആ തുക അവൾ സ്വന്തം അക്കൗണ്ടിൽ സേവ് ചെയ്യാൻ തുടങ്ങി. ആദ്യമായി തന്റെ പേരിലൊരു സമ്പാദ്യമുണ്ടായി തുടങ്ങിയത് അവളുടെ ആത്മവിശ്വാസം വളർത്തി. എന്തിനും ഏതിനും അവൾക്കൊപ്പം സഹായമായി നവീനുമുണ്ടായിരുന്നു. പതിയെ പതിയെ ഇരുവർക്കുമിടയിൽ നല്ലൊരു ബോണ്ടിങ് ഉടലെടുത്തു.

അവൾക്കവനോട് മുൻപുണ്ടായിരുന്ന നീരസം മുഴുവനായും മാറിയിരുന്നു. രണ്ടുപേരും ഇപ്പൊ നല്ല കൂട്ടാണ്. വീഡിയോ എടുക്കാനും എഡിറ്റ്‌ ചെയ്യാനും അപ്‌ലോഡ് ചെയ്യാനുമൊക്കെ പൂർണിമയെയും പഠിപ്പിച്ചു കൊടുക്കാമെന്ന് നവീൻ ഏറ്റു. ഒരുപക്ഷേ നവീൻ കൂടെ ഇല്ലെങ്കിലും താനും എല്ലാം ചെയ്യാൻ അറിഞ്ഞിരിക്കണമല്ലോ എന്ന് കരുതിയാണ് അവളും വീഡിയോ എഡിറ്റിംഗ് ഒക്കെ പഠിക്കണമെന്ന് തീരുമാനിച്ചത്. നവീൻ തന്റെയൊരു പഴയ ലാപ്ടോപ് പൂർണിമയുടെ കുക്കറി ചാനലിലെ കാര്യങ്ങൾ ചെയ്യാൻ വേണ്ടി മാത്രമായി മാറ്റി വച്ചിരിക്കുകയാണ്. വൈകുന്നേരങ്ങളിൽ അവന്റെ വർക്കിംഗ്‌ ടൈം കഴിഞ്ഞ ശേഷം അന്ന് എടുക്കുന്ന പാചക വീഡിയോ എഡിറ്റ്‌ ചെയ്യുമ്പോൾ അത് പൂർണിമയ്ക്കും കാണിച്ച് കൊടുത്ത് ഓരോ കാര്യങ്ങൾ അവൻ വ്യക്തമായി പറഞ്ഞു കൊടുക്കും. നരേന്ദ്രനന്ന് ഓഫീസിൽ വരുമ്പോൾ കാണുന്നത് എന്തൊക്കെയോ പറഞ്ഞ് പരസ്പരം പൊട്ടിച്ചിരിക്കുകയും പൂർണിമയുടെ ചെവിക്ക് പിടിക്കുന്ന നവീനും അവന്റെ മുതുകിന് ഇടിക്കുന്ന പൂർണിമയെയുമാണ്. അവരെ ഇതുവരെ ഇത്രയും ക്ലോസായി ഇടപഴകി കണ്ടിട്ടിലായിരുന്നു നരേന്ദ്രൻ. "പൂർണിമാ..." തങ്ങൾക്ക് പിന്നിൽ നരേന്ദ്രന്റെ ശബ്ദം കേട്ടതും അവൾ ഞെട്ടി പിന്തിരിഞ്ഞു...... തുടരും...🥂

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story