മാലയോഗം: ഭാഗം 54

malayogam shiva

രചന: ശിവ എസ് നായർ

നരേന്ദ്രനന്ന് ഓഫീസിൽ വരുമ്പോൾ കാണുന്നത് എന്തൊക്കെയോ പറഞ്ഞ് പരസ്പരം പൊട്ടിച്ചിരിക്കുകയും പൂർണിമയുടെ ചെവിക്ക് പിടിക്കുന്ന നവീനും അവന്റെ മുതുകിന് ഇടിക്കുന്ന പൂർണിമയെയുമാണ്. അവരെ ഇതുവരെ ഇത്രയും ക്ലോസായി ഇടപഴകി കണ്ടിട്ടിലായിരുന്നു നരേന്ദ്രൻ. "പൂർണിമാ..." തങ്ങൾക്ക് പിന്നിൽ നരേന്ദ്രന്റെ ശബ്ദം കേട്ടതും അവൾ ഞെട്ടി പിന്തിരിഞ്ഞു. "നരേട്ടൻ വന്നോ..." ഉള്ളിലെ ഞെട്ടൽ മറച്ച് മുഖത്ത് ചിരി വരുത്താൻ അവൾ ശ്രമിച്ചു. നവീനും ചെറുതായൊന്ന് പതറിപോയെങ്കിലും പെട്ടെന്ന് തന്നെ അവൻ മനസ്സിനെ പാകപ്പെടുത്തി. ഒപ്പം നരേന്ദ്രനിൽ നിന്നും ഒരു ചോദ്യം പ്രതീക്ഷിച്ച നവീൻ ഞൊടിയിടയ്ക്കുള്ളിൽ തന്നെ അതിനുള്ള ഉത്തരവും മനസ്സിൽ കണ്ടെത്തി വച്ചു. "എന്താണ് രണ്ടാളും പതിവില്ലാതെ ലാപ്പിന് മുന്നിൽ." നരേന്ദ്രനോട്‌ എന്ത് മറുപടി പറയുമെന്നോർത്ത് പൂർണിമ വിഷണ്ണയായി നിൽക്കുമ്പോൾ ചേട്ടന്റെ ചോദ്യത്തിനുള്ള ഉത്തരം പറഞ്ഞത് നവീനാണ്. "ഞാൻ ഏട്ടത്തിയെ ലാപ്പിന്റെ ഫങ്ക്ഷൻസൊക്കെ പഠിപ്പിച്ച് കൊടുക്കായിരുന്നു നരേട്ടാ. വെറുതെയിരുന്ന് മുഷിയുമ്പോ ഏട്ടത്തിക്ക് എന്തെങ്കിലും കാണണമെങ്കിലോ പുതുതായി എന്തെങ്കിലും പഠിക്കണമെങ്കിലോ ഈ ലാപ്ടോപ് എടുക്കാലോ. എന്റെ വർക്കിന്‌ വേണ്ടി ഞാൻ പുതിയൊരെണ്ണം വാങ്ങിയത് കൊണ്ട് ഇത് ഞാനിപ്പോ എടുക്കാറില്ല. അതുകൊണ്ട് ഏട്ടത്തിക്ക് പഠിപ്പിച്ച് കൊടുത്താൽ ഏട്ടത്തി ഉപയോഗിക്കുമല്ലോന്ന് കരുതി.

അല്ലെങ്കിൽ ഇത് കേടായി പോവില്ലേ." നവീൻ സ്വാഭാവികമെന്നോണം പറഞ്ഞു. "നിനക്കിവൾ കുക്കിംഗ്‌ പറഞ്ഞ് തരുന്നതിന് പകരമാണോ ഇത്." "അതെങ്ങനെ ഏട്ടനറിഞ്ഞു." "നീയിപ്പോ മിക്ക സമയവും പൂർണിമയുടെ കൂടെ കിച്ചണിൽ ഓരോന്ന് ഉണ്ടാക്കാൻ പഠിക്കലാന്ന് അമ്മ പറഞ്ഞു. എന്താടാ ഉദ്ദേശം... വല്ല പെണ്ണിനേം കണ്ട് വച്ചിട്ടുണ്ടോ? അവൾ പറഞ്ഞിട്ടാണോ ഈ പുതിയ ശീലങ്ങളൊക്കെ.?" "അങ്ങനെയൊന്നുമില്ല ഏട്ടാ. എന്നായാലും എല്ലാം അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ എന്ന് വച്ചു. അത് മാത്രല്ല ഏട്ടത്തിയുടെ ഡിഷസിനൊക്കെ ഒരു സ്പെഷ്യൽ ടേസ്റ്റാണ്. അപ്പോൾ അതൊക്കെ എങ്ങനെയാ ഉണ്ടാക്കുന്നതെന്ന് കണ്ട് പഠിക്കാൻ ഒരാഗ്രഹം. ഭാവിയിൽ എന്തായാലും ഉപകരിക്കുമല്ലോ. എനിക്കെന്തായാലും കല്യാണം കഴിക്കുമ്പോ ഏട്ടത്തിയെ പോലുള്ള പെണ്ണിനെയൊന്നും കിട്ടാൻ പോകുന്നില്ല. അപ്പോപ്പിന്നെ കുക്കിംഗ്‌ ഒക്കെ ഇപ്പഴേ പഠിച്ച് വച്ചാൽ പട്ടിണി കിടക്കണ്ടല്ലോ." തമാശ രൂപേണയുള്ള നവീന്റെ മറുപടി എന്തായാലും നരൻ വിശ്വസിച്ചു.

"നിന്റെ വർക്കിനിടയ്ക്ക് ഇവൾക്ക് ഇതൊക്കെ പറഞ്ഞ് കൊടുക്കാൻ നിനക്ക് നേരമുണ്ടോ നവി." "എന്റെ വർക്ക്‌ അഞ്ചു മണിയാകുമ്പോൾ കഴിയും ഏട്ടാ. ബാക്കി സമയം ഞാൻ ഫ്രീയല്ലേ." "ഉം... ശരി ശരി..." നീട്ടിയൊന്ന് മൂളിക്കൊണ്ട് നരേന്ദ്രൻ മുറിയിലേക്ക് പോയി. അവന് പിന്നാലെ തെല്ലൊരു ആശ്വാസത്തോടെ പൂർണിമയും നടന്നു. "എന്താ പൂർണിമാ പതിവില്ലാത്ത ശീലങ്ങളൊക്കെ. എന്തോ കള്ളത്തരമുണ്ടല്ലോ." ഷർട്ട്‌ ഊരി മാറ്റുമ്പോൾ പൂർണിമയെ പാളിയൊന്ന് നോക്കികൊണ്ട് നരേന്ദ്രൻ പറഞ്ഞു. "അതെന്താ നരേട്ടാ അങ്ങനെ പറഞ്ഞത്." കണ്ണ് മിഴിച്ചവൾ അവനെ നോക്കി. "നിന്റെ മുഖം കണ്ടപ്പോൾ അങ്ങനെ തോന്നി. എന്തേ സത്യമല്ലേ?" അവൻ അവൾക്കരികിൽ വന്ന് ചേർന്ന് നിന്നു. "ഞാനൊരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടോ?" മടിച്ച് മടിച്ചവൾ ചോദിച്ചു. "നീ പറയ്യ്... ദേഷ്യപ്പെടേണ്ട കാര്യമാണെങ്കിൽ ദേഷ്യപ്പെടും." "കുക്കിംഗ്‌ വീഡിയോസൊക്കെ ഇടാൻ വേണ്ടി ഞാനൊരു യൂട്യൂബ് ചാനൽ തുടങ്ങിയാലോന്ന് ആലോചിക്കാ നരേട്ടാ. അതിനാ നവീനോട് ചോദിച്ചു ലാപ്ടോപ് ഉപയോഗിക്കുന്നത് പഠിക്കാമെന്ന് വിചാരിച്ചത്."

"നിനക്ക് വേറൊരു പണിയുമില്ലേ പൂർണിമേ. യൂട്യൂബ് ചാനലെന്നൊക്കെ പറയാൻ സിമ്പിളാണ്. അത് നല്ല മിനക്കെട്ടാൽ മാത്രമേ നല്ല രീതിയിൽ യൂസ്ഫുൾ ആക്കാൻ പറ്റു. വീഡിയോ എടുക്കാനും അത് എഡിറ്റ് ചെയ്ത് അപ്‌ലോഡ് ചെയ്യാനുമൊക്കെ പിടിപ്പത് പണിയാണ്. അതൊക്കെ നിനക്കറിയാമോ?" "അറിയാത്ത കാര്യങ്ങൾ ഞാൻ നവീനോട് ചോദിച്ചു പഠിച്ചോളാം." "അവന് നിന്നെ പഠിപ്പിക്കലല്ല പണി. ഈ കാര്യം പറഞ്ഞു നീ വെറുതെ അവനെ ബുദ്ധിമുട്ടിക്കാൻ ചെന്നേക്കരുത്. ഞാനിവിടെ വെറുതെ ഇരിക്കുകയായിരുന്നെങ്കിൽ നിന്നെ ഞാൻ സഹായിക്കാമായിരുന്നു. നമ്മുടെ കാര്യത്തിന് വേണ്ടി നീ വെറുതെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത നവീന് അവന്റേതായ ജോലികളില്ലേ. നിന്നെ സഹായിക്കാൻ നിന്നാൽ അവന്റെ ജോലി നടക്കില്ല... വീഡിയോ എടുക്കാനും എഡിറ്റ് ചെയ്യാനുമൊക്കെ ഒരാള് മിനക്കെട്ട് നിന്നാലേ നടക്കു. തല്ക്കാലം ഇപ്പൊ ഈ ഐഡിയ നിന്റെ മനസ്സിൽ തന്നെ ഇരിക്കട്ടെ. ആശയം നല്ലതാണെങ്കിലും ഇപ്പൊ അതിന് വേണ്ടി കളയാൻ എന്റെ കൈയ്യിൽ സമയമില്ല. ഓഫീസിൽ നിന്ന് വന്ന് കഴിഞ്ഞാൽ നിന്റേം മക്കളേം കൂടെ എനിക്ക് ബാക്കി സമയം ചിലവഴിക്കണം. അതിനിടയിൽ ഇത്തരം കാര്യങ്ങളൊന്നും കൊണ്ട് വരാൻ നിക്കല്ലേ നീ. നിനക്കൊരു കുറവും വരുത്താതെ ഞാൻ നോക്കുന്നില്ലേ.

പിന്നെ എന്തിനാ ഈ വക പരിപാടികൾ... ആദ്യത്തെ ആവേശമൊന്നും പിന്നെ കാണണമെന്നില്ല... നല്ല എഫർട് ഇട്ടാലെ ചാനൽ ക്ലിക്കായി വരൂ. ഇപ്പൊ നീ അതിന്റെ പിന്നാലെ പോയി സമയം കളയണ്ടാ. തല്ക്കാലം എന്റേം പിള്ളേരേം കാര്യം നോക്കിയാ മതി." അവളെ കെട്ടിപ്പിടിച്ച് നെറുകയിൽ ചുണ്ടമർത്തി അവൻ പറയുമ്പോൾ പൂർണിമയ്ക്ക് നല്ല വിഷമം തോന്നി. ഇനിയിപ്പോ യൂട്യൂബ് ചാനൽ തുടങ്ങിയതും അതിൽ നിന്ന് വരുമാനം കിട്ടി തുടങ്ങിയതും നവീൻ സഹായിക്കുന്നതൊന്നും തനിക്ക് ഇനിയൊരിക്കലും നരനോട് പറയാൻ കഴിയില്ലല്ലോന്നോർത്ത് അവൾക്ക് കടുത്ത മനപ്രയാസം തോന്നി. ഇനിയത് പറഞ്ഞിട്ട് തങ്ങൾക്കിടയിൽ ഒരു വിള്ളൽ വീഴണ്ടെന്ന് കരുതി പൂർണിമ അത് മനസ്സിൽ തന്നെ ഒതുക്കി. ഇത്രയും നാൾ പൂർണിമയുടെ ഇഷ്ടത്തിനൊത്ത് നരേന്ദ്രൻ നിന്നത് കൊണ്ട് ഇപ്പൊ അവനെ ധിക്കരിച്ച് താനെന്തെങ്കിലും ചെയ്‌തെന്ന് അറിഞ്ഞാൽ അതുമതി അവന്റെ ഇഷ്ടക്കേടുണ്ടവാനെന്ന് അവൾക്ക് തോന്നി. "നരേട്ടന് ഇഷ്ടമില്ലെങ്കി വേണ്ടാ... ഞാനെന്റെ മനസ്സിൽ തോന്നിയത് പറഞ്ഞെന്നേയുള്ളൂ..." അത്രമാത്രം പറഞ്ഞുകൊണ്ട് അവന്റെ നെഞ്ചോരം മുഖമമർത്തി ഉള്ളിലെ സങ്കടം പൂർണിമ അടക്കി നിർത്തി.

"നീ വിഷമിക്കണ്ട... എനിക്ക് സമയം കിട്ടുമ്പോ നമുക്ക്. വെറുതെ നമ്മുടെ കാര്യം പറഞ്ഞ് നവിയെ ഡിസ്റ്റർബ് ചെയ്യരുത്. അവന് അവന്റെ ജോലികൾ തന്നെ കുറെയുണ്ടാവും ചെയ്ത് തീർക്കാൻ." ഓർമ്മപ്പെടുത്താനെന്നോണം നരേന്ദ്രൻ പറഞ്ഞു. "മ്മ്മ്..." ഒരു മൂളലിൽ മറുപടി ഒതുക്കുമ്പോഴും ഇതൊന്നും നരനൊരിക്കലും അറിയരുതെന്നായിരുന്നു അവളുടെ പ്രാർത്ഥന. ആ രാത്രി, കുറ്റബോധത്താൽ നീറിപ്പുകയുന്ന മനസ്സുമായി പൂർണിമയ്ക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. നരേന്ദ്രനോട്‌ യൂട്യൂബ് ചാനലിനെ കുറിച്ച് സൂചിപ്പിച്ചപ്പോൾ തന്നെ അനുകൂലമല്ലാത്ത മറുപടി കിട്ടിയപ്പോൾ പിന്നെയൊന്നും പറയാൻ അവൾക്ക് തോന്നിയിരുന്നില്ല. എല്ലാം കേട്ട് കഴിഞ്ഞിട്ട് ഇപ്പൊ ഉള്ള ഇഷ്ടം കൂടി പോയാൽ അതവൾക്ക് താങ്ങാവുന്നതിനും അപ്പുറമായിരിക്കും. കാരണം അത്രയേറെ പൂർണിമ അവനെ സ്നേഹിക്കുന്നുണ്ട്. നരനെ പിരിഞ്ഞിരിക്കാനോ അവനെ പിണക്കാനോ അവൾക്ക് കഴിയുമായിരുന്നില്ല. 🍁🍁🍁🍁🍁 പിറ്റേന്ന് രാവിലെ നരേന്ദ്രൻ ഓഫീസിൽ പോയതിന് പിന്നാലെ പൂർണിമ നവീന്റെ മുറിയിലേക്ക് ചെന്നു. കട്ടിലിൽ കമഴ്ന്ന് കിടന്ന് ഫോണിലെന്തോ കാണുകയായിരുന്ന നവീൻ പൂർണിമയെ കണ്ട് എഴുന്നേറ്റിരുന്നു.

"ഏട്ടത്തിയെന്താ രാവിലെ തന്നെ ഈ വഴിക്ക്.?" "നിന്നോടെനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു നവി." "എന്താ ഏട്ടത്തി... ഏട്ടനോട് എന്തെങ്കിലും പറഞ്ഞോ?" പൂർണിമയുടെ മുഖത്തെ വിഷമ ഭാവം കണ്ട് നവീന് ആധിയായി. "ഇല്ല... നരേട്ടനോട് ഞാനൊന്നും പറഞ്ഞിട്ടില്ല. പക്ഷേ, യൂട്യൂബിൽ ഒരു ചാനൽ തുടങ്ങിയാലോ എന്ന രീതിയിൽ ചോദിച്ചപ്പോ തന്നെ നരേട്ടനത് ഇഷ്ടപ്പെട്ടില്ല." തലേന്ന് നരേന്ദ്രൻ പറഞ്ഞ കാര്യങ്ങൾ വള്ളി പുള്ളി വിടാതെ അവൾ നവീനോട് പറഞ്ഞു. "ഛേ... ഏട്ടത്തി എല്ലാം കുളമാക്കി. ഏട്ടന് ഇതിലൊന്നും വല്യ ഇന്റെറസ്റ്റ്‌ ഉണ്ടാവില്ലെന്ന് എനിക്ക് തോന്നിയത് കൊണ്ടാ ഇപ്പൊ നരേട്ടനോടൊന്നും പറയണ്ടെന്ന് ഞാൻ പറഞ്ഞത്. എപ്പോഴെങ്കിലും അവസരം കിട്ടുമ്പോ ഞാൻ വേറെ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ ഇരിക്കുവായിരുന്നു. ഏട്ടത്തി എനിക്ക് കുക്ക് ചെയ്യാൻ പറഞ്ഞ് തന്നതൊക്കെ ഞാൻ ഫോണിൽ വീഡിയോ എടുത്ത് വെറുതെ യൂട്യൂബിൽ ചാനൽ ക്രീയേറ്റ് ചെയ്ത് ഇട്ടപ്പോൾ നല്ല റീച് കിട്ടിയെന്നും ഏട്ടത്തിയോട് പറഞ്ഞിട്ടില്ലെന്നുമൊക്കെ പറഞ്ഞ് ഏട്ടനെ കൺവിൻസ് ചെയ്യാനായിരുന്നു എന്റെ പ്ലാൻ. ഇനിയേതായാലും അതൊന്നും നടക്കാൻ പോണില്ല..." നിരാശയോടെ നവീൻ കൈയിലിരുന്ന മൊബൈൽ ബെഡിലേക്കിട്ടു.

"നിന്റെ മനസ്സിൽ ഇങ്ങനെയൊരു ഐഡിയ ഉണ്ടായിരുന്നുവെങ്കിൽ അതെന്നോട് കൂടി ഒന്ന് സൂചിപ്പിക്കാമായിരുന്നു. എങ്കിൽ ഞാൻ നരേട്ടനോട് അങ്ങനെയൊന്നും പറയില്ലായിരുന്നു." "ഈ ആശയം ഇന്നലെയാ എനിക്ക് മനസ്സിൽ തോന്നിയത് തന്നെ. എന്നെങ്കിലും ഏട്ടനായിട്ട് അറിഞ്ഞാൽ നിങ്ങൾക്കിടയിൽ ഇതേ ചൊല്ലി ഒരു വഴക്ക് വേണ്ടെന്ന് കരുതി ഏട്ടനോട് എങ്ങനെയാ പറയാന്ന് തല പുകഞ്ഞു ആലോചിച്ചിട്ടാ ഈ ഐഡിയ കിട്ടിയത്. അതിപ്പോ വെള്ളത്തിൽ വരച്ച വര പോലെയായി. ഇനിയെന്തെങ്കിലും പറഞ്ഞാൽ നരേട്ടന് സംശയമാകും." ആലോചനയോടെ അവൻ പറഞ്ഞു. "വേറൊരു വഴിയുമില്ലേ നവീ..." വിഷമത്തോടെ പൂർണിമ ചോദിച്ചു. "തല്ക്കാലം ഈ കാര്യമിനി നരേട്ടനോട് പറയണ്ട. ഏട്ടത്തി എന്തായാലും തെറ്റായിട്ടൊന്നും ചെയ്യുന്നില്ല. വീട്ടിലിരുന്ന് ഒരു വരുമാന മാർഗം കണ്ട് പിടിച്ചു. അതെന്തായാലും ഭർത്താവിന് ഇഷ്ടപ്പെടില്ലെന്ന് അറിയാമെങ്കിൽ പറയാതിരിക്കുന്നതാണ് നല്ലത്. ഇതിനെ കുറിച്ചൊരു സംസാരം നിങ്ങൾക്കിടയിൽ വരാതെ നോക്കിയാൽ മതി. നല്ലൊരു കാര്യത്തിനായത് കൊണ്ട് പേടിക്കണ്ട." "എന്നാലും എനിക്കൊരു കുറ്റബോധം പോലെ നവി." "എന്തിനാ കുറ്റബോധം? അതിന്റെയൊന്നും ഒരാവശ്യവുമില്ല...

നല്ല ഉദ്ദേശത്തോട് കൂടി ഒരു കാര്യം മറച്ചു വയ്ക്കുന്നത് ഒരിക്കലുമൊരു തെറ്റാവില്ല ഏട്ടത്തി. സോ വെറുതെ ഇതോർത്ത് മനസ്സ് വിഷമിപ്പിക്കണ്ട. ഏട്ടത്തിക്കും സ്വന്തമായൊരു സേവിങ്സുള്ളത് നല്ലതാ. അല്ലെങ്കിലും മനുഷ്യന്മാർക്ക് ഉള്ളിലൽപ്പമെങ്കിലും രഹസ്യം സൂക്ഷിക്കണം. എല്ലാം എല്ലാരോടും തുറന്ന് പറയാൻ പറ്റിയെന്ന് വരില്ല. ഏട്ടനൊരിക്കലും ഏട്ടത്തിയെ ഈ കാര്യത്തിന് സപ്പോർട്ട് ചെയ്യില്ലെന്ന് ബോധ്യമുള്ളപ്പോൾ അത് പറയാതിരിക്കുന്നതാണ് നല്ലത്. വെറുതെ ഒരു വഴക്കും പിണക്കവും ഉണ്ടാവുകയുമില്ല." "നരേട്ടൻ എന്നെങ്കിലും അറിഞ്ഞാൽ എന്ത് ചെയ്യും നവി?" "അറിയുമ്പോഴല്ലേ... അത് നമുക്ക് അപ്പോൾ നോക്കാം. ഇനി ഇത് തന്നെ മനസ്സിലിട്ട് നടന്ന് ഏട്ടത്തിയുടെ വായിൽ നിന്ന് വീഴണ്ട. ഈ പെണ്ണുങ്ങൾക്ക് രഹസ്യങ്ങൾ അധികംനാൾ ഉള്ളിൽ സൂക്ഷിക്കാൻ പറ്റില്ലെന്ന് ഞാൻ കേട്ടിട്ടുണ്ട്. അതുപോലെ ഏട്ടത്തിക്ക് ഏട്ടനോട് പറയാനൊന്നും വെറുതെ പോലും മനസ്സിൽ തോന്നിയേക്കരുത്. എന്തെങ്കിലും നല്ലൊരു വഴി കിട്ടിയാൽ ഏട്ടനോട് ഞാൻ അവതരിപ്പിച്ചോളാം.

അഥവാ ഞാൻ പറഞ്ഞാൽ തന്നെ ഏട്ടത്തിക്ക് ഇതിനെക്കുറിച്ചൊന്നും അറിയില്ലായിരുന്നു എന്ന രീതിയിലേ പറയുകയുമുള്ളു. അതുകൊണ്ട് ഈ കാര്യം ഇതോടെ വിട്ടേക്ക്. വെറുതെ അനാവശ്യ ടെൻഷൻ തലയിൽ കേറ്റി വയ്ക്കണ്ട." "നിന്നോട് പറഞ്ഞപ്പോ കുറച്ച് ആശ്വാസം തോന്നുന്നുണ്ട് നവി. എനിക്കെന്റെ വിഷമങ്ങളൊക്കെ മനസ്സ് തുറന്ന് സംസാരിക്കാൻ പറ്റുന്ന നല്ലൊരു ഫ്രണ്ട് കൂടിയാ നീയിപ്പോ. എന്തായാലും ഈ കാര്യം എന്റെ വായിൽ നിന്ന് വീഴാതെ ഞാൻ ശ്രദ്ധിച്ചോളാം." നവീന്റെ വാക്കുകൾ നൽകിയ ആത്മവിശ്വാസത്തിൽ പൂർണിമ പറഞ്ഞു. മനസ്സിൽ അടക്കി വച്ച രഹസ്യങ്ങളൊക്കെ എല്ലാരുമറിയുന്ന ഒരു നാൾ മുല്ലശ്ശേരിയിൽ വലിയയൊരു പൊട്ടിത്തെറിതന്നെ ഉണ്ടാവുമെന്നറിയാതെ സന്തോഷം നിറഞ്ഞ ദിനരാത്രങ്ങൾ അവളുടെ ജീവിതത്തിലൂടെ കടന്ന് പൊയ്ക്കൊണ്ടിരുന്നു....... തുടരും...🥂

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story