മാലയോഗം: ഭാഗം 55

malayogam shiva

രചന: ശിവ എസ് നായർ

മനസ്സിൽ അടക്കി വച്ച രഹസ്യങ്ങളൊക്കെ എല്ലാരുമറിയുന്ന ഒരു നാൾ മുല്ലശ്ശേരിയിൽ വലിയയൊരു പൊട്ടിത്തെറിതന്നെ ഉണ്ടാവുമെന്നറിയാതെ സന്തോഷം നിറഞ്ഞ ദിനരാത്രങ്ങൾ അവളുടെ ജീവിതത്തിലൂടെ കടന്ന് പൊയ്ക്കൊണ്ടിരുന്നു. ചാനലിൽ അപ്‌ലോഡ് ചെയ്യുന്ന ചില വീഡിയോസിനൊക്കെ നല്ല റീച് കിട്ടുമ്പോൾ പൂർണിമയ്ക്ക് ഭയങ്കര സന്തോഷം തോന്നും. ആ സമയത്തൊക്കെ അറിയാതെ തന്നെ നരനോടും ആ വിവരം അബദ്ധത്തിൽ പറയാൻ പോയിട്ടുണ്ട്. എന്തോ ഭാഗ്യത്തിന് പറഞ്ഞു തുടങ്ങുന്നതിനുമുൻപ് തന്നെ അവൾ സ്വയം നിയന്ത്രിക്കും. നരന്റെയും കൂടി പൂർണ്ണ പിന്തുണ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് പലതവണ അവൾക്ക് തോന്നിയിട്ടുള്ള കാര്യമാണ്. പക്ഷേ അവനിഷ്ടമില്ലാത്ത കാര്യമായതിനാൽ പൂർണിമയ്ക്ക് പറയാൻ ഭയമായിരുന്നു. ഒരു ഞായറാഴ്ച ദിവസം നരേന്ദ്രനെ തനിച്ച് കിട്ടിയപ്പോൾ നവീൻ, ഏട്ടനോട് പൂർണിമയുടെ കുക്കിംഗ്‌ വീഡിയോസിടാൻ യൂട്യൂബ് ചാനൽ തുടങ്ങിയ വിവരം പറയാമെന്ന് വിചാരിച്ചു. നവീനോട് എന്തോ കാര്യം ചോദിക്കാനായി അവന്റെ മുറിയിൽ വന്നതായിരുന്നു നരൻ. അപ്പോഴാണ് നവീൻ ഇക്കാര്യം പറഞ്ഞാലോന്ന് ഓർത്തത്. "ഏട്ടാ... എനിക്ക് ഏട്ടനോട് കാര്യം പറയാനുണ്ടായിരുന്നു." മുഖവുരയെന്നോണം അവൻ പറഞ്ഞു.

"എന്താടാ..." പുറത്തേക്ക് പോകാൻ തുടങ്ങിയ നരേന്ദ്രൻ നവീൻ പറയുന്നത് കേൾക്കാനായി അവനടുത്ത് ബെഡിൽ വന്നിരുന്നു. "ഏട്ടത്തി നന്നായി കുക്കിംഗ്‌ ചെയ്യുന്നത് കണ്ടപ്പോൾ എന്റെ മനസ്സിലൊരു ഐഡിയ തോന്നി. യൂട്യൂബിൽ ഒരു ചാനൽ ക്രീയേറ്റ് ചെയ്ത് കുക്കിംഗ്‌ ചെയ്യുന്ന വീഡിയോ അപ്‌ലോഡ് ചെയ്താലോന്ന്...." നവീൻ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ അവൻ എന്തായിരിക്കും പറയാൻ പോകുന്നതെന്ന് ഊഹിച്ച മട്ടിൽ നരേന്ദ്രൻ അവനെ കയ്യെടുത്തു തടഞ്ഞു. "നീ പറയാൻ പോകുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായി. കൂടുതൽ വിശദീകരണം വേണമെന്നില്ല." "ഏട്ടാ... ഞാനൊന്ന് പറഞ്ഞു കംപ്ലീറ്റ് ചെയ്തോട്ടെ." "ഇതേ കാര്യം പൂർണിമ കുറച്ചു ദിവസം മുൻപ് എന്നോട് പറഞ്ഞതേയുള്ളൂ. ഞാനതിന് അപ്പോൾ തന്നെ നോ പറയുകയും ചെയ്തു." "ഏട്ടത്തിയുടെ കുക്കിംഗ്‌ സ്കിൽ കൊണ്ട് ഒരു ഇൻകം കിട്ടുമെങ്കിൽ അത് നല്ലതല്ലേ. അതിന് ഏട്ടനെന്തിനാ തടസ്സം നിന്നത്." "യൂട്യൂബ് ചാനലെന്നൊക്കെ പറയാൻ ഈസിയാ നവി. അത് പ്രോപ്പറായി യൂസ് ചെയ്ത് കൊണ്ട് പോകാൻ ഇത്തിരി മിനക്കേടാണ്. ഇതിനെക്കുറിച്ചൊന്നും വല്യ ഐഡിയ ഇല്ലാതെ പൂർണിമ എന്ത് കാണിക്കാനാണ്. അത് മാത്രമല്ല വീഡിയോ എടുത്ത് കൊടുക്കാനൊക്കെ ഒരാളെ സഹായം വേണം ഇവിടെ ആർക്കാ അതിന് നേരം.

എനിക്കെന്തായാലും കഴിയില്ല. അപ്പോപ്പിന്നെ ആവശ്യമില്ലാത്ത കാര്യം ചെയ്യാതിരിക്കുന്നതല്ലേ നല്ലത്" "ഇവിടിപ്പോ ഏട്ടത്തിയെ സഹായിക്കാൻ ഞാനില്ലേ." "നിന്റെ വർക്കിനിടയ്ക്ക് ഇതിനൊക്കെ നിനക്ക് നേരം കിട്ടോ നവി." "ഈവെനിംഗ് അഞ്ചുമണി കഴിഞ്ഞാൽ പിന്നെ ഞാൻ ഫ്രീയല്ലേ. പിന്നെന്താ പ്രശ്നം." "എന്നാലും അത് വേണ്ട... പൂർണിമ ചാനൽ തുടങ്ങുന്നത് എനിക്കിഷ്ടമല്ല." നരേന്ദ്രന്റെ വാക്കുകളിൽ നീരസം പ്രകടമായിരുന്നു. ഏട്ടന്റെ വാക്കുകൾ കേട്ടപ്പോൾ നവീന് ഒരു കാര്യം ഉറപ്പായി. മറ്റെന്തോ കാരണം കൊണ്ടാണ് നരേന്ദ്രൻ ഈ കാര്യം എതിർക്കുന്നതെന്ന്. "ഏട്ടനെന്താ ഇക്കാര്യത്തിൽ ഇത്ര കടുംപിടുത്തം. ഏട്ടത്തി പുറത്തേക്ക് ജോലിക്ക് പോകുന്നത് ആർക്കും ഇഷ്ടമില്ല. ഏട്ടത്തിയുടെ സ്വന്തം കഴിവ് കൊണ്ട് ഉയർന്നു വരാനും ആരും സമ്മതിക്കില്ല. ഒരു റെസിപ്പി ഉണ്ടാക്കുന്ന വീഡിയോ എടുത്ത് അപ്‌ലോഡ് ചെയ്യാൻ പോലും അനുവാദം ഇല്ലെന്ന് പറഞ്ഞാൽ കുറച്ച് കഷ്ടമാണ് ഏട്ടാ. ഞാനും ഉണ്ടല്ലോ സഹായിക്കാൻ. നല്ലൊരു കാര്യത്തിനല്ലേ." "നീ പറഞ്ഞതൊക്കെ ശരിയാ. കുക്കിംഗിൽ നല്ല കാലിബറുള്ളവൾ തന്നെയാണ് പൂർണിമ. അവളുണ്ടാക്കുന്നതൊക്കെ ആസ്വദിച്ചു കഴിക്കുന്നവനാണ് ഞാൻ. അവൾ പാചകം ചെയ്യുന്ന വീഡിയോ എടുത്തിട്ടാൽ നല്ല റീച്ചും റെസ്പോൺസും കിട്ടുമെന്നും എനിക്കറിയാം.

പക്ഷെ അത് വേണ്ട നവി. എനിക്ക് അതിനോട് താല്പര്യമില്ല." "അതിന്റെ കാരണമാണ് എനിക്കറിയേണ്ടത്. ഇപ്പൊ പറഞ്ഞതൊന്നുമല്ല യഥാർത്ഥ കാരണം. മറ്റെന്തോ ഉണ്ട്." നവീൻ പറഞ്ഞത് കേട്ട് നരേൻ ഒരു നിമിഷം മൗനമായി. "അവൾ സ്വന്തമായി സമ്പാദിക്കാൻ തുടങ്ങിയാൽ പിന്നെ എന്റെ വാക്കിന് ഒരു വിലയുമുണ്ടാകില്ല നവി. എന്നെ അനുസരിച്ചു നിൽക്കുന്ന ഒരു ഭാര്യയെയാണ് എനിക്കിഷ്ടം. അവൾ പത്ത് കാശുണ്ടാക്കാക്കിയാൽ തന്നിഷ്ടം കാട്ടുന്നത് കൂടും. ഞാൻ പറയുന്നത് മുഖവിലയ്ക്കെടുക്കില്ല. ഇപ്പൊ ഒരു പ്രോബ്ലവുമില്ലാതെ പോകുന്നുണ്ട്. പൂർണിമയുടെ ആവശ്യങ്ങളൊക്കെ ഞാൻ സാധിപ്പിച്ചു കൊടുക്കുന്നുമുണ്ട്. അതങ്ങനെ തന്നെ പോട്ടെ. അല്ലാതെ സ്വന്തമായി ഒരു ഇൻകം കിട്ടി തുടങ്ങിയാൽ ഇപ്പൊ ഉള്ള പൂർണിമയെയാവില്ല പിന്നീട് നമ്മൾ കാണേണ്ടി വരിക. അവൾ വെറും അഹങ്കാരിയായി മാറും." "അതൊക്കെ ഏട്ടന്റെ വെറും തോന്നലാണ്. അല്ലെങ്കിൽ തന്നെ പുരുഷന്മാരെ പോലെ സ്ത്രീകളും സമ്പാദിക്കുന്നതിൽ എന്താ പ്രോബ്ലം?" "എന്റെ ഓഫീസിൽ തന്നെയുണ്ടല്ലോ ജോലിയുള്ള പെണ്ണുങ്ങൾ. ഗവണ്മെന്റ് ജോബ് കൂടി ആയപ്പോൾ അവരുടെയൊക്കെ അഹങ്കാരവും ജാഡയും ഒന്ന് കാണേണ്ട തന്നെയാ. ഭർത്താക്കന്മാർക്ക് പുല്ലുവിലയാ കൊടുക്കുന്നത്.

പൂർണിമ അതുപോലെ എന്നെ പുച്ഛിച്ച് അവഗണിക്കുന്നത് എനിക്ക് ചിന്തിക്കാൻ കൂടി വയ്യ. അവളുടെ മറ്റെല്ലാ കാര്യത്തിനും ഞാൻ സപ്പോർട്ട് ആയിട്ട് നിന്നത് പോലെ ഇത് പറ്റില്ല. ജോലിയില്ലാതെ നിൽക്കുന്ന സ്ത്രീകൾ മാത്രമേ ഭർത്താവിനെ അനുസരിച്ചു ജീവിക്കു. എനിക്ക് മുകളിൽ തീരുമാനം എടുക്കുന്ന ഭാര്യയെ അല്ല ഞാൻ ആഗ്രഹിക്കുന്നത്. ഇപ്പൊ പോകുന്ന രീതിയിൽ ഞങ്ങളുടെ ലൈഫ് മുന്നോട്ട് പോകണമെങ്കിൽ പൂർണിമയ്ക്ക് ഒരു വരുമാന മാർഗ്ഗം ഉണ്ടാവാൻ പാടില്ല. എങ്കിൽ പിന്നെ അവളൊന്നിനും എന്നെ ആശ്രയിക്കാതെയാകും." "ഇത്രയൊക്കെ ഏട്ടന്റെ മനസ്സിലുണ്ടായിരുന്നോ?" "ദിവസവും പുറത്തു പോകുകയും ഒത്തിരി പേരെ കാണുകയും ചെയ്യുന്നതല്ലേ ഞാൻ. അതുകൊണ്ട് കാര്യങ്ങൾ എങ്ങനെ ആയിത്തീരുമെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. എന്റെ ഓഫീസിൽ തന്നെയുണ്ടല്ലോ കുറേ ലേഡീസ് സ്റ്റാഫുകൾ. അവർക്കൊക്കെ ജോലിയും കൈ നിറയെ കാശും ഉള്ളത് കൊണ്ട് ഭർത്താക്കന്മാർക്ക് ഒരു പരിഗണനയും കൊടുക്കാറില്ല." "ഏട്ടന്റെ ആശയത്തോട് യോജിക്കാൻ എനിക്കാവില്ല." "വേണ്ട... യോജിക്കണ്ടാ..." "ഏട്ടത്തിക്കും ആഗ്രഹം ഉണ്ടാവില്ലേ സ്വന്തമായി പത്ത് കാശുണ്ടാക്കാൻ." "അങ്ങനെത്തെ ആഗ്രഹങ്ങളൊന്നും അവൾക്ക് വേണ്ട. ഇനി നീയായിട്ട് വേണ്ടാത്തതൊന്നും പറഞ്ഞുണ്ടാക്കി ഞങ്ങളെ തമ്മിൽ തെറ്റിക്കരുത്. അന്നുതന്നെ യുട്യൂബ് ചാനലിന്റെ കാര്യം പറഞ്ഞ് വന്നപ്പോൾ ഒരുവിധമാണ് ആ ടോപ്പിക്ക് ഒഴിവാക്കി വിട്ടത്. ഇനി ഇതിന്റെ പേരും പറഞ്ഞ് നീയാവളെ സഹായിക്കാൻ ചെല്ലരുത്."

"ഏട്ടൻ ഏട്ടത്തിയെ അടിമയാക്കി വയ്ക്കുകയാണ്. അവർക്കിഷ്ടമുള്ളത് ചെയ്യാൻ സമ്മതിക്കുന്നുമില്ല. ഇത്രയ്ക്ക് ദുഷ്ടനാവല്ലേ ഏട്ടാ. ദുരഭിമാനത്തിന്റെ പേരും പറഞ്ഞ് ജോലിക്ക് വിടുന്നില്ല. എന്നാലോ വീട്ടിലരുന്ന് ഒരു വരുമാനമാർഗ്ഗംമുണ്ടാക്കാനും അനുവദിക്കില്ല. ഇത് വല്ലാത്ത സ്വാഭാവം തന്നെ." "അഞ്ചക്ക ശമ്പളമുള്ള ഗവണ്മെന്റ് ജീവനക്കാരനാണ് ഞാൻ. ഈ നാട്ടിൽ തന്നെ അത്യാവശ്യം നല്ല സാമ്പത്തിക സ്ഥിതിയുള്ള ഫാമിലിയാണ് നമ്മുടേത്. അപ്പോൾ ഈ വീട്ടിൽ നിന്നും നക്കാപിച്ച സാലറിക്ക് വേണ്ടി പൂർണിമ പുറത്ത് ജോലിക്ക് പോകുന്നത് എനിക്ക് നാണക്കേടാണ്. തല്ക്കാലം അവൾക്കിവിടെ ഒരു കുറവുമില്ല. അമ്മയെകൊണ്ടും പഴയ പ്രശ്നമില്ല. നേരത്തിന് ആഹാരവും പുതു വസ്ത്രങ്ങളും എന്റെ സ്നേഹവും സാമീപ്യവുമൊക്കെ അവൾക്ക് ഞാൻ കൊടുക്കുന്നുണ്ട്. ഇതിൽ കൂടുതൽ ഒരു പെണ്ണിന് എന്ത് വേണം. ഇപ്പൊ എന്തായാലും പൂർണിമയ്ക്ക് ജോലിക്ക് പോകുന്നതിനെ പറ്റിയോ യൂട്യൂബ് ചാനൽ തുടങ്ങുന്നതിനെ കുറിച്ചോ ഒരു ചിന്തയില്ല. അതിനെ പറ്റി പറയാറുമില്ല. നീയായി അതൊന്നും ഓർമ്മപ്പെടുത്തി ഞങ്ങൾക്കിടയിലെ സ്വസ്ഥത തകർക്കരുത്. എന്റെ ഭാര്യ എന്റെ ചിലവിൽ ജീവിക്കുന്നതാണ് എനിക്കിഷ്ടം. നിന്റെ ആദർശങ്ങളൊക്കെ നീ സ്വന്തം ജീവിതത്തിൽ നടപ്പാക്കിയാ മതി നവി.

എന്നെ ഉപദേശിക്കാൻ മാത്രം നീ വളർന്നിട്ടില്ല. നിന്നെക്കാൾ കൂടുതൽ ജീവിതം കണ്ടവനാ ഞാൻ." നവീന് തിരിച്ചൊന്നും പറയാനുള്ള അവസരം നൽകാതെ അത്രയും പറഞ്ഞിട്ട് നരേന്ദ്രൻ മുറിവിട്ട് പോയി. തന്റെ ശ്രമങ്ങളൊക്കെ പാളിപോയ നിരാശയിൽ നവീൻ താടിക്ക് കൈയ്യും കൊടുത്ത് ആലോചനയോടെ തലയിണയിൽ ചാരി ഇരുന്നു. നരേന്ദ്രന്റെയും നവീന്റെയും സംസാരം ജനാലയ്ക്ക് അടുത്ത് നിന്ന് പൂർണിമ മയും കേൾക്കുന്നുണ്ടായിരുന്നു. അവൾക്കത് വല്ലാത്ത വിഷമമുണ്ടാക്കി. നരേന്ദ്രനെ പറഞ്ഞു മനസ്സിലാക്കുന്നതിലും ഭേദം ഒന്നും പറയാത്തതാണെന്ന് അവളും ചിന്തിച്ചു. 🍁🍁🍁🍁🍁 ദിവസങ്ങളും മാസങ്ങളും കടന്ന് പോയി. കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് കുട്ടികൾ വളർന്ന് കൊണ്ടിരിക്കുന്നത്. കുഞ്ഞുങ്ങൾ സംസാരിച്ച് തുടങ്ങിയപ്പോൾ നന്ദ മോൾ യമുനയെ അച്ഛമ്മ എന്ന് വിളിക്കുന്നതിന്‌ പകരം അമ്മയെന്നാണ് വിളിക്കുന്നത്. നരേന്ദ്രനും പൂർണിമയും നവീനുമൊക്കെ അങ്ങനെ വിളിക്കുന്നത് കേട്ടാണ് നന്ദ മോളും അച്ഛമ്മ എന്നതിന് പകരം അമ്മ എന്ന് വിളിക്കാൻ തുടങ്ങിയത്. വാക്കുകൾ കൂട്ടിച്ചേർത്ത് ആദ്യം സംസാരിക്കാൻ ആരംഭിച്ചത് മോള് തന്നെയാണ്. അവളെ കണ്ടാണ് ആദി മോനും സംസാരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്.

ആദി മോൻ പൂർണിമയെ അമ്മേയെന്നും യമുനയെ അച്ഛമ്മയെന്നുമൊക്കെ വിളിക്കാൻ പൂർണിമ തന്നെ ശീലിപ്പിച്ചു. നന്ദ മോൾക്കും അച്ഛമ്മയെന്ന് വിളിക്കാൻ പറഞ്ഞ് പഠിപ്പിക്കുമെങ്കിലും യമുന അമ്മേയെന്ന് തന്നെ വിളിപ്പിച്ചു. അവർക്ക് അതായിരുന്നു ഇഷ്ടവും. അച്ഛമ്മയുടെ തനി പകർപ്പായ നന്ദ മോളെ യമുനയ്ക്ക് താൻ പ്രസവിച്ച സ്വന്തം മകളെ പോലെ പ്രിയപ്പെട്ടതായിരുന്നു. മോളുടുള്ളത് പോലെയുള്ള അടുപ്പം അവർക്ക് ആദി മോനോട് ഉള്ളതായി പൂർണിമയ്ക്ക് തോന്നിയിട്ടില്ല. അതുപോലെ തന്നെ നന്ദ മോൾക്ക് പൂർണിമയെക്കാൾ പ്രിയം യമുനയോടാണ്. യമുന കഴിഞ്ഞാൽ മോൾക്ക് അടുപ്പം നരേന്ദ്രനോടാണ്. രാത്രി അച്ഛന്റെ നെഞ്ചിൽ കിടന്നാണ് അവളുടെ ഉറക്കം പോലും. ആദി മോന് പക്ഷേ അമ്മ കഴിഞ്ഞേയുള്ളൂ മറ്റാരും. പൂർണിമയോട് പറ്റിച്ചേർന്ന് കിടന്നാണ് അവനുറങ്ങുന്നത്. കുട്ടികളോടുള്ള സ്നേഹത്തിൽ യമുനയ്ക്ക് വേർതിരിവുണ്ടെങ്കിലും പൂർണിമയ്ക്കും നരേന്ദ്രനും രണ്ടാളും ഒരുപോലെ തന്നെയാണ്. നന്ദ മോൾക്ക് അച്ഛമ്മയോടുള്ള അടുപ്പവും അവരെ അമ്മേയെന്ന് വിളിക്കുന്നതും പൂർണിമയ്ക്ക് ഉൾകൊള്ളാൻ കഴിയുന്ന കാര്യമായിരുന്നില്ല. അവൾക്കതിൽ ചെറിയൊരു അസൂയയുമുണ്ടായിരുന്നു.

പക്ഷേ തന്റെ ഇഷ്ടക്കേട് പൂർണിമ പ്രകടിപ്പിക്കാറില്ല. യമുനയെ സംബന്ധിച്ച് തന്നെ അമ്മേയെന്ന് വിളിക്കാൻ ഒരു പെൺകുഞ്ഞു പിറക്കാത്തതിന്റെ കുറവ് നികത്തിയത് നന്ദ മോളിലൂടെയാണ്. ചില രാത്രികളിൽ യമുനയ്ക്കൊപ്പം കളിച്ചിരുന്ന് ഒടുവിൽ അവർക്കൊപ്പം തന്നെ മോൾ കിടന്നുറങ്ങും. പൂർണിമ എടുക്കാനായി ചെന്നാൽ അവിടെ കിടന്നോട്ടെ എന്ന് പറഞ്ഞ് യമുന തടയും. ഇത്തരം പ്രവർത്തികൾ അവളെ വിഷമിപ്പിക്കുമെങ്കിലും ഒരു വഴക്ക് വേണ്ടല്ലോന്ന് കരുതി പൂർണിമ അതെല്ലാം അവഗണിക്കും. നരേന്ദ്രനും എല്ലാം അറിയുന്നുണ്ടെങ്കിലും അവനും ഒരു കാര്യത്തിലും അഭിപ്രായം പറയാൻ നിൽക്കില്ല. നാല് വർഷങ്ങൾ കഴിഞ്ഞുപോയത് വളരെ വേഗത്തിലാണ്... മക്കൾ രണ്ട് പേരും എൽ കെ ജി ക്ലാസ്സിൽ ചേർന്നു. അവർ സ്കൂളിൽ പോയി കഴിഞ്ഞാൽ പകൽ സമയങ്ങളിൽ പാചക പരീക്ഷണങ്ങളും യുട്യൂബ് നോക്കലുമൊക്കെയായി പൂർണിമയ്ക്ക് സമയം പോകും. നവീനും അവന്റെ വർക്കിംഗ്‌ ടൈം കഴിഞ്ഞാൽ പൂർണിമയെ സഹായിക്കാൻ ഒപ്പം കൂടും.

ശ്രീകണ്ഠനും യമുനയും പച്ചക്കറി തോട്ടവും പൂന്തോട്ടം വൃത്തിയാക്കലൊക്കെയായിട്ട് സമയം തള്ളി നീക്കും. നാല് വർഷത്തെ പ്രയത്നം കൊണ്ട് യുട്യൂബിൽ രണ്ട് ലക്ഷം സബ്സ്ക്രൈബേഴ്സിനെയാണ് പൂർണിമയ്ക്ക് ലഭിച്ചത്. അത്യാവശ്യം നല്ലൊരു തുക അവൾക്ക് മാസം തോറും കിട്ടാറുമുണ്ട്. അതെല്ലാം സേവിങ്സായി അവൾ ചേർത്ത് വയ്ക്കുന്നുണ്ട്. സ്വന്തമായി കുറച്ച് പൈസ കരുതി വയ്ക്കാൻ തുടങ്ങിയപ്പോൾ മുതൽ അവൾക്ക് ഒരു ആത്മവിശ്വാസവും ധൈര്യവും കൈവന്നത് പോലെ തോന്നാറുണ്ട്. നരേന്ദ്രനോട്‌ അതേപറ്റി പറയാനും പൂർണിമയ്ക്ക് ആഗ്രഹമുണ്ട്. അവൻ വഴക്ക് പറഞ്ഞാലോ പിണങ്ങിയാലോ പെട്ടെന്ന് സോൾവ് ചെയ്യാമെന്ന ധാരണയാണ് അവൾക്ക്. 🍁🍁🍁🍁🍁 തന്റെ സമ്പാദ്യത്തിൽ നിന്ന് കുറച്ചു പണമെടുത്ത് നരനുള്ള ഒരു ഗോൾഡ് റിംഗ് വാങ്ങി വച്ചതിന് ശേഷം എല്ലാ കാര്യങ്ങളും അവനോട് തുറന്ന് പറയാനുള്ള തയ്യാറെടുപ്പിലായിരുന്നു പൂർണിമ..... തുടരും...🥂

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story