മാലയോഗം: ഭാഗം 56

malayogam shiva

രചന: ശിവ എസ് നായർ

തന്റെ സമ്പാദ്യത്തിൽ നിന്ന് കുറച്ചു പണമെടുത്ത് നരനുള്ള ഒരു ഗോൾഡ് റിംഗ് വാങ്ങി വച്ചതിന് ശേഷം എല്ലാ കാര്യങ്ങളും അവനോട് തുറന്ന് പറയാനുള്ള തയ്യാറെടുപ്പിലായിരുന്നു പൂർണിമ. യൂട്യൂബ് ചാനലിന്റെ കാര്യം നരേന്ദ്രനോട്‌ പറഞ്ഞ ശേഷം യമുനയോടും ശ്രീകണ്ഠനോടും കൂടി പറയാനിരിക്കുകയാണ് അവൾ. എല്ലാം കേട്ട് കഴിഞ്ഞതിന് ശേഷം നരേന്ദ്രനിൽ നിന്നൊരു പൊട്ടിത്തെറി ഉണ്ടാകരുതെന്ന പ്രാർത്ഥനയാണ് അവൾക്ക്. ഇത്രയുംനാൾ അവനിൽ നിന്നത് മറച്ചുപിടിച്ച് കൊണ്ട് നടന്നത് തന്നെ വീർപ്പുമുട്ടലോടെയാണ്. 🍁🍁🍁🍁 വീട്ടിലിരുന്നിട്ട് ഒരു സ്വസ്ഥത കിട്ടാതായപ്പോഴാണ് അമ്പലത്തിൽ പോയി തൊഴാമെന്ന് പൂർണിമ വിചാരിച്ചത്. അതിൻ പ്രകാരം വൈകുന്നേരം അമ്പലത്തിൽ ചെന്ന് ദേവിയെ കണ്ടവൾ മനമുരുകി പ്രാർത്ഥിച്ചു. സന്ധ്യയ്ക്കുള്ള ദീപാരാധന കൂടി തൊഴുതതിന് ശേഷമാണ് അവൾ മുല്ലശ്ശേരിയിലേക്ക് മടങ്ങിയത്. ഗേറ്റ് തുറന്ന് അകത്തേക്ക് കയറുമ്പോൾ മുറ്റത്ത് നാല് കാറുകൾ കിടക്കുന്നത് കണ്ട് പൂർണിമ ഒരു നിമിഷം അമ്പരന്നു. കൂട്ടത്തിൽ നരേന്ദ്രന്റെ വണ്ടിയുമുണ്ട്. ആരൊക്കെയോ അതിഥികൾ വീട്ടിൽ വന്നിട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായി. "ഈ വണ്ടികളൊക്കെ ആരുടേയാ അമ്മേ?" ഹാളിൽ ടീവി കണ്ടിരുന്ന യമുനയോടായി അവൾ ചോദിച്ചു.

"നവീന്റെ കൂടെ പഠിച്ച പഴയ കുറച്ച് ഫ്രണ്ട്സ് വന്നിട്ടുണ്ട്, അവരുടെ വണ്ടികളാ." "നരേട്ടനും വന്നല്ലേ..." "ആഹ്... അവനും അവരോടൊപ്പം മുകളിലേക്ക് പോയിട്ടുണ്ട്." "മ്മ്മ്..." ഒന്ന് മൂളിക്കൊണ്ട് അവൾ ഗോവണി പടികയറി. റൂമിൽ ചെന്ന് നോക്കുമ്പോൾ നരേന്ദ്രൻ ബാത്‌റൂമിനുള്ളിലായിരുന്നു. ബാൽക്കണിയിൽ നിന്ന് ഉറക്കെയുള്ള പൊട്ടിച്ചിരിയും സംസാരവും അവൾക്ക് കേൾക്കാമായിരുന്നു. എല്ലാരും കൂടി കുറേ നാളുകൾക്ക് ശേഷം ഒത്തുചേർന്നത് കൊണ്ട് വെള്ളമടിയൊക്കെ ഉണ്ടാകുമെന്ന് അവളൂഹിച്ചു. നരേന്ദ്രൻ കുടിച്ച് ബോധമില്ലാതെ വന്നാൽ പിന്നെ അന്നൊന്നും സംസാരിക്കാൻ കഴിയില്ലെന്ന് പൂർണിമയ്ക്ക് തോന്നി. അതുകൊണ്ട് അപ്പോൾതന്നെ പറഞ്ഞാലോ എന്നായിരുന്നു അവളുടെ ചിന്ത മുഴുവനും. അതോടൊപ്പം ഒരു ഭയവും അവളെ പിടികൂടി. ഇതിന്റെ പേരിലിനി എല്ലാവർക്കും മുൻപിൽ വച്ച് ദേഷ്യപ്പെട്ട് എന്തെങ്കിലും സീനാക്കിയാൽ ആകെ നാണക്കേടാകും. അതിനാൽ പറയണോ വേണ്ടയോ എന്ന് കൺഫ്യൂഷനായി. ഉള്ളിൽ ഭയമുണ്ടെങ്കിലും എല്ലാ കാര്യവും അപ്പോൾതന്നെ പറയാമെന്ന് പൂർണിമ മനസിലിറപ്പിച്ചു. അപ്പോഴാണ് ബാത്‌റൂമിന്റെ ഡോർ തുറന്ന് നരൻ പുറത്തേക്കിറങ്ങിയത്. "നീയെപ്പോ വന്നു?" "ഇപ്പൊ വന്നതേയുള്ളു നരേട്ടാ..."

"എന്തേ പതിവില്ലാതെ അമ്പലത്തിലൊക്കെ പോയത്? എന്തെങ്കിലും കാര്യസാധ്യത്തിനാണോ?" പാതി തമാശയായി അവൻ ചോദിച്ചു. "ചെറിയൊരു കാര്യമുണ്ടെന്ന് കൂട്ടിക്കോ?" അവളുടെ സ്വരത്തിലെ ഗൗരവം തിരിച്ചറിഞ്ഞു നരേന്ദ്രൻ അവളെ നോക്കി. "നിനക്കെന്തെങ്കിലും എന്നോട് പറയാനുണ്ടോ?" "എനിക്ക് നരേട്ടനോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്." "ഏട്ടനിത് വരെ റെഡിയായില്ലേ? അവിടെയെല്ലാരും ഏട്ടനെ കാത്തിരിക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി." നരേന്ദ്രനെ കാണാഞ്ഞിട്ട് അന്വേഷിച്ചു വന്നതായിരുന്നു നവീൻ. "ഞാൻ ദേ വരുന്നെടാ... നിങ്ങള് തുടങ്ങിക്കോ." "ഞങ്ങള് തുടങ്ങി വച്ചു. ഏട്ടനൊന്ന് ഒന്ന് വേഗം വാ." നവീൻ തിരികെ സുഹൃത്തുക്കളുടെ അടുത്തേക്ക് പോയി. "നമുക്ക് രാത്രി സംസാരിക്കാം പൂർണിമാ. നവീന്റെ ഫ്രണ്ട്സൊക്കെ എന്നെ വെയിറ്റ് ചെയ്തിരിക്കുകയാണ് അവിടെ. ഞാനൊന്ന് അവരുടെ അടുത്തേക്ക് ചെല്ലട്ടെ?" നരേന്ദ്രൻ തിടുക്കത്തോടെ അലമാരയിൽ നിന്ന് ഒരു ബനിയനെടുത്ത് ധരിച്ചു. "അങ്ങോട്ട്‌ പോയാൽ പിന്നെ കുടിച്ച് പാതി ബോധമില്ലാതെയായിരിക്കില്ലേ തിരിച്ച് വരുന്നത്."

"ഞാൻ ജസ്റ്റ്‌ കമ്പനി കൊടുക്കുന്നെന്നേയുള്ളു... ഓവറായി കുടിക്കാനൊന്നും നിൽക്കില്ല. അതുകൊണ്ട് എന്റെ ബോധം പോകുമെന്ന പേടിയൊന്നും നിനക്ക് വേണ്ട. അവര് ഫ്രണ്ട്സെല്ലാവരും കുറേ വർഷങ്ങൾക്ക് ശേഷം ഒത്തുകൂടിയതല്ലേ. അവര് ആഘോഷിച്ചോട്ടെ. കൂട്ടത്തിൽ എനിക്കെങ്കിലും കുറച്ച് ബോധം വേണ്ടേ. നാളെ ഓഫീസിൽ പോകണ്ടേ എനിക്ക്." അത്രയും പറഞ്ഞ ശേഷം അവളുടെ മറുപടിക്ക് കാത്ത് നിൽക്കാതെ നരേന്ദ്രൻ വേഗം മുറിവിട്ട് പോയി. പൂർണിമ ആലോചനയോടെ ബെഡിലേക്ക് ഇരുന്നു. എല്ലാം കേട്ട് കഴിയുമ്പോഴുള്ള നരേന്ദ്രന്റെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് ഓർക്കുമ്പോൾ അവൾക്കുള്ളിൽ ചെറിയൊരു ഭയം ഉടലെടുക്കാൻ തുടങ്ങിയിരുന്നു. 🍁🍁🍁🍁🍁 സമയം കടന്ന് പൊയ്ക്കൊണ്ടിരുന്നു... പുതിയ വിശേഷങ്ങളും പഴയ കാല ക്യാമ്പസ്‌ ജീവിതങ്ങൾ ഓർത്തെടുത്തു പങ്ക് വച്ചും പരസ്പരം കളിയാക്കിയും ആ രാത്രി അവർ ആഘോഷമാക്കി. നരനും അവരുടെ കൂടെ ചേർന്നു. പക്ഷേ അവൻ മദ്യം രണ്ട് പെഗിൽ തന്നെ നിർത്തി. ഓവറായി കുടിച്ചിട്ട് രാവിലെ എണീക്കാൻ പറ്റാതായാൽ ഓഫീസിൽ ലീവായി പോകുമെന്നോർത്താണ് നരൻ അധികം കുടിക്കാത്തത്. അതുകൊണ്ട് അവരുടെ കൂട്ടത്തിൽ ബോധമുള്ള വ്യക്തി നരേന്ദ്രൻ മാത്രമായിരുന്നു.

അപ്പോഴാണ് മുറിയിലിരുന്ന് റിംഗ് ചെയ്യുകയായിരുന്ന നരേന്ദ്രന്റെ ഫോണുമായി പൂർണിമ അവനരികിലേക്ക് വന്നത്. "നരേട്ടന്റെ മൊബൈൽ റൂമിലായിരുന്നു... റിംഗ് ചെയ്യുന്നത് കേട്ടപ്പോഴാ ഫോൺ മേശപ്പുറത്തിരിക്കുന്നത് ഞാൻ കണ്ടത്. എടുക്കാൻ തുടങ്ങുമ്പോഴേക്കും കട്ടായി പോയി." ഫോൺ നരന് കൈമാറുമ്പോൾ അവൾ പറഞ്ഞു. "അത് സാരമില്ല ഞാൻ തിരിച്ചുവിളിച്ചോളാം." നരേന്ദ്രൻ അവളുടെ കൈയ്യിൽ നിന്നും മൊബൈൽ വാങ്ങി. ഒപ്പം പൂർണിമയെ എല്ലാവർക്കും പരിചയപ്പെടുത്തുകയും ചെയ്തു. നവീന്റെ ഫ്രണ്ട്സിനെ കണ്ടപ്പോൾ എല്ലാരേം എവിടെയോ കണ്ട് മറന്നത് പോലെ അവൾക്ക് തോന്നി. തൊട്ടടുത്ത നിമിഷം തന്നെ ഒരു നടുക്കം അവളിലുണ്ടായി. അവിടെ വന്നിരിക്കുന്നവർ നവീനിനൊപ്പം കോളേജിൽ പഠിച്ചവരായിരിക്കുമെന്ന തിരിച്ചറിവാണ് പൂർണിമയിൽ നടുക്കം സൃഷ്ടിച്ചത്. തന്നെയവർ തിരിച്ചറിഞ്ഞാൽ പഴയ കഥകൾ ഉറപ്പായും നരേന്ദ്രനറിയുമെന്ന് പൂർണിമ ഭയത്തോടെ ഓർത്തു. തിരികെ മുറിയിലേക്ക് നടക്കുമ്പോഴും അവളുടെ വിറയൽ മാറിയിരുന്നില്ല. നവീന്റെ ഫ്രണ്ട്‌സ് വന്നിട്ടുണ്ടെന്ന് കേട്ടപ്പോൾ ഒരിക്കൽ പോലും അത് കോളേജിൽ കൂടെ പഠിച്ചവരാണോ എന്നൊന്നും ചിന്തിച്ചിരുന്നില്ല താനെന്ന് അവളോർത്തു..

നേരത്തെ ഒരു സൂചന കിട്ടിയിരുന്നെങ്കിൽ മൊബൈൽ കൊടുക്കാനായി അവൾ അവിടേക്ക് ചെല്ലില്ലായിരുന്നു. തന്നെയവർ തിരിച്ചറിഞ്ഞിട്ടുണ്ടാവല്ലേ എന്ന പ്രാർത്ഥനയിൽ വർദ്ധിച്ച ആധിയോടെ പൂർണിമ മുറിയിലൂടെ ഉലാത്തി കൊണ്ടിരുന്നു. കാഴ്ച്ചയിൽ പ്രകടമായ മാറ്റങ്ങളൊന്നും ഇല്ലാത്തതിനാൽ പൂർണിമയെ അവരെല്ലാവരും വേഗം തിരിച്ചറിഞ്ഞിരുന്നു. അവളെ അവിടെ കണ്ട് നവീന്റെ സുഹൃത്തുക്കൾ അമ്പരന്ന് പോയിരുന്നു. "എടാ... ആ പെണ്ണിനെയല്ലേ നീ പണ്ട് കോളേജിൽ വച്ച്..." പറഞ്ഞ് വന്നത് പാതിയിൽ നിർത്തി മിഥുൻ നവീനെ നോക്കി. "നീ ഉദേശിച്ച പെണ്ണ് തന്നെയാ..." തെല്ല് ദുഃഖത്തോടെ നവീൻ പറഞ്ഞു. "പൂർണിമ... അവളാണോ നിന്റെ ചേട്ടന്റെ ഭാര്യ." ദീപു ചോദിച്ചു. "അതേ..." അതേസമയം ഫോണിൽ മിസ്സ്‌ കാൾ കണ്ട നമ്പറിലേക്ക് തിരിച്ചു വിളിക്കാൻ വേണ്ടി കുറച്ചാപ്പുറത്തേക്ക് എഴുന്നേറ്റ് മാറിയ നരേന്ദ്രൻ നവീനും സുഹൃത്തുക്കളും പൂർണിമയുടെ പേര് പറയുന്നത് കേട്ട് ഒരു നിമിഷം അവിടെ തന്നെ നിന്നു. നരേന്ദ്രൻ ഫോൺ ചെയ്യുകയാണെന്ന് കരുതി അവർ സംഭാഷണം തുടർന്നു. "അനിയൻ പ്രേമിച്ച പെണ്ണ് ഒടുവിൽ ചേട്ടന്റെ ഭാര്യ... കൊള്ളാലോ. ഇത് നിന്റെ ചേട്ടനറിയോ നവീ." ശ്യാമാണ്. "ഇല്ലെടാ... ഏട്ടനൊന്നും അറിയില്ല..." "പഴയ കാമുകി വീട്ടിൽ തന്നെ ഉള്ളത് കൊണ്ടാണോ നീ വേറെ പെണ്ണ് കെട്ടാത്തത്." മിഥുൻ പാതി കളിയായും കാര്യമായും ചോദിച്ചു. "കെട്ടുന്നെങ്കിൽ ഏട്ടത്തിയെ പോലൊരു പെണ്ണിനെ കെട്ടണം. എന്റേട്ടൻ ഭാഗ്യം ചെയ്തവനാ..."

"അവൾക്ക് നിന്നോട് ദേഷ്യമുണ്ടോ?" ദീപു ചോദിച്ചു. "ദേഷ്യമൊന്നുമില്ല... ഞങ്ങൾ നല്ല ഫ്രണ്ട്സിനെ പോലെയാ." "കുറേ നാൾ പഴയ കാമുകിയെ അടുത്ത് കാണുമ്പോൾ നഷ്ടബോധം തോന്നിയിട്ട് സ്വന്തമാക്കാൻ ആഗ്രഹം തോന്നിയാലോ?" "അങ്ങനെയൊന്നും തോന്നില്ല... ഏട്ടന്റെ കൂടെയുള്ള ഏട്ടത്തിയുടെ ലൈഫ് കാണുമ്പോ ഞാൻ തന്നെ അവളെ കെട്ടിയാൽ മതിയായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. ചില സമയത്ത് ഏട്ടൻ ഏട്ടത്തിയെ മനസ്സിലാക്കാൻ ശ്രമിക്കാറില്ല. അപ്പോഴൊക്കെ ഒരു നഷ്ടബോധം തോന്നും." "മനുഷ്യന്റെ മനസ്സാണ് മോനേ... എപ്പോ പിടി വിട്ട് പോകുമെന്ന് പറയാൻ പറ്റില്ല." ശ്യാം അവനെ കളിയാക്കി. എല്ലാംകൂടി കേട്ടിട്ട് ആകെ ഭ്രാന്ത് പിടിച്ചത് പോലെ നിൽക്കുകയാണ് നരേന്ദ്രൻ. കുടിച്ച രണ്ട് പെഗ് മദ്യത്തിന്റെ വീര്യം അപ്പോൾതന്നെ കെട്ട് പോയിരുന്നു. അപ്രതീക്ഷിതമായി നവീന്റെയും സുഹൃത്തുക്കളുടെയും വായിൽ നിന്നും വീണ വാക്കുകൾ ഏൽപ്പിച്ച പ്രഹരത്തിൽ നരൻ വിറങ്ങലിച്ചു നിന്നു. അവരുടെ സംഭാഷണങ്ങളിൽ നിന്ന് പൂർണിമയും നവീനും കോളേജിൽ പഠിക്കുമ്പോൾ കാമുകി കാമുകന്മാരായിരുന്നു എന്ന രീതിയിലാണ് നരേന്ദ്രൻ കാര്യങ്ങൾ മനസ്സിലാക്കിയത്.

ഇരുവരും ചേർന്ന് തന്നെ ചതിക്കുകയാണോ എന്ന സംശയം അവനുള്ളിൽ നാമ്പിട്ടു. "നവീനിപ്പോൾ കൂടുതൽ സമയവും പൂർണിമയ്ക്കൊപ്പം അടുക്കളയിൽ പാചകം പഠിക്കലാണ്." എന്നുള്ള യമുനയുടെ വാക്കുകൾ അവനോർത്തു. മുൻപ് ഒരു ദിവസം താൻ ജോലി കഴിഞ്ഞു വരുമ്പോൾ ഇരുവരും ലാപ്ടോപിന് മുന്നിൽ ഒന്നിച്ചിരിക്കുന്നത് കണ്ടത് നരന്റെ ഓർമ്മയിൽ തെളിഞ്ഞു. തങ്ങളുടെ മുറിയിൽ നിന്ന് നവീൻ പുറത്തേക്കിറങ്ങി പോകുന്നതും അവന്റെ മുറിയിൽ നിന്ന് പൂർണിമ ഇറങ്ങി വരുന്നത് മുൻപ് കണ്ടതൊക്കെ അവനിൽ സംശയം ജനിപ്പിച്ചു. ആ സമയം എന്തൊക്കെയോ ആവശ്യങ്ങൾക്ക് പോയി വന്നതാണ് ഇപ്പോൾ സംശയത്തോടെ നരേന്ദ്രൻ വീക്ഷിക്കുന്നത്. അനിയനും ഭാര്യയും ചേർന്ന് തന്നെ കബളിപ്പിക്കുകയാണോ? മുൻപ് സ്നേഹിച്ചു പിരിഞ്ഞവർ വീണ്ടും പഴയ ബന്ധത്തിലേക്ക് എത്തിപ്പെട്ടോ? താനൊരു വിഡ്ഢിയായി ഒന്നുമറിയാതെ പൂർണിമയെ കണ്ണുമടച്ചു സ്നേഹിക്കുകയായിരുന്നുവെന്ന് അവനു തോന്നി. നീറിപ്പുകയുന്ന മനസ്സുമായി നരേന്ദ്രൻ അവർക്കരികിൽ വന്നിരുന്നു. അവനെ കണ്ട മാത്രയിൽ നവീനും ഫ്രണ്ട്സും വിഷയം മാറ്റിയത് നരേന്ദ്രന്റെയുള്ളിലെ സംശയം ഇരട്ടിച്ചു. കഴിഞ്ഞുപോയ പല കാര്യങ്ങളും ഒരു ചിത്രത്തിലെന്ന പോലെ അവന്റെ മനസ്സിലൂടെ കടന്ന് പോയി. വിവാഹം കഴിഞ്ഞു പൂർണിമ മുല്ലശ്ശേരിയിലേക്ക് വന്ന ദിവസം രാത്രി നവീന്റെ ഫോട്ടോ ഹാളിൽ കണ്ട് ഞെട്ടി നിന്നത് നരേന്ദ്രന്റെ മനസ്സിൽ തെളിഞ്ഞുവന്നു..... തുടരും...🥂

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story