മാലയോഗം: ഭാഗം 57

malayogam shiva

രചന: ശിവ എസ് നായർ

കാര്യങ്ങൾ ഓരോന്നും കൂട്ടിയിണക്കി ചിന്തിച്ചപ്പോൾ തെറ്റായ രീതിയിലാണ് നരേന്ദ്രൻ അവയെല്ലാം മനസ്സിലാക്കിയത്. കോളേജിൽ വച്ച് പരസ്പരം ഇഷ്ടത്തിലായിരുന്ന നവീനും പൂർണിമയും എന്തോ കാരണം കൊണ്ട് പിരിഞ്ഞിട്ട് ഇപ്പൊ വീണ്ടും ആ പഴയ ബന്ധം പുതുക്കിയെടുത്തതാവാം എന്നതായിരുന്നു ആ നിഗമനം. അതിന്റെ സത്യാവസ്ഥ അവരോട് തന്നെ ചോദിച്ചു മനസ്സിലാക്കാനുള്ള ചിന്തയൊന്നും നരനപ്പോൾ തോന്നിയില്ല. നവീന്റെ സുഹൃത്തുക്കൾ സംസാരിക്കുന്നത് കേട്ടപ്പോൾ തന്നെ നരേന്ദ്രൻ മാനസികമായി തകർന്നിരുന്നു. സംശയത്തിന്റെ നെരിപ്പോട് ഉള്ളിൽ പുകയാൻ തുടങ്ങിയതോടെ നരന്റെ മനസ്സിലിരുന്ന് അത് ആളികത്തി. താൻ ഊഹിക്കുന്നത് പോലെയാണോ കാര്യങ്ങളെന്നറിയാൻ അവൻ നവീനോട് ചിലത് ചോദിക്കണമെന്ന് വിചാരിച്ചു. മദ്യകുപ്പികൾ കാലിയായപ്പോൾ തന്നെ നവീനും ഫ്രണ്ട്സും അർദ്ധബോധാവസ്ഥയിലേക്ക് എത്തിയിരുന്നു. പകുതി ബോധത്തിലിരിക്കുന്ന നവീനോട് ഇപ്പോ എന്ത് ചോദിച്ചാലും സത്യം മാത്രേ പറയുള്ളുവെന്ന് നരന് ഉറപ്പായിരുന്നു. "നവീ... നീ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ?" ഫോണിലെ റെക്കോർഡ് ഓണാക്കി ടേബിളിൽ വച്ചുകൊണ്ട് നരേന്ദ്രൻ അവന്റെ കവിളിൽ തട്ടി വിളിച്ചു.

"എന്താ ഏട്ടാ..." കുഴഞ്ഞ ശബ്ദത്തിൽ അവൻ ചോദിച്ചു. "എന്റെ ഭാര്യയാകുന്നതിന് മുൻപ് തന്നെ പൂർണിമയെ നിനക്ക് അറിയാമായിരുന്നോ?" "അറിയാം..." "എങ്ങനെ?" "അവളെന്റെ ജൂനിയർ ആയിരുന്നു കോളേജിൽ... ആദ്യമായി എനിക്കിഷ്ടം തോന്നിയ പെണ്ണ്." ചെയറിലേക്ക് ചാഞ്ഞിരുന്നു നവീൻ മറുപടി പറഞ്ഞു. അനിയന്റെ വാക്കുകൾ നരേന്ദ്രന്റെ ഹൃദയത്തെ ചുട്ട് പൊള്ളിച്ചു. "നിങ്ങൾ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ?" "കോളേജിൽ നിന്ന് പുറത്തായിട്ടില്ലായിരുന്നെങ്കിൽ പൂർണിമയിപ്പോൾ എന്റെ ഭാര്യയായിരുന്നേനെ. പക്ഷേ എനിക്കവളെ വിധിച്ചിട്ടില്ലായിരുന്നു. ആർട്സ് ഡേയുടെ അന്ന് ആ കള്ള പന്നി ഫാദർ സ്റ്റേജിന് പിന്നിൽ വച്ച് എന്നേം അവളേം കാണാതിരുന്നിരുന്നെങ്കിൽ എനിക്കവളെ സ്വന്തമാക്കാൻ പറ്റിയേനെ." വാക്കുകൾ കുഴഞ്ഞും അവ്യക്തമായിട്ടുമാണ് അവൻ സംസാരിക്കുന്നത്. നവീൻ ഉദേശിച്ചതിന്റെ ശരിയായ അർത്ഥമായിരുന്നില്ല നരേന്ദ്രൻ മനസ്സിലാക്കുന്നതും. "എങ്കിൽ പിന്നെ എന്തിനാ ഞാനവളെ താലി കെട്ടുന്നത് തടയാതിരുന്നത് നീ?"

"ഏട്ടന് എത്രയെത്ര പെണ്ണ് നോക്കിയിട്ടാ ഒടുവിൽ പൂർണിമയെ കിട്ടിയത്. ഏട്ടനും അവളെ ഇഷ്ടപ്പെട്ടെന്ന് കേട്ടപ്പോൾ ഞാനെല്ലാം മറക്കാൻ ശ്രമിച്ചു. പക്ഷേ ആദ്യമായി ഇഷ്ടം തോന്നിയ പെണ്ണിനെ എങ്ങനെ മറക്കാൻ പറ്റും. അവളിങ്ങനെ കണ്മുന്നിൽ തന്നെ ജീവിക്കുമ്പോൾ നഷ്ടബോധം തോന്നില്ലേ. ഏട്ടൻ പൂർണിമയെ മനസ്സിലാക്കി അവളുടെ കഴിവുകൾ അംഗീകരിക്കുന്ന നല്ലൊരു ഭർത്താവായിരുന്നെങ്കിൽ എനിക്ക് വിഷമം തോന്നില്ലായിരുന്നു. പക്ഷേ ഭാര്യയെ അടിമയായി കൊണ്ട് നടക്കാനല്ലേ ഏട്ടനിഷ്ടം. അതുകൊണ്ട് ഏട്ടന് പകരം പൂർണിമയ്ക്ക് സപ്പോർട്ടായി ഞാനെങ്കിലും കൂടെയുണ്ടാവണമെന്ന് തോന്നി. അവളെ കൈപിടിച്ചുയർത്തി കൊണ്ട് വരും ഞാൻ. ഞങ്ങൾ ഏട്ടനോട് പറയാതെ മറച്ചു വച്ച കുറച്ച് കാര്യങ്ങളുണ്ട്. എല്ലാം അറിഞ്ഞു കഴിയുമ്പോ ഏട്ടൻ തന്നെ ഞെട്ടും." "നവീ... നീയും അവളും കൂടി ചേർന്ന് എന്നെ ചതിക്കുവായിരുന്നല്ലേ." നവീൻ പറഞ്ഞതൊക്കെ മറ്റൊരു രീതിയിൽ ചിന്തിച്ചെടുത്ത നരേന്ദ്രന്റെ ഉള്ളൊന്ന് കിടുങ്ങിപ്പോയി. രണ്ടുപേരും കൂടി ചേർന്ന് വിദഗ്ധമായി തന്നെ ചതിച്ചിട്ട് എത്ര ലാഘവത്തോടെയാണ് നവീൻ സംസാരിക്കുന്നതെന്ന് കണ്ടപ്പോൾ നരന് കലി കയറി. "സോറി ഏട്ടാ... ഭാര്യയ്ക്ക് ആവശ്യമായ ഫ്രീഡം കൊടുക്കാത്തൊരു ഭർത്താവായി പോയി ഏട്ടൻ.

അതുകൊണ്ട് ഞങ്ങൾക്ക് ഇതല്ലാതെ വേറെ വഴിയില്ലായിരുന്നു. ഞങ്ങൾ ഇത് തുടങ്ങിയിട്ട് ഒരു മൂന്ന് വർഷം കഴിഞ്ഞിട്ടുണ്ടാവും. ഇപ്പൊ പൂർണിമയെ ഞാൻ..." പറഞ്ഞു വന്നത് മുഴുമിക്കാനാവാതെ നവീൻ നാവ് കുഴഞ്ഞ് ബോധം മറഞ്ഞു കസേരയുടെ പിന്നിലേക്ക് ചാഞ്ഞു. അത്രയും തന്നെ ധാരാളമായിരുന്നു നരേന്ദ്രനും. ഇനി കൂടുതൽ ചോദ്യങ്ങൾക്കോ പറച്ചിലിനോ ഒന്നും അവന് താല്പര്യമുണ്ടായിരുന്നില്ല. കുറച്ചു സമയം കൂടി ബോധമുണ്ടായിരുന്നെങ്കിൽ താൻ പ്രതീക്ഷിക്കാത്തതൊക്കെ അനിയനിൽ നിന്ന് കേൾക്കേണ്ടി വന്നേനെയെന്ന് അവൻ ചിന്തിച്ചു. നവീൻ പറഞ്ഞത് വച്ച് കഴിഞ്ഞ മൂന്ന് വർഷമായി പൂർണിമയിൽ പ്രകടമായ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് നരൻ ഓർത്തു. ഓരോ ആവശ്യങ്ങൾക്ക് തന്റെ അടുത്ത് വന്നിരുന്നവൾ പിന്നെ ഒന്നിനും വരാതെയായി. നവീന്റെ സഹായത്തോടെ കാറും സ്കൂട്ടറുമൊക്കെ പഠിച്ചതും ഷോപ്പിംഗ് പോണമെങ്കിൽ അവനേം കൂട്ടി പോകുന്നതുമൊക്കെ കണ്ടിട്ട് അത്ര നാളും തോന്നാതിരുന്ന സംശയം അവന് അപ്പോ മുതൽ തോന്നിത്തുടങ്ങി. കുട്ടികൾ ഉണ്ടായതിന് ശേഷം തങ്ങൾക്കിടയിൽ എപ്പോഴെങ്കിലും പേരിന് മാത്രമായിരുന്നു ശാരീരിക ബന്ധം പോലും. അതും താൻ താല്പര്യം കാണിച്ച് അടുത്ത് ചെന്നാൽ മാത്രം.

മാനസികമായും ശാരീരികമായും താൻ പൂർണിമയിൽ നിന്നും ഒരുപാട് അകന്നിരുന്നുവെന്ന് അവനു തോന്നി. ഇതുവരെ തോന്നാത്ത അകലച്ചയാണ് ഒരു നിമിഷം കൊണ്ട് നരേന്ദ്രന് അനുഭവപ്പെട്ടത്. ഭാര്യയ്ക്ക് തന്നോടുള്ള സ്നേഹവും താല്പര്യം നഷ്ടപ്പെട്ടിരിക്കുന്നു. കൂടുതൽ സമയവും അവൾ നവീനൊപ്പം ആയിരുന്നു. വീട്ടിൽ അച്ഛനും അമ്മയും ഇല്ലാത്ത സമയങ്ങളിൽ ഇരുവരും മാത്രമായിട്ടുള്ള ദിവസങ്ങൾ ഒത്തിരി ഉണ്ടായിട്ടുണ്ട്. ഒരു ദിവസം വൈകുന്നേരം നേരത്തെ വന്നപ്പോൾ മുൻ വശത്ത് ആരെയും കാണാതെ അടുക്കളയിൽ നിന്ന് ശബ്ദം കേട്ട് വന്ന് നോക്കുമ്പോ പൂർണിമയുടെ മുഖത്ത് നിന്ന് മുഖം തിരിക്കുന്ന നവീനെ നരേന്ദ്രൻ കണ്ടിട്ടുണ്ട്. അന്ന് ചോദിച്ചപ്പോൾ പൂർണിമയുടെ കണ്ണിൽ കരട് പോയിട്ട് ഊതി കൊടുത്തതാണെന്ന് ഇരുവരും പറഞ്ഞത് നരൻ വിശ്വസിച്ചിരുന്നു. അന്ന് പെട്ടെന്നങ്ങനെ കണ്ടപ്പോൾ തോന്നാത്ത സംശയം ഇപ്പൊ നരന് തോന്നി. അന്ന് മുല്ലശ്ശേരിയിൽ ഇരുവരും മാത്രമുണ്ടായിരുന്ന ദിവസമായിരുന്നു. രണ്ട് പേരും തമ്മിൽ അരുതാത്ത ബന്ധമൊന്നുമില്ലായിരുന്നെങ്കിൽ ആദ്യമേ തന്നെ പൂർണിമയ്ക്ക് നവീനെയും നവീനെ പൂർണിമയെ പരിചയമുള്ളതും അവർ തന്നെ പറയുമായിരുന്നുവെന്നും കള്ളത്തരം ഉള്ളത് കൊണ്ട് മാത്രമാണ് ഇക്കാര്യം എല്ലാവരിൽ നിന്നും മറച്ചു വച്ചതെന്ന നിഗമനത്തിൽ നരേന്ദ്രൻ ചെന്നെത്തി നിന്നു.

ഓഫീസിലെ തിരക്കുകളിൽ പെട്ട് താനും ഒന്നും ശ്രദ്ധിച്ചില്ല. വീട്ടിൽ വന്നാൽ കുട്ടികളോടോത്ത് സമയം ചിലവഴിച്ചു ചുറ്റിനും നടക്കുന്നത് അറിയാതെ പോയി. അല്ലെങ്കിലും സഹോദരനും ഭാര്യയും ചേർന്ന് ഇത്തരത്തിൽ ഒരു ചതി തരുമെന്ന് പ്രതീക്ഷിച്ച് കൂടിയില്ല... പിന്നെ എങ്ങനെയാണ് അവരുടെ ബന്ധത്തിലെ ശരികേട് കണ്ടെത്താൻ കഴിയുക? ഇപ്പൊത്തന്നെ നവീന്റെ ഫ്രണ്ട്സ് പറഞ്ഞത് കെട്ടില്ലായിരുന്നെങ്കിൽ താനൊന്നും അറിയാതെ പൊട്ടനെ പോലെ അവളെ വിശ്വസിച്ചു കൂടെ കഴിഞ്ഞേനെ. പണ്ടേ ഒരു വാക്ക് ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ മാറി കൊടുക്കാമായിരുന്നു. സന്തോഷത്തോടെ നവീനിനൊപ്പം അവളെ ചേർത്ത് വച്ചേനെ. പകരം വിവാഹത്തിനു മുൻപ് ആരുമായും പ്രണയിച്ചിട്ടില്ലെന്ന് നുണ പറയുകയും രണ്ട് മക്കളുണ്ടായതിന് ശേഷം പഴയ കാമുകൻ ഭർത്താവിന്റെ അനിയനാണെന്ന് കൂടെ ഓർക്കാതെ രഹസ്യ ബന്ധവും. നീ ഇത്രയ്ക്ക് വൃത്തികെട്ടവളായിരുന്നോ പൂർണിമാ. നിന്നെയാണോ ഞാൻ ജീവനേക്കാൾ ഏറെ സ്നേഹിച്ചത്. കൂടെപ്പിറപ്പായ എന്നെ ചതിക്കാൻ നിനക്ക് എങ്ങനെ മനസ്സ് വന്ന് നവീ. ഒന്നുമറിയാത്ത രണ്ട് പിഞ്ചുകുഞ്ഞുങ്ങൾടെ ഭാവി കൂടെ തുലച്ചില്ലേ നീയൊക്കെ രണ്ടും. നിനക്കെന്ത് കുറവായിരുന്നു പൂർണിമാ ഞാൻ വരുത്തിയത്.

നീ ആഗ്രഹിച്ച പോലെയുള്ള ഒരു ഭർത്താവായി മാറിയിട്ടും സമർത്ഥമായി നീയെന്നെ വഞ്ചിച്ചു. നിനക്ക് വേണ്ടി എല്ലാരോടും ഞാൻ വഴക്കിട്ടു. എല്ലാം വെള്ളത്തിൽ വരച്ച വര പോലെയായി. നാനാവിധ ചിന്തകളിൽ പെട്ടുഴറുകയായിരുന്നു നരന്റെ മനസ്സ്. ദേഷ്യവും സങ്കടവും കൊണ്ട് നരേന്ദ്രൻ തലമുടിയിൽ വിരൽ കോർത്ത് പിച്ചി വലിച്ചു. പൂർണിമയ്ക്ക് യൂട്യൂബിൽ ചാനൽ തുടങ്ങി കൊടുത്ത കാര്യം പറയാൻ തുടങ്ങുമ്പോഴാണ് നവീൻ ബോധം മറഞ്ഞു വീണത്. അവനെയൊന്ന് തറപ്പിച്ച് നോക്കിയിട്ട് അന്ന് രാത്രിയോടെ തന്നെ എല്ലാത്തിനും തീരുമാനമാവണമെന്ന് മനസ്സിലുറപ്പിച്ചു കൊണ്ട് നരേന്ദ്രൻ മുറിയിലേക്ക് നടന്നു. 🍁🍁🍁🍁🍁 പൂർണിമ കിടക്ക തട്ടികുടഞ്ഞു വിരിക്കുമ്പോഴാണ് നരേന്ദ്രൻ വാതിൽ തുറന്ന് അകത്ത് കയറിയത്. "ഇത്ര പെട്ടെന്ന് വന്നോ നരേട്ടൻ. അവിടെ എല്ലാരുടേം മദ്യ സേവയൊക്കെ കഴിഞ്ഞോ?" അവന്റെ മുഖത്തെ ഭാവമെന്താണെന്ന് വായിച്ചെടുക്കാൻ കഴിയാനാവാതെ ഉള്ളിലെ പതർച്ച മറച്ച് പൂർണിമ ചോദിച്ചു. "നീ ഏത് കോളേജിലാ ഡിഗ്രിക്ക് പഠിച്ചത്?"

ഒട്ടും പ്രതീക്ഷിക്കാതെയുള്ള നരന്റെ ചോദ്യത്തിന് മുന്നിൽ അവളൊന്ന് പതറി. "എ... എന്താ നരേട്ടാ... ഇപ്പൊ... ഇങ്ങനെയൊരു ചോദ്യം." "നീ ഞാൻ ചോദിച്ചതിന് മാത്രം മറുപടി പറഞ്ഞാൽ മതി. പറ... ഏത് കോളേജിലാ നീ പഠിച്ചത്." "മദർ തെരേസ കോളേജിൽ..." നരേന്ദ്രൻ എന്തൊക്കെയോ അറിഞ്ഞിട്ടുള്ള വരവാണെന്ന് അവന്റെ നിൽപ്പും ഭാവവും ചോദ്യം ചെയ്യലും വിളിച്ചു പറയുന്നുണ്ടായിരുന്നു. "നവീനും അവിടെ തന്നെയാ പഠിച്ചത്. നിനക്ക് അറിയാമായിരിക്കുമല്ലോ." വാക്കുകളിൽ പുച്ഛം വിതറി അവൻ പറഞ്ഞു. "അ... അറിയാം..." വിക്കലോടെ പൂർണിമ നിന്നു. നരേന്ദ്രനെല്ലാം അറിഞ്ഞിട്ടുണ്ടെങ്കിൽ കള്ളം പറയുന്നത് കൊണ്ട് പ്രയോജനമൊന്നുമില്ലെന്ന് തോന്നിയതിനാൽ അവൾ സത്യം പറഞ്ഞു. "ഞാനെല്ലാം അറിഞ്ഞെടി... അതുകൊണ്ട് കള്ളം പറഞ്ഞിരുന്നെങ്കിലും നിനക്ക് രക്ഷയുണ്ടാവില്ലായിരുന്നു. നീയൊക്കെ രണ്ടും ചേർന്ന് എന്നെ ചതിക്കയല്ലായിരുന്നോ? ഇനി ഞാൻ അണിയിച്ച താലി കഴുത്തിട്ട് നടക്കാൻ യോഗ്യയല്ല നീ. ഇപ്പൊ തന്നെ അത് വലിച്ചു പൊട്ടിക്കുവാ ഞാൻ." കലിപ്പൂണ്ട് നരൻ പൂർണിമയ്ക്ക് നേരെ ചീറി...... തുടരും...🥂

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story