മാലയോഗം: ഭാഗം 58

malayogam shiva

രചന: ശിവ എസ് നായർ

"ഞാനെല്ലാം അറിഞ്ഞെടി... അതുകൊണ്ട് കള്ളം പറഞ്ഞിരുന്നെങ്കിലും നിനക്ക് രക്ഷയുണ്ടാവില്ലായിരുന്നു. നീയൊക്കെ രണ്ടും ചേർന്ന് എന്നെ ചതിക്കയല്ലായിരുന്നോ? ഇനി ഞാൻ അണിയിച്ച താലി കഴുത്തിട്ട് നടക്കാൻ യോഗ്യയല്ല  നീ. ഇപ്പൊ തന്നെ അത് വലിച്ചു പൊട്ടിക്കുവാ ഞാൻ." കലിപ്പൂണ്ട് നരൻ പൂർണിമയ്ക്ക് നേരെ ചീറി.

"നരേട്ടാ..." ഭീതിയോടെ വിളിച്ചു കൊണ്ട് അവൾ പിന്നോട്ട് മാറി.

"എന്നെ ചതിക്കാൻ നിനക്കെങ്ങനെ തോന്നിയെടി... പൊന്നുപോലെ അല്ലേ നിന്നെ ഞാൻ നോക്കിയിരുന്നത്. എന്ത് കുറവാ നിനക്ക് ഞാനിവിടെ വരുത്തിയിട്ടുള്ളത്. എന്നിട്ടും നീയും എന്റെ അനിയനും കൂടി ചേർന്ന്... ഒന്നും അറിയാതെ പൊട്ടനെ പോലെ ഞാനും." നിയന്ത്രണം വിട്ട് നരേന്ദ്രൻ പൊട്ടിക്കരഞ്ഞു.

"നരേട്ടനെന്തൊക്കെയാ വിളിച്ചു പറയുന്നത്. നവീൻ ഏട്ടനോടെന്താ പറഞ്ഞതെന്ന് എനിക്കറിയില്ല. പക്ഷേ എനിക്ക് പറയാനുള്ളത് കേൾക്കാനുള്ള മനസ്സെങ്കിലും നരേട്ടൻ കാണിക്കണം. നരേട്ടൻ വിചാരിക്കുന്ന പോലെയൊന്നുമല്ല കാര്യങ്ങൾ..." തേങ്ങൽ ഉള്ളിലമർത്തി അപേക്ഷാ ഭാവത്തിൽ പൂർണിമ അവനെ നോക്കി.

"ഇനിയും ഓരോ കള്ളങ്ങൾ പറഞ്ഞ് എന്നെ പറ്റിക്കാമെന്ന് നീ വിചാരിക്കണ്ട. അറിയേണ്ട കാര്യങ്ങളൊക്കെ അവനിൽ നിന്ന് ഞാനറിഞ്ഞു കഴിഞ്ഞു. ഇനി നിന്റെ ചാരിത്ര്യ പ്രസംഗം എനിക്ക് കേൾക്കണ്ട... സത്യങ്ങൾ എല്ലാം മനസിലാക്കിയിട്ട് തന്നെയാ ഞാൻ നിന്റെ മുൻപിൽ നിൽക്കുന്നത്." കോപം കൊണ്ടവൻ വിറച്ചു.

"നരേട്ടൻ എന്തറിഞ്ഞൂന്നാ ഈ പറയണേ..."

"അറിഞ്ഞതൊക്കെ എന്റെ വായിൽ നിന്ന് പച്ചയ്ക്ക് കേൾക്കണമല്ലേ നിനക്ക്. എന്നാൽ കേട്ടോ... നീയും എന്റെ അനിയനും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ കഥ അവനിൽ നിന്ന് തന്നെ ഞാനറിഞ്ഞു."

"നരേട്ടൻ എന്തൊക്കെ വൃത്തികേടാ വിളിച്ചു പറയുന്നത്. ഞങ്ങൾ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാ നരേട്ടൻ പറയുന്നത്. ഇതൊന്നുമല്ല നടന്നത്... ഉള്ള കാര്യം തുറന്ന് പറയാൻ എനിക്കൊരു അവസരം താ നരേട്ടാ. ഏട്ടനെ ഞാൻ ചതിക്കുമെന്ന് തോന്നുന്നുണ്ടോ നരേട്ടന്... നവീനുമായി ഏട്ടൻ പറയുന്ന പോലെ ഒരു ബന്ധവും എനിക്കില്ല... ആരാ ഇങ്ങനെയെല്ലാം പറഞ്ഞത്. നവീൻ ഒരിക്കലും ഇങ്ങനെയൊന്നും പറയില്ലെന്ന് എനിക്കുറപ്പുണ്ട്. എന്താ ഉണ്ടായതെന്ന് ഞാൻ പറയാം..." അത്രയും പറഞ്ഞപ്പോഴേക്കും പൂർണിമ കരഞ്ഞു പോയി.

"വേണ്ടെടി... നീയിനി ഒന്നും പറയണ്ട... എനിക്കൊന്നും കേൾക്കേം വേണ്ട. ഇന്നെങ്കിലും എല്ലാം അറിഞ്ഞത് നന്നായി... എന്നെ ചതിക്കാൻ തോന്നിയപ്പോ നിനക്ക് നമ്മുടെ മക്കളെ മുഖമെങ്കിലും ഓർക്കാമായിരുന്നു പൂർണിമാ. നവീൻ പറഞ്ഞതൊക്കെ ഞാനെന്റെ ഫോണിൽ റെക്കോർഡ് ചെയ്ത് വച്ചിട്ടുണ്ട്. അതുകൊണ്ട് ഇനി നിന്റെ നുണകഥകൾ വിശ്വസിക്കാൻ മാത്രം മണ്ടനല്ല ഞാൻ."

ഫോണിലെ റെക്കോർഡ് പ്ലേ ചെയ്ത ശേഷം മൊബൈൽ ബെഡിലേക്കിട്ട് നരേന്ദ്രൻ പൂർണിമയെ നോക്കി നിന്നു.

നവീൻ പറയുന്നതൊക്കെ കേട്ടപ്പോൾ തന്നെ പൂർണിമയ്ക്ക് ഒരു കാര്യം ബോധ്യമായി. അവന്റെ വാക്കുകളെ നരേന്ദ്രൻ തെറ്റിദ്ധരിച്ചതാണെന്ന്. അതുപോലെ തന്നെ സ്വബോധത്തിലല്ല നവീൻ സംസാരിക്കുന്നതെന്നും... ഇങ്ങനെ കേട്ടാൽ ആരായാലും തെറ്റിദ്ധരിക്കും. താനവന്റെ പഴയ കാമുകിയാണെന്നും വീണ്ടും ആ ബന്ധം തങ്ങൾ തുടരുകയാണെന്നും നരൻ വിചാരിച്ചു വച്ചിരിക്കുന്നത് എങ്ങനെ പറഞ്ഞു തിരുത്തുമെന്നത് അവൾക്കറിയില്ലായിരുന്നു.

ഇനി എത്രയൊക്കെ സത്യം പറയാൻ ശ്രമിച്ചാലും നരനൊന്നും കേൾക്കാൻ കൂട്ടാക്കില്ലെന്ന് പൂർണിമയ്ക്ക് തോന്നി.

"നരേട്ടനെന്നെ അവിശ്വസിക്കരുത്... ഇങ്ങനെയൊന്നുമല്ല കാര്യങ്ങൾ. നവീൻ പറഞ്ഞു തീർന്നിട്ടില്ലായിരുന്നു. അപ്പോഴേക്കും അവന്റെ ഓർമ്മ പോയില്ലേ. ഇനിയും കുറച്ചൂടെ കാര്യങ്ങൾ ഏട്ടനറിയാനുണ്ട്. ഇത്രേം കേട്ടത് വച്ച് എടുത്ത് ചാടിയൊരു തീരുമാനം എടുക്കരുത്." പൂർണിമ കരഞ്ഞുകൊണ്ടവന്റെ കാലിലേക്ക് വീണു.

"ഇത്ര അറിഞ്ഞപ്പോ തന്നെ എനിക്ക് മതിയായി. ബാക്കി കൂടി എനിക്ക് കേൾക്കണമെന്നില്ല. ഇത്ര മാത്രം നീ പറഞ്ഞാ മതി, നവീൻ ഈ പറഞ്ഞതൊക്കെ കള്ളമാണോ സത്യമാണോ എന്ന്. നമ്മുടെ മക്കളെ കൊണ്ട് സത്യം ചെയ്ത് നീ പറയ്യ്. എങ്കിൽ ഞാൻ നിന്നെ വിശ്വസിക്കാം." നരന്റെ വാക്കുകൾ കേട്ട് അവൾ ഞെട്ടി തരിച്ചുപോയി.

നവീൻ പറഞ്ഞതൊക്കെ സത്യമാണ്... പക്ഷേ അതെല്ലാം നരൻ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും ഇനിയും ഏറെ പറയാനുണ്ടെന്നും അവൾക്കറിയാം. നടന്നതെല്ലാം മുഴുവനായും അവനോട് പറയണമെന്ന് അവൾക്ക് ആഗ്രഹമുണ്ട്. അത് പക്ഷേ നരന് കേൾക്കണ്ട... അവന്റെ ചോദ്യത്തിന് ഒരു യെസ് ഓർ നോ പറഞ്ഞാൽ മതിയെന്നും മറ്റൊന്നും അവൾ വിശദീകരിക്കാൻ നിൽക്കണ്ടെന്നും പറഞ്ഞ് നരേന്ദ്രനവളെ പ്രതിരോധത്തിലാക്കി. അതോടെ പൂർണിമ വെട്ടിലായി.

"ഞങ്ങൾ തമ്മിൽ അരുതാത്ത ബന്ധങ്ങൾ ഒന്നും തന്നെയില്ല നരേട്ടാ. എനിക്ക് പറയാനുള്ളത് കേൾക്കാനുള്ള മനസ്സെങ്കിലും നരേട്ടൻ കാണിക്കണം."

"നിന്റെ നുണകൾ കേൾക്കാനുള്ള മനക്കരുത്ത് എനിക്കില്ല പൂർണിമാ. ഇപ്പൊ തന്നെ സർവ്വവും തകർന്ന് നിൽക്കുകയാണ് ഞാൻ. അതുകൊണ്ട് നീ ഞാൻ ചോദിച്ചതിന് മാത്രം ഉത്തരം പറഞ്ഞാൽ മതി. നവീൻ പറഞ്ഞതൊക്കെ സത്യമാണോ കള്ളമാണോന്ന്? കുഞ്ഞുങ്ങളെ കൊണ്ട് സത്യമിട്ട് നീ പറ അവൻ പറഞ്ഞതെല്ലാം കള്ളമാണെന്ന്. അപ്പോ ഞാൻ നിന്നെ വിശ്വസിക്കാം. നീ പറയുന്നത് കേൾക്കാം. ഈ ചോദ്യത്തിന് ഉത്തരം കിട്ടാതെ എനിക്കൊന്നും കേൾക്കണ്ട." നരേന്ദ്രന്റെ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടിയവൾ നിന്നു.

അവന്റെ ആ ചോദ്യത്തിന് എങ്ങനെ മറുപടി പറയുമെന്നറിയാതെ പൂർണിമ നിന്ന് വിയർത്തു. ഇവിടെ തനിക്ക് ഉത്തരം മുട്ടിയാൽ നരനൊരിക്കലും തന്നെ വിശ്വസിക്കില്ലെന്ന് അവൾക്കറിയാം.

"അവൾക്ക് പറയാൻ ഉത്തരം കാണില്ല നരാ." വാതിൽക്കൽ നിന്നിരുന്ന യമുന കാറ്റു പോലെ അകത്തേക്ക് പാഞ്ഞു വന്നു. അവർക്ക് പിന്നാലെ ആദി മോനെ തോളിലെടുത്ത് ശ്രീകണ്ഠനുമുണ്ടായിരുന്നു. നന്ദ മോൾ യമുനയുടെ തോളിലാണ്. രണ്ട് കുട്ടികളും ഉറക്കമായിരുന്നു. അവരെ കിടത്താനായി മുറിയിലേക്ക് വന്നപ്പോഴാണ് പൂർണിമയുടെയും നരേന്ദ്രന്റെയും സംഭാഷണങ്ങൾ ഇരുവരും കേൾക്കാനിടയായത്.

തോളിൽ കിടന്ന ആദി മോനെ ബെഡിലേക്ക് കിടത്തിയ ശേഷം യമുന മകന് നേരെ തിരിഞ്ഞു. അവിടെ നടന്നതും പറഞ്ഞതുമെല്ലാം അവർ കേട്ടുവെന്നറിഞ്ഞതും കാര്യങ്ങൾ തന്റെ കൈവിട്ട് പോയി കഴിഞ്ഞെന്ന് വേദനയോടെ പൂർണിമ മനസ്സിലാക്കി.

"നിന്റെ സംശയമൊക്കെ ശരിയാ നരാ. ഞാനും വിചാരിച്ചിട്ടുണ്ട് നവീൻ എന്തിനാ ഇവള്ടെ പിന്നാലെ ഇങ്ങനെ നടക്കുന്നതെന്ന്. ഒരിക്കൽ അവനെ അതിന്റെ പേരിൽ വഴക്ക് പറഞ്ഞപ്പോൾ പാചകം പഠിക്കാനാന്നാ അവൻ പറഞ്ഞത്. പിള്ളേർ എന്തെങ്കിലും ചെയ്യട്ടെ എന്ന് പറഞ്ഞ് നിന്റെ അച്ഛനത് നിസ്സാരമായി തള്ളിയപ്പോൾ ഞാനും അത് മൈൻഡ് ചെയ്തില്ല.

ഞങ്ങള് പിള്ളേരേം കളിച്ച് ഹാളിൽ ഇരിക്കുമ്പോ രണ്ടും കൂടി ഒന്നുകിൽ അടുക്കളയിൽ കാണും അല്ലെങ്കിൽ മുകളിൽ. മുകളിൽ രണ്ടെണ്ണവും എന്താ ചെയ്യുന്നതെന്ന് ഞങ്ങൾ കാണുന്നില്ലല്ലോ. പിന്നെ ഇടയ്ക്കിടെയുള്ള പുറത്ത് പോക്ക്.

ഇതുവരെ ഇതുങ്ങളെ മേൽ ഒരു സംശയവും തോന്നിയിരുന്നില്ല. ഇപ്പൊ നീ പറഞ്ഞതും അവൻ നിന്നോട് പറഞ്ഞതുമൊക്കെ കേട്ടപ്പോൾ എനിക്കെല്ലാം ബോധ്യമായി. ഇത്രേം വൃത്തികെട്ട ഒരു പെണ്ണാണ് നീയെന്ന് ഞാൻ വിചാരിച്ചില്ല. രണ്ടെണ്ണത്തിനും കള്ളത്തരമുള്ളത് കൊണ്ടല്ലേ ഇവർക്ക് കോളേജിൽ വച്ച് തമ്മിൽ പരിചയമുള്ളത് നമ്മളിൽ നിന്ന് മറച്ചുവച്ചത്.

എന്റെ മോന്റെ ജീവിതം നശിപ്പിച്ചപ്പോ നിനക്ക് സമാധാനമായില്ലേ? ഇവനെന്ത് കുറവ് വരുത്തിയിട്ടാ നീയെന്റെ രണ്ടാമത്തെ മോനെ കൂടി വശികരിച്ചത്? ഒന്നുല്ലേലും നിന്റെയൊക്കെ രണ്ട് മക്കളെ മുഖം ഓർക്കാമായിരുന്നു." പൂർണിമയ്ക്ക് നേരെ അസഭ്യ വർഷം ചൊരിഞ്ഞു കൊണ്ട് യമുന നിന്ന് കിതച്ചു.

"ഞാനൊരു തെറ്റും ചെയ്തിട്ടില്ലമ്മേ... എനിക്ക് പറയാനൊരു അവസരം താ."

"ഇനി നീ ശബ്ദിച്ചു പോകരുത്." യമുന വെറുപ്പോടെ മുഖം വെട്ടിച്ചു.

"നിന്നെ കുറിച്ച് ഞാൻ ഇങ്ങനെയൊന്നും വിചാരിച്ചില്ല മോളെ. നീയവനെ കൂടെപ്പിറപ്പിനെ പോലെയാ കാണുന്നതെന്ന് കരുതി... ഞങ്ങളുടെ വിശ്വാസത്തെ മുതലെടുത്ത് ഇത്രേം ചീപ്പായി പെരുമാറുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ ചിന്തിച്ചിട്ടില്ലായിരുന്നു. എന്റെ നരേന്ദ്രന്റെ ജീവിതമാണ് നിങ്ങൾ രണ്ടും ചേർന്ന് ഇല്ലാതാക്കിയത്. നിന്നെ അവൻ എത്രത്തോളം സ്നേഹിച്ചതാ... വിശ്വസിച്ചതാ... എന്നിട്ടും നീയിങ്ങനെ ചെയ്തല്ലോ." ശ്രീകണ്ഠന്റെ മുഖത്ത് തന്നോടുള്ള വെറുപ്പ് കണ്ട് പൂർണിമയ്ക്ക് സഹിക്കാനായില്ല.

സർവ്വവും തകർന്നവനെ പോലെ നരേന്ദ്രൻ നിലത്ത് മുട്ടുകുത്തിയിരുന്നു.... തുടരും...🥂

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story