മാലയോഗം: ഭാഗം 59

malayogam shiva

രചന: ശിവ എസ് നായർ

"നിന്നെ കുറിച്ച് ഞാൻ ഇങ്ങനെയൊന്നും വിചാരിച്ചില്ല മോളെ. നീയവനെ കൂടെപ്പിറപ്പിനെ പോലെയാ കാണുന്നതെന്ന് കരുതി... ഞങ്ങളുടെ വിശ്വാസത്തെ മുതലെടുത്ത് ഇത്രേം ചീപ്പായി പെരുമാറുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ ചിന്തിച്ചിട്ടില്ലായിരുന്നു. എന്റെ നരേന്ദ്രന്റെ ജീവിതമാണ് നിങ്ങൾ രണ്ടും ചേർന്ന് ഇല്ലാതാക്കിയത്. നിന്നെ അവൻ എത്രത്തോളം സ്നേഹിച്ചതാ... വിശ്വസിച്ചതാ... എന്നിട്ടും നീയിങ്ങനെ ചെയ്തല്ലോ." ശ്രീകണ്ഠന്റെ മുഖത്ത് തന്നോടുള്ള വെറുപ്പ് കണ്ട് പൂർണിമയ്ക്ക് സഹിക്കാനായില്ല.

സർവ്വവും തകർന്നവനെ പോലെ നരേന്ദ്രൻ നിലത്ത് മുട്ടുകുത്തിയിരുന്നു.

"നിങ്ങളെയൊക്കെ ഞാൻ എന്ത് പറഞ്ഞാ വിശ്വസിപ്പിക്കേണ്ടത്. എന്റെ മക്കളാണേ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല." മൂവർക്കും മുൻപിൽ കൈകൂപ്പി അവൾ കേണു.

"ഛീ... നിർത്തെടി... ചെളിക്കുണ്ടിൽ കിടക്കേണ്ട നിന്നെ ഈ തറവാടിന്റെ മരുമകൾ ആക്കിയതാ ഞാൻ ചെയ്ത തെറ്റ്. അന്നേ ജ്യോത്സ്യൻ നോക്കിയിട്ട് പറഞ്ഞതാ അധിക നാൾ ഇവരുടെ ദാമ്പത്യം ഒരുമിച്ച് പോകില്ലെന്ന്... അത് പക്ഷേ ഇത്ര പെട്ടന്ന് ഇങ്ങനെ അവസാനിക്കുമെന്ന് ഞാൻ വിചാരിച്ചില്ല.

ഇപ്പൊ തോന്നുവാ ഒന്നും വേണ്ടായിരുന്നുവെന്ന്. കുടുംബക്കാർ ആരെങ്കിലും അറിഞ്ഞാൽ എങ്ങനെയാ പിന്നെ അവരുടെ മുഖത്ത് നോക്കാ. നാണം കെട്ടവൾ... നിന്റെ സാരിത്തുമ്പിൽ കെട്ടിയിട്ട് കൊണ്ട് നടന്നിട്ടാണല്ലെടി എന്റെ മോൻ ഒരു കല്യാണത്തിന് പോലും സമ്മതിക്കാതെ ഇങ്ങനെ നടന്നത്." കലി തീരാതെ യമുന അവളുടെ കവിളിൽ ആഞ്ഞടിച്ചു.

എല്ലാം കണ്ട് ഒരക്ഷരം മിണ്ടാതെ നരേന്ദ്രനിരുന്നു. അടികൊണ്ട് വേച്ചു പോയവൾ നിലത്തേക്ക് വീണുപോയി. ബഹളം കേട്ട് ഞെട്ടിയുണർന്ന കുട്ടികൾ വലിയ വായിൽ കരയാൻ തുടങ്ങി.

ആദി മോൻ കരഞ്ഞുകൊണ്ട് ശ്രീകണ്ഠന്റെ തോളിൽ നിന്നിറങ്ങി പൂർണിമയുടെ അടുത്തേക്ക് ഓടിച്ചെന്നു. നന്ദ മോൾ പക്ഷേ അച്ഛമ്മയെ ചുറ്റിപ്പിടിച്ചു അവരുടെ മാറിൽ മുഖം പൂഴ്ത്തി എങ്ങലടിച്ചു.

പൂർണിമയെ തറപ്പിച്ചൊന്ന് നോക്കിയ ശേഷം നന്ദ മോൾടെ തോളത്തു തട്ടി സമാധാനിപ്പിച്ച് കൊണ്ട് യമുന മുറിയിലൂടെ ഉലാത്തി. കുറച്ചു സമയം അങ്ങനെ നടന്നപ്പോൾ നന്ദ മോൾ ഉറക്കം പിടിച്ചു. അവൾ ഉറങ്ങിയെന്ന് ഉറപ്പായപ്പോൾ യമുന കുഞ്ഞിനെ മെല്ലെ ബെഡിലേക്ക് കിടത്തി.

ആദി മോൻ അപ്പോഴും പേടിച്ചരണ്ട കണ്ണുകളോടെ പൂർണിമയുടെ നെഞ്ചോരം പറ്റിച്ചേർന്ന് നിൽക്കുകയാണ്. അമ്മ കരയുന്നത് കണ്ട് അവനും ഭയന്ന് പോയിരുന്നു.

"ഇനിയൊരു നിമിഷം പോലും നീയിവിടെ നിൽക്കാൻ പാടില്ല. എന്റെ കുട്ടികളെ ഇവിടെ നിർത്തിയിട്ട് ഈ നിമിഷം തന്നെ നീ ഈ വീട്ടിൽ നിന്ന് പടിയിറങ്ങണം. നിന്നെ പോലൊരു അമ്മയെ എന്റെ കുഞ്ഞുങ്ങൾ അർഹിക്കുന്നില്ല. പോകുമ്പോ ഞാൻ കെട്ടിയ താലിയും ഇവിടെ അഴിച്ച് വച്ചേക്ക്." ആദി മോനെ അവളുടെ കൈയ്യിൽ നിന്നും പിടിച്ചു വാങ്ങി നരേന്ദ്രൻ പറഞ്ഞു.

"നരേട്ടാ..." ഞെട്ടലോടെ അവൾ വിളിച്ചു.

"നിന്നെയിനി എന്റെ കണ്മുന്നിൽ കണ്ട് പോകരുത്. അത്രയ്ക്ക് വെറുപ്പുണ്ട് നിന്നോടെനിക്ക്. നീ തെറ്റ് ചെയ്തത് പകൽ പോലെ തെളിഞ്ഞിരിക്കുകയാണ്. ഇപ്പൊ അമ്മ പറഞ്ഞത് നീയും കേട്ടതല്ലേ. ഞാൻ ഓഫീസിൽ പോയി കഴിഞ്ഞാൽ നിങ്ങളെ കാണുന്നത് അവരല്ലേ. സ്വന്തം മോനെയും മൂത്ത മകന്റെ ഭാര്യയെ കുറിച്ചും വെറുതെ വായിൽ തോന്നിയത് പറയാൻ മാത്രം തരാം തരം താഴ്ന്നിട്ടില്ല എന്റെ അമ്മ. അതുകൊണ്ട് ദയവ് ചെയ്ത് ഇവിടുന്ന് ഇറങ്ങിപ്പോ."

"നരേട്ടനെന്നെ വേണ്ടെങ്കിൽ ഞാൻ പോയേക്കാം. എനിക്ക് പറയാനുള്ളത് കേൾക്കാൻ മനസ്സ് കാണിക്കാത്ത നരേട്ടനോട് എന്ത് പറഞ്ഞിട്ടും കാര്യമില്ലല്ലോ. പക്ഷേ എന്റെ മക്കളെ ഞാൻ വിട്ട് തരില്ല. ഞാൻ നൊന്ത് പ്രസവിച്ച കുഞ്ഞുങ്ങളാണവർ."

"നിന്ന് ചിലയ്ക്കാതെ ഇറങ്ങി പോടീ. നിന്റെ മക്കളെ നീ വീട്ടിൽ നിന്ന് വന്നപ്പോൾ കൊണ്ട് വന്നതല്ലല്ലോ. നിന്നെ പോലൊരു അമ്മയുള്ളത് അവർക്ക് നാണക്കേടാ. ഞങ്ങൾക്കറിയാം അവരെ നോക്കാൻ." പൂർണിമയെ മുറിക്ക് പുറത്തേക്ക് തള്ളി യമുന ആക്രോശിച്ചു.

"അമ്മേ... എന്റെ മോനും മോളും... അവരെ എനിക്ക് വേണം. അവരെ എന്നിൽ നിന്ന് പിരിക്കരുത്." പൂർണിമ കരയാൻ തുടങ്ങി.

അമ്മ കരയുന്നത് കണ്ടതും ആദി മോൻ നരേന്ദ്രന്റെ കൈയ്യിൽ നിന്നും കുതറി പിടഞ്ഞു അവളുടെ മേലേക്ക് ചാടി.

"അമ്മേ... കരയല്ലേ അമ്മേ... മോന് പേടിയാവാ." അവളുടെ കവിളിനെ നനച്ച് കൊണ്ട് പെയ്തിറങ്ങിയ നീർ തുള്ളികൾ കുഞ്ഞികൈകൾ കൊണ്ട് തുടച്ച് ആദി മോൻ പറഞ്ഞു.

"ഇല്ല മോനേ... അമ്മ കരയില്ല..."

"അമ്മ കരഞ്ഞാ ഞാനും കരയും." പറഞ്ഞതും ആദി മോൻ ചിണുങ്ങാൻ തുടങ്ങി.

അവന്റെ കരച്ചിൽ കേട്ട് ഉറങ്ങി കിടന്ന നന്ദ മോള് എഴുന്നേറ്റു. അത് കണ്ടതും യമുനയുടെ ദേഷ്യം ഇരട്ടിച്ചു. അവർ ഓടിച്ചെന്ന് മോളെ വാരിയെടുത്ത് തോളിലിട്ട് തട്ടിയെങ്കിലും അവളും  പേടിച്ചു കരഞ്ഞു.

പൂർണിമ മോൾക്ക് നേരെ കൈ നീട്ടിയെങ്കിലും നന്ദ മോൾ അവളുടെ അടുത്തേക്ക് പോയില്ല. പൂർണിമ മകളെ നിർബന്ധ പൂർവ്വം വലിച്ചെടുക്കാൻ ശ്രമിച്ചതും നന്ദ മോൾ അച്ഛമ്മയെ ഇറുക്കി പിടിച്ചു.

"അമ്മ പോ... ഞാൻ വെരൂല." പൂർണിമയുടെ കൈകൾ തട്ടിയെറിഞ്ഞ് മോള് മുഖം വെട്ടിച്ചു. അത് കണ്ടതും അവൾക്ക് നെഞ്ച് വിങ്ങുന്നത് പോലെ തോന്നി.

"എന്റെ മോളെ കരയിക്കാതെ ആ താലിയിവിടെ അഴിച്ച് വച്ചിട്ട് ഒന്ന് പോയി തരോ വേഗം." ഒരു നികൃഷ്ട ജീവിയെ നോക്കുന്നത് യമുന അവളെ നോക്കി.

ശ്രീകണ്ഠനും നരേന്ദ്രനും തങ്ങൾക്കൊന്നും പറയാനില്ലെന്നത് പോലെ അവളിൽ നിന്ന് മുഖം തിരിച്ചു. ഇരുവരും ആകുന്നത്ര കൈ നീട്ടി വിളിച്ചിട്ടും ആദി മോൻ അവരുടെ അടുത്തേക്ക് പോയില്ല.

"അവനവന്റെ തള്ളയെ തന്നെ മതിയെങ്കിൽ പോട്ടെ നരാ. നമുക്ക് നമ്മളോട് സ്നേഹമുള്ള നന്ദ മോള് മാത്രം മതി. നീയിവളെ അപ്രത്തെങ്ങാനും കൊണ്ട് പോയി ഉറക്ക്. ഇവളേ ഞാൻ പറഞ്ഞ് വിട്ടോളാം." മോളെ മകന് കൈമാറി യമുന മരുമകളുടെ കയ്യിൽ പിടിച്ചു വലിച്ച് പുറത്തേക്ക് നടന്നു.

"എന്റെ മോനുള്ളത് നാളെ നേരം വെളുത്തിട്ട് കൊടുക്കുന്നുണ്ട് ഞാൻ. ഇന്നത്തോടെ ഈ തറവാടുമായി നിനക്കൊരു ബന്ധവുമില്ല. നിന്റെ വീട്ടുകാരോട് നാളെ കാര്യങ്ങൾ പറയേണ്ടവർ പറഞ്ഞോളും. ഇനിയും നാണംകെട്ട് ഇവിടെ നിൽക്കാതെ ഇറങ്ങി പോവാൻ നോക്ക്." പ്രധാന വാതിൽ തുറന്ന് യമുന അവളെ പുറത്താക്കി.

അപ്പോൾ തന്നെ അടുത്തുള്ള ഒരു ഡ്രൈവറെ വിളിച്ച് പൂർണിമയെ വീട്ടിൽ കൊണ്ട് വിടാൻ നിർദ്ദേശിച്ചു.

കരഞ്ഞു കൊണ്ടവൾ പൂമുഖ പടിയിലേക്കിരുന്നു മോനെ ഇറുക്കെ പുണർന്നു.

"രാത്രി നിന്നെ തനിച്ചിറക്കി വിടാൻ മാത്രം ദുഷ്ടയല്ല ഞാൻ. നിന്നെ പോലൊരുത്തിയെ ഇനിയും വച്ച് കൊണ്ടിരുന്നാൽ നീയി കുടുംബം രണ്ടായി പിരിക്കും. എന്റെ മോനെ ചതിച്ച നീയിനി ഈ താലി കഴുത്തിൽ ഇട്ട് നടക്കാൻ അർഹയല്ല." അത് പറഞ്ഞതും യമുന നിഷ് കരുണം പൂർണിമയുടെ കഴുത്തിൽ കിടന്ന ചെയിൻ അവളുടെ എതിർപ്പിനെ അവഗണിച്ച് ഊരി വാങ്ങി.

"ഇങ്ങനെയൊന്നും എന്നോട് ചെയ്യരുതായായിരുന്നമ്മേ... ഒരു തെറ്റും ചെയ്യാത്ത..."

"മതി നിന്റെ ചാരിത്ര്യ പ്രസംഗം... എനിക്കൊന്നും കേൾക്കണ്ട. ഡ്രൈവർ വരുന്നുണ്ട്... കരഞ്ഞു കൂവി നാട്ടുകാരെ കൂടി അറിയിക്കാതെ ഒന്ന് പോയി താ നീ." അവളെ നോക്കി തൊഴു കയ്യോടെ അപേക്ഷിക്കും പോലെ പൂർണിമ പറഞ്ഞു."

എല്ലാം കണ്ടുകൊണ്ട് മൗനമവലംബിച്ചു നിൽക്കുന്ന നരനെ കണ്ട് അവൾ തളർന്ന് പോയി. ദയനീയതയോടെയുള്ള അവളുടെ നോട്ടം അവൻ കണ്ടില്ലെന്ന് നടിച്ചു.

പൊട്ടിക്കരഞ്ഞുകൊണ്ടാണ് പൂർണിമ മോനെയും കൊണ്ട് എന്നന്നേക്കുമായി മുല്ലശ്ശേരി വിട്ടിറങ്ങിയത്..... തുടരും...🥂

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story