മാലയോഗം: ഭാഗം 6

malayogam shiva

രചന: ശിവ എസ് നായർ

  "നീ ഇരിക്കേണ്ടിടത്താ ഈ പെണ്ണ് വലിഞ്ഞുകയറി വന്നേക്കുന്നത്. എന്നിട്ട് അവളെ സപ്പോർട്ട് ചെയ്യാൻ നിനക്ക് നാണമില്ലേ. കുറേ നാൾ നരേന്ദ്രനെയും മോഹിച്ചുകൊണ്ട് മനസ്സിലിട്ട് നടന്നവളല്ലേ നീ. ആ നീ തന്നെയാണോ അവന്റെ ഭാര്യയ്ക്ക് വേണ്ടി എന്നോട് വഴക്കിടാൻ വരുന്നത്." ശ്രീജയുടെ ഒച്ച അവിടെ ഉയർന്നു. "അമ്മായീ..." പിന്നിൽ നിന്നും നരേന്ദ്രന്റെ ശബ്ദം കേട്ട് എല്ലാവരും വാതിൽക്കലേക്ക് നോക്കി. കോപം കൊണ്ട് ജ്വലിച്ച മുഖവുമായി നിൽക്കുന്ന നരേന്ദ്രനെ കണ്ട് എല്ലാവരുമൊന്ന് ഞെട്ടി. "എന്റെ ഭാര്യയോട് ഈ വിധം സംസാരിക്കാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു. അമ്മായി എന്ന് വിളിച്ച നാവ് കൊണ്ട് വേറൊന്നും വിളിപ്പിക്കരുത്." "മോനെ... ഞാൻ.." ശ്രീജ നിന്ന് വിയർത്തു. "എന്റെ ഭാര്യയ്ക്ക് ഇത്തിരി പണത്തിന് കുറവുള്ളതാണോ നിങ്ങൾ കണ്ട യോഗ്യത കുറവ്." നരേന്ദ്രൻ വിടാൻ ഭാവമില്ലായിരുന്നു.

"എന്റെ വിഷമം കൊണ്ട് ഞാനെന്തൊക്കെയോ പറഞ്ഞു പോയി. അതിന് നീയിങ്ങനെ ഒച്ച വയ്ക്കണ്ട." ധൈര്യം സംഭരിച്ച് അവർ പറഞ്ഞു. "ഇനി ഇവളോട് ഇത്തരത്തിൽ എന്തെങ്കിലും പെരുമാറ്റമുണ്ടായാൽ ഞാനെന്താ പ്രവൃത്തിക്കുകയെന്ന് എനിക്ക് പോലും പറയാൻ പറ്റില്ല." നരേന്ദ്രന്റെ ദേഷ്യത്തോടെയുള്ള സംസാരത്തിൽ അവരൊന്ന് ഭയന്നു. ഇനിയും അവിടെ നിന്നാൽ കൂടുതൽ നാണംകെടുമെന്ന് മനസ്സിലായത് കൊണ്ട് നയനയുടെയും നീലിമയുടെയും കൈയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് അവർ മുറിക്ക് പുറത്തേക്ക് പോയി. അവർക്ക് പിന്നാലെ ശ്രുതിയും നടന്നു. "ഇതൊന്നും കേട്ട് താൻ വിഷമിക്കണ്ട. കാറിലിരുന്ന തന്റെ ബാഗ് തരാനാ ഞാനിങ്ങോട്ട് വന്നത്." അലിവോടെ നരേന്ദ്രൻ അവളെ നോക്കി. "താങ്ക്സ്.." നിറഞ്ഞ മിഴികൾ അവൻ കാണാതിരിക്കാനായി പൂർണിമ മുഖം തിരിച്ചു.

"വാതിലടച്ച് കിടന്നോ, ഞാൻ വരാൻ വൈകും. ഫ്രണ്ട്സിന് പാർട്ടി കൊടുക്കാനുണ്ട്." പുറത്തേക്ക് നടക്കുന്നതിനിടയിൽ നരേന്ദ്രൻ പറഞ്ഞു. അവൻ മുറിവിട്ട് പോയതും പൂർണിമ വാതിലടച്ച് കിടക്കയിലേക്ക് വന്നിരുന്നു. മുല്ലപ്പൂക്കളും റോസപ്പൂക്കളും കൊണ്ട് അണിയിച്ചൊരുക്കിയിരുന്ന മണിയറ അവൾ സാകൂതം വീക്ഷിച്ചു. ഉറക്കം കണ്ണുകളെ മൂടാൻ തുടങ്ങിയപ്പോൾ കട്ടിലിന് ഓരം ചേർന്ന് പൂർണിമ കിടന്നു. അപ്പോഴാണ് വാതിലിൽ വീണ്ടും മുട്ട് കേട്ടത്. നരേന്ദ്രൻ ഇത്ര വേഗം തിരിച്ചു വന്നോ എന്ന് വിചാരിച്ച് അവൾ ചെന്ന് വാതിൽ തുറന്നപ്പോൾ മുന്നിൽ പുഞ്ചിരി തൂകി നിൽക്കുകയാണ് യമുന. "മോള് കിടന്നായിരുന്നോ?" ചിരിയോടെ അവർ തിരക്കി. "കിടക്കാൻ തുടങ്ങായിരുന്നു അമ്മേ. നരേട്ടൻ വരാൻ വൈകുമെന്ന് പറഞ്ഞിരുന്നു." "അത് പറയാനായിരുന്നു ഞാനും വന്നത്. മോള് അവൻ വരുന്നതും കാത്തിരിക്കണ്ട, ഉറങ്ങിക്കോളൂ." "ശരിയമ്മേ." പൂർണിമ പറഞ്ഞു. "സെറ്റ് സാരി ഉടുപ്പിച്ച് മുല്ലപ്പൂ ചൂടി മോളെ അണിയിച്ചൊരുക്കി കൈയ്യിൽ പാൽ ഗ്ലാസും തന്ന് വേണം മണിയറയിലേക്ക് വിടേണ്ടിയിരുന്നത്.

പിന്നെ നരന് അതൊന്നും ഇഷ്ടാവില്ല. അതുകൊണ്ടാ അത്തരം ചടങ്ങൊക്കെ ഒഴിവാക്കിയത്. കസിൻസ് ചേർന്നാ മുറിയൊക്കെ അലങ്കരിച്ചത്. അതുപോലും അവനിഷ്ടായിട്ടില്ല. നരൻ എന്തായാലും ഫ്രണ്ട്സിന്റെ അടുത്ത് നിന്ന് വരാൻ ഒത്തിരി വൈകും. മോള് അവനെയും കാത്തിരുന്ന് ഉറക്കമിളയ്ക്കണ്ട. പോയികിടന്ന് ഉറങ്ങിക്കോ. രാവിലെ എഴുന്നേറ്റ് കുളിച്ച് കുടുംബ ക്ഷേത്രം വരെയൊന്ന് പോയി തൊഴുത് വരണം രണ്ടാളും." യമുന പറഞ്ഞതിനൊക്കെ അവൾ സമ്മതഭാവത്തിൽ തലയാട്ടി. "അമ്മ ഇപ്പൊ കിടക്കുമോ?" എന്തെങ്കിലും ചോദിക്കണമല്ലോന്ന് വിചാരിച്ച് അവൾ ചോദിച്ചു. "ഏയ്‌... ഇന്നിനി ഉറക്കം ഒന്നും ഉണ്ടാവില്ല. കുറച്ചു സമയം ഒന്ന് മയങ്ങാൻ പറ്റിയാലായി. ബന്ധുക്കൾ എല്ലാവരും ഒത്തുകൂടുമ്പോൾ ഓരോരോ വിശേഷങ്ങൾ പറഞ്ഞിരുന്ന് നേരം വെളുക്കുന്നത് അറിയില്ല. വാതിൽ ചാരി മോള് കിടക്ക്." യമുന താഴേക്കുള്ള ഗോവണി പടികളിറങ്ങി പോയി.

വാതിൽ ചേർത്തടച്ച് കുറ്റിയിടാതെതന്നെ പൂർണിമ വന്ന് കിടന്നു. കിടന്ന് അൽപ്പ സമയത്തിനകംതന്നെ അവൾ ഉറക്കം പിടിച്ചു. പുലർച്ചെ മൂന്നു മണിക്കാണ് നരേന്ദ്രൻ മുറിയിലേക്ക് വരുന്നത്. ഫ്രണ്ട്സിനൊപ്പം കുടിച്ച് തിമിർത്ത് അർദ്ധ ബോധവസ്ഥയിലാണ് അവനെത്തിയത്. വാതിൽ കുറ്റിയിടാത്തതിനാൽ നരേന്ദ്രൻ അകത്തുകയറി ലോക്ക് ചെയ്ത ശേഷം അടുത്ത് വന്ന് കിടന്നതൊന്നും പൂർണിമ അറിഞ്ഞതേയില്ല. തന്റെ അരികിൽ തളർന്നുറങ്ങുന്നവളെ കണ്ണിമ വെട്ടാതെ നോക്കി കിടക്കുകയായിരുന്നു നരേന്ദ്രൻ. അവൻ പതിയെ വലത് കയ്യുയർത്തി പൂർണിമയുടെ കവിളിൽ തൊട്ടു. ഗാഢമായ നിദ്രയിലായിരുന്നതിനാൽ നരേന്ദ്രന്റെ സ്പർശനമൊന്നും അവളറിഞ്ഞില്ല. അവൻ മെല്ലെ അവൾക്കടുത്തേക്ക് നീങ്ങി കിടന്നു. പിന്നെ പതിയെ അവളുടെ വയറിലൂടെ കൈച്ചുറ്റി അവന്റെ ശരീരത്തിലേക്ക് വലിച്ചടുപ്പിച്ചു. മൂക്കിൽ മദ്യത്തിന്റെ രൂക്ഷ ഗന്ധമടിച്ചപ്പോൾ പൂർണിമ ചെറുതായൊന്ന് ഞരങ്ങി.

നരേന്ദ്രന്റെ ബലിഷ്ഠമായ കരങ്ങൾക്കുള്ളിൽ തന്റെ ശരീരം ഞെരിഞ്ഞമർന്നപ്പോൾ അവൾ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാൻ അവൾക്ക് ഒരു നിമിഷം വേണ്ടി വന്നു. കഴുത്തിടുക്കിലേക്ക് അമർന്ന അവന്റെ മുഖം ബലമായി തന്നിൽ നിന്നും വേർപ്പെടുത്തി പൂർണിമ അകന്ന് മാറാൻ ശ്രമിച്ചു. മൂക്കിലേക്ക് തുളച്ചു കയറുന്ന മദ്യത്തിന്റെ മണം അവളെ അസ്വസ്ഥതപ്പെടുത്തി. നരേന്ദ്രനവളെ വിടാൻ ഭാവമില്ലെന്ന മട്ടിൽ കെട്ടിപ്പിടിച്ചു. പൂർണിമയുടെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി വച്ച് അവൻ കൂർക്കം വലിക്കാൻ തുടങ്ങി. മദ്യ ലഹരിയിൽ താൻ എന്താണ് ചെയ്യുന്നതെന്ന ബോധമില്ലാതെ നരേന്ദ്രൻ അവളെ തന്നിൽ നിന്നും വേർപ്പെടാൻ അനുവദിക്കാതെ ചേർത്ത് പിടിച്ചാണ് ഉറങ്ങിയത്. കുതറി എണീക്കാൻ കഴിയാനാവാതെ വീർപ്പുമുട്ടലോടെ അവന്റെ കരവലയത്തിനുള്ളിൽ പൂർണിമ കിടന്നു. ഉറക്കം മുറിഞ്ഞതിന്റെ ഈർഷ്യ അവളിൽ നിറഞ്ഞുനിന്നു. മദ്യത്തിന്റെ രൂക്ഷഗന്ധം കാരണം പൂർണിമയ്ക്ക് പിന്നീട് ഉറക്കം വന്നില്ല. കുറേ സമയം കണ്ണുകൾ തുറന്ന് വച്ച് അവൾ അതേ കിടപ്പ് കിടന്നു. പുലർച്ചെ എപ്പോഴോ ക്ഷീണം കാരണം പൂർണിമയുടെ കണ്ണുകൾ താനേ അടഞ്ഞുപോയി. **************

എത്ര നേരം അങ്ങനെ ഉറങ്ങിയെന്നറിയില്ല. സൂര്യ പ്രകാശം ഇരുട്ടിനെ ആട്ടിപായിച്ചുകൊണ്ട് മുറിയിലാകെ വെളിച്ചം വീശി. മുഖത്ത് ശക്തിയായി വെളിച്ചമടിച്ചപ്പോഴാണ് ഇരുവരും ഉറക്കത്തിൽ നിന്ന് ഉണർന്ന് തുടങ്ങിയത്. തലേ ദിവസത്തെ ക്ഷീണം അപ്പോഴും അവരിൽ നിന്ന് വിട്ടുമാറിയിരുന്നില്ല. ഉറക്കച്ചടവോടെ പൂർണിമ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴാണ് അവൾക്ക് അക്കാര്യം മനസ്സിലായത്. താനപ്പോഴും നരേന്ദ്രന്റെ കൈകൾക്കുള്ളിലാണെന്ന സത്യം. അവൾക്ക് ഒരേ സമയം സങ്കടവും ദേഷ്യവും വന്നു. തലേ ദിവസം കുടിച്ച മദ്യത്തിന്റെ കെട്ട് അവനിൽ നിന്ന് അപ്പോഴും വിട്ടിരുന്നില്ല. പൂർണിമ അവന്റെ കൈ പിടിച്ചു മാറ്റാൻ ശ്രമിക്കുമ്പോഴാണ് താനാണ് അവളെ ഇറുക്കിപ്പിടിച്ച് വച്ചിരിക്കുന്നതെന്ന് നരേന്ദ്രന് മനസ്സിലായത്. "ഓഹ്... ഐആം സോറി പൂർണിമ... ഞാൻ.." ക്ഷമാപണത്തോടെ അവൻ പൂർണിമയിലെ പിടി അയച്ചു. ഝടിതിയിൽ അവൾ ബെഡിൽ നിന്ന് എഴുന്നേറ്റ് മാറി. പൂർണിമയുടെ നോട്ടം പോയത് ചുമരിലിരിക്കുന്ന ക്ലോക്കിന് നേർക്കാണ്. സമയം ഒൻപത് മണി ആയിരിക്കുന്നു.

പെട്ടെന്നാണ് തലേ ദിവസം യമുന അമ്പലത്തിൽ പോകാൻ പറഞ്ഞ കാര്യം അവളുടെ ഓർമ്മയിൽ തെളിഞ്ഞുവന്നത്. "ഞാൻ ഇന്നലെ കുറച്ച് ഓവറായി കുടിച്ചുപോയി, ഒന്നും ഓർമ്മയില്ലായിരുന്നു. അതാ... ഞാൻ... ഐആം റീലി സോറി." നരേന്ദ്രന് അവളുടെ മുഖത്ത് നോക്കാൻ ചമ്മൽ തോന്നി. "ഇന്ന് രാവിലെ നമ്മളോട് അമ്പലത്തിൽ പോണമെന്ന് ഇന്നലെ രാത്രി അമ്മ പറഞ്ഞിരുന്നു. ഇത്രേം വൈകിപോകുമെന്ന് ഞാൻ വിചാരിച്ചില്ല. ഇനിയിപ്പോ അമ്മ ചോദിക്കുമ്പോ ഞാൻ എന്ത് പറയും? നരേട്ടൻ കാരണമാ..." പറഞ്ഞുവന്നത് പാതിയിൽ നിർത്തി പൂർണിമ അവനെ നോക്കി. "അതോർത്ത് താൻ വിഷമിക്കണ്ട. അമ്മയോട് ഞാൻ പറഞ്ഞോളാം." നരേന്ദ്രൻ പറഞ്ഞു. ശിരസ്സൊന്നനക്കി കാണിച്ചിട്ട് അവൾ കുളിച്ചു മാറാനുള്ള വസ്ത്രവുമെടുത്തുകൊണ്ട് ബാത്‌റൂമിലേക്ക് നടന്നു. പൂർണിമ കുളിച്ചു വരുമ്പോൾ സമയം ഒൻപതര കഴിഞ്ഞിരുന്നു. നരേന്ദ്രൻ അപ്പോഴും ബെഡിൽ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു.

അവനെ ഗൗനിക്കാതെ അവൾ മുടി തുവർത്തി കുളിപ്പിന്നൽ കെട്ടി വിടർത്തി ഇട്ട ശേഷം വാതിൽ തുറന്ന് പുറത്തേക്കിറങ്ങി പോയി. താഴെ ഹാളിൽ എല്ലാവരുടെയും സംസാരങ്ങൾ കേൾക്കാം. പൂർണിമയ്ക്ക് അവരെയൊക്കെ അഭിമുഖീകരിക്കാൻ വല്ലാത്ത വിഷമം തോന്നി. അറച്ചറച്ചാണ് അവൾ താഴേക്കുള്ള ഗോവണിപ്പടികൾ ഇറങ്ങിയത്. ഹാളിലെത്തിയപ്പോൾതന്നെ ആദ്യം കണ്ടത് യമുനയുടെ മുഖമാണ്. പൂർണിമയെ കണ്ടതും ദേഷ്യത്തിൽ അവരുടെ മുഖമൊന്ന് ചുവന്നു. "രാവിലെ രണ്ടാളും കുളിച്ച് അമ്പലത്തിൽ പോയി തൊഴുത് വരണമെന്ന് ഞാൻ പറഞ്ഞിരുന്നതല്ലേ. എന്നിട്ട് ഇപ്പോഴാണോ എണീറ്റ് വരുന്നത്." യമുനയുടെ സ്വരത്തിൽ ഗൗരവം നിറഞ്ഞിരുന്നു. "പള്ളിയുറക്കം കഴിഞ്ഞ് പുതുപ്പെണ്ണ് ഇപ്പോഴാണോ പുറത്തേക്ക് എഴുന്നള്ളുന്നത്." അവളെ അടിമുടി ഉഴിഞ്ഞുകൊണ്ട് തെല്ലുച്ചത്തിൽ ശ്രീജ പറഞ്ഞപ്പോൾ മറ്റുള്ളവരുടെ ശ്രദ്ധയും അവളുടെ നേർക്കായി. സ്ത്രീകളുടെ ചുഴിഞ്ഞുനോട്ടം അവൾക്ക് അസഹ്യമായി തോന്നി. അവർക്ക് മുന്നിൽ കുറ്റവാളിയെ പോലെ പൂർണിമ തലകുനിച്ച് നിന്നു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story