മാലയോഗം: ഭാഗം 60

malayogam shiva

രചന: ശിവ എസ് നായർ

എല്ലാം കണ്ടുകൊണ്ട് മൗനമവലംബിച്ചു നിൽക്കുന്ന നരനെ കണ്ട് അവൾ തളർന്ന് പോയി. ദയനീയതയോടെയുള്ള അവളുടെ നോട്ടം അവൻ കണ്ടില്ലെന്ന് നടിച്ചു.

പൊട്ടിക്കരഞ്ഞുകൊണ്ടാണ് പൂർണിമ മോനെയും കൊണ്ട് എന്നന്നേക്കുമായി മുല്ലശ്ശേരി വിട്ടിറങ്ങിയത്.

രാത്രി വീടിന് മുന്നിൽ വണ്ടി വന്ന് നിൽക്കുന്ന ശബ്ദം കേട്ടാണ് ഉറങ്ങാനായി കിടന്ന ഗീതയും ശിവദാസനും എഴുന്നേറ്റത്.

പ്രധാന വാതിൽ തുറന്ന് അവർ പുറത്തേക്ക് ഇറങ്ങുമ്പോൾ അവളെ കൊണ്ട് വിട്ട് കാർ മുറ്റം കടന്ന് പോയിരുന്നു. ആദി മോനെയും കയ്യിലെടുത്ത് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നിൽക്കുന്ന മകളെ കണ്ട് അവരൊന്ന് ഞെട്ടി.

"നീയെന്താ മോളെ കൊച്ചിനേം കൊണ്ട് ഈ സമയത്ത്? നരനെവിടെ പോയി??" ആവലാതിയോടെ ഗീത അവൾക്കരികിലേക്ക് വന്നു.

"നരനും നന്ദ മോളും എവിടെ? അവിടെ എന്തെങ്കിലും പ്രശ്നമുണ്ടായോ?" ശിവദാസൻ ചോദിച്ചു.

"ഇങ്ങനെ കരഞ്ഞു കൊണ്ട് നിൽക്കാതെ എന്തെങ്കിലുമൊന്ന് വാ തുറന്ന് പറയ്യ് നീ."

"എന്നോട് ഇപ്പോഴൊന്നും ചോദിക്കല്ലേ അമ്മേ. എല്ലാം ഞാൻ പറയാം... എനിക്ക്.. എനിക്കൊന്ന് കിടക്കണം." അവരെ മറി കടന്നവൾ അകത്തേക്ക് നടക്കാൻ തുനിഞ്ഞതും പൂർണിമയ്ക്ക് മുന്നിൽ വഴി തടഞ്ഞു കൊണ്ട് പ്രവീൺ വന്ന് നിന്നു.

"എന്താ പൂർണിമാ പ്രശ്നം? അവിടെയെന്തെങ്കിലും വഴക്കുണ്ടായോ? നരേട്ടനും മോളും ഇല്ലാതെ ഒറ്റയ്ക്ക് നീയിവിടെ എത്തണമെങ്കിൽ എന്തെങ്കിലും പ്രശ്നം കാണുമല്ലോ. എന്താ കാര്യമെന്ന് പറഞ്ഞിട്ട് നീ മുറിയിലേക്ക് പോയാൽ മതി. ഇങ്ങോട്ട് വന്നിരിക്ക്." അവളുടെ കൈയ്യിൽ പിടിച്ചു വലിച്ച് അവൻ ഹാളിലെ സോഫയിൽ കൊണ്ടിരുത്തി.

ആദി മോൻ ഉറക്കം പിടിച്ചിരുന്നതിനാൽ ഗീത അവനെ മുറിയിൽ കൊണ്ട് കിടത്തിയിട്ട് പൂർണിമയുടെ അടുത്ത് വന്നിരുന്നു.

"മനുഷ്യനെ ആധി പിടിപ്പിക്കാതെ ഉണ്ടായതെന്താണെന്ന് ഒന്ന് പറയുന്നുണ്ടോ നീ?"  ശിവദാസനും ഗീതയും ഒരേ സ്വരത്തിൽ പറഞ്ഞു.

എല്ലാം കേട്ട് കഴിയുമ്പോൾ തന്റെ വീട്ടുകാർ കൂടി തന്നെ അവിശ്വസിക്കുമോ എന്നോർത്ത് അവൾക്ക് കടുത്ത മനപ്രയാസം അനുഭവപ്പെട്ടു.

"ഇവളവിടെ എന്തോ കുഴപ്പമുണ്ടാക്കിയിട്ടുള്ള വരവാ ഗീതേ. അല്ലെങ്കിൽ പിന്നെ ഈ രാത്രി തന്നെ ഇങ്ങോട്ട് വരേണ്ട എന്ത് കാര്യമാ. ഞാനിപ്പോ നരേന്ദ്രനെ വിളിച്ചു നോക്കിയിട്ട് അവനെന്റെ കോള് പോലും എടുത്തിട്ടില്ല." അമർഷമടക്കി ശിവദാസൻ മകളെ നോക്കി.

ആരുടെയും മുഖത്ത് നോക്കാതെ മുഖം താഴ്ത്തിയിരിക്കുകയാണ് പൂർണിമ. 

"ഒരു പ്രശ്നവുമില്ലാതെ പൊയ്ക്കൊണ്ടിരുന്നതല്ലേ. പിന്നെ ഇപ്പൊ എന്താ ഉണ്ടായത്. ഈ രാത്രി നിന്നെയവർ തനിച്ച് പറഞ്ഞു വിടണമെങ്കിൽ അത്രയും വലുതെന്തോ അവിടെ ഉണ്ടായിട്ടുണ്ടാവുമല്ലോ. ഞങ്ങളെ ബിപി കൂട്ടാതെ നീയൊന്ന് പ്രശ്നമെന്താന്ന് പറയ്യ്." ഗീതയ്ക്ക് ക്ഷമ കെട്ടു.

രാത്രി പതിനൊന്ന് മണിക്ക് പേരക്കുട്ടിയെയും എടുത്ത് മകൾ കരഞ്ഞു കൊണ്ട് വീട്ടിൽ വന്ന് കയറിയതിന്റെ പിന്നിലെ കാരണമെന്തെന്നറിയാതെ അവരിരുവരും ആധി പിടിച്ച മനസ്സോടെ ഇരിക്കുമ്പോൾ പ്രവീണിന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു.

മുല്ലശ്ശേരിയിൽ കാര്യമായിട്ടെന്തോ നടന്നിട്ടുണ്ടെന്നും അതിന്റെ പരിണിത ഫലമായിട്ടാണ് പൂർണിമ രാത്രിക്ക് രാത്രിക്ക് തന്നെ വീട്ടിൽ വന്നതും. അച്ഛനും അമ്മയും കൂടി നിർബന്ധിക്കുംതോറും അവൾക്ക് ഞെഞ്ചിടിപ്പേറി. ഒക്കെ കേട്ട് കഴിയുമ്പോഴുള്ള അവരുടെ പ്രതികരണമോർത്ത് പൂർണിമയ്ക്ക് ഭയമായി. പറയാൻ വന്നതൊക്കെ കണ്ഠനാളത്തിൽ തന്നെ കുരുങ്ങി കിടന്നു.

"അച്ഛനും അമ്മയും മുറിയിലേക്ക് പൊയ്ക്കോ. പൂർണിമയോട് കാര്യമെന്താണെന്ന് ഞാൻ ചോദിച്ചറിഞ്ഞിട്ട് പറയുന്നുണ്ട്. അല്ലെങ്കിൽ തന്നെ അവളാകെ വിഷമിച്ചിരിക്കാ. അതിന്റെ കൂടെ ഓരോന്ന് ചോദിച്ചു കൂടുതൽ അവളെ ടെൻഷനാക്കണ്ട." പ്രവീൺ ഇരുവരെയും നിർബന്ധപൂർവ്വം മുറിയിലേക്ക് പറഞ്ഞയച്ചു.

മനസ്സില്ലാ മനസ്സോടെയാണെങ്കിലും ശിവദാസനും ഗീതയും തങ്ങളുടെ മുറിയിലേക്ക് പോയി. മുറിയിൽ ചെന്നിരുന്ന് ഇരുവരും മാറി മാറി നരേന്ദ്രനെയും യമുനയെയും ശ്രീകണ്ഠനെയും മാറി മാറി വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. കൂട്ടിലിട്ട വെരുകിനെ പോലെ ഇരുവരും ആധി പിടിച്ച മനസ്സോടെ സമയം തള്ളി നീക്കി.

"നീ പേടിക്കാതെ ഉള്ള കാര്യം എന്നോട് പറയ്യ്. ഞാൻ നിന്നെ വഴക്ക് പറയുമെന്നോ വിശ്വസിക്കാതിരിക്കുമെന്നോ ഉള്ള പേടി വേണ്ട. നിന്നെ എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്." പൂർണിമയുടെ കരങ്ങൾ കവർന്ന് അവൾക്ക് ധൈര്യം പകർന്നു പ്രവീൺ.

"പ്രവീണേട്ടാ... എനിക്ക്... ഞാൻ..." അവന്റെ നെഞ്ചിലേക്ക് വീണ് അവൾ ഏങ്ങലടിച്ച് കരഞ്ഞു.

കരച്ചിലിനിടയിലും വാക്കുകൾ എണ്ണിപെറുക്കി നടന്നതെല്ലാം അവൾ അവനോട് പറഞ്ഞു.

"ഞാനൊരു തെറ്റും ചെയ്തിട്ടില്ല ചേട്ടാ... നരേട്ടനും അച്ഛനും അമ്മയുമൊക്കെ എന്നെ തെറ്റിദ്ധരിച്ചു വച്ചിരിക്കുകയാണ്. അവരെയൊക്കെ എങ്ങനെയാ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുമെന്ന് എനിക്കറിയില്ല. നിങ്ങളും കൂടി എന്നെ കൈവിട്ടാൽ എനിക്കത് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല."

"നീയിങ്ങനെയൊരു തെറ്റ് ചെയ്യുമെന്ന് ഞാനും വിശ്വസിക്കില്ല പൂർണിമാ. പക്ഷേ നമ്മുടെ അച്ഛനും അമ്മയും എല്ലാം അറിഞ്ഞു കഴിയുമ്പോൾ നിന്നെ കുറ്റപ്പെടുത്തുമായിരിക്കും. അതൊക്കെ അവരുടെ വിഷമം കൊണ്ടാണെന്ന് വിചാരിച്ചു നീ സഹിച്ചേ പറ്റു.  കാരണം നരേട്ടന്റെ ഭാഗത്ത്‌ നിന്ന് ചിന്തിക്കുമ്പോൾ കുറച്ചൊക്കെ ന്യായം നരേട്ടന്റെ ഭാഗത്തുമുണ്ട്. പക്ഷേ നീ പറയുന്നത് കൂടി കേൾക്കാനുള്ള ക്ഷമ കാണിക്കാമായിരുന്നു. അതിന് പകരം രാത്രിക്ക് രാത്രി തന്നെ വീട്ടിൽ നിന്ന് ഇറക്കി വിട്ടത് ശരിയായ കാര്യമല്ല.

അതുപോലെ നവീനെ പരിചയമുള്ളത് നീ അവരിൽ നിന്നൊക്കെ മറച്ച് വച്ചില്ലേ. അതൊന്ന് മാത്രം മതി അവർക്ക് നിങ്ങളെ സംശയിക്കാൻ. നിന്നെ ഒന്ന് കേൾക്കാൻ പോലും മനസ്സ് കാണിക്കാതെ കരണത്തടിച്ചു പുറത്താക്കിയതല്ലേ യമുനാന്റി. അതുകൊണ്ട് ഇനിയൊരിക്കലും നീയാ വീടിന്റെ പടി ചവിട്ടരുത്. 
ആരുടെയും തുണയില്ലെങ്കിലും നിനക്ക് ജീവിക്കാൻ പറ്റുമെന്ന് കാണിച്ചു കൊടുക്കണം. നിന്നെ അപമാനിച്ചിറക്കി വിട്ടതിന് അവിടെയുള്ള എല്ലാത്തിനും ഞാൻ രണ്ട് കൊടുക്കുന്നുണ്ട്. നമുക്ക് ഇത്തിരി പണത്തിനേ കുറവുള്ളു. അതിന്റെ പേരിൽ അവരുടെ മുന്നിൽ ഓഛാനിച്ച് നിൽക്കേണ്ട ആവശ്യമൊന്നുമില്ല." എല്ലാം കേട്ട് കഴിഞ്ഞപ്പോഴുള്ള പ്രവീണിന്റെ മറുപടി അവൾക്ക് നേർത്ത ആശ്വാസം നൽകി.

യമുനയോട് അവന് നല്ല ദേഷ്യം തോന്നിയിരുന്നു.

"എന്റെ മോള് അവിടെയല്ലേ നരേട്ടാ... എന്റെ കുഞ്ഞിനെ കാണാതെ ഞാനെങ്ങനെയാ? അവളു കുഞ്ഞല്ലേ..."

"ചെറിയ കുഞ്ഞാണെങ്കിൽ കൂടി നന്ദ മോൾക്ക് നിന്നെക്കാൾ പ്രിയം അവരോടല്ലേ. അപ്പോപ്പിന്നെ മോൾക്ക് അവിടെ നിൽക്കാനാണ് ഇഷ്ടമെങ്കിൽ അവിടെ നിന്നോട്ടെ. നിന്നെ കാണാതിരിക്കുമ്പോൾ നന്ദ മോൾ വാശിപിടിക്കാൻ തുടങ്ങും. അപ്പോ അവരായിട്ട് തന്നെ മോളെ ഇവിടെ കൊണ്ട് വന്ന് ആക്കിക്കോളും."

"അത് വെറുതെയാ ചേട്ടാ... മോൾക്ക് ഇഷ്ടം കൂടുതൽ നരേട്ടന്റെ അമ്മയോടാ. ഉറങ്ങുന്നത് പോലും അവർക്കൊപ്പമാണ്. ശരിക്കും മോളെ അങ്ങനെ ശീലിപ്പിച്ചെടുത്തത് അമ്മയാ. അവളുടെ ഒരു കാര്യവും എന്നെകൊണ്ട് ചെയ്യാൻ സമ്മതിക്കില്ലായിരുന്നു. മോളോടുള്ള സ്നേഹം കൊണ്ടല്ലേ എന്ന് കരുതി ഞാൻ പരാതി പറയാനോ വഴക്കിനോ ഒന്നും നിന്നില്ല. എന്നെ കാണാതിരുന്നാലും മോൾക്ക് പ്രശ്നമൊന്നുമുണ്ടാവില്ല."

"നമുക്ക് എല്ലാത്തിനുമൊരു പരിഹാരം കാണാം. നീ വിഷമിക്കാതിരിക്ക്." ആ സമസ്യ എങ്ങനെ പരിഹരിക്കുമെന്നൊരു ഐഡിയയും അവന്റെ തലയിൽ ഉരുതിരിഞ്ഞില്ല.

"നരേട്ടന്റെ കാര്യമോർക്കുമ്പോ എനിക്ക് പേടിയാവാ ചേട്ടാ. ഞാനും നവീനും ചേർന്ന് നരേട്ടനെ ചതിച്ചുവെന്ന ചിന്തയിൽ ആകെ തകർന്നിരിക്കുകയാണ് ആ മനുഷ്യൻ. ഇപ്പോഴത്തെ വിഷമത്തിൽ നരേട്ടൻ എന്തെങ്കിലും കടുംകൈ ചെയ്യുമോന്ന് എനിക്ക് പേടിയുണ്ട്. സത്യമതല്ലെന്ന് പറയാനൊരു അവസരം പോലും ആരുമെനിക്ക് തന്നില്ല.

എല്ലാവരുടെയും മുന്നിൽ ഞാനൊരു മോശപ്പെട്ട പെണ്ണായി പോയില്ലേ. ഒരു തെറ്റും ചെയ്യാതെ ഇങ്ങനെ കേൾക്കേണ്ടി വന്നത് സഹിക്കാൻ പറ്റുന്നില്ല ചേട്ടാ. എന്റെ മോനും കൂടി എനിക്കൊപ്പം വന്നിട്ടില്ലായിരുന്നെങ്കിൽ ആ വഴി എങ്ങോട്ടെങ്കിലും പോയി മരിച്ചു കളഞ്ഞേനെ ഞാൻ." പ്രവീണിന്റെ നെഞ്ചിൽ മുഖം അമർത്തി അവൾ കരച്ചിലടക്കി.

"എന്തെങ്കിലും വഴിയുണ്ടാക്കാം നമുക്ക്... നീ ഇങ്ങനെ കരഞ്ഞിട്ട് വല്ല അസുഖവും വരുത്തി വയ്ക്കണ്ട. പോയി മോന്റെ അടുത്ത് കിടന്നുറങ്ങ്. ഞാൻ അച്ഛനോടും അമ്മയോടും കൂടി ഒന്നാലോചിക്കട്ടെ എന്താ വേണ്ടതെന്ന്.

പൂർണിമയെ സമാധാനിപ്പിച്ച് മുറിയിലേക്ക് പറഞ്ഞയച്ച ശേഷം പ്രവീൺ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് പോയി. പ്രവീണിന്റെ അനുകൂലമായ നിലപാട് പൂർണിമയ്ക്ക് ആശ്വാസമേകുന്നതായിരുന്നു. പ്രതീക്ഷിച്ച പോലൊരു പൊട്ടിത്തെറി അച്ഛന്റെയും അമ്മയുടെയും ഭാഗത്ത്‌ നിന്ന് ഉണ്ടാവല്ലെന്ന് പ്രാർത്ഥിച്ചുകൊണ്ട് അവൾ ആദി മോനെയും കെട്ടിപിടിച്ചു കിടന്നു. നേർത്ത ഏങ്ങലടികൾ മുറിക്കുള്ളിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു.

മുല്ലശ്ശേരിയിലുണ്ടായ പ്രശ്നങ്ങൾ പ്രവീൺ അവർക്ക് വിശദീകരിച്ചു കൊടുത്തു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ പ്രവീണിനെ പോലെ കാര്യങ്ങൾ ഉൾകൊള്ളാൻ ശിവദാസന് കഴിഞ്ഞില്ല. അയാളപ്പോൾ തന്നെ കലി തുള്ളിക്കൊണ്ട് പൂർണിമയുടെ അടുത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ പ്രവീൺ അച്ഛനെ തടഞ്ഞു.

"നമ്മളായിട്ട് കൂടി അവൾക്കൊരു പ്രശ്നമുണ്ടാക്കരുത്. അച്ഛന്റെ മോളെ അച്ഛനല്ലാതെ വേറെയാര് വിശ്വസിക്കാനാ. അതുകൊണ്ട് ദയവ് ചെയ്ത് അച്ഛനവളുടെ  അടുത്ത് വഴക്കിന് പോകരുത്." ശാസനയോടെ മകന്റെ വാക്കുകൾ മുന്നിൽ ശിവദാസൻ ഒന്നടങ്ങി.

കരച്ചിലും മൂക്ക് പിഴിച്ചിലുമായി ഗീത കട്ടിലിനോരം തളർന്നിരുന്നു.

"അവളെ നമുക്ക് വിശ്വാസമാണെങ്കിലും അവിടുള്ളവർ അവളെ മോശക്കാരിയായി കണ്ട് കഴിഞ്ഞില്ലേ. ഇനി എത്രയൊക്കെ സത്യം ബോധിപ്പിക്കാൻ ശ്രമിച്ചാലും ആരെങ്കിലും വിശ്വസിക്കോ? അവളുടെ ജീവിതം നശിച്ചില്ലേ. നരനിനി അവളെ സ്വീകരിക്കോ." ഗീത പതം പറഞ്ഞ് കരഞ്ഞു കൊണ്ടിരുന്നു.

"ഒന്ന് നേരം വെളുത്തോട്ടെ എന്ത് ചെയ്യണമെന്ന് എനിക്കറിയാം. ഇതിന്റെ പേരിൽ പൂർണിമയോട് വഴക്കിടാനോ കുറ്റപ്പെടുത്താനോ നിങ്ങള് ചെന്നേക്കരുത്."


🍁🍁🍁🍁🍁

"എന്നാലും നവിക്ക് എങ്ങനെ മനസ്സ് വന്ന് ശ്രീയേട്ടാ നമ്മളോടീ ചതി ചെയ്യാൻ. അന്ന് ജ്യോത്സ്യൻ പറഞ്ഞതാ നരനും പൂർണിമയും അധിക നാൾ ഒരുമിച്ച് പോവില്ലെന്ന്. ഒന്നുകിൽ അവള് മരിച്ചുപോകും അല്ലെങ്കിൽ അവര് വേര്പിരിയുമെന്ന്. ഈ നാണക്കേടിനേക്കാൾ ഭേദം അവള് മരിക്കുന്നതായിരുന്നു. ഈ കാര്യമെങ്ങാനും നമ്മുടെ കുടുംബത്തിൽ ആരെങ്കിലും അറിഞ്ഞാൽ നമുക്ക് പിന്നെ അവരുടെ മുന്നിൽ തലയുയർത്തി പിടിച്ച് നടക്കാൻ പറ്റോ?" തന്റെ മനസ്സിലെ അങ്കലാപ്പ് ശ്രീകണ്ഠനുമായി പങ്ക് വയ്ക്കുകയാണ് യമുന.

"ഈ വിഷയം നമ്മളും അവളുടെ വീട്ടുകാരുമല്ലാതെ മറ്റാരും അറിയാൻ പാടില്ല. അറിഞ്ഞാൽ പിന്നെ കൊള്ളാവുന്നൊരു കുടുംബത്തിൽ നിന്ന് നവീനൊരു ആലോചന പോലും വരില്ല." ശ്രീകണ്ഠൻ ആലോചനയോടെ പറഞ്ഞു.

"എത്രേം പെട്ടെന്ന് നരേന്ദ്രന്റെയും അവളുടെയും ഡിവോഴ്സ് നടത്തണം. അതുപോലെ നവീനും ഒരു പെണ്ണ് കണ്ട് പിടിക്കണം. ഇനിയിപ്പോ നരൻ പൂർണിമയെ ഉപേക്ഷിച്ചത് കൊണ്ട് നവീൻ അവളെ കെട്ടണമെന്ന് പറഞ്ഞ് വരുമോന്നാ എന്റെ പേടി."

"രണ്ട് പേർക്കും അങ്ങനെയൊരു താല്പര്യമുണ്ടെങ്കിൽ നടക്കട്ടെ അമ്മേ. ഇത്രേം നാൾ എന്നെ ചതിച്ചു ജീവിച്ചത് തന്നെ അവനോടുള്ള ഇഷ്ടം കൂടിയിട്ടല്ലേ. ആർക്കും അവർക്കൊരു ശല്യമായി എന്തായാലും ഞാനുണ്ടാവില്ല." നരേന്ദ്രൻ കല്ലിച്ച സ്വരത്തിൽ പറഞ്ഞു.... തുടരും...🥂

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story