മാലയോഗം: ഭാഗം 61

malayogam shiva

രചന: ശിവ എസ് നായർ

"രണ്ട് പേർക്കും അങ്ങനെയൊരു താല്പര്യമുണ്ടെങ്കിൽ നടക്കട്ടെ അമ്മേ. ഇത്രേം നാൾ എന്നെ ചതിച്ചു ജീവിച്ചത് തന്നെ അവനോടുള്ള ഇഷ്ടം കൊണ്ടല്ലേ. അവർക്കൊരു ശല്യമായി എന്തായാലും ഞാനുണ്ടാവില്ല." നരേന്ദ്രൻ കല്ലിച്ച സ്വരത്തിൽ പറഞ്ഞു.

"അവളുടെ കാര്യമോർത്ത് നീ വിഷമിക്കരുത്. നരാ. നിനക്ക് വേണ്ടി നല്ലൊരു പെണ്ണിനെ ഞങ്ങൾ കണ്ട് പിടിച്ച് തരുന്നുണ്ട്."

"ജീവിതം മടുത്ത് നിൽക്കുമ്പോഴാ ഇനി അടുത്തൊരു കല്യാണം കൂടി. അമ്മയ്ക്ക് ഇതൊക്കെ എങ്ങനെ ഇത്ര നിസ്സാരമായി പറയാൻ തോന്നുന്നു." കലിതുള്ളി കൊണ്ട് നരേന്ദ്രൻ മുകളിലേക്ക് കയറിപ്പോയി.

"നീയെന്തിനാ യമുനേ വേണ്ടാത്ത കാര്യങ്ങൾ സംസാരിക്കാൻ പോയത്. അല്ലെങ്കിൽ തന്നെ അവനാകെ മനസ്സ് തകർന്ന് നിൽക്കുകയാ. അപ്പോഴാ നിന്റെ ഓരോ..." അമർഷത്തോടെ പറഞ്ഞ് കൊണ്ട് ശ്രീകണ്ഠൻ കട്ടിലിലേക്ക് ഇരുന്നു.

"ഞാനിപ്പോ എന്ത് വേണ്ടാത്ത കാര്യം പറഞ്ഞുവെന്നാ?"

"ഭാര്യ ചതിച്ച വിഷമത്തിൽ മനസ്സ് നൊന്ത് നിൽക്കുമ്പോഴാണോ നിനക്ക് അവനെ കൊണ്ട് അടുത്ത് കെട്ടിക്കേണ്ടത്."

"അത് പിന്നെ ഞാനെന്റെ വിഷമം കൊണ്ട് പറഞ്ഞ് പോയതാ. ഒരുത്തി ചതിച്ചുവെന്ന് പറഞ്ഞ് ജീവിതം അവിടെ തീർന്നുവെന്ന് കരുതി ഇരിക്കാൻ പറ്റുമോ?"

"നിന്റെ ഒരു ശ്രദ്ധ നരന് മേൽ ഉണ്ടാവണം. സ്വന്തം അനിയനും ഭാര്യയും കൂടിയാണ് അവനെ പറ്റിച്ച് ഈ വീട്ടിൽ ഇത്രയും നാൾ... അതും നമ്മുടെയൊക്കെ കണ്മുന്നിൽ തന്നെ... ഛേ... പറയാൻ തന്നെ എനിക്ക് അറപ്പാകുന്നു."

"ഇപ്പോഴെങ്കിലും എല്ലാരും എല്ലാം അറിഞ്ഞത് നന്നായി. അല്ലെങ്കിൽ രണ്ടെണ്ണം കൂടി പിന്നെയും നമ്മളെ പറ്റിച്ച് നടന്നേനെ." പൂർണിമയോടുള്ള ദേഷ്യം അടക്കാനാവാതെ യമുന പറഞ്ഞു.

"മതി യമുനേ അവളുടെ കാര്യം പറഞ്ഞത്... ലൈറ്റ് അണച്ച് വന്ന് കിടക്കാൻ നോക്ക് നീ. ഇപ്പോൾ തന്നെ നേരം കുറേ വൈകി. കഴിഞ്ഞ കാര്യങ്ങൾ ഇനിയുമിങ്ങനെ ചർച്ച ചെയ്ത് കൊണ്ടിരുന്നിട്ട് ഒരു പ്രയോജനവുമില്ലല്ലോ."

ശ്രീകണ്ഠൻ പറഞ്ഞത് കേട്ട് യമുന പിന്നൊന്നും മിണ്ടാതെ ലൈറ്റ് അണച്ച് വന്ന് നന്ദ മോളെയും ചേർത്ത് പിടിച്ച് കിടന്നു.


അതേസമയം തങ്ങളുടെ മുറിയിൽ തലയിണയിൽ മുഖമമർത്തി കിടക്കുകയായിരുന്നു നരൻ. അവന്റെ കണ്ണുനീർ വീണ് തലയിണ നനഞ്ഞു കുതിർന്നിരുന്നു.

പൂർണിമയ്ക്ക് എങ്ങനെയാണ് തന്നെ ചതിക്കാൻ തോന്നിയതെന്നോർത്ത് അവൻ ദേഷ്യവും സങ്കടവും സഹിക്കാനായില്ല. അങ്ങനെയൊക്കെ ചിന്തിക്കുമ്പോഴും അവൾക്കങ്ങനെ ചെയ്യാൻ കഴിയില്ലെന്ന് അവന്റെ ഹൃദയം അവനോട് മന്ത്രിച്ചു കൊണ്ടിരുന്നു.

എല്ലാം തന്റെ തെറ്റിദ്ധാരണയാണോ? അവളും നവീനും തന്നെ ചതിക്കുമോ? കള്ളത്തരമൊന്നുമില്ലെങ്കിൽ പിന്നെ എന്തിനാണ് ഇരുവരും പരസ്പരം അറിയുന്ന കാര്യം തന്നിൽ നിന്ന് മറച്ച് വച്ചത്? അവരുടെ ബന്ധത്തിൽ സംശയം തോന്നിയത് കൊണ്ടല്ലേ അച്ഛനും അമ്മയും പോലും മറുത്തൊന്നും പറയാതിരുന്നത്.

നാനാവിധ ചിന്തകളിൽ പെട്ട് നരേന്ദ്രന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. നവീന്റെയും ഫ്രണ്ട്സിന്റെയും അരികിലേക്ക് പോകാൻ തുടങ്ങുമ്പോൾ എന്തോ അത്യാവശ്യ കാര്യം പറയാനുണ്ടെന്ന് പൂർണിമ പറഞ്ഞത് നരൻ ഓർത്തു. പൂർണിമ പടിയിറങ്ങി പോയതിന് ശേഷമാണ് അവൾക്ക് പറയാനുള്ളത് കൂടി കേൾക്കാമായിരുന്നു എന്നൊരു തോന്നൽ അവനിലുണ്ടായത്. താൻ താലി കെട്ടി കൂടെ കൂട്ടിയ താൻ ജീവന് തുല്യം സ്നേഹിക്കുന്ന തന്റെ രണ്ട് മക്കളുടെ അമ്മയായ തന്റെ ഭാര്യ അനിയന്റെ കാമുകിയായിരുന്നു എന്ന അറിവ് എങ്ങനെയാണ് ഒരു ഭർത്താവിന് താങ്ങാൻ കഴിയുക. ഇരുവരും ചേർന്ന് തനിക്ക് മുന്നിൽ നാടകം കളിച്ച് തന്നെ പറ്റിക്കുകയായിരുന്നുവെന്ന ചിന്തയിൽ ഒരു നിമിഷം മനസ്സും ശരീരവും മരവിച്ചത് പോലെയാകില്ലേ. അപ്പോഴെങ്ങനെയാണ് സമാധാനത്തോടെ ആലോചിച്ച് ഒരു തീരുമാനം എടുക്കാൻ കഴിയാനാവുക.

പൂർണിമയുടെ ഓർമ്മയിൽ അവന്റെ നെഞ്ച് വിങ്ങി. അവൾക്ക് തന്നെ ചതിക്കാനാവില്ല എന്ന് കരുതി സമാധാനിക്കാൻ ശ്രമിക്കുമ്പോൾ മനസ്സിലിരുന്നാരോ ചതിച്ചുവെന്ന് മന്ത്രിക്കും.  എന്തോ വലിയ കള്ളം മറയ്ക്കാൻ വേണ്ടിയാണ് രണ്ട് പേരും കൂടി തങ്ങൾക്ക് മുൻപരിചയമുള്ളത് മറച്ചുവച്ചത്. അനിയൻ സ്നേഹിച്ച പെണ്ണിനെയാണ് താൻ വിവാഹം കഴിച്ചിരിക്കുന്നത്. നേരത്തെ ഒരു വാക്ക് അവൻ പറഞ്ഞിരുന്നെങ്കിൽ ഈ കല്യാണം തന്നെ വേണ്ടെന്ന് വയ്ക്കുമായിരുന്നു.

ബെഡിൽ കൈകൾ കൊണ്ടടിച്ച് ഉള്ളിലെ സംഘർഷങ്ങൾ കണ്ണ് നീരായി ഒഴുക്കി വിട്ട് നരേന്ദ്രൻ ഓരോ ഓർമ്മയിൽ അങ്ങനെ തളർന്ന് കിടന്നു. അപ്പോഴാണ് തലയിണയ്ക്കടിയിൽ നിന്നും അവന്റെ കയ്യിലെന്തോ തടഞ്ഞത്. എടുത്ത് നോക്കിയപ്പോൾ കണ്ടത് ഒരു ജ്വലറി ബോക്സാണ്.

ആകാംക്ഷയോടെ അവനതെടുത്ത് തുറന്ന് നോക്കി. നീല കല്ല് പതിച്ച തിളക്കമുള്ളൊരു സ്വർണ്ണ മോതിരം കണ്ട് നരേന്ദ്രനൊന്ന് അമ്പരന്നു.

ആ മോതിരം കണ്ടപ്പോൾ മുതൽ പലവിധ സംശയങ്ങൾ അവന്റെ മനസ്സിലൂടെ കടന്ന് പോയി.

ഇങ്ങനെയൊരു റിംഗ് വാങ്ങിക്കണമെങ്കിൽ അതിന് നല്ല ക്യാഷ് ചിലവാകും. തങ്ങളുടെ റൂമിൽ അതും തലയിണയ്ക്കടിയിൽ ഇത് കൊണ്ട് വയ്ക്കണമെങ്കിൽ അത് പൂർണിമ അല്ലാതെ മറ്റാര് വയ്ക്കാനാണ്. അഥവാ പൂർണിമ കൊണ്ട് വച്ചതാണെങ്കിൽ അവൾക്കെവിടുന്നാണ് ഇത്രയും കാശ്. അവൾക്ക് തന്നോടെതെന്തൊക്കെയോ പറയാനുണ്ടായിരുന്നു. അത് കേൾക്കാനുള്ള ക്ഷമയും മാനസികാവസ്ഥയും ഒന്നുമായിരുന്നില്ല തനിക്കപ്പോൾ.

പൂർണിമയ്ക്ക് പറയാനുള്ളത് കേൾക്കാൻ തയ്യാറാകാത്തത്തിൽ നരേന്ദ്രന് നേരിയൊരു കുറ്റബോധം തോന്നിയിരുന്നു. തന്നിൽ നിന്ന് അവളെന്തൊക്കെയോ മറച്ച് പിടിച്ചിരുന്നുവെന്ന് അവനുറപ്പായി. നവീന്റെ കാമുകിയായിരുന്നല്ലോ പൂർണിമയെന്ന കാര്യം ഓർമ്മ വരുമ്പോൾ അവന്റെ മനസ്സിൽ അവളോട് കടുത്ത ദേഷ്യം നിറയും.

എന്ത് തീരുമാനം എടുക്കണമെന്നോ ആരെ വിശ്വസിക്കുമെന്നൊക്കെ ഓർത്തപ്പോൾ നരേന്ദ്രന് ആധി കയറി. കുട്ടികൾ ജനിച്ചതിന് ശേഷം ആദ്യമായിട്ടാണ് ഭാര്യയും മക്കളും കൂടെയില്ലാതെ നരേന്ദ്രൻ ഒറ്റയ്ക്കിരിക്കുന്നത്.

എന്തൊക്കെയോ ഓർത്ത് ടെൻഷനടിക്കുകയും കരയുകയും ദേഷ്യം കൊണ്ട് മുടി പിച്ചി വലിക്കുകയുമൊക്കെ ചെയ്തുകൊണ്ട് നരൻ ആ രാത്രി തള്ളി നീക്കി. രാവേറെ ചെന്നപ്പോൾ എപ്പോഴോ അവൻ ഉറങ്ങി പോവുകയും ചെയ്തു.


🍁🍁🍁🍁🍁

രാവിലെ ഒൻപത് മണി കഴിഞ്ഞാണ് നവീനിനും ഫ്രണ്ട്സിനും ബോധം വരുന്നത്. എണീറ്റ പാടെ പല്ല് തേച്ച് മുഖമൊക്കെ കഴുകി ഒന്ന് ഫ്രഷായി നവീൻ അമ്മയുടെ അടുത്തേക്ക് പോയി. തന്റെ ഫ്രണ്ട്സിന് വേണ്ടി യമുന ബ്രേക്ക്‌ ഫാസ്റ്റ് ഒന്നും ഉണ്ടാക്കിയില്ലെന്ന് കണ്ട് അവൻ അമ്പരന്ന് പോയി.

ശ്രീകണ്ഠനും യമുനയും അവനോട് മിണ്ടാനോ അവൻ പറയുന്നത് കേൾക്കാനോ നിൽക്കാതെ നന്ദ മോളെയും കൊണ്ട് കാറിൽ കയറി എങ്ങോട്ടോ പോയി. പൂർണിമയെ അന്വേഷിച്ച് അവൻ നരന്റെ റൂമിൽ ചെന്നപ്പോ അത് അകത്ത് നിന്നും ലോക്കായിരുന്നു. നരേന്ദ്രൻ ഓഫീസിൽ പോയിട്ടുണ്ടാകുമെന്നും പൂർണിമ റൂമിനുള്ളിൽ ആയിരിക്കുമെന്നും അവൻ കരുതി. വാതിലിൽ മുട്ടി വിളിച്ചെങ്കിലും അകത്ത് നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല. പൂർണിമ തന്നോട് ദേഷ്യം പിടിച്ചായിരിക്കും വാതിൽ തുറക്കാത്തതെന്നാണ് അവൻ ചിന്തിച്ചത്. അതേസമയം നവീൻ വാതിലിൽ തട്ടുന്നത് അറിയാതെ നരൻ ഗാഢനിദ്രയിലായിരുന്നു.

തലേ ദിവസം തങ്ങളൊക്കെ ചേർന്ന് കുടിച്ചു ഫിറ്റായതിന്റെ ദേഷ്യമായിരിക്കും അച്ഛനും അമ്മയും പൂർണിമയും പ്രകടിപ്പിക്കുന്നതെന്ന് നവീൻ ഓർത്തു.

തല്ക്കാലം ഹോട്ടലിൽ നിന്ന് ഫുഡ് വരുത്തി ഫ്രണ്ട്സിനൊക്കെ കൊടുത്ത് പതിനൊന്ന് മണിയോടെ അവൻ എല്ലാവരെയും യാത്രയാക്കി. നവീന്റെ ഫ്രണ്ട്സ് പോയി കുറച്ച് കഴിഞ്ഞപ്പോഴാണ് പുറത്തേക്ക് പോയ ശ്രീകണ്ഠനും യമുനയും നന്ദ മോളും വന്നത്.


"അച്ഛനും അമ്മയും എന്ത് പണിയാ കാണിച്ചത്. ഞങ്ങൾ കുറേ നാളിന് ശേഷമല്ലേ ഒന്ന് ഒത്തു കൂടിയത്. അതുകൊണ്ട് ഒരു എൻജോയ്മെന്റിന് വേണ്ടി ഇത്തിരി കുടിക്കുകയും ചെയ്തു. അതിന് നമ്മുടെ വീട്ടിൽ കയറിയ വന്ന എന്റെ കൂട്ടുകാരെ യാത്രയാക്കുമ്പോൾ ഇവിടെ ഉണ്ടാകേണ്ട നിങ്ങൾ എന്നോട് ഒരക്ഷരം പോലും മിണ്ടാതെ വണ്ടിയും എടുത്ത് എങ്ങോട്ടോ പോയേക്കുന്നു. അതും ഭക്ഷണം പോലും ഉണ്ടാക്കി വയ്ക്കാതെ. ഏട്ടത്തിയും മുറിയിൽ കയറി വാതിലടച്ച് ഇരിപ്പുണ്ട്. നിങ്ങളൊക്കെ ഇത്ര ഓവറാക്കാൻ മാത്രം കുടിച്ചിട്ട് ഇവിടെ കിടന്ന് അലമ്പൊന്നും ഉണ്ടാക്കിയില്ലല്ലോ ഞങ്ങൾ." അച്ഛനും അമ്മയും കയറി വന്നപാടെ നവീൻ പരാതികൾ പറഞ്ഞു തുടങ്ങി.

"ഛീ... നിർത്തെടാ... നീയും അവളും കൂടി ഇവിടെ കിടന്ന് കാണിച്ച് കൂട്ടിയതിനു തല്ലി കൊല്ലുകയാ വേണ്ടത്." കോപം കൊണ്ട് അവന് നേർക്ക് പാഞ്ഞടുത്ത യമുന കൈവീശി നവീന്റെ ചെകിടത്തു ഒരെണ്ണം പൊട്ടിച്ചു.

"ഹമ്മേ..." കവിളിൽ കയ്യമർത്തി വേദനയോടെ അവനവരെ നോക്കി.

"എന്തിനാ അമ്മയിപ്പോ എന്നെ തല്ലിയത്. അമ്മ പറഞ്ഞതെന്താണെന്ന് കൂടി എനിക്ക് മനസ്സിലായില്ല."

"ഒക്കെ നിനക്ക് മനസ്സിലാക്കി തരാം ഞങ്ങൾ. ഞാൻ തരേണ്ട അടിയാ നിനക്കിപ്പോ അവള് തന്നത്." മുഷ്ടി ചുരുട്ടി ക്രോധമടക്കി ശ്രീകണ്ഠൻ നിന്നു.

"നിങ്ങൾക്കൊക്കെ എന്താ?എന്ത് തെറ്റ് ചെയ്തിട്ടാ എന്നോടിങ്ങനെ ദേഷ്യപ്പെടുന്നത്?"

"നീയും പൂർണിമയും തമ്മിലുള്ള ഒളിച്ചു കളിയും കോളേജിൽ പഠിക്കുമ്പോ തൊട്ടേ നിങ്ങള് പരിചയമുള്ളതും അവള് നിന്റെ കാമുകിയായിരുന്നതുമൊക്കെ ഞങ്ങളെല്ലാരും അറിഞ്ഞു. ഇത്രയും നാൾ രണ്ടുംകൂടി ഞങ്ങൾക്ക് മുൻപിൽ വച്ച് തന്നെ... ഛെ... പറയാൻ തന്നെ എനിക്ക് അറപ്പാകുന്നു.

ആരും ഒന്നും അറിയില്ലെന്ന് വിചാരിച്ചോ രണ്ടാളും. നിന്റെ ഏട്ടന്റെ ഭാര്യല്ലേ അവൾ. അവള് നിന്നോടെങ്ങനെ നിന്നാലും നീ തെറ്റ് ചെയ്യാൻ പാടില്ലായിരുന്നു. സ്വന്തം ചേട്ടന്റെ ഭാര്യയുമായി തന്നെ അവിഹിതം സ്ഥാപിച്ചു അവരെ ജീവിതം കുളം തോണ്ടിയപ്പോ നിനക്ക് തൃപ്തിയായില്ലേ..." യമുന നിന്ന് കിതച്ചു.

അമ്മയുടെ വാക്കുകൾ കേട്ട് ഞെട്ടിത്തരിച്ചു നിൽക്കുകയാണ് നവീൻ.

"അമ്മ എന്തൊക്കെയാ ഈ പറയുന്നേ? ഏട്ടത്തിയുമായി എനിക്ക് അവിഹിതം. ഉണ്ടെന്നോ? ഇത്തരം വൃത്തികേടൊക്കെ നിങ്ങളോടാരാ പറഞ്ഞത്."

"വൃത്തികേട് കാട്ടിയിട്ട് ഞങ്ങളെ ചോദ്യം ചെയ്യുന്നോ നീ.. ഇന്നലെ കുടിച്ചു ബോധംമില്ലാതെ കിടന്ന നിന്റെ വായിൽ നിന്ന് തന്നെയാ സത്യങ്ങളൊക്കെ എല്ലാരും അറിഞ്ഞത്. നീ പറഞ്ഞതൊക്കെ അവൻ റെക്കോർഡ് ചെയ്ത് വച്ചിട്ടുമുണ്ട്. അതുകൊണ്ട് ഇനി നിന്റെ അഭിനയം ഞങ്ങൾക്ക് മുന്നിൽ വേണ്ട... അവന്റെയൊരു ഏട്ടത്തി വിളി..."

തലേ ദിവസം രാത്രി കുടിച്ചിട്ട് ബോധമില്ലാതെ താൻ നരേട്ടനോട് വേണ്ടാത്ത എന്തെങ്കിലും പറഞ്ഞുവെന്ന് കേട്ടപ്പോൾ നവീനൊന്ന് ഭയന്നു. ഓർമ്മയില്ലതെ എന്തെങ്കിലും മോശമായി താൻ പറഞ്ഞുവോ? ആ ചിന്ത മനസ്സിലേക്ക് വന്നതും ആ അവന് ടെൻഷനായി.

"ഏട്ടത്തിയും ഏട്ടനും എവിടെ? അവരെ കൂടി വിളിക്ക്. എനിക്ക് എല്ലാരോടും കൂടി സംസാരിക്കണം."

"അവളെ ഇന്നലെ രാത്രി തന്നെ ഇവിടുന്ന് അടിച്ചിറക്കി വിട്ടു ഞാൻ. എന്റെ മോനിനി അവളെ പോലൊരുത്തി വേണ്ട..."

"ഇതൊക്കെ ആരോട് ചോദിച്ചിട്ടാ അമ്മ ചെയ്തത്. കാര്യമെന്താണെന്ന് അറിയുന്നതിന് മുൻപേ കുടിച്ചു ലക്കില്ലാതെ ഞാൻ പറഞ്ഞതും കേട്ട് ഒന്നുമറിയാത്ത പാവത്തിനെ ഇവിടുന്ന് ഓടിച്ച് വിടാൻ അമ്മയ്ക്കെങ്ങനെ മനസ്സ് വന്നു." രോഷം കൊണ്ടവന്റെ രക്തം തിളച്ചു.

"നീയിനി ഞങ്ങളുടെ മുന്നിൽ കിടന്ന് നാടകം കളിക്കണ്ട."

"നരേട്ടനെവിടെ? എനിക്ക് ഏട്ടനെയൊന്ന് കാണണം." നവീൻ അക്ഷമനായി.

"നരനിന്നലെ മുകളിലേക്ക് പോയതാണല്ലോ. സമയം പതിനൊന്ന് മണി കഴിഞ്ഞിട്ടും ഇവനവിടെ എന്തെടുക്കുവാ." തലേ ദിവസത്തെ പ്രശ്നങ്ങളും നരേന്ദ്രൻ ഇതുവരെ മുറിക്ക് പുറത്തേക്ക് വരാത്തതും യമുനയെ ആശങ്കയിലാക്കി. ഭയത്തോടെ അവർ ശ്രീകണ്ഠനെ നോക്കി.

"മോനേ... നരാ..." ഭീതിയോടെ യമുന ഗോവണി കയറി മുകളിലേക്ക് പാഞ്ഞു. പിന്നാലെ നവീനും ശ്രീകണ്ഠനും അവിടേക്കോടി.... തുടരും...🥂

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story