മാലയോഗം: ഭാഗം 62

malayogam shiva

രചന: ശിവ എസ് നായർ


മൂവരും മുകളിലേക്കുള്ള ഗോവണി കയറുമ്പോൾ നരേന്ദ്രൻ മുറിയിൽ നിന്നിറങ്ങി അവർക്കെതിരെ നടന്ന് വരുന്നുണ്ടായിരുന്നു. അവനെ കണ്ടപ്പോഴാണ് മൂവരുടെയും നെഞ്ചിലെ തീയൊന്ന് അടങ്ങിയത്.

"ഇത്രയും നേരായിട്ടും നീ എണീറ്റ് വരാതിരുന്നപ്പോ ഞങ്ങൾ ശരിക്കും പേടിച്ചു പോയി നരാ." നെഞ്ചിൽ കൈവച്ച് യമുന പറഞ്ഞു.

"ഞാൻ വല്ല കടുംകൈയ്യും ചെയ്യുമെന്ന് ഓർത്താണെങ്കിൽ അക്കാര്യമോർത്ത് ആരും പേടിക്കണമെന്നില്ല.
എന്നാലും നവീ... എന്നോടിത് വേണ്ടായിരുന്നു... നിനക്കവളെ ഇഷ്ടമായിരുന്നെങ്കിൽ കല്യാണത്തിന് മുൻപ് ഒരു സൂചനയെങ്കിലും തരാമായിരുന്നു." സർവ്വവും തകർന്നവനെ പോലെ തന്റെ മുന്നിൽ നിൽക്കുന്ന ഏട്ടനെ കണ്ട് നവീനും വിഷമമായി.

"ഏട്ടൻ വിചാരിക്കുന്ന പോലെയൊന്നുമല്ല കാര്യങ്ങൾ. പൂർണിമയെ ഞാനിപ്പോൾ ഏട്ടന്റെ ഭാര്യയായി തന്നെയാണ് കാണുന്നത്. കോളേജിൽ പഠിക്കുമ്പോ ഒരിഷ്ടം തോന്നിയത് സത്യമാണ്. അത് നിങ്ങളെല്ലാരും ചേർന്ന് അവിഹിതം വരെ കൊണ്ടെത്തിച്ചല്ലോ."

"നിങ്ങൾ തമ്മിൽ ഒന്നുമില്ലെന്നാണോ നീ പറഞ്ഞ് വരുന്നത്."

"അതേ... അല്ലെങ്കിൽ തന്നെ എന്ത് അടിസ്ഥാനത്തിലാണ് നരേട്ടൻ ഇങ്ങനെയൊക്കെ പറഞ്ഞത്. നടന്നതെന്താണെന്ന് മനസ്സിലാക്കാതെ രാത്രി തന്നെ ഏട്ടത്തിയെ അടിച്ച് പുറത്താക്കാൻ അമ്മയ്ക്കൊപ്പം കൂട്ട് നിൽക്കാൻ ഏട്ടനെങ്ങനെ തോന്നി." നവീന് ചെറുതായി ദേഷ്യം വരുന്നുണ്ടായിരുന്നു.

"അപ്പോ ഇന്നലെ കുടിച്ചു ബോധമില്ലാതെ നീയീ പറഞ്ഞതൊക്കെയോ?" നരേന്ദ്രൻ ഫോണിൽ റെക്കോർഡ് ചെയ്തിരുന്ന നവീന്റെ വോയിസ്‌ ക്ലിപ്പ് അവന് കേൾപ്പിച്ചു കൊടുത്തു.

അത് മുഴുവൻ കേട്ട് കഴിഞ്ഞിട്ടും നവീന്റെ മുഖത്ത് ഒരു ഭാവ വ്യത്യാസവുമില്ലെന്നത് നരേന്ദ്രൻ പ്രത്യേകം ശ്രദ്ധിച്ചു.

"ഈ പറഞ്ഞതൊക്കെ തന്നെയാ ബോധത്തോടെയും എനിക്ക് പറയാനുള്ളത്. ഇതെല്ലാം പലവട്ടം ഏട്ടനോട് പറയാൻ ഒരുങ്ങിയതാ. പക്ഷേ നിങ്ങളുടെ ജീവിതത്തിൽ ഒരു പ്രശ്നമുണ്ടാവണ്ടെന്ന് കരുതി പലതും പറയാനാവാതെ മിണ്ടാതിരിക്കുകയായിരുന്നു ഞാൻ.

ഇനിയിപ്പോ നിങ്ങളെല്ലാരും കൂടി ഏട്ടത്തിയെ അടിച്ച് പുറത്താക്കിയ സ്ഥിതിക്ക് ഞാൻ മിണ്ടാതിരുന്നാൽ ഏട്ടത്തിയെ നിങ്ങൾ മോശക്കാരിയായി കാണും."

"ഇരുപത്തിനാല് മണിക്കൂറും അവളുടെ പിന്നാലെ കൊഞ്ചി കുഴഞ്ഞു നടന്നിട്ട് ഇപ്പൊ അവളെ ന്യായീകരിക്കാൻ നിനക്ക് ഉളുപ്പുണ്ടോ നവി." യമുന ദേഷ്യത്തോടെ ചോദിച്ചു.

"അമ്മയൊന്ന് മിണ്ടാതിരിക്കുന്നുണ്ടോ... എനിക്ക് പറയാനുള്ളത് ഞാനാദ്യം പറഞ്ഞോട്ടെ. അമ്മായിപ്പോ പറഞ്ഞല്ലോ ഇരുപത്തി നാല് മണിക്കൂറും ഞാൻ ഏട്ടത്തിയുടെ പിന്നാലെ ആയിരുന്നുവെന്ന്. അതൊക്കെ ഏട്ടത്തിയുടെ കുക്കിംഗ്‌ വീഡിയോസ് എടുക്കാൻ വേണ്ടിയായിരുന്നു. യൂട്യൂബിൽ ഒരു ചാനൽ ഉണ്ടാക്കി അതിൽ എല്ലാം അപ്‌ലോഡ് ചെയ്തിട്ടുമുണ്ട്.

ഏട്ടത്തി സ്വന്തം കഴിവ് ഉപയോഗിച്ച് പത്ത് കാശ് സമ്പാദിക്കുന്നത് ഏട്ടന് ഇഷ്ടമല്ലല്ലോ. പിന്നെ എങ്ങനെയാ ആ പാവം ഇക്കാര്യം തുറന്ന് പറയുന്നത്. ഏട്ടന്റെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ട് ഞാൻ തന്നെയാ പറഞ്ഞത്.

പിന്നെ നിങ്ങളെല്ലാരും വിചാരിക്കുന്നത് പോലെ ഞാനും ഏട്ടത്തിയും പ്രേമിച്ചു നടന്നവരൊന്നുമല്ല. എനിക്ക് അങ്ങോട്ട്‌ മാത്രമേ ഇഷ്ടമുണ്ടായിരുന്നുള്ളു. അതുപോലെതന്നെ എന്നെ നേരത്തെ പരിചയമുള്ള ഏട്ടത്തി ഏട്ടനോട് തുറന്ന് പറയാത്തത് എന്നെ പേടിച്ചിട്ടാണ്. ഞാനന്ന് ഒരു തമാശയ്ക്ക് വേണ്ടി ഏട്ടത്തിയെ ഭീഷണിപ്പെടുത്തിയത് ഇത്ര വലിയ പ്രശ്നത്തിൽ കൊണ്ടെത്തിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ലായിരുന്നു. സത്യത്തിൽ നിങ്ങൾക്കിടയിൽ ഒരു പ്രോബ്ലം ഉണ്ടാവാൻ കാരണമായത് ഞാനാ.

അന്നും ഇന്നും എന്നും ഏട്ടത്തി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് ഏട്ടനെ നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ്. ഏട്ടനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാ." നരേന്ദ്രനിൽ നിന്നും മറച്ച് വച്ച കാര്യങ്ങളെല്ലാം നവീൻ ഒന്നൊഴിയാതെ പറഞ്ഞു.

"ഇതൊക്കെ സത്യം തന്നെയാണോന്ന് ദൈവത്തിന് അറിയാം. അവളെ നല്ലവളക്കാൻ കുറ്റമെല്ലാം നീ സ്വയം ഏറ്റതാണെങ്കിലോ?" പൂർണിമ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് നവീന്റെ സംസാരത്തിൽ നിന്ന് തോന്നിയെങ്കിലും അത് അംഗീകരിക്കാൻ യമുനയ്ക്ക് മടി തോന്നി. ഒരുപക്ഷേ അവളെ രക്ഷിക്കാൻ തന്റെ മകൻ സ്വയം കുറ്റമേറ്റതാണോ എന്നൊക്കെ അവർക്ക് സംശയമായി.

പക്ഷേ അനിയന്റെ വെളിപ്പെടുത്തലുകൾക്ക് മുന്നിൽ ആകെ തകർന്ന് പോയി നരേന്ദ്രൻ. ഇത്രയൊക്കെ കാര്യങ്ങൾ താനറിയാതെ നടക്കുന്നുണ്ടായിരുന്നുവെന്ന് അറിഞ്ഞപ്പോൾ നരന് സ്വയം പുച്ഛം തോന്നി. താൻ ഉദേശിച്ചത് പോലെയൊരു ബന്ധം ഇരുവരും തമ്മിൽ ഉണ്ടായിരുന്നില്ലെന്നത് അവന് ആശ്വാസമേകിയെങ്കിലും പൂർണിമ സ്വന്തമായി ഒരു വരുമാന മാർഗം കണ്ടെത്തിയ സ്ഥിതിക്ക് ഇനിയൊരിക്കലും തന്റെ അരികിലേക്ക് മടങ്ങി വന്നേക്കില്ലെന്ന് നരേന്ദ്രന് ഉറപ്പായി. അതുപോലെ ഗോൾഡ് റിംഗ് പൂർണിമ വാങ്ങിയത് എങ്ങനെയെന്നും അവനൂഹിച്ചു. അത്രയും വേദനയോടെയാണ് തലേ ദിവസം പൂർണിമ പടിയിറങ്ങി പോയത്.

സത്യം മനസ്സിലാക്കാൻ ശ്രമിക്കാതെ താൻ വലിയൊരു തെറ്റ് ചെയ്തുവെന്ന കുറ്റബോധം നരേന്ദ്രന്റെ മനസ്സിനെ വേട്ടയാടാൻ തുടങ്ങി കഴിഞ്ഞു.

"ഇതൊന്നും കേട്ട് നീ മനസ്സ് വിഷമിപ്പിക്കണ്ട നരാ. പൂർണിമയെ നമുക്ക് മുന്നിൽ നല്ലവളായി കാണിക്കാൻ വേണ്ടി ഇവൻ കള്ളം പറഞ്ഞതായി കൂടെ." അമ്മ പറഞ്ഞതൊന്നും അവൻ കേൾക്കുന്നുണ്ടായിരുന്നില്ല.

നരേന്ദ്രന്റെ മനസ്സ് നിറയെ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ തന്നെ നോക്കി നിന്ന പൂർണിമയുടെ മുഖം മാത്രമായിരുന്നു. ഒരു നിമിഷം അവളെ കേൾക്കാൻ തയ്യാറായാൽ മതിയായിരുന്നു.

"ഏട്ടത്തിയെ രക്ഷിച്ചിട്ട് എനിക്കൊന്നും കിട്ടാനില്ല അമ്മേ. ഏട്ടൻ വിവാഹം കഴിച്ചത് മുതൽ അവരെന്റെ ഏട്ടന്റെ ഭാര്യയായി തന്നെയാണ് ഞാൻ കാണുന്നത്."

"നീ എന്തൊക്കെ പറഞ്ഞാലും അവളെ ഞാനിനി കുടിച്ച വെള്ളത്തിൽ വിശ്വസിക്കില്ല. രണ്ടെണ്ണത്തിനും കൂടി യൂട്യൂബ് ചാനൽ ഉണ്ടാക്കാത്തതിന്റെ കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളൂ." പുച്ഛത്തോടെ യമുന ചിറി കോട്ടി.

"യമുനേ... നവി പറയുന്നതിലും കാര്യമുണ്ടെന്നാ എനിക്ക് തോന്നുന്നത്. ഇന്നലെ നമ്മൾ എടുത്തടിച്ചത് പോലെ പ്രവർത്തിച്ചത് മോശമായി പോയെന്ന് എനിക്കിപ്പോ തോന്നുന്നു. രണ്ട് പേർക്കും പറയാനുള്ളത് കേൾക്കാമായിരുന്നു നമുക്ക്." ശ്രീകണ്ഠനും നേരിയ കുറ്റബോധം തോന്നി തുടങ്ങിയിരുന്നു.

യമുന പക്ഷേ തന്റെ തീരുമാനത്തിൽ തന്നെ ഉറച്ച് നിന്നു.

"നിങ്ങൾ വേണമെങ്കിൽ വിശ്വസിച്ചോ... പക്ഷേ ഇവരുടെ ഓരോ വേഷം കെട്ടുകളും സദാ സമയവും അവളുടെ പിന്നാലെയുള്ള ഇവന്റെ നടത്തവുമൊക്കെ എന്റെ മനസ്സിൽ സംശയമുണ്ടാക്കുന്നുണ്ട്. അതൊക്കെ വീഡിയോ എടുക്കാനായിരുന്നുവെന്ന ഇവന്റെ പറച്ചിൽ സത്യമല്ലെങ്കിലോ? രണ്ടും കൂടി ഓരോ വൃത്തികേടുകൾ കാട്ടി കൂട്ടിയിട്ട്... ഛെ..." അമ്മയുടെ സംസാരം നവീനെ ചൊടിപ്പിച്ചു.

"എന്തായാലും അമ്മേടെ മൂത്ത മോൻ കാണിച്ച പോലത്തെ വൃത്തികേട് ഒന്നും ഏട്ടത്തി കാണിച്ചിട്ടില്ല." നവീൻ പറഞ്ഞത് കേട്ട് പകപ്പോടെ നരേന്ദ്രൻ അനിയനെ നോക്കി.

"അവൻ എന്ത് വൃത്തികേട് കാണിച്ചുവെന്നാ... വെറുതെ പറഞ്ഞ് ജയിക്കാൻ വേണ്ടി തോന്ന്യാസം പറയരുത് നവി." യമുന അവന് നേരെ വിരൽ ചൂണ്ടി.

"നയനയുമായി ഏട്ടന് എന്തായിരുന്നു ബന്ധമെന്ന് മോനോട് നേരിട്ട് തന്നെ ചോദിക്ക്. അവർ തമ്മിൽ എത്രത്തോളം അടുപ്പമുണ്ടായിരുന്നുവെന്ന് എനിക്കറിയാം നന്നായിട്ട്. ഇന്നാ, അമ്മ കൂടി കാണ് രണ്ടെണ്ണം കൂടി പ്രേമിച്ചു നടന്നപ്പോ കാട്ടി കൂട്ടിയ വൃത്തികേടുകൾ.

ഏട്ടന് ഇങ്ങനെയൊരു മുഖമുണ്ടെന്നത് വളരെ വൈകിയ ഞാനറിഞ്ഞത്. എന്തായാലും ഏട്ടൻ ചെയ്തത് പോലെയൊന്നും ഏട്ടത്തി കാണിച്ചിട്ടില്ല. എന്നെ പേടിച്ച് ഉള്ള സത്യങ്ങൾ തുറന്ന് പറഞ്ഞില്ലെന്ന തെറ്റ് മാത്രേ അവർ ചെയ്തുള്ളു." തന്റെ ഫോണിലെ ഗാലറി തുറന്ന് നരേന്ദ്രനും നയനയും ഒരുമിച്ച് ഒട്ടിചേർന്ന് നിന്ന് എടുത്ത കുറച്ചധികം ഫോട്ടോസ് നവീൻ യമുനയ്ക്ക് കാണിച്ചു കൊടുത്തു.

"നവീ... നിനക്ക്... നിനക്കെങ്ങനെ ഇതൊക്കെ." എല്ലാവർക്കും മുന്നിൽ അപമാനിതനായ വിഷമത്തോടെ നരേന്ദ്രൻ നവീനെ നോക്കി.

"ഏട്ടന്റെ റൂമിൽ നിന്ന് കുറച്ചു നാൾ മുൻപ് എനിക്കൊരു മൊബൈൽ ഫോൺ കിട്ടിയിട്ടുണ്ടായിരുന്നു. നയനയ്ക്ക് ഞാനൊരിക്കൽ ഓൺലൈൻ വഴി ഓർഡർ ചെയ്ത് കൊടുത്ത ഫോണായത് കൊണ്ട് ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് മനസ്സിലായി.

അതിൽ നിന്നാ ഇതൊക്കെ എനിക്ക് കിട്ടിയത്. ഇക്കാര്യത്തിൽ ഏട്ടനെ ഞാൻ കുറ്റപ്പെടുത്തില്ല. അതൊക്കെ ഏട്ടന്റെ പ്രൈവസിയിൽ പെടുന്നതാണ്. പിന്നെ ഒരു സേഫ്റ്റിക്ക് വേണ്ടി അപ്പോ ഫോണിൽ സൂക്ഷിക്കാൻ തോന്നി ഞാനത് എടുത്ത് വച്ചന്നേയുള്ളു. അതുകൊണ്ട് ഇങ്ങനെയൊരു ഉപകാരമുണ്ടായി. ഇത്രയൊക്കെ ചെയ്ത് കൂട്ടിയ ഏട്ടന് ഏട്ടത്തിയെ വഴക്ക് പറയാൻ ഒരു യോഗ്യതയുമില്ല. അമ്മേം പെങ്ങളേം തിരിച്ചറിയാനുള്ള വകതിരിവ് എനിക്കുണ്ട് ഏട്ടാ." നവീൻ രോഷത്തോടെ പറഞ്ഞു.

നയനയുടെ കൈയ്യിൽ നിന്ന് ഫോൺ പിടിച്ചെടുത്തു വീട്ടിൽ കൊണ്ട് വന്ന ശേഷം ദിവസങ്ങൾ കഴിഞ്ഞാണ് താനത് നശിപ്പിച്ചതെന്ന് നരേന്ദ്രനോർത്തു. നയനയുടെ ഫോൺ വാങ്ങി മുല്ലശ്ശേരിയിൽ മടങ്ങി വന്ന ദിവസമാണ് നവീൻ യുകെയിൽ നിന്നെത്തിയതും അന്ന് പൂർണിമ ഹോസ്പിറ്റലിൽ അഡ്മിറ്റാകുന്നതും. ആ തിരക്കിനിടയിൽ പിന്നീട് ഇക്കാര്യം മറന്ന് പോയിട്ട് കുറേ നാൾ കഴിഞ്ഞാണ് നരേന്ദ്രൻ നയനയുടെ ഫോൺ തല്ലിപൊട്ടിക്കുന്നത്.

പക്ഷേ അതിനകം നവീൻ തനിക്ക് വേണ്ടതൊക്കെ എടുത്തിരുന്നു. നരേന്ദ്രനത് അറിഞ്ഞതുമില്ല. ഏട്ടനുമായി എപ്പോഴെങ്കിലും ഒരു വഴക്ക് വന്നാൽ ഭീഷണിപെടുത്തി കാര്യം സാധിക്കാനുള്ള മാർഗമായിട്ടായിരുന്നു നവീൻ അതെടുത്ത് വച്ചിരുന്നത്.

നവീന്റെ കൈയ്യിൽ നിന്ന് മൊബൈൽ വാങ്ങി നോക്കിയ യമുന നരേന്ദ്രന്റെയും നയനയുടെയും  ഫോട്ടോസ് കണ്ട് വിശ്വസിക്കാൻ പറ്റാതെ മകനെ നോക്കിപ്പോയി. അഭിമാനത്തോടെ താൻ തലയിലേറ്റി കൊണ്ട് നടന്ന മോന്റെ മറ്റൊരു വശം കണ്ടതിന്റെ ഞെട്ടലിൽ ആയിരുന്നു യമുനയപ്പോൾ. പെട്ടെന്നാണ് പിന്നിൽ നിന്നാരോ അവരുടെ കൈയ്യിലിരുന്ന മൊബൈൽ പിടിച്ചു വാങ്ങിയത്. ഞെട്ടി പിന്തിരിഞ്ഞ യമുന കാണുന്നത് ദേഷ്യം കൊണ്ട് അടിമുടി വിറച്ച് നിൽക്കുന്ന പൂർണിമയെയും പ്രവീണിനെയുമാണ്.

യമുനയിൽ നിന്നും തട്ടിപ്പറിച്ച ഫോണിൽ നരേന്ദ്രനും നയനയും ഒന്നിച്ചുള്ള ഫോട്ടോകൾ കണ്ട് അവൾക്ക് കാര്യങ്ങൾ ഏകദേശം പിടി കിട്ടി. നിറഞ്ഞ കണ്ണുകളോടെ അവൾ നരേന്ദ്രനെ നോക്കി. ആ നിമിഷം അവളുടെ കണ്ണുകളിൽ കണ്ട ഭാവം എന്തായിരുന്നുവെന്ന് അവന് മനസ്സിലായില്ല. വിളറി വെളുത്ത് അവളെ നോക്കാൻ കഴിയാനാവാതെ നരൻ മുഖം കുനിച്ചു. ആ നിമിഷം പൂർണിമയെ അവിടെ ആരും പ്രതീക്ഷിച്ചിരുന്നില്ല. അവളുടെ കൈയ്യിൽ നിന്ന് പ്രവീൺ മൊബൈൽ വാങ്ങിക്കുമ്പോൾ ഏതോ ഒരു ഉൾപ്രേരണയാൽ നരന്റെ അടുത്തേക്ക് പാഞ്ഞു ചെന്ന പൂർണിമ കൈവീശി അവന്റെ മുഖത്ത് ആഞ്ഞടിച്ചു.... തുടരും...🥂

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story