മാലയോഗം: ഭാഗം 63

malayogam shiva

രചന: ശിവ എസ് നായർ

ആ നിമിഷം അവളുടെ കണ്ണുകളിൽ കണ്ട ഭാവം എന്തായിരുന്നുവെന്ന് അവന് മനസ്സിലായില്ല. വിളറി വെളുത്ത് അവളെ നോക്കാൻ കഴിയാനാവാതെ നരൻ മുഖം കുനിച്ചു. ആ നിമിഷം പൂർണിമയെ അവിടെ ആരും പ്രതീക്ഷിച്ചിരുന്നില്ല. അവളുടെ കൈയ്യിൽ നിന്ന് പ്രവീൺ മൊബൈൽ വാങ്ങിക്കുമ്പോൾ ഏതോ ഒരു ഉൾപ്രേരണയാൽ നരന്റെ അടുത്തേക്ക് പാഞ്ഞു ചെന്ന പൂർണിമ കൈവീശി അവന്റെ മുഖത്ത് ആഞ്ഞടിച്ചു.

"സത്യം മനസ്സിലാക്കാൻ ശ്രമിക്കാതെ ഞാൻ പറയുന്നതൊന്ന് കേൾക്കാനുള്ള മനസ്സ് പോലും കാട്ടാതെ ഇന്നലെ രാത്രി നരേട്ടൻ കെട്ടിയ എന്റെ താലിമാല പൊട്ടിച്ച് വാങ്ങി അമ്മയെന്നെ ആട്ടിയിറക്കിയപ്പോൾ പോലും നരേട്ടനോട് എനിക്ക് വെറുപ്പോ ദേഷ്യമോ തോന്നിയിരുന്നില്ല. ആദ്യമേ ഒന്നും തുറന്ന് പറയാത്തതിനാൽ എന്റെ ഭാഗത്തും തെറ്റുണ്ടല്ലോന്ന് കരുതി സമാധാനിക്കുകയായിരുന്നു ഞാൻ. പക്ഷേ ഇത്... ഇതെനിക്ക് ക്ഷമിക്കാനാവില്ല... സ്വന്തം തെറ്റുകൾ മറച്ച് വച്ച് എന്റെ മുന്നിൽ നല്ലവനായി അഭിനയിക്കുകയല്ലായിരുന്നോ നരേട്ടൻ ഇത്രയും നാൾ." പൂർണിമ നിന്ന് കിതച്ചു.

ഒരു രാത്രി, നൊന്ത് പ്രസവിച്ച മകളെ പിരിഞ്ഞു നിന്ന വേദന സഹിക്കാനാവാതെ നന്ദ മോളെ കാണാനായി പ്രവീണിനെയും കൊണ്ട് രാവിലെ തന്നെ ഓടി വന്നതാണ് അവൾ. മോൾ ഒപ്പം വരുമെങ്കിൽ കൂടെ കൊണ്ട് പോകണമെന്നും വരാൻ കൂട്ടാക്കാതെ കരഞ്ഞാൽ നിർബന്ധിച്ചു കൂടെ കൂട്ടണ്ടെന്നും മനസ്സിൽ കരുതിയതാണ് പൂർണിമ. ആ കുഞ്ഞ് മനസ്സ് വേദനിപ്പിക്കാൻ അവളിലെ അമ്മയ്ക്ക് കഴിയുമായിരുന്നില്ല. പക്ഷേ ഇത്രയൊക്കെ കേട്ട് കഴിഞ്ഞപ്പോൾ പൂർണിമ ആ തീരുമാനം മാറ്റി.

"ഞാൻ നൊന്ത് പെറ്റ എന്റെ മോനെ ഞങ്ങളുടെ കണ്മുന്നിൽ വച്ചുതന്നെ അടിക്കാൻ മാത്രം വളർന്നോ നീ. ഇന്നലെ തന്നെ നിന്നെ ഇവിടുന്ന് അടിച്ചിറക്കി വിട്ടതല്ലേ. പിന്നേം എന്തിനാടി നാണം കെട്ട് ഇങ്ങോട്ട് തന്നെ കയറി വന്നത്. അവനെ തല്ലിയ ഞാൻ മിണ്ടാതെ കണ്ട് കൊണ്ട് നിൽക്കുമെന്ന് നീ വിചാരിച്ചോ?" പറഞ്ഞതും യമുന അവളെ തനിക്ക് അഭിമുഖമായി തിരിച്ചു നിർത്തി പൂർണിമയുടെ കവിൾ ലക്ഷ്യമാക്കി കൈ വീശി.

അടി കൊള്ളുന്നതിനു മുൻപ് തന്നെ ഒട്ടും പതറാതെ അവളവരുടെ കൈയ്യിൽ കടന്ന് പിടിച്ചു.

"എന്നെ തല്ലാൻ നിങ്ങൾ
ക്കൊരു അധികാരവുമില്ല അവകാശവുമില്ല. അല്ലെങ്കിലും ഞാനിവിടെ സ്ഥിര താമസത്തിന് വന്നതല്ല. ഞാനെന്റെ മോളെ കൊണ്ട് പോകാൻ വന്നതാ. തടയാൻ പറ്റുന്നവർ ഒന്ന് തടഞ്ഞു നോക്ക്. എനിക്ക് എന്ത് ചെയ്യാൻ പറ്റുമെന്ന് അപ്പോ കാണിച്ചു തരാം ഞാൻ. എന്റെ മോളെ എന്നിൽ നിന്നകറ്റിയിട്ട് സന്തോഷിക്കാമെന്ന് വിചാരിച്ചോ നിങ്ങൾ." പൂർണിമ ദേഷ്യം കൊണ്ട് അടിമുടി വിറച്ചു.

"എന്റെ മോളെ കൊണ്ട് പോകാൻ ഞാൻ സമ്മതിക്കില്ല. എന്റെ കുഞ്ഞിനെ അവളുടെ ഇഷ്ടമില്ലാതെ ഇവിടുന്ന് പിടിച്ചു വലിച്ചു കൊണ്ട് പോകുന്നത് എനിക്കൊന്ന് കാണണം." യമുനയും വിട്ട് കൊടുക്കാൻ ഭാവമില്ലായിരുന്നു. അവളെ തല്ലാൻ പറ്റാത്തതിന്റെ കലിയും രോഷമായി നിലകൊണ്ടു.

"ഇത്തിരിയില്ലാത്ത കുഞ്ഞിന്റെ സമ്മതം എനിക്ക് വേണ്ട. അവളെ കൊണ്ട് പോകുമ്പോൾ തടയാൻ വന്നാൽ പ്രായം പോലും മറന്ന് നിങ്ങളെ ചിലപ്പോൾ തല്ലി പോകും ഞാൻ. ഇന്നലെ വരെ നിങ്ങളെ എന്റെ അമ്മയെ പോലെ കണ്ട് സ്നേഹിച്ചതാ ഞാൻ. നിങ്ങൾ പക്ഷേ എന്നെ അടിച്ചു പുറത്താക്കാൻ ഒരവസരം കാത്തിരുന്നത് പോലെയായിരുന്നു ഇന്നലെ എന്നോട് പെരുമാറിയത്. ചത്താലും ഞാനത് മറക്കില്ല. അല്ലേലും നിങ്ങൾക്ക് സ്നേഹം നിങ്ങളുടെ മക്കളോടും നന്ദ മോളോടും മാത്രമാണല്ലോ. ആദി മോനെ പോലും നിങ്ങൾക്ക് അത്ര ഇഷ്ടമില്ലെന്ന് എനിക്കറിയാം.

ഇതൊക്കെ പണ്ടേ എനിക്ക് തോന്നിയിട്ടുള്ള കാര്യങ്ങളാ. ഞാൻ കാരണം ഇവിടെയൊരു പ്രശ്നം വേണ്ടെന്ന് കരുതി ഇത്രയും നാൾ എല്ലാരേം ഇഷ്ടത്തിനൊത്തു താളം തുള്ളിയതാണ് ഇന്നീ കുഴപ്പങ്ങൾക്കൊക്കെ കാരണമായത്. ഇനിയും നിങ്ങളെയൊക്കെ പേടിച്ചു ജീവിക്കാൻ എന്നെ കിട്ടില്ല."

"അല്ലേലും നിന്നെയിവിടെ ആർക്കും വേണ്ട. മിണ്ടാപൂച്ചയെ പോലെ പതുങ്ങി ഇരുന്നിട്ട് നീയിവിടെ കാട്ടി കൂട്ടിയതൊന്നും ഞാൻ മറന്നിട്ടില്ല. ഒരു പ്രസവം കൂടെ കഴിഞ്ഞപ്പോഴേക്കും എന്റെ മോനേം നീ കയ്യിലെടുത്തു കുറേ കുരങ്ങ് കളിപ്പിച്ചിട്ടുണ്ട്. അന്നേ നിന്നെ ഞാൻ ഓങ്ങി വച്ചതാ.

കുപ്പതൊട്ടിയിൽ കിടന്നവളെ എടുത്ത് മണി മാളികയിൽ കൊണ്ട് വന്ന് വാഴിച്ചതിനു എനിക്കിത് തന്നെ കിട്ടണം. എന്റെ വീട്ടിൽ നിന്ന് ചിലയ്ക്കാതെ ഇറങ്ങി പോടീ... നരാ... നിനക്കിനി ഇവള് വേണ്ട..." താക്കീതോടെ യമുന മകനെ നോക്കി.

"എനിക്കും ഇനി നരേട്ടന്റെ ഭാര്യയായി ജീവിക്കാൻ ഒരാഗ്രഹവുമില്ല. അല്ലെങ്കിലും ഭയന്നും കരഞ്ഞും കൂട്ടിലിട്ട കിളിയെ പോലെ ശ്വാസംമുടട്ടുന്ന ഈ അടിമ ജീവിതം ഞാൻ ശരിക്കും മടുത്തു. ഇത്രയും വർഷം അഡ്ജസ്റ്റ് ചെയ്ത് മതിയായി എനിക്ക്. ഇനിയെങ്കിലും എനിക്ക് ആരെയും പേടിക്കാതെ മുഴുവൻ സ്വാതന്ത്ര്യവും അനുഭവിച്ചു ജീവിക്കാലോ." സ്വരമിടറാതെ അത്രയും പറഞ്ഞൊപ്പിക്കാൻ അവൾ നന്നേ പാടുപെട്ടു.

"പൂർണിമേ... ഞാൻ പറയുന്നതൊന്ന് കേൾക്ക് നീ. വെറുതെ ദേഷ്യത്തിന് ഓരോന്ന് വിളിച്ചു പറയല്ലേ."നരേന്ദ്രൻ അവളുടെ കൈകൾ നെഞ്ചോട് ചേർത്ത് ദയനീയ ഭാവത്തിൽ അവളെ നോക്കി.

"എന്നെ തൊട്ട് പോകരുത്... വിടെന്നെ... നരേട്ടനോട്‌ സംസാരിക്കാനോ നിങ്ങൾ പറയുന്നത് കേൾക്കാനോ എനിക്ക് താല്പര്യമില്ല. ഞാൻ പോവാ എന്റെ വീട്ടിലേക്ക്." പൂർണിമ അവന്റെ കൈകളെ തട്ടിയെറിഞ്ഞു.

"അങ്ങനെ പറയല്ലേടി നീ... ഒരു തെറ്റ് പറ്റിപ്പോയി.."

"മതി നിർത്ത്... എനിക്കൊരു വിശദീകരണവും കേൾക്കണ്ട. ഇന്നലെ എനിക്ക് പറയാനുള്ളത് കേൾക്കാൻ നരേട്ടനും തോന്നിയില്ലല്ലോ. എന്തായാലും ഇത്രയും നാണംകെട്ട കാര്യത്തിന് നിങ്ങൾക്ക് പറയാനുള്ള ന്യായീകരണങ്ങൾ കേൾക്കാൻ എനിക്ക് മനസ്സില്ല."

"പ്രവീണേ... നീയെങ്കിലും ഒന്ന് പറയ്യ്." നരേന്ദ്രൻ അളിയനോട് കെഞ്ചി.

"ഇക്കാര്യത്തിൽ എന്റെ അനിയത്തിക്കൊപ്പമേ ഞാൻ നിൽക്കൂ. അവളുടെ തീരുമാനമാണ് എന്റെയും. ഭർത്താവില്ലെങ്കിലും ജീവിക്കാൻ ഒരു ജോലി അവൾക്ക് ഞാൻ ശരിയാക്കി കൊടുക്കും. നീ വാ പൂർണിമേ..." പ്രവീൺ സഹോദരിയുടെ കൈയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു.

ശ്രീകണ്ഠനും നവീനും യാതൊന്നും മിണ്ടിയില്ല. കാര്യങ്ങൾ കൈവിട്ട് പോയെന്ന് ഇരുവർക്കും മനസ്സിലായിരുന്നു. ആ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമോ നിർദേശമോ അവരുടെ പക്കൽ ഉണ്ടായിരുന്നില്ലെന്നതാണ് സത്യം. പ്രവീണിന്റെ തോളിലിരുന്ന് അവിടെ നടന്ന വഴക്കൊക്കെ കണ്ട് പേടിച്ചിരിക്കുകയായിരുന്നു ആദി മോൻ.

പൂർണിമ നേരെ പോയത് യമുനയുടെ മുറിയിലേക്കാണ്. ബെഡിൽ ഉറങ്ങി കിടന്ന നന്ദ മോളെ എടുത്തപ്പോൾ കുഞ്ഞ് ഉണർന്നു. മോളെയും കൊണ്ട് പോകാൻ തുടങ്ങിയപ്പോൾ യമുന വന്ന് വഴി തടഞ്ഞു. ദേഷ്യത്തിന് തന്നെ തല്ലുമെന്ന് പൂർണിമ പറഞ്ഞെങ്കിലും അവൾ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് അവർക്ക് ഉറപ്പായിരുന്നു.

യമുനയെ കണ്ട നന്ദ മോൾ അവരുടെ അടുത്തേക്ക് പോകാനായി ചിണുങ്ങി. പക്ഷേ പൂർണിമ അവളെ കൊടുക്കാൻ കൂട്ടാക്കിയില്ല. കുഞ്ഞിന് വേണ്ടി അവിടെയൊരു പിടിവലി തന്നെ ആരംഭിച്ചു. മോൾ പേടിച്ചു കരഞ്ഞിട്ടും പൂർണിമ കുലുങ്ങിയില്ല. വാതിൽക്കൽ വഴി തടസ്സമായി നിന്ന യമുനയെ പിടിച്ചു തള്ളിയ ശേഷം അവൾ മുന്നോട്ട് നടന്നു. ബാലൻസ് തെറ്റിയ യമുന ആ തള്ളലിൽ നിലത്തേക്ക് മുഖമടച്ച് വീഴുകയും ചെയ്തു. അത് കണ്ടപ്പോൾ പൂർണിമയ്ക്ക് നേരിയൊരു പതർച്ച തോന്നിയെങ്കിലും അവളത് മുഖത്ത് പ്രകടിപ്പിച്ചില്ല.

നരേന്ദ്രൻ ഓടിച്ചെന്ന് അമ്മയെ താങ്ങി.

"പൂർണിമാ... പ്ലീസ്... നീ പോകരുത്..." തന്നെ വേണ്ടെന്ന് വച്ച് അവൾ പോകുമെന്ന് നരൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല. എന്നും പൂർണിമ തന്നെ അനുസരിച്ചു ജീവിക്കുമെന്ന അവന്റെ പ്രതീക്ഷയും ആത്മവിശ്വാസവും അവിടെ തകർന്ന് വീണു.

മോളെയും കൊണ്ട് പൂർണിമ മുല്ലശ്ശേരി വിട്ട് പോകുന്നത് ഹൃദയ വേദനയോടെയാണ് യമുന നോക്കി നിന്നത്.

"താഴത്തും തറയിലും വയ്ക്കാതെ പൊന്നു പോലെ ഞാൻ നോക്കി വളർത്തി കൊണ്ട് നടന്ന എന്റെ കൊച്ചിനെ അവള് കൊണ്ട് പോകുന്നത് നീ കണ്ടില്ലേ നരാ... ഒരു കുറവും അറിയിക്കാതെ എന്റെ മോളെ പോലെയാ ഞാനവളെ നോക്കിയത്. ആ അഹങ്കാരം പിടിച്ചവളെ ഇനിയീ പടി ചവിട്ടാൻ സമ്മതിക്കില്ല ഞാൻ. നിനക്കും ഇനി ഇങ്ങനെയൊരു ഭാര്യ വേണ്ട. പക്ഷേ എനിക്കെന്റെ കൊച്ചിനെ വേണം നരാ... എവിടെ പോയി കേസ് പറഞ്ഞയാലും നന്ദ മോളെ എനിക്ക് കൊണ്ട് തരണം നീ. എന്റെ മോള് കൂടെയില്ലാതെ എനിക്ക് പറ്റില്ല... എത്ര പൈസ ചിലവായാലും വേണ്ടില്ല... അഹങ്കാരം പിടിച്ചവൾ എന്റെ പിടിച്ചു തള്ളിയിട്ടു കൊച്ചിനേം കൊണ്ട് പോയത് നീയും കണ്ടതല്ലേ." അടങ്ങാത്ത രോഷത്തോടെ അവർ പുലമ്പി കൊണ്ടിരുന്നു.

എല്ലാരും എല്ലാം അറിഞ്ഞ് കാര്യങ്ങൾ ഇങ്ങനെയായി തീർന്നത് നന്നായെന്ന് നവീന് തോന്നി. എല്ലാം ഒന്ന് കെട്ടടങ്ങിയിട്ട് പൂർണിമയെ പറഞ്ഞ് മനസ്സിലാക്കി നരേന്ദ്രനെയും അവളെയും ചേർത്ത് വയ്ക്കണമെന്ന് നവീൻ മനസ്സിൽ ഉറപ്പിച്ചു. താനും കൂടി കാരണമാണ് അവർ ഇരുവരും വഴക്കിട്ട് പിരിഞ്ഞതെന്ന കുറ്റബോധം നവീന്റെ മനസ്സ് വിഷമിപ്പിച്ചു. 

സങ്കടങ്ങൾ ഉള്ളിലൊതുക്കി മുഖത്ത് ഗൗരവത്തിന്റെ മൂടുപടം അണിഞ്ഞ് അവൾ ആരെയും മൈൻഡ് ചെയ്യാതെ പ്രവീണിനൊപ്പം കാറിൽ കയറി. പൂർണിമയോട് പോകരുതെന്ന് പറയണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കിലും നാവൊന്ന് ചലിപ്പിക്കാനാവാതെ അവൾ പോകുന്നതും നോക്കി നിസ്സഹായനായി നിൽക്കാനേ അവനായുള്ളു. പൂർണിമയുടെ ഒരു തിരിഞ്ഞു നോട്ടം പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല. അത്രത്തോളം വേദന അവളുടെ ഹൃദയത്തിൽ അലയടിക്കുന്നുണ്ടായിരുന്നു. 

"എന്റെ ജീവിതം തുലച്ചപ്പോ നിനക്ക് സമാധാനമായില്ലേ നവീ. കഴിഞ്ഞ കാര്യങ്ങളൊക്കെ കുത്തിപ്പൊക്കി കൊണ്ട് വരാൻ നിന്നോടാരാ പറഞ്ഞത്. ഇനി ഞാനവളെ എങ്ങനെയാ തിരിച്ചു കൊണ്ട് വരുക?" നവീന്റെ കോളറിന് കുത്തിപ്പിടിച്ച് നരേന്ദ്രൻ ഭ്രാന്തനെ പോലെ അലറി.

"ഞാനെന്ത് ചെയ്തിട്ടാ ഏട്ടനെന്നോട് വഴക്കിന് വരുന്നത്. ഏട്ടൻ ചെയ്യാത്തതൊന്നുമല്ലലോ ഞാൻ പറഞ്ഞത്. ആ സമയം ഏട്ടത്തി കേറി വരുമെന്ന് ഞാൻ വിചാരിച്ചോ? നടന്ന കാര്യങ്ങൾ ഞാൻ പറഞ്ഞിട്ടും അമ്മ പിന്നെയും ഏട്ടത്തിയെ കുറ്റപ്പെടുത്തുന്നത് കണ്ടപ്പോൾ കേട്ട് നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല."

"എന്റെ പിള്ളേരേം എടുത്ത് അവള് പോയത് നീ ഒറ്റയൊരുത്തൻ കാരണാ. ഇനിയവൾ വരുമെന്ന് എനിക്ക് തോന്നുന്നില്ല. അവളോട് പോകരുതെന്ന് ഒരു വാക്ക് പോലും നീ പറഞ്ഞില്ലല്ലോ."

"ഏട്ടത്തിയെ ഇന്നലെ തന്നെ ഇവിടുന്ന് ഇറക്കി വിട്ടതല്ലേ. അപ്പോഴൊന്നും പ്രതികരിക്കാതെ നിന്ന ഏട്ടന് ഇപ്പൊ എന്നെ കുറ്റപ്പെടുത്താൻ യാതൊരു അവകാശവുമില്ല." നവീന്റെ വാക്കുകൾക്ക് മുന്നിൽ അവനൊരു നിമിഷം ഉത്തരം മുട്ടിപ്പോയി.

"അവള് പോയെങ്കിൽ പോട്ടെ. നമുക്ക് ഒരു തരത്തിലും ചേരാത്തവൾ തന്നെയാ പൂർണിമ. അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ അത് അവിടെ അടങ്ങി കിടക്കോ? ഇല്ലല്ലോ. അത് തന്നെയാ അവളുടെ കാര്യത്തിലും സംഭവിച്ചത്. അതുകൊണ്ട് നീയിനി പൂർണിമയെ തിരിച്ചു കൊണ്ട് വരാൻ ശ്രമിക്കണ്ട. നമ്മളെ അനുസരിച്ചു നിൽക്കാത്തവൾ ഇറങ്ങി പോകുന്നതാ നല്ലത്. ഇനിയവളെ ഈ തറവാട്ടിൽ കാല് കുത്താൻ ഞാൻ സമ്മതിക്കില്ല. പക്ഷേ എന്റെ നന്ദ മോളെ പൂർണിമയ്ക്ക് വിട്ട് കൊടുക്കാൻ ഞാൻ ഒരുക്കമല്ല. എന്ത് വില കൊടുത്തും എന്റെ മോളെ ഞാൻ ഇങ്ങോട്ട് കൊണ്ട് വരും. അങ്ങനെയിപ്പോ അവള് ജയിക്കണ്ട, അഹങ്കാരി."

കാൽ ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നത് നരേന്ദ്രനറിഞ്ഞു. ഒന്നും ചെയ്യാനില്ലാത്തവനെ പോലെ അവൻ തളർന്ന് സെറ്റിയിലേക്കിരുന്നു.


🍁🍁🍁🍁🍁

"ഇനി ഞാനാ വീട്ടിലേക്ക് തിരികെ പോവില്ല ചേട്ടാ. അന്തസ്സായി ജോലി ചെയ്ത് എനിക്ക് ജീവിക്കണം. യൂട്യൂബ് ചാനലിൽ നിന്നുള്ള വരുമാനം മാത്രം പ്രതീക്ഷിച്ച് ഞാൻ നിൽക്കുന്നില്ല. കമ്പ്യൂട്ടർ പഠിച്ചിട്ടുള്ളത് കൊണ്ട് എനിക്ക് അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ജോലി ചേട്ടൻ ശരിയാക്കി തരണം." മടക്ക യാത്രയിൽ തന്റെ തീരുമാനം പൂർണിമ, സഹോദരനോട്‌ പറഞ്ഞു.

"ഇനി അങ്ങോട്ട്‌ പോകണമെന്ന് നീ പറഞ്ഞാലും ഞാൻ വിടില്ല. എന്തൊക്കെയാ നരേട്ടന്റെ അമ്മ നിന്നെപ്പറ്റി പറഞ്ഞത്. ഞാനൊന്നും മിണ്ടാതെ നിന്നത് ഞാൻ പറയാൻ ഉദേശിച്ചത് തന്നെ നീ പറഞ്ഞത് കൊണ്ട് മാത്രമാ."

"മ്മ്മ്...." ഒരു മൂളലോടെ പൂർണിമ സീറ്റിലേക്ക് ചാരി.. തുടരും...🥂

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story