മാലയോഗം: ഭാഗം 64

malayogam shiva

രചന: ശിവ എസ് നായർ

"ഇനി അങ്ങോട്ട്‌ പോകണമെന്ന് നീ പറഞ്ഞാലും ഞാൻ വിടില്ല. എന്തൊക്കെയാ നരേട്ടന്റെ അമ്മ നിന്നെപ്പറ്റി പറഞ്ഞത്. ഞാനൊന്നും മിണ്ടാതെ നിന്നത് ഞാൻ പറയാൻ ഉദേശിച്ചത് തന്നെ നീ പറഞ്ഞത് കൊണ്ട് മാത്രമാ."

"മ്മ്മ്...." ഒരു മൂളലോടെ പൂർണിമ സീറ്റിലേക്ക് ചാരി.

പ്രവീണിന് അമർഷം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഇനി എന്ത് വന്നാലും പൂർണിമയെ അങ്ങോട്ട്‌ വിടില്ലെന്നുള്ള തീരുമാനത്തിലേക്ക് അവനും എത്തിച്ചേർന്നിരുന്നു.

വീട്ടിൽ വന്ന് കയറിയപ്പോൾ ശിവദാസന്റെയും ഗീതയുടെയും വക ഉപദേശങ്ങളും ശകാരങ്ങളും ഇരുവർക്കും കിട്ടി. രമ്യതയിൽ പരിഹരിക്കേണ്ട പ്രശ്നം വഷളാക്കി രണ്ട് പേരും രണ്ട് വഴിക്കായത് ശരിയായില്ലെന്നായിരുന്നു അവരുടെ വാദം.

"കുടുംബ ജീവിതമാകുമ്പോൾ പ്രശ്നങ്ങൾ ഉണ്ടായെന്നിരിക്കും. അതിനിങ്ങനെ പിണങ്ങി പിരിയാൻ നിന്നാൽ മക്കളുടെ ഭാവി എന്താകും. നരനൊരു തെറ്റ് പറ്റി. വിവാഹത്തിന് മുൻപ് ഒരു പ്രേമ ബന്ധം ആർക്കാ ഉണ്ടാവാത്തത്. നീയും അവനിൽ നിന്നും പല കാര്യങ്ങളും മറച്ച് വച്ചില്ലേ. രണ്ട് പേരുടെയും ഭാഗത്ത്‌ തെറ്റുണ്ട്.

നീയും അവളോടൊപ്പം ചേർന്ന് എല്ലാത്തിനും കൂട്ട് നിന്നല്ലോ പ്രവീണേ. ഇവളിവിടെ ഭർത്താവിനേം ഉപേക്ഷിച്ച് വന്ന് നിന്നാൽ നാട്ടുകാർ ഇവള്ടെ തെറ്റ് കൊണ്ടാണെന്നെ പറയു. പിന്നെ പ്രീതിക്കും പാറുവിനും കൂടി കൊള്ളാവുന്ന കുടുംബത്തിൽ നിന്ന് ആലോചനകൾ വരില്ല." അച്ഛന്റെയും അമ്മയുടെയും വാക്കുകൾ കേട്ടിട്ടും ഇരുവർക്കും പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഇതൊക്കെ അവർ പ്രതീക്ഷിച്ചതായിരുന്നു.

"നരേട്ടന്റെ അമ്മ ഇവളെ പറഞ്ഞതൊന്നും നിങ്ങള് രണ്ട് പേരും കേട്ടില്ലല്ലോ. അവർ അത്രയൊക്കെ പറഞ്ഞിട്ടും നരേട്ടൻ ഒരക്ഷരം മിണ്ടിയില്ല. ഇനിയും ഇവളെ അവഹേളിക്കുന്നവരുടെ ഇടയിലേക്ക് തള്ളി വിടാൻ എനിക്ക് പറ്റില്ല. ഭാര്യേം മക്കളേം വേണമെന്നുണ്ടെങ്കിൽ നരേട്ടൻ ഇങ്ങോട്ട് വരട്ടെ. എന്തായാലും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പൂർണിമയെ ഇനി മുല്ലശ്ശേരിക്ക് വിടില്ല.

പിന്നെ നാട്ടുകാരും ബന്ധുക്കളും എന്ത് പറഞ്ഞാലും ഞാനത് കാര്യമാക്കുന്നില്ല. അവരെ ചിലവില്ലല്ലോ നമ്മൾ ജീവിക്കുന്നത്. ഇനിയിപ്പോ ഇവളും നരേട്ടനും ബന്ധം പിരിഞ്ഞാലും അത് പൂർണ്ണിമയുടെ തീരുമാനം മാത്രമായിരിക്കും. അവൾക്കിനി ഇങ്ങനെയൊരു ഭർത്താവിനെ വേണോന്ന് അവൾ തീരുമാനിക്കും. അതിന്റെ പേരിലിനി പ്രീതിക്കും പാറുവിനും കല്യാണം നടന്നില്ലെങ്കിൽ വേണ്ട. കല്യാണമല്ലല്ലോ ജീവിതത്തിന്റെ അവസാന വാക്ക്." ചേട്ടന്റെ വാക്കുകൾ പൂർണിമയ്ക്ക് ധൈര്യമേകി.

"നിനക്കിങ്ങനെയൊക്കെ എത്ര നിസ്സാരമായി പറയാൻ പറ്റുന്നു. ഞങ്ങളുടെ ആധി മനസ്സിലാകണമെങ്കിൽ നീയൊരു അച്ഛനാകണം." ശിവദാസൻ തളർച്ചയോടെ സോഫയിലേക്ക് ഇരുന്നു.

"നരൻ നല്ലവനല്ലേ മോളെ. നിങ്ങൾക്കിടയിൽ ഉണ്ടായ തെറ്റിദ്ധാരണ ഇത്രത്തോളം വഷളാക്കേണ്ട ആവശ്യമുണ്ടായിരുന്നോ? നിനക്കും ഒരു മോളുണ്ടല്ലോ. നാളെ ഇതുപോലെ അവളോരൊന്നും കാണിക്കുമ്പോൾ മനസ്സിലാകും എന്റെ വേദന." ഗീത പരിഭവിച്ചു.

"എന്റെ മോൾക്കൊരു പ്രശ്നം വന്നാൽ അവളെ കുറ്റപ്പെടുത്താനോ വഴക്ക് പറയാനോ നിൽക്കാതെ ഞാനവളെ ചേർത്ത് പിടിക്കേ ഉള്ളൂ. ഇനിയീ കാര്യം പറഞ്ഞ് എന്നോടാരും സംസാരിക്കാൻ വരണ്ട." അത്രയും പറഞ്ഞിട്ട് മക്കളേം കൊണ്ട് പൂർണിമ മുറിയിലേക്ക് പോയി.

അവളോട് വഴക്കിനോ ഉപദേശത്തിനോ നിൽക്കരുതെന്നും മുല്ലശ്ശേരിക്കാരോടും ഫോൺ വിളിച്ചോ നേരിട്ട് പോയി കണ്ടോ ഒരു സന്ധി സംഭാഷണത്തിന് മുതിരരുതെന്ന് പറഞ്ഞ് പ്രവീൺ മാതാപിതാക്കളെ പ്രത്യേകം വിലക്കി. അവന്റെ വാക്കുകൾ മറി കടക്കാൻ ശിവദാസനും ഗീതയ്ക്കും ഭയമാണ്. മക്കൾ തന്നോളം വളർന്നു കഴിഞ്ഞാൽ പിന്നെ അവർ പറയുന്നത് അനുസരിക്കേണ്ടി വരുമെന്ന് ഇരുവരും ഓർത്തു.

🍁🍁🍁🍁🍁

മുല്ലശ്ശേരിയിൽ നിന്നും വന്നപ്പോൾ മുതൽ നന്ദ മോൾ നല്ല വാശിയിലാണ്. അച്ഛമ്മയെ കണ്ടില്ലെങ്കിൽ ഭക്ഷണം കഴിക്കില്ല കുളിക്കില്ല സ്കൂളിൽ പോകില്ലെന്നൊക്കെ പറഞ്ഞ് വാശി പിടിച്ച് മോൾ കരഞ്ഞപ്പോൾ പൂർണിമ അത് മുഖ വിലയ്ക്കെടുത്തില്ല. ഒടുവിൽ വിശപ്പ് സഹിക്കാൻ വയ്യാതെ നന്ദ മോൾ തന്നെ വാശി കളഞ്ഞു ഭക്ഷണം കഴിക്കാൻ കൂട്ടാക്കി.

പിറ്റേ ദിവസം സ്കൂളിൽ പോകാതെ കരഞ്ഞപ്പോൾ നിർബന്ധിച്ചു സ്കൂളിൽ അയക്കാനും പൂർണിമ മുതിർന്നില്ല. അച്ഛമ്മയെയും അച്ഛനെയും അച്ഛാച്ചനെയും ചെറിയച്ഛനെയുമൊന്നും കാണാത്ത വിഷമവും അവരെയൊക്കെ കാണാൻ വേണ്ടിയുള്ള വാശിയും നന്ദ മോൾ നന്നായി തന്നെ പ്രകടിപ്പിച്ചു. ആദി മോൻ പക്ഷേ നേരെ വിപരീതമായിരുന്നു. അവന് അമ്മയെങ്കിലും കൂടെയുണ്ടല്ലോ എന്ന ആശ്വാസമാണ്.

ഒരാഴ്ചയോളം മോൾടെ വാശി ഉണ്ടായിരുന്നു. പിന്നെ പതിയെ പതിയെ നന്ദ മോൾ പൂർണിമ വീടുമായി ഇണങ്ങി തുടങ്ങി. അച്ഛമ്മയെ കാണാത്ത വിഷമം മറന്ന് പൂത്തുമ്പിയെ പോലെ മകൾ തന്റെ അനിയത്തിമാർക്കൊപ്പം വീട്ട് മുറ്റത്ത്‌ ഓടി കളിക്കുന്നത് നിറഞ്ഞ മനസ്സോടെ പൂർണിമ നോക്കിയിരുന്നു. എത്രത്തോളം പിണക്കം കാണിച്ചാലും കുറച്ചു ദിവസം കഴിയുമ്പോൾ പഴയതെല്ലാം മറന്ന് മോള് അവിടവുമായി ഇണങ്ങുമെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു.


🍁🍁🍁🍁🍁


നരേന്ദ്രനും പൂർണിമയും പരസ്പരം കാണാതെയും മിണ്ടാതെയുമായിട്ട് രണ്ടാഴ്ച പിന്നിട്ടിരുന്നു. അവളവനെ വിളിക്കാൻ ശ്രമിച്ചില്ല, പക്ഷേ നരേന്ദ്രൻ പലതവണ പൂർണിമയെ കാണാൻ പുറപ്പെട്ടിട്ട് പാതി വഴിയിൽ മടങ്ങി പോകും. വിളിക്കാൻ നമ്പർ ഡയൽ ചെയ്തിട്ട് പിന്നെ വേണ്ടെന്ന് വയ്ക്കും. കാരണം അവളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി തലകുനിച്ചു നിൽക്കാൻ നരന് കഴിയുമായിരുന്നില്ല. പൂർണിമയെ അഭിമുഖീകരിക്കാനുള്ള ധൈര്യവും അവനില്ലാതെ പോയി.

നന്ദ മോളെ പൂർണിമ കൊണ്ട് പോയെങ്കിലും മോൾടെ തന്നെ കാണാനായി മോള് വാശി കാണിച്ച് കരയാൻ തുടങ്ങുമ്പോൾ ഗതികെട്ട് അവൾ മോളെ തിരിച്ചു കൊണ്ട് വരുമെന്ന പ്രതീക്ഷ യമുനയ്ക്കുണ്ടായിരുന്നു. പക്ഷെ രണ്ടാഴ്ച പിന്നിട്ടിട്ടും നന്ദ മോൾടെ വിവരങ്ങൾ ഒന്നും ഇല്ലാതായപ്പോൾ യമുനയ്ക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. സ്വന്തം കുഞ്ഞിനെ പോലെ താലോലിച്ച് കൊണ്ട് നടന്ന നന്ദ മോളെ പിരിഞ്ഞു നിൽക്കുന്ന വേദനയും അവളെ തനിക്കിനി തിരികെ കിട്ടില്ലേ എന്നൊക്കെ ഓർത്ത് ആധി കേറിയ യമുനയെ, അവസാനം ബിപി കൂടി ഹോസ്പിറ്റലിൽ അഡ്മിറ്റാക്കേണ്ടി വന്നു.

നന്ദ മോളെ ഹോസ്പിറ്റലിൽ കൊണ്ട് വന്ന് അച്ഛമ്മയ്ക്ക് കാണിച്ചു കൊടുക്കണമെന്ന് പറഞ്ഞ് ശ്രീകണ്ഠൻ പൂർണിമയെ വിളിച്ചെങ്കിലും തനിക്ക് വരാൻ സൗകര്യമില്ലെന്ന് പറഞ്ഞ് അവൾ കാൾ കട്ട്‌ ചെയ്തു. അത് മുല്ലശ്ശേരിക്കാർക്ക് ഏറ്റ കനത്ത അടി തന്നെയായിരുന്നു.

നവീൻ മാത്രം ദിവസേന പൂർണിമയെ വിളിച്ചു വിശേഷങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. അവൾ അന്വേഷിച്ചില്ലെങ്കിലും മുല്ലശ്ശേരിയിലെ കാര്യങ്ങൾ അവനവളോട് പറയുമായിരുന്നു.

പൂർണിമ കൂടെയില്ലാതെ ആയപ്പോഴാണ് നരേന്ദ്രന് അവളുടെ വില മനസിലാക്കാൻ കഴിഞ്ഞത്. തനിക്കവളോട് എത്രത്തോളം ആഴത്തിൽ സ്നേഹമുണ്ടെന്നും ആ ദിവസങ്ങളിൽ അവൻ തിരിച്ചറിഞ്ഞു. ഭാര്യയും മക്കളുമാണ് തന്റെ ലോകമെന്നും അവരില്ലാതെ തനിക്ക് മുന്നോട്ട് ജീവിക്കാൻ കഴിയില്ലെന്നുള്ള തിരിച്ചറിവിൽ പൂർണിമയെ നേരിട്ട് കണ്ട് സംസാരിച്ചു പ്രശ്നങ്ങൾ അവസാനിപ്പിക്കണമെന്ന് തന്നെ നരേന്ദ്രൻ തീരുമാനിച്ചു.


🍁🍁🍁🍁🍁

"നിനക്ക് ജോലിക്ക് പോകുന്നതിന് പകരം പി എസ് സി കോച്ചിംഗിന് പൊയ്ക്കൂടേ പൂർണിമേ. ഒരു ഗവണ്മെന്റ് ജോലി കിട്ടിയാൽ അത്രയും നല്ലതല്ലെ." രാത്രി അത്താഴ വേളയിൽ പ്രവീൺ അവളോട് പറഞ്ഞു.

"പഠിക്കാൻ അത്ര ബുദ്ധിയൊന്നും എനിക്കില്ല. വെറുതെ സമയം കൊല്ലിക്കായി കോച്ചിംഗിന് പോയി പൈസ കളയാൻ എനിക്ക് വയ്യ ചേട്ടാ. നമ്മടെ അച്ഛനും അമ്മയും ഗവണ്മെന്റ് ജോലിക്കാർ ആയിട്ടാണോ നമ്മളെ ഇത്രേം വളർത്തി പഠിപ്പിച്ചത്. പഠിച്ചിടത്തോളം മതിയായി എനിക്ക്. ആ കമ്പ്യൂട്ടർ കോഴ്സൊക്കെ എങ്ങനെ കംപ്ലീറ്റ് ചെയ്‌തെന്ന് എനിക്കേ അറിയൂ.

പി എസ് സി ഒക്കെ അത്രേം കഷ്ടപ്പെട്ട് നന്നായി പഠിക്കുന്നവർക്കേ കിട്ടൂ. എന്നെകൊണ്ട് അതിന് പറ്റില്ല. അത് കൊണ്ട് ചേട്ടനെനിക്ക് ജോലി നോക്കി തന്നാൽ മതി."

"നിന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ നടക്കട്ടെ. ഞാനൊരു അഭിപ്രായം പറഞ്ഞെന്നേയുള്ളൂ." പൂർണിമയ്ക്ക് താല്പര്യമില്ലെന്ന് അറിഞ്ഞതും പ്രവീൺ ആ വിഷയം വിട്ടു.

🍁🍁🍁🍁

വൈകാതെ തന്നെ പ്രവീണിന്റെ ഷോപ്പിന് അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ ബില്ലിംഗ് സ്റ്റാഫായി പൂർണിമയ്ക്ക് ജോലി ശരിയായി. മക്കളെ സ്കൂളിൽ വിട്ട് അവൾ ജോലിക്ക് പോകാനും തുടങ്ങി. പൂർണിമയുടെ വിശേഷങ്ങളൊക്കെ നവീൻ വഴി നരേന്ദ്രനും അറിയുന്നുണ്ടായിരുന്നു.


യൂട്യൂബിൽ നിന്നുള്ള വരുമാനവും ജോലിയിൽ നിന്ന് കിട്ടുന്ന ശമ്പളത്തിൽ നിന്നും ചിലവുകൾക്കുള്ള പണം മാറ്റി ബാക്കി പൈസ അവൾ സേവ് ചെയ്ത് കൊണ്ടിരുന്നു. സൂപ്പർ മാർക്കറ്റിൽ പോയി വരാൻ എളുപ്പത്തിനായി അവളൊരു സ്കൂട്ടറും വാങ്ങി.

സ്വന്തമായി ഒരു വീടാണ് പൂർണിമയുടെ സ്വപ്നം. ചെറുതെങ്കിലും സ്വന്തമായി ഒരു വീട് വാങ്ങി വീട്ടുകാർക്ക് ഒരു ഭാരമായി തോന്നാതെ മാറി താമസിക്കണമെന്ന് അവൾക്ക് മനസ്സിൽ ആഗ്രഹമുണ്ട്.

കുറച്ച് പൈസ സേവിങ്സ് ആയി കഴിഞ്ഞാൽ ബാക്കി ലോൺ എടുത്തിട്ടായാലും ഒരു വീട് ഉടനെ വേണമെന്ന് പൂർണിമ മനസ്സിൽ കണക്ക് കൂട്ടി. ഒന്നും പെട്ടെന്ന് നടന്നില്ലെങ്കിലും കുന്നോളം ആഗ്രഹിച്ചാലേ കുന്നിക്കുരുവോളം നടക്കൂ എന്ന് അവൾക്കറിയാം.

നരേന്ദ്രനെ കാണാതെയും മിണ്ടാതെയുമുള്ള ജീവിതം അവൾക്ക് വേദനകൾ സമ്മാനിച്ചുവെങ്കിലും ആരെയും ഭയക്കാതെ കൂച്ചു വിലങ്ങുകൾ ഇല്ലാതെ സ്വന്തമായി അധ്വാനിച്ചു ജീക്കുന്നതിന്റെ സുഖം തിരിച്ചറിഞ്ഞതിനാൽ നരേന്ദ്രനെന്ന നഷ്ടം അവളെ അത്രമേൽ തളർത്തിയിരുന്നില്ല.

ഒറ്റയ്ക്ക് പൊരുതി ജയിക്കാനുള്ള ഓട്ടത്തിൽ പൂർണിമ തന്റെ വിഷമങ്ങൾ മറന്നപ്പോൾ നരേന്ദ്രൻ തകർച്ചയിലേക്ക് കൂപ്പു കുത്തുകയായിരുന്നു.

🍁🍁🍁🍁🍁


ഒരു ദിവസം വൈകുന്നേരം പതിവുപോലെ ജോലി കഴിഞ്ഞു വരുകയായിരുന്നു പൂർണിമ. പെട്ടെന്നാണ് ഒരു കാർ അവളെ ഓവർ ടേക്ക് ചെയ്ത് സ്കൂട്ടറിന് മുന്നിലായി വന്ന് നിന്നത്... തുടരും...🥂

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story