മാലയോഗം: ഭാഗം 65

malayogam shiva

രചന: ശിവ എസ് നായർ

ഒരു ദിവസം വൈകുന്നേരം പതിവുപോലെ ജോലി കഴിഞ്ഞു വരുകയായിരുന്നു പൂർണിമ. പെട്ടെന്നാണ് ഒരു കാർ അവളെ ഓവർ ടേക്ക് ചെയ്ത് സ്കൂട്ടറിന് മുന്നിലായി വന്ന് നിന്നത്.

വണ്ടി കണ്ടപ്പോൾ തന്നെ അത് ആരുടേതാണെന്ന് പൂർണിമയ്ക്ക് മനസ്സിലായി. അവൾ സ്കൂട്ടർ ഓരം ചേർത്ത് നിർത്തി. ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങി തനിക്ക് നേരെ നടന്നടുക്കുന്ന നരേന്ദ്രന്റെ രൂപം കണ്ട് പൂർണിമ പകച്ചുപോയി. മുടിയൊക്കെ പാറി പറന്ന് ആകെ ക്ഷീണിതനായത് പോലെയായിരുന്നു അവനെ കാണാൻ.

"പൂർണിമാ... നിനക്ക്... നിനക്കെന്നോട് ദേഷ്യമാണോ?"

"ഇത് ചോദിക്കാൻ വേണ്ടിയാണോ വഴി തടഞ്ഞു നിർത്തിയത്?" ഗൗരവം ഒട്ടും വിടാതെ പൂർണിമ ചോദിച്ചു.

"എനിക്കറിയാം നിനക്കെന്നോട് ദേഷ്യമായിരിക്കുമെന്ന്... തെറ്റ് എന്റെ ഭാഗത്താണല്ലോ... നിന്നെ മനസ്സിലാക്കാൻ വൈകിപ്പോയി..." നരേന്ദ്രൻ അവളുടെ തൊട്ട് മുന്നിലായി വന്ന് നിന്നു.

പൂർണിമ ഒന്നും മിണ്ടാതെ മൗനം ദീക്ഷിച്ചു.

"നീയും മക്കളും കൂടെയില്ലാതെ എനിക്ക് പറ്റില്ല പൂർണിമാ. എന്നോട് ക്ഷമിക്കില്ലേ നീ... ഞാൻ നിന്റെ കാല് പിടിക്കാം. നിന്നോട് ചെയ്ത തെറ്റിനൊക്കെ നിന്റെ കാല് പിടിച്ചു മാപ്പ് ചോദിക്കുവാ ഞാൻ." നരേന്ദ്രൻ കുനിഞ്ഞു അവളുടെ പാദങ്ങളിൽ തൊടാൻ ആഞ്ഞു.

"ഏയ്‌... നരേട്ടനെന്താ ഈ കാണിക്കുന്നത്. നടു റോഡാണെന്ന ബോധമുണ്ടോ?" പൂർണിമ അവന്റെ കൈകളിൽ കടന്ന് പിടിച്ചു.

"ആര് കണ്ടാലും എനിക്കൊന്നുമില്ല... നിന്നെ വന്ന് കണ്ട് സംസാരിക്കണമെന്ന് കുറച്ചു ദിവസമായി ഞാൻ വിചാരിക്കുന്നുണ്ട്. പക്ഷേ വീട്ടിൽ വന്ന് നിന്നെ കാണാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. നിന്റെ അച്ഛന്റേം അമ്മേടേം മുന്നിൽ കുറ്റവാളിയെ പോലെ തലകുനിച്ചു നിൽക്കുന്ന കാര്യമോർത്തപ്പോൾ അങ്ങോട്ട്‌ വരാൻ മടി തോന്നി.

അപ്പോഴാ നവീൻ നീ ജോലിക്ക് പോകുന്ന കാര്യം പറഞ്ഞത്... അങ്ങനെയാ ഈവെനിംഗ് നീ വീട്ടിലേക്ക് മടങ്ങി പോകുന്ന സമയം വഴിയരികിൽ കാത്ത് നിന്നത്.

ഞാൻ കാരണം നീയൊത്തിരി സങ്കടപ്പെടുകയും വേദനിക്കുകയും ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. അതിനൊക്കെ നിന്നോട് മാപ്പ് ചോദിക്കാ ഞാൻ. ഇനി നിനക്ക് വിഷമിക്കേണ്ടി വരില്ല പൂർണിമാ...

അന്ന് രാത്രി നവീനും ഫ്രണ്ട്സും നിന്നെ കുറിച്ച് പറഞ്ഞത് കേട്ടപ്പോൾ ഞാനാകെ ഷോക്കായി പോയി. എന്റെ ചിന്താ ശേഷി തന്നെ നഷ്ടപ്പെട്ട പോലെ തോന്നിപ്പോയി. നിങ്ങൾക്ക് പരസ്പരം പരിചയമുള്ള കാര്യം മനഃപൂർവം മറച്ചു വച്ചത് കള്ളത്തരമുള്ളത് കൊണ്ടാണെന്ന് തോന്നിപ്പോയി. അതിന് പിന്നിലെ റീസൺ നവീൻ പറഞ്ഞപ്പോഴാ ഞാൻ അറിയുന്നത്. നിനക്ക് പറയാൻ ഒരവസരം ഞാൻ തന്നിരുന്നെങ്കിൽ അങ്ങനെയൊന്നും ഉണ്ടാവില്ലായിരുന്നു. പക്ഷേ അന്നത്തെ എന്റെ മാനസികാവസ്ഥ ആകെ ഭ്രാന്ത് പിടിച്ച പോലെയായിരുന്നു... അതൊക്കെ നിന്നോടുള്ള സ്നേഹകൂടുതൽ കൊണ്ടാണ് പൂർണിമ.."നിറഞ്ഞ കണ്ണുകളോടെ നരേന്ദ്രൻ അവളെ നോക്കി.

"നരേട്ടൻ എത്ര എളുപ്പത്തിൽ പറഞ്ഞു തീർത്തു. ആ ദിവസങ്ങളിൽ ഞാൻ അനുഭവിച്ച വേദന എത്രത്തോളമാണെന്ന് നരേട്ടന് ഊഹിക്കാനാവുമോ? എല്ലാം പോട്ടെ, ആ രാത്രി എന്നേം മോനേം നിങ്ങടെ അമ്മ അടിച്ചിറക്കിയപ്പോൾ നിങ്ങളൊരാക്ഷരം മറുത്തു പറഞ്ഞില്ല. അതും നരേട്ടൻ കെട്ടിയ താലി മാല പൊട്ടിച്ചെടുത്തിട്ടാണ് എന്നെ ഇറക്കി വിട്ടത്.

പിറ്റേ ദിവസം ഞാൻ വന്നപ്പോഴും എന്നെ എന്തൊക്കെ അസഭ്യം പറഞ്ഞു. അതൊക്കെ കേട്ട് മിണ്ടാതെ നിന്നതല്ലാതെ നരേട്ടൻ ഒന്നിനും പ്രതികരിച്ചില്ലല്ലോ."

"അമ്മയെ ഞാൻ വഴക്ക് പറഞ്ഞു പൂർണിമ. പക്ഷേ അപ്പോഴേക്കും നീ പോയിരുന്നു. നീ എല്ലാം അറിഞ്ഞല്ലോന്ന് ഓർത്ത് ഞാനാകെ ടെൻഷനടിച്ച് എന്തൊക്കെയോ ചിന്തിച്ചു കൂട്ടി നിൽക്കുകയായിരുന്നു. അതുകൊണ്ടാ ആ നിമിഷം അമ്മയോട് വിലക്കാൻ കഴിയാതെ പോയത്."

"ഞാനും നവീനും തമ്മിൽ അരുതാത്ത ബന്ധമില്ലെന്ന് ബോധ്യപ്പെടുത്തി തന്നിട്ടും നരേട്ടന്റെ അമ്മയ്ക്ക് എന്നെ തെറ്റുകാരി ആക്കാനായിരുന്നല്ലോ തിടുക്കം. അതെന്തിന് വേണ്ടിയാ? എന്നെയിനി ആ കുടുംബത്തിൽ ആവശ്യമില്ലെന്ന് അമ്മയ്ക്ക് തോന്നിയത് കൊണ്ടല്ലേ. നിങ്ങടെ അമ്മയ്ക്ക് വേണ്ടിയിരുന്നത് അവർ പറയുന്നത് മാത്രം അനുസരിച്ചു ജീവിക്കുന്നൊരു പെണ്ണിനേം നിങ്ങടെ ചോരയിലൊരു കുഞ്ഞിനേം. അത് രണ്ടും എന്നിൽ നിന്ന് കിട്ടിയിരുന്നു. പഴയത് പോലെ എന്നെ ഭരിക്കാൻ കഴിയാതായപ്പോൾ തൊട്ട് അമ്മയ്ക്ക് എന്നോടുള്ള ദേഷ്യം മനസ്സിലുണ്ടാവുമെന്ന് എനിക്കുറപ്പമായിരുന്നു. ആ പക അമ്മ അവസരം കിട്ടിയപ്പോൾ വീട്ടുകയും ചെയ്തു."

"കഴിഞ്ഞതൊക്കെ നിനക്ക് മറന്നൂടെ?"

"എങ്ങനെ മറക്കാനാ നരേട്ടാ... എന്നെ കേൾക്കാൻ മനസ്സ് കാണിക്കാതെ പാതി രാത്രി മോനേം കൊണ്ട് അവിടുന്ന് ഇറക്കി വിട്ടത് ഇപ്പഴും മനസ്സിൽ നിന്ന് പോയിട്ടില്ല."

"തെറ്റ് പറ്റിപ്പോയി എനിക്ക്. നീയൊന്ന് ക്ഷമിക്ക്." നരേന്ദ്രൻ കേണു.

"ഇതുപോലുള്ള തെറ്റുകൾ ഇനിയും ആവർത്തിക്കില്ലെന്ന് എന്താ ഉറപ്പ് നരേട്ടാ? എന്റെ ആത്മാഭിമാനം തന്നെ ചോദ്യം ചെയ്യപ്പെട്ടില്ലേ? അതൊക്കെ എങ്ങനെ സഹിക്കാനും പൊറുക്കാനുമാകും?

അതുപോലെ മുറപ്പെണ്ണുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞിട്ട് നിങ്ങൾ തമ്മിൽ കെട്ടിപിടിച്ചു നിൽക്കുന്ന എന്തൊക്കെ വൾഗറായിട്ടുള്ള ഫോട്ടോസായിരുന്നു അന്ന് ഫോണിൽ കണ്ടത്? ഒന്നും അത്ര പെട്ടെന്ന് മറക്കാൻ എനിക്ക് പറ്റില്ല." പൂർണിമ തന്റെ നിലപാടറിയിച്ചു.

"ഇല്ല പൂർണിമ... ഇനി ഒരിക്കലും നിന്നെ ഞാൻ അവിശ്വസിക്കില്ല... ഒരബദ്ധവും തെറ്റും ആർക്കും പറ്റില്ലേ? നീയും നമ്മുടെ മക്കളും എന്നും എന്റെ കൂടെ വേണം. തെറ്റ് തിരുത്താൻ എനിക്കൊരവസരം തരില്ലേ നീ? ഞാൻ വന്ന് വിളിച്ചാൽ കൂടെ വരില്ലേ നീ." അപേക്ഷയോടെ പറഞ്ഞ് കൊണ്ടവൻ നിറ കണ്ണുകളോടെ പൂർണിമയെ നോക്കി വിങ്ങിപൊട്ടി നിന്നു.

"ഞാനിനി മുല്ലശ്ശേരിയിലേക്ക് മടങ്ങി വരണമെങ്കിൽ എന്നോട് കാണിച്ച നീതിക്കേടിനും എന്നെ തല്ലിയതിനും താലി പൊട്ടിച്ചു വാങ്ങിയതിനുമൊക്കെ നരേട്ടന്റെ അമ്മ മാപ്പ് പറയണം. എന്റെ വീട്ടുകാരോടും എനിക്കിനി അവിടെ യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്ന് ഉറപ്പ് കൊടുക്കണം. എങ്കിൽ ഒപ്പം ഞാൻ വരാം. പക്ഷേ ഒരു കാര്യം ഓർമ്മ വേണം.

ഇനി മുല്ലശ്ശേരിയിലേക്ക് മടങ്ങി വരുന്നത് പഴയ പൂർണിമയായിട്ടാവില്ല. നിങ്ങളെ അനുസരിച്ചു നിങ്ങളുടെ ചൊല്പടിക്ക് നിൽക്കുന്ന ഭാര്യയാവാൻ എന്നെയിനി കിട്ടില്ല. സൂപ്പർ മാർക്കറ്റിൽ ജോലിക്ക് പോകുന്ന മരുമകൾ മുല്ലശ്ശേരിക്കാർക്ക് അപമാനമാണെന്ന് തോന്നലുണ്ടെങ്കിൽ നരേട്ടൻ വിളിക്കാൻ വരണമെന്നില്ല. ഒരു ഡിവോഴ്സ് നോട്ടീസ് വീട്ടിലേക്ക് അയച്ചേക്ക്." അത്രയും പറഞ്ഞ് കൊണ്ടവൾ സ്കൂട്ടറിൽ കേറി ഓടിച്ചു പോയി.

പൂർണിമ പറഞ്ഞതൊക്കെ കേട്ട് തറഞ്ഞു നിൽക്കുകയാണ് നരൻ. അവളിലെ മാറ്റങ്ങൾ ഒരേ സമയം അവനെ അമ്പരപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്തു. തൊട്ടാവാടിയെ പോലെ നിന്നിരുന്നവളാണ് ഇപ്പൊ പുലിയെ പോലെ ചീറുന്നത്. മുഖത്ത് നോക്കി കടുപ്പിച്ചു സംസാരിക്കാത്തവളാണ് യാതൊരു കൂസലുമില്ലാതെ എല്ലാം വെട്ടി തുറന്ന് പറഞ്ഞത്. ഞാനില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് നടന്നവളാണ് ഡിവോഴ്സ് നോട്ടീസ് അയക്കാൻ പറഞ്ഞിട്ട് പോയത്.

കാറിലേക്ക് കയറി സ്റ്റിയറിങ്ങിൽ മുഖം ചായ്ച്ചു വച്ച് കിടക്കുമ്പോൾ നരേന്ദ്രന്റെ മിഴികളിൽ നിന്ന് അശ്രു കണങ്ങൾ പെയ്തുകൊണ്ടിരുന്നു. സ്വന്തം അഭിമാനത്തെ ചോദ്യം ചെയ്യുന്നൊരു സന്ദർഭം വന്ന് ചേർന്നാൽ പിന്നെ ഏതൊരു പെണ്ണും പ്രതികരിക്കുമെന്ന പാഠം നരൻ തിരിച്ചറിയുകയായിരുന്നു.

സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ളത് കൊണ്ട് താനില്ലെങ്കിലും പൂർണിമ ജീവിക്കുമെന്ന് അവളുടെ സംസാരത്തിൽ നിന്നവന് മനസ്സിലാക്കാൻ കഴിഞ്ഞു. താൻ മാത്രമാണ് അവൾ കൂടെയില്ലാതെ പ്രയാസപ്പെടുന്നത്. എടുത്തുചാടിയുള്ള പ്രവർത്തികൾ കൊണ്ടെത്തിച്ചത് വലിയ വലിയ പൊട്ടിത്തെറിയിലേക്കാണ്. പൂർണിമ ആവശ്യപ്പെട്ടത് പോലെ അമ്മയെ കൊണ്ട് മാപ്പ് പറയിച്ചാൽ അവളെ തിരികെ കൊണ്ട് വരാം. പക്ഷേ അമ്മ പറയുമോ? ഇല്ലെന്ന് അവനറിയാം. എങ്ങനെ സമ്മതിപ്പിക്കുമെന്നും അവനറിയില്ല.

പൂർണിമയുടെ ആവശ്യം ന്യായമാണ്. അവളെ തല്ലിയിറക്കി വിട്ടതിനും അസഭ്യം പറഞ്ഞതിനുമൊക്കെ അമ്മ മാപ്പ് പറയേണ്ടത് തന്നെയാണ്... പക്ഷേ അതത്ര എളുപ്പമുള്ള കാര്യമല്ല. തനിക്ക് അവളെയും കുട്ടികളെയും മറന്ന് കൊണ്ടൊരു ജീവിതം സാധ്യമല്ല. അത്രയേറെ അവരുമായി മാനസികമായി അടുത്തുപോയി.

ഓരോന്നാലോചിച്ചു ആധി പിടിച്ച മനസ്സുമായിട്ടാണ് നരേന്ദ്രൻ മുല്ലശ്ശേരിയിൽ എത്തിച്ചേർന്നത്. അവനെ കാത്തെന്നോണം യമുന പൂമുഖത്ത് തന്നെയുണ്ടായിരുന്നു.

"നിന്നെ വേണ്ടെന്ന് വച്ച് പോയവളെ ഓർത്ത് നീ എന്തിനാ നരാ നിന്റെ ജീവിതം തുലയ്ക്കുന്നത്. അവളിപ്പോഴും ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ ജോലിക്ക് പോയി അടിച്ചു പൊളിച്ചു നടക്കുന്നു. നീ അവളെയും ഓർത്ത് ഓഫീസിലും മര്യാദക്ക് പോകാതെ നേരെചൊവ്വേ ഭക്ഷണം കഴിക്കാതെ ദിനം പ്രതി കോലം കെടുന്നു.

നമ്മുടെ കുടുംബത്തിന് നാണക്കേട് ഉണ്ടാക്കുന്ന രീതിയിൽ നടക്കുന്നൊരു മരുമകൾ നമുക്ക് വേണ്ട. എത്രയും പെട്ടെന്ന് തന്നെ നീയവളെ ഡിവോഴ്സ് ചെയ്യണം." യമുന തന്റെ തീരുമാനം അവനെ അറിയിച്ചു.

"അമ്മേ... എനിക്ക്.. എനിക്ക് അവളില്ലാതെ പറ്റില്ല."

"അവളെ ഇനിയീ കുടുംബത്തിന് വേണ്ട."

"അവളെന്റെ ഭാര്യയാണ്, എന്റെ രണ്ട് കുട്ടികളുടെ അമ്മയാണ്. ഞങ്ങൾക്കിടയിലെ പ്രശ്നങ്ങൾ ഇത്രത്തോളം വഷളാകാൻ കാരണം അമ്മയാണ്." നരേന്ദ്രൻ യമുനയെ കുറ്റപ്പെടുത്തി.

"നീയെന്തൊക്കെ പറഞ്ഞാലും ആ അഹങ്കാരം പിടിച്ചവളെ നിനക്കിനി ഭാര്യയായി വേണ്ട. അല്ലെങ്കിൽ തന്നെ ഇത്രയും സമ്പത്തും സൗന്ദര്യവും സർക്കാർ ജോലിയുമുള്ള നിനക്ക് നല്ല പെൺകുട്ടികളെ കിട്ടാനാണോ പാട്.

പൂർണിമയുടെ ജാതകവും കൊണ്ട് പൊരുത്തം നോക്കാൻ പോയപ്പോഴേ അദ്ദേഹം പറഞ്ഞതാ നിങ്ങൾ അധികം വാഴില്ലെന്ന്. ട്
അദ്ദേഹം പറഞ്ഞ ഒന്ന് രണ്ട് കാര്യങ്ങൾ തെറ്റിയത് ഒഴിച്ചാൽ ബാക്കിയെല്ലാം നടന്നിട്ടുണ്ട്. ഇന്നലെ കൂടി ഞാനും ശ്രീയേട്ടനും ജ്യോത്സ്യനെ കാണാൻ പോയപ്പോൾ അദ്ദേഹം പറഞ്ഞത് എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധം വേർപ്പെടുത്താനാണ്. ഇനിയും നിങ്ങൾ ഒരുമിച്ച് ജീവിച്ചാൽ അവളുടെ ജാതക ദോഷം കൊണ്ട് നിനക്കും ആപത്തുണ്ടാവും നമ്മുടെ കുടുംബവും മുടിയും. എവിടുന്നോ വന്ന ഒരു പീറ പെണ്ണ് കാരണം ഈ കുടുംബം നശിക്കാൻ ഞാൻ സമ്മതിക്കില്ല."

"അമ്മയ്ക്ക് അമ്മയുടെ കുടുംബം പോലെ തന്നെ എനിക്കും എന്റെ കുടുംബമാണ് വലുത്. അവരെ പിരിഞ്ഞൊരു ജീവിതം എനിക്ക് ആലോചിക്കാൻ കൂടി വയ്യ."

"ഞാനിത്രയൊക്കെ പറഞ്ഞിട്ടും അതൊന്നും നിനക്ക് മനസ്സിലാവാത്തതെന്താ നരാ. നിനക്ക് നല്ലൊരു ജോലിയും സൗന്ദര്യവും സമ്പത്തും തറവാട്ട് മഹിമയുമില്ലേ? അങ്ങനെയുള്ള നിനക്ക് വേറെ പെണ്ണിനെ കിട്ടാനാണോ പാട്. നിനക്കുറപ്പായും രണ്ട് കല്യാണം നടക്കുമെന്നും രണ്ടാമത്തെ ബന്ധം മാത്രമേ നല്ല രീതിയിൽ പോകുവെന്നും ആദ്യ ഭാര്യയുമായി ചേർന്നാൽ ഇനിയങ്ങോട്ട് നിങ്ങൾ തമ്മിൽ വഴക്കുണ്ടാകാനും മാനഹാനി നേരിടാനുമാണ് നിന്റെ യോഗം. കാൽ കാശിന് വകയില്ലാത്തവളുടെ പിന്നാലെ നടന്ന് നീ നിന്റെ വില കളയരുത് നരാ.

ഇങ്ങോട്ട് കെട്ടിക്കേറി വന്നപ്പോൾ നമ്മുടെ ബന്ധുക്കൾ മുഴുവനും അവളെ പരിഹസിച്ചും പുശ്ചിച്ചും നിന്നപ്പോ ഞാനവളെ എല്ലാ രീതിയിലും ചേർത്ത് പിടിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. ഗർഭിണിയായിരുന്നപ്പോഴും പൊന്നു പോലെയാ കൊണ്ട് നടന്ന് നോക്കിയത്. ഒന്ന് പെറ്റെണീച്ചു വന്നപ്പോ മുതലാണ് അവൾ തികഞ്ഞ അഹങ്കാരിയായി മാറിയത്. അന്ന് മുതൽ ഞാനവളെ നോക്കി വച്ചേക്കുവാ." ദേഷ്യത്താൽ യമുനയുടെ മുഖം വലിഞ്ഞു മുറുകി.

"അമ്മയ്ക്ക് എന്ന് മുതലാ പൂർണിമ വെറുക്കപ്പെട്ടവളായത്? അമ്മയുടെ ചൊല്പടിക്ക് അവളെ നിർത്താൻ കഴിയാതെ വന്നപ്പോ മുതൽ പൂർണിമയോട് അമ്മയ്ക്ക് ദേഷ്യം തോന്നിത്തുടങ്ങി. അമ്മയെ അനുസരിച്ചു മിണ്ടാതെ നിന്നിരുന്നെങ്കിൽ ഇപ്പഴും അമ്മയ്ക്കവളെ ബോധിക്കുമായിരുന്നു."

"കാൽകാശിന് ഗതിയില്ലാത്ത വീട്ടിൽ നിന്ന് പെണ്ണെടുത്തത് തന്നെ അടങ്ങി ഒതുങ്ങി കിടക്കുമല്ലോന്ന് ഓർത്ത് തന്നെയാ. തന്നിഷ്ടം കാണിച്ചു നടക്കുന്നവളെ ഇവിടെ വിളിച്ചു കേറ്റാൻ പറ്റില്ല."

"പൂർണിമയെ ഇങ്ങോട്ട് കൊണ്ട് വരാൻ എനിക്ക് അമ്മയുടെ സമ്മതം വേണ്ട."

"എന്റെ സമ്മതമില്ലാതെ നീയവളെ ഇങ്ങോട്ട് എങ്ങനെ കൊണ്ട് വരുമെന്നാണ്. ഈ തറവാട് ഇപ്പഴും ഞങ്ങൾ നിന്റെ പേരിലേക്ക് മാറ്റിയിട്ടില്ല. പൂർണിമയുടെ കൂടെ ജീവിക്കാനാണ് നിന്റെ തീരുമാനമെങ്കിൽ ഞങ്ങളുടെ കയ്യിൽ നിന്ന് ചില്ലി കാശ് നിനക്ക് കിട്ടാൻ പോകുന്നില്ല. അതോർത്ത് വേണം ഓരോ തീരുമാനങ്ങളെടുക്കാൻ." യമുനയുടെ വാക്കുകൾ നരേന്ദ്രനെ ഞെട്ടിക്കുന്നതായിരുന്നു.

തറവാട് വീടും പാരമ്പര്യമായി കിട്ടിയ സ്വത്തുവകകൾ ഉള്ളതിനാൽ ഇത്രയും വർഷം ജോലിക്ക് പോയിട്ടും പത്ത് രൂപ പോലും താൻ കരുതി വച്ചിട്ടില്ലെന്ന സത്യം പകപ്പോടെ അവനോർത്തു. തറവാടും സ്വത്തുക്കളുമില്ലെങ്കിൽ ഇപ്പോഴത്തെ രാജകീയ ജീവിതം ഒരിക്കലും തിരിച്ചുകിട്ടാൻ പോകുന്നില്ല.

നരേന്ദ്രന്റെ മൗനം കണ്ട് യമുന വിജയിയെ പോലെ പുഞ്ചിരിച്ചു.. തുടരും...🥂

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story