മാലയോഗം: ഭാഗം 66 || അവസാനിച്ചു

malayogam shiva

രചന: ശിവ എസ് നായർ

തറവാട് വീടും പാരമ്പര്യമായി കിട്ടിയ സ്വത്തുവകകളും ഉള്ളതിനാൽ ഇത്രയും വർഷം ജോലിക്ക് പോയിട്ടും പത്ത് രൂപ പോലും താൻ കരുതി വച്ചിട്ടില്ലെന്ന സത്യം പകപ്പോടെ അവനോർത്തു. തറവാടും സ്വത്തുക്കളുമില്ലെങ്കിൽ ഇപ്പോഴത്തെ രാജകീയ ജീവിതം ഒരിക്കലും തിരിച്ചുകിട്ടാൻ പോകുന്നില്ല.

നരേന്ദ്രന്റെ മൗനം കണ്ട് യമുന വിജയിയെ പോലെ പുഞ്ചിരിച്ചു.


കെ എസ് ഇ ബിയിൽ എഞ്ചിനീയറായി നരേന്ദ്രൻ ജോലിക്ക് കയറിയിട്ട് എട്ട് വർഷം കഴിഞ്ഞിരുന്നു. കൈയ്യിൽ കിട്ടുന്ന കാശിന്റെ അളവ് കൂടിയാൽ അതുപോലെ കൂടുന്ന ഒന്നാണ് ചിലവുകളും. ലക്ഷ്വറി ലൈഫ് ആസ്വദിച്ചു ജീവിച്ച നരൻ ഭാവിയിലേക്ക് വേണ്ടി എന്തെങ്കിലും കരുതി വയ്ക്കണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. മുല്ലശ്ശേരി തറവാട് തനിക്കാണെന്ന് പണ്ട് മുതലേ പറയുന്നതിനാൽ മറ്റൊരു വീട് വയ്ക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. പിന്നെ പൂർവികമായി കിട്ടിയ സ്വത്ത്‌ വകകൾ വേറെയും. സമ്പത്തിന്റെ മടി തട്ടിൽ ജീവിച്ചവന് കാശിന്റെ വിലയറിയാതെ പോയി. കിട്ടുന്ന സാലറി മുഴുവനും ചിലവഴിച്ചു മാത്രമേ ശീലിച്ചിട്ടുള്ളു. അപ്പോഴൊന്നും ഭാവിയിൽ ഇങ്ങനെയൊരവസ്ഥ സംജാതമാകുമെന്ന് പ്രതീക്ഷിച്ചതേയില്ല.

"എന്റെ തീരുമാനത്തോട് യോജിപ്പ് ഉണ്ടെങ്കിൽ മാത്രം നിനക്ക് മുറിയിലേക്ക് പോകാം." യമുന ചെന്ന് സോഫയിൽ ഇരുന്നു. നരേന്ദ്രൻ ഒന്നും മിണ്ടാതെ മുകളിലേക്ക് കയറിപ്പോയി.

അത് കണ്ട് ഗൂഢമായ പുഞ്ചിരിയോടെ യമുന ഇരുന്നു. തന്റെ മകൻ ഇനിയൊരിക്കലും തന്റെ വാക്കിന് അപ്പുറത്തേക്ക് പോകില്ലെന്ന ആത്മവിശ്വാസത്തിൽ അവർ മനസ്സ് നിറഞ്ഞ് സന്തോഷിച്ചു. എത്രയും പെട്ടെന്ന് പൂർണിമയെയും നരനെയും നിയമപരമായി ബന്ധം വേർപ്പെടുത്തണമെന്ന ചിന്തയായിരുന്നു യമുനയ്ക്ക്. ഫാമിലി അഡ്വക്കേറ്റിനെ നാളെ തന്നെ പോയി കണ്ട് പേപ്പറൊക്കെ ശരിയാക്കാൻ പറയണമെന്ന് അവർ വിചാരിച്ചു.

മനസ്സിൽ ഓരോ കണക്ക് കൂട്ടലുമായി ഇരിക്കുമ്പോഴാണ് ട്രാവൽ ബാഗുമായി ഗോവണി ഇറങ്ങി വരുന്ന നരേന്ദ്രനെ യമുന കാണുന്നത്.

"നീയെങ്ങോട്ട് പോവാ ഈ രാത്രി തന്നെ?"

"എനിക്ക് അമ്മയുടെ സ്വത്തുക്കളെക്കാൾ വലുത് എന്റെ ഭാര്യയും മക്കളുമാണ്. അതുകൊണ്ട് ഇനി ഞാനിവിടെ നിൽക്കുന്നില്ല. ഇതൊക്കെ അമ്മ ആർക്ക് വേണോ കൊടുത്തോ. ഞാനൊന്നിലും അവകാശം പറഞ്ഞ് വരുന്നില്ല. അമ്മയ്ക്ക് അമ്മയുടെ കുടുംബം പോലെ തന്നെ എനിക്ക് എന്റെ കുടുംബവും വലുതാണ്." അമ്മയുടെ മറുപടിക്ക് കാത്തു നിൽക്കാതെ ആരോടും യാത്ര പോലും പറയാതെ നരൻ പുറത്തേക്കിറങ്ങി പോയി.

മകന്റെ അപ്രതീക്ഷിത നീക്കത്തിൽ നാവിറങ്ങിയത് പോലെ നിന്നുപോയി യമുന.

ഇറങ്ങാൻ നേരം നരൻ ഒരു നിമിഷം, താൻ ജനിച്ചു വളർന്ന മുല്ലശ്ശേരി തറവാട് കൺകുളിർക്കേ നോക്കി കണ്ടു. ശേഷം ഒരു നെടുവീർപ്പോടെ അവൻ കാറിലേക്ക് കയറി. തറവാട് വിട്ട് പോകുന്നതിൽ നരേന്ദ്രന് കടുത്ത നഷ്ടബോധം തോന്നിയെങ്കിലും ആ നഷ്ടം സ്വന്തം കുടുംബത്തെക്കാൾ വലുതല്ലെന്ന് അവനിപ്പോൾ അറിയാം.

വീട്ടിൽ നിന്നിറങ്ങിയെങ്കിലും എങ്ങോട്ട് പോകണമെന്ന് നരനറിയില്ലായിരുന്നു. വെറുതെ കാറോടിച്ച് കുറേ സമയം സിറ്റിയിലൂടെ കറങ്ങി നടന്നു. അവസാനം ഒരു ഹോട്ടലിൽ സ്റ്റേ ചെയ്ത് ആ രാത്രി അവൻ കഴിച്ച് കൂട്ടി.

നരേന്ദ്രൻ വീട്ടിൽ നിന്നിറങ്ങി പോയതറിഞ്ഞ് ശ്രീകണ്ഠനും നവീനും അവനെ തിരികെ വിളിച്ചെങ്കിലും നരൻ തന്റെ തീരുമാനത്തിൽ നിന്ന് പിന്മാറിയില്ല. അതുപോലെ തന്നെ പൂർണിമയെ ഇനി മരുമകളായി സ്വീകരിക്കാൻ തനിക്കാവില്ലെന്ന നിലപാടിൽ യമുന ഉറച്ച് നിന്നു. അമ്മയ്ക്ക് വേണ്ടി ഭാര്യെയും മക്കളെയും ഉപേക്ഷിക്കില്ലെന്നും അതിന്റെ പേരിലുണ്ടാവുന്ന നഷ്ടങ്ങൾ സഹിക്കാൻ താൻ തയ്യാറാണെന്ന് നരേന്ദ്രൻ തുറന്നടിച്ചത് യമുനയിൽ വാശി നിറച്ചിരുന്നു.

പൂർണിമയുടെ ദാമ്പത്യം പാതി വഴിയിൽ വേർ പിരിഞ്ഞ് പോകുമോയെന്ന ആശങ്കയിലായിരുന്നു അവളുടെ വീട്ടുകാരും. വിവാഹ സമയത്ത് പൂർണിമയുടെ ജാതകം നോക്കി ജ്യോത്സ്യൻ പറഞ്ഞത് സത്യമായി ഭവിച്ചല്ലോ എന്ന ദുഃഖം ശിവദാസനെയും ഗീതയെയും അലട്ടി കൊണ്ടിരുന്നു. പ്രവീണിനെ പേടിച്ച് പൂർണിമയുടെ കാര്യത്തിൽ ഇടപെടാൻ കഴിയാനാവാതെ ഇരുവരുടെയും സമാധാനം നഷ്ടപ്പെട്ടു.

മുല്ലശ്ശേരി വിട്ട് വന്നതിന് ശേഷം താൻ അനുഭവിക്കുന്ന സ്വാതന്ത്ര്യവും അധ്വാനിച്ചു ജീവിക്കുന്നതിന്റെ സുഖവും പൂർണിമയ്ക്ക് ആനന്ദം നൽകിയിരുന്നു. നരേന്ദ്രൻ താൻ പറഞ്ഞ കണ്ടീഷൻസ് അംഗീകരിച്ചാൽ അവനൊപ്പം ജീവിക്കാമെന്ന തീരുമാനത്തിലാണ് അവൾ. പക്ഷേ അതിന്റെ പേരിൽ ജോലി വിടാനോ ഒന്നിനും അവൾ തയ്യാറല്ലായിരുന്നു.


🍁🍁🍁🍁🍁

രണ്ട് ദിവസങ്ങൾ കഴിഞ്ഞുപോയി. നരേന്ദ്രൻ ഓഫീസിൽ പോലും പോകാതെ ഹോട്ടൽ റൂമിൽ തന്നെ ചടഞ്ഞിരിക്കുകയാണ്. സ്വന്തമായി ഒരു തീരുമാനത്തിലെത്താൻ കഴിയാനാവാതെ ചിന്തകളിൽ പെട്ടുഴലുകയായിരുന്നു അവന്റെ മനസ്സ്.

പൂർണിമയെയും മക്കളെയും കൂട്ടി വാടകയ്ക്കായാലും മറ്റൊരു വീടെടുത്തു മാറുന്നതിനെ കുറിച്ചായിരുന്നു നരന്റെ ആലോചന മുഴുവനും. ആ തീരുമാനം പൂർണിമ കൂടി സമ്മതിക്കുമോ എന്നതിലായിരുന്നു നരന് ആശങ്ക. എന്തായാലും അവളെ കണ്ട് ഇതേ കുറിച്ച് പറയാമെന്ന് നരേന്ദ്രൻ കരുതി.

വൈകുന്നേരം പൂർണിമ ജോലി കഴിഞ്ഞ് ഇറങ്ങുമ്പോൾ അവളെ കാത്തെന്നോണം സൂപ്പർ മാർക്കറ്റിന്റെ മുൻപിൽ തന്നെ നരേന്ദ്രനുണ്ടായിരുന്നു.

"പൂർണിമാ..." അവളെ കണ്ടതും അവൻ വിളിച്ചു.

"നരേട്ടനെന്താ ഈ സമയത്ത് ഇവിടെ? ഓഫീസിൽ പോയില്ലേ?" നരേന്ദ്രനെ അവിടെ പ്രതീക്ഷിക്കാത്തത് കൊണ്ട് അവനെ കണ്ട് പൂർണിമ അമ്പരന്നു.

"ഇല്ല... രണ്ട് ദിവസമായി ലീവിലാണ്."

"എന്ത് പറ്റി?"

"നീ പോയതിൽ പിന്നെ ഞാൻ ശരിക്കൊന്ന് ഉറങ്ങിയിട്ടില്ല പൂർണിമാ. രണ്ട് ദിവസം മുൻപ് അമ്മയുമായി വഴക്കിട്ടു. നിന്നെയിനി അവിടെ കയറ്റില്ലെന്നാ അമ്മ പറയുന്നത്. ഡിവോഴ്സ് ചെയ്യാൻ പറഞ്ഞ് എന്നെ കുറേ നിർബന്ധിച്ചു. നീയുമായി ഒന്നിച്ചു ജീവിക്കാനാണ് എന്റെ തീരുമാനമെങ്കിൽ തറവാടും സ്വത്തുക്കളും എനിക്ക് തരില്ലെന്നാണ് അമ്മയുടെ നിലപാട്. എല്ലാം വേണ്ടെന്ന് വച്ച് ഞാനവിടെ നിന്ന് ഇറങ്ങി.

നീയും മക്കളുമാണ് മറ്റെന്തിനെക്കാളും എനിക്ക് ഇമ്പോർട്ടന്റ്. നമുക്ക് ഇവിടെ എവിടെയെങ്കിലും റെന്റിനു വീടോ ഫ്ലാറ്റോ എടുത്ത് മാറാം. അങ്ങനെ ഞാൻ വന്ന് വിളിച്ചാൽ നീ കൂടെ വരുമോ. നമ്മൾ മാത്രമുള്ള ലൈഫാകുമ്പോൾ നമുക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനും ആരും വരില്ല. നിനക്ക് ഓക്കേ ആണോ ഞാൻ പറഞ്ഞതിനോട്." വിവാഹം കഴിഞ്ഞ് ഇത്ര വർഷത്തിനിടയ്ക്ക് ആദ്യമായിട്ടാണ് ഒരു കാര്യത്തിൽ പൂർണിമയുടെ കൂടെ അഭിപ്രായം നരൻ ചോദിക്കുന്നത്.

"ഞാൻ വരാം നരേട്ടാ... മറ്റൊരു വീടെടുത്തു മാറുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. പക്ഷേ ഇനിയെങ്കിലും നമുക്കിടയിൽ ഇങ്ങനെയുള്ള പ്രശ്നങ്ങളൊന്നും ഉണ്ടാവാൻ പാടില്ല. അതുപോലെതന്നെ വീട് നോക്കുമ്പോൾ എന്റെ വീടിനടുത്ത് എവിടെയെങ്കിലും മതി. അതാകുമ്പോ നമ്മൾ രണ്ടാളും ജോലിക്ക് പോയി കഴിഞ്ഞാൽ വൈകുന്നേരം കുട്ടികൾ വരാൻ സമയമാകുമ്പോൾ എന്റെ അച്ഛനും അമ്മയും നോക്കിക്കോളും. എന്തിന്റെ പേരിലായാലും ഈ കിട്ടിയ ജോലി ഉപേക്ഷിക്കാൻ ഞാൻ ഒരുക്കമല്ല.

പിന്നെ ഇതുവരെ നമ്മൾ ജീവിച്ചത് പോലെയാവില്ല ഇനിയങ്ങോട്ട്. എനിക്ക് എന്റേതായിട്ടുള്ള ഇഷ്ടങ്ങൾ, തീരുമാനങ്ങൾ ഒക്കെയുണ്ടാവും. പരസ്പരം മനസ്സിലാക്കി ഇതുപോലെയുള്ള വഴക്കുകൾ ഉണ്ടാവില്ലെങ്കിൽ മാത്രം നമുക്ക് ഒരുമിച്ച് ജീവിക്കാം നരേട്ടാ." തനിക്ക് പറയാനുള്ളതെല്ലാം അവൾ അവനോട് പറഞ്ഞു.

"നിന്റെ ഇഷ്ടങ്ങൾക്കൊന്നും ഞാനിനി എതിര് നിൽക്കില്ല പൂർണിമ. എന്റെ താല്പര്യങ്ങൾ നിന്നിൽ അടിച്ചേൽപ്പിക്കാൻ ഞാൻ ശ്രമിക്കേം ഇല്ല." ആത്മാർത്ഥമായിട്ടാണ് അവനത് പറഞ്ഞത്.

പൂർണിമ ജോലിക്ക് പോകുന്നതിനോട് നരേന്ദ്രന് താല്പര്യക്കുറവ് ഉണ്ടെങ്കിലും അവളൊരു വ്യക്തിയാണെന്നും അവൾക്ക് അവളുടേതായ ഇഷ്ടങ്ങളും തീരുമാനങ്ങളും ഉണ്ടാകുമെന്നത് നരേന്ദ്രൻ സ്വന്തം മനസ്സിനെ പറഞ്ഞ് ബോധ്യപ്പെടുത്തി.

"എന്നെയും മക്കളെയും കൂട്ടികൊണ്ട് പോകുന്നതിന് മുൻപ് നരേട്ടൻ എന്റെ വീട്ടുകാരോട് സംസാരിക്കണം. ഇപ്പൊ സംഭവിച്ചത് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാവില്ലെന്ന് എന്റെ ചേട്ടന് വാക്ക് കൊടുക്കണം. എന്റെ വീഴ്ചയിൽ ഒപ്പം താങ്ങായി ചേർത്ത് പിടിക്കാൻ ചേട്ടൻ കൂടി ഇല്ലായിരുന്നെങ്കിൽ ആ അവസ്ഥ എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല."

"നീ വിഷമിക്കണ്ട... പ്രവീണിനോടും അച്ഛനോടും അമ്മയോടുമൊക്കെ ഞാൻ സംസാരിക്കുന്നുണ്ട്. നിന്റെ ആഗ്രഹം പോലെത്തന്നെ നിങ്ങളുടെ വീടിന് അടുത്തെവിടെയെങ്കിലും ഒരു വീട് ശരിയാക്കാൻ നോക്കുന്നുണ്ട് ഞാൻ. എന്നിട്ട് നമുക്കങ്ങോട്ട് മാറി താമസിക്കാം. പുതിയ വീട്ടിലേക്ക് മാറുമ്പോൾ എന്റെ അമ്മ പൊട്ടിച്ചെടുത്ത താലിക്ക് പകരം മറ്റൊന്ന് ഞാൻ നിന്നെ അണിയിക്കുന്നുണ്ട്." സ്നേഹാധിക്യത്താൽ അവനവളുടെ കൈപ്പത്തി നെഞ്ചോട് ചേർത്തു.

"മ്മ്മ്... ഏതായാലും വീട് നോക്കുന്ന കാര്യം ഞാൻ ചേട്ടനോടും പറയാം."

"എങ്കിൽ പിന്നെ നീ വീട്ടിലേക്ക് പൊയ്ക്കോ. ലേറ്റ് ആവണ്ട." സമയം വൈകിയത് കണ്ട് അവൻ പറഞ്ഞു.

നരേന്ദ്രനോട്‌ യാത്ര പറഞ്ഞവൾ സ്കൂട്ടിയിൽ കയറി ഓടിച്ച് പോയി. അവൾ പോയതിന് പിന്നാലെ നരനും ഹോട്ടലിലേക്ക് പോയി.

പൂർണിമയുടെ വീട്ടിൽ വന്ന് എല്ലാവരെയും കണ്ട് നരേന്ദ്രൻ മാപ്പ് പറഞ്ഞതോടെ അവനോടുണ്ടായിരുന്ന നീരസം എല്ലാവർക്കും മാറി. വീടെടുത്തു മാറി താമസിക്കുന്നതിനോട് അവളുടെ വീട്ടുകാർക്കും പൂർണ്ണ സമ്മതമായിരുന്നു. പിന്നീടുള്ള ദിവസങ്ങൾ മുഴുവനും ഒരു വീടിന് വേണ്ടിയുള്ള അന്വേഷണമായിരുന്നു. പ്രവീണും അവന്റേതായ രീതിയിൽ അന്വേഷിച്ചു കൊണ്ടിരുന്നു.

ഒടുവിൽ അവരുടെ ആഗ്രഹം പോലെ ഒരു വീട് ഒത്തുവന്നു. നരേന്ദ്രനും പൂർണിമയും പ്രവീണും കൂടിയാണ് വീട് പോയി കണ്ടത്. രണ്ട് ബെഡ്‌റൂംമും അറ്റാച്ഡ് ബാത്രൂംമും അടുക്കളയും വർക്ക്‌ ഏരിയും ഹാളുമാണ് അവിടുത്തെ സൗകര്യം. തല്ക്കാലം അവിടെ താമസിച്ചു കൊണ്ട് സ്വന്തമായി ഒരു വീട് പണിത് തുടങ്ങാമെന്നായിരുന്നു നരേന്ദ്രന്റെ ആഗ്രഹം. അതുകൊണ്ട് തന്നെ വലിയ തറവാട്ടിൽ ജനിച്ചു വളർന്ന നരേന്ദ്രൻ ആ ചെറിയ വീട്ടിലെ സൗകര്യങ്ങളുമായി കഷ്ടപ്പെട്ടാണെങ്കിലും പൊരുത്തപ്പെട്ടു തുടങ്ങി.

മാറി താമസിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് ഒരു കുടുംബം നടത്തികൊണ്ട് പോകാൻ എത്ര കാശ് ചിലവാകുമെന്ന് നരൻ തിരിച്ചറിഞ്ഞത്. സ്വന്തമായി ഒരു സ്വപ്നക്കൂട് പണിയാൻ ആഗ്രഹമുള്ളതുകൊണ്ട് പൂർണിമയുടെ ഉപദേശം മാനിച്ച് കിട്ടുന്ന ശമ്പളത്തിൽ നിന്നും ഒരു വിഹിതം അവൻ വീട് വയ്ക്കാനായി മാറ്റി വച്ച് തുടങ്ങി. പാഴ് ചിലവുകളും പൈസ ധൂർത്തടിച്ചു കളയുന്ന നരേന്ദ്രന്റെ സ്വഭാവവും ക്രമേണ കുറഞ്ഞു വന്നു. ആദ്യമൊക്കെ ആ ജീവിതവുമായി പൊരുത്തപ്പെടാൻ നന്നേ ബതുമുട്ടിയെങ്കിലും മക്കളും ഭാര്യയും ഒപ്പം വേണമെന്നുള്ള ആഗ്രഹത്തിൽ നരൻ പക്വതയോടെ കാര്യങ്ങൾ ചിന്തിച്ചു പെരുമാറാൻ തുടങ്ങി.

ഉത്തരവാദിത്വങ്ങൾ കൂടിയതോടെ പൂർണിമയിലും മാറ്റങ്ങൾ ഉണ്ടായി തുടങ്ങി. തങ്ങൾക്കിടയിലെ പ്രശ്നങ്ങളൊക്കെ വിസ്മരിച്ച് കുടുംബം മുന്നോട്ട് കൊണ്ട് പോകാൻ നരേന്ദ്രന് താങ്ങും തണലുമായി അവൾ മാറി. ഇരുവർക്കും സ്വന്തമായി ഇഷ്ടങ്ങളും അഭിപ്രായങ്ങളും തുറന്ന് പറയാനും പ്രവർത്തിക്കാനും പരസ്പരം മനസ്സിലാക്കി പെരുമാറാനും സാധിച്ചത്തോടെ അവർക്കിടയിൽ വഴക്കുകൾ ഇല്ലാതായി. ഇടയ്ക്ക് വല്ലപ്പോഴും ചെറിയൊരു സൗന്ദര്യ പിണക്കങ്ങങ്ങളും ഇണക്കങ്ങളുമായി ജീവിതം മുന്നോട്ട് പോയി.

പൂർണിമയുടെ പുതിയ പുതിയ പാചക പരീക്ഷണങ്ങൾ ക്യാമറയിൽ പകർത്തുന്നതിപ്പോൾ നരനാണ്. ആദ്യം രുചി നോക്കി അഭിപ്രായം അറിയിക്കുന്നതും അവനാണ്. അവളിലെ കഴിവിൽ നരേന്ദ്രനും ആത്മവിശ്വാസമേറി. മുല്ലശ്ശേരിയിൽ നിന്ന് പിണങ്ങി വന്നതോടെ യമുന മകനെ വിളിക്കാതായെങ്കിലും ശ്രീകണ്ഠൻ നരേന്ദ്രനെ വിളിക്കുമായിരുന്നു. നവീൻ അവരുടെ വീട്ടിലെ നിത്യ സന്ദർശകനായി മാറി. കുട്ടികളെ കാണാനുള്ള ആഗ്രഹം അധികരിക്കുമ്പോൾ യമുനയും ശ്രീകണ്ഠനും സ്കൂളിൽ പോയി കൊച്ചുമക്കളെ കണ്ട് മടങ്ങും. 

അമ്മ തന്നെ വാശി അവസാനിപ്പിച്ചു മിണ്ടാൻ വന്നാൽ മാത്രമേ അങ്ങോട്ട്‌ മിണ്ടുള്ളു എന്ന് നരനും തീരുമാനിച്ചിരുന്നു. അതുകൊണ്ട് തന്നെ അവരുടെ പിണക്കം നീണ്ട് പോയി.

നരേന്ദ്രനും പൂർണിമയും മക്കളെ സ്കൂളിൽ അയച്ച് ജോലിക്ക് പോകും. കുട്ടികൾ സ്കൂൾ വിട്ട് വൈകുന്നേരം പൂർണിമയുടെ വീട്ടിൽ സ്കൂൾ ബസ്സിൽ വന്നിറങ്ങി കഴിഞ്ഞാൽ നരനും പൂർണിമയും വരുന്നത് വരെ അവിടെയായിരിക്കും. വീട്ട് ജോലികളും മക്കളെ നോക്കുന്നതുമൊക്കെ ഇരുവരും ഒരുമിച്ച് ചെയ്ത് പോന്നതിനാൽ പരാതിയും പരിഭവങ്ങളും അവർക്കിടയിൽ കുറഞ്ഞു. രണ്ട് പേർക്കും ഉള്ളിന്റെയുള്ളിൽ അന്യോന്യം സ്നേഹമുള്ളത് കൊണ്ട് മാത്രമാണ് വീണ്ടും ഒരുമിച്ച് ചേരാൻ കഴിഞ്ഞതും. പണ്ടത്തെ പോലെ കരച്ചിലും വഴക്കും പ്രശ്നങ്ങളുമൊന്നുമില്ലാതെ ജീവിതം ഒരു താളത്തിൽ പോകാൻ തുടങ്ങി.

കുടുംബഭാരം ചുമലിലേറിയപ്പോൾ മുതൽ നരനിലും കാര്യമായ മാറ്റങ്ങൾ വന്നു. ഗവണ്മെന്റ് ജോലി ഉള്ളതിനാൽ നരേന്ദ്രൻ ബാങ്കിൽ നിന്ന് ലോണെടുത്ത തുകയും പൂർണിമയുടെ സേവിങ്സും ചേർത്ത് ഇരുവരുടെയും പേരിൽ സ്ഥലം വാങ്ങി അവരുടെ ആഗ്രഹം പോലെ ഒരു  വീട് പണിയാൻ തുടങ്ങി.

നവീൻ വഴി നരേന്ദ്രന്റെ വിശേഷങ്ങൾ യമുന അറിയുന്നുണ്ടായിരുന്നു. തന്റെ വാക്കിനെ മറി കടന്ന് നരേന്ദ്രൻ പോകുമെന്നും ഇത്തരത്തിൽ ഉയർന്നു വരുമെന്നും അവർ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. നന്ദ മോള് കൂടെയില്ലാത്തതും അവരെ വേദനിപ്പിച്ചിരുന്നു. തന്റെ ചിറകിൻ കീഴിൽ കൊണ്ട് നടന്ന മകൻ ഭാര്യയുടെ വാക്കുകൾ കേൾക്കുന്നതും അവളുടെ ഇഷ്ടത്തിന് മുൻ‌തൂക്കം നൽകി മാറി താമസിക്കാൻ തുടങ്ങിയതെല്ലാം യമുനയെ തളർത്തുന്നതായിരുന്നു. മോനോടുള്ള വാശിക്ക് നരേന്ദ്രന് അവകാശപ്പെട്ട മുല്ലശ്ശേരി തറവാടും സ്വത്തുക്കളും അവർ ആരും അറിയാതെ നന്ദ മോൾടെ പേരിലേക്കാണ് എഴുതി വച്ചത്.

നന്ദ മോൾക്ക് അച്ഛമ്മയോടൊരു ചായ്‌വുണ്ടെങ്കിലും അച്ഛനും അമ്മയും കഴിഞ്ഞിട്ടേ മോൾക്കിപ്പോ മാറ്റാരുമുള്ളു. ആദി മോനും അങ്ങനെ തന്നെയാണ്. കൊച്ചുമകളോടുള്ള സ്നേഹം അധികരിക്കുമ്പോൾ വാശി വെടിഞ്ഞു മകനെയും മരുമകളെയും തിരികെ വിളിക്കാൻ യമുന ആഗ്രഹിക്കുമെങ്കിലും പൂർണിമയ്ക്ക് മുന്നിൽ താഴ്ന്നു കൊടുക്കാൻ അവർക്ക് മനസ്സനുവദിക്കില്ല.

അമ്മയുടെ പിണക്കം നീണ്ടു പോകുന്നതിൽ നരേന്ദ്രന് സങ്കടമുണ്ടെങ്കിലും കുറച്ചു കാലം കഴിയുമ്പോൾ അതെല്ലാം മാറുമെന്ന് അവന് ഉറപ്പുണ്ട്. സ്വന്തം മകനോടുള്ള ദേഷ്യം മാറിയാലും മരുമകളോട് നീരസം തോന്നി കഴിഞ്ഞാൽ അതൊരിക്കലും മാറില്ലെന്ന പൂർണ്ണ ബോധ്യം നരനുണ്ട്. തനിക്ക് പറയാനുള്ളത് കേൾക്കാതെ പാതി രാത്രി വീട്ടിൽ നിന്നിറക്കി വിട്ട അമ്മായി അമ്മയോട് ക്ഷമിക്കാൻ പൂർണിമയ്ക്കും കഴിയില്ലെന്ന് അവനറിയാം. തങ്ങളുടെ ജീവിതം നല്ല രീതിയിൽ പോകാൻ ഇങ്ങനെ കഴിയുന്നതാണ് നല്ലതെന്ന് അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ നരേന്ദ്രൻ അമ്മയുമായുള്ള വഴക്ക് അവസാനിച്ചാലും മുല്ലശ്ശേരിയിലേക്ക് മടങ്ങണ്ട എന്നുള്ള തീരുമാനത്തിൽ നിലകൊണ്ടു.

രണ്ട് വർഷം കഴിഞ്ഞപ്പോൾ നവീന് വിവാഹമായി. പൂർണിമയുടെ വീടിന് അടുത്തുള്ള ഒരു കുട്ടിയെ സ്നേഹിച്ച് വിവാഹം കഴിക്കുകയായിരുന്നു അവൻ. കല്യാണം കഴിഞ്ഞതോടെ ചേട്ടന്റെ ജീവിതത്തിൽ ഉണ്ടായത് പോലുള്ള പ്രശ്നങ്ങൾ തങ്ങളുടെ ഇടയിലും ഉണ്ടാവണ്ടെന്ന് കരുതി നവീനും ഭാര്യയുമായി വേറെ വീടെടുത്തു മാറി. അങ്ങനെ ആ വലിയ വീട്ടിൽ യമുനയും ശ്രീകണ്ഠനും മാത്രമായി. അതോടെ മെല്ലെ മെല്ലെ പിണക്കം മറന്ന് അവർ നരനുമായി അടുക്കാൻ ശ്രമിച്ചു. ഒരിക്കൽ ഒരു അനുഭവം ഉള്ളത് കൊണ്ട് തന്നെ നരൻ ഒരു പരിധിയിൽ വിട്ട് അമ്മയുമായി അടുപ്പം വച്ചില്ല. 

ബാധ്യതകൾ ഏറെയുണ്ടെങ്കിലും ഇപ്പോഴത്തെ ലൈഫിൽ നരനും പൂർണിമയും ഹാപ്പിയാണ്. തങ്ങളുടെ മക്കളോടൊത്ത് സമാധാനത്തോടെ പരിഭവങ്ങൾ ഏതുമില്ലാതെ ഇരുവരും മുന്നോട്ടു സഞ്ചരിച്ചു...അവസാനിച്ചു

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story