മാലയോഗം: ഭാഗം 7

malayogam shiva

രചന: ശിവ എസ് നായർ

  ബന്ധുക്കളായ സ്ത്രീകളുടെ ചുഴിഞ്ഞുനോട്ടം അവൾക്ക് അസഹ്യമായി തോന്നി. അവർക്ക് മുന്നിൽ കുറ്റവാളിയെ പോലെ പൂർണിമ തലകുനിച്ച് നിന്നു. "പൂർണിമയെ ആരും വഴക്ക് പറയണ്ട. ഞാൻ കാരണമാണ് അവൾ എണീക്കാൻ വൈകിയത്. അമ്പലത്തിൽ നാളെയും പോകാലോ അമ്മേ. വെറുതെ ഇനി ഇക്കാര്യം പറഞ്ഞ് അവളെയാരും വിഷമിപ്പിക്കരുത്." അവൾക്ക് പുറകിലായി ഇറങ്ങി വന്ന നരേന്ദ്രൻ എല്ലാവരെയും നോക്കി അത് പറഞ്ഞപ്പോൾ ശ്രീജ അടുക്കളയിലേക്ക് വലിഞ്ഞു. തലേ ദിവസം അവന്റെ കയ്യിൽ നിന്ന് വഴക്ക് കിട്ടിയത് അവർ മറന്നിരുന്നില്ല. "മദ്യ സൽക്കാരത്തിന് പോകുന്നതിന് മുൻപ് നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇന്ന് അമ്പലത്തിൽ പോകുന്ന കാര്യം." യമുനയുടെ ചുണ്ടുകൾ കൂർത്തു. "അമ്മയൊന്ന് മിണ്ടാതിരിക്ക് മനുഷ്യനിവിടെ തല പൊക്കാൻ വയ്യ. ഞാൻ പൂർണിമയെയും കൂട്ടി നാളെ അമ്പലത്തിൽ പൊയ്ക്കോളാം. ഇതിന്റെ പേരിൽ അവളോട് മുഖം വീർപ്പിച്ച് നടക്കണ്ട." അമ്മയോട് അത്രയും പറഞ്ഞിട്ട് നരേന്ദ്രൻ മുകളിലേക്ക് കയറിപ്പോയി.

"പൂർണിമ വരൂ. ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കണ്ടേ." യമുന അവളെ കഴിക്കാനായി വിളിച്ചു. "നരേട്ടൻ വന്നിട്ട് ഒരുമിച്ചിരുന്ന് കഴിക്കാം ഞാൻ." "അതുവേണ്ട. അവനിനി കുളിച്ചൊരുങ്ങി വരാൻ ഒരു മണിക്കൂറെങ്കിലും എടുക്കും. പൂർണിമ ഇന്നലെ രാത്രി പോലും നേരെചൊവ്വേ ഒന്നും കഴിച്ചിട്ടില്ലല്ലോ." ഡൈനിംഗ് ടേബിളിന് അരികിൽ അവളെ ഇരുത്തിയിട്ട് അടുത്തുള്ള ചെയറിൽ അവരും ഇരുന്നു. "അമ്മ കഴിച്ചാരുന്നോ?" പൂർണിമ ചോദിച്ചു. "ഇല്ല... രാവിലെ മുതൽ ഓരോ തിരക്കിലായിപ്പോയി. പിന്നെ വിചാരിച്ചു നിങ്ങൾക്കൊപ്പം ഇരിക്കാമെന്ന്. നരനെ കൂടി കാത്തിരുന്നാൽ വിശന്ന് കുടല് കരിയും." ചിരിയോടെ പറഞ്ഞുകൊണ്ട് യമുന ഇഡ്ഡലിയും സാമ്പാറും അവളുടെ പ്ളേറ്റിലേക്ക് വിളമ്പി. യമുനയ്ക്കൊപ്പമിരുന്ന് പൂർണിമ മെല്ലെ കഴിച്ച് തുടങ്ങി. "ഇന്നലത്തെ ക്ഷീണത്തിൽ അറിയാതെ ഉറങ്ങിപ്പോയതാ അമ്മേ. അതിന്റെ പേരിൽ എന്നോട്‌ ദേഷ്യം തോന്നരുത്." ക്ഷമാപണത്തോടെ പൂർണിമ അവരെ നോക്കി. "സാരമില്ല... അപ്പൊ ചെറിയ ദേഷ്യം തോന്നി. നരൻ കാരണമല്ലേ ലേറ്റ് ആയത്.

ഇനിയിപ്പോ നാളെ പോയാൽ മതി." ചെറുചിരിയോടെ യമുന പറഞ്ഞു. ഇരുവരും കഴിച്ചെണീറ്റ് കുറച്ചുസമയം കൂടി കഴിഞ്ഞ ശേഷമാണ് നരേന്ദ്രൻ താഴേക്ക് വന്നത്. "പൂർണിമ കഴിച്ചോ?" അവളെ കണ്ടതും അവൻ ചോദിച്ചു. "ഞാൻ അമ്മയ്‌ക്കൊപ്പമിരുന്ന് കഴിച്ചു." "അതേതായാലും നന്നായി. അമ്മേ എനിക്ക് ബ്രേക്ക്‌ ഫാസ്റ്റ് എടുത്തോളൂ." ഡൈനിംഗ് ടേബിളിനരികിൽ വന്നിരുന്ന് കൊണ്ട് നരേന്ദ്രൻ പറഞ്ഞു. അവനുള്ള ഇഡ്ഡലിയും സാമ്പാറും യമുന തന്നെയാണ് വിളമ്പി നൽകിയത്. തനിക്കവിടെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാൽ പൂർണിമ, യമുനയോട് പറഞ്ഞിട്ട് മുകളിലേക്ക് പോയി. മുകളിൽ സോപാനത്തിൽ ചെന്നിരുന്ന് ഓരോന്നോർത്ത് അവളിരുന്നു. എത്ര പെട്ടെന്നാണ് തന്റെ ജീവിതം മാറി മറിഞ്ഞതെന്ന് പൂർണിമ ഓർത്തു. "കെട്ടിക്കേറി വന്നപ്പോൾ തന്നെ നീയവനെ വല വീശി പിടിച്ചല്ലോ? എന്ത് തലയിണ മന്ത്രമാടി നീ പ്രയോഗിച്ചത്." ചിന്തകളിൽ മുഴുകി ഇരിക്കുകയായിരുന്നു പൂർണിമ. തൊട്ട് പിന്നിൽ ശ്രീജയുടെ ശബ്ദം കേട്ട് അവൾ ഞെട്ടി പിന്തിരിഞ്ഞു. അവരുടെ വാക്കുകൾ കേട്ടപ്പോൾ പൂർണിമയ്ക്ക് നല്ല ദേഷ്യം വന്നിരുന്നു. "അമ്മായിക്കെന്താ എന്നോടിത്ര ദേഷ്യം? നിങ്ങളോട് ഞാനെന്ത് തെറ്റാ ചെയ്തേ?"

പൂർണിമയ്ക്ക് ചോദിക്കാതിരിക്കാനായില്ല. "എന്റെ മോള് വരേണ്ട സ്ഥാനത്താ നീ കേറി ഇരിക്കുന്നത്. അധികനാൾ അവന്റെ ഭാര്യയായി നടക്കാമെന്ന് നീ വ്യാമോഹിക്കണ്ട. ദാരിദ്ര്യം പിടിച്ച നിന്നെയൊക്കെ ഇങ്ങോട്ട് കെട്ടിയെടുത്തവരെ പറഞ്ഞാ മതിയല്ലോ." ശ്രീജയുടെ നാവുകൾ അവൾക്ക് നേരെ വിഷം തുപ്പി. "ദേ... വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം.നരേട്ടൻ നിങ്ങളുടെ മോളെ കെട്ടാത്തതിന്റെ ചൊരുക്ക് എന്നോട്‌ തീർത്തിട്ട് കാര്യമില്ല. ഇനിയെങ്ങാനും ഇത്തരം കുത്തുവാക്കുകളുമായി എന്റെയടുത്തേക്ക് വന്നാൽ വെറുതെ കേട്ടോണ്ടിരുന്നെന്ന് വരില്ല ഞാൻ. ഞങ്ങൾക്കിത്തിരി പണത്തിനു കുറവുണ്ടെന്നേയുള്ളു. കാശ്കാരി ആകാൻ ഇവിടുത്തെ ചെറുക്കനെ വശീകരിച്ചല്ല ഞാനിങ്ങോട്ട് കെട്ടിക്കേറി വന്നത്. നരേട്ടൻ നാട്ടുകാരെയും ബന്ധുക്കളെയും സാക്ഷി നിർത്തി അന്തസ്സായി താലികെട്ടി കൊണ്ടുവന്നവളാ ഞാൻ. അതുകൊണ്ട് നിങ്ങളുടെ ചീപ്പ് ഷോ എന്റെയടുത്തു വേണ്ട." ദേഷ്യം സഹിക്കാനാവാതെ വായിൽ തോന്നിയതൊക്കെ പൂർണിമ വിളിച്ചു പറഞ്ഞു.

തലേ ദിവസം മുതൽ പൂർണിമ അവരെ നോട്ടമിട്ടതാണ്. ശ്രീജ ഓരോരോ കുത്തുവാക്കുകൾ പറഞ്ഞ് അവളെ വേദനിപ്പിക്കുമ്പോൾ പൂർണിമയ്ക്ക് നല്ല സങ്കടം തോന്നുമായിരുന്നു. തിരിച്ചു രണ്ട് വർത്തമാനം പറയാൻ നാവ് തരിക്കുമെങ്കിലും ഒപ്പം മറ്റുള്ളവരൊക്കെ ഉണ്ടായിരുന്നത് കൊണ്ട് അവൾ മൗനം പാലിച്ച് നിന്നതായിരുന്നു. ഇപ്പൊ അവരെ തനിച്ച് കിട്ടിയപ്പോൾ പൂർണിമ ശ്രീജമ്മായിക്ക് വയറുനിറച്ച് കൊടുത്തു. പൂർണിമ ഇങ്ങനെയൊക്കെ പ്രതികരിക്കുമെന്ന് ശ്രീജ മനസ്സിൽ പോലും ചിന്തിച്ചതല്ല. അവളുടെ മറുപടിയിൽ മുഖമടച്ച് അടികിട്ടിയത് പോലെയാണ് അവർക്ക് തോന്നിയത്. "ഇന്നലെ വന്ന് കേറിയ നിനക്ക് ഇത്രയ്ക്ക് അഹങ്കാരമോ. നീയിവിടെ കെട്ടിലമ്മയായി വാഴുന്നത് എനിക്കൊന്ന് കാണണം." അത്രയും പറഞ്ഞിട്ട് ശ്രീജ അവിടെ നിന്നും താഴേക്ക് പോകാനായി തിരിഞ്ഞതും നരേന്ദ്രനെ കണ്ടൊന്ന് പതറി.

അവന്റെ മുഖത്തേക്ക് പോലും നോക്കാതെ ഗോവണി പടികളിറങ്ങി താഴേക്ക് പോയി. "എടോ... താനിവിടെ ഓക്കേ അല്ലെ." നരേന്ദ്രൻ അവളുടെ അടുത്തേക്ക് വന്നു. "ഇന്നലെ ഇങ്ങോട്ട് വന്ന് കയറിയതല്ലേയുള്ളു. അതിനുമുൻപേ എങ്ങനെയാ ഇവിടവുമായി പൊരുത്തപ്പെടാൻ പറ്റുക. കുറച്ചു സമയം വേണ്ടി വരും." പുഞ്ചിരിയോടെ അവൾ മറുപടി പറഞ്ഞു. "ശ്രീജമ്മായി പറഞ്ഞതൊക്കെ ഞാൻ കേട്ടു. അമ്മായിടെ മോളെ ഞാൻ കല്യാണം കഴിക്കാത്തതിന്റെ ദേഷ്യമാണ് നിന്നോട് തീർത്തത്. നിന്നെ വന്ന് ചൊറിയുന്നത് കണ്ടപ്പോ നല്ല രണ്ട് മറുപടി പറയാൻ വന്നതാ ഞാൻ, പിന്നെ നീ തന്നെ അവർക്ക് കണക്കിന് കൊടുത്തല്ലോ." "ഇന്നലെ തൊട്ട് എന്റെ പിന്നാലെ നടന്ന് ഓരോന്ന് പറയുവാ. ഒരു തെറ്റും ചെയ്യാത്ത ഞാനെന്തിനാ വെറുതെ അവരുടെ വായിലിരിക്കുന്നത് കേൾക്കുന്നത്. അതുകൊണ്ടാ തിരിച്ചുരണ്ട് കൊടുത്തത്."

"അതേതായാലും നന്നായി. ഇനി ഇത്തരം പെരുമാറ്റം അവരിൽ നിന്നുണ്ടാവില്ല." നരേന്ദ്രനവളെ തനിക്കടുത്തായി പിടിച്ചിരുത്തി. "നരേട്ടെന്താ നയനെയെ വിവാഹം കഴിക്കാതിരുന്നത്. നിങ്ങളുടെ ജാതകവും നല്ല ചേർച്ചയായിരുന്നല്ലോ. പിന്നെയെന്താ ഇവിടെ ആർക്കും ആ ബന്ധത്തോട് താല്പര്യമില്ലാതിരുന്നത്." പൂർണിമയുടെ ചോദ്യം കേട്ട് അവനൊന്ന് ചിരിച്ചു. "ശ്രീജമ്മായിക്ക് നയനയെ എന്റെ ഭാര്യയാക്കണമെന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു. അവൾക്കും അത് ഇഷ്ടമായിരുന്നു. പക്ഷേ അച്ഛനും അമ്മയ്ക്കുമൊന്നും ഫാമിലിയിൽ നിന്ന് വിവാഹം കഴിക്കുന്നതിനോട് യോജിപ്പില്ലായിരുന്നു. രക്തബന്ധത്തിൽ നിന്ന് തന്നെ കല്യാണം കഴിച്ചാൽ ഭാവിയിൽ ജനിക്കുന്ന കുട്ടികൾക്ക് ജനിതക തകരാറുകൾ ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. ആ ഒരു റീസൺ കൊണ്ടാണ് നയനയുമായുള്ള വിവാഹ ബന്ധം ഞാനും വേണ്ടെന്ന് വച്ചത്." "നരേട്ടന് നയനയെ ഇഷ്ടമായിരുന്നോ?" "ഉം... പണ്ടൊക്കെ അവളോട് ചെറിയൊരു ഇഷ്ടം മനസ്സിൽ തോന്നിയിരുന്നു. മുറപ്പെണ്ണല്ലേ.

പിന്നെ കാണാനും സുന്ദരിയാണ് സ്മാർട്ടുമാണ്. നയന എന്റെ മുറപ്പെണ്ണ് അല്ലായിരുന്നെങ്കിൽ ഉറപ്പായും ഞാനവളെ കല്യാണം കഴിച്ചേനെ." അതുകേട്ടപ്പോൾ പൂർണിമയുടെ മുഖമൊന്ന് മങ്ങി. "ഇതൊന്നും കേട്ട് താൻ വിഷമിക്കണ്ട. പണ്ടേപ്പോഴോ തോന്നിയ ഇഷ്ടമാ. അതൊക്കെ ആ പ്രായത്തിൽ തോന്നുന്ന വെറുമൊരു അട്ട്രാക്ഷൻ മാത്രം. ഇപ്പൊ അങ്ങനെയൊന്നുമില്ല. തനിതൊക്കെ ചോദിച്ചപ്പോ ഞാൻ പോലും മറന്നുപോയ കാര്യങ്ങൾ വീണ്ടും ഓർത്തുവെന്നേയുള്ളു." നരേന്ദ്രൻ അവളുടെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു. "അതെ.... ഇന്നലത്തെ പോലെ ഇന്നും കുടിച്ചിട്ട് വരരുത്. എനിക്കീ മദ്യത്തിന്റെ മണമടിച്ചാൽ തന്നെ ഓക്കാനിക്കാൻ വരും." "എപ്പോഴും മദ്യപിക്കുന്ന ഒരാളല്ല പൂർണിമ ഞാൻ. ഇന്നലെ അൽപ്പം ഓവറായി പോയെന്നേയുള്ളൂ. ഇനിയങ്ങനെ ഉണ്ടാവില്ല." അവന്റെ വാക്കുകൾ കേട്ടപ്പോൾ പൂർണിമ അവനെ ഇഷ്ടത്തോടെ നോക്കി. ഇരുവരെയും താഴെ അന്വേഷിക്കുന്ന കാര്യം പറയാനായി അങ്ങോട്ടേക്ക് വന്ന നയന അവരുടെ സംസാരമൊക്കെ കേട്ട് നിൽക്കുന്നുണ്ടായിരുന്നു.

അവളുടെ കണ്ണിൽ നിന്ന് ഒരിറ്റ് നീർതുള്ളി കവിളിനെ നനച്ചുകൊണ്ട് നിലത്തേക്ക് പതിച്ചു. ഒരുനിമിഷം നഷ്ടബോധത്തോടെ നരേന്ദ്രനെ നോക്കിനിന്ന ശേഷം നയന, അവർക്കിടയിലേക്ക് കടന്നുചെല്ലാൻ മടിച്ച് തിരികെ പോയി. ************* വിവാഹം കൂടാനെത്തിയ ബന്ധുക്കൾ എല്ലാവരും വൈകുന്നേരത്തോടെ അവരവരുടെ ഭവനങ്ങളിലേക്ക് തിരിച്ചു പോയി. മുല്ലശ്ശേരി തറവാട്ടിൽ ശ്രീകണ്ഠനും യമുനയും നരേന്ദ്രനും പൂർണിമയും മാത്രമായി. ആളും ആരവവും ഒഴിഞ്ഞു തറവാട് ശാന്തമായി. രാത്രി അത്താഴത്തിന് നാലുപേരും ഒരുമിച്ചാണ് കഴിക്കാനിരുന്നത്. ശ്രീകണ്ഠനും നരേന്ദ്രനും പെട്ടന്ന് കഴിച്ചെഴുന്നേറ്റ് അവരവരുടെ റൂമിലേക്ക് പോയി. "നരേട്ടന് ഒരു അനിയനുണ്ടെന്ന് പറഞ്ഞിരുന്നില്ലേ. ആളെന്താ കല്യാണത്തിന് വരാത്തത്." ആഹാര ശേഷം അടുക്കള ഒതുക്കുന്നതിനിടയിൽ പൂർണിമ യമുനയോട് ചോദിച്ചു

. "അവൻ യു. കെ യിൽ എം. ബി. എ ചെയ്യുവല്ലേ. കോഴ്സ് കഴിയാതെ നാട്ടിലേക്ക് വരാൻ പറ്റില്ല." "കോഴ്സ് കഴിയാറായോ?" "ഈ വർഷം കഴിയുമെന്നാണ് നവി പറഞ്ഞത്. അത് കഴിഞ്ഞാൽ അവനിങ്ങു പോരും. മോള് പോയി കിടന്നോ, നാളെ നേരത്തെ എണീറ്റ് അമ്പലത്തിൽ പോവണ്ടേ. ഇനി നാളെയും പോക്ക് മുടങ്ങണ്ട." യമുന അവളോട് പറഞ്ഞു. പൂർണിമയ്ക്കും ചെറുതായി ഉറക്കം വരുന്നുണ്ടായിരുന്നു. അമ്മയോട് ഗുഡ് നൈറ്റ് പറഞ്ഞ് അവൾ അടുക്കളയിൽ നിന്ന് പുറത്ത് കടന്നു. മുകളിലേക്കുള്ള ഗോവണി പടിക്ക് നേരെ നടക്കുമ്പോഴാണ് സ്വീകരണ മുറിയിലെ ഭിത്തിയിൽ ഫ്രെയിം ചെയ്ത് വച്ചിരുന്ന ഒരു ഫോട്ടോ പൂർണിമയുടെ കണ്ണിലുടക്കിയത്..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story