മാലയോഗം: ഭാഗം 8

malayogam shiva

രചന: ശിവ എസ് നായർ

  മുകളിലേക്കുള്ള ഗോവണി പടിക്ക് നേരെ നടക്കുമ്പോഴാണ് സ്വീകരണ മുറിയിലെ ഭിത്തിയിൽ ഫ്രെയിം ചെയ്ത് വച്ചിരുന്ന ഒരു ഫോട്ടോ പൂർണിമയുടെ കണ്ണിലുടക്കിയത്. ഒരു നിമിഷം ഞെട്ടലോടെ അവളാ ഫോട്ടോയിലേക്ക് തന്നെ നോക്കി നിന്നു. "പൂർണിമാ... താനെന്താ ഇങ്ങനെ അന്തംവിട്ട് നോക്കുന്നത്." സ്റ്റെപ്പിറങ്ങി വന്ന നരേന്ദ്രൻ അവളുടെ നിൽപ്പ് കണ്ട് ചോദിച്ചു. "ഇ... ഇത് ആരാ നരേട്ടാ??" പരിഭ്രമം ഉള്ളിലടക്കി അവൾ ചോദിച്ചു. "ഇത് എന്റെ അനിയൻ നവീൻ. താനിവനെ കണ്ടിട്ടില്ലല്ലേ. സാരമില്ല അവൻ വീഡിയോ കാൾ ചെയ്യുമ്പോൾ ഞാൻ പരിചയപ്പെടുത്തുന്നുണ്ട് രണ്ടാളെയും. തന്നെ പരിചയപ്പെടുത്തണമെന്ന് അവൻ ഇന്നലെ വിളിച്ചപ്പോൾ കൂടി പ്രത്യേകം പറഞ്ഞിരുന്നു." ചിരിയോടെ നരേന്ദ്രൻ പറഞ്ഞു. "നവീൻ എപ്പഴാ ഇവിടേക്ക് വരുന്നത്." "ഈ വർഷം അവന്റെ കോഴ്സ് കഴിയുമെന്നാണ് നവി പറഞ്ഞത്. ഇപ്പൊത്തന്നെ ഓഗസ്റ്റ് തീരാറായില്ലേ. ഈ വർഷം അവസാനം ചിലപ്പോ അവൻ വന്നേക്കാം. എപ്പഴാ വരുന്നതെന്ന് ചോദിച്ചാൽ അവനൊട്ട് വിട്ട് പറയാറുമില്ല. ഇവിടിങ്ങനെ നിന്നാൽ മതിയോ...

ഉറങ്ങണ്ടേ നമുക്ക്. ഇപ്പൊതന്നെ സമയം കുറെയായി. താൻ വന്ന് കിടക്കാൻ നോക്ക്." നരേട്ടൻ പൊയ്ക്കോളൂ. ഞാൻ കുറച്ചു ചൂടുവെള്ളമെടുത്തിട്ട് വരാം." മുഖത്തെ പരിഭ്രമം അവൻ കാണാതിരിക്കാനായി പൂർണിമ വേഗം പിന്തിരിഞ്ഞു കിച്ചണിലേക്ക് നടന്നു. നരേന്ദ്രൻ മുറിയിലേക്ക് പോയി അൽപ്പ നേരം കഴിഞ്ഞാണ് ഒരു ജഗ്ഗിൽ വെള്ളവുമായി അവൾ മുറിയിലേക്ക് ചെന്നത്. പൂർണിമയുടെ വരവും കാത്ത് കിടക്കുകയായിരുന്നു നരേന്ദ്രൻ. വാതിലടച്ച് ലോക്ക് ചെയ്ത ശേഷം വെള്ളം നിറച്ച ജഗ് മേശപ്പുറത്ത് വച്ചിട്ട് പൂർണിമയും അവനരികിലായി വന്ന് കിടന്നു. ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചം മുറിയിലാകെ പരന്നിരുന്നു. ഏസി യുടെ കുളിരിലും അവൾ വിയർത്തൊഴുകി. നരേന്ദ്രന്റെ അനിയൻ നവീന്റെ ഫോട്ടോ കണ്ടതിന്റെ ഞെട്ടൽ അവളിൽ നിന്ന് അപ്പോഴും വിട്ട് മാറിയിരുന്നില്ല. "പൂർണിമാ... താൻ ഉറങ്ങിയോ?" അവളുടെ അടുത്തേക്ക് നീങ്ങി കിടന്നുകൊണ്ട് നരേന്ദ്രൻ മെല്ലെ ചോദിച്ചു. "ഇ... ഇല്ല... നരേട്ടൻ ഉറങ്ങിയില്ലേ?" പരിഭ്രമത്തോടെ പൂർണിമ അവനെയൊന്ന് പാളി നോക്കി.

"ഇല്ലാ... ഞാനിങ്ങനെ ഓരോന്നോർത്ത് കിടക്കുകയായിരുന്നു." നരേന്ദ്രൻ അവളുടെ ഇടത് കൈപ്പത്തിയിൽ മെല്ലെ സ്പർശിച്ചു. "തനിക്കെന്താ ഒരു ടെൻഷൻ പോലെ. കയ്യൊക്കെ വിയർത്തിരിക്കുന്നല്ലോ." പെട്ടെന്നുള്ള അവന്റെയാ ചോദ്യത്തിന് മുന്നിൽ പൂർണിമയൊന്ന് പതറി. "അറിയില്ല നരേട്ടാ... എനിക്കെന്തോ ഒരു പേടിയും വെപ്രാളവും തോന്നുന്നു. അതാവും ഇങ്ങനെ." എങ്ങനെയൊക്കെയോ ആണ് അവൾ അത്രയും പറഞ്ഞൊപ്പിച്ചത്. "താൻ വെറുതെ ടെൻഷനാവണ്ട... എന്നെ പേടിക്കുകയും വേണ്ട. ഞാനിപ്പോ തന്റെ ഹസ്ബൻഡാണ്. ഇനിമുതൽ പൂർണിമയ്‌ക്കൊപ്പം എന്തിനും ഏതിനും ഞാനുണ്ടാവും. നമ്മൾ തമ്മിൽ ഒരു രഹസ്യവും പാടില്ല. മനസ്സ് തുറന്ന് അങ്ങോട്ടുമിങ്ങോട്ടും അന്യോന്യം സ്നേഹിക്കണം." അവന്റെ കൈകൾ അവളെ തഴുകി. നരേന്ദ്രന്റെ വാക്കുകൾ അവളിൽ കുറ്റബോധം ഉളവാക്കി. നവീനെ തനിക്ക് നേരത്തെ അറിയുന്ന കാര്യം അവനോട് പറയാൻ പൂർണിമയ്ക്ക് ഭയം തോന്നി. ഒരുപക്ഷേ അവനവളെ തെറ്റിദ്ധരിച്ചാൽ അവൾക്കത് സഹിക്കാനാവില്ല.

നവീനായിട്ട് ഒന്നും പറയാതിരുന്നെങ്കിലെന്ന് പൂർണിമ ആശിച്ചു. നരേന്ദ്രനവളെ ചേർത്ത് പിടിച്ചപ്പോൾ അവന്റെ നെഞ്ചിൽ മുഖമർത്തി അവൾ കണ്ണീരടക്കി. നരേന്ദ്രന്റെ കരങ്ങളുടെ മുറുക്കം കൂടുന്നത് പൂർണിമയറിഞ്ഞു. അവന്റെ അധരങ്ങൾ അവളുടേതുമായി അമരുമ്പോൾ ഏതോ ഒരോർമ്മയിൽ പൂർണിമയൊന്ന് നടുങ്ങി. നവീന്റെ ചുണ്ടുകളും ഇതുപോലെ തന്നെ ചുംബിച്ചിരുന്നുവെന്ന സത്യം അവളെ തളർത്തി. മറവിയിൽ ആണ്ടുപോയ ഓർമ്മകളാണ് ഇപ്പോൾ തന്റെ സ്വസ്ഥത കെടുത്താനായിട്ട് മനസ്സിലേക്ക് ഇരമ്പിയാർത്ത് വന്നിരിക്കുന്നത്. നവീൻ മടങ്ങിയെത്തുമ്പോൾ തങ്ങളുടെ ജീവിതം തകർന്ന് പോകരുതേയെന്ന പ്രാർത്ഥനയായിരുന്നു അവളിൽ. അസ്വസ്ഥതപ്പെടുത്തുന്ന ഓർമ്മകളെ അവഗണിക്കാൻ ശ്രമിച്ച് കൊണ്ട് നരേന്ദ്രന്റെ നെഞ്ചിലേക്ക് ഒരു പൂച്ചകുട്ടിയെ പോലെ അവൾ പതുങ്ങി. ഏസിയുടെ തണുപ്പിൽ ഒരു പുതപ്പിനുള്ളിൽ ഇരുമെയ്യായി ഇഴകി ചേരാൻ ശ്രമിക്കുമ്പോൾ അവന്റെ കര ലാളനങ്ങളിൽ പൂർണിമ സ്വയം മറക്കാൻ ശ്രമിക്കുകയായിരുന്നു. *************

അതിരാവിലെ യമുനയാണ് അവരെ വാതിലിൽ തട്ടി വിളിച്ചുണർത്തിയത്. തലേ ദിവസത്തെ ക്ഷീണം വിട്ടൊഴിഞ്ഞിരുന്നില്ലെങ്കിലും അമ്മയുടെ വഴക്ക് കേൾക്കേണ്ടി വരുമല്ലോന്നോർത്ത് പൂർണിമ വേഗം എഴുന്നേറ്റ് കുളിച്ചു റെഡിയായി വന്നു. നരേന്ദ്രനെയും എഴുന്നേൽപ്പിച്ചു കുളിച്ച് തയ്യാറായി വരാൻ പറഞ്ഞ ശേഷം അവൾ താഴേക്ക് പോയി. യമുന കിച്ചണിൽ തിരക്കിട്ട പണികളിലായിരുന്നു. "രണ്ടാളും ഇന്നും എണീക്കാൻ വൈകിയാലോന്ന് കരുതിയാ ഞാൻ അങ്ങോട്ട്‌ വന്ന് വിളിച്ചത്." പൂർണിമ വരുന്നത് കണ്ടപ്പോൾ ചിരിയോടെ യമുന പറഞ്ഞു. "എനിക്ക് തോന്നി... എങ്ങാനും എണീക്കാൻ വൈകിയാലോന്ന് കരുതി ഞാൻ അലാറം വച്ചിട്ടാ കിടന്നേ." "നരൻ എണീറ്റോ?" "ആ അമ്മേ എണീറ്റു, കുളിക്കാൻ കയറിയിട്ടുണ്ട്." "മോള് ചെന്ന് ഹാളിൽ ഇരുന്നോ. ഡ്രെസ്സൊന്നും വൃത്തികേടാക്കണ്ട."

യമുന അവളെ കിച്ചണിൽ നിന്നും പറഞ്ഞയച്ചു. മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ പൂർണിമ ഹാളിലേക്ക് പോയി സോഫയിൽ ഇരുന്നു. ശ്രീകണ്ഠൻ കോലായിലിരുന്ന് പത്രം വായിക്കുന്നത് അവൾ കണ്ടു. സ്വതവേ ഗൗരവക്കാരനായ ആളാണ് അയാളെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അവൾക്ക് മനസ്സിലായിരുന്നു. യമുനയും ഗൗരവക്കാരി ആണെങ്കിലും വല്യ കുഴപ്പമില്ലാത്ത ആളാണ്. അപ്പോഴാണ് പൂർണിമയുടെ നോട്ടം ഭിത്തിയിൽ പതിപ്പിച്ചിരുന്ന നവീന്റെ ഫോട്ടോയിൽ പാളി വീണത്. ഇവിടെ തനിക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ പോകുന്നത് നവീന്റെ സാന്നിധ്യമായിരിക്കുമെന്നോർത്ത് അവൾക്കൊരു ഉൾക്കിടിലം അനുഭവപ്പെട്ടു. നവീനിനെ കുറിച്ചുള്ള കാര്യം അവിടെ ആരോടെങ്കിലും പറഞ്ഞാൽ അവരൊക്കെ വിശ്വസിക്കുമോ എന്ന കാര്യത്തിൽ പൂർണിമയ്ക്ക് ഭയമുണ്ടായിരുന്നു. കുറേ നാളുകളായി പ്രശ്നങ്ങളൊന്നുമില്ലാതെ കഴിഞ്ഞു പോയിരുന്ന ജീവിതത്തിൽ ഇനിയും ഓരോരോ കുഴപ്പങ്ങൾ ഉണ്ടാവുമോ എന്നോർത്ത് പൂർണിമയ്ക്ക് വല്ലാത്ത വിഷമം തോന്നി.

നവീൻ അവിടെ എല്ലാവരുടെയും പ്രിയപ്പെട്ടവനാണെന്ന് അതിനോടകം നരേന്ദ്രന്റെയും യമുനയുടെയുമൊക്കെ സംസാരത്തിൽ നിന്ന് അവൾക്ക് മനസ്സിലായതായിരുന്നു. അതുകൊണ്ട് നവീനിനെ കുറിച്ചുള്ള ഒരു കാര്യവും ആരോടും പറയേണ്ടതില്ലെന്ന് പൂർണിമ ഓർത്തു. അൽപ്പ സമയത്തിനുള്ളിൽ നരേന്ദ്രൻ റെഡിയായി താഴേക്ക് വന്നു. പച്ച കരയുള്ള മുണ്ടും അതേ നിറത്തിലെ ജുബ്ബയുമായിരുന്നു അവൻ ധരിച്ചിരുന്നത്. "പൂർണിമാ... നീ റെഡിയല്ലേ?" അവളുടെ അടുത്തേക്ക് വന്ന് നരേന്ദ്രൻ പറഞ്ഞു. "ഞാൻ റെഡിയാണ് നരേട്ടാ." പൂർണിമ സോഫയിൽ നിന്നെഴുന്നേറ്റു. "എങ്കിൽ നമുക്കിറങ്ങാം വരൂ." കാറിന്റെ കീയുമായി അവൻ പുറത്തേക്ക് നടന്നു. നരേന്ദ്രന് പിന്നിലായി അവളും ചുവടുകൾ വച്ചു. "അച്ഛാ... ഞങ്ങൾ അമ്പലത്തിൽ പോയി വരാം." ശ്രീകണ്ഠനെ നോക്കി നരേന്ദ്രൻ പറഞ്ഞു. "ഹാ മോനെ.." പത്രം വായിച്ചുകൊണ്ടിരുന്ന ശ്രീകണ്ഠൻ അവരെ നോക്കിയൊന്ന് ചിരിച്ചിട്ട് വായന തുടർന്നു. മുല്ലശ്ശേരി തറവാട്ടുകാരുടെ കുടുംബ ക്ഷേത്രത്തിലേക്കാണ് അവർ പോയത്.

ദുർഗ്ഗാദേവിയാണ് അവിടുത്തെ പ്രധാന പ്രതിഷ്ഠ. ദേവിയുടെ തിരുനടയിൽ കൂപ്പുകൈകളുമായി നിന്ന് തങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ നവീൻ മുഖേന പ്രശ്നങ്ങളൊന്നും ഉണ്ടാകരുതേയെന്ന് അവൾ മനമുരുകി പ്രാർത്ഥിച്ചു. രാവിലെ തിരക്ക് പിടിച്ച് ഒരുങ്ങിയിറങ്ങുമ്പോൾ സിന്ദൂരമിടാൻ പൂർണിമ മറന്നിരുന്നു. ആ ശീലം പുതുതായതിനാൽ സത്യത്തിൽ അവളതേപറ്റി ഓർത്തിരുന്നില്ല. പൂജാരി നൽകിയ ഇലച്ചീന്തിലെ പ്രസാദത്തിൽ നിന്ന് പൂർണിമ നെറ്റിയിൽ ചന്ദനം തൊടുമ്പോഴാണ് ഒരു നുള്ള് കുങ്കുമം മോതിര വിരലിൽ തൊട്ട് നരേന്ദ്രൻ അവളുടെ സീമന്ത രേഖയിൽ ചാർത്തിയത്. "തിരക്കിനിടയിൽ മറന്നതാവും അല്ലെ. ഇനി എന്നും ഓർത്ത് ഇടണം കേട്ടോ. സിന്ദൂരം ചാർത്തുമ്പോൾ തനിക്കൊരു പ്രത്യേക ഭംഗിയാണ്." "നാളെ മുതൽ മറക്കാതെ ഇട്ടോളാം." പൂർണിമ വല്ലായ്മയോടെ അവനെ നോക്കി. അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ച ശേഷം മുണ്ടിന്റെ തലപ്പ് ഇടത് വിരലിൽ തൊട്ടെടുത്ത് അവൻ പ്രദക്ഷിണ വഴിയിലേക്ക് നടന്നു. ************

ഇരുവരും അമ്പലത്തിൽ പോയി തിരിച്ചെത്തുമ്പോൾ സമയം പത്തുമണി കഴിഞ്ഞിരുന്നു. പുറത്ത് നിന്ന് ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചിട്ടാണ് അവർ തിരികെ തറവാട്ടിൽ എത്തിച്ചേർന്നത്. വീട്ടിൽ ചെന്ന് കുറച്ചു കഴിഞ്ഞപ്പോൾ തന്നെ വിരുന്ന് വിളിച്ചിരുന്ന അടുത്തുള്ള ബന്ധു വീടുകളിൽ പോയി വരണമെന്ന് ശ്രീകണ്ഠൻ പറഞ്ഞതിൻ പ്രകാരം നരേന്ദ്രനും പൂർണിമയും യമുനയെയും കൂട്ടികൊണ്ട് ക്ഷണമുള്ളിടത്തെല്ലാം പോയി വന്നു. വൈകുന്നേരത്തോടെ തിരിച്ചെത്തുമ്പോൾ പൂർണിമ നന്നേ ക്ഷീണിച്ചു പോയിരുന്നു. വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച് കഴിച്ച് ഇരുവരും വശം കെട്ടിരുന്നു. ആദ്യ ദിവസം തന്നെ ക്ഷണത്തിന് പോയി രണ്ടുപേരും ശരിക്കും മടുത്തുപോയിരുന്നു. വന്നപാടെ ഡ്രസ്സ്‌ പോലും മാറാൻ നിൽക്കാതെ പൂർണിമ മുറിയിലേക്ക് പോയി. ക്ഷീണം കാരണം അതേ കിടപ്പിൽ തന്നെ അവൾ ഉറങ്ങിപ്പോവുകയും ചെയ്തു. എത്ര സമയം അങ്ങനെ ഉറങ്ങിയെന്നറിയില്ല. നരേന്ദ്രൻ വന്ന് തട്ടി വിളിച്ചപ്പോഴാണ് പൂർണിമ ഉറക്കം വിട്ട് എണീക്കുന്നത്. "പൂർണിമാ... ഒന്ന് എണീറ്റ് വാടോ. നവീൻ വിളിക്കുന്നുണ്ട്. തന്നെ കാണണമെന്ന് പറഞ്ഞു." ഉറക്കച്ചടവിലും അവന്റെ വാക്കുകൾ കേട്ട് അവൾ ഞെട്ടിപ്പിടഞ്ഞു. നരേന്ദ്രന്റെ കയ്യിലിരിക്കുന്ന മൊബൈലിൽ നവീനിന്റെ മുഖം കണ്ട് പൂർണിമയുടെ ഹൃദയം അതിദ്രുതം മിടിച്ചു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story