മാലയോഗം: ഭാഗം 9

malayogam shiva

രചന: ശിവ എസ് നായർ

   നരേന്ദ്രന്റെ കയ്യിലിരിക്കുന്ന മൊബൈലിൽ നവീനിന്റെ മുഖം കണ്ട് പൂർണിമയുടെ ഹൃദയം അതിദ്രുതം മിടിച്ചു. "ഹലോ... ഏട്ടത്തീ..." വീഡിയോ കാളിലൂടെ നവീൻ അവളെ നോക്കി കൈപത്തി വീശി കാണിച്ചു. "ഹ... ഹലോ..." വിക്കി വിക്കി അവൾ ഒരുവിധം പറഞ്ഞൊപ്പിച്ചു. "നിങ്ങള് തമ്മിൽ പരിചയപ്പെട്ടോളൂ... ഞാനിതാ വരുന്നു." മൊബൈൽ ഫോൺ പൂർണിമയുടെ കൈയ്യിലേക്ക് കൊടുത്ത ശേഷം നരേന്ദ്രൻ വേഗം മുറിക്ക് പുറത്തേക്ക് പോയി. "ഹലോ... ഏട്ടത്തീ... എന്നെ ഓർമ്മയുണ്ടോ?" മൊബൈലും പിടിച്ചു മിഴിച്ചിരിക്കുന്നവളെ നോക്കി നവീൻ ചിരിച്ചു. "നരേട്ടന്റെ അനിയനാണ് നീയെന്ന് ഞാൻ അറിഞ്ഞിരുന്നില്ല... അറിഞ്ഞെങ്കിൽ ഞാനീ വിവാഹത്തിന് സമ്മതിക്കില്ലായിരുന്നു." വെറുപ്പോടെ പൂർണിമയത് പറയുമ്പോൾ മറുതലയ്ക്കൽ ഒരു പൊട്ടിച്ചിരി ഉയർന്നു. "ഞാൻ നാടുവിട്ട് ഇങ്ങോട്ട് വരാൻ കാരണക്കാരിയായ പെണ്ണ് ഏട്ടത്തിയാണെന്നറിഞ്ഞാൽ അപ്പൊ തകരും എന്റെ ഏട്ടന്റൊപ്പമുള്ള ഈ ജീവിതം." ഭീഷണിയുടെ സ്വരത്തിൽ നവീൻ പറഞ്ഞു.

"പ്ലീസ്... ദയവ് ചെയ്ത് ഇനിയെന്നെ ഉപദ്രവിക്കരുത്. ഇന്നലെ വരെ നരേട്ടൻ എന്റെ ആരുമല്ലായിരുന്നു. ഇപ്പൊ അദ്ദേഹമെന്റെ ഭർത്താവാണ്. വെറുതെ പഴയതൊക്കെ ചിക്കി ചികഞ്ഞിട്ട് ഇപ്പൊ ഉള്ള ഈ ജീവിതം നശിപ്പിക്കരുത്. നീ കാരണമാണ് എനിക്ക് പഠിക്കാൻ പോലും പറ്റാതായത്. ഇനിയുമെന്നെ ഉപദ്രവിക്കാൻ ശ്രമിക്കരുത്." "എന്റെ ഏട്ടന്റെ ജീവിതത്തിൽ നിന്ന് ഏട്ടത്തിയെ ഞാൻ തുരുത്തിയോടിക്കും, നോക്കിക്കോ. പ്രിയപ്പെട്ടവർ നിഷ്കരുണം തിരസ്കരിക്കുമ്പോഴുള്ള വേദന ഏട്ടത്തിയും അറിയണം." "നരേട്ടന്റെ അനിയനാണ് നീയെന്ന് അറിഞ്ഞപ്പോൾ മുതൽ പഴയതൊക്കെ അദ്ദേഹത്തോട് പറഞ്ഞാലോ എന്നോർത്തതാണ് ഞാൻ. പക്ഷേ നരേട്ടനെന്നെ വിശ്വസിക്കാൻ കൂട്ടാക്കാതെ പാതി വഴിയിൽ ഉപേക്ഷിച്ചാൽ എന്റെ വീട്ടുകാർ പോലും എന്റെ കൂടെയുണ്ടാവില്ല. നീയുമായി ഉണ്ടായ പ്രശ്നങ്ങളൊന്നും എന്റെ വീട്ടുകാർക്ക് അറിയില്ലല്ലോ. ഇനി അറിഞ്ഞാലും അവരൊന്നും അതൊട്ട് വിശ്വസിക്കാനും പോണില്ലല്ലോ. അതുകൊണ്ട് മാത്രമാണ് ഞാൻ നിശബ്ദത പാലിക്കുന്നത്."

ദയനീയതയോടെ പൂർണിമ അവനെ നോക്കി. "ഞാൻ അങ്ങോട്ട്‌ വരുന്നത് വരെ മാത്രമേ ഏട്ടത്തിക്ക് രക്ഷയുള്ളൂ. അതുവരെ എന്റെ ഏട്ടന്റെ ഭാര്യയായി അവിടെ ജീവിച്ചോ. എന്തായാലും എന്നോട് ചെയ്തതിനൊക്കെ ഇങ്ങനെയെങ്കിലും ഞാൻ പകരം വീട്ടണ്ടേ ഏട്ടത്തീ... അന്ന് ഞാൻ കുറേ തവണ കാല് പിടിച്ച് പുറകേ നടന്നപ്പോ കേട്ടില്ലല്ലോ." "നീയെന്നെ ഭീഷണിപ്പെടുത്തുവാണോ?" "ആണെന്ന് കൂട്ടിക്കോ." "നരേട്ടനോട് ഞാനെല്ലാം തുറന്ന് പറയും." "പറഞ്ഞോ... പക്ഷേ ഏട്ടത്തിയുടെ വീട്ടുകാർ അറിഞ്ഞാൽ അവര് പോലും വിശ്വസിക്കാൻ പോകുന്നില്ല, പിന്നെയാണ് ഏട്ടൻ. പക്ഷേ ഞാൻ പറഞ്ഞാൽ എല്ലാവരും വിശ്വസിക്കും." "ഞാനെല്ലാം മറക്കാൻ ശ്രമിക്കുകയാണ്... വെറുതെ ഉപദ്രവിക്കരുത്. നീയന്ന് അങ്ങനെയൊക്കെ എന്നോട് മോശമായി പെരുമാറിയിട്ടല്ലേ ഞാൻ പ്രിൻസിപ്പളിന് കംപ്ലയിന്റ് കൊടുത്തത്. അതിന് എന്നെയിങ്ങനെ ടോർച്ചർ ചെയ്യരുത്." "അപ്പോഴത്തെ ദേഷ്യത്തിന്റെയും വാശിയുടെയും പുറത്ത് പറ്റിപ്പോയ തെറ്റിന് ഞാനെത്ര തവണ സോറി പറഞ്ഞു.

അതൊരു ഇഷ്യൂ ആക്കി എല്ലാവർക്കും മുൻപിൽ എന്നെ നാണംകെടുത്തി. അതിന്റെ പേരിൽ അവസാനം കോളേജിൽ നിന്നെന്നെ പുറത്താക്കിയതിന് കാരണവും ഏട്ടത്തിയല്ലേ." അവന്റെ ഏട്ടത്തി വിളിയിൽ നിറഞ്ഞ് നിന്ന പരിഹാസം അവളെ ചൊടിപ്പിച്ചു. "എന്റെ ഭാഗത്തെ മിസ്റ്റേക്ക് എന്തായിരുന്നു?" "അന്നത്തെ പ്രിൻസിപ്പിലച്ഛന്റെ വാക്ക് കേട്ടല്ലേ ഏട്ടത്തി എനിക്കെതിരെ കംപ്ലയിന്റ് നൽകിയത്. നമ്മൾ തമ്മിലുള്ള പ്രശ്നം നമുക്ക് തന്നെ പരിഹരിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും ഈഗോയുടെ പേരിൽ എന്തൊക്കെയാ അന്ന് കാണിച്ചു കൂട്ടിയത്. കംപ്ലയിന്റ് പിൻവലിക്കാൻ വേണ്ടി പട്ടിയെ പോലെ ഞാൻ നിങ്ങളുടെ പുറകെ നടന്നതൊന്നും ഞാൻ മറന്നിട്ടില്ല." "നിന്നോട് തർക്കിക്കാൻ എനിക്ക് വയ്യ. ദയവ് ചെയ്ത് എന്റെ സ്വസ്ഥത കെടുത്താനായിട്ട് വിളിക്കരുത്. നിന്നോട് സംസാരിക്കാൻ എനിക്ക് താല്പര്യമില്ല." ദേഷ്യം പിടിച്ച് പൂർണിമ ഫോൺ കട്ട്‌ ചെയ്തു. കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ നവീനുമായുണ്ടായ ഇഷ്യൂ അവളുടെ മനസ്സിലേക്ക് വന്നു.

പ്ലസ് ടു വിന് മാർക്ക്‌ നല്ല കുറവായത് കൊണ്ട് പൂർണിമയ്ക്ക് അടുത്തുള്ള കോളേജുകളിലൊന്നും സീറ്റ് കിട്ടിയിരുന്നില്ല. അതുകൊണ്ട് വീട്ടിൽ നിന്ന് കുറച്ചു ദൂരെയുള്ളൊരു എയ്ഡഡ് കോളേജിലാണ് അവൾ ഡിഗ്രിക്ക് ജോയിൻ ചെയ്തത്. പൂർണിമയുടെ അച്ഛന്റെയൊരു പരിചയക്കാരൻ വഴിയാണ് അവൾക്കവിടെയൊരു സീറ്റ് തരപ്പെടുത്തി കൊടുത്തത്. പഠിക്കാൻ സ്വതവേ പിന്നിലോട്ടായിരുന്നതിനാൽ ബി എ മലയാളമായിരുന്നു പൂർണിമ ഡിഗ്രിക്ക് തിരഞ്ഞെടുത്തത്. വീട്ടിൽ നിന്നും ദൂരകൂടുതലുള്ളത് കൊണ്ട് അമ്മാവന്റെ വീട്ടിൽ നിന്നാണ് അവൾ കോളേജിൽ പോയി പഠിച്ചിരുന്നത്. പൂർണിമ ചേർന്ന അതേ കോളേജിൽ പിജി സെക്കന്റ്‌ ഇയർ പഠിക്കുകയായിരുന്നു നവീനും. കോളേജിൽ ജോയിൻ ചെയ്ത സമയത്ത് നവീനും ഫ്രണ്ട്സുമൊക്കെ റാഗിങ്ങിന്റെ പേരിൽ പൂർണിമയെയും മറ്റ് ജൂനിയർ സ്റ്റുഡൻസിനെ കൊണ്ടുമൊക്കെ സീനിയർ ആൺപിള്ളേരെ പ്രൊപ്പോസ് ചെയ്യിപ്പിക്കൽ പാട്ട് പാടിപ്പിക്കലൊക്കെ ഉണ്ടായിരുന്നു. ഹരാസ് ചെയ്യുന്ന രീതിയിൽ സീനിയേഴ്‌സ് റാഗ് ചെയ്താൽ സ്റ്റുഡെൻസിനു ഓഫീസിൽ കംപ്ലയിന്റ് ചെയ്യാമെന്ന് പ്രിൻസിപ്പൽ ഉത്തരവിട്ടിട്ടുണ്ടായിരുന്നു.

അതുകൊണ്ട് ജൂനിയേഴ്‌സിനെ മാനസികമായി തളർത്തുന്ന തരത്തിലുള്ള റാഗിംഗ് ഒന്നും ക്യാമ്പസ്സിൽ നടന്നിരുന്നില്ല. ആദ്യ ദിവസം തൊട്ടേ നവീൻ പൂർണിമയെ ശ്രദ്ധിച്ചിരുന്നു. ക്ലാസ്സ്‌ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തൊട്ട് അ അവളുടെ പിന്നാലെ ഇഷ്ടമാണെന്ന് പറഞ്ഞ് നടന്ന് ശല്യം ചെയ്യാൻ തുടങ്ങി. പൂർണിമ അവനെ തീരെ മൈൻഡ് ആക്കിയതേയില്ലായിരുന്നു. ഒരു ദിവസം ഡിപ്പാർട്മെന്റിൽ പോയി അസൈമെന്റ് സബ്മിറ്റ് ചെയ്ത ശേഷം തിരിച്ചു വരുകയായിരുന്ന പൂർണിമയെ കൈയ്യിൽ കയറി പിടിച്ച് നവീൻ തടഞ്ഞു നിർത്തി. "ഡോ... എനിക്ക് തന്നെ ഇഷ്ടമാണ്. വെറുതെ തമാശയ്ക്കല്ല ഞാനിങ്ങനെ പുറകേ നടക്കുന്നത്. ആദ്യ കാഴ്ചയിൽ തന്നെ തന്നെ കണ്ടപ്പോൾ എന്തോ ഒരിഷ്ടം തോന്നി." "എനിക്ക് ഇഷ്ടമില്ലെന്ന് ഞാനൊരു നൂറുവട്ടം പറഞ്ഞതല്ലേ. പിന്നേം എന്തിനാ ഇങ്ങനെ പുറകേ നടന്ന് ശല്യം ചെയ്യുന്നത്. ഇനിയെന്റെ പുറകേ വന്നാൽ ഞാൻ പ്രിൻസിപ്പലിന് കംപ്ലയിന്റ് കൊടുക്കും." അവന്റെ കൈ ബലം പ്രയോഗിച്ച് വിടുവിച്ച് കൊണ്ട് പൂർണിമ മുന്നോട്ട് നടക്കാനാഞ്ഞു.

"നിനക്കെന്താടി എന്നെ ഇഷ്ടപ്പെട്ടാൽ?" അവളുടെ വഴി തടഞ്ഞുകൊണ്ട് നവീൻ മുൻപിൽ കയറി നിന്നു. "വഴീന്ന് മാറ്... എനിക്ക് പോണം. വെറുതെ ഓരോ പ്രശ്നമുണ്ടാക്കല്ല്. ഞാൻ കോളേജിൽ വരുന്നത് പഠിക്കാൻ വേണ്ടിട്ടാ. അല്ലാതെ പ്രേമിച്ചു നടക്കാനൊന്നുമല്ല. തനിക്ക് പ്രേമിക്കാൻ ഈ കോളേജിൽ വേറെയും പെൺപിള്ളേരുണ്ടല്ലോ." "എനിക്ക് തന്നെയാ ഇഷ്ടപ്പെട്ടത്. താനും എന്നെ ഇഷ്ടപ്പെട്ടേ പറ്റൂ. ഇല്ലെങ്കിൽ ഇഷ്ടപ്പെടുത്താൻ എന്ത് ചെയ്യണമെന്ന് എനിക്കറിയാം." പൂർണിമയെ ഭിത്തിയോട് ചേർത്ത് നിർത്തി അവന്റെ മുഖം അവളുടെ മുഖത്തിന്‌ നേർക്ക് അടുപ്പിച്ചുകൊണ്ട് ദേഷ്യത്തോടെ അവൻ പറഞ്ഞു. നവീനിൽ നിന്ന് വമിക്കുന്ന സിഗരറ്റിന്റെ രൂക്ഷ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറിയതും പൂർണിമ മുഖം വെട്ടിച്ചു. "മുന്നീന്ന് മാറെടോ... എനിക്ക് ക്ലാസ്സിൽ പോണം." "എന്നെ ഇഷ്ടാണെന്ന് പറഞ്ഞിട്ട് നീ പോയാൽ മതിയെടി." ഇരുകൈകളും ഭിത്തിയിൽ അമർത്തി നവീൻ അവളെ ലോക്കാക്കി നിർത്തി. ദേഷ്യം വന്ന പൂർണിമ കൈവീശി അവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു. കുറച്ചു ദൂരെ മാറി നിന്ന് രംഗം വീക്ഷിക്കുകയായിരുന്ന നവീന്റെ ഫ്രണ്ട്‌സൊക്കെ ആ കാഴ്ച കാണുന്നുണ്ടായിരുന്നു.

കലികയറിയ നവീൻ അവളുടെ കഴുത്തിന് കുത്തിപ്പിടിച്ച അതേ സമയത്താണ് കോളേജ് പ്രിൻസിപ്പിൾ ഫാദർ ഫെലിക്സ് അതുവഴി വന്നതും അവനെ കയ്യോടെ പൊക്കിയതും. പൂർണിമ നടന്ന കാര്യം പ്രിൻസിപ്പളിനോട്‌ പറഞ്ഞതും അയാളവനെ കണക്കിന് ശകാരിച്ചു വിട്ടു. ഇനി മേലിൽ അവളുടെ പിന്നാലെ നടന്ന് ശല്യം ചെയ്യരുതെന്നും താക്കീത് ചെയ്തു. കോളേജിലെ സ്ഥിരം നോട്ടപ്പുള്ളിയായ ഗാങ് ആയിരുന്നു നവീന്റേം ഫ്രിണ്ട്സിന്റേം. ഫാദറിന് അവരെ ആദ്യം മുതലേ ഒട്ടും ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് തന്നെ അതിന്റെ പേരിൽ നവീനിന് കോളേജിൽ നിന്ന് ഒരു മാസത്തെ സസ്‌പെൻഷനും കിട്ടി. കൂട്ടുകാർക്ക് മുന്നിൽ പൂർണിമ കാരണം അവൻ നാണംകെട്ടു. സസ്പെൻഷൻ കഴിഞ്ഞു തിരികെ വന്ന നവീൻ തല്ക്കാലം അവളോട് നേരിട്ടൊന്നിനും പോകാതെ സംയമനം പാലിച്ചു. പക്ഷേ കൂട്ടുകാരുടെ നിരന്തരമായ കളിയാക്കലുകൾ നവീന്റെ മനസ്സിൽ അവളോട് പക വളരാൻ കാരണമായി. പൂർണിമയോട് പ്രതികാരം വീട്ടാൻ അവൻ ഒരവസരം കാത്തിരുന്നു.. അന്ന് കോളേജിൽ ആർട്സ് ഡേ ആയിരുന്നു. പൂർണിമയും നവീനും തമ്മിൽ ആ ദിവസം നടന്ന പ്രശ്നമാണ് കോളേജിൽ നിന്ന് നവീനിനെ പുറത്താക്കാൻ കാരണമായി തീർന്നത്..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story