മൽഹാർ: ഭാഗം 1

malhar

രചന: RAIZA

നേരം പുലർന്നു വരുന്നേ ഉള്ളൂ.... പുലർകാല മഞ്ഞ് അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നുണ്ട്.. അവയുടെ വിടവാങ്ങലിന് സമയം ആയെന്ന് അറിയിച്ചു കൊണ്ട് സൂര്യ കണങ്ങൾ മഞ്ഞു തുള്ളികളെ പൊതിയുന്നുവെങ്കിലും പോകാൻ മടിച്ചു നിന്ന് കൊണ്ട് അവ ഇലകളിൽ പറ്റിപ്പിടിച്ചു നിദ്രയെ പുൽകുന്നുണ്ട്..... 

മരങ്ങളിൽ ഇടം പിടിച്ച് നനുത്ത കുളിരിൽ ഇറുകി പിടിച്ചു നിൽക്കുന്ന പക്ഷി കൂട്ടങ്ങളിലേക്ക്  സൂര്യ കിരണങ്ങൾ പതിക്കുന്നുണ്ട്... ചിറകുകൾ കുടഞ്ഞു കൊണ്ട് അവ പറന്നുയരാൻ തയ്യാറായി നിൽക്കുന്നു... 

ദിനേനയുള്ള പുലർകാല കാഴ്ചയാണിത്.....  നിര നിരയായുള്ള ഓറഞ്ച് തോട്ടത്തിനും തൂങ്ങിയാടുന്ന മുന്തിരിതോട്ടത്തിനും നടുവിൽ തല പൊന്തിച്ചു നിൽക്കുന്ന മനോഹരമായ  ബംഗ്ലാവിന് ചുറ്റുമുള്ള കൺ കുളിർമയേകുന്ന കാഴ്ച....... 


"സാക്കീ....... മോനേ..... "


സ്നേഹം തുളുമ്പുന്ന പ്രായമേറിയ എന്നാൽ തേജസ്സാർന്ന ആ ശബ്ദം ബംഗ്ലാവിനകത്തു നിന്നും തുറന്നിട്ട ജനാലയിലൂടെ പുറത്തേക്ക് ഒഴുകിയതും മരച്ചില്ലകളിൽ പതിഞ്ഞിരിക്കുന്ന കിളികൾ ഉഷാറോടെ കണ്ണുകൾ തുറന്നു..... 
അവക്കറിയാം.... എന്നുമുള്ള ഈ സ്നേഹ ശാസന എന്തിനാണെന്ന്..... 


"മോനെ സാക്കീ.... "


വീണ്ടും ആ ശബ്ദം വീടിനുള്ളിൽ അലയടിച്ചു... എന്നാൽ ഇപ്രാവശ്യം ശബ്ദത്തിന് ഉടമ വേറൊരാളായിരുന്നു..
ശബ്ദം ഒന്നലയടിച്ച ശേഷം   ആ ശബ്ദം നിന്നതും സ്റ്റെയർകയ്‌സിലെ ആദ്യ സ്റ്റെപ്പിൽ രണ്ട് വലതു കാലുകൾ ഒരേ സമയം  പതിഞ്ഞു.... 


ഈ സമയം  റൂമിനുള്ളിൽ തലവഴി പുതപ്പിട്ട് മൂടി പുതച്ചു കിടക്കുന്ന സാക്കിയുടെ ചെവിയിൽ ആ രണ്ടു ശബ്ദങ്ങളും മൃദുലമായി വന്നണഞ്ഞതും പാതി ഉറക്കിലും അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു..... 
കണ്ണുകൾ തുറക്കാതെ തന്നെ അവൻ പുതപ്പ് മുഖത്തു നിന്നും പതിയെ മാറ്റി.... വാതിലിനു നേരെ ചെരിഞ്ഞു കിടന്നു കൊണ്ട് ഇടം കണ്ണാൽ അവൻ വാതിലിനടുത്തേക്ക് നോക്കി.. 


"സാക്കീ.... "

ചാരിയ വാതിലിന്റെ വിടവിലൂടെ ഉമ്മിയുടെ പുഞ്ചിരിയാർന്ന മുഖം കണ്ടതും മനസ്സ് നിറഞ്ഞൊരു പുഞ്ചിരി അവന്റെ ചുണ്ടിലും വിരിഞ്ഞു.. ഉമ്മിയുടെ പിറകിൽ തന്നെ മറ്റൊരു മുഖം കണ്ടതും അവന്റെ പുഞ്ചിരിക്ക് മാറ്റ് കൂട്ടി... കണ്ണുകൾ തുറന്ന് പുഞ്ചിരിയോടെ ചെരിഞ്ഞു കിടന്നു കൊണ്ട് അവൻ അവരെ നോക്കി.... 
എന്നാൽ രണ്ടു പേരുടെയും കയ്യിൽ ചായ കപ്പ് കണ്ടതും പെട്ടന്ന് അവന്റെ മുഖത്ത്  വിവിധ ഭാവങ്ങൾ മിന്നി മറഞ്ഞു.. അടുത്ത നിമിഷത്തിൽ തന്നെ അവൻ പുതപ്പ് തല വഴി മൂടി കിടന്നു... 


"സാക്കീ.... ഇനിയും എഴുന്നേൽക്കാനായില്ലേ.. എന്തൊരു ഉറക്കമാ "

സ്നേഹ ശാസനയോടെ ഉമ്മി അരികിൽ വന്നതും ഉമ്മിയെ മറി കടന്നു കൊണ്ട് മറ്റെയാൾ പുതപ്പിൽ പിടുത്തമിട്ടു.. 


"സാക്കീ.... എണീക്ക്.. എന്നും ഇങ്ങനെ വിളിക്കാൻ കാത്ത് നിൽക്കണോ "


തലയിൽ നിന്നും പുതപ്പ് വലിച്ചു മാറ്റിയതും സാക്കി ചിരിച്ചു കൊണ്ട് ബെഡിൽ എഴുന്നേറ്റിരുന്നു.. 


"നീ ചിരിക്കൊന്നും വേണ്ട.. വേഗം എഴുന്നേറ്റെ.. "


"എന്റെ  ഉമ്മീച്ചിയേ . ഞാൻ എഴുന്നേറ്റോളാം.. ചെറിയ കുട്ടിയൊന്നും അല്ലല്ലോ... ഇങ്ങനെ വന്ന് വിളിക്കാൻ "


സാക്കി പരിഭവം പറഞ്ഞതും രണ്ട് പേരും അവന്റെ ഇരു ചെവിയിലും പിടിച്ചു.. 

"ചെറിയ കുട്ടികൾ  ഇതിലേറെ ഭേദമാണ്.. ഞങ്ങൾ വന്ന് വിളിച്ചില്ലേൽ നീ പോത്ത് പോലെ കിടന്നുറങ്ങും... "


"ആഹ്.. അതേ.. എന്നും ഞങ്ങൾ വന്ന് വിളിക്കാൻ വേണ്ടിയല്ലേ നീ ഉറക്കം നടിച്ചു കിടക്കുന്നത്.. "

"അയ്യോ.. സോറി.. ഞാൻ ഒന്നും പറഞ്ഞില്ലേയ്.. രണ്ടു പേരും ചെവിയിൽ നിന്നും വിട്... വൂ... "

ബെഡിൽ ഇരുന്ന് തുളളി കളിച്ചു കൊണ്ട് സാക്കി പറഞ്ഞതും അവർ രണ്ടു പേരും ചെവിയിൽ നിന്നും കയ്യെടുത്തു.. 


"വേഗം എണീക്ക് സാക്കീ.. "

ഉമ്മച്ചി വീണ്ടും പറഞ്ഞതും ചിരിച്ചു കൊണ്ട് സാക്കി എഴുന്നേൽക്കാനായി പുതപ്പ് മേലേ നിന്ന് മാറ്റി...നിലത്ത് കാലുകൾ കുത്താൻ നിന്നതും രണ്ടു ചായ കപ്പുകൾ ഒരേ സമയം അവന്റെ മുന്നിലേക്ക് വന്നു.... 


ഒപ്പം ഒരേ സമയം രണ്ടു ഉമ്മമാരും  ചായ കപ്പ് മുന്നിലേക്ക് നീട്ടിയതും സാക്കി ഒന്ന് നെടുവീർപ്പിട്ട് കൊണ്ട് അവരെ നോക്കി... 

  'പടച്ചോനെ... ഓരോ ദിവസവും ഓരോ കാരണം ഉണ്ടാക്കി ഇത് സോൾവ് ആക്കണം.. ഇന്നിപ്പോ കഴിഞ്ഞ ആഴ്ചത്തെ അടവ് തന്നെ എടുക്കാം.. '

മനസ്സിൽ ആലോചിച്ചു കൊണ്ട് സാക്കി രണ്ടു പേരുടെയും കയ്യിൽ നിന്നും ചായ കപ്പ് വാങ്ങി കൊണ്ട് രണ്ടും ഒപ്പം കുടിച് തീർത്തു... 


"അള്ളോഹ്.... ഇപ്പൊ ഒരുണർവ് കിട്ടി... ഇനി ഞാൻ കുളിച്ചു വരാം.. "


രണ്ടു ഉമ്മമാരുടെയും കവിളിൽ പിച്ചി കൊണ്ട് സാക്കി കുളിക്കാൻ പോയി... അവൻ പോയതും ചിരിച്ചു കൊണ്ട് അവർ റൂമിൽ നിന്നും പോയി... 

അല്ലാ...... നിങ്ങളിത് എങ്ങോട്ടാ വായിച്ചു പോകുന്നേ... വല്ലതും മനസ്സിലാവുന്നുണ്ടോ..... ഞാൻ പറഞ്ഞു തരാം.... എന്നെ മനസ്സിലായില്ലേ.... ഞാൻ നിങ്ങളുടെ സ്വന്തം സാക്കി..... 
പിന്നെ ഇവിടെ കണ്ട രണ്ടു ഉമ്മമാർ.രണ്ടു പേരും എന്റെ  ജീവനാണ്.. 
ഉമ്മിയെ മനസ്സിലായിട്ടുണ്ടാവും അല്ലേ .. പിന്നെ ഉമ്മച്ചി... അതാരാണെന്ന് അറിയേണ്ടേ... 
റസിയുടെയും സീനുവിന്റെയും മൂത്തമ്മ.. മാസങ്ങൾക്ക് മുൻപ് മൂത്താപ്പ മരിച്ചതും മൂത്തമ്മക്ക് വീണ്ടും അസുഖം കൂടി... ആരോരുമില്ലാത്ത മൂത്തമ്മയെ ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നു.. അല്ലെങ്കിലും എന്റെ കാരണം കൊണ്ട് തന്നെയല്ലേ മൂത്തമ്മ ഈ അവസ്ഥയിൽ എത്തിയത്.. തേജയുടെ ഓർമ്മകളിൽ നിന്നും ഇപ്പോൾ മൂത്തമ്മ മോചിതയായിട്ടുണ്ട്... ഇവിടെ വന്നതിൽ പിന്നെ മൂത്തമ്മ എന്നെ സ്വന്തം മകനായിട്ടാണ് കാണുന്നത്...ഞാൻ ഉമ്മച്ചി ആയിട്ടും മൂത്തമ്മയെ കാണുന്നു.. 
അത് കൊണ്ട് തന്നെ ഇവിടെ ഇപ്പോൾ തല്ലാണ് ഉമ്മിയും ഉമ്മച്ചിയും തമ്മിൽ.. രണ്ടു പേരിൽ ഒരാളോട് അടുത്ത് പെരുമാറിയാൽ മറ്റേ ആൾക്ക് വിഷമം വരും..  അതിനാൽ ഇവരെ മാനേജ് ചെയ്തു കൊണ്ട് പോകാൻ വലിയ പണിയാണ്..... 

 
ഇപ്പോൾ ഏകദേശ ധാരണ കിട്ടിയില്ലേ.... ഇനി ഞാൻ കുളിച്ചു വരാം.. താഴെക്ക് ഫുഡ്‌ കഴിക്കാൻ പോകാനുള്ളതാ.. അവിടുത്തെ യുദ്ധം കണ്ടറിയാം..... 


*************


"സാക്കീ.... "


കുളി കഴിഞ്ഞ് ഇറങ്ങിയതേ ഉള്ളൂ.. അപ്പോഴേക്കും താഴെ നിന്നും വിളി തുടങ്ങി.. ഇനി ഞാൻ ഓഫിസിലേക്ക് ഇറങ്ങുന്നത് ഇവർ വിളിച്ചോണ്ടിരിക്കും... 

"സാക്കീ... ദേ ഈ ഷർട്ട്‌ ഇട്ടോ... "


മുടി ചീകി കൊണ്ടിരിക്കുന്നതിനിടയിൽ  ആണ് ഉമ്മച്ചി  തേച്ചു വെച്ച ബ്ലൂ കളർ ഷർട്ടുമായി വന്നത്... ഉമ്മച്ചിക്ക് നേരെ പുഞ്ചിരിച്ചു കൊണ്ട് ഷർട്ട്‌ വാങ്ങിയതും ഉമ്മി റൂമിലേക്ക് വന്നു.. 


"ദേ പാന്റ്ഉം കോട്ടും... വേഗം റെഡിയാവ്‌... ഇന്ന് നേരം വൈകിയിട്ടുണ്ട്... ഇനി പ്രാതൽ കഴിക്കാൻ നിൽക്കാതെ പോകും.. "


"അയ്യോ.. ഇല്ല ഉമ്മീ.. കഴിച്ചിട്ടേ പോകൂ.... "


ഉമ്മിയുടെ കയ്യിൽ നിന്നും പാന്റും കോട്ടും വാങ്ങിയതും ഉമ്മച്ചി മുന്നിൽ കയറി നിന്നു.. 


"ഹാ.. കഴിക്കാതെ പോയാലുളള അവസ്ഥ നിനക്കറിയാമല്ലോ... "


"അള്ളോഹ്.. പൊന്നുമ്മച്ചിയേ.. ഓർമിപ്പിക്കല്ലേ..."


രണ്ടു പേർക്കും നേരെ കൈകൂപ്പി ചിരിച്ചു കൊണ്ട് പറഞ്ഞതും അവർ രണ്ടു പേരും ചിരിച്ചു... 
അന്ന് ഒരു നാൾ ഇത് പോലെ ഓഫിസിൽ പോകാൻ ലേറ്റ് ആയപ്പോൾ ഞാൻ ഫുഡ്‌ കഴിക്കാതെ പോയിരുന്നു... ഓഫിസിൽ എത്തിയിട്ട് രണ്ടു പേരും ഫോൺ വിളിച്ച് ഒരു സുഖവും തന്നില്ല... ക്യാന്റീനിൽ നിന്നും കഴിക്കാൻ പറഞ്ഞിട്ട്... അന്നത്തെ ദിവസം മറക്കില്ല... പിന്നെ ഫുഡ്‌ കഴിക്കാതെ ഞാൻ എങ്ങോട്ടും പോകാറേ ഇല്ല... 


"ഹാ.. വേഗം വാ.. നിന്നെ കരുതിയിട്ടാ ഞങ്ങൾ ഓരോന്ന് ഉണ്ടാക്കുന്നത്..... അല്ല... ഇന്ന് അക്കി വിളിച്ചില്ലേ... വിളിക്കേണ്ട സമയം കഴിഞ്ഞല്ലോ.. "


ഉമ്മി അത് പറഞ്ഞതും ഞാൻ വാച്ചിലേക്ക് നോക്കി.. 


"ഒരു മിനിറ്റ് കൂടി ഉണ്ട് ഉമ്മീ.. ഇപ്പൊ വിളിക്കും... "


പറഞ്ഞു നാവ് ഉള്ളിലേക്കിട്ടില്ല.. അപ്പോഴേക്കും ഫോൺ റിങ് ചെയ്തു... 


ട്രിം.... ട്രിം... ട്രിം... 


രണ്ടു ഉമ്മമാരെയും നോക്കി ഇപ്പൊ എങ്ങനെയുണ്ടെന്ന അർത്ഥത്തിൽ ചിരിച്ചു കൊണ്ട് ഞാൻ ഫോൺ  എടുത്തു . ഡിസ്പ്ലേയിൽ അക്കിയുടെയും ജെനിയുടെയും ഫോട്ടോ കണ്ടതും ചെറു പുഞ്ചിരിയാൽ ഞാൻ  ഫോൺ അറ്റൻഡ് ചെയ്തു...


"ഹെലോ... അക്കീ... "


"ആഹ്.. സാക്കീ... എന്തൊക്കെ മോനേ വിശേഷങ്ങൾ. "


"പോടാ നാറീ... അവൻ വിശേഷം ചോദിക്കാൻ വിളിച്ചിരിക്കുന്നു.. എന്നെ ഈ രണ്ടു ഉമ്മമാരുടെയും ഇടയിൽ തനിച്ചാക്കി കറങ്ങാൻ പോയിരിക്കല്ലേ രണ്ടും...  "


ഉമ്മമാരെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞതും രണ്ടു പേരും എന്റെ തലക്കൊരു കൊട്ട് തന്നു.. 

"ഹിഹിഹി.... എങ്ങനെയുണ്ട് സാക്കീ... എന്നും ഈ നേരത്ത് വിളിക്കുന്നത് നിനക്ക് ജീവൻ ഉണ്ടോ ന്ന് അറിയാനാ "


"ഡാ അക്കീ...  നീ പറഞ്ഞു വരുന്നത് ഞങ്ങൾ ഇവനെ ഇവിടെയിട്ട് കൊല്ലാകൊല ചെയ്യുന്നെന്നാണോ.. "


ഉമ്മി എന്റെ കയ്യിൽ നിന്നും ഫോൺ തട്ടി പറിച്ചു വാങ്ങികൊണ്ട് ചോദിച്ചതും ഞാൻ ചിരി കടിച്ചു പിടിച്ചു നിന്നു.. 


"അള്ളോഹ്.. ഉമ്മീ.. ഞാൻ അങ്ങനെ പറയുമോ... അവനോട് ചുമ്മാ പറയുന്നതല്ലേ... സത്യം പറഞ്ഞാൽ അസൂയയാ... സ്നേഹം മുഴുവൻ അവനൊറ്റക്ക് അനുഭവിക്കല്ലേ "


"നിന്നോടാരും പറഞ്ഞില്ലല്ലോ അവിടെ പോയിരിക്കാൻ.. "


"മോനേ.. എവിടെ റസി മോൾ.. "


ഉമ്മിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി കൊണ്ട് ഉമ്മച്ചി ചോദിച്ചതും മറു തലക്കൽ അക്കിക്ക് പകരം ജെനിയുടെ ശബ്ദം എത്തി.. 


"ഞാൻ ഇവിടെ ഉണ്ട് മൂത്തമ്മാ...  "


ഫോണും പിടിച്ച് രണ്ടു ഉമ്മമാരും ചിരിയോടെ അവരോട് സംസാരിക്കാൻ തുടങ്ങിയതും ഞാൻ ഓഫിസിൽ പോകാൻ റെഡിയാവാൻ തുടങ്ങി... 


"ആഹ്.. ഞാൻ സാക്കിക്ക് കൊടുക്കാം..... "


കുറച്ചു നേരത്തെ സംസാരത്തിനൊടുവിൽ ഉമ്മി ഫോൺ തന്നു... ഞാൻ ഫോൺ വാങ്ങി ചെവിയിൽ വെച്ചതും ഫുഡ്‌ എടുത്തു വെക്കാനായി രണ്ടു പേരും റൂം വിട്ട് പോയി.. 

"ആഹ്... ജെനി... "


"എന്റെ സാക്കീ... ഉമ്മിക്കും മൂത്തമ്മക്കും ഒരേ ഒരു കാര്യമേ പറയാൻ ഉള്ളൂ.. നിന്റെ കല്യാണ കാര്യം.. "


"ഹാ.. ഏത് നേരവും ഇവിടെ ഇത് തന്നെ... ആ അക്കി നാറിയോട് പെട്ടന്ന് വരാൻ പറ.. എനിക്ക് വയ്യ എല്ലാം കൂടി നോക്കി നടത്താൻ.. കമ്പനിയിലെ വർക്ക്‌ പ്രഷർ വേറെ.. വീട്ടിൽ വന്നാൽ കല്യാണ വിഷയം വേറെ... എനിക്കും ഒന്ന് അടിച്ചു പൊളിക്കണം... "

"അതിനല്ലേ സാക്കീ നിന്നോട് പെണ്ണ് കെട്ടാൻ പറഞ്ഞത്.. നീ വേണ്ടെന്നു പറഞ്ഞിട്ടല്ലേ..പെണ്ണ് കെട്ടി നീ ഇങ്ങോട്ട് പോര്... ഇവിടെ അടിച്ചു പൊളിക്ക്..  "


"എങ്ങനെ പറയാതിരിക്കും.. പെണ്ണ് കാണാൻ പോയാൽ രണ്ടു ഉമ്മമാരിൽ ആർക്കെങ്കിലും ഒരാൾക്ക് പറ്റില്ല... ഉമ്മിക്ക് ഇഷ്ടപ്പെട്ട കുട്ടിയെ ഉമ്മച്ചിക്ക് പറ്റില്ല.. ഉമ്മച്ചിക്ക് ഇഷ്ടപ്പെട്ടാൽ ഉമ്മി അതിന് എന്തെങ്കിലും മുടക്ക് പറയും... പിന്നെ ഞാൻ എന്താ ചെയ്യാ... "


"ഹഹഹ ഹഹഹ... ഹഹഹ   "


"ചിരിക്ക്... രണ്ടു പേരും കൊല ചിരി ചിരിക്ക്.. എന്തായാലും ഇനി ഞാൻ ആരെയും കാണാൻ പോവില്ല.. രണ്ടു ഉമ്മമാർക്കും പറ്റുന്ന പെൺകുട്ടിയെ അവർ തന്നെ എന്റെ മുന്നിൽ വരുത്തട്ടെ... അവർ പറയുന്ന ആരെയും ഞാൻ കെട്ടും "

"എങ്കിൽ സാക്കീ... ഈ ജന്മം നിനക്ക് പെണ്ണ് കിട്ടില്ല.. "


മറു തലക്കൽ അക്കിയും ജെനിയും ചിരി നിർത്താൻ പാട് പെടുന്നെന്ന് മനസ്സിലായതും സാക്കി ഫോൺ കട്ട് ചെയ്തു... 

ആരാ വിളിച്ചതെന്ന് പറയേണ്ടല്ലോ അല്ലേ... നിങ്ങളുടെ ബ്യൂട്ടിഫുൾ ജോഡികൾ ആയ അക്കിയും ജെനിയും... അവരിപ്പോൾ മലേഷ്യയിൽ ആണ്.. കമ്പനിയുടെ പ്രൊജക്റ്റ്‌ ന്റെ ഭാഗമായി പോയതാണ്.. പ്രൊജക്റ്റ്‌ ഒക്കെ കഴിഞ്ഞിട്ട് രണ്ട് മാസമായി.. അവരിപ്പോ അവിടെ അടിച്ചു പൊളിക്കാണ്... ഞാനാണേൽ ഇവിടെ കമ്പനി നോക്കി നടത്തി പെടാ പാട് പെടുന്നു.. പഴയ പോലെ കളിച്ചു ചിരിച്ചു നടക്കാനൊന്നും പറ്റുന്നില്ല.. വർക്ക്‌ പ്രഷർ മൊത്തം എന്റെ തലയിൽ ആണ്.. അത്‌ കൊണ്ട് തന്നെ ഇപ്പോൾ സ്വൽപ്പം ദേഷ്യമൊക്കെ കൂടുതലാ... ഓഫിസിൽ എത്തിയാൽ പറയേ വേണ്ട.. അവരുടെ AKD സാറിനേക്കാൾ പേടി എന്നെയാ... 
ഈ അഞ്ചാറു മാസം കൊണ്ട്  ഞാനാകെ മാറി മറിഞ്ഞിട്ടുണ്ട്... വീട്ടിൽ നിന്നിറങ്ങിയാൽ അധിക സംസാരമില്ല.. കമ്പനിയിൽ ഭയങ്കര സ്ട്രിക്റ്റ് ആണ്...  എല്ലാം അക്കിയുടെ കാരണം കൊണ്ട് തന്നെയാണ്... അവൻ എന്നെ എല്ലാ ഉത്തരവാദിത്തവും ഏല്പിച്ചത് കൊണ്ടാണ് ഞാനാകെ മാറിയത്... 


ഓരോന്ന് ചിന്തിച്ചു നിന്നപ്പോഴേക്കും താഴെ വിളി തുടങ്ങിയിരുന്നു.. 
വേഗം റെഡിയായി കൊണ്ട് താഴേക്ക് ഇറങ്ങാൻ നിന്നപ്പോൾ ആണ് ഓഫീസിൽ നിന്നും കാൾ വന്നത്.. വർമയാണ്....കാൾ അറ്റൻഡ് ചെയ്തു കൊണ്ട് ഞാൻ ലിവിങ് റൂമിലേക്ക് നടന്നു.... 


"സാക്കീ... എവിടെ നീ.. "

വീണ്ടും ഉമ്മിയുടെ വിളി കേട്ടതും 
ഓഫിസിൽ നിന്നുള്ള ഇമ്പോര്ടന്റ്റ്‌ കാൾ കട്ട് ചെയ്തു കൊണ്ട്  ഞാൻ  സ്റ്റെയർകയ്‌സ് ഇറങ്ങാൻ തുടങ്ങി..... 


"എന്താ സാക്കീ.. വിളിച്ചാൽ വന്നൂടെ.... "


ഫോൺ കോട്ടിലെ പോക്കറ്റിൽ ഇട്ട് കൊണ്ട് ഞാൻ ഉമ്മിയുടെ അടുത്തേക്ക് ചെന്നതും ഉമ്മി മുഖം വീർപ്പിച്ചു നിന്നു... 


"എന്റെ പൊന്നു ഉമ്മീ.. ഓഫിസിൽ നിന്നുള്ള കാൾ ആയിരുന്നു "


"അക്കിയെ പോലെ തന്നെ ഏത് നേരവും ഓഫിസ്, ജോലി എന്ന വിചാരം മാത്രമേ ഉള്ളൂ.. നേരാവണ്ണം ഭക്ഷണം പോലും കഴിക്കുന്നില്ല നീ..."


"എന്റെ സോഫി കുട്ടീ... ഈ പ്രൊജക്റ്റ്‌ എനിക്ക് വലിയ ഇമ്പോര്ടന്റ്റ്‌ ആണ്. അക്കി എന്നെ ഏൽപ്പിച്ചു പോയ വലിയൊരു ദൗത്യം ആണത്... എന്ത് വില കൊടുത്തും ഞാൻ ഈ പ്രൊജക്റ്റ്‌ നേടിയിരിക്കും... അതിന് വേണ്ടി ഉള്ള ഓട്ടപാച്ചിൽ ആല്ലേ ഈ ഒരാഴ്ചയായി... 
എന്റെ പൊന്നു ഉമ്മി അങ്ങ് ക്ഷമിക്ക്.. എല്ലാം ഉമ്മിക്കറിയാവുന്നതല്ലേ.. പിന്നെ ഉമ്മച്ചിയെ പോലെ ഓരോന്ന് പറയുകയാണോ "


"ഇല്ല സാക്കീ.. ഞാൻ വെറുതെ പറഞ്ഞതല്ലെ... നീ വന്നേ.. കഴിക്ക്.. "


"അല്ല.. ഉമ്മച്ചി എവിടെ... സാധാരണ ഞാൻ താഴേക്ക് വരുമ്പോഴേക്കും ഇവിടെ ഉണ്ടാവേണ്ടതാണല്ലോ... ചെവിയിൽ പിടിച്ചു തിരിച്ച് കസേരയിൽ ഇരുത്തിക്കുന്ന ആള് ഇന്നെവിടെ പോയി... "


അതും പറഞ്ഞു കൊണ്ട് ഞാൻ തിരിഞ്ഞതും നേരെ മുന്നിൽ കയ്യും കെട്ടി നിൽക്കുന്ന ആളെ കണ്ട് ഇളിച്ചു കൊണ്ട് ഞാൻ കസേരയിൽ ഇരുന്നു... 


"സാറെ തിരക്ക് കഴിയാൻ കാത്തിരിക്കുകയായിരുന്നു.. കഴിഞ്ഞോ... "


"ഹിഹിഹി.. കഴിഞ്ഞു മേഡം "


ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞതും ഉമ്മച്ചി ചെവി പിടിച്ചു പൊന്നാക്കി.. 


"ഇപ്പോൾ തന്നെ ലേറ്റ് ആയി.. നീ വേഗം കഴിക്കാൻ നോക്ക് "


ഉമ്മച്ചി എന്റെ ചെവിയിൽ പിടിച്ചതും ഉമ്മി ഇടയിൽ കയറി പറഞ്ഞു.. അതിന്റെ അർത്ഥം മനസ്സിലാക്കിയ ഞാൻ ചിരി അടക്കാൻ പാട് പെട്ടു.. രണ്ട് പേരെയും മാറി മാറി നോക്കി കൊണ്ട് ചിരിയാൽ ഫുഡിലേക്ക് നോക്കി.... 
ആ സമയം എന്റെ മുഖത്തെ ചിരിയെല്ലാം മാഞ്ഞു കൊണ്ട് നിസ്സഹായതയോട് ഞാൻ ഇരുന്നു.. 


         (തുടരും)

Share this story