മൽഹാർ: ഭാഗം 11

malhar

രചന: RAIZA

സിസ്റ്ററുടെ ശബ്ദത്തിന് പിറകെ ജെനി ഇത്തയുടെ ചിരിയോടെയുള്ള ശബ്ദം അവ്യക്തമായി കേട്ടു എന്ന് തോന്നിയതും മുഖം വെള്ളം കൊണ്ട് കഴുകിയ ശേഷം ചുണ്ടിൽ പുഞ്ചിരി വരുത്തി കൊണ്ട് ഞാൻ വേഗത്തിൽ പുറത്തേക്ക് നടന്നു.... ജെനി ഇത്തയുടെ വരവിന്റെ ഉദ്ദേശം എന്തായിരിക്കുമെന്നായിരുന്നു അപ്പോൾ മനസ്സ് മുഴുവൻ.... ************ കുറച്ചു നാളുകൾ മാത്രമേ ആയിട്ടുള്ളൂ ഇവിടെ നിന്നും വിട്ട് നിന്നിട്ട്... എങ്കിലും ഒരുപാട് വർഷങ്ങൾ ആയ പോലെ... മനസ്സിൽ നിറഞ്ഞ സന്തോഷത്തോടെ ഞാൻ സ്വർഗത്തിലേക്ക് കാലെടുത്തു വെച്ചതും മദറും സിസ്റ്റർമാരും എന്റെ അരികിലേക്ക് വന്നു.. എന്നെ കണ്ടതും മദർ എന്നെ വാരിപ്പുണർന്നു.... പലപ്പോഴായി ഞാൻ അനുഭവിച്ചിരുന്ന ഈ വാത്സല്യം വീണ്ടും എന്നെ തേടി എത്തിയത് കൊണ്ടോ നാളുകൾക്ക് ശേഷം ഇവരെയൊക്കെ കണ്ടത് കൊണ്ടോ എന്തോ ..

കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു തുളുമ്പി... "ജെനി... നിനക്കൊരു മാറ്റവും ഇല്ലല്ലോ മോളെ... ആ പഴയ ജെനി തന്നെ... " എന്റെ തലയിൽ തലോടി കൊണ്ട് അമല സിസ്റ്റർ പറഞ്ഞതും ഞാൻ പുഞ്ചിരിച്ചു... ഇവിടെ ഇങ്ങനെ നിൽക്കുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷവും ആശ്വാസവും തോന്നുന്നു... സാക്കി പറഞ്ഞത് പോലെ സ്വർഗം ആകെ മാറിയത് പോലെ.... "ജെനി.... നീയെന്ത് ആലോചിച്ചു നിൽക്കുവാ.. . കയറി പോര്.. നിന്റെ സ്വർഗം തന്നെയാ.. ആരുടേയും അനുവാദത്തിനോ ക്ഷണത്തിനോ കാത്ത് നിൽക്കേണ്ട ആവശ്യം നിനക്കില്ല..." സ്വർഗം മുഴുവൻ ഒന്ന് കണ്ണോടിക്കുന്നതിനിടയിൽ ആണ് മദർ അത് പറഞ്ഞത്...

മുഖം തിരിച്ച് ചിരിയോടെ മദറിനെ നോക്കി മറുപടി പറയാൻ വാ തുറന്നതും കുട്ടികൾക്ക് മിട്ടായി വീതിച്ചു കൊടുക്കുകയായിരുന്നു അക്കി ഞങ്ങളുടെ അടുത്തേക്ക് വന്ന് എന്റെ തോളിൽ കയ്യിട്ട് നിന്നു.. "ഇത് കേൾക്ക് മദർ .. ഇവളില്ലേ... മലേഷ്യയിൽ വെച്ച് ഏത് നേരം നോക്കിയാലും ഇവിടുത്തെ കാര്യം പറഞ്ഞ് എന്റെ ചെവി തിന്നും... ഞാൻ ഇല്ലേൽ കിളികൾ പറക്കില്ല, പൂക്കൾ വിടരില്ല, കാറ്റ് വീശില്ല.. മഴ പെയ്യില്ല......" ഇടം കണ്ണ് കൊണ്ട് എന്നെ നോക്കി ചിരിയാൽ അക്കി പറഞ്ഞതും മദറും സിസ്റ്റർമാരും ചിരിക്കാൻ തുടങ്ങി.. അത് കണ്ടതും ഞാൻ അക്കിയുടെ കാലിൽ ആഞ്ഞു ചവിട്ടി. "മദർ.. ഈ അക്കി ചുമ്മാ പറയുന്നതാ... ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല." മദറിന്റെ അടുത്തേക്ക് നിന്ന് കയ്യിൽ പിടിച്ച് ചിണുങ്ങി കൊണ്ട് ഞാൻ പറഞ്ഞതും മദർ എന്റെ കവിളിൽ പതിയെ തലോടി...

"നീ അങ്ങനെ പറയില്ലെന്ന് ഞങ്ങൾക്കറിയാമല്ലോ... പിന്നെ... സ്വർഗത്തിലെ മാലാഖ സ്വർഗം വിട്ട് പോയാൽ ചിലപ്പോൾ അക്കി പറഞ്ഞത് പോലെ കിളികൾ പറക്കാതിരിക്കുകയും മഴ പെയ്യാതിരിക്കുകയുമൊക്കെ ചെയ്യും. പക്ഷെ... മാലാഖ മറ്റൊരു മാലാഖയെ സ്വർഗം ഏൽപ്പിച്ചിട്ടല്ലേ പോയേക്കുന്നത്.... അല്ലെ ജെനി..., " മദർ എന്നെയും അക്കിയെയും നോക്കി അങ്ങനെ പറഞ്ഞതും ഞാൻ മുറ്റത്ത് നിന്ന് കൊണ്ട് തന്നെ അകത്തേക്ക് കണ്ണുകൾ പായിച്ചു... "ഇങ് അകത്തേക്ക് കയറി വാ... അവൾ അകത്തുണ്ട്... " ഞാൻ തിരയുന്നത് ഫെല്ലയെ ആണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അമല സിസ്റ്റർ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് അകത്തേക്ക് വരാൻ പറഞ്ഞു.. അക്കിയും ഞാനും അകത്തേക്ക് കയറി സോഫയിൽ ഇരുന്നതും സിസ്റ്റർ ഞങ്ങൾ വന്നത് അറിയിച്ചു കൊണ്ട് ഫെല്ലയെ നീട്ടി വിളിച്ചു..

"മദർ... എന്തായി ഞാൻ പറഞ്ഞത്... " ഹാളിലെ വാതിലിനടുത്തേക്ക് നോക്കി അവളുടെ വരവും കാത്ത് ഇരിക്കുന്നതിനിടയിൽ ഞാൻ പതിയെ മദറിനോട്‌ ചോദിച്ചു.. "ഞാൻ ഒന്നും പറഞ്ഞിട്ടില്ല അവളോട്‌... ജെനി ചില ഉദ്ദേശം വെച്ച് കൊണ്ടാണ് വരുന്നേ എന്ന് മാത്രം പറഞ്ഞു.. ബാക്കി വിശദമായി നീ തന്നെ പറഞ്ഞാൽ മതി... അവളൊരു പാവം കുട്ടിയാ.. എതിര് പറയത്തില്ല.. " മദറിന്റെ വാക്കുകൾ മനസ്സിന് കുറച് ആശ്വാസം നൽകിയെങ്കിലും ഫെല്ലയുടെ മറുപടി എന്തായിരിക്കുമെന്നോർത്ത് ടെൻഷൻ നല്ലത് പോലെ മനസ്സിനെ വലിഞ്ഞു മുറുക്കുന്നുണ്ട്... "ഹാ... വന്നല്ലോ നമ്മുടെ മാലാഖ.. " സിസ്റ്ററുടെ ശബ്ദം കേട്ടതും ഞാൻ പെട്ടന്ന് തല ഉയർത്തി നോക്കി...

പുഞ്ചിരിയോടെ ഞങ്ങളുടെ നേരെ വരുന്ന ഫെല്ലയെ കണ്ടതും ഞാൻ എഴുന്നേറ്റ് അവളുടെ നേരെ നടന്നു.... ************ ജെനി ഇത്ത വന്നെന്നറിഞ്ഞതും മനസ്സിൽ ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും ഒപ്പം ചുണ്ടിൽ പുഞ്ചിരിയുമായി ഞാൻ ഹാളിലേക്ക് നടന്നു.... അവിടെ എല്ലാവരും സോഫയിൽ ഇരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു.. സിസ്റ്റർമാരുടെയും മദർന്റെയും നടുവിലിരുന്ന് പുഞ്ചിരിയോടെ എന്നെ നോക്കുന്ന ജെനി ഇത്തയുടെ നേർക്ക് ഞാൻ നടന്നു... എന്നെ കണ്ടതും ഇത്ത എഴുന്നേറ്റ് കൊണ്ട് എന്റെ അടുത്തേക്ക് വന്നു.. "ദേ... ഇവൾ ഇവിടെ ഉണ്ടാവുമ്പോൾ സ്വർഗത്തെ ഓർത്ത് എനിക്കൊരു ടെൻഷനും ഇല്ല ട്ടോ.. എന്നേക്കാൾ നന്നായി ഇവളെന്റെ സ്വർഗത്തെ പരിപാലിക്കുമെന്ന് എനിക്കറിയാം.." അരക്കെട്ടിലൂടെ കൈ വെച്ച് എന്നെ ഇത്തയോട് ചേർത്ത് നിർത്തി കൊണ്ട് അക്കി ഇക്കാക്കയോട് ജെനി ഇത്ത പറഞ്ഞതും ഇക്കാക്ക ചിരിച്ചു കൊണ്ട് കൈ കൂപ്പി...

"ഇത്താ... സുഖമല്ലേ.. ഇത്ത വരുന്നെന്ന് മദർ പറഞ്ഞപ്പോൾ വിശ്വസിക്കാനായില്ല.. സർപ്രൈസ് ആയി പോയി... " "ഇപ്പോൾ വരാൻ ഉദ്ദേശിച്ചിരുന്നില്ല... പിന്നെ... വരേണ്ടി വന്നു.. " ജെനി ഇത്ത എന്റെ നേരെ നോക്കി പറഞ്ഞതും ഞാൻ ഒന്നും മിണ്ടാതെ ഇത്തയെ നോക്കി നിന്നു... എന്തൊക്കെയോ തീരുമാനിച്ചിട്ടാണ് ഇവരുടെ പെട്ടന്നുള്ള ഈ വരവെന്ന് ഇപ്പോൾ മനസ്സിലായി.... "ചായ കുടിച്ചിട്ട് മതി ഇനിയുള്ള സംസാരം... ജെനി, അക്കി വന്നേ..." മദർ പറഞ്ഞതും പലഹാരങ്ങൾ എടുത്തു വെക്കാൻ വേണ്ടി ഞാൻ നേരെ അടുക്കളയിലേക്ക് പോയി.... ************ "ഹാ... എനിക്കിഷ്ടപ്പെട്ട എല്ലാം ഉണ്ടല്ലോ... എന്തിനാ മദർ ഇത്രയും വിഭവങ്ങൾ.. വെറുതെ ഫെല്ലയെ ബുദ്ധിമുട്ടിക്കാൻ.. "

നിരത്തി വെച്ച പലഹാരങ്ങൾക്ക് മുന്നിൽ ഇരുന്ന് കൊണ്ട് ഞാൻ പറഞ്ഞപ്പോഴേക്കും അക്കി കഴിക്കാൻ തുടങ്ങിയിരുന്നു. അക്കിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കേസരി അക്കിയുടെ മുന്നിൽ തന്നെ ഫെല്ല കൊണ്ട് വന്ന് വെച്ചിട്ടുണ്ട്.. ഇനിയിപ്പോ അത് മുഴുവൻ കഴിക്കാതെ അക്കി എണീക്കില്ല... മദറും സിസ്റ്റർമാരും എന്നെ തീറ്റിക്കുന്ന തിരക്കിലാണ്... എന്നാൽ എന്റെ കണ്ണുകൾ മുഴുവൻ ഫെല്ലയുടെ മേലായിരുന്നു.. അവളെ ഒന്ന് തനിച്ചു കിട്ടാൻ എന്താ വഴിയെന്നായിരുന്നു മനസ്സിൽ നിറയെ... ആ സമയത്താണ് ഫെല്ല ഹവ്വ മോളെയും കൊണ്ട് പൂന്തോട്ടത്തിൽ നിൽക്കുന്നത് കണ്ടത്.... അത് കണ്ടതും കയ്യിലെ സ്പൂൺ പ്ലേറ്റിൽ ഇട്ട് കൊണ്ട് മദറിനോട്‌ കാര്യം പറഞ്ഞു കൊണ്ട് ഞാൻ പുറത്തേക്ക് നടന്നു.... ************

"ഇച്ചേച്ചി.....നോക്ക്.. " ജെനി ഇത്തയ്ക്കും അക്കി ഇക്കാക്കക്കും ചായ എടുക്കുന്നതിനിടയിലാണ് ഹവ്വ മോൾ ചിണുങ്ങി കൊണ്ട് അടുക്കളയിലേക്ക് വന്നത്.. കളിക്കിടെ വീണതാണെന്ന് തോന്നുന്നു കാലിൽ ചെറിയ മുറിവുണ്ട്... "അച്ചോടാ... മോൾക്ക് വേദനിക്കുന്നുണ്ടോ... സാരല്ല ട്ടോ. ഇപ്പൊ മാറും " കാലിൽ പതിയെ ഊതിയതും അവൾ വീണ്ടും ചിണുങ്ങാൻ തുടങ്ങി... കാല് കുടഞ്ഞു കൊണ്ടവൾ കരയാൻ തുടങ്ങിയതും ഞാൻ അവളെ എടുത്തു കൊണ്ട് പൂന്തോട്ടത്തിലേക്ക് നടന്നു... കാലിൽ ഊതി കൊടുത്തും അവളെ സമാധാനിപ്പിച്ചും പൂന്തോട്ടത്തിലൂടെ നടക്കുന്നതിനിടയിലാണ് ജെനി ഇത്ത ഞങ്ങളുടെ അടുത്തേക്ക് വന്നത്..

"അയ്യോ.. . മോൾക്ക് മുറിവായോ... വന്നിട്ട് മോളെ കാണാൻ കിട്ടിയില്ല..ഇപ്പൊ കണ്ടതോ കരയുന്ന ഹവ്വ മോളെ. ഛെ.. നല്ല കുട്ടികൾ കരയില്ലല്ലോ.... ദേ നോക്ക്... കരയുന്ന ഹവ്വ കുട്ടിയെ കാണാൻ ഒരു രസവുമില്ല... മോള് ചിരിച്ചേ..., " ജെനി ഇത്ത ഓരോന്ന് പറഞ്ഞ് ഹവ്വ മോളെ ചിരിപ്പിച്ചതും ഞാൻ അവളെ പൂന്തോട്ടത്തിലെ ഇരിപ്പിടത്തിൽ ഇരുത്തി.. "മോളിവിടെ ഇരുന്നോ... ഇനി കളിക്കേണ്ട.. കാല് വേദനിക്കും.. " അവൾക്ക് മുന്നിൽ മുട്ട് കുത്തിയിരുന്നു കൊണ്ട് ഞാൻ പറഞ്ഞതും അവൾ എഴുന്നേറ്റു.. "എന്റെ വേദന മാറിയല്ലോ... ഞാൻ കളിക്കാൻ പോകാ.. " എന്റെ കവിളിൽ ഉമ്മ തന്ന് കൊണ്ട് അവൾ ഓടി പോയതും ഞാൻ അവളെ പിറകെ നിന്നും വിളിച്ചു.. എന്നാൽ അതൊന്നും കേൾക്കാൻ നിൽക്കാതെ അവൾ അപ്പുറത്തേക്ക് ഓടി പോയിരുന്നു.. "അവളുടെ ഒരു കാര്യം.. ഇത്രയും നേരം ചിണുങ്ങി നിൽക്കേർന്നു.. കണ്ടില്ലേ ഓടി പോകുന്നത്... "

അവൾ പോയ വഴിയും നോക്കി ചിരിച്ചു കൊണ്ട് ഞാൻ ജെനി ഇത്തയോട് പറഞ്ഞതും ഇത്ത ചിരിച്ചു കൊണ്ട് എന്റെ അരികിലേക്ക് നീങ്ങി നിന്നു.. മുഖം തിരിച്ചു കൊണ്ട് ഞാൻ ഇത്തയെ നോക്കിയതും ഇത്ത എന്റെ കയ്യിൽ പിടിച്ചു "വാ.. നമുക്ക് നടക്കാം... " എന്റെ കയ്യിൽ നിന്നും വിട്ട് കൊണ്ട് ഇത്ത മുന്നിൽ നടന്നതും ഒരു നെടുവീർപ്പിട്ട് കൊണ്ട് ഞാനും ഇത്തയുടെ പിറകെ നടന്നു...... "ഫെല്ലാ... ഹവ്വ മോളെ നിനക്ക് നല്ല ഇഷ്ടമാണല്ലേ... " നടക്കുന്നതിനിടയിൽ ഇത്ത സംസാരത്തിന് തുടക്കം കുറിച്ചതും ഇത്തയെ നോക്കി കൊണ്ട് ഞാൻ മറുപടി നൽകി.. "എന്റെ ജീവനാണ് ഇത്താ... " "ഇത് പോലെ എനിക്കും പ്രിയപ്പെട്ടതായിരുന്നു ലിയ മോൾ...

ലിയ മോളെ ഇവിടെ നിന്നും ദത്ത് എടുക്കാണെന്ന് മദർ പറഞ്ഞപ്പോൾ ശ്വാസം നിലച്ച പോലെ ആയിരുന്നു... പക്ഷെ.. ആ ദത്ത് ആയിരുന്നു എന്റെ ജീവിതം മാറ്റി മറിച്ചത്.. ഒട്ടും പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങൾ സംഭവിച്ചു... ജീവിതം ഇങ്ങനെയാണ്... പ്രതീക്ഷികാത്തത് സംഭവിച്ചു കൊണ്ടേയിരിക്കും... ചിലപ്പോൾ അവക്ക് മധുരമാവും... ചിലപ്പോൾ കയ്പ്പും.... " എന്നെ നോക്കാതെ മുന്നിലുള്ള കുന്നിലേക്ക് നോക്കി കൊണ്ട് ജെനി ഇത്ത പറഞ്ഞതും ഇത്ത പറഞ്ഞു വരുന്നതെന്താണെന്ന് മനസ്സിലാവാതെ ഞാൻ ഇത്തയെ തന്നെ നോക്കി നിന്നു... "ഫെല്ലാ... നിനക്ക് ഹവ്വ മോൾ എത്ര പ്രിയപ്പെട്ടതാണോ അതിനേക്കാൾ കൂടുതൽ സാക്കിക്ക് അവൾ പ്രിയപ്പെട്ടതാണ്...

അവന്റെ ഓരോ വാക്കിലും എനിക്കത് അറിയാൻ കഴിഞ്ഞിട്ടുണ്ട്... " പരസ്പരം ബന്ധം ഇല്ലാതെ ഓരോന്ന് ജെനി ഇത്ത പറയുമ്പോഴും എന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു വരാൻ തുടങ്ങിയിരുന്നു... ഞാൻ ഇത്തയെ നോക്കി നിന്നതും പെട്ടന്ന് ഇത്ത എന്റെ നേരെ നോക്കി... "ഞാൻ പറയുന്നത് നിനക്ക് മനസ്സിലാവുന്നില്ല അല്ലെ.., " ജെനി ഇത്തയുടെ ചോദ്യത്തിന് ഇല്ലെന്ന് തലയാട്ടിയതും ഇത്ത ചിരിച്ചു കൊണ്ട് എന്റെ കയ്യിൽ പിടിച്ചു... "ഹവ്വ മോൾ എന്നും കൂടെ ഉണ്ടായെങ്കിലെന്ന ആഗ്രഹം സാക്കിക്ക് ഉണ്ട്.. അവളെ അവൻ സ്വന്തം മകളായി വീട്ടിലേക്ക് കൊണ്ട് പോയാൽ നിനക്ക് താങ്ങാൻ കഴിയില്ലല്ലോ... സോ.... " "ഇത്ത എന്താണ് പറഞ്ഞു വരുന്നത്...." സംശയത്തോടെ ഞാനത് ചോദിച്ചതും ഇത്ത എനിക്ക് മറുപടി നൽകി.. ഒട്ടും പ്രതീക്ഷിക്കാത്ത മറുപടി കേട്ടതും ഇത്താന്റെ കയ്യിൽ നിന്നും എന്റെ കൈ വലിച്ചു കൊണ്ട് ഞാൻ ഒരടി പിറകോട്ട് നീങ്ങി നിന്നു...

. "വാട്ട്‌...... !!!!!!!!????? " ************ "മിസ്റ്റർ.. വർമ... എല്ലാം ഓക്കേ അല്ലെ.. നാളെ ഒരു പാളിച്ചയും വരാൻ പാടില്ല... ഈ പ്രൊജക്റ്റ്‌ നമുക്ക് തന്നെ കിട്ടണം...," "യെസ് സർ.. എവെരിതിങ് ഈസ്‌ ഓക്കേ... " "ഗുഡ് " കോട്ട് ശെരിയാക്കി കൊണ്ട് ഞാൻ വർമ്മയോടൊപ്പം കോൺഫറൻസ് ഹാളിലേക്ക് നടന്നു... കമ്പനിയിലെ പ്രമുഖ ഫാഷൻ ഡിസൈനേഴ്‌സ് എല്ലാവരും എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.. അവരുടെ മുന്നിൽ ചെന്ന് നിന്ന് നാളത്തെ മീറ്റിംഗ് നെ കുറിച്ച് സംസാരിച്ചു...... "അപ്പോൾ... എല്ലാവർക്കും പറഞ്ഞത് മനസ്സിലായില്ലേ... നിങ്ങൾ എട്ടു പേർ ചേർന്ന് ഇന്ന് ഈവെനിംഗ് ഉള്ളിൽ നാളേക്ക് വേണ്ട പ്രസന്റേഷൻ തയ്യാറാക്കണം... ഒരു തരത്തിലുള്ള മിസ്റ്റേക്ക് ഉം വരാൻ പാടില്ല..

അറിയാമല്ലോ.. നമ്മുടെ കമ്പനിക്ക് എത്രത്തോളം ഇമ്പോര്ടന്റ്റ്‌ ആണ് ഈ പ്രൊജക്റ്റ്‌ എന്ന്... " "യെസ് സർ... " "ഓക്കേ.. യു മേ ലീവ് നൗ " കോൺഫറൻസ് പിരിച്ചു വിട്ട് കൊണ്ട് ഞാൻ നേരെ ക്യാബിനിലേക്ക് നടന്നു... മനസ്സ് മുഴുവൻ നാളത്തെ മീറ്റിംഗ് ആയിരുന്നു... എന്ത് വില കൊടുത്തിട്ടായാലും ഈ പ്രൊജക്റ്റ്‌ സ്വന്തമാക്കണം.... ദൃഢ നിശ്ചയത്തോടെ ഞാൻ ലാപ്പ് ഓൺ ചെയ്തു.. ************ ഫോൺ ടേബിളിൽ വെച്ച് കൊണ്ട് ഞാൻ സോഫയിൽ ചാരി ഇരുന്നു.... ഫെല്ലയുടെ വീട്ടിൽ നിന്നും വന്നത് മുതൽ മനസ്സ് ആകെ അസ്വസ്ഥമാണ്.. മുന്നോട്ടുള്ള കാര്യങ്ങൾ ആലോചിക്കും തോറും ഹൃദയം വിറക്കുന്ന പോലെ... ഫെല്ലയുടെ വാക്കുകൾ കാതിൽ അലയടിക്കുകയാണ്..

തേങ്ങി കൊണ്ടുള്ള അവളുടെ ചോദ്യത്തിന് ഉത്തരം നൽകാൻ എനിക്കാവാത്തത് കൊണ്ടാണ് കാൾ കട്ട് ചെയ്തത്... എന്തിന് പടച്ചോനെ ഞങ്ങൾക്കിങ്ങനെയൊരു പരീക്ഷണം.... അവളുടെ ചോദ്യത്തിന് എന്ത് ഉത്തരം ഞാൻ നൽകും... അവളെ സ്നേഹിച്ചത് ആത്മാർത്ഥമായി തന്നെ എന്ന് പറഞ്ഞാൽ... അവളുടെ മറു ചോദ്യം താങ്ങാൻ എനിക്കാവില്ല.... സത്യം മുഴുവൻ അവളോട്‌ പറഞ്ഞാൽ ഞാൻ അനുഭവിക്കുന്ന ഈ വേദന അവളും അനുഭവിക്കില്ലേ.. ഒരുപക്ഷെ.... എന്നേക്കാൾ കൂടുതൽ.... ഇതിനൊരു പരിഹാരം ഉണ്ടാവില്ലേ നാഥാ.. കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് ഞാൻ ഓഫിസ് റൂമിലെ സോഫയിൽ കൈകൾ മുഖത്തെ മറച്ചിരുന്നു.

. "റിഹാൻ...... " ആ സമയം ഉപ്പയുടെ വിളി കാതിൽ എത്തിയതും ഞാൻ വേഗം സോഫയിൽ നിന്നും എഴുന്നേറ്റു... കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ ഹാളിലേക്ക് വേഗത്തിൽ നടന്നു... അവിടെ ഹാളിലെ സോഫയിൽ എന്റെ വരവും പ്രതീക്ഷിച്ചു കൊണ്ട് ഉപ്പ ഇരിക്കുന്നുണ്ടായിരുന്നു.. തല താഴ്ത്തി കൊണ്ട് ഞാൻ ഉപ്പാക്ക് മുന്നിൽ നിന്നതും തല ഉയർത്തി കൊണ്ട് ഉപ്പ എന്നെ നോക്കി... " ഹാ... വന്നോ.. അറിയാമല്ലോ.. നാളെയാണ് മീറ്റിംഗ്.. പറഞ്ഞത് മറന്നിട്ടില്ലല്ലോ... നമ്മുടെ കമ്പനിക്ക് തന്നെ ഈ പ്രൊജക്റ്റ്‌ ലഭിക്കണം...." "ആഹ്... " "മം... എന്നാ പോയി അതിനുള്ള തയ്യാറെടുപ്പ് നടത്ത് " ഉപ്പാന്റെ കല്പന കേട്ടതും മറുത്തൊന്നും പറയാതെ ഞാൻ മുകളിലെ റൂമിലേക്ക് പോകാനായി തിരിഞ്ഞു നടന്നു... "റിഹാൻ.... ഒരു നിമിഷം " വീണ്ടും ഉപ്പ വിളിച്ചതും ഞാൻ എന്താണെന്ന അർത്ഥത്തിൽ തിരിഞ്ഞു നോക്കി.. ഉപ്പാന്റെ മുഖത്തെ ഗൗരവം കൂടുന്നത് കണ്ടതും കാര്യം എന്താണെന്ന് ഞാൻ ഊഹിച്ചു...

" കല്യാണത്തിന്റെ ഡേറ്റ് എന്നാണെന്ന് അറിയാമല്ലോ....കഴിഞ്ഞു പോയ കാര്യങ്ങൾ വീണ്ടും ചികഞ്ഞെടുത്ത് ഇത് മുടക്കാനാണ് ഭാവമെങ്കിൽ.......... അറിയാല്ലോ എന്നെ..... " ഭീഷണിയുടെ കനപ്പിച്ച സ്വരം ഉപ്പയിൽ നിന്നും ഉയർന്നതും തലയാട്ടി കൊണ്ട് ഞാൻ വേഗത്തിൽ അവിടെ നിന്നും നടന്നു.... ഉപ്പാന്റെ ഈ മനോഭാവത്തിൽ ഹൃദയം നുറുങ്ങുന്ന വേദന ഞാൻ അനുഭവിക്കുന്നുണ്ട്.... എന്നാൽ... ആരെന്തു പറഞ്ഞാലും ഈ കല്യാണം നടക്കില്ല... ഒരിക്കലും നടക്കാൻ പാടില്ല.... ആദ്യമായി ഞാനെന്റെ ഉപ്പയെ ധിക്കരിക്കാൻ പോവുകയാണ്... റൂമിലേക്ക് പോകാൻ സ്റ്റെയർകെയ്‌സ് കയറാനായി കാലെടുത്തു വെച്ചതും പഴയ ഓർമ്മകൾ എന്നെ വലിഞ്ഞു മുറുക്കി... ഓരോ സ്റ്റെപ്പിലും കാലെടുത്തു വെക്കുമ്പോഴും ഫെല്ലയുടെ മനോഹരമായ ചിരിയും കൊലുസിന്റെ കിലുക്കവും അവിടെയാകെ തങ്ങി നിൽക്കുന്ന പോലെ......

അവളുടെ ഗന്ധം മായാതെ കിടക്കുന്ന ഓരോ മൂലകളിലും എന്റെ കൈകൾ തലോടലിനായ് കുതിച്ചു.... കണ്ണുനീരിനെ സാക്ഷിയാക്കി കൊണ്ട് ഞാൻ വാതിൽ തുറന്നതും ഹൃദയമിടിപ്പ് ഉയർന്നു... റൂമിലേക്ക് കയറാൻ മടിച്ചു കൊണ്ട് ഞാൻ ഒരു നിമിഷം കണ്ണുകളടച്ചു..... എന്റെ ഫെല്ലയെ എന്നെന്നേക്കുമായി എനിക്ക് നഷ്ടപ്പെട്ടയിടം..... അല്ല.... ഞാൻ നഷ്ടപ്പെടുത്തിയ ഇടം.... ആ നശിച്ച നിമിഷം.. ഉള്ളിൽ നുരഞ്ഞു പൊങ്ങിയ ദേഷ്യവും സങ്കടവും കണ്ണീരായി പുറത്തേക്ക് വന്നതും കണ്ണുകൾ തുറന്നു കൊണ്ട് ഞാൻ റൂമിലേക്ക് പ്രവേശിച്ചു.... എന്തോ.... ഇപ്പോൾ അവളുടെ ഗന്ധം മാഞ്ഞത് പോലെ... അവളുടെ കളി ചിരികൾ കാതിൽ നിന്നും അകന്ന പോലെ..... ഓർമ്മകളുടെ നിറം മങ്ങാൻ തുടങ്ങിയ പോലെ.... നെടുവീർപ്പിട്ട് കൊണ്ട് ഞാൻ ബെഡിലേക്ക് ഒരു നിമിഷം നോക്കി നിന്നു.. പിന്നെ മുഖം തിരിച്ചു കൊണ്ട് സോഫയിൽ ചെന്നിരുന്നു..... ...

ഓർക്കും തോറും വേദന മാത്രം സമ്മാനിക്കുന്ന ഓർമകൾക്ക് വിലങ്ങു വെക്കണം..... ഫെല്ലയുടെ ഓർമകളിൽ നിന്നും രക്ഷ നേടാനായി ഞാൻ ടേബിളിൽ ഇരിക്കുന്ന ഫയലുകൾ കയ്യിലെടുത്തു.... ഉപ്പാന്റെ ഉത്തരവ് പോലെ കാര്യങ്ങൾ പെർഫെക്ട് ആയിരിക്കണം.... നാളത്തെ മീറ്റിംഗ് ന് വേണ്ടി പ്രസന്റേഷൻ തയ്യാറാക്കാനായി ഞാൻ ഫയലുകൾ പഠിക്കാൻ തുടങ്ങി.. മണിക്കൂറുകൾ നീണ്ട പഠനത്തിന് ശേഷം ഒരു കാര്യം വ്യക്തമായി... ഈ പ്രൊജക്റ്റ്‌ ലഭിക്കാൻ അർഹത DS ഗ്രൂപ്പിന് മാത്രമാണ്... പക്ഷെ... ഈ പ്രസന്റേഷൻ ഞാൻ സമർപ്പിച്ചു കഴിഞ്ഞാൽ ഞങ്ങളെ കമ്പനിക്ക് ആ പ്രൊജക്റ്റ്‌ ലഭിക്കും.... ഉപ്പാക്ക് വേണ്ടി എനിക്കീ പ്രൊജക്റ്റ്‌ നേടിയേ മതിയാവൂ.. ഉറച്ച തീരുമാനത്തോടെ ഞാൻ ആ ഫയലിലേക്ക് നോക്കി ************ "വാട്ട്‌... !!!???? " കേട്ടത് വിശ്വസിക്കാനാവാതെ ഞാൻ വീണ്ടും ശബ്ദം ഉയർത്തി കൊണ്ട് ചോദിച്ചു..

. എന്റെ കണ്ണുകളിലെ അമ്പരപ്പ് കണ്ടിട്ടും ജെനി ഇത്തയുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞിരുന്നില്ല.. അതിന് തിളക്കം കൂടിയ പോലെ... "ഫെല്ലാ.... എനിക്കുറപ്പായിരുന്നു നിന്റെ റിയാക്ഷൻ ഇങ്ങനെ തന്നെ ആവുമെന്ന്.. നിന്റെ സ്ഥാനത്ത് ഞാൻ ആണേലും പകച്ചു പോവും ... പക്ഷെ.... ഫെല്ലാ... നീയും സാക്കിയും ഒരുമിച്ചാൽ അതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഹവ്വ മോൾ ആയിരിക്കും... പ്ലീസ് ഫെല്ലാ... നീ നന്നായി ആലോചിക്കൂ " "നോ... ആലോചിക്കാൻ ഒന്നുമില്ല ഇത്താ .. എനിക്ക്.... " "വേണ്ട... പറയേണ്ട..ഞാൻ പറഞ്ഞില്ലേ... നല്ലത് പോലെ ആലോചിച്ചു പറഞ്ഞാൽ മതി... നിന്റെ വിളിക്കായി ഞാൻ കാത്തിരിക്കും... മറുപടി പോസിറ്റീവ് ആവണേ എന്ന പ്രാർത്ഥനയോടെ... "

"പക്ഷെ... ഇത്താ.. ഞാൻ ... " "ജെനി.... എവിടെയാ... " ഫെല്ല വീണ്ടും പറയാൻ വന്നപ്പോഴേക്കും അക്കി എന്നെ വിളിച്ചു കൊണ്ട് പുറത്തേക്ക് വന്നു. വാക്കുകൾ മുഴുമിപ്പിക്കാതെയവൾ എന്നെ നിസ്സഹായതയോടെ നോക്കി... അവളെ നോക്കി കൊണ്ട് ഞാൻ പുഞ്ചിരിച്ചതും അക്കി കയ്യിലെ വാച്ചിൽ തൊട്ട് കാണിക്കുന്നത് ഞാൻ കണ്ടു.. അക്കിയോട് ഇപ്പോൾ വരാമെന്ന് ആംഗ്യം കാണിച്ചു കൊണ്ട് ഞാൻ ഫെല്ലയുടെ അരികിലേക്ക് നീങ്ങി നിന്നു... "ഞാൻ ഇപ്പോൾ പോവുകയാണ് ഫെല്ലാ... അധികം വൈകാതെ തന്നെ നിന്റെ കാൾ ഞാൻ പ്രതീക്ഷിക്കുന്നു.... ആലോചിച്ച് നല്ലൊരു തീരുമാനം തന്നെ എടുക്കുമെന്ന വിശ്വാസം എനിക്കുണ്ട്..... പോയി വരാം... "

എന്റെ ഷോൾഡറിൽ തട്ടി കൊണ്ട് ജെനി ഇത്ത നടന്നു നീങ്ങിയതും ഒരു പ്രതിമയെ പോലെ ഞാനാ പൂന്തോട്ടത്തിൽ നിന്നു... കാതുകളിൽ ജെനി ഇത്തയുടെ വാക്കുകൾ മാത്രമായിരുന്നു...... സാക്കിയും ഞാനും തമ്മിലുള്ള കല്യാണം...... നോ... ഒരിക്കലും അത് നടക്കില്ല...... ജെനി ഇത്തയോട് എനിക്ക് സമ്മതമില്ലെന്ന് ഇപ്പോൾ തന്നെ പറയണം.... ഈ കല്യാണം ഒരിക്കലും നടക്കില്ല.. എന്റെ ജീവിതത്തിൽ ഇനിയൊരു പുരുഷൻ ഉണ്ടാവില്ല... കണ്ണുകൾ തുടച്ച് ഉറച്ച തീരുമാനത്തോടെ... സിസ്റ്റർമാരോടും മദറിനോടും യാത്ര പറയുന്ന അവരെ ലക്ഷ്യം വെച്ച് കൊണ്ട് എന്റെ കാലുകൾ ചലിച്ചു... "ജെനി.. കുറച്ചു കഴിഞ്ഞ് പോയാൽ പോരെ.. വന്ന് കയറിയതല്ലേ ഉള്ളൂ.. " "പിന്നെ വരാം മദർ... ലിയ മോളെയും ഇത്താത്തയെയും ഇക്കാക്കയെയും പിക് ചെയ്യാൻ എയർപോർട്ടിൽ പോകണം.. നേരം വൈകി.. "

"ആഹ്.. എന്നാ പിന്നെ ഒരു ദിവസം വാ... " "വരുമല്ലോ മദർ.. ഇനി വരാതിരിക്കാൻ ആവില്ലല്ലോ " ഞങ്ങളുടെ നേരെ നടന്നു വരുന്ന ഫെല്ലയെ നോക്കി ഞാൻ പറഞ്ഞതും അക്കി പറഞ്ഞോ എന്ന് കണ്ണുകൾ കൊണ്ട് ചോദിച്ചു.. അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഞാൻ അക്കിക്ക് തലയാട്ടി കൊടുത്തു... ഫെല്ല എന്തോ പറയാനായാണ് വരുന്നതെന്ന് എനിക്ക് മനസ്സിലായി...അത് കൊണ്ട് തന്നെ ഞാൻ അവരോടൊക്കെ യാത്ര പറഞ്ഞു കൊണ്ട് ഗേറ്റിനടുത്തേക്ക് അക്കിയോടൊപ്പം നടന്നു....... ഗേറ്റ് കടന്നു പോകാൻ നിന്നതും ഞാൻ വെറുതെ തിരിഞ്ഞു നോക്കി.. ഞങ്ങൾ പോകുന്നതും നോക്കി ഫെല്ല അവിടെ നിൽക്കുന്നുണ്ടായിരുന്നു...

അവൾക്കൊരു ചിരി സമ്മാനിച്ചു കൊണ്ട് ഞാൻ മുന്നോട്ട് നടന്നു... ഞാൻ അവരുടെ അടുത്തെത്തിയപ്പോഴേക്കും അവർ യാത്ര ചോദിച്ചു പോയിരുന്നു... വൈകുന്നേരം വിളിക്കാം എന്ന് ഉറപ്പിച്ചു കൊണ്ട് ഞാൻ അവർ പോകുന്നതും നോക്കി അവിടെ തന്നെ നിന്നു.. പിന്നെ പതിയെ അകത്തേക്ക് നടന്നു.... ************ ഓഫിസിൽ നിന്നും വളരെ സന്തോഷത്തോടെയാണ് ഞാൻ വീട്ടിലേക്ക് തിരിച്ചത്... ഇന്നലെ വരെ ആരും ഇല്ലാത്ത വീട്ടിൽ ഇന്ന് കളി ചിരികളുടെ പൂരമാവും... കുറെ കാലത്തിനു ശേഷം എല്ലാവരും ഒരുമിച്ച് വന്നതല്ലേ... അവരൊക്കെ വന്നപ്പോൾ ഞാൻ ആ പഴയ സാക്കി ആയത് പോലെ... തനിച്ചായപ്പോൾ ഉത്തരവാദിത്ത ബോധം ഉണ്ടായിരുന്നു..

ഇപ്പോൾ എന്തോ... അക്കിയെയും ആഷിയെയും കണ്ടപ്പോൾ എല്ലാം പോയ പോലെ... ഓരോന്ന് ഓർത്ത് ചിരിച്ചു കൊണ്ട് ഞാൻ കാർ ഡ്രൈവ് ചെയ്തു... പെട്ടന്നാണ് മുന്നിലേക്ക് ആരോ വന്നത് പോലെ തോന്നിയത്.. സഡൺ ബ്രേക്ക്‌ ഇട്ട് കൊണ്ട് ഞാൻ അമ്പരപ്പോടെ മുന്നോട്ട് നോക്കി... ആ സമയം കാറിന് മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും ദേഷ്യം കൊണ്ട് പല്ലിറുമ്പി കൊണ്ട് ഞാൻ ഡോർ തുറന്നു... ശക്തി കൂടി കൂടി വരുന്ന മഴയെ വക വെക്കാതെ ഞാൻ കാറിന് മുന്നിലേക്ക് ചെന്ന് ദേഷ്യത്താൽ നോക്കി............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story