മൽഹാർ: ഭാഗം 17

രചന: RAIZA

"മോളേ.. ഞങ്ങൾ പോയി വരാം... ഇനി അധിക ദിവസം ഇല്ലട്ടോ കല്യാണത്തിന്.. "


പോകാൻ നേരം രണ്ട് ഉമ്മമാരും എന്റെ കയ്യിൽ പിടിച്ചു കൊണ്ട് തലയിൽ തലോടി.. അവരുടെ ആ സ്നേഹം എല്ലാം കണ്ടപ്പോൾ മനസ്സ് നിറഞ്ഞ പോലെ.. 
അവരെ യാത്രയാക്കി അവർ മറയുന്നത് വരെ ഗേറ്റ്നടുത്ത്  നിൽക്കുമ്പോൾ എന്തിനോ വേണ്ടി കണ്ണുകൾ നിറഞ്ഞൊഴുകി.. 
എന്റെ ചുമലിൽ ആരോ കൈ വെച്ചപ്പോൾ ആണ് ഞാനിപ്പോഴും ഗേറ്റിൽ പിടിച്ചു നിൽക്കുകയാണെന്ന് ഓർത്തത്... തിരിഞ്ഞു നോക്കാതെ തന്നെ അരികിൽ വന്നത് അമല സിസ്റ്റർ ആണെന്നെനിക്ക് മനസിലായി.കണ്ണടച്ച് തുറന്നു കൊണ്ട് ഞാൻ തല ചെരിച് സിസ്റ്ററെ നോക്കി. 


"ഫെല്ലാ... നിന്നോടെനിക്ക് കുറച്ച് സംസാരിക്കാനുണ്ട്.."


"വേണ്ട സിസ്റ്റർ.. ഇപ്പോ വേണ്ട.. എന്താ പറയാനുള്ളതെന്ന് എനിക്കറിയാം.. പക്ഷെ.. വേണ്ട സിസ്റ്റർ.. വേണ്ട... "


"മ്മ്മ്... നിനക്ക് വേദനിക്കുമെങ്കിൽ ഞാൻ ഒന്നും ചോദിക്കുന്നില്ല.. പക്ഷെ.. നീ എടുക്കുന്ന തീരുമാനങ്ങൾ ഒരിക്കലും  കണ്ണീരിനു വഴി മാറരുത്.."


"ഞാനൊരു തീരുമാനവും എടുക്കുന്നില്ല സിസ്റ്റർ.. വിധിക്ക് വിട്ട് കൊടുത്തിരിക്കുകയാണ് എല്ലാം "


"മ്മ്മ്... ആ വിധി നിന്റെ സന്തോഷം തന്നെയാവട്ടെ "


എന്റെ തലയിൽ തലോടി കൊണ്ട് അമല സിസ്റ്റർ പറഞ്ഞതും ഞാൻ പുഞ്ചിരിച്ചു കൊണ്ട്  ഗേറ്റ് തുറന്ന് പള്ളിയിലേക്ക് നടന്നു... ഹവ്വ മോളെ പോയി കൊണ്ട് വരണം.. ഒരുപാട് നേരമായി അവൾ പോയിട്ട്.. മറ്റു കുട്ടികളോടൊപ്പം ആദ്യമായാണ് അവൾ സ്കൂളിലേക്ക് പോകുന്നത്.. മിക്കവാറും അവിടെ കിടന്ന് ഉറങ്ങുന്നുണ്ടാവും... 

ഇടവഴിയിലൂടെ നടന്ന് ഞാൻ പള്ളിയുടെ മുറ്റത്തെത്തി. പ്രാർത്ഥന കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോയിരുന്നു.. ആകെ ശൂന്യത നിറഞ്ഞു നിന്ന പള്ളി മുറ്റത്തു നിന്നും വലത്തോട്ടുള്ള വഴിയിലൂടെ ഞാൻ നടന്നു.. അവിടെയൊരു ചെറിയ കെട്ടിടം ഉണ്ട്.. നാലാം ക്ലാസ്സ്‌ വരെയാണ് അവിടെ പഠിപ്പിക്കുന്നത്.  
ഈ സ്കൂളിന്റെ മുഴുവൻ ചെലവും ഏറ്റെടുത്തിരിക്കുന്നത് DS ഫാഷൻ ഡിസൈൻ ഗ്രൂപ്പ്‌ ആണ്.. ഞാൻ വരുന്നതിന് മുൻപ് തന്നെ ഈ സ്കൂൾ ഇവിടെ ഉണ്ട്.. സാക്കിയാണ് എല്ലാ കാര്യങ്ങളും നോക്കുന്നതും ഡൊനേഷൻ നൽകുന്നതും... ഏറെ വൈകിയാണ് ഞാനിതെല്ലാം അറിയുന്നത്.. ഹവ്വ മോളുമായി അടുക്കുന്നതിന് അവനോട് ദേഷ്യം ഉണ്ടെങ്കിലും ഈ കാര്യം അറിഞ്ഞ മുതൽ അവനോട് ബഹുമാനം തോന്നിയിരുന്നു   
പക്ഷെ.. എങ്കിലും.. എന്താണെന്ന് അറിയില്ല.. അവനെ കാണുമ്പോൾ, അവന്റെ സംസാരം കേൾക്കുമ്പോൾ ദേഷ്യപെടാൻ അല്ലാതെ തോന്നില്ല... 

ഒരു കാര്യം മാത്രം മനസ്സിലാവുന്നില്ല.. എന്ത് കണ്ടിട്ടാണ് അവനീ കല്യാണത്തിന് സമ്മതം അറിയിച്ചത്.. എന്നെ കാണുന്നത് തന്നെ അവന്ക്ക് ഇഷ്ടമില്ല..  എനിക്കിപ്പോഴും വിശ്വാസം വരുന്നില്ല  അവൻ സമ്മതിച്ചു എന്ന് പറയുമ്പോൾ... ചിലപ്പോൾ ഉമ്മമാരുടെ സന്തോഷത്തിന് വേണ്ടി സമ്മതിച്ചതാവും. അങ്ങനെ ആവാനേ വഴിയുള്ളു.. 

ഓരോന്ന് ചിന്തിച്ചു കൂട്ടി അവിടെ എത്തിയത് അറിഞ്ഞില്ല.. ഹവ്വ മോൾ നല്ല കളിയിലായിരുന്നു.. ഏറെ പണി പെട്ടാണ് അവളെ അവിടെ നിന്നും കൊണ്ട് വന്നത്..  
അവളെയും കൊണ്ട് തിരിച്ച് സ്വർഗത്തിലേക്ക് എത്തിയതും ഒട്ടും പ്രതീക്ഷിക്കാത്ത ഒരാൾ എന്നെ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. 


************


സാക്കിയുമായുള്ള  കോഫി ഷോപ്പിലെ മീറ്റ് നു ശേഷം ഞാൻ പോയത്  സ്വർഗം  എന്ന്  പേരുള്ള ഓർഫനേജിലേക്കായിരുന്നു. ഫെല്ലയെ കാണണം എന്ന ഒരു ലക്ഷ്യം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. അവളുടെ മാമി പറഞ്ഞാണ് അവൾ ഇവിടെ സ്വർഗം എന്ന ഓർഫനേജിൽ  ഉണ്ടെന്ന് മനസ്സിലായത്. ഇന്ന് ഇവിടെ മീറ്റിംഗ് നു വരുമ്പോൾ ഫെല്ലയെ കാണണം എന്ന് ഉറപ്പിച്ചിരുന്നു 
പള്ളി വക ആയത് കൊണ്ട് തന്നെ വഴി ചോദിച്ചു ബുദ്ധിമുട്ടേണ്ടി  വന്നില്ല.. മെയിൻ റോഡിൽ നിന്നും ഉള്ളേരിയയിൽ ആണ് പള്ളി.. കാർ പള്ളിയുടെ മുറ്റത്ത്  സൈഡ് ആക്കി കൊണ്ട് ഞാൻ മുന്നോട്ട് നടന്നു... ആരെയും അവിടെയൊന്നും കാണാത്തത് കൊണ്ട്  മുറ്റത്തു നിന്ന് തന്നെ ആകെ ഒന്ന് വീക്ഷിച്ചു .ആ സമയത്താണ് ഫാദർ  പുറത്തേക്ക് വന്നത്... ഫാദറിനേ കണ്ടതും ഞാൻ ചിരിച്ചു കൊണ്ട് അടുത്തേക്ക് ചെന്നു.. 


" ഫാദർ.. ഞാൻ റിഹാൻ  മാലിക്..  ഈ പള്ളി വക പ്രവർത്തിക്കുന്ന സ്വർഗം അന്യോഷിച്ചു  വന്നതാണ്. "


 "ഡൊനേഷൻസ് നൽകാൻ വന്നതാവും അല്ലെ.. ദേ ഈ ഗേറ്റ് വഴി പോയാൽ ഇടത്തെ ഭാഗത്തേക്ക്  ചെറിയ ഇടവഴി കാണും.. ആ ഇടവഴി  ചെന്നവസാനിക്കുന്നത്  സ്വർഗത്തിലാണ് "


എന്നെ അടിമുടി നോക്കി കൊണ്ട് ഫാദർ വഴി പറഞ്ഞു തന്നു.. എന്റെ വേഷം  കോട്ടും സ്യൂട്ടും  ആയിരുന്നത്  കൊണ്ടാവും ഡൊനേഷൻസ്  നൽകാൻ വന്നതാണെന്ന് തെറ്റിദ്ധരിച്ചത്..  ഫാദർ പറഞ്ഞ വഴിയിലൂടെ നടക്കുമ്പോൾ പോക്കറ്റിലെ ചെക്ക് ലീഫിൽ നല്ലൊരു തുക ഞാൻ എഴുതി ചേർത്തിരുന്നു ...  


മനോഹരമായ ആ സ്വർഗത്തിലേക്ക് നടന്നടുക്കുമ്പോൾ  മനസ്സ് തികച്ചും ശൂന്യമായിരുന്നു.. ഗേറ്റ് തുറന്ന് അകത്ത് കയറിയതും എന്നെ വരവേറ്റത് ഞങ്ങളുടെ പ്രണയത്തിൻ ഓർമ്മകൾ ആയിരുന്നു... എനിക്കൊരുപാട്  ഇഷ്ടമുള്ള പൂക്കൾ കൊണ്ട് പൂന്തോട്ടം നിറഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ തന്നെ ഹൃദയത്തിൽ എവിടെയോ ഒരു തേങ്ങൽ വന്നത് പോലെ... ഉറപ്പായും ഫെല്ല തന്നെയാവും ഈ പൂന്തോട്ടം നിർമിച്ചത്... അവൾക്കേ ഇത്ര ഭംഗിയിൽ ഈ പൂക്കളെ പരിപാലിക്കാൻ  കഴിയൂ... 

ഞാൻ മുന്നോട്ട് നടന്നതും മുറ്റത്തു നിൽക്കുകയായിരുന്ന ഒരു സിസ്റ്റർ സംശയത്തോടെ എന്റെ അരികിൽ വന്നു.  


" ആരാണ്... മനസിലായില്ല "

"അത്.. ഞാൻ റിഹാൻ... ഇവിടെ അല്ലേ ഫെല്ല താമസിക്കുന്നത്  "

ഞാൻ ഫെല്ലയെ കുറിച്ച് പറഞ്ഞതും സിസ്റ്റർ എന്നെ വീണ്ടും സംശയത്തോടെ നോക്കി.... 

"ഞാൻ ഫെല്ലയുടെ നാട്ടിലാണ്.. അവളുടെ ഫ്രണ്ട്.. അവളെ ഒന്ന് കാണാൻ.... "


"ഓഹ്.. നാട്ടിൽ നിന്നായിരുന്നോ... വരൂ...അവളിതെ ഇപ്പൊ പള്ളിയിലേക്ക് പോയതേ ഉള്ളൂ "

"പള്ളി ??? "


"പള്ളി വക സ്കൂൾ ഉണ്ട്. പള്ളിയോട് ചേർന്ന്.. അങ്ങോട്ട്‌ പോയതാ... വരൂ..."


അവൾ പള്ളിയിലേക്ക് പോയെന്ന് പറഞ്ഞപ്പോൾ ഞാൻ സംശയത്തോടെ ചോദിച്ചതിന് ഒരു പുഞ്ചിരിയിൽ ഉത്തരം നൽകി കൊണ്ട് അവർ എന്നെ അകത്തേക്ക് ക്ഷണിച്ചു.. 


"ഞാൻ പള്ളിയിൽ നിന്ന് തന്നെയാണ് വരുന്നത്   അവൾ അവിടെ ഉണ്ടെന്ന് അറിഞ്ഞില്ല "


സിസ്റ്റർ കാണിച്ചു തന്ന സോഫയിൽ ഇരിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.. അപ്പോഴേക്കും മദർ അങ്ങോട്ടേക്ക് വന്നു... ഫെല്ലയെ കാണാൻ വന്നതാണെന്ന് സിസ്റ്റർ പറഞ്ഞതും മദർ സന്തോഷത്തോടെ  എന്നോട് സംസാരിച്ചു ...  ചെക്ക് ലീഫ് അപ്പോൾ തന്നെ മദറിന് കൈമാറിയിരുന്നു.. 


"ഫെല്ലയെ കാണുന്നില്ലല്ലോ..."


"ഞാൻ വിളിച്ചു നോക്കണോ മദർ "

"സിസ്റ്റർ..... ഫെല്ല വരുന്നുണ്ട് "


ഏറെ നേരമായിട്ടും ഫെല്ലയെ കാണാത്തത് കൊണ്ട് സിസ്റ്റർ വിളിക്കാനായി പോകാൻ നിന്നതും പുറത്ത് നിന്നും മറ്റൊരു സിസ്റ്റർ അവൾ വരുന്നുണ്ടെന്ന് പറഞ്ഞു.. അത് കേട്ടതും  ഞാൻ അവർക്കൊക്കെ പുഞ്ചിരി സമ്മാനിച്ചു കൊണ്ട് പുറത്തേക്ക് നടന്നു... 
എന്നെ ഇവിടെ  ഒട്ടും പ്രതീക്ഷിച്ചിട്ടില്ലെന്ന് അവളുടെ മുഖം കണ്ടാൽ അറിയാം... എന്നെ കണ്ടതും അവളുടെ  കയ്യിൽ പിടിച്ചു തൂങ്ങിയിരുന്ന മോളെ അവൾ അപ്പുറത്തേക്ക് പറഞ്ഞയച്ചു... അവളുടെ മുഖത്ത് ആകെ പരിഭ്രമം  നിറഞ്ഞു നിന്നിരുന്നു.. 


"റിഹാൻ..... ഇ...ഇവിടെ..  "


"അതെന്താ ഫെല്ലാ.. അവനിങ്ങോട്ട്  വന്നൂടെ..  "


ഞാനൊരു മറുപടി പറയാൻ നിന്നതും മദർ അങ്ങോട്ട് വന്നു.. മദറിന് ചിരിച്ചു കൊടുത്തു എന്നല്ലാതെ ഞാനും അവളും ഒന്നും മിണ്ടിയില്ല.. 


"ഹാ.. നിങ്ങൾ സംസാരിക്ക്. ഞാൻ ചായ എടുക്കാൻ പറയാം "


മദർ പോയതും ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.. എന്നെ ഒന്ന് നോക്കാതെ അവൾ മുഖം തിരിച്ചു കൊണ്ട്  നടക്കാൻ തുടങ്ങിയതും ഞാൻ അവളുടെ കൂടെ നടന്നു... 
വലിയൊരു വാക മരത്തിനു ചുവട്ടിലേക്കാണ് അവൾ പോയത്.. അവിടെ നിന്നാൽ വലിയ മല നിരകൾ  കാണാം.. വീശിയടിക്കുന്ന കാറ്റിൽ പൂക്കളുടെ ഗന്ധം അവിടെയാകെ നിറഞ്ഞു നിൽക്കുന്നുണ്ട്... എന്നാൽ....സ്വർഗത്തെ കൂടുതൽ സുന്ദരമാക്കുന്നത്  ആ വെളുത്ത മേഘക്കെട്ടുകൾ  ആയിരുന്നു... മൽഹാറിൽ പരന്നു കിടക്കുന്ന പവിത്രമായ മേഘങ്ങൾ...
 
 ഫെല്ലയുടെ കണ്ണുകൾ ആകാശത്തിൽ ഉടക്കി നിൽക്കാണ്... മൗനമായുള്ള അവളുടെ ഈ പ്രണയം ഹൃദയത്തെ കുത്തി നോവിക്കുന്നുണ്ട്. 
ഞാനെത്ര വേദനിപ്പിച്ചാലും  എന്നെ ഇത്രയേറെ പ്രണയിക്കാൻ ഇവൾക്കേ ആവൂ.. എന്റെ ഇഷ്ടങ്ങൾ ആയിരുന്നു അവളുടെ പ്രണയം... 
 പൂക്കളും... ഈ മൽഹാറും... മേഘങ്ങളും... എന്റെ ജീവനായിരുന്നു .ആ ജീവന് തുടിപ്പ് നൽകിയത്  അവളായിരുന്നു... ഫെല്ലാ... 

ഞങ്ങൾക്കിടയിൽ തളം കെട്ടി നിൽക്കുന്ന മൗനം ഇനിയും തുടർന്നാൽ... ചിലപ്പോൾ എന്റെ മനസ്സ്  ഫെല്ലക്ക്  മുന്നിൽ പതറി പോവുമെന്ന് തോന്നിയതും മൗനം ഭേദിക്കാൻ  തന്നെ  ഞാൻ തീരുമാനിച്ചു.. 


************


മൂന്ന് മണിയായതും ഓഫിസിൽ നിന്നും ഞാൻ നേരെ ബീചിലേക്ക് പോയി....
എന്നെ കാത്ത് അവൾ അവിടെ നിൽപ്പുണ്ടായിരുന്നു . എന്നെ കണ്ടതും ചിരിച്ചു കൊണ്ടവൾ എന്റെ അടുത്തേക്ക് വന്നു.. 


"ആഹാ.. വന്നോ.. ഞാൻ കരുതി നിങ്ങൾ വരില്ലെന്ന് "

"അതേയ്.. ഞാനൊരു കാര്യം പറയട്ടെ... ദയവു ചെയ്തു നിങ്ങൾ എന്ന വിളി നിർത്തുമോ..വല്ലാത്ത അകലം ഫീൽ ചെയ്യുന്നു "


ഞാനത് പറഞ്ഞതും അവൾ ചിരിച്ചു കൊണ്ട് മുന്നിൽ നടന്നു.. അവൾക്ക് പിറകെയായി ഞാനും നടന്നു.. 


"ഓക്കേ.. എന്നാ പിന്നെ എന്താ വിളിക്കാ... സാക്കി മതിയോ..  "


"ഓഹ്.. സന്തോഷം.. എല്ലാവരും അങ്ങനെ തന്നെയാ വിളിക്കാ..താനും അങ്ങനെ വിളിച്ചോ "


"ഓക്കേ.. അല്ല.. ഇന്നത്തെ മീറ്റിംഗ് എങ്ങനെ ഉണ്ടായിരുന്നു.. പ്രൊജക്റ്റ്‌ എന്റെ ഇക്കാക്കാന്റെ കയ്യിൽ ന്ന് അടിച്ചു മാറ്റിയോ "


വിരിയുന്ന നുണക്കുഴിയാൽ ചിരിച്ചു കൊണ്ടവൾ പറഞ്ഞതും ഒരു നിമിഷം ഞാൻ അവളെ നോക്കി നിന്നു... പിന്നെ ചിരിച്ചു കൊണ്ട് മുഖം തിരിച്ചു.. 


"ഞങ്ങൾക്ക് രണ്ടു പേർക്കുമാണ് കിട്ടിയത്.. ഇനി കുറച്ചു നാൾ ഒരുമിച്ചു വർക്ക് ചെയ്യണം "


"വാഹ്... ഗ്രേറ്റ്‌ ന്യൂസ്‌... സന്തോഷമായില്ലെ."


"പിന്നെ.. സന്തോഷമാവാതെ.. നീ കൊണ്ട് വന്ന ഭാഗ്യം അല്ലേ.."

"എന്ത്.. ഞാനോ "


സംശയത്തോടെ അവൾ പറഞ്ഞതും ഞാൻ ചിരിച്ചു കൊണ്ട് കടലിലേക്ക് നോക്കി.. 


"എന്റെ ഉമ്മച്ചി എപ്പോഴും പറയും.നമുക്കിഷ്ടപ്പെട്ട് കൊണ്ട്  ആരെങ്കിലും പുതുതായി നമ്മുടെ ജീവിതത്തിലേക്ക് വന്നാൽ.. ഒരു സന്തോഷം ഉണ്ടാവുമെന്ന്..നീയെന്റെ ഫ്രണ്ട് ആയി വന്നത് കൊണ്ടാ ഈ സന്തോഷം  എനിക്ക് കിട്ടിയത്.. അപ്പോൾ നീ കൊണ്ട് വന്ന ഭാഗ്യം അല്ലേ "


ഞാനത് പറഞ്ഞതും അവൾ എന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു..

"സാക്കി... ഞാനൊരു കാര്യം...... "


"ഒരു നിമിഷം.... "


അവളെന്തോ പറയാനായി വന്നപ്പോൾ ആണ് എന്റെ ഫോൺ റിങ് ചെയ്തത്.. അവളോട് ഇപ്പോൾ വരാമെന്ന് പറഞ്ഞു കൊണ്ട് ഞാൻ മാറി നിന്നു.  ഉമ്മി ആയിരുന്നു ലൈനിൽ.. എന്നെ കാണാത്തത് കൊണ്ട് വിളിച്ചതാണ്.. പെട്ടന്ന് വരാൻ പറഞ്ഞു കൊണ്ട് ഉമ്മി വെച്ചതും അവൾ എന്റെ അടുത്തേക്ക് വന്നു.. 

"ആരാ സാക്കി.. "


"ഉമ്മിയാണ്.. വേഗം ചെല്ലാൻ.. ഓഫിസിൽ നിന്ന് ഇറങ്ങാൻ സമയം ആയാൽ വിളി തുടങ്ങും "


"ചെറിയ കുട്ടികളെ നോക്കുന്ന പോലെ... അല്ലേ.. "


"ആഹ്.. അതേ.. അത് പോലെ തന്നെ.. വാ.. നമുക്ക് നടക്കാം.. "


"അപ്പോൾ പോകുന്നില്ലേ.. "

"ഞാൻ ലേറ്റ് ആവുമെന്ന് പറഞ്ഞിട്ടുണ്ട്.. എന്തായാലും വന്നതല്ലേ.. കുറച്ചു സമയം നിന്റെ കൂടെ ചിലവഴിക്കാം ".


ഞാനത് പറഞ്ഞതും അവളുടെ മുഖം വിടർന്നു...ആഞ്ഞടിക്കുന്ന തിരയെ നഗ്ന പാദങ്ങളാൽ വരവേറ്റ് കൊണ്ട് മണൽ പരപ്പിലൂടെ ഞങ്ങൾ നടന്നു... 


"അല്ല.. ഇങ്ങനെ നടന്നാൽ മതിയോ.. ഒന്നും മിണ്ടാനില്ലേ "


"ഈ ചോദ്യം അങ്ങോട്ട്‌ ചോദിക്കാൻ നിൽക്കായിരുന്നു.. എന്തെങ്കിലും പറ.. അല്ലാ.. നേരത്തെ എന്തോ പറയാൻ വന്നല്ലോ.. അതെന്തായിരുന്നു "


നേരത്തെ ഫോൺ വന്നപ്പോൾ അവൾ വാക്കുകൾ പകുതിക്ക് വെച്ച് നിർത്തിയിരുന്നു.. അത് ചോദിച്ചതും അവൾ ചിരിച്ചു കൊണ്ട് എന്റെ മുഖത്തേക്ക് നോക്കി.. 


"അതോ.. അത്.. ആഹ്   പിന്നെ വേറെ പെണ്ണ് കാണാൻ പോയില്ലേ.. തന്നെ പെണ്ണ് കെട്ടിക്കണം എന്ന് ഉമ്മമാർക്ക് വാശി ഉള്ള പോലെ അന്ന് തോന്നി.. എന്നെ കണ്ടു പോയതിനു ശേഷം  അവർ കല്യാണത്തെ കുറിച്ച്  ഒന്നും പറഞ്ഞില്ലേ.. "


"പിന്നെ പറയാതെ.  എനിക്കായ് ഒരു പെൺകുട്ടിയെ കണ്ടെത്തിയിട്ടുണ്ട്.. ഞാൻ അറിയാതെ.. അവർക്ക് ഇഷ്ടപ്പെടുന്ന കുട്ടിയെ കല്യാണം കഴിച്ചോളാം എന്ന് ഞാൻ വാക്ക് കൊടുത്തിരുന്നു. കുട്ടിയെ അവർ കണ്ടെത്തി ".

അതും പറഞ്ഞു കൊണ്ട് ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.. അവളുടെ മുഖം പെട്ടന്ന് വാടിയ പോലെ... അത് മറച്ചു കൊണ്ടവൾ എന്നെ നോക്കി ചിരിച്ചു. 

"ആഹാ.. കല്യാണം ഉറപ്പിച്ചോ.. എന്നിട്ട് എന്നോട്  ഇപ്പോഴാണ് ലേ പറയുന്നത് ഞാൻ അങ്ങോട്ട്‌ ചോദിച്ചപ്പോൾ.. നല്ല ഫ്രണ്ട് തന്നെ... "


"ഏയ്‌.. അങ്ങനെ അല്ല... ഞാൻ പറയാൻ വരികയായിരുന്നു.. "

"എന്നിട്ട് സാക്കിക്ക് ഇഷ്ടപ്പെട്ടോ "

"എന്റെ ഇഷ്ടം ഞാൻ നോക്കുന്നില്ല.. ഉമ്മമാർക്ക് ഇഷ്ടപ്പെട്ടു.. അത് മതി..പിന്നെ ഞാൻ ഈ കാര്യം പറയാതിരുന്നത് എന്താണെന്നു വെച്ചാൽ.. കല്യാണം ഉറപ്പിച്ചിട്ടില്ല.. പെൺകുട്ടിയുടെ സമ്മതത്തിന്  വേണ്ടി വെയിറ്റ് ചെയ്യാണ് "

"ഓഹ്..  എന്തായാലും ഭാഗ്യം ചെയ്തവളാ... എന്താ അവളുടെ പേര്..  "


അവൾ പേര് ചോദിച്ചു കൊണ്ട് എന്റെ മുഖത്തേക്ക് നോക്കിയതും  ഞാൻ  
അവളുടെ നേരെ തിരിഞ്ഞു.. 


************


"ഫെല്ലാ....."

റിഹാൻ  എന്നെ വിളിച്ചതും ഞാൻ മുഖം തിരിച്ചു കൊണ്ട് അവനെ നോക്കി... എന്റെ കണ്ണിൽ ഉടക്കി നിൽക്കുന്ന അവന്റെ കണ്ണുകൾ കണ്ടതും അറിയാതെ കണ്ണുകൾ നിറഞ്ഞ പോലെ... അവന് മുന്നിൽ കണ്ണ് നിറക്കാൻ ആഗ്രഹമില്ലാത്തതു കൊണ്ട് തന്നെ ഞാൻ വീണ്ടും മുഖം തിരിച്ചു.. 


"എന്തിനാ ഇവിടേക്ക് വന്നത്.. "


" ഒരു മീറ്റിംഗ് ഉണ്ടായിരുന്നു... അതിന് വേണ്ടി വന്നതാണ്.. പിന്നെ.. അന്ന് കൂടി കാഴ്ച്ച നടന്നില്ലല്ലോ.. അപ്പോൾ കാണാം എന്ന് വിചാരിച്ചു.. മാമി പറഞ്ഞു നീ ഇവിടെയാണ് ഉള്ളതെന്ന്"


"മ്മ്മ്... ഇപ്പോൾ ഒരു കൂടി കാഴ്ച ഞാൻ ആഗ്രഹിച്ചിട്ടില്ല ...അടുത്ത ബുധൻ അല്ലെ കല്യാണം... മാമിയോട് പറഞ്ഞു ഞാൻ ചൊവ്വാഴ്ചയെ എത്തൂ എന്ന്.. ഒരുപാട് നേരത്തെ ഒന്നും വന്നിട്ട് കാര്യമൊന്നും ഇല്ലല്ലോ.. വെറുതെ വേദനിക്കാൻ "


അതും പറഞ്ഞു കൊണ്ട് ഞാൻ അവനെ നോക്കിയതും അവൻ എന്നെയും നോക്കി.. ആ സമയം തന്നെ ഞാൻ നോട്ടം മാറ്റി. 


"ഫെല്ലാ... നീയെന്തൊക്കെയോ  തീരുമാനിച്ചിട്ടുണ്ടെന്ന്  മനസിലായി...എന്താണെന്ന് എനിക്കറിയേണ്ടാ .എന്തായാലും.. നമ്മുടെ കല്യാണത്തിന് വേണ്ടി തന്നെയാണ് ഞാനും കാത്തിരുന്നത്.. ഇത്രയും നാൾ മറച്ചു വെച്ചതൊക്കെ  എല്ലാവരും അറിയണം.. അതിന് അങ്ങനെയൊരു വേദി തന്നെയാണ് നല്ലത്.  ഞാൻ ചെയ്ത തെറ്റ് ഞാൻ തന്നെ തുറന്നു പറയും... പക്ഷെ... "


റിഹാന്റെ വാക്കുകൾ കേട്ട് ഉള്ളം പിടയുകയായിരുന്നു. എങ്കിലും കണ്ണുനീർ കടിച്ചു പിടിച്ചു കൊണ്ട് എല്ലാം ഞാൻ കേട്ട് നിന്നു...വാക്കുകൾ പൂർത്തിയാക്കാതെ അവൻ നിർത്തിയതും ഞാൻ അവനെ ഒന്ന് നോക്കി.. എന്റെ അരികിലേക്ക് നീങ്ങി കൊണ്ട് അവൻ എന്റെ കണ്ണിലേക്കു നോക്കി കൊണ്ട് വീണ്ടും പറയാൻ തുടങ്ങി... 


"പക്ഷെ.... സത്യം മുഴുവൻ പറയാൻ ആവില്ല ഫെല്ലാ... വേദനയുള്ള ആ സത്യം നീയറിഞ്ഞാൽ .... ഇല്ല... അതൊരിക്കലും നീയറിയാൻ പാടില്ല... നിന്നെക്കാൾ ഉള്ളു പിടഞ്ഞു കൊണ്ടാണ് ഞാൻ ജീവിക്കുന്നത്...കഴിയില്ല....,, സത്യം അറിയുന്ന നിമിഷത്തിലെ നിന്നെ കാണാൻ... മുന്നോട്ടുള്ള നിന്റെ ജീവിതം കാണാൻ.... വയ്യ ഫെല്ലാ..."


കണ്ണ് നിറഞ്ഞ് ഉള്ളു പിടഞ്ഞ്  തേങ്ങലോടെ പുഞ്ചിരിച്ചു കൊണ്ടുള്ള റിഹാന്റെ വാക്കുകൾ കേട്ട് കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു... 


"റിഹാൻ.... പറ... സത്യം എന്താണെന്ന് എനിക്കറിയണം... ഒരുപാട് തവണ നിന്നെ വെറുക്കാൻ ഞാൻ ശ്രമിച്ചു.. പക്ഷെ... എനിക്കതിനു കഴിയുന്നില്ല.. നിന്റെ പ്രണയം പവിത്രമായിരുന്നു.. എന്നിട്ടും എങ്ങനെ നീയെന്നോട്....... 
സത്യം പറ  റിഹാൻ.... പ്ലീസ്... "


റിഹാന്റെ കോളറിൽ പിടിച്ചു കൊണ്ട് ഞാൻ കണ്ണുനീർ അടക്കി വെച്ച് പറഞ്ഞതും അവൻ മുഖം തിരിച്ചു കൊണ്ട് മാറി നിന്നു.. 


"സത്യം ഇത് തന്നെയാണ്.. നിന്റെ മനസ്സിൽ ഉള്ളത്... അത് കഴിഞ്ഞാലുള്ള സത്യം.... ബുധനാഴ്ച കല്യാണം.. ആ കല്യാണത്തെ പറ്റിയുള്ള സത്യം എന്താണെന്നു നിനക്ക് മാത്രമല്ലെ അറിയുക.....
എന്റെ മനസ്സിലെ സത്യം എന്താണെന്നു വെച്ചാൽ... 
    സ്വപ്‌നങ്ങൾ ചേർത്ത് വെച്ചൊരു മഹർ ഉണ്ടായിരുന്നു...  എന്റെയീ ഹൃദയത്തിൽ ഒളിപ്പിച്ചു വെച്ചൊരു മഹർ.. . ആ മഹർ ഹൃദയത്തിൽ  തന്നെ  അടക്കം ചെയ്യുകയാണ്... നീയല്ലാതെ മറ്റാരുമത് കണ്ടിട്ടില്ല... ഇനിയൊരിക്കലുമത് കാണുകയുമില്ല 
  വിധിയിലൂടെയൊരു മഹർ പണിത്  ഞാനിന്ന്  കാത്തിരിക്കുകയാണ്.....ആ വിധിക്കായി... ഇതാണെന്റെ സത്യം.. ഈ  സത്യത്തിനപ്പുറം ഒന്നും  നീ അറിയേണ്ട. "


അതും പറഞ്ഞു കൊണ്ട് റിഹാൻ  എന്നിൽ നിന്ന് നടന്നു നീങ്ങിയതും ഒരു പ്രതിമ കണക്കെ നിൽക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ.. അവനെ ഒന്ന് വിളിക്കാനോ പിറകെ പോകാനോ ആവാതെ ഞാനാ വാക മരചുവട്ടിലെ മണ്ണിൽ മുഖം താഴ്ത്തിയിരുന്നു.... 


വീണ്ടും... വീണ്ടും.. എന്തിനാ റിഹാൻ എന്നെ വേദനിപ്പിക്കുന്നത്...വേദനയുള്ള ആ സത്യം.. അതെന്താവും... ഞാനറിഞ്ഞ സത്യത്തെക്കാൾ വേദനയുള്ള സത്യം.... എന്തായാലും.. അവനിൽ നിന്ന് തന്നെ ഞാൻ അറിയും.. അതിനിനി ചുരുങ്ങിയ നാളുകൾ മാത്രം... 


അവിടെ നിന്ന് എണീറ്റ് കണ്ണുകൾ തുടച്ച് അകത്തേക്ക് കയറിയതും സിസ്റ്റർ ചായയുമായി പുറത്തേക്ക് വന്നു.. എന്നെ കണ്ടതും സിസ്റ്റർ മുറ്റത്തേക്ക് പാളി നോക്കി. 


"അല്ല... അവൻ എവിടെ.. "


"അത്...സിസ്റ്റർ.. റിഹാൻ പോയി.. നാട്ടിൽ വേഗം എത്താൻ ഉണ്ടെന്നു പറഞ്ഞു.. "


"അയ്യോ.. ചായ  ഒരു പോലും കുടിക്കാതെ.. നിനക്കൊന്ന് വിളിച്ചാൽ മതിയായിരുന്നു... "


സിസ്റ്റർക്കൊരു മറുപടി കൊടുക്കാതെ ഞാൻ അകത്തേക്ക് പോകാൻ നിന്നതും അമല സിസ്റ്റർ എന്റെ മുന്നിലേക്ക് വന്നു.. സിസ്റ്ററെ കണ്ടതും ഞാൻ മുഖം തിരിച്ചു കൊണ്ട് പോകാൻ നിന്നു.  


"ഫെല്ലാ... ഇവിടെ വാ... "


അതും പറഞ്ഞു കൊണ്ട് സിസ്റ്റർ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story