മൽഹാർ: ഭാഗം 2

രചന: RAIZA

രണ്ട് പേരെയും മാറി മാറി നോക്കി കൊണ്ട് ചിരിയാൽ ഞാൻ  ഫുഡിലേക്ക് നോക്കി.... 
ആ സമയം എന്റെ മുഖത്തെ ചിരിയെല്ലാം മാഞ്ഞു കൊണ്ട് നിസ്സഹായതയോട് ഞാൻ ഇരുന്നു.. 


"സാക്കീ......  നിനക്ക് ഇഷ്ടപ്പെട്ട പത്തിരിയും ബീഫ് റോസ്റ്റ് ഞാൻ ഉണ്ടാക്കിയിട്ടുണ്ട്.. "


ഉമ്മി എന്റെ മുന്നിൽ വന്നു നിന്ന് പറഞ്ഞതും ഞാൻ പുഞ്ചിരിച്ചു കൊണ്ട് ഉമ്മിയെ നോക്കി.. ആ സമയം എന്റെ ഇടത്തെ കയ്യിൽ ഉമ്മച്ചി പിടുത്തമിട്ടു.. 


"മോനെ... ദേ നോക്ക് ഈ നെയ്‌റോസ്‌റ്റ് ഞാൻ ഉണ്ടാക്കിയതാ.. കഴിക്ക്   "


രണ്ടു പേരും രണ്ടു കയ്യിലും പിടുത്തമിട്ടതും മേശൻമേൽ വെച്ചിരിക്കുന്ന പത്തിരിയിലേക്കും നെയ്‌റോസ്റ്റിലേക്കും മാറി മാറി ഞാൻ നോക്കി... എന്നെ കൊലക്ക് കൊടുക്കാൻ വേണ്ടി ചിരി തൂകി നിൽക്കുന്ന അവയിലേക്ക് നോക്കി കൊണ്ട് ഞാൻ കസേരയിൽ നേരെ ഇരുന്നു  ഇരുന്നു... പ്ലേറ്റ് നിവർത്തി വെച്ചതും രണ്ടു സൈഡിൽ നിന്നും പത്തിരിയും നെയ്‌റോസ്റ്റും ഒരേ സമയം പ്ലേറ്റിൽ വന്നു വീണു.. 


"എന്റെ ഉമ്മമാരെ... ഇങ്ങനെ തിന്നാൽ ഞാൻ തടി കൂടും.. പിന്നെ പെണ്ണ് കിട്ടില്ല കേട്ടോ.. "


പ്ലേറ്റിലേക്ക് കറി കോരി ഒഴിച്ച് കൊണ്ട് പത്തിരിയും നെയ്‌റോസ്റ്റും ഒരേ സമയം പിച്ചി ഞാൻ വായിൽ വെച്ചു... 


"അതോർത്ത് നീ വിഷമിക്കേണ്ട... തടി കൂടിയിട്ട് നിന്നെ ഏത് പെണ്ണാ വേണ്ടെന്ന് പറയുന്നേ എന്നെനിക്കൊന്ന് കാണണം. "


"എന്തിന്.. അവളെ തല്ലാനോ "

 ചിരിച്ചു കൊണ്ട് ഞാൻ  പറഞ്ഞതും ഉമ്മച്ചി എന്റെ തലക്കൊരു കൊട്ട് തന്നു.. 


"സാക്കീ.... നീ സ്വർഗത്തിൽ പോയിട്ടല്ലേ ഓഫിസിൽ പോകുന്നുള്ളു.. "


കഴിക്കുന്നതിനിടയിൽ ഉമ്മി ചോദിച്ചതും മറുപടി പറയാനായി ഞാൻ വായ തുറക്കാൻ നിന്നതും ഉമ്മച്ചി ഇടയിൽ കയറി... 


"അത് പിന്നെ ചോദിക്കാനുണ്ടോ.. അവനെന്നും അവിടെ കയറിയിട്ടല്ലേ ഓഫിസിൽ പോകാറുള്ളൂ.. അല്ലേ മോനേ "


ഉമ്മിയെ താഴ്ത്തി കൊണ്ട് ഉമ്മച്ചി പറഞ്ഞതും ഞാൻ ഉമ്മിയെ ഒളികണ്ണിട്ട് നോക്കി... മുഖം വാടിയിട്ടുണ്ട്... അത് കണ്ട് കൊണ്ട് തന്നെ മേശയിൽ ഇരിക്കുന്ന  ചായ കപ്പ്  കയ്യിൽ എടുത്ത് മറ്റേ ചായ കൂടി ആ  കപ്പിലേക്ക് ഒഴിച്ച്  ഒറ്റവലിക്ക് കുടിച് തീർത്ത് ഞാൻ എണീറ്റു.. 


"ഇന്നെനിക്ക് ഓഫീസിൽ മീറ്റിംഗ് ഉണ്ട്.. അത് ഇന്നലെ ഞാൻ ഉമ്മിയോട്‌ പറഞ്ഞിരുന്നു.. സ്വർഗത്തിൽ കയറിയാൽ മീറ്റിംഗ് ന് നേരം വൈകും എന്ന് കരുതിയിട്ടാവും ഉമ്മി അങ്ങനെ പറഞ്ഞത്.. അല്ലേ ഉമ്മീ... "


വാഷ് ബേസിൽ കൈ കഴുകി കൊണ്ട് ഞാൻ നേരെ ചെന്ന് ഉമ്മിയുടെ സാരി തലപ്പിൽ ചെന്ന് കയ്യും മുഖവും തുടച്ചു കൊണ്ട് പറഞ്ഞതും ഉമ്മച്ചിയുടെ മുഖം കടന്നൽ കുത്തിയ പോലെ ആയി... സംഭവം  ഞാൻ ഉമ്മിയുടെ സാരി തലപ്പിൽ ചെന്ന് മുഖം തുടച്ചത് ഉമ്മച്ചിക്ക് ഇഷ്ടപ്പെട്ടിട്ടില്ല... അത്  മനസ്സിലാക്കിയതും ഞാൻ നേരെ ചെന്ന് ഉമ്മച്ചിയുടെ സാരി തലപ്പ് കൊണ്ട് മുഖം ഒന്ന്കൂടി തുടച്ചു... 

"അല്ലാ... നീ ഇന്ന് മീറ്റിംഗ് ഉള്ള കാര്യം എന്നോട് പറഞ്ഞില്ലല്ലോ.. "


അവരോട് സലാം പറഞ്ഞ് ഫോണിൽ  തോണ്ടി കൊണ്ട് പുറത്തേക്ക് നടക്കാനായി തിരിഞ്ഞതും ഉമ്മച്ചി പറയുന്നത് കേട്ട് അവിടെ സ്റ്റക്കായി ഞാൻ  നിന്നു.. 

'അള്ളോഹ്... വീണ്ടും പെട്ടല്ലോ... '


അവർ കേൾക്കാതെ മെല്ലെ പറഞ്ഞ് ഫോൺ കൊണ്ട് നെറ്റിയിൽ ചെറുതായി മുട്ടിയ ശേഷം ഞാൻ തിരിഞ്ഞു നിന്നു.. 


"അത് ഉമ്മച്ചിയേ...  ഇന്നലെ ഉമ്മച്ചി കിടന്നതിന് ശേഷമാണ് വർമ വിളിച്ച് മീറ്റിംഗ് ന്റെ കാര്യം പറഞ്ഞത്.. അത്‌ കൊണ്ടാ... സോറി.. "

കൊഞ്ചലോടെ സോറി പറഞ്ഞ് ഉമ്മച്ചിയുടെ കവിളിൽ ഉമ്മ വെച്ച് തിരിഞ്ഞതും മുന്നിൽ ഉമ്മി നിൽക്കുന്നത് കണ്ടു.. അപ്പോൾ തന്നെ ഉമ്മിയെ വാരി പുണർന്ന് ഉമ്മ വെച്ചു .. 
കാറിനടുത്തേക്ക് ഞാൻ നടക്കാൻ തുടങ്ങിയതും അവരും എന്റെ കൂടെ വന്നു... 


"സാക്കീ... വൈകുന്നേരം നേരത്തെ വരണം.. കേട്ടോ.. "


"സാക്കീ... സൂക്ഷിച്ചു പോകണേ.. "

ഉമ്മിയുടെയും ഉമ്മച്ചിയുടെയും വാക്കുകൾക്ക് പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ഞാൻ കാറിൽ കയറി.... ഗേറ്റ് കടന്നു പോവാൻ നേരം മിററിലൂടെ അവരെ കണ്ടതും കണ്ണും മനസ്സും നിറഞ്ഞു  കൊണ്ട് ഞാൻ വണ്ടി മുന്നോട്ടെടുത്തു... 


എന്നോടുള്ള സ്നേഹത്തിൽ അവർ രണ്ടു പേരും സ്വാർത്ഥരാണ്.... എന്ന് കരുതി അവർക്ക് പരസ്പരം ദേഷ്യമോ വെറുപ്പോ ഒന്നുമില്ല... അവർ നല്ല സ്നേഹത്തിൽ തന്നെയാണ്.. എന്റെ കാര്യം വരുമ്പോൾ മാത്രം കുശുമ്പ് കൂടും... 
എന്തൊക്കെ ആയാലും എന്റെ പെറ്റുമ്മയെക്കാൾ സ്നേഹം ഈ ജന്മം രണ്ട് ഉമ്മമാരിൽ നിന്നും മതി വരുവോളം  എനിക്ക് കിട്ടുന്നുണ്ട്... അതിലും വലിയ ഭാഗ്യം ഇനി വേറെ വേണോ.... 


കണ്ണുകൾ മുന്നോട്ട് ചലിക്കും തോറും ചിന്തകൾ മനസ്സിൽ കുമിഞ്ഞു കൂടി... 
 ഇനി സ്വർഗത്തിലേക്ക് പോകണം... എന്റെ ഓരോ ദിവസവും തുടങ്ങുന്നത് അവിടെ നിന്നാണ്.. എന്റെ ഹവ്വ മോളെ കണ്ട് കൊണ്ട്... എന്തെന്നറിയില്ല... അവളുമായി ഞാൻ പെട്ടന്ന് ഇണങ്ങി.. അവൾ തിരിച്ചും.. അവളുടെ കൊഞ്ചലുകൾ കേൾക്കാതെ ഒരു ദിവസം പോലും പിടിച്ചു നിൽക്കാനാവില്ല ... 

കാർ നേരെ സ്വർഗത്തിലേക്കുള്ള വഴിയേ വിടുമ്പോൾ മനസ്സിൽ നിറയെ ഹവ്വ മോൾ ആയിരുന്നു... ജെനി പോകുന്നതിന് മുമ്പ് പ്രത്യേകം പറഞ്ഞ് ഏല്പിച്ചതാണ് സ്വർഗത്തെയും ഹവ്വ മോളെയും  നോക്കണേ എന്ന്... ഒരു കുറവും വരാതെ നോക്കുന്നുമുണ്ട്..... 

ഇടവഴി തുടങ്ങുന്നിടത്ത് കാർ ഒതുക്കി നിർത്തി കൊണ്ട് ഞാൻ മുന്നോട്ട് നടന്നു.... സ്വർഗത്തിൽ എത്തിയതും പുഞ്ചിരിയോടെ ഞാൻ ഗേറ്റിൽ കൈ വെച്ചു.... 
സ്വർഗം ആകെ മാറിയിട്ടുണ്ട്... ജെനിയുടെ സ്വർഗം ഒന്നുമല്ല ഇപ്പോൾ... പൂക്കൾ ഒരുപാട് ഉണ്ട്...എന്നാൽ  മുറ്റത്തെ മരം വെട്ടി മാറ്റിയിട്ടുണ്ട്... അത് കൊണ്ട് തന്നെ കിളികളുടെ ശബ്ദമൊക്കെ നിലച്ചിട്ടുണ്ട്.... ആകെ മാറി.... അല്ല..അവൾ  മാറ്റി... 


ട്രിം... ട്രിം.... ട്രിം... 

ചിന്തകൾക്ക് കടിഞ്ഞാൺ ഇട്ട് കൊണ്ട് ഫോൺ ബെല്ലടിച്ചതും ഞാൻ ഫോൺ പോക്കറ്റിൽ നിന്നും എടുത്തു.....

"ഹലോ.... കൃത്യം ഈ സമയത്ത് തന്നെ എങ്ങനെ വിളിക്കാൻ കഴിയുന്നെന്റെ  ജെനി. "


പുഞ്ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചതും മറു തലക്കൽ ജെനിയുടെ നേർത്ത ചിരി ഫോണിലൂടെ എന്റെ  ചെവിയിലെത്തി.. 


"അത് പിന്നെ എന്റെ സ്വർഗത്തിൽ അല്ലേ..... സാക്കീ.... നീ നിൽക്കുന്നെ.. അപ്പൊ ഞാൻ അറിയാതിരിക്കുമോ....എത്ര അകലെ ആയാലും സ്വർഗത്തിലെ മാലാഖ തന്നെ അല്ലേ ഞാൻ... "


"മ്മ്മ്... എന്റെ ജെനി... എന്നിട്ടാണോ നീ സ്വർഗത്തെ ഈ കോലത്തിൽ ആക്കാൻ മറ്റവൾക്ക് പെർമിഷൻ കൊടുത്തത്... പണ്ടത്തെ ഭംഗിയെല്ലാം  പോയി.. "


"ഏയ്യ്.. അങ്ങനെ ഒന്നുമില്ല സാക്കീ... അവൾ നല്ല കുട്ടിയാണ്... എന്നേക്കാൾ കൂടുതൽ അവൾ സ്വർഗത്തെ പരിപാലിക്കുന്നുണ്ട്..മദറിന് അവളെ കുറിച്ച് പറയാനേ നേരമുള്ളൂ... പിന്നെ സാക്കീ... എല്ലാവരും എല്ലാവരെയും പോലെ ആകണം എന്നില്ലല്ലോ... അവൾ സൈലന്റ് ആണ്...  "


"മ്മ്മ്.. പിന്നേ.. സൈലന്റ്... അവൾ വൈലെന്റ് ആണ് ജെനി... നിനക്കറിയാൻ പാടില്ലാത്തോണ്ടാ.. നീ കണ്ടിരുന്ന ഫെല്ലയൊന്നും അല്ല ഇപ്പോൾ... സ്വർഗം അവളുടേതാണെന്ന ഭാവമാ അവൾക്ക്... അഹങ്കാരി... "


"എന്റെ സാക്കീ..... നീയും അവളും തമ്മിലുള്ള പ്രശ്നം ഇനിയും തീർന്നില്ലേ.. "


"അതങ്ങനൊന്നും തീരില്ല..... അവൾ മാലാഖ അല്ല.. യക്ഷിയാണ്....എപ്പോഴും കടന്നൽ കുത്തിയ പോലെ മുഖം   .. കുട്ടികളോട് പോലും ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല...  കള്ളി.... "


"ഹിഹിഹി.. സാക്കീ.... അവളൊരു പാവാ... "


"മ്മ്മ്.. പാവം... എനിക്കറിയില്ലേ... ഇനി ഞാൻ ഹവ്വയെ  ഒന്ന് എടുത്താൽ മതി... അപ്പൊ വരും.. ഞാൻ അവളെ കൊഞ്ചിച്ചാൽ അവൾക്കെന്താ.. അവളുടെ അധികാരം കാണിക്കൽ കണ്ടാൽ തോന്നും ഹവ്വ മോൾ അവളുടെ മോളാണെന്ന്...... ഹോ.. ജെനി.. നീ ഫോൺ വെച്ചേ.. എനിക്കാകെ എരിഞ്ഞു കയറുന്നുണ്ട്.. "


"ഹിഹി.. സാ......"


 മറു തലക്കൽ ചിരിയോടെയുള്ള ജെനിയുടെ വാക്കുകൾ മുഴുവൻ കേൾക്കാതെ ഞാൻ വേഗം ഫോൺ കട്ട് ചെയ്ത് പോക്കറ്റിലേക്കിട്ട് ഗേറ്റിൽ കൈ വെച്ചു കൊണ്ട് മുന്നോട്ട് നോക്കി.


  ഗേറ്റ് കടന്നു ചെന്നാൽ അരികിൽ ഇപ്പോഴും ജെനിയുടെ മാലാഖയുടെ പ്രതിമ തന്നെയാണ്.. എന്നാൽ മുന്നോട്ട് നടക്കുംതോറും പഴയ സ്വർഗത്തിന്റെ ഫീൽ കിട്ടുന്നില്ല.. ഒരു പ്രത്യേക തരം ഗന്ധമായിരുന്നു ഇവിടേം നിറയെ... കിളികളുടെ കലപില ശബ്ദവും വട്ടമിട്ടു പറക്കുന്ന ശലഭങ്ങളും  ആ വലിയ മാവും.. എല്ലാം... കണ്ണിന് കുളിർമ ഏകുന്ന കാഴ്ചയായിരുന്നു.. 
ഇന്നിപ്പോൾ ഒരുപാട് പൂക്കൾ ഉണ്ട്.. അത് മാത്രം.. മരമെല്ലാം വെട്ടി മാറ്റി. അപ്പുറത്തൊരു വാക മരം ഉണ്ട്.. അതിന് മാത്രം മാറ്റം വന്നില്ല.. 
ഏത് നേരവും അതിൽ ചാരിയാ അവളുടെ നിൽപ്പ്.. അത് കൊണ്ട് അത് വെട്ടാൻ അവൾ സമ്മതിച്ചില്ല.. ബാക്കി എല്ലാം ആ പിശാശ് നശിപ്പിച്ചു.. 

വാക മരത്തെ ഒന്ന് നോക്കി കൊണ്ട് ഞാൻ പൂന്തോട്ടത്തിന് നടുവിലൂടെ അകത്തേക്ക് കയറി.. മദറിന്റെ റൂമിലേക്ക് ഒന്ന് എത്തി നോക്കിയെങ്കിലും അവിടെ മദർ ഉണ്ടായിരുന്നില്ല... ഉടൻ ഞാൻ വാച്ചിലേക്ക് നോക്കി..

പ്രാർത്ഥന സമയം..  

ഒരു ചെറു പുഞ്ചിരിയോടെ ഞാൻ നേരെ പ്രാർത്ഥന ഹാളിലേക്ക് നടന്നു   
വാതിലിനടുത്ത് എത്തിയതും പ്രാർത്ഥനയിൽ മുഴുകി ഇരിക്കുന്ന മദറിനെയും സിസ്റ്റർമാരെയും കുട്ടികളെയും ഞാൻ കണ്ടു . 
എല്ലാവരിലേക്കും കണ്ണുകൾ പായിച്ചു കൊണ്ട് ഞാൻ നേരെ വലതു വശത്തെ റൂമിലേക്ക് നടന്നു... കണ്ണുകൾ തേടി കൊണ്ടിരുന്ന ആളെ ആ കൂട്ടത്തിൽ കണ്ടില്ല...

റൂമിലേക്ക് ചെന്ന് നോക്കിയെങ്കിലും ഹവ്വ മോളെ അവിടെ എവിടെയും കണ്ടില്ല.. മിക്കവാറും ആ കള്ളി പിശാശ് അവളെ എടുത്ത് പോയിട്ടുണ്ടാവും.. ഞാൻ മോളെ കൊഞ്ചിക്കുന്നത് അവൾക്ക് ഇഷ്ടമേ അല്ല... 

അവളെ മനസ്സിൽ ഓരോന്ന് പറഞ്ഞു കൊണ്ട് ഞാൻ പിറകു വശത്തെ മൈദാനിയിലേക്ക് പോയി ... 

"ഇച്ചാച്ചാ..... "

മൈദാനിയിലേക്ക് കടന്ന് ചുറ്റും നോക്കുന്നതിനിടയിലാണ് പിന്നിൽ നിന്നും ആ വിളി എന്നെ തേടി എത്തിയത്... മനസ്സ് നിറഞ്ഞു ചിരിച്ചു കൊണ്ട് ഞാൻ തിരിഞ്ഞു നോക്കി... 

"ഇച്ചാച്ചാ ....... "

കുഞ്ഞിളം പല്ലുകൾ കാണിച്ചു നുണക്കുഴി തെളിയും വിധം ചിരിച്ചു കൊണ്ടവൾ എന്റെ അടുത്തേക്ക് ഓടി വന്നു... ഇരു കയ്യുകളും നീട്ടി കൊണ്ട് ഞാനവളെ വാരിയെടുത്തു.. 

ഹവ്വ മോൾ..... എന്റെ ജീവൻ....ഒരു ദിവസം പോലും മോളെ കാണാതിരിക്കാൻ എനിക്കാവില്ല . അത്രമേൽ ഇവളെനിക്ക് പ്രിയപ്പെട്ടതാണ്.... അതിനൊരു കാരണം ഉണ്ട്.. 
എനിക്കുമുണ്ടായിരുന്നു ഒരു കുഞ്ഞനിയത്തി.. ഹവ്വ മോളെ അതേ പ്രായം ആയിരുന്നു... എന്നെ ഒരുപാട് ഇഷ്ടമായിരുന്നു.. എന്നാൽ വിധി അവളെ എന്നിൽ നിന്നും അകറ്റി മാറ്റി. ഒരു ആക്‌സിഡന്റ്ൽ അവളെയും ഉമ്മയെയും ഉപ്പയെയും എനിക്ക് നഷ്ടമായി.... 
ശെരിക്കും പറഞ്ഞാൽ അവളെ പകുത്തു വെച്ച പോലെയാണ് ഹവ്വ മോൾ.. അതേ കണ്ണുകൾ.. അതേ നുണക്കുഴി കവിൾ.... എല്ലാം... എല്ലാം എന്റെ സാനി കുട്ടിയെ പോലെ... അത് കൊണ്ടാണ് ഹവ്വ മോൾ എനിക്കിത്ര ജീവനാവാൻ കാരണം.. അവളിൽ ഞാനെന്റെ സാനി മോളെ കാണുന്നുണ്ട്.... 

ഓർമ്മകൾ കണ്ണുകളെ ഈറനണിയിച്ചതും നിഷ്കളങ്കതയോടെ എന്നെ നോക്കുന്ന ഹവ്വ മോളെ കണ്ട് ഞാൻ പുഞ്ചിരിച്ചു... 

"ഇച്ചാച്ചനോട്‌ മോള് പിണക്കമാ "

അവളുടെ കവിളിൽ ഉമ്മ വെക്കാൻ നിന്നതും പരിഭവം പറഞ്ഞു കൊണ്ടവൾ മുഖം തിരിച്ചു 

"അയ്യോ   മോള് പിണങ്ങല്ലേ... ഇച്ചാച്ചൻ പാവല്ലേ . "


"ഇല്ല.. മിണ്ടൂല.. മോളെ കടല് കാണിക്കാൻ കൊണ്ട് പോയില്ലല്ലോ  "


കൊഞ്ചലോടെ ഹവ്വ മോൾ പറഞ്ഞതും അവളുടെ നുണക്കുഴി കവിളിൽ വേദനിക്കാത്ത വിധം ഒരു കടി കൊടുത്തു.. 

"മോളെ ഞാൻ കൊണ്ട് പോകുമല്ലോ.. ഇച്ചാച്ചന് തീരെ ഒഴിവില്ലാഞ്ഞിട്ടല്ലേ.... ഇന്ഷാ അല്ലാഹ്.. നാളെ കഴിഞ്ഞാൽ മോളെ കടല് കാണിക്കാൻ കൊണ്ട് പോകാം.. "


"ഉറപ്പല്ലേ... "

"ഹാ.. ഉറപ്പാ "


"ഐവ..... "


എന്റെ കവിളിൽ മുത്തം നൽകി കൊണ്ട് കഴുത്തിൽ വട്ടം പിടിച്ച്അവളെന്റെ തോളിൽ കിടന്നു... അപ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്തത്..... 


"ഹലോ... "


"ഹലോ.... സാക്കിർ സർ..... ഒരു ഗുഡ് ന്യൂസ്‌ ഉണ്ട്... ആ പ്രൊജക്റ്റ്‌ നമുക്ക് തന്നെ കിട്ടി . "


മറു തലക്കെ വർമ്മയുടെ വാക്കുകൾ ചെവിയിൽ എത്തിയതും മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു... 

"ഞാൻ ഇപ്പോൾ വരാം.. "


മറുത്തൊന്നും വർമ്മയോട്  പറയാതെ കാൾ കട്ട് ചെയ്തു കൊണ്ട് ഫോൺ പോക്കറ്റിൽ ഇട്ടു


"മോളെ... ഇച്ചാച്ചൻ പോയി വരാം... "


ഹവ്വ മോളെ താഴെ ഇറക്കി കൊണ്ട് കവിളിൽ മുത്തം നൽകി അവളോട് യാത്ര പറഞ്ഞു കൊണ്ട് ഞാൻ വേഗത്തിൽ ഗേറ്റ് ന്റെ ഭാഗത്തേക്ക്‌ നടന്നു... മദറിനെ കാണാതെയാണ് പോകുന്നത്... വൈകുന്നേരം വരുമ്പോൾ കാണാം.. ഇപ്പോൾ എങ്ങനെ എങ്കിലും ഓഫിസിൽ എത്തിയാൽ മതി എന്നേ ഉള്ളു.. 

മനസ്സ് നിറയെ വർമ്മയുടെ വാക്കുകൾ ആയിരുന്നു.... ആ പ്രൊജക്റ്റ്‌... അതെന്റെ സ്വപ്നമായിരുന്നു..... 
മനസ്സിൽ അത് മാത്രം ചിന്തിച്ചു നടന്നത് കൊണ്ട് കണ്മുന്നിൽ ഉള്ളതൊന്നിനും ശ്രദ്ധ കൊടുത്തില്ല... ചുണ്ടിൽ വിടർന്ന പുഞ്ചിരിയാൽ ഞാൻ പിറകിലേക്ക് ഒരു തവണ കൂടി തിരിഞ്ഞു നോക്കി.... നുണക്കുഴി കവിൾ തെളിയും വിധം പുഞ്ചിരിച്ചു കൊണ്ട് അവിടെ തന്നെ നിന്ന് എനിക്ക് റ്റാറ്റ കാണിക്കുന്നുണ്ടായിരുന്നു അവൾ... 
തിരിച്ച് അവൾക്കും റ്റാറ്റ കാണിച്ചു കൊണ്ട് മുന്നോട്ട് തിരിഞ്ഞതും പെട്ടന്നായിരുന്നു അത് സംഭവിച്ചത്......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story