മൽഹാർ: ഭാഗം 27

malhar

രചന: RAIZA

റിഹാന്റെ ഉപ്പാക്ക് പെട്ടന്നൊരു നെഞ്ചു വേദന വന്നത് കൊണ്ട് അവരെല്ലാവരും ഹോസ്പിറ്റലിൽ ആണത്രേ... ഈയിടെ ഒരു സർജറി കഴിഞ്ഞ് അവന്റെ ഉപ്പ റെസ്റ്റിൽ ആയിരുന്നു.. 
ഈ വിവരം കേട്ടതും എന്റെ പ്രതീക്ഷകളെല്ലാം അസ്തമിച്ച പോലെ എനിക്ക് തോന്നി... ഒരുപാട് നാളായി കാത്തിരിക്കുന്ന ദിവസമല്ലേ... 
അതേ സമയം തന്നെ... നാളത്തെ കല്യാണം മുടങ്ങിയത് നന്നായെന്നും തോന്നി.. ഇവിടെ നിന്ന് ഇപ്പോൾ തന്നെ പോവുകയെന്നത് വളരെ റിസ്ക് ആണ്.. കുറച്ചു ദിവസം കഴിഞ്ഞാണെൽ കുഴപ്പമില്ല... 

അവന്റെ ഉപ്പാന്റെ ട്രീറ്റ്മെന്റ് ഇവിടുത്തെ ഹോസ്പിറ്റലിൽ ആണ്.. ഉമ്മയും റൈഹയും റിഹാനും ഉപ്പയെയും കൊണ്ട് ഉച്ചക്ക് പോന്നിട്ടുണ്ടെന്ന് മാമി പറഞ്ഞു.. 
ഇപ്പോൾ വലിയ കുഴപ്പം ഇല്ലേലും ഒരാഴ്ച അഡ്മിറ്റ് ചെയ്തിരിക്കുവാണ്... 
കഴിയുമെങ്കിൽ ഒന്ന് പോയി കാണെന്ന് പറഞ്ഞു കൊണ്ട് മാമി ഫോൺ വെച്ചു .. 
വെക്കുമ്പോൾ മാമിയോട്  ഇനി ഈ നമ്പറിലേക്ക് മാത്രം വിളിച്ചാൽ മതിയെന്ന് പറയാൻ മറന്നില്ല... 

ഫോൺ തിരികെ ജെനി ഇത്താക്ക് കൊടുത്തു കൊണ്ട് ഞാൻ സാക്കിയുടെ അടുത്ത് പോയി നിന്നു.. അവന്റെ ഓഫിസിൽ നിന്ന് കുറെ പേർ വന്നിട്ടുണ്ട്.. എല്ലാവരോടും ചിരിച്ചു  സംസാരിക്കുകയായിരുന്ന അവൻ എന്നെ കണ്ടതും ചിരി മായ്ച്ചു കൊണ്ട് മുഖം തിരിച്ചു.. അത് കാര്യമാക്കാതെ ഞാൻ അവന്റെ കൂടെ നിന്നു... 

പരിപാടി എല്ലാം ഭംഗിയായി കഴിഞ്ഞു.... ഗസ്റ്റ്സ് എല്ലാം പോയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു.. എല്ലാവരും പോയതും ഞാൻ സോഫയിൽ ചാരി ഇരുന്നു... 


"സാക്കീ.. ആ ഡാൻസ് ടീം പൊളിച്ചു അല്ലേ.. എനിക്ക് കൂടെ കളിക്കാൻ കൊതിയായി.  "


അക്കി എന്റെ അടുത്ത് വന്നിരുന്നതും ഞാൻ തല ഉയർത്തി കൊണ്ട് അവനെ നോക്കി.. എന്തോ ഒരു കുരുട്ട് ബുദ്ധിയോടെയാണ് അവനിപ്പോ വന്നതെന്ന് ആ മുഖത്തെ നിഷ്കളങ്കമായ ഇളി കണ്ടാൽ അറിയാം.. ന്താടാ എന്ന് പുരികം പൊക്കി ചോദിച്ചതും അവൻ പറഞ്ഞത് കേട്ട് എന്റെ കിളി പോയി.. 
എല്ലാവർക്കും നിന്ന് ഡാൻസ് കളിച്ചാലോ എന്ന്... 
ബെസ്റ്റ്... മനുഷ്യനിവിടെ ആകെ ക്ഷീണിച്ച് ഒരു ബെഡ് കിട്ടിയാൽ മതിയെന്ന അവസ്ഥയിൽ ഇരിക്കാ   അപ്പോഴാണ് അവന്റെ ഡാൻസ്.. 
എനിക്ക് വയ്യെന്ന് കുറെ പറഞ്ഞെങ്കിലും അവൻ കേട്ടില്ല.. ഒടുവിൽ ഞാൻ മൂളിയതും അവൻ എല്ലാവരെയും അങ്ങോട്ടേക്ക് വിളിച്ചു   


അക്കി ഇക്കാക്ക വിളിച്ചപ്പോൾ എന്ത് വലിയ കാര്യമാണെന്ന് കരുതി.. ഞങ്ങൾ എല്ലാവരും അടുക്കളയിൽ ഇരുന്ന് ഓരോ തമാശ പറയുകയായിരുന്നു . ഇന്നത്തെ ഫങ്ക്ഷനെ പറ്റി.. അതിൽ സാക്കിയുടെ ഓഫിസിൽ നിന്നും വന്ന പെണ്ണുങ്ങളെ പറ്റി ഓരോ കുറ്റം കണ്ടെത്തി ചിരിക്കായിരുന്നു.. ആദ്യമൊക്കെ  ഞാൻ സൈലന്റ് ആയി ഇരുന്നെങ്കിലും പിന്നെ പിന്നെ ഞാനും അവരുടെ ഇടയിൽ കയറി സംസാരിക്കാൻ തുടങ്ങിയിരുന്നു.. ഉമ്മിയും ഉമ്മച്ചിയും എല്ലാം കേട്ട് ചിരിച്ചിരിക്കാണ്.. 
ഇതിന്റെ ഇടയിലാണ് അക്കി ഇക്ക വിളിച്ചത്.. എന്താ സംഭവം എന്ന് നോക്കാനായി ഞങ്ങൾ ഹാളിലേക്ക് പോയി. അവിടെ അവരെല്ലാം സോഫയിൽ ഇരുന്ന് ഭയങ്കര ചർച്ചയിൽ ആണ്.. സാക്കി താല്പര്യമില്ലാത്ത രീതിയിൽ മുഖം ചുളിച്ചിരിക്കുന്നു. 

എന്താ സംഭവം എന്ന് ഉമ്മി ചോദിച്ചതും അക്കി ഇക്കയുടെ മറുപടി കേട്ട് ഇഞ്ചി കടിച്ചത് പോലെയായി.. എല്ലാവരും ചേർന്ന് ഡാൻസ് !!!
ഈ ഹെവി ലഹങ്ക അഴിച്ചു വെച്ച് ഒന്ന് കുളിച്ച് സുഖമായി ഉറങ്ങണം എന്ന് കരുതിയതാ.. അപ്പോഴാണ് ഡാൻസ്... വെറുതയല്ല സാക്കി ഇങ്ങനെ ഇരിക്കുന്നത്.... 
ഡാൻസ് എന്ന് കേട്ടതും ജെനി ഇത്തയും സീനുത്തയും അപ്പോൾ തന്നെ ഓക്കേ പറഞ്ഞു.. 
സ്റ്റേജ് ഒക്കെ ആദ്യമേ ഉണ്ടായിരുന്നത് കൊണ്ട് അതിന്  ബുദ്ധിമുട്ട് വന്നില്ല... 
എല്ലാവരും ജോടികൾ ആയി സ്റ്റേജ്ൽ കയറി നിന്നു... റൊമാന്റിക്. ഹിന്ദി സോങ് വെച്ച് അതിനനുസരിച്ചു കൊണ്ട് താളം പിടിച്ചു.. 
മനസ്സില്ലാമനസ്സോടെയാണ് സാക്കി എന്റെ അടുത്തേക്ക് വന്നത് . കലിപ്പൻ  കണ്ണുകളുമായി എന്നെ നോക്കി പേടിപ്പിക്കുന്നുണ്ട്.. 
ഞങ്ങൾ അരികിൽ നിന്നു എന്നല്ലാതെ ഡാൻസ് ചെയ്തില്ല . അക്കി ഇക്കാക്കയും ആഷി ഇക്കാക്കയും അർഷാദ് ഇക്കാക്കയുമൊക്കെ ഡാൻസിൽ മുഴുകിയിരിക്കാണ്.. ഞങ്ങൾ അനങ്ങാതെ നിൽക്കുന്നത് കണ്ടതും ഉമ്മി ഞങ്ങളോട് അവരുടെ പോലെ ഡാൻസ് ചെയ്യാൻ പറഞ്ഞു.. 
ഉമ്മിക്ക് ചിരിച്ചു കൊടുത്തു കൊണ്ട് സാക്കി എന്റെ അരയിലൂടെ കയ്യിട്ട് കൊണ്ട് അവന്റെ അടുത്തേക്ക് ചേർത്ത് നിർത്തി.. 
അക്കി ഇക്കയും ജെനി ഇത്തയും കളിക്കുന്നത് നോക്കി നിൽക്കായിരുന്നത്  കൊണ്ട് സാക്കിയുടെ ഈ നീക്കം ഞാൻ ശ്രദ്ധിച്ചില്ല... കണ്ണ് തള്ളി കൊണ്ട് ഞാൻ അവനെ നോക്കിയതും എന്റെ കൈകൾ പിടിച്ചു കൊണ്ട് പാട്ടിനനുസരിച്ച് താളം പിടിച്ചു.. 
അവന്റെ മുഖത്തേക്ക് തന്നെ ഞാൻ നോക്കി അവന്റെ കൂടെ ഡാൻസ് ചെയ്തു.. എന്നാൽ അവനോ.. എന്നെ നോക്കുന്നത് പോലുമില്ല.. 
പെട്ടന്ന് അവനെന്റെ കയ്യിൽ പിടിച്ച് നെഞ്ചോട് ചേർത്തതും വേദന കൊണ്ട് പുളഞ്ഞു പോയി.. മറ്റാരും കേൾക്കാത്ത രീതിയിൽ മെല്ലെ ഞാൻ ആാാ എന്ന് പറഞ്ഞതും അവനെന്റെ മുഖത്തേക്ക് നോക്കി   


അവളുടെ മുഖത്തേക്ക് നോക്കിയതും എന്നെ ദയനീയമായി നോക്കുന്ന രണ്ടു കണ്ണുകളെ ഞാൻ കണ്ടു... അപ്പോൾ തന്നെ ഞാൻ മുഖം തിരിച്ചു.. എന്തോ.. അതിലേക്ക് നോക്കാൻ മാത്രം ശക്തിയില്ല... ഹൃദയത്തിൽ എന്തോ ഒരു പിടച്ചിൽ വരും... അവളിൽ നിന്ന് മുഖം തിരിച്ചപ്പോൾ ആണ് അവളുടെ കൈ ചുവന്നു തുടുത്തിരിക്കുന്നത് ഞാൻ കണ്ടത്... അത് കണ്ടതും ഞാൻ കൈ വിട്ടു.. 
അപ്പോൾ കൈ വേദനിച്ചത് കൊണ്ടാണല്ലേ അവൾ ആാാ എന്ന് പറഞ്ഞത് .. 
ആ കൈ കണ്ടതും ഇന്നലെ രാത്രി നടന്നത് മനസ്സിലേക്ക് തെളിഞ്ഞു വന്നു.. 
അവളോട്‌ ചെയ്തത് കുറച്ചു കൂടി പോയോ എന്ന് വരെ തോന്നി പോയി   
അവളുടെ കൂടെ ഫോട്ടോയിൽ റിഹാനെ കണ്ടപ്പോൾ പെട്ടന്ന് ദേഷ്യം വന്നതാണ്.. പരിജയം ഉണ്ടെന്ന് അവളോ അല്ലേൽ അവനോ പരസ്പരം കണ്ടപ്പോൾ എന്നോട് പറഞ്ഞിരുന്നെങ്കിൽ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല.. ഇത് ഞാൻ ആ ഫോട്ടോ കണ്ടിരുന്നില്ലേൽ എനിക്ക് അറിയുമായിരുന്നോ.. ഒരു പൊട്ടനെ പോലെ അവരുടെ ഇടയിൽ നിൽക്കേണ്ടി വന്നിരുന്നില്ലേ... എല്ലാം ഓർത്തപ്പോൾ ദേഷ്യം വന്നതാണ്.. 
എന്തായാലും അവൾ പറഞ്ഞത് പോലെ അവളുടെ വീട്ടിലോ നാട്ടിലോ അവളുടെ കല്യാണം കഴിഞ്ഞത് അറിഞ്ഞിട്ടില്ലയോ എന്ന് അന്യോഷിക്കണം... ഒരുപാട് ചോദ്യങ്ങൾ ഉണ്ട്. ഉത്തരങ്ങളെല്ലാം അവളിൽ തന്നെ ഒളിഞ്ഞു കിടക്കുന്നുണ്ട് .. അത് ഞാൻ കണ്ടെത്തും... 


സാക്കി കയ്യിൽ നിന്നും പിടി വിട്ടപ്പോഴാണ് ആശ്വാസമായത്. കൃത്യമായി വേദന ഉള്ളിടത്ത് തന്നെ അവൻ പിടിച്ചു... എന്നിൽ നിന്ന് മുഖം തിരിച്ചു കൊണ്ടവൻ പോയതും ഞാനും സ്റ്റേജിൽ നിന്നിറങ്ങി.. 
കുറച്ചു സമയം കഴിഞ്ഞ് സോങ് നിർത്തി... എല്ലാവർക്കും ഒരുപാട് സന്തോഷമായിട്ടുണ്ട്... പ്രത്യേകിച്ച് ഉമ്മമാർക്ക്.. മക്കളുടെ സന്തോഷം തന്നെയല്ലേ.. ഉമ്മമാരുടെ സന്തോഷം... 

ഹാളിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടെങ്കിൽ എന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ.. കൈ ആണേൽ നല്ലോണം വേദനിക്കുന്നുമുണ്ട് . എന്റെ മനസ്സ് വായിച്ചത് പോലെ ഉമ്മി എന്റെ അടുത്തേക്ക് വന്ന് എന്റെ തലയിൽ തലോടി.. 


"മോളെ.. ആകെ ക്ഷീണിച്ചു അല്ലെ.. നീ പോയി ഇതൊക്കെ മാറ്റിയിട്.. ഞാൻ ചായ എടുക്കാം.. അതും കുടിച്ച് മോളുറങ്ങിക്കോ.. "


ഉമ്മി എന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞതും ഉമ്മിക്ക് ചിരിച്ചു കൊടുത്തു കൊണ്ട് ഞാൻ റൂമിലേക്ക് പോകാനായി തിരിഞ്ഞു.. അപ്പോൾ തന്നെ സാക്കി എന്റെ മുന്നിൽ വന്നു... എന്നെ ഉമ്മ സ്നേഹിക്കുന്നത് അവന് ഇഷ്ടാവുന്നില്ലെന്ന് മുഖം കണ്ടാൽ അറിയാം.. അവന് നേരം പുച്ഛം വാരിയെറിഞ്ഞു കൊണ്ട് ഞാൻ റൂമിലേക്ക് നടന്നു.. 


*********-****

 
ഉപ്പയെ കിടത്തിയിരിക്കുന്ന റൂമിന് മുന്നലെ ചെയറിൽ ഇരിക്കുമ്പോഴാണ് ഉമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചത്.. ഒരുപാട് നിർബന്ധിച്ചുവെങ്കിലും ഞാൻ വേണ്ടെന്ന് പറഞ്ഞു കൊണ്ട് ഉമ്മയെ റൂമിലേക്ക് പറഞ്ഞയച്ച്  കണ്ണടച്ചിരുന്നു.. റൈഹ ഉപ്പാന്റെ അടുത്ത് റൂമിലാണ്.. 
ഉപ്പാക്ക് ഇപ്പോൾ പ്രശ്നം ഒന്നുമില്ലെങ്കിലും ഒരാഴ്ച അഡ്മിറ്റ്‌ പറഞ്ഞരിക്കാണ്.. സർജറി കഴിഞ്ഞ് അധികം ആവുന്നതിനു മുൻപ് തന്നെ നെഞ്ചു വേദന വന്നത് കൊണ്ട് അതീവ ശ്രദ്ധ വേണമെന്ന് ഡോക്ടർ പറഞ്ഞു... ഉപ്പയാണേൽ വീട്ടിലേക്ക് പോകാൻ തിരക്ക് കൂട്ടാണ്.  നാളത്തെ കല്യാണം നടക്കണമെന്ന് ഉപ്പാക്ക് വാശി.. പക്ഷെ.. ഡോക്ടർ വിടില്ലെന്ന് തീർത്തു പറഞ്ഞു.. 


ചെയറിൽ ചാരിയിരുന്നു കൊണ്ട് ഞാൻ നെടുവീർപ്പിട്ടു... ഫെല്ല അറിഞ്ഞു കാണും നാളത്തെ കല്യാണം മുടങ്ങിയത് .. ഇനി എന്തായിരിക്കും അവളുടെ പ്ലാൻ.. 
എന്തായാലും... കല്യാണമെന്ന നാടകം ഇനി വേണ്ട... നെഞ്ച് പിളരുന്ന വേദന ഇനിയും സഹിക്കാൻ വയ്യ... 
പക്ഷെ... അങ്ങനെയൊരു വേദിയിലല്ലാതെ സത്യങ്ങൾ എല്ലാവരും അറിയാൻ മറ്റൊരു മാർഗവുമില്ല... എല്ലാവരും എല്ലാം അറിയണമെങ്കിൽ ഒരുമിച്ചു കൂടൽ അനിവാര്യമാണ്.. അത് കല്യാണം ആവുമ്പോൾ ഏറെ നന്ന്... 

ഫെല്ലയെ ഓർമ വന്നപ്പോൾ സാക്കിക്ക് ഒന്ന് വിളിച്ചു നോക്കിയാലോ എന്ന് മനസ്സിൽ തോന്നി.. പക്ഷെ.. അവരെ ഡിസ്റ്റർബ് ചെയ്യുന്നത് ശെരിയല്ലല്ലോ.. ഇന്നവൾ മറ്റൊരുവന്റെ പെണ്ണല്ലേ... ഇനിയും അവളെ മനസ്സിലിട്ട് നടക്കുന്നത് തെറ്റാണ്.. പക്ഷെ അത് തിരുത്താൻ ആവുന്നുമില്ല .. 
എല്ലാം ശെരിയാകുമെന്ന പ്രതീക്ഷ.... അത് മാത്രമാണ് ഇപ്പോഴും എന്നെ പിടിച്ചു നിർത്തുന്നത് ... 


************


ഉമ്മച്ചിക്ക് മെഡിസിൻ നൽകി പുതച്ചു കൊടുത്ത് റൂമിലേക്ക് പോകാൻ നിന്നപ്പോഴാണ് ഉമ്മി കോഫിയുമായി എന്റെ അടുത്തേക്ക് വന്നത് .. ഇപ്പൊ ഒരു ചായ കിട്ടിയിരുന്നെങ്കിൽ എന്ന് മനസ്സിൽ വിചാരിച്ചിട്ടേ ഉള്ളൂ..  ഉമ്മി അടുത്ത് വന്നതും ഞാൻ ചായ വാങ്ങാനായി കൈ നീട്ടി.. 


"ന്റെ ഉമ്മീ.. ഞാൻ ഇപ്പൊ വിചാരിച്ചതേ ഉള്ളൂ ചായ കുടിക്കണം എന്ന്  ..സോഫി ടീച്ചറത് മാനത്തു കണ്ടു അല്ലേ.  "


"അയ്യോടാ.. ഇത് നിനക്കല്ല.. ഫെല്ല മോൾക്കാ.. പാവം നല്ലോണം ക്ഷീണിച്ചിട്ടുണ്ട്.. നീ ഇത് കൊണ്ട് കൊടുക്ക്.  തലവേദനയെല്ലാം മാറട്ടെ.."


"അയ്യേ  ഞാനോ.. എനിക്കൊന്നും വയ്യ.. അവൾക്ക് വേണേൽ അവൾ താഴെ വന്ന് എടുത്തു കുടിക്കട്ടെ "

"ഇത് കൊണ്ട് കൊടുക്കെടാ.. ഭാര്യക്ക് വയ്യാതായാൽ ഭർത്താവ് തന്നെയാണ് നോക്കേണ്ടത്..  അല്ലാതെ മറ്റാരുമല്ല. "


ഉമ്മി എന്റെ കയ്യിൽ ചായ കപ്പ് തന്നതും ഉമ്മാക്ക് ചിരിച്ചു കൊടുത്തു കൊണ്ട് ഞാൻ തിരിഞ്ഞു നടന്നു.. 
ഓഹ്.. ഞാനും ഇവിടെ ക്ഷീണിച്ചു നിൽക്കാണല്ലോ.. എന്നിട്ട് അവൾക് മാത്രം ചായ... എന്റെ കഞ്ഞിയിൽ പാറ്റയിടാനായാണോ അവളെ ഇങ്ങോട്ട് കെട്ടിയെടുത്തത് .. കുരുപ്പ്.. 

അവളെ ഓരോന്ന് പറഞ്ഞ് റൂമിൽ എത്തിയത് അറിഞ്ഞില്ല.. വാതിൽ തുറന്നപ്പോൾ ബെഡിൽ കിടന്ന് ഉറങ്ങുന്ന അവളെ കണ്ടു.. 

എന്റെ ബെഡും അവൾ സ്വന്തമാക്കി.. ഉമ്മമാരുടെ സ്നേഹവും പിടിച്ചു വാങ്ങി.. 
പടച്ചോനെ.. ഈ ചായ അവളുടെ തിരുമോന്തയിലേക്ക് ഒഴിച്ചാലോ.. 
അല്ലേൽ വേണ്ട . ആർത്തു വിളിച്ച് എനിക്ക് തന്നെ പണി തരും.. 
ഒന്ന് നെടുവീർപ്പിട്ട് കൊണ്ട് ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.. ചായ കൊടുക്കാനായി അവളെ വിളിക്കട്ടെ എന്ന് കരുതിയെങ്കിലും നല്ല ഉറക്കത്തിൽ ആയത് കൊണ്ട് വേണ്ടെന്ന് വെച്ചു ... തൂ വെള്ള നിറത്തിലുള്ള ചുരിദാർ ആണ് അവൾ ധരിച്ചിട്ടുള്ളത്... ഇങ്ങനെ ഉറങ്ങി കിടക്കുന്നത് കാണാൻ കൊള്ളാം.. അല്ലേൽ തനി കൂതറ തന്നെ..  

അവളെ നോക്കി ഓരോ കുറ്റം മനസ്സിൽ പറയുമ്പോഴാണ് ജനലിലൂടെ വന്ന കാറ്റിൽ അവളുടെ മുടിയിഴകൾ കണ്ണിലേക്കു വന്നത്.. ഇക്കിളി കൊണ്ടാണോ.  അതോ കണ്ട സ്വപ്നത്തിന്റെ ഭംഗി കൊണ്ടാണോ അറിയില്ല ആ നേരം അവളുടെ ചുണ്ടിലൊരു നേർത്ത പുഞ്ചിരി വിരിഞ്ഞു  .. ആ പുഞ്ചിരി കണ്ടതും അറിയാതെ ഞാനും ചിരിച്ചു പോയി.. വിടർന്ന ചിരിയില്ല.... ഭംഗിയുള്ള എന്തോ ഒന്ന് കണ്ട് കൊണ്ടുള്ള നിഷ്കളങ്കമായ നേർത്ത പുഞ്ചിരി.. അതും ഒറ്റ സെക്കന്റ് മാത്രം..  
അത് വരെ അവളോട്‌ തോന്നിയ ദേഷ്യമെല്ലാം ആ ഒരു പുഞ്ചിരിയിലൂടെ അലിഞ്ഞില്ലാതായ പോലെ. ആരുമൊന്ന് നോക്കി പോവും. അത്രക്ക് മനോഹരമായിരുന്നു അത്.. 
വീണ്ടുമത് കാണാനുള്ള കൊതി കൊണ്ട് ഞാൻ അവളുടെ അടുത്തേക്ക് ചെന്ന് അവളെ നോക്കി നിന്നു. പക്ഷെ.. അവൾ പുഞ്ചിരിച്ചില്ല.. നല്ല ഉറക്കമായിരുന്നു... അവളെ നോക്കി ചിരിച്ച് തലയാട്ടി കൊണ്ട് ഞാൻ സോഫയിൽ കിടക്കാൻ വേണ്ടി തിരിഞ്ഞു നടക്കാൻ നിന്നതും പെട്ടന്ന് ഞാനവളുടെ ചുവന്ന  കൈ കണ്ടു..  ഞാൻ മുറുകെ പിടിച്ച കൈ നല്ലോണം ചുവന്നിട്ടുണ്ട്.. 
എന്തോ ഓർത്തെന്ന പോലെ ഞാൻ ഷെൽഫിൽ നിന്നും മരുന്നെടുത്തു.. വീക്കം വന്നത് പോലെയുണ്ട് അവളുടെ കൈത്തണ്ട... അത് കൊണ്ട് തന്നെ ഞാൻ മെല്ലെ അവിടെ മരുന്ന് പുരട്ടി... അവളൊന്നും അറിഞ്ഞിട്ടില്ല.. നല്ല ഉറക്കത്തിലാണ്.. ക്ഷീണം കാണും... 
മരുന്ന് പുരട്ടി കഴിഞ്ഞ് ഞാൻ കിടക്കാൻ വേണ്ടി സോഫയിലേക്ക് പോയി.. 

സാക്കി പോയതും ഞാൻ ചിരി കടിച്ചു പിടിച്ചു...
ഉമ്മി ചായ എടുക്കാമെന്ന് പറഞ്ഞുവെങ്കിലും അതിന് കാത്ത് നിൽക്കാതെ ക്ഷീണം കൊണ്ട് ഞാൻ ഉറങ്ങി പോയിരുന്നു.. കയ്യിലാരോ പിടിക്കുന്നത് പോലെ തോന്നിയപ്പോൾ കണ്ണ് മെല്ലെ തുറന്നപ്പോഴാണ് സാക്കി മരുന്ന് പുരട്ടുന്നത് കണ്ടത്.. അപ്പോൾ തന്നെ ഞാൻ കണ്ണടച്ചു...
ഈ ദേഷ്യമൊന്നും സാക്കിക്ക് ചേരില്ല.. വെറുതെ കലിപ്പ് നടിക്കുകയാണ് സാക്കി.. കളിയും ചിരിയുമായി നടക്കുന്നതാണ് സാക്കിക്ക് ചേർച്ച... അവൻ മരുന്ന് പുരട്ടി തന്ന കയ്യിലേക്ക് നോക്കി ഞാൻ വീണ്ടും ചിരിച്ചു... എന്നെ കാണുമ്പോൾ മാത്രമുള്ള അവന്റെ കലിപ്പ് ഞാൻ തന്നെ  മാറ്റിയെടുക്കും... ഒപ്പം എന്നെ കുറിച്ചുള്ള തെറ്റിദ്ധാരണകളും....പുഞ്ചിരിയോടെ കണ്ണുകൾ അടക്കുമ്പോൾ നാളെയിൽ  ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു... 

മലർന്ന് കിടന്നിട്ടൊന്നും ഉറക്കം വന്നതേ ഇല്ല.. ബെഡിൽ അല്ലാതെ വേറെ എവിടെ കിടന്നാലും എനിക്ക് ഉറക്കം വരില്ല.. ഇന്നലെ തന്നെ എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചതാണ്.. നേരത്തെ എണീറ്റത് കൊണ്ട് ജോഗിങ് പോയി. ഇതൊന്നും പതിവില്ലാത്തതിനാൽ അക്കിയും ആഷിയും കണക്കിന് കളിയാക്കിയിരുന്നു. 
എത്ര തിരിഞ്ഞു മറിഞ്ഞു കിടന്നിട്ടും ഉറക്കം വരാത്തത് കൊണ്ട് ഞാൻ സോഫയിൽ നിന്നെണീറ്റ് അവളെ നോക്കി.. ബെഡിന്റെ ഒരു സൈഡിലാണ് അവൾ കിടക്കുന്നത്.. ഒരുപാട് സ്ഥലം ഇപ്പുറം ഒഴിഞ്ഞു കിടക്കുന്നു....നല്ല ക്ഷീണം ഉണ്ടായത് കൊണ്ടും ഉറക്കം വരുന്നതും കൊണ്ടും മറ്റൊന്നും ആലോചിക്കാതെ ഞാൻ  സോഫയിൽ നിന്നെണീറ്റ് ബെഡിൽ പോയി കിടന്നു.. 


സാക്കി ബെഡിൽ വന്ന് കിടന്നതും ഞെട്ടി കൊണ്ട് ഞാൻ കണ്ണുകൾ തുറന്നു... അവൻ വന്ന് കിടക്കുമെന്ന് ഒരിക്കലും കരുതിയില്ല.. മിക്കവാറും സോഫയിൽ കിടന്നിട്ട് ഉറക്കം കിട്ടാത്തത് കൊണ്ടാവും  ബെഡിലേക്ക് വന്നത് ...
അവനരികിൽ വന്ന് കിടന്നപ്പോൾ എന്തോ... കണ്ണുകൾ നിറഞ്ഞു പോയി.. ആഗ്രഹിച്ചതൊക്കെ കൈവിട്ട് പോയതാണെങ്കിലും  മനസ്സിന്റെ കോണിൽ നിന്ന് മാഞ്ഞു പോവില്ലല്ലോ... 
അറിയില്ല... റിഹാനെ മറന്നൊരു ജീവിതത്തിന് എനിക്കാവുമോ എന്ന്... 

എന്നോടുള്ള ദേഷ്യം മാറി സാക്കി എന്നെ സ്നേഹിക്കാൻ തുടങ്ങുമോ.. ആ സ്നേഹത്തിൽ റിഹാന്റെ ഓർമ്മകൾ എന്നിൽ നിന്നും മായുമോ.... റിഹാന്റെ ഓർമകളെ വേരറുത്ത് മാറ്റാൻ സാക്കിയുടെ പ്രണയത്തിന് ആവുമോ.. 
ചോദ്യ ചിഹ്നം മാത്രം...
ഉത്തരങ്ങൾ മനസ്സിൽ തെളിയാത്തത് കൊണ്ട് തന്നെ ഈറനണിഞ്ഞ   കണ്ണുകളെ ഞാൻ ഇറുക്കിയടച്ചു...... 

************

രാവിലെ കണ്ണുകൾ തുറന്നതും കണ്ടത് നിസ്കരിക്കുന്ന ഫെല്ലയെ ആണ്..കൈകൾ ഉയർത്തി കണ്ണടച്ച്  പ്രാർത്ഥിക്കുന്ന അവളുടെ മുഖം കണ്ടതും ഞാൻ അവളെ തന്നെ നോക്കി കിടന്നു.. നിസ്കാരം കഴിഞ്ഞ് അവൾ എഴുന്നേറ്റതും അവളിൽ നിന്ന് കണ്ണെടുത്തു കൊണ്ട് ഞാൻ വേഗം ബാത്റൂമിലേക്ക് പോയി.... 
തിരിച്ചു വന്നപ്പോൾ അവൾ ഉണ്ടായിരുന്നില്ല... 
ഇന്ന് ഓഫിസിൽ പോകേണ്ടതിനാൽ അതിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിന് ഇടയിലാണ് അവളുടെ മാമി ക്ക് വിളിക്കേണ്ട കാര്യം ഓർമ വന്നത്.. അവളെ കുറിച്ച് എന്തെങ്കിലും അറിയണമെങ്കിൽ മാമി തന്നെ വഴി... ഞാൻ ആരാണെന്ന് പറയാതെ അവളെ കുറിച്ച് ചോദിക്കണം... എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല... അതിന് ആദ്യം നമ്പർ വാങ്ങണം... 
മാമിയുടെ നമ്പർ കിട്ടാനായി ഞാൻ മദറിന് വിളിക്കാൻ ഫോൺ എടുത്തു...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story